-
മരിച്ചവർ എവിടെയാണ്?ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്?
-
-
അധ്യായം ആറ്
മരിച്ചവർ എവിടെയാണ്?
1-3. മരണത്തെക്കുറിച്ച് ആളുകൾ ഏതു ചോദ്യങ്ങൾ ചോദിക്കുന്നു? ചില മതങ്ങൾ അവയ്ക്ക് എന്ത് ഉത്തരം നൽകുന്നു?
‘മരണം ഉണ്ടായിരിക്കില്ലാത്ത’ ഒരു കാലം വരുമെന്നു ബൈബിൾ ഉറപ്പു തരുന്നു. (വെളിപാട് 21:4) മോചനവില എന്ന ക്രമീകരണത്തിലൂടെ നമുക്കു നിത്യം ജീവിക്കാനുള്ള അവസരം തുറന്നുകിട്ടിയെന്ന് 5-ാം അധ്യായത്തിൽ നമ്മൾ പഠിച്ചു. പക്ഷേ ആളുകൾ ഇപ്പോഴും മരിക്കുന്നുണ്ട്. (സഭാപ്രസംഗകൻ 9:5) അതുകൊണ്ട് നമ്മുടെ മനസ്സിൽ വരുന്ന ഒരു പ്രധാനപ്പെട്ട ചോദ്യമാണ്, ‘മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു’ എന്നത്.
2 നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും മരിക്കുമ്പോൾ ഈ ചോദ്യത്തിന് ഉത്തരം കിട്ടാൻ നമ്മൾ ആഗ്രഹിക്കും. നമ്മൾ ഇങ്ങനെയൊക്കെ ചിന്തിച്ചേക്കാം: ‘മരിച്ചയാൾ ഇപ്പോൾ എവിടെയാണ്? അയാൾ നമ്മളെ കാണുന്നുണ്ടോ? അയാൾക്കു നമ്മളെ സഹായിക്കാനാകുമോ? നമുക്ക് അയാളെ വീണ്ടും കാണാൻ പറ്റുമോ?’
3 ആ ചോദ്യങ്ങൾക്കു പലപല ഉത്തരങ്ങളാണു മതങ്ങൾ നൽകുന്നത്. ഒരു നല്ല മനുഷ്യനാണെങ്കിൽ നിങ്ങൾ സ്വർഗത്തിൽ പോകുമെന്നും ചീത്തയാളാണെങ്കിൽ നരകത്തിലെ തീയിൽ ദണ്ഡിപ്പിക്കപ്പെടുമെന്നും ചില മതങ്ങൾ പഠിപ്പിക്കുന്നു. മറ്റു ചിലർ പറയുന്നതു മരണശേഷം നിങ്ങൾ ഒരു ആത്മാവായിത്തീരുമെന്നും മരിച്ചുപോയ കുടുംബാംഗങ്ങളുടെകൂടെ ജീവിക്കുമെന്നും ആണ്. ഇനി വേറെ ചിലർ പറയുന്നതു മരിച്ച് കഴിഞ്ഞ് നിങ്ങളെ ന്യായം വിധിക്കുമെന്നും അതിനു ശേഷം നിങ്ങൾക്ക് ഒരു പുനർജന്മമുണ്ടെന്നും, അതായത് മറ്റൊരു ശരീരത്തോടെ നിങ്ങൾ ജീവനിലേക്കു തിരിച്ചുവരുമെന്നും, ആണ്. അത് ഒരുപക്ഷേ മറ്റൊരു വ്യക്തിയായിട്ടോ ഒരു മൃഗമായിട്ടുപോലുമോ ആകാം.
4. മരണത്തെക്കുറിച്ച് മതങ്ങൾ ഏത് അടിസ്ഥാനപരമായ ആശയമാണു പഠിപ്പിക്കുന്നത്?
4 ഓരോ മതവും പഠിപ്പിക്കുന്നത് പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണെന്നു തോന്നും. എന്നാൽ മിക്കവാറും എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് അടിസ്ഥാനപരമായി ഒരു ആശയമാണ്: ഒരു മനുഷ്യൻ മരിക്കുമ്പോൾ അയാളിലെ ഒരു ഭാഗം തുടർന്നും ജീവിക്കുന്നു. അതു ശരിയാണോ?
മരിച്ചവർ എവിടെയാണ്?
5, 6. മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?
5 മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുമെന്ന് യഹോവയ്ക്ക് അറിയാം. ഒരാൾ മരിക്കുമ്പോൾ അയാളുടെ ജീവൻ അവസാനിക്കുന്നു എന്ന് യഹോവ പറഞ്ഞിരിക്കുന്നു. ജീവന്റെ നേർവിപരീതമാണു മരണം. അതുകൊണ്ട് ആരെങ്കിലും മരിക്കുമ്പോൾ അതോടെ അയാളുടെ ചിന്തകളും ഓർമകളും നശിക്കുന്നു, പിന്നീട് മറ്റെവിടെയെങ്കിലും ജീവിക്കുന്നില്ല.a മരിച്ചുകഴിഞ്ഞാൽ പിന്നെ നമുക്ക് ഒന്നും കാണാനോ കേൾക്കാനോ ചിന്തിക്കാനോ കഴിയില്ല.
6 “മരിച്ചവർ ഒന്നും അറിയുന്നില്ല” എന്നു ശലോമോൻ രാജാവ് എഴുതി. മരിച്ചവർക്കു സ്നേഹിക്കാനോ വെറുക്കാനോ കഴിയില്ല. “ശവക്കുഴിയിൽ പ്രവൃത്തിയും ആസൂത്രണവും അറിവും ജ്ഞാനവും ഒന്നുമില്ല.” (സഭാപ്രസംഗകൻ 9:5, 6, 10 വായിക്കുക.) സങ്കീർത്തനം 146:4-ൽ ഒരാൾ മരിക്കുമ്പോൾ അയാളുടെ ‘ചിന്തകളും’ മരിക്കുന്നെന്ന് ബൈബിൾ പറയുന്നു.
മരണത്തെക്കുറിച്ച് യേശു പറഞ്ഞത്
യഹോവ മനുഷ്യരെ സൃഷ്ടിച്ചത് ഭൂമിയിൽ എന്നെന്നും ജീവിക്കാനാണ്
7. മരണത്തെക്കുറിച്ച് യേശു എന്താണു പറഞ്ഞത്?
7 ഉറ്റ സ്നേഹിതനായ ലാസർ മരിച്ച സമയത്ത് യേശു ശിഷ്യന്മാരോടു പറഞ്ഞു: “നമ്മുടെ കൂട്ടുകാരനായ ലാസർ ഉറങ്ങുകയാണ്.” ലാസർ വിശ്രമിക്കുകയാണെന്നല്ല യേശു ഉദ്ദേശിച്ചത്. കാരണം “ലാസർ മരിച്ചുപോയി” എന്ന് യേശു തുടർന്ന് പറഞ്ഞു. (യോഹന്നാൻ 11:11-14) യേശു ഇവിടെ മരണത്തെ ഉറക്കത്തോടാണ് ഉപമിച്ചത്. ലാസർ സ്വർഗത്തിലാണെന്നോ മരിച്ചുപോയ കുടുംബാംഗങ്ങളുടെകൂടെയാണെന്നോ അതുമല്ലെങ്കിൽ ലാസർ നരകത്തിൽ യാതന അനുഭവിക്കുകയാണെന്നോ മറ്റൊരു മനുഷ്യനോ മൃഗമോ ആയി പുനർജനിച്ചെന്നോ ഒന്നും യേശു പറഞ്ഞില്ല. പകരം ഒരാൾ നല്ല ഉറക്കത്തിലായിരുന്നാൽ എങ്ങനെയാണോ അതുപോലെയായിരുന്നു ലാസർ. മറ്റു തിരുവെഴുത്തുകളും മരണത്തെ ഉറക്കത്തോട് ഉപമിച്ചിട്ടുണ്ട്. സ്തെഫാനൊസിന്റെ മരണത്തെക്കുറിച്ച് ബൈബിൾ പറയുന്നത് “സ്തെഫാനൊസ് ഉറങ്ങി” എന്നാണ്. (പ്രവൃത്തികൾ 7:60, അടിക്കുറിപ്പ്) മരിച്ചുപോയ ചില ക്രിസ്ത്യാനികളെക്കുറിച്ച് എഴുതിയപ്പോൾ പൗലോസ് അപ്പോസ്തലനും ‘അവർ ഉറങ്ങി’ എന്നു പറഞ്ഞു.—1 കൊരിന്ത്യർ 15:6, അടിക്കുറിപ്പ്.
8. മരിക്കാൻവേണ്ടിയല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്നു നമുക്ക് എങ്ങനെ അറിയാം?
8 കുറച്ചുകാലം ജീവിച്ചിട്ട് മരിക്കാനാണോ ദൈവം ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ചത്? അല്ല. ഒരു രോഗവുമില്ലാതെ നല്ല ആരോഗ്യത്തോടെ എന്നും ജീവിച്ചിരിക്കാനാണ് യഹോവ അവരെ സൃഷ്ടിച്ചത്. യഹോവ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ നിത്യമായി ജീവിക്കാനുള്ള ആഗ്രഹവും അവർക്കു കൊടുത്തു. (സഭാപ്രസംഗകൻ 3:11) മക്കൾ വാർധക്യം ചെല്ലുന്നതോ മരിക്കുന്നതോ കാണാൻ ഒരു അപ്പനും അമ്മയും ആഗ്രഹിക്കില്ല. അതേ വികാരമാണു നമ്മളെക്കുറിച്ച് യഹോവയ്ക്കുമുള്ളത്. എന്നെന്നും ജീവിക്കാൻവേണ്ടിയാണു ദൈവം നമ്മളെ സൃഷ്ടിച്ചതെങ്കിൽ പിന്നെ എന്തുകൊണ്ടാണു നമ്മൾ മരിക്കുന്നത്?
എന്തുകൊണ്ടാണു നമ്മൾ മരിക്കുന്നത്?
9. യഹോവ ആദാമിനും ഹവ്വയ്ക്കും കൊടുത്ത കല്പന ന്യായമായിരുന്നത് എന്തുകൊണ്ട്?
9 ഏദെൻ തോട്ടത്തിൽവെച്ച് യഹോവ ആദാമിനോടു പറഞ്ഞു: “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും തൃപ്തിയാകുവോളം നിനക്കു തിന്നാം. എന്നാൽ ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ മരത്തിൽനിന്ന് തിന്നരുത്, അതിൽനിന്ന് തിന്നുന്ന ദിവസം നീ നിശ്ചയമായും മരിക്കും.” (ഉൽപത്തി 2:9, 16, 17) ആ വ്യക്തമായ കല്പന അനുസരിക്കാൻ ഒരു പ്രയാസവുമില്ലായിരുന്നു. ശരിയും തെറ്റും എന്താണെന്ന് ആദാമിനോടും ഹവ്വയോടും പറയാനുള്ള അവകാശവും യഹോവയ്ക്കുണ്ടായിരുന്നു. അത് അനുസരിച്ചുകൊണ്ട് യഹോവയുടെ അധികാരത്തെ മാനിക്കുന്നെന്നു കാണിക്കാൻ അവർക്കു കഴിയുമായിരുന്നു. കൂടാതെ ദൈവം അവർക്കു കൊടുത്ത എല്ലാത്തിനും നന്ദിയുള്ളവരാണെന്നു കാണിക്കാനുള്ള ഒരു മാർഗവുമായിരുന്നു അത്.
10, 11. (എ) ആദാമിനെയും ഹവ്വയെയും സാത്താൻ വഴിതെറ്റിച്ചത് എങ്ങനെ? (ബി) ആദാമും ഹവ്വയും ചെയ്തതിന് ഒരു ഒഴികഴിവും പറയാനില്ലാത്തത് എന്തുകൊണ്ട്?
10 സങ്കടകരമെന്നു പറയട്ടെ, ആദാമും ഹവ്വയും യഹോവയോട് അനുസരണക്കേടു കാണിക്കാൻ തീരുമാനിച്ചു. സാത്താൻ ഹവ്വയോടു ചോദിച്ചു: “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും നിങ്ങൾ തിന്നരുതെന്നു ദൈവം ശരിക്കും പറഞ്ഞിട്ടുണ്ടോ?” ഹവ്വ പറഞ്ഞു: “തോട്ടത്തിലെ മരങ്ങളുടെ പഴം ഞങ്ങൾക്കു തിന്നാം. എന്നാൽ തോട്ടത്തിനു നടുവിലുള്ള മരത്തിലെ പഴത്തെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘നിങ്ങൾ അതിൽനിന്ന് തിന്നരുത്, അതു തൊടാൻപോലും പാടില്ല. അങ്ങനെ ചെയ്താൽ നിങ്ങൾ മരിക്കും.’”—ഉൽപത്തി 3:1-3.
11 അപ്പോൾ സാത്താൻ പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്! അതിൽനിന്ന് തിന്നുന്ന ആ ദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നിങ്ങൾ ശരിയും തെറ്റും അറിയുന്നവരായി ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിന് അറിയാം.” (ഉൽപത്തി 3:4-6) ശരിയേത്, തെറ്റേത് എന്ന് ഹവ്വയ്ക്കുതന്നെ തീരുമാനിക്കാനാകുമെന്നു വിശ്വസിപ്പിക്കുകയായിരുന്നു സാത്താന്റെ ലക്ഷ്യം. അതോടൊപ്പം, അനുസരണക്കേടു കാണിച്ചാൽ സംഭവിക്കാൻ പോകുന്നതിനെക്കുറിച്ച് സാത്താൻ ഹവ്വയോടു പച്ചക്കള്ളവും പറഞ്ഞു. ഹവ്വ മരിക്കില്ലെന്നു സാത്താൻ പറഞ്ഞു. അതുകൊണ്ട് ഹവ്വ പഴം പറിച്ച് തിന്നു. ഒരു പങ്ക് ഭർത്താവിനും കൊടുത്തു. ആ പഴം തിന്നരുതെന്ന് യഹോവ പറഞ്ഞത് അറിയാമായിരുന്നിട്ടും അവർ അതു തിന്നു. അങ്ങനെ, യഹോവ കൊടുത്ത വ്യക്തവും ന്യായവും ആയ കല്പന ധിക്കരിക്കാൻ അവർ തീരുമാനിച്ചു. തങ്ങളുടെ സ്നേഹവാനായ സ്വർഗീയപിതാവിനെ മാനിക്കുന്നില്ലെന്നും അവർ കാണിച്ചു. അവർ ആ ചെയ്തതിന് ഒരു ഒഴികഴിവും പറയാനില്ലായിരുന്നു!
12. ആദാമും ഹവ്വയും യഹോവയോടു അനുസരണക്കേടു കാണിച്ചത് ഇത്ര മോശമായിരുന്നത് എന്തുകൊണ്ട്?
12 നമ്മുടെ ആദ്യമാതാപിതാക്കൾ അവരുടെ സ്രഷ്ടാവിനോട് ഇങ്ങനെയൊരു അനാദരവ് കാണിച്ചത് എത്ര മോശമായിപ്പോയി! ഒന്നു ചിന്തിച്ചേ: വളരെ കഷ്ടപ്പെട്ട് വളർത്തിയ മകനും മകളും ധിക്കാരത്തോടെ നിങ്ങൾ പറഞ്ഞതിനു നേർവിപരീതമായി പ്രവർത്തിക്കുന്നെങ്കിൽ എന്തു തോന്നും? നിങ്ങളുടെ ഹൃദയം തകർന്നുപോകില്ലേ?
ആദാം പൊടിയിൽനിന്ന് വന്നു, പൊടിയിലേക്കു തിരികെ ചേർന്നു
13. “പൊടിയിലേക്കു തിരികെ ചേരും” എന്നു പറഞ്ഞപ്പോൾ യഹോവ എന്താണ് അർഥമാക്കിയത്?
13 അനുസരണക്കേടു കാണിച്ചപ്പോൾ ആദാമിനും ഹവ്വയ്ക്കും എന്നും ജീവിക്കാനുള്ള അവസരം നഷ്ടമായി. “നീ പൊടിയാണ്, പൊടിയിലേക്കു തിരികെ ചേരും” എന്ന് യഹോവ ആദാമിനോടു പറഞ്ഞിരുന്നു. (ഉൽപത്തി 3:19 വായിക്കുക.) അതിന്റെ അർഥം ആദാം വീണ്ടും പൊടിയായിത്തീരും എന്നാണ്, ഒരിക്കലും സൃഷ്ടിക്കപ്പെടാത്തതുപോലെ. (ഉൽപത്തി 2:7) പാപം ചെയ്ത ആദാം മരിച്ചു; പിന്നെ ആദാം എങ്ങും ജീവിച്ചിരിപ്പില്ലായിരുന്നു.
14. നമ്മൾ മരിക്കുന്നത് എന്തുകൊണ്ട്?
14 ദൈവത്തെ അനുസരിച്ചിരുന്നെങ്കിൽ ആദാമും ഹവ്വയും ഇന്നും ജീവനോടെ കാണുമായിരുന്നു. എന്നാൽ അവർ അനുസരണക്കേടു കാണിച്ചു. അങ്ങനെ പാപം ചെയ്തു. ഒടുവിൽ അവർ മരിച്ചു. ആദ്യമാതാപിതാക്കളിൽനിന്ന് പാരമ്പര്യമായി കിട്ടിയ ഒരു മാരകരോഗംപോലെയാണു പാപം. നമ്മളെല്ലാം പാപികളായി ജനിക്കുന്നു, അതുകൊണ്ടു മരിക്കുന്നു. (റോമർ 5:12) എന്നാൽ മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം അതല്ല. മനുഷ്യൻ മരിക്കാൻ ദൈവം ഒരിക്കലും ആഗ്രഹിക്കുന്നില്ല. മരണത്തെ ബൈബിൾ “ശത്രു” എന്നാണു വിളിക്കുന്നത്.—1 കൊരിന്ത്യർ 15:26.
സത്യം നമ്മളെ സ്വതന്ത്രരാക്കുന്നു
15. മരിച്ചവരെക്കുറിച്ചുള്ള സത്യം അറിയുന്നത് നമ്മളെ സ്വതന്ത്രരാക്കുന്നത് എങ്ങനെ?
15 മരിച്ചവരെക്കുറിച്ചുള്ള സത്യം അറിയുന്നത് തെറ്റായ പല വിശ്വാസങ്ങളിൽനിന്നും നമ്മളെ സ്വതന്ത്രരാക്കുന്നു. മരിച്ചവർ വേദന അനുഭവിക്കുകയോ സങ്കടപ്പെടുകയോ ചെയ്യുന്നില്ലെന്നു ബൈബിൾ പഠിപ്പിക്കുന്നു. നമുക്ക് അവരോടു സംസാരിക്കാനാകില്ല, അവർക്കു നമ്മളോടും. നമുക്ക് അവരെ സഹായിക്കാനാകില്ല, അവർക്കു നമ്മളെയും. മരിച്ചവർക്കു നമ്മളെ ദ്രോഹിക്കാനാകില്ല. അതുകൊണ്ട് നമ്മൾ അവരെ പേടിക്കേണ്ടതില്ല. എങ്കിലും പല മതങ്ങളും പഠിപ്പിക്കുന്നത്, മരിച്ചവർ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും പുരോഹിതന്മാർക്കോ മതകർമങ്ങൾ ചെയ്യുന്നവർക്കോ പണം കൊടുത്തുകൊണ്ട് മരിച്ചവരെ സഹായിക്കാനാകുമെന്നും ആണ്. പക്ഷേ മരിച്ചവരെക്കുറിച്ചുള്ള സത്യം അറിയുമ്പോൾ അത്തരം നുണകളാൽ നമ്മൾ വഞ്ചിക്കപ്പെടില്ല.
16. അനേകം മതങ്ങളും മരിച്ചവരെക്കുറിച്ച് എന്തു നുണ പഠിപ്പിക്കുന്നു?
16 നമ്മളോടു നുണകൾ പറയാനും മരിച്ചുപോയവർ ഇപ്പോഴും ജീവനോടെയുണ്ടെന്നു നമ്മളെ വിശ്വസിപ്പിക്കാനും സാത്താൻ വ്യാജമതങ്ങളെ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ചില മതങ്ങൾ പഠിപ്പിക്കുന്നത് മരിക്കുമ്പോൾ നമ്മളിലെ ഏതോ ഒരു ഭാഗം വേറെ എവിടെയോ തുടർന്നും ജീവിക്കുന്നുണ്ടെന്നാണ്. നിങ്ങളുടെ മതം അങ്ങനെയാണോ പഠിപ്പിക്കുന്നത്? അതോ മരിച്ചവരെക്കുറിച്ച് ബൈബിൾ പറയുന്നതാണോ പഠിപ്പിക്കുന്നത്? യഹോവയിൽനിന്ന് ആളുകളെ അകറ്റാൻ സാത്താൻ നുണകൾ ഉപയോഗിക്കുന്നു.
17. ആളുകളെ നരകത്തിലെ തീയിലിട്ട് ദണ്ഡിപ്പിക്കുമെന്ന പഠിപ്പിക്കൽ യഹോവയെ അപമാനിക്കുന്നത് എങ്ങനെ?
17 പേടിപ്പിക്കുന്ന കാര്യങ്ങളാണു പല മതങ്ങളും പഠിപ്പിക്കുന്നത്. ഉദാഹരണത്തിന് ചീത്തയാളുകളെ നരകത്തിലെ തീയിലിട്ട് എന്നും ദണ്ഡിപ്പിക്കുമെന്നു ചില മതങ്ങൾ പഠിപ്പിക്കുന്നു. ആ നുണ യഹോവയെ അപമാനിക്കുന്നതാണ്. കാരണം ആളുകൾ അങ്ങനെ യാതന അനുഭവിക്കാൻ യഹോവ ഒരിക്കലും സമ്മതിക്കില്ല. (1 യോഹന്നാൻ 4:8 വായിക്കുക.) ഒരു കുട്ടിയെ ശിക്ഷിക്കാൻ അവന്റെ കൈകൾ തീയിൽവെച്ച് പൊള്ളിക്കുന്ന ഒരാളെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നും? അയാൾ മഹാക്രൂരനാണെന്നു നിങ്ങൾ പറയില്ലേ? അത്തരം ഒരാളോട് അടുക്കാൻ നിങ്ങൾ ആഗ്രഹിക്കില്ല, ശരിയല്ലേ? യഹോവയെക്കുറിച്ച് നമുക്ക് അങ്ങനെയൊക്കെ തോന്നാനാണു സാത്താൻ ആഗ്രഹിക്കുന്നത്!
18. മരിച്ചവരെ നമ്മൾ പേടിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
18 ചില മതങ്ങൾ പറയുന്നത് ആളുകൾ മരിക്കുമ്പോൾ അവർ ആത്മാക്കളായിത്തീരുന്നു എന്നാണ്. മരിച്ചവരുടെ ആത്മാക്കളെ ആദരിക്കണമെന്നും അവയെ പേടിക്കണമെന്നും ഈ മതങ്ങൾ പഠിപ്പിക്കുന്നു; കാരണം സഹായിക്കാൻ ശക്തിയുള്ള സ്നേഹിതരോ കൊടിയ ശത്രുക്കളോ ആകാൻ അവർക്കാകുമത്രേ. അനേകമാളുകളും ആ നുണ വിശ്വസിക്കുന്നു. മരിച്ചവരെ ഭയക്കുകയും യഹോവയ്ക്കു പകരം അവരെ ആരാധിക്കുകയും ചെയ്യുന്നു. എന്നാൽ ഓർക്കുക, മരിച്ചുപോയവർ ഒന്നും അറിയുന്നില്ല. അവർക്കു വികാരങ്ങളോ ചിന്തകളോ ഇല്ല. അതുകൊണ്ട് നമ്മൾ മരിച്ചവരെ പേടിക്കേണ്ടതില്ല. യഹോവയാണു നമ്മുടെ സ്രഷ്ടാവ്, സത്യദൈവം! അതുകൊണ്ട് യഹോവയെ മാത്രമേ നമ്മൾ ആരാധിക്കാവൂ.—വെളിപാട് 4:11.
19. മരിച്ചവരെക്കുറിച്ചുള്ള സത്യം അറിയുന്നതു നമ്മളെ സഹായിക്കുന്നത് എങ്ങനെ?
19 മരിച്ചവരെക്കുറിച്ചുള്ള സത്യം അറിയുമ്പോൾ മതങ്ങൾ പഠിപ്പിക്കുന്ന നുണകളിൽനിന്ന് നമ്മൾ സ്വതന്ത്രരാകുന്നു. നമ്മുടെ ജീവിതത്തെയും ഭാവിയെയും കുറിച്ച് യഹോവ നൽകിയിരിക്കുന്ന മഹത്തായ വാഗ്ദാനങ്ങൾ മനസ്സിലാക്കാൻ ഈ സത്യം നമ്മളെ സഹായിക്കുന്നു.
20. അടുത്ത അധ്യായത്തിൽ നമ്മൾ എന്തു പഠിക്കും?
20 വളരെക്കാലം മുമ്പ്, ദൈവത്തിന്റെ ഒരു ദാസനായ ഇയ്യോബ് ചോദിച്ചു: “മനുഷ്യൻ മരിച്ചുപോയാൽ, അവനു വീണ്ടും ജീവിക്കാനാകുമോ?” (ഇയ്യോബ് 14:14) മരിച്ചുപോയ ഒരാൾക്കു വീണ്ടും ജീവിക്കാൻ ശരിക്കും പറ്റുമോ? ബൈബിളിലൂടെ ദൈവം തരുന്ന ഉത്തരം നമ്മളെ കോരിത്തരിപ്പിക്കും. അടുത്ത അധ്യായത്തിൽ നമുക്ക് അതു നോക്കാം.
a ഒരാൾ മരിച്ചശേഷവും ദേഹിയോ ആത്മാവോ ജീവിക്കുന്നെന്നു ചിലർ വിശ്വസിക്കുന്നു. കൂടുതൽ വിവരങ്ങൾക്കു പിൻകുറിപ്പ് 17-ഉം 18-ഉം കാണുക.
-
-
മരിച്ചവർക്കു പുനരുത്ഥാനം ഉണ്ടാകും!ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്?
-
-
അധ്യായം ഏഴ്
മരിച്ചവർക്കു പുനരുത്ഥാനം ഉണ്ടാകും!
1-3. നമ്മളെല്ലാം ഏതു തടവറയിലാണ്? യഹോവ നമ്മളെ എങ്ങനെ മോചിപ്പിക്കും?
ചെയ്യാത്ത കുറ്റത്തിനു നിങ്ങളെ ജീവപര്യന്തം ജയിലിൽ അടച്ചിരിക്കുകയാണെന്നു വിചാരിക്കുക. ജയിലിൽനിന്ന് മോചിതനാകാനുള്ള ഒരു സാധ്യതയും കാണുന്നില്ല. ഭാവി ഇരുളടഞ്ഞതായി തോന്നുന്നു. ഇനി ഒന്നും ചെയ്യാനില്ല. എല്ലാ പ്രതീക്ഷയും അസ്തമിച്ചു. അപ്പോൾ അതാ, നിങ്ങളെ മോചിപ്പിക്കാൻ അധികാരമുള്ള ഒരാൾ നിങ്ങളെ വിട്ടയയ്ക്കാമെന്നു വാക്കു തരുന്നു! നിങ്ങൾക്ക് എന്തു തോന്നും?
2 നമ്മളെല്ലാം മരണത്തിന്റെ തടവറയിലാണ്. എന്തൊക്കെ ചെയ്താലും രക്ഷപ്പെടാൻ ഒരു വഴിയുമില്ല. എന്നാൽ മരണത്തിൽനിന്ന് മോചിപ്പിക്കാനുള്ള ശക്തിയും അധികാരവും യഹോവയ്ക്കുണ്ട്. ‘അവസാനത്തെ ശത്രുവായി മരണത്തെ നീക്കം ചെയ്യും’ എന്ന് യഹോവ വാക്കു തന്നിരിക്കുന്നു.—1 കൊരിന്ത്യർ 15:26.
3 മരിച്ചുപോകുമെന്ന പേടിയില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. എന്തൊരു ആശ്വാസം, അല്ലേ? യഹോവ ചെയ്യാൻപോകുന്നതും അതാണ്: മരണത്തെ ഇല്ലാതാക്കും. അതു മാത്രമല്ല മരിച്ചുപോയവരെ വീണ്ടും ജീവനിലേക്കു കൊണ്ടുവരുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ അത് എത്ര വലിയൊരു കാര്യമായിരിക്കുമെന്ന് ഓർത്തുനോക്കൂ! മരിച്ചവർ വീണ്ടും ജീവിക്കുമെന്ന് യഹോവ ഉറപ്പുതരുന്നു. (യശയ്യ 26:19) ഇതിനെയാണു ബൈബിളിൽ പുനരുത്ഥാനം എന്നു വിളിക്കുന്നത്.
പ്രിയപ്പെട്ടവർ മരിക്കുമ്പോൾ
4. (എ) ഒരു കുടുംബാംഗമോ ഉറ്റ സുഹൃത്തോ മരിക്കുമ്പോൾ എവിടെനിന്ന് ആശ്വാസം കിട്ടും? (ബി) യേശുവിന്റെ ചില അടുത്ത കൂട്ടുകാർ ആരായിരുന്നു?
4 ഒരു കുടുംബാംഗമോ ഉറ്റ സുഹൃത്തോ മരിക്കുമ്പോഴുണ്ടാകുന്ന വേദനയും ദുഃഖവും നമുക്കു താങ്ങാനാകില്ല. നിസ്സഹായരായി നോക്കിനിൽക്കാനേ നമുക്കു പറ്റൂ. ആ വ്യക്തിയെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. എന്നാൽ നമുക്ക് ആവശ്യമായ ആശ്വാസം ബൈബിൾ തരുന്നു. (2 കൊരിന്ത്യർ 1:3, 4 വായിക്കുക.) നമ്മുടെ പ്രിയപ്പെട്ടവരെ ജീവനിലേക്കു കൊണ്ടുവരാൻ യഹോവയും യേശുവും എത്രമാത്രം ആഗ്രഹിക്കുന്നെന്നു കാണിക്കുന്ന ഒരു ഉദാഹരണം നമുക്കു നോക്കാം. ഭൂമിയിലായിരുന്നപ്പോൾ യേശു ലാസറിനെയും പെങ്ങന്മാരായ മാർത്തയെയും മറിയയെയും കൂടെക്കൂടെ സന്ദർശിച്ചിരുന്നു. ഈ മൂന്നു പേരും യേശുവിന്റെ അടുത്ത കൂട്ടുകാരായിരുന്നു. “യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു” എന്ന് ബൈബിൾ പറയുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ലാസർ മരിച്ചു.—യോഹന്നാൻ 11:3-5.
5, 6. (എ) ലാസറിന്റെ കുടുംബാംഗങ്ങളും സ്നേഹിതരും സങ്കടപ്പെടുന്നതു കണ്ടപ്പോൾ യേശു എന്തു ചെയ്തു? (ബി) മരണത്തെക്കുറിച്ച് യേശുവിനുണ്ടായ വികാരം നമ്മളെ ആശ്വസിപ്പിക്കുന്നത് എങ്ങനെ?
5 മാർത്തയെയും മറിയയെയും ആശ്വസിപ്പിക്കാൻ യേശു അങ്ങോട്ടു പോയി. യേശു വരുന്നെന്നു കേട്ട മാർത്ത യേശുവിനെ സ്വീകരിക്കാൻ നഗരത്തിനു വെളിയിലേക്കു ചെന്നു. യേശുവിനെ കണ്ടപ്പോൾ മാർത്തയ്ക്കു സന്തോഷം തോന്നി. എങ്കിലും മാർത്ത പറഞ്ഞു: “അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ ആങ്ങള മരിക്കില്ലായിരുന്നു.” യേശു വരാൻ വളരെ വൈകിപ്പോയെന്നു മാർത്തയ്ക്കു തോന്നി. മാർത്തയുടെ സഹോദരിയായ മറിയ കരയുന്നതും യേശു കണ്ടു. അവരുടെ സങ്കടം കണ്ടപ്പോൾ യേശുവിനു വേദന തോന്നി; യേശുവും കരഞ്ഞു. (യോഹന്നാൻ 11:21, 33, 35) പ്രിയപ്പെട്ടവർ മരിക്കുമ്പോൾ നമുക്കുണ്ടാകുന്ന ആഴമായ ദുഃഖം യേശു അനുഭവിച്ച് അറിഞ്ഞു.
6 മരണത്തെക്കുറിച്ച് നമുക്കുള്ള അതേ വികാരംതന്നെയാണു യേശുവിനുമുള്ളതെന്ന് അറിയുന്നതു നമ്മളെ ആശ്വസിപ്പിക്കുന്നു. ഇക്കാര്യത്തിൽ യേശു തന്റെ പിതാവിനെപ്പോലെതന്നെയാണ്. (യോഹന്നാൻ 14:9) മരണത്തെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാനുള്ള ശക്തിയും അധികാരവും യഹോവയ്ക്കുണ്ട്. യഹോവ ഉടൻതന്നെ അതു ചെയ്യും.
“ലാസറേ, പുറത്ത് വരൂ!”
7, 8. ലാസറിന്റെ കല്ലറയുടെ വാതിൽക്കലെ കല്ലു മാറ്റാൻ മാർത്ത ആഗ്രഹിക്കാതിരുന്നത് എന്തുകൊണ്ട്? പക്ഷേ യേശു എന്തു ചെയ്തു?
7 ലാസറിന്റെ ശരീരം വെച്ചിരുന്ന കല്ലറയ്ക്കൽ യേശു വന്നു. കല്ലറയുടെ വാതിൽ ഒരു വലിയ കല്ലുകൊണ്ട് അടച്ചിരുന്നു. “ഈ കല്ല് എടുത്തുമാറ്റ്” എന്നു യേശു പറഞ്ഞു. എന്നാൽ അതു മാറ്റാൻ മാർത്ത ആഗ്രഹിച്ചില്ല. കാരണം ലാസറിന്റെ ശരീരം കല്ലറയിൽ വെച്ചിട്ട് നാലു ദിവസം കഴിഞ്ഞിരുന്നു. (യോഹന്നാൻ 11:39) തന്റെ ആങ്ങളയുടെ കാര്യത്തിൽ യേശു എന്താണു ചെയ്യാൻപോകുന്നതെന്നു മാർത്തയ്ക്ക് അറിയില്ലായിരുന്നു.
ലാസർ പുനരുത്ഥാനപ്പെട്ടപ്പോൾ കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും ഉണ്ടായ സന്തോഷം ഒന്ന് ചിന്തിച്ചുനോക്കൂ! —യോഹന്നാൻ 11:38-44
8 യേശു ലാസറിനോട്, “പുറത്ത് വരൂ!” എന്നു പറഞ്ഞു. മാർത്തയും മറിയയും അടുത്തതായി കണ്ടത് അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു. “മരിച്ചയാൾ പുറത്ത് വന്നു. അയാളുടെ കൈകാലുകൾ തുണികൊണ്ട് ചുറ്റിയിരുന്നു.” (യോഹന്നാൻ 11:43, 44) ലാസർ ജീവനിലേക്കു തിരിച്ചുവന്നു! കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ലാസറിനെ തിരികെ കിട്ടി. അവർക്കു ലാസറിനെ തൊടാമായിരുന്നു, കെട്ടിപ്പിടിക്കാമായിരുന്നു, ലാസറിനോടു വർത്തമാനം പറയാമായിരുന്നു. എന്തൊരു അത്ഭുതം! അതെ, യേശു ലാസറിനെ പുനരുത്ഥാനപ്പെടുത്തി!
“മോളേ, ഞാൻ നിന്നോടു പറയുന്നു: എഴുന്നേൽക്ക്!”
9, 10. (എ) മരിച്ചവരെ ഉയിർപ്പിക്കാനുള്ള ശക്തി യേശുവിനു കൊടുത്തത് ആരാണ്? (ബി) പുനരുത്ഥാനവിവരണങ്ങൾ നമുക്കു പ്രയോജനപ്പെടുന്നത് എങ്ങനെ?
9 സ്വന്തം ശക്തികൊണ്ടാണോ യേശു ആളുകളെ ഉയിർപ്പിച്ചത്? അല്ല. ലാസറിനെ ഉയിർപ്പിക്കുന്നതിനു മുമ്പ് യേശു യഹോവയോടു പ്രാർഥിച്ചപ്പോൾ യഹോവയാണ് ഉയിർപ്പിക്കാനുള്ള ശക്തി കൊടുത്തത്. (യോഹന്നാൻ 11:41, 42 വായിക്കുക.) ലാസർ മാത്രമല്ല ഉയിർപ്പിക്കപ്പെട്ടിട്ടുള്ളത്. കഠിനമായ രോഗംവന്ന ഒരു 12 വയസ്സുകാരിയെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. എങ്ങനെയെങ്കിലും മകളുടെ അസുഖമൊന്നു മാറണമെന്നേ ഉണ്ടായിരുന്നുള്ളൂ അവളുടെ അപ്പനായ യായീറൊസിന്. മകളെ സുഖപ്പെടുത്തണമെന്നു യായീറൊസ് യേശുവിനോട് അപേക്ഷിച്ചു. യായീറൊസിന്റെ ഒരേയൊരു മകളായിരുന്നു അവൾ. അദ്ദേഹം യേശുവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചിലർ വന്ന് പറഞ്ഞു: “മോൾ മരിച്ചുപോയി. ഇനി എന്തിനാണു ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്നാൽ യേശു യായീറൊസിനോടു പറഞ്ഞു: “പേടിക്കേണ്ടാ, വിശ്വസിച്ചാൽ മാത്രം മതി. അവൾ രക്ഷപ്പെടും.” എന്നിട്ട് യേശു യായീറൊസിന്റെകൂടെ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. അവർ വീട്ടിൽ എത്തിയപ്പോൾ ആളുകൾ കരയുന്നതു യേശു കണ്ടു. യേശു അവരോടു പറഞ്ഞു: “കരയേണ്ടാ! അവൾ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.” യേശു എന്താണ് ഈ പറയുന്നതെന്ന് അവളുടെ അപ്പനും അമ്മയും വിചാരിച്ചിട്ടുണ്ടാകണം. എല്ലാവരോടും പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞിട്ട് യേശു അപ്പനെയും അമ്മയെയും കൂട്ടിക്കൊണ്ട് അവൾ കിടന്നിരുന്ന മുറിയിലേക്കു ചെന്നു. യേശു മെല്ലെ അവളുടെ കൈപിടിച്ച് ഇങ്ങനെ പറഞ്ഞു: “മോളേ, ഞാൻ നിന്നോടു പറയുന്നു: ‘എഴുന്നേൽക്ക്!’ ഉടൻതന്നെ അവൾ എഴുന്നേറ്റ് നടന്നു. ആ അപ്പനും അമ്മയ്ക്കും ഉണ്ടായ സന്തോഷം ഒന്ന് ഓർത്തുനോക്കൂ! അതെ, യേശു അവരുടെ മകളെ ഉയിർപ്പിച്ചു! (മർക്കോസ് 5:22-24, 35-42; ലൂക്കോസ് 8:49-56) ആ നിമിഷംമുതൽ, മോളെ കാണുമ്പോഴെല്ലാം യഹോവ യേശുവിലൂടെ തങ്ങൾക്കുവേണ്ടി ചെയ്തത് അവർ ഓർമിച്ചിരിക്കണം.a
10 യേശു ജീവനിലേക്കു തിരികെ കൊണ്ടുവന്നവർ പിന്നീടു വീണ്ടും മരിച്ചു. എങ്കിലും അവരെക്കുറിച്ച് വായിച്ചറിയുന്നതു നമുക്കു പ്രയോജനം ചെയ്യും. അതു നമുക്ക് യഥാർഥപ്രത്യാശ പകരും. മരിച്ചവരെ ഉയിർപ്പിക്കാൻ യഹോവ ആഗ്രഹിക്കുന്നു. യഹോവ ഉറപ്പായും അതു ചെയ്യും.
പുനരുത്ഥാനവിവരണങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്
പത്രോസ് അപ്പോസ്തലൻ ക്രിസ്ത്യാനിയായ ഡോർക്കസിനെ ഉയിർപ്പിച്ചു. —പ്രവൃത്തികൾ 9:36-42
ഏലിയ ഒരു വിധവയുടെ മകനെ ഉയിർപ്പിച്ചു. —1 രാജാക്കന്മാർ 17:17-24
11. സഭാപ്രസംഗകൻ 9:5 ലാസറിന്റെ കാര്യത്തിൽ സത്യമായിരുന്നത് എങ്ങനെ?
11 “മരിച്ചവർ ഒന്നും അറിയുന്നില്ല” എന്ന് ബൈബിൾ വ്യക്തമായി പറയുന്നു. ലാസറിന്റെ കാര്യത്തിൽ അതു സത്യമായിരുന്നു. (സഭാപ്രസംഗകൻ 9:5) മരിച്ചപ്പോൾ ലാസർ ഉറങ്ങുന്നതുപോലെയായിരുന്നു. അതുതന്നെയാണല്ലോ യേശു പറഞ്ഞതും. (യോഹന്നാൻ 11:11) കല്ലറയിലായിരുന്നപ്പോൾ ലാസർ ‘ഒന്നും അറിഞ്ഞില്ല.’
12. ലാസറിന്റെ പുനരുത്ഥാനം ശരിക്കും നടന്നെന്നു നമുക്ക് എങ്ങനെ അറിയാം?
12 യേശു ലാസറിനെ ഉയിർപ്പിച്ചത് അനേകമാളുകൾ കണ്ടു. യേശു ഇങ്ങനെയൊരു അത്ഭുതം ചെയ്തെന്ന് ശത്രുക്കൾക്കും അറിയാമായിരുന്നു. കാരണം ലാസർ അപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നു. പുനരുത്ഥാനം ശരിക്കും നടന്നു എന്നതിന്റെ തെളിവായിരുന്നു അത്. (യോഹന്നാൻ 11:47) ലാസറിനെ കാണാൻ ഒരുപാടു പേർ ചെന്നു. ദൈവമാണു യേശുവിനെ അയച്ചതെന്ന് അവരും വിശ്വസിച്ചു. യേശുവിന്റെ ശത്രുക്കൾക്ക് അത് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് യേശുവിനെയും ലാസറിനെയും കൊല്ലാൻ അവർ തീരുമാനിച്ചു.—യോഹന്നാൻ 11:53; 12:9-11.
13. മരിച്ചവരെ ഉയിർപ്പിക്കാൻ യഹോവയ്ക്കാകുമെന്നു നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
13 ‘സ്മാരകക്കല്ലറകളിലുള്ള എല്ലാവരെയും’ ഉയിർപ്പിക്കുമെന്നു യേശു പറഞ്ഞു. (യോഹന്നാൻ 5:28) അതിന് അർഥം യഹോവ തന്റെ സ്മരണയിൽ അഥവാ ഓർമയിൽ വെച്ചിരിക്കുന്ന എല്ലാവരെയും ജീവനിലേക്കു തിരിച്ചുകൊണ്ടുവരും എന്നാണ്. എന്നാൽ ഒരാളെ ഉയിർപ്പിക്കുന്നതിന് ആ വ്യക്തിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും യഹോവ ഓർക്കേണ്ടതുണ്ട്. അതു സാധിക്കുമോ? പ്രപഞ്ചത്തിൽ കോടാനുകോടി നക്ഷത്രങ്ങളുണ്ട്. അവയിൽ ഓരോന്നിന്റെയും പേര് യഹോവയ്ക്ക് അറിയാമെന്നു ബൈബിൾ പറയുന്നു. (യശയ്യ 40:26 വായിക്കുക.) ഇത്രയധികം നക്ഷത്രങ്ങളുടെ പേര് ഓർക്കാനാകുമെങ്കിൽ, ജീവനിലേക്കു കൊണ്ടുവരാൻപോകുന്ന ഓരോരുത്തരെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ഓർക്കാൻ യഹോവയ്ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. അതു മാത്രമല്ല, യഹോവയാണ് എല്ലാം സൃഷ്ടിച്ചത്. അതുകൊണ്ട് മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാനുള്ള ശക്തിയും യഹോവയ്ക്കുണ്ട്.
14, 15. പുനരുത്ഥാനത്തെക്കുറിച്ചുള്ള ഇയ്യോബിന്റെ വാക്കുകൾ നമ്മളെ എന്തു പഠിപ്പിക്കുന്നു?
14 ദൈവത്തിന്റെ വിശ്വസ്തദാസനായ ഇയ്യോബ് പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നു. ഇയ്യോബ് ചോദിച്ചു: “മനുഷ്യൻ മരിച്ചുപോയാൽ, അവനു വീണ്ടും ജീവിക്കാനാകുമോ?” എന്നിട്ട് യഹോവയോടു പറഞ്ഞു: “അങ്ങ് വിളിക്കും, ഞാൻ വിളി കേൾക്കും. അങ്ങയുടെ കൈകൾ രൂപം നൽകിയവയെ കാണാൻ അങ്ങയ്ക്കു കൊതി തോന്നും.” അതെ, മരിച്ചുപോയവരെ പുനരുത്ഥാനത്തിൽ കൊണ്ടുവരാനുള്ള സമയത്തിനായി യഹോവ കാത്തിരിക്കുകയാണെന്ന് ഇയ്യോബിന് അറിയാമായിരുന്നു.—ഇയ്യോബ് 14:13-15.
15 പുനരുത്ഥാനപ്രത്യാശയെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരുപക്ഷേ നിങ്ങൾ ചോദിച്ചേക്കാം, ‘മരിച്ചുപോയ എന്റെ കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും കാര്യമോ, അവരും പുനരുത്ഥാനത്തിൽ വരുമോ?’ മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാൻ യഹോവ ആഗ്രഹിക്കുന്നെന്ന് അറിയുന്നത് എത്ര ആശ്വാസമാണ്! ആരെല്ലാം ജീവനിലേക്കു തിരിച്ചുവരും, അവർ എവിടെ ജീവിക്കും എന്നതിനെക്കുറിച്ചെല്ലാം ബൈബിൾ എന്തു പറയുന്നെന്നു നമുക്കു നോക്കാം.
അവർ ‘അവന്റെ ശബ്ദം കേട്ട് പുറത്ത് വരും’
16. ഭൂമിയിൽ വീണ്ടും ജീവനിലേക്കു വരുന്നവരുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും?
16 മുമ്പ് പുനരുത്ഥാനപ്പെട്ടവർ അവരുടെ കുടുംബാംഗങ്ങളുടെയും സ്നേഹിതരുടെയും കൂടെ ഭൂമിയിൽ ജീവിച്ചു. ഇതുതന്നെയായിരിക്കും ഭാവിയിലും നടക്കാൻപോകുന്നത്. ഭാവിയിലെ ആ പുനരുത്ഥാനം കൂടുതൽ മികച്ചതായിരിക്കും. എന്തുകൊണ്ട്? കാരണം വീണ്ടും ജീവനിലേക്കു വരുന്നവർക്ക് ഭൂമിയിൽ എന്നെന്നും ജീവിക്കാനാകും; പിന്നെ അവർ മരിക്കില്ല. ഇന്നു നമ്മൾ ജീവിക്കുന്നതിൽനിന്ന് വളരെ വ്യത്യസ്തമായ ഒരു ലോകത്തായിരിക്കും അവർ ജീവിക്കുന്നത്. അന്നു യുദ്ധമോ കുറ്റകൃത്യമോ രോഗമോ ഒന്നുമുണ്ടായിരിക്കില്ല.
17. ആരെല്ലാം ഉയിർപ്പിക്കപ്പെടും?
17 ആരെല്ലാം ഉയിർപ്പിക്കപ്പെടും? “സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ട് പുറത്ത് വരു”മെന്ന് യേശു പറഞ്ഞു. (യോഹന്നാൻ 5:28, 29) അതുപോലെ വെളിപാട് 20:13 പറയുന്നു: “കടൽ അതിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. മരണവും ശവക്കുഴിയും അവയിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു.” അതെ, കോടിക്കണക്കിന് ആളുകൾ വീണ്ടും ജീവിക്കും! “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകു”മെന്നു പൗലോസ് അപ്പോസ്തലനും പറഞ്ഞു. (പ്രവൃത്തികൾ 24:15 വായിക്കുക.) എന്താണ് അതിന്റെ അർഥം?
മരിച്ചുപോയവർ പുനരുത്ഥാനം പ്രാപിച്ച് പ്രിയപ്പെട്ടവരുടെകൂടെ പറുദീസയിൽ വീണ്ടും ജീവിക്കും
18. ഉയിർപ്പിക്കപ്പെടുന്ന ‘നീതിമാന്മാർ’ ആരാണ്?
18 യേശു ഭൂമിയിലേക്കു വരുന്നതിനു മുമ്പ് ജീവിച്ചിരുന്ന, യഹോവയുടെ വിശ്വസ്തദാസന്മാർ ‘നീതിമാന്മാരിൽ’ ഉൾപ്പെടും. നോഹ, അബ്രാഹാം, സാറ, മോശ, രൂത്ത്, എസ്ഥേർ എന്നിവർ ഭൂമിയിലേക്കു വീണ്ടും ഉയിർപ്പിക്കപ്പെടും. എബ്രായർ 11-ാം അധ്യായത്തിൽ അവരിൽ ചിലരെക്കുറിച്ച് നിങ്ങൾക്കു വായിക്കാം. യഹോവയുടെ വിശ്വസ്തദാസന്മാരിൽ ഇക്കാലത്ത് മരിക്കുന്നവരുടെ കാര്യമോ? അവരും ‘നീതിമാന്മാരാണ്.’ അവർക്കും പുനരുത്ഥാനമുണ്ടാകും.
19. ‘നീതികെട്ടവർ’ ആരാണ്? യഹോവ അവർക്ക് എന്തിനുള്ള അവസരം കൊടുക്കും?
19 ‘നീതികെട്ടവരിൽ,’ യഹോവയെ അറിയാൻ അവസരം കിട്ടാത്ത കോടിക്കണക്കിന് ആളുകൾ ഉൾപ്പെടും. അവർ മരിച്ചുപോയെങ്കിലും യഹോവ അവരെ മറന്നുകളഞ്ഞിട്ടില്ല. യഹോവ അവരെ ജീവനിലേക്കു കൊണ്ടുവരും. അങ്ങനെ അവർക്ക് യഹോവയെക്കുറിച്ച് പഠിക്കാനും യഹോവയെ സേവിക്കാനും ഉള്ള അവസരം കിട്ടും.
20. എല്ലാവർക്കും പുനരുത്ഥാനം ലഭിക്കില്ലാത്തത് എന്തുകൊണ്ട്?
20 അതിന് അർഥം മരിച്ചുപോയ എല്ലാവരും ഉയിർപ്പിക്കപ്പെടും എന്നാണോ? അല്ല. ചിലരെ ജീവനിലേക്കു തിരികെ കൊണ്ടുവരില്ല എന്നു യേശു പറഞ്ഞു. (ലൂക്കോസ് 12:5) ഒരു വ്യക്തിയെ ജീവനിലേക്കു തിരികെ കൊണ്ടുവരണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ആരാണ്? യഹോവയാണ് അന്തിമന്യായാധിപൻ. എന്നാൽ “ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപനായി” യേശുവിനെയും യഹോവ അധികാരപ്പെടുത്തിയിരിക്കുന്നു. (പ്രവൃത്തികൾ 10:42) ദുഷ്ടനായി വിധിക്കപ്പെടുകയും മാറ്റം വരുത്താൻ വിസ്സമതിക്കുകയും ചെയ്യുന്ന ആർക്കും പുനരുത്ഥാനം ലഭിക്കില്ല.—പിൻകുറിപ്പ് 19 കാണുക.
സ്വർഗത്തിലേക്കുള്ള പുനരുത്ഥാനം
21, 22. (എ) സ്വർഗത്തിലേക്കുള്ള പുനരുത്ഥാനം എന്നാൽ എന്താണ് അർഥം? (ബി) സ്വർഗത്തിൽ ജീവിക്കാനായി പുനരുത്ഥാനപ്പെട്ട ആദ്യവ്യക്തി ആരായിരുന്നു?
21 ചിലയാളുകൾ സ്വർഗത്തിൽ ജീവിക്കുമെന്നും ബൈബിൾ പറയുന്നു. ഭൂമിയിൽ ജീവിക്കാനുള്ള ഒരു മനുഷ്യശരീരത്തോടെയല്ല ആത്മവ്യക്തികളായിട്ടായിരിക്കും അവർ ഉയിർപ്പിക്കപ്പെടുന്നത്.
22 ഈ വിധത്തിൽ സ്വർഗത്തിലേക്കുള്ള പുനരുത്ഥാനം പ്രാപിച്ച ആദ്യവ്യക്തി യേശുവാണ്. (യോഹന്നാൻ 3:13) കൊല്ലപ്പെട്ട് മൂന്നാം ദിവസം യേശുവിനെ യഹോവ ഉയിർപ്പിച്ചു. (സങ്കീർത്തനം 16:10; പ്രവൃത്തികൾ 13:34, 35) ഒരു മനുഷ്യശരീരത്തോടെയല്ല യേശുവിനെ ഉയിർപ്പിച്ചത്. പത്രോസ് അപ്പോസ്തലൻ യേശുവിനെക്കുറിച്ച് “മനുഷ്യനായി മരണശിക്ഷ ഏൽക്കുകയും ആത്മവ്യക്തിയായി ജീവനിലേക്കു വരുകയും ചെയ്തു” എന്നു പറഞ്ഞു. (1 പത്രോസ് 3:18) ശക്തനായ ഒരു ആത്മവ്യക്തിയായി ദൈവം യേശുവിനെ ജീവനിലേക്കു കൊണ്ടുവന്നു. (1 കൊരിന്ത്യർ 15:3-6) എന്നാൽ യേശു മാത്രമായിരിക്കില്ല ഈ രീതിയിൽ പുനരുത്ഥാനപ്പെടുന്നതെന്നും ബൈബിൾ പറയുന്നു.
23, 24. യേശു പറഞ്ഞ ‘ചെറിയ ആട്ടിൻകൂട്ടം’ ആരാണ്? അതിൽ എത്ര പേർ ഉണ്ട്?
23 മരിക്കുന്നതിനു തൊട്ടുമുമ്പ് യേശു വിശ്വസ്തരായ ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കാനാണു പോകുന്നത്.” (യോഹന്നാൻ 14:2) അതിന് അർഥം യേശുവിന്റെ അനുഗാമികളിൽ ചിലർ പുനരുത്ഥാനപ്പെട്ട് യേശുവിനോടൊപ്പം സ്വർഗത്തിൽ ജീവിക്കുമെന്നാണ്. എത്ര പേർ? യേശു പറഞ്ഞതു കുറച്ച് പേർ, ഒരു ‘ചെറിയ ആട്ടിൻകൂട്ടം,’ എന്നാണ്. (ലൂക്കോസ് 12:32) യോഹന്നാൻ അപ്പോസ്തലൻ അവരുടെ കൃത്യം എണ്ണം പറഞ്ഞു. സ്വർഗീയ ‘സീയോൻ പർവതത്തിൽ 1,44,000 പേർ യേശുവിനോടൊപ്പം നിൽക്കുന്നതു’ കണ്ടു എന്നാണു യോഹന്നാൻ പറഞ്ഞത്.—വെളിപാട് 14:1.
24 എപ്പോഴായിരിക്കും 1,44,000 ക്രിസ്ത്യാനികൾ പുനരുത്ഥാനപ്പെടുന്നത്? ക്രിസ്തു സ്വർഗത്തിൽ ഭരണം തുടങ്ങിയശേഷമായിരിക്കും അതു സംഭവിക്കുന്നതെന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 15:23) നമ്മൾ ഇപ്പോൾ ജീവിക്കുന്നത് ആ സമയത്താണ്. 1,44,000 പേരിൽ മിക്കവരും സ്വർഗത്തിലേക്കു പുനരുത്ഥാനപ്പെട്ടുകഴിഞ്ഞു. എന്നാൽ 1,44,000 പേരിൽ ഭൂമിയിൽ ശേഷിച്ചിരിക്കുന്നവർ, മരിക്കുന്ന ഉടൻതന്നെ സ്വർഗത്തിലേക്കു പുനരുത്ഥാനപ്പെടും. പക്ഷേ ഭൂരിപക്ഷം മനുഷ്യരും ഉയിർപ്പിക്കപ്പെടുന്നത് ഭൂമിയിലെ പറുദീസയിൽ ജീവിക്കാനായിരിക്കും.
25. അടുത്ത അധ്യായത്തിൽ നമ്മൾ എന്തു പഠിക്കും?
25 പെട്ടെന്നുതന്നെ യഹോവ എല്ലാ മനുഷ്യരെയും മരണത്തിൽനിന്ന് വിടുവിക്കും. മരണത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കും! (യശയ്യ 25:8 വായിക്കുക.) എന്നാൽ സ്വർഗത്തിൽ പോകുന്നവർ അവിടെ എന്തു ചെയ്യും? അവർ ഒരു സ്വർഗീയഗവൺമെന്റിന്റെ ഭാഗമായി യേശുവിന്റെകൂടെ ഭരിക്കുമെന്നു ബൈബിൾ വിശദീകരിക്കുന്നു. ആ ഗവൺമെന്റിനെക്കുറിച്ച് അടുത്ത അധ്യായത്തിൽ നമ്മൾ കൂടുതലായി പഠിക്കും.
a ചെറുപ്പക്കാരുടെയും പ്രായമായവരുടെയും, പുരുഷന്മാരുടെയും സ്ത്രീകളുടെയും, ഇസ്രായേല്യരുടെയും മറ്റുള്ളവരുടെയും പുനരുത്ഥാനത്തെക്കുറിച്ചെല്ലാം ബൈബിളിൽ വിവരിക്കുന്നുണ്ട്. 1 രാജാക്കന്മാർ 17:17-24; 2 രാജാക്കന്മാർ 4:32-37; 13:20, 21; മത്തായി 28:5-7; ലൂക്കോസ് 7:11-17; 8:40-56; പ്രവൃത്തികൾ 9:36-42; 20:7-12 എന്നീ വാക്യങ്ങളിൽ അതു കാണാം.
-