ചരിത്രസ്മൃതികൾ
അയാൾ കണ്ടത് സ്നേഹം വിളമ്പുന്ന ഭക്ഷണശാലയാണ്
യഹോവയുടെ മേശയിൽനിന്ന് ആത്മീയാഹാരം കഴിക്കുന്നത് എല്ലായ്പോഴും നമ്മുടെ ദിവ്യാധിപത്യപ്രവർത്തനങ്ങളുടെ ഒരു സവിശേഷതയായിരുന്നിട്ടുണ്ട്. ദൈവജനം ആത്മീയവിരുന്നിനായി ഒന്നിച്ചുകൂടുമ്പോൾ ഭക്ഷണം പങ്കുവെച്ച് കഴിക്കുന്നത് അവരുടെ സന്തോഷം വർധിപ്പിക്കുന്നു.
1919 സെപ്റ്റംബറിൽ ബൈബിൾവിദ്യാർഥികൾ യു.എസ്.എ.-യിലെ ഒഹായോയിലുള്ള സീഡാർ പോയിന്റിൽ എട്ടു ദിവസത്തെ ഒരു കൺവെൻഷൻ നടത്തി. കൺവെൻഷനു ഹാജരാകുന്നവർക്ക് ഭക്ഷണവും താമസസൗകര്യവും ഹോട്ടലുകളിലാണ് ഏർപ്പാടാക്കിയിരുന്നത്. എന്നാൽ, പ്രതീക്ഷിച്ചതിലും ആയിരക്കണക്കിന് ആളുകൾ കൂടുതലായി എത്തിച്ചേർന്നു. ഇതു കണ്ട് പരിഭ്രാന്തരായ ഹോട്ടൽ ജീവനക്കാർ കൂട്ടമായി ഇറങ്ങിപ്പോയി. എന്തു ചെയ്യണമെന്ന് അറിയാതെ മാനേജർ, അവിടെ എത്തിയിരുന്ന യുവാക്കളുടെ സഹായം ലഭിക്കുമോ എന്ന് ആരാഞ്ഞു, അനേകം യുവസഹോദരീസഹോദരന്മാർ മുന്നോട്ടുവന്നു. അവരിൽ ഒരാളായിരുന്നു സാഡീ ഗ്രീൻ. “എന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഞാൻ ഒരു ഹോട്ടലിൽ ഭക്ഷണം വിളമ്പുന്നത്. പക്ഷേ അത് നല്ല രസമായിരുന്നു” എന്ന് അവൾ ഓർമിക്കുന്നു.
സിയറ ലിയോൺ, 1982
അതുകഴിഞ്ഞുള്ള വർഷങ്ങളിൽ കൺവെൻഷനുകളിലെ ഭക്ഷണത്തിനായുള്ള ക്രമീകരണം അനേകം സഹോദരീസഹോദരന്മാർക്ക് തങ്ങളുടെ സഹോദരങ്ങളെ സേവിക്കാനുള്ള അവസരം നൽകി. സഹവിശ്വാസികളോടൊപ്പം പ്രവർത്തിച്ചത് പല യുവാക്കളെയും ആത്മീയലാക്കുകൾ വെക്കാൻ പ്രചോദിപ്പിച്ചു. 1937-ലെ കൺവെൻഷനിൽ ഭക്ഷണശാലയിൽ സേവിച്ച ഗ്ലാഡിസ് ബോൾട്ടൺ എന്ന സഹോദരി ഇങ്ങനെ പറയുന്നു: “മറ്റു സ്ഥലങ്ങളിൽനിന്നുള്ള പലരെയും ഞാൻ അവിടെ കണ്ടു. അവർ പ്രശ്നങ്ങളെ മറികടന്നത് എങ്ങനെയാണെന്നു കേൾക്കാൻ എനിക്കായി. അപ്പോഴാണ് ഒരു പയനിയറാകാനുള്ള മോഹം എന്റെ മനസ്സിൽ ആദ്യമായി നാമ്പിട്ടത്.”
കൺവെൻഷനിൽ സംബന്ധിക്കാൻ എത്തിയ ബ്യൂളാ കോവെ സഹോദരി ഇങ്ങനെ പറഞ്ഞു: “സഹോദരങ്ങളുടെ അകമഴിഞ്ഞ സേവനം കാര്യങ്ങൾ എളുപ്പമാക്കിത്തീർത്തു.” എങ്കിലും ജോലികൾക്ക് അതിന്റേതായ ബുദ്ധിമുട്ടുണ്ടായിരുന്നു. 1969-ൽ കൺവെൻഷനായി കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിലുള്ള ഡോഡ്ജർ സ്റ്റേഡിയത്തിൽ എത്തിയപ്പോഴാണ് ആഞ്ജലോ മനേരാ എന്ന സഹോദരൻ തനിക്കു ലഭിച്ചിരിക്കുന്ന നിയമനം ഭക്ഷണശാലയിലാണെന്ന് അറിഞ്ഞത്. “എനിക്ക് ഏറ്റവും ഞെട്ടലുണ്ടായ സംഭവങ്ങളിലൊന്നായിരുന്നു അത്” എന്ന് അദ്ദേഹം സമ്മതിക്കുന്നു. ആ കൺവെൻഷനായുള്ള ഒരുക്കങ്ങളിൽ, അടുക്കളയിലേക്കു പാചകവാതകം എത്തിക്കുന്നതിനുവേണ്ടി 400 മീറ്റർ നീളത്തിൽ പൈപ്പിടാൻ മണ്ണുമാറ്റുന്നതും ഉൾപ്പെട്ടിരുന്നു.
ഫ്രാങ്ക്ഫർട്ട്, ജർമനി, 1951
സിയറ ലിയോണിൽ 1982-ലെ ഒരു കൺവെൻഷനുവേണ്ടി കഠിനാധ്വാനികളായ സ്വമേധാസേവകർക്ക് തങ്ങളുടെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കുകയും ഭക്ഷണശാല പണിയുകയും ചെയ്യണമായിരുന്നു. 1951-ൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ മിടുക്കരായ ചില സഹോദരങ്ങൾ ഒരു ആവി എഞ്ചിൻ വാടകയ്ക്കെടുത്ത് ഒരേസമയം 40 കെറ്റിലുകളിൽ പാചകം ചെയ്തു. ഒറ്റ മണിക്കൂറിൽ, അവർ 30,000 പേർക്കുള്ള ഭക്ഷണം വിളമ്പി. പാത്രം കഴുകാൻ ഉത്തരവാദിത്വമുണ്ടായിരുന്ന 576 പേരുടെ ജോലിഭാരം കുറയ്ക്കാൻ കൺവെൻഷനു വന്നവർ ഭക്ഷണം കഴിക്കാൻ സ്വന്തം കത്തിയും മുള്ളും കൊണ്ടുവന്നു. മ്യാൻമറിലെ യാൻഗൂണിൽ പാചകം ചെയ്ത സഹോദരങ്ങൾ, സാധാരണ ഉപയോഗിക്കുന്നതിലും കുറച്ച് മുളക് ഉപയോഗിച്ചുകൊണ്ട് ഭക്ഷണം തയാറാക്കി മറ്റു രാജ്യങ്ങളിൽനിന്നുള്ള സഹോദരങ്ങളോട് കരുതൽ കാണിച്ചു.
“അവർ നിന്നുകൊണ്ട് കഴിച്ചു”
1950-ൽ ഐക്യനാടുകളിൽവെച്ചുനടന്ന ഒരു കൺവെൻഷനിൽ ചുട്ടുപൊള്ളുന്ന വെയിലത്ത് ഭക്ഷണശാലയ്ക്കു മുമ്പിലെ നീണ്ട വരിയിൽ കാത്തു നിന്ന ആനീ പോഗൻസി തനിക്കു ലഭിച്ച അനുഗ്രഹത്തെക്കുറിച്ച് സന്തോഷത്തോടെ ഓർക്കുന്നു. അവൾ പറയുന്നു: “യൂറോപ്പിൽനിന്ന് ബോട്ടിൽ വന്ന രണ്ടു സഹോദരിമാർ തമ്മിലുള്ള ഹൃദയോഷ്മളമായ സംഭാഷണത്തിൽ ഞാൻ മുഴുകിപ്പോയി.” ഈ കൺവെൻഷനിൽ പങ്കെടുക്കാൻ യഹോവ തങ്ങളെ സഹായിച്ചത് എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ചായിരുന്നു അവരുടെ സംസാരം. “ആ രണ്ടു സഹോദരിമാർ മറ്റെല്ലാരെക്കാളും സന്തുഷ്ടരായിരുന്നു. കാത്തുനിന്ന സമയവും ചുട്ടുപൊള്ളുന്ന വെയിലും അവർ അറിഞ്ഞതേയില്ല” എന്ന് അവൾ കൂട്ടിച്ചേർക്കുന്നു.
സോൾ, കൊറിയ, 1963
ഒട്ടുമിക്ക വലിയ കൺവെൻഷനുകളിലും ഭക്ഷണശാലകളിൽ, നിന്നുകൊണ്ട് ആഹാരം വെച്ചുകഴിക്കാൻ പറ്റിയ മേശകൾ ഒരുക്കിയിരുന്നു. ഇത് പെട്ടെന്നു കഴിക്കുന്നതും അങ്ങനെ മറ്റുള്ളവർക്കുവേണ്ടി സ്ഥലം ഒഴിഞ്ഞു കൊടുക്കുന്നതും എളുപ്പമാക്കിത്തീർത്തു. ആ ഇടവേളയിൽ ആയിരക്കണക്കിനു ആളുകളെ പോഷിപ്പിക്കാൻ അല്ലെങ്കിൽ എങ്ങനെ കഴിയുമായിരുന്നു? സാക്ഷിയല്ലാത്ത ഒരാൾ അതു കണ്ടിട്ട് ഇങ്ങനെ പറഞ്ഞു: “അതൊരു വിചിത്രമായ സഭയാണ്. അവരെല്ലാവരും നിന്നുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത്.”
പട്ടാള-ഗവൺമെന്റ് അധികാരികൾ കാര്യപ്രാപ്തിയും സംഘാടനമികവും കണ്ട് അത്ഭുതപ്പെട്ടു. ന്യൂയോർക്കിലുള്ള യാങ്കീ സ്റ്റേഡിയത്തിലെ ഭക്ഷണശാല നിരീക്ഷിച്ചശേഷം യു.എസ്. സേനാ ഉദ്യോഗസ്ഥൻ, ബ്രിട്ടീഷ് സേനാവിഭാഗത്തിലെ മേജർ ഫോല്ക്നറോട് സമാനമായ പരിശോധന നടത്താൻ പറഞ്ഞു. അങ്ങനെ അദ്ദേഹവും ഭാര്യയും 1955-ൽ ഇംഗ്ലണ്ടിലെ ട്വിക്കനമിൽ നടന്ന “ജയോത്സവ രാജ്യം” സമ്മേളനത്തിന് വന്നു. അവിടുത്തെ ഭക്ഷണശാലയിൽ സ്നേഹം വിളമ്പുന്നത് കാണാൻ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളോളം, മനസ്സൊരുക്കമുള്ള സഹോദരങ്ങൾ സ്നേഹത്തോടെ കുറഞ്ഞ ചെലവിൽ പോഷകപ്രദമായ ഭക്ഷണം കൺവെൻഷനിൽ പങ്കെടുക്കുന്നവർക്കായി വിളമ്പിയിരുന്നു. എന്നാൽ ഈ ബൃഹത്തായ ദൗത്യം നിർവഹിക്കുന്നതിന് ധാരാളം സേവകർ മണിക്കൂറുകളോളം അധ്വാനിക്കണമായിരുന്നു. അവർക്ക് പലപ്പോഴും പരിപാടികൾ നഷ്ടപ്പെടുമായിരുന്നു, ചിലപ്പോൾ മുഴുപരിപാടികളുംതന്നെ. 1970-കളുടെ അവസാനത്തോടെ മിക്കയിടങ്ങളിലും കൺവെൻഷനോട് അനുബന്ധിച്ചുള്ള ഭക്ഷണക്രമീകരണം ലളിതമാക്കി. പിന്നീട് 1995 മുതൽ, ഹാജരാകുന്നവർ തങ്ങളുടെ ആവശ്യത്തിനുള്ള ഭക്ഷണം കൂടെക്കരുതാൻ പ്രോത്സാഹിപ്പിച്ചു. ഇത് ഭക്ഷണം തയ്യാറാക്കുകയും വിളമ്പുകയും ചെയ്തുകൊണ്ടിരുന്ന എല്ലാവർക്കും ആത്മീയപരിപാടികളും ക്രിസ്തീയസഹവാസവും ആസ്വദിക്കാനുള്ള അവസരം ഒരുക്കി.a
സഹവിശ്വാസികളെ സേവിക്കുന്നതിനുവേണ്ടി കഠിനാധ്വാനം ചെയ്ത ആ സഹോദരങ്ങളെ എത്ര മൂല്യമുള്ളവരായിട്ടായിരിക്കും യഹോവ കാണുന്നത്! ഭക്ഷണശാലകളിൽ സേവിച്ച ആ സന്തോഷകരമായ നാളുകൾ അനേകർക്കും മധുരസ്മരണകളായി അവശേഷിക്കുന്നു. എന്നാൽ ഒന്നുറപ്പാണ്: ഇപ്പോഴും കൺവെൻഷനുകളിൽ വിളമ്പുന്ന ആത്മീയസദ്യയുടെ പ്രധാനചേരുവ സ്നേഹംതന്നെയാണ്.—യോഹ. 13:34, 35.
a കൺവെൻഷനുകളിൽ മറ്റു ഡിപ്പാർട്ടുമെന്റുകളിൽ സേവിക്കാനുള്ള അവസരങ്ങൾ സ്വമേധാസേവകരായ സഹോദരങ്ങൾക്ക് ഇപ്പോഴുമുണ്ട്.