അനുബന്ധം
ക്രിസ്തീയമാതാപിതാക്കളോട്. . .
മാതാപിതാക്കളേ, നിങ്ങൾ ഓമനിച്ച് വളർത്തുന്ന കുട്ടികൾ യഹോവയെ സ്നേഹിക്കണമെന്നും അവർ തങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കണമെന്നും ഉള്ളതു നിങ്ങളുടെ വലിയൊരു ആഗ്രഹമല്ലേ! അവരെ സ്നാനം എന്ന പടി സ്വീകരിക്കാൻ സഹായിക്കുന്നതിനു നിങ്ങൾക്ക് എന്തെല്ലാം ചെയ്യാനാകും? ഏതു ഘട്ടത്തിലാണ് അവർ ഈ സുപ്രധാനപടിയിലേക്കു കടക്കാൻ യോഗ്യത നേടുക?
യേശു തന്റെ അനുഗാമികളോട്, “എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും . . . സ്നാനപ്പെടുത്തുകയും” ചെയ്യണമെന്നു കല്പിച്ചു. (മത്താ. 28:19) ഈ തിരുവെഴുത്തനുസരിച്ച്, സ്നാനത്തിനുള്ള ആദ്യത്തെ വ്യവസ്ഥ, വ്യക്തി ഒരു ക്രിസ്തുശിഷ്യനാകുക എന്നതാണ്. എന്താണ് അതിന്റെ അർഥം? ക്രിസ്തുവിന്റെ ഉപദേശങ്ങൾ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുക മാത്രമല്ല, അവ അടുത്ത് പിൻപറ്റുകയും ചെയ്യുക എന്നതുകൂടിയാണ്. താരതമ്യേന ചെറുപ്രായത്തിലുള്ളവർക്കും കുട്ടികൾക്കും ഇതു ചെയ്യാൻ കഴിയുന്നതാണ്.
മക്കൾക്കു നിങ്ങൾ നല്ല മാതൃകയാകുക. യഹോവയുടെ പഠിപ്പിക്കലുകൾ അവരുടെ മനസ്സിൽ ആഴ്ന്നിറങ്ങുന്ന രീതിയിൽ അവരെ പഠിപ്പിക്കണം. (ആവ. 6:6-9) അതിന്, ജീവിതം ആസ്വദിക്കാം പുസ്തകം ഉപയോഗിച്ച് കുട്ടികളെ അടിസ്ഥാന ബൈബിൾസത്യങ്ങൾ പഠിപ്പിക്കണം. കൂടാതെ ബൈബിൾതത്ത്വങ്ങൾ ആധാരമാക്കി തെറ്റും ശരിയും വിവേചിക്കാനും ആ തത്ത്വങ്ങളനുസരിച്ച് ജീവിക്കാനും അവരെ പരിശീലിപ്പിക്കുകയും വേണം. നിങ്ങളുടെ കുട്ടികൾക്ക് അവരുടെ വിശ്വാസത്തെക്കുറിച്ച് സ്വന്തം വാക്കുകളിൽ വിശദീകരിക്കാൻ പറ്റണം, അതിന് അവരെ സഹായിക്കുക. (1 പത്രോ. 3:15) മാതാപിതാക്കളായ നിങ്ങളിൽനിന്നും അവർക്ക് അറിവും പ്രോത്സാഹനവും കിട്ടട്ടെ. കൂടാതെ, വ്യക്തിപരമായ പഠനം, കുടുംബാരാധന, സഭായോഗങ്ങൾ, നല്ല സഹവാസം എന്നിവയിലൂടെയൊക്കെ കിട്ടുന്ന അറിവും പ്രോത്സാഹനവും കൂടി ചേരുമ്പോൾ അവർക്കു സ്നാനം എന്ന പടിയിലേക്കും അതിന് അപ്പുറത്തേക്കും പുരോഗമിക്കാൻ കഴിയും. നിങ്ങൾ അവർക്കു മുമ്പിൽ ആത്മീയലക്ഷ്യങ്ങൾ വെക്കണം.
സുഭാഷിതങ്ങൾ 20:11 ഇങ്ങനെ പറയുന്നു: “ഒരു കൊച്ചുകുഞ്ഞുപോലും അവന്റെ പ്രവൃത്തികൾകൊണ്ട് താൻ നിഷ്കളങ്കനും നേരുള്ളവനും ആണോ എന്നു വെളിപ്പെടുത്തുന്നു.” ഒരു കുട്ടി, (ആൺകുട്ടിയോ പെൺകുട്ടിയോ ആകട്ടെ) യേശുവിന്റെ ഒരു ശിഷ്യനായിത്തീർന്നിട്ടുണ്ടെന്നും സ്നാനമേൽക്കാൻ സജ്ജനാണെന്നും സൂചിപ്പിക്കുന്ന ചില പ്രവർത്തനങ്ങൾ ആ കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകും. അവയിൽ ചിലതു നമുക്കു നോക്കാം.
സ്നാനം എന്ന പടിയിലേക്കു പുരോഗമിക്കുന്ന ഒരു കുട്ടിക്കു മാതാപിതാക്കളെ അനുസരിക്കുന്ന ശീലമുണ്ടായിരിക്കണം. (പ്രവൃ. 5:29; കൊലോ. 3:20) 12 വയസ്സുകാരനായ യേശുവിനെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “അവൻ . . . അവർക്കു (മാതാപിതാക്കൾക്കു) കീഴ്പെട്ടിരുന്നു.” (ലൂക്കോ. 2:51) എന്നാൽ, നിങ്ങളുടെ കുട്ടി പൂർണനല്ല. പക്ഷേ, സ്നാനപ്പെടാൻ ആഗ്രഹിക്കുന്ന ഒരാളെന്ന നിലയ്ക്കു കുട്ടി യേശുവിന്റെ മാതൃക പിൻപറ്റാൻ നന്നായി ശ്രമിക്കും, മാതാപിതാക്കൾക്കു കീഴ്പെടുന്ന കുട്ടിയാണെന്നു പൊതുവേ അവനെക്കുറിച്ച് അഭിപ്രായവും ഉണ്ടായിരിക്കും.
ബൈബിൾസത്യങ്ങൾ പഠിക്കാൻ കുട്ടിക്കു നല്ല താത്പര്യമായിരിക്കും. (ലൂക്കോ. 2:46) നിങ്ങളുടെ കുട്ടി യോഗങ്ങൾക്കു പോകാനും അഭിപ്രായങ്ങൾ പറയാനും ഇഷ്ടമുള്ള കൂട്ടത്തിലാണോ? (സങ്കീ. 122:1) എന്നും ബൈബിൾ വായിക്കാനും സ്വന്തമായി ബൈബിൾ പഠിക്കാനും ഉള്ള ഒരു താത്പര്യവും ഇഷ്ടവും കുട്ടിക്കുണ്ടോ?—മത്താ. 4:4.
സ്നാനമേൽക്കാൻ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കുട്ടി ദൈവരാജ്യതാത്പര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കാൻ ശ്രമിക്കും. (മത്താ. 6:33) തന്റെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറയേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അവന് ബോധ്യമുണ്ടായിരിക്കും. ശുശ്രൂഷയുടെ നാനാവശങ്ങളിലും അവൻ പങ്കെടുക്കും. അതുപോലെ, താൻ ഒരു യഹോവയുടെ സാക്ഷിയാണെന്ന് അധ്യാപകരും കൂട്ടുകാരും അറിയുന്നതിൽ അവൻ ഒരു നാണക്കേടും വിചാരിക്കുകയില്ല. ജീവിത-സേവന യോഗത്തിലെ നിയമനങ്ങൾ അവൻ ഗൗരവത്തോടെ എടുക്കും.
മോശം കൂട്ടുകെട്ട് ഒഴിവാക്കിക്കൊണ്ട് സന്മാർഗനിഷ്ഠയുള്ളവനായി ജീവിക്കാൻ അവൻ ആത്മാർഥമായി ശ്രമിക്കും. (സുഭാ. 13:20; 1 കൊരി. 15:33) കുട്ടി കേൾക്കാൻ ഇഷ്ടപ്പെടുന്ന സംഗീതം, അവൻ കാണാൻ ഇഷ്ടപ്പെടുന്ന സിനിമകൾ, ടെലിവിഷൻ പരിപാടികൾ, വീഡിയോ ഗെയിമുകൾ എന്നിവയിൽനിന്നും ഇന്റർനെറ്റിന്റെ ഉപയോഗത്തിൽനിന്നും കുട്ടിയുടെ സന്മാർഗബോധം നിർണയിക്കാനാകും.
മാതാപിതാക്കളുടെ ശുഷ്കാന്തിയോടെയുള്ള പരിശ്രമങ്ങളോടു പല കുട്ടികളും പ്രതികരിച്ചിട്ടുണ്ട്. അവർ സത്യം സ്വന്തമാക്കുകയും താരതമ്യേന ചെറുപ്രായത്തിൽത്തന്നെ സ്നാനമേൽക്കാൻ യോഗ്യത നേടുകയും ചെയ്തിരിക്കുന്നു. യഹോവയുമായുള്ള ബന്ധത്തിലെ ഈ സുപ്രധാന നാഴികക്കല്ലിൽ എത്തിച്ചേരാൻ നിങ്ങൾ കുട്ടികളെ സഹായിക്കുമ്പോൾ, യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ!
സ്നാനമേറ്റിട്ടില്ലാത്ത പ്രചാരകനോട്. . .
സ്നാനമേറ്റിട്ടില്ലാത്ത ഒരു പ്രചാരകനായി സഭയോടൊത്ത് സേവിക്കുന്നത് ഒരു പദവിയാണ്. നിങ്ങൾ ഇന്നോളം വരുത്തിയ ആത്മീയപുരോഗതിക്കു നിങ്ങളെ അഭിനന്ദിക്കുന്നു. ദൈവവചനം പഠിച്ചതുകൊണ്ട് നിങ്ങൾ ദൈവത്തെ അറിയാൻ ഇടയായിരിക്കുന്നു. ദൈവം നൽകിയിട്ടുള്ള വാഗ്ദാനങ്ങളിൽ നിങ്ങൾ വിശ്വാസം അർപ്പിക്കുകയും ചെയ്തിരിക്കുന്നു.—യോഹ. 17:3; എബ്രാ. 11:6.
യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചുതുടങ്ങുന്നതിനു മുമ്പ് നിങ്ങൾ ഏതെങ്കിലുമൊരു മതസംഘടനയിലെ അംഗമായിരുന്നിരിക്കാം. ഇനി അതല്ല, ഒരു മതവുമായും ബന്ധമില്ലായിരുന്നെന്നും വരാം. ഇതൊന്നുമല്ലെങ്കിൽ നിങ്ങൾ ചിലപ്പോൾ ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിലല്ലാത്ത ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്ന ആളായിരിക്കാം. എന്നാൽ ഇപ്പോൾ നിങ്ങൾ പശ്ചാത്തപിച്ചുകൊണ്ട് വിശ്വാസം തെളിയിച്ചിരിക്കുന്നു. കഴിഞ്ഞ കാലത്ത് ചെയ്ത തെറ്റായ കാര്യങ്ങളെപ്രതി ആഴമായ ഖേദം തോന്നുന്നതാണല്ലോ പശ്ചാത്താപം. നിങ്ങൾ തിരിഞ്ഞുവരികയും ചെയ്തിരിക്കുന്നു. എന്നുവെച്ചാൽ, തെറ്റായ ഒരു ജീവിതഗതി ഉപേക്ഷിക്കുകയും ദൈവത്തിന്റെ മുമ്പാകെ ശരിയായതു ചെയ്യാൻ ഉറച്ച തീരുമാനമെടുക്കുകയും ചെയ്തിരിക്കുന്നു എന്ന് അർഥം.—പ്രവൃ. 3:19.
ഇനി ഒരുപക്ഷേ നിങ്ങൾക്കു വിശുദ്ധലിഖിതങ്ങൾ “ശൈശവംമുതലേ” പരിചയമുണ്ടായിരിക്കും. (2 തിമൊ. 3:15) അതുകൊണ്ടുതന്നെ ക്രിസ്തീയമല്ലാത്ത നടത്തയിലും കടുത്ത ദുഷ്പ്രവൃത്തികളിലും ഉൾപ്പെടുന്നതിൽനിന്ന് നിങ്ങൾക്കു സംരക്ഷണം ലഭിച്ചിട്ടുണ്ടാകും. സമപ്രായക്കാരുടെ സമ്മർദം എങ്ങനെ ചെറുക്കാം, യഹോവയുടെ കണ്ണിൽ മോശമായ കാര്യങ്ങൾ ചെയ്യുന്നതിനുള്ള പ്രേരണയ്ക്ക് എങ്ങനെ വഴങ്ങാതിരിക്കാം എന്നൊക്കെ നിങ്ങൾ പഠിച്ചിട്ടുണ്ട്. സത്യാരാധനയോടു പറ്റിനിൽക്കുകയും, വിശ്വസിക്കുകയും ബോധ്യം വരികയും ചെയ്ത കാര്യങ്ങളെക്കുറിച്ച് ആളുകളോടു സംസാരിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾക്കു വിശ്വാസമുണ്ടെന്നു കാണിച്ചിരിക്കുന്നു. ക്രിസ്തീയശുശ്രൂഷയിൽ നിങ്ങൾക്കു പരിശീലനം ലഭിച്ചിട്ടുമുണ്ട്. അങ്ങനെ, സ്നാനമേറ്റിട്ടില്ലാത്ത ഒരു പ്രചാരകനെന്ന നിലയിൽ യഹോവയെ സേവിക്കാൻ നിങ്ങൾ സ്വന്തമായി തീരുമാനമെടുത്തു.
നിങ്ങൾ മുതിർന്നശേഷം യഹോവയെ അറിയാൻ ഇടയായ ഒരാളായാലും ശൈശവംമുതൽ യഹോവയുടെ വഴികൾ പഠിച്ച ഒരാളായാലും നിങ്ങളുടെ ആത്മീയപുരോഗതിയിലെ അടുത്ത രണ്ടു പടികളെക്കുറിച്ച് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. അതായത്, സമർപ്പണവും സ്നാനവും. ഇനിമുതൽ എന്നേക്കും യഹോവയ്ക്കു സമ്പൂർണഭക്തി കൊടുത്തുകൊള്ളാം എന്നു നിങ്ങൾ സ്വന്തമായി തീരുമാനമെടുത്ത്, ആ തീരുമാനം പ്രാർഥനയിലൂടെ യഹോവയെ അറിയിക്കുമ്പോൾ നിങ്ങൾ യഹോവയ്ക്കു സമർപ്പണം നടത്തുകയാണ്. (മത്താ. 16:24) തുടർന്ന്, ആ സമർപ്പണത്തിന്റെ അടയാളമായി നിങ്ങൾ ജലത്തിൽ സ്നാനമേൽക്കുന്നു. (മത്താ. 28:19, 20) സമർപ്പണത്തിലൂടെയും സ്നാനത്തിലൂടെയും നിങ്ങൾ യഹോവയാം ദൈവത്തിന്റെ ഒരു നിയമിതശുശ്രൂഷകൻ ആയിത്തീരുന്നു. എന്തൊരു മഹത്തായ പദവി!
നിങ്ങൾ ബൈബിൾ പഠിച്ചപ്പോൾ മനസ്സിലാക്കിയതുപോലെ പലവിധ പ്രതിസന്ധികളും പ്രതികൂലസാഹചര്യങ്ങളും നിങ്ങൾക്ക് ഉണ്ടായേക്കാം. സ്നാനമേറ്റ ഉടൻ യേശുവിന് ഉണ്ടായ അനുഭവം ഓർക്കുക: “ദൈവാത്മാവ് യേശുവിനെ വിജനഭൂമിയിലേക്കു നയിച്ചു. അവിടെവെച്ച് യേശു പിശാചിന്റെ പ്രലോഭനങ്ങളെ നേരിട്ടു.” (മത്താ. 4:1) സ്നാനത്തെത്തുടർന്ന്, ഒരു ക്രിസ്തുശിഷ്യനെന്ന നിലയിൽ നിങ്ങൾക്കും കൂടുതലായ പരിശോധനകൾ പ്രതീക്ഷിക്കാം. (യോഹ. 15:20) പല തരത്തിലായിരിക്കും ഈ പരിശോധനകൾ വരുന്നത്. കുടുംബത്തിൽനിന്ന് എതിർപ്പുണ്ടായേക്കാം. (മത്താ. 10:36) കൂടെ പഠിക്കുന്നവരും കൂടെ ജോലി ചെയ്യുന്നവരും മുൻകാലത്തെ സഹകാരികളും ഒക്കെ നിങ്ങളെ പരിഹസിക്കാനിടയുണ്ട്. മർക്കോസ് 10:29, 30-ൽ യേശു പറഞ്ഞ കാര്യം എല്ലായ്പോഴും മനസ്സിൽ കുറിച്ചിടുക: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്നെപ്രതിയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയെപ്രതിയും വീടുകളെയോ സഹോദരന്മാരെയോ സഹോദരിമാരെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ ഉപേക്ഷിക്കേണ്ടിവന്ന ഏതൊരാൾക്കും ഈ കാലത്തുതന്നെ ഉപദ്രവത്തോടുകൂടെ 100 മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും ലഭിക്കും; വരാൻപോകുന്ന വ്യവസ്ഥിതിയിൽ നിത്യജീവനും!” അതുകൊണ്ട് യഹോവയോടു ചേർന്നുനിൽക്കാനും നീതിയുള്ള ദൈവികനിലവാരങ്ങൾ അനുസരിച്ച് ജീവിക്കാനും ആത്മാർഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുക.
സ്നാനമേൽക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അക്കാര്യം മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനെ അറിയിക്കുക. നിങ്ങൾ സ്നാനമേൽക്കാൻ യോഗ്യത പ്രാപിച്ചിട്ടുണ്ടോ എന്നു മനസ്സിലാക്കാൻ ഈ പുസ്തകത്തിൽ ഇതേത്തുടർന്ന് ചേർത്തിരിക്കുന്ന ചോദ്യങ്ങൾ മൂപ്പന്മാർ നിങ്ങളുമായി ചർച്ച ചെയ്യും. ഈ ചോദ്യങ്ങൾ, നിങ്ങൾ പതിവായി നടത്താറുള്ള വ്യക്തിപരമായ പഠനപരിപാടിയുടെ ഭാഗമായി നിങ്ങൾക്ക് ഇപ്പോൾത്തന്നെ സ്വന്തമായി അവലോകനം ചെയ്തുതുടങ്ങാവുന്നതാണ്.
ഈ ചർച്ചയ്ക്കായി തയ്യാറാകുമ്പോൾ, അവിടെ ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുഭാഗങ്ങൾ വായിക്കാനും അതെക്കുറിച്ച് ചിന്തിക്കാനും സമയമെടുക്കുക. ഈ പുസ്തകത്തിലോ മറ്റ് എവിടെയെങ്കിലുമോ നിങ്ങൾക്കു സ്വന്തമായി കുറിപ്പുകൾ എഴുതാം. മൂപ്പന്മാരുമായുള്ള ചർച്ചയുടെ സമയത്ത് നിങ്ങൾക്ക് ഈ കുറിപ്പുകൾ ഉപയോഗിക്കുകയും ഈ പുസ്തകം തുറന്നുവെക്കുകയും ചെയ്യാവുന്നതാണ്. ചോദ്യങ്ങളിൽ ഏതെങ്കിലും മനസ്സിലാകാതെ വരുന്നെങ്കിൽ, നിങ്ങളോടൊപ്പം ബൈബിൾ പഠിക്കുന്ന ആളോടോ മൂപ്പന്മാരോടോ സഹായം ചോദിക്കാൻ മടിക്കരുത്.
മൂപ്പന്മാർ നിങ്ങളുമായി ചർച്ച നടത്തുമ്പോൾ, ചോദ്യങ്ങൾക്കു നീളം കൂടിയതോ സങ്കീർണമോ ആയ ഉത്തരങ്ങൾ പറയണമെന്നു വിചാരിക്കേണ്ടതില്ല. ലളിതവും നേരിട്ടുള്ളതും ആയ ഉത്തരങ്ങൾ സ്വന്തവാക്കുകളിൽ പറയുന്നതാണ് ഏറ്റവും നല്ലത്. ഉത്തരങ്ങൾ പറയുമ്പോൾ, പലപ്പോഴും ഒന്നോ രണ്ടോ ബൈബിൾവാക്യങ്ങൾ നിങ്ങളുടെ ഉത്തരങ്ങൾക്ക് ആധാരമായി പറയുന്നതും നന്നായിരിക്കും.
അടിസ്ഥാന ബൈബിളുപദേശങ്ങളെക്കുറിച്ച് നിങ്ങൾ ഇപ്പോഴും വേണ്ടത്ര അറിവ് നേടിയിട്ടില്ലെങ്കിൽ നിങ്ങളെ സഹായിക്കാനുള്ള ക്രമീകരണങ്ങൾ മൂപ്പന്മാർ ചെയ്യും. അങ്ങനെയാകുമ്പോൾ നിങ്ങൾക്കു തിരുവെഴുത്തുകൾ ശരിയാംവണ്ണം മനസ്സിലാക്കി അതു സ്വന്തവാക്കുകളിൽ പറയാൻ പിന്നീട് ഒരു അവസരത്തിൽ സാധിക്കും. അങ്ങനെ നിങ്ങൾക്കു സ്നാനമേൽക്കാനുള്ള യോഗ്യത നേടാം.
(സഭാമൂപ്പന്മാർക്കുള്ള കുറിപ്പ്: സ്നാനമേൽക്കാൻ ആഗ്രഹിക്കുന്നവരുമായി ചർച്ചകൾ നടത്തുന്നതു സംബന്ധിച്ച നിർദേശങ്ങൾ 208-212 പേജുകളിൽ കാണാവുന്നതാണ്.)