കൂടുതൽ പഠിക്കാനായി. . .
ഹൃദയത്തെ ഒരുക്കുക
ബൈബിൾ പഠിക്കുമ്പോൾ യഹോവയുടെ ചിന്തകൾ, നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ആഗ്രഹങ്ങളെയും സ്വാധീനിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. ‘യഹോവയുടെ നിയമം പരിശോധിക്കാനായി തന്റെ ഹൃദയത്തെ ഒരുക്കിക്കൊണ്ട്’ എസ്ര ഇക്കാര്യത്തിൽ നല്ലൊരു മാതൃക വെച്ചു. (എസ്ര 7:10) നമുക്ക് എങ്ങനെ നമ്മുടെ ഹൃദയത്തെ ഒരുക്കാം?
പ്രാർഥിക്കുക. ഓരോ തവണ പഠിക്കാനിരിക്കുന്നതിനു മുമ്പും പ്രാർഥിക്കുക. പഠിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനും അത് അനുസരിക്കാനും ഉള്ള സഹായത്തിനായി അപേക്ഷിക്കുക.—സങ്കീ. 119:18, 34.
താഴ്മ വളർത്തുക. ബൈബിളിലെ കാര്യങ്ങൾ സ്വന്തമായി മനസ്സിലാക്കാൻ പറ്റുമെന്ന് അഹങ്കാരത്തോടെ ചിന്തിക്കുന്ന ആളുകളിൽനിന്ന് യഹോവ സത്യം മറച്ചുവെക്കുന്നു. (ലൂക്കോ. 10:21) നമ്മൾ ഗവേഷണം ചെയ്യുന്നതു മറ്റുള്ളവരുടെ മുന്നിൽ ആളാകുന്നതിനുവേണ്ടി ആയിരിക്കരുത്. ദൈവത്തിന്റെ ചിന്തകളുമായി നമ്മുടെ ചിന്തകൾ ചേരുന്നില്ലെങ്കിൽ താഴ്മയോടെ നമ്മുടെ ഭാഗത്ത് മാറ്റങ്ങൾ വരുത്താൻ തയ്യാറാകുക.
നമ്മുടെ ഒരു പാട്ടു കേൾക്കുക. സംഗീതത്തിനു നമ്മുടെ വികാരങ്ങളെ സ്വാധീനിക്കാനുള്ള ശക്തിയുണ്ട്. അതുകൊണ്ട് പഠിക്കാൻ ഇരിക്കുന്നതിനു മുമ്പു നമ്മുടെ ഒരു പാട്ടു കേൾക്കുന്നതു ഹൃദയത്തെ ഒരുക്കാനും പഠിക്കുന്ന കാര്യങ്ങൾ ഹൃദയത്തിലെത്താനും സഹായിക്കും.