സ്വാതന്ത്ര്യത്തിന്റെ വില
തടങ്കൽ പാളയത്തിൽനിന്നു് സ്വാതന്ത്ര്യം പ്രാപിച്ചെങ്കിലും എന്റെ പുത്രൻമാർ ആ ഗ്രാമത്തിന്റെ അതിർത്തികൾക്കുള്ളിൽ അപ്പോഴും തടവുകരായിരുന്നു. വിയറ്റ്നാമിൽ ഞങ്ങൾക്കൊരു ഭാവിയില്ലായിരുന്നു. അതുകൊണ്ടു് കുറച്ചു മാസങ്ങൾക്കുശേഷം 1978 മെയ്യിൽ എന്റെ പുത്രൻമാരും പുത്രിയും ഞാനും അവിടെനിന്നു് രക്ഷപ്പെട്ടു. ഞങ്ങളുടെ ഭവനം സമുദ്രത്തിൽ നിന്നു് വളരെ അകലെയായിരുന്നതിനാൽ, ഞങ്ങൾ ഒരു ചെറിയ ബോട്ടിൽ നദിയിലൂടെ സഞ്ചരിച്ചു. റോന്തു ചുറ്റുന്ന കമ്മ്യൂണിസ്റ്റു പടയാൽ ഞങ്ങൾ തടയപ്പെട്ടു് തടവിലാക്കപ്പെടുമോ എന്നു് ഞങ്ങൾ വഴിനീളെ ഭയപ്പെട്ടിരുന്നു.
ഒടുവിൽ രാത്രിയിൽ ഞങ്ങൾ—53 പേർ, ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളും—നദിയിൽ സഞ്ചരിക്കാൻ നിർമ്മിച്ചിരുന്ന ഒരു ചെറിയ ബോട്ടിൽ തിങ്ങി നിറഞ്ഞു് സമുദ്ര യാത്ര ആരംഭിച്ചു. അതിനു് ഒരു എഞ്ചിൻ ഉണ്ടായിരുന്നു. എന്നാൽ ഒരു ചുക്കാൻ ഉപയോഗിച്ചാണു് അതു് തിരിച്ചിരുന്നതു്. ഞങ്ങൾ 400-ൽപരം മൈലുകൾ (640 ക. മി.) അകലെ മലേഷ്യയിലേക്കു് തെക്കോട്ടു് സഞ്ചരിച്ചിരുന്നു. ഒരു ഇളം കാറ്റു് സമുദ്രത്തിന്റെ ഉപരിതലത്തിൽ ചെറുതിര ഇളക്കിവിടുകയും ഞങ്ങളെ ഉൻമേഷഭരിതരാക്കുകയും ചെയ്തു. പൂർണ്ണചന്ദ്രൻ അതിന്റെ മുഴുശോഭയിലും ഞങ്ങളുടെ വഴിയെ പ്രകാശമാനനാക്കി. ഒരു വിജയപ്രദമായ രക്ഷപെടൽ നടത്തിയതിലുള്ള അതിയായ സന്തോഷത്താൽ ഞങ്ങൾ പാട്ടുപാടി.
അടുത്ത രണ്ടു ദിവസങ്ങൾ സമുദ്രം താരതമ്യേന ശാന്തമായിരുന്നതിനാൽ ഞങ്ങൾ നല്ല ദൂരം പിന്നിട്ടു. മുന്നാം ദിവസം ഒരു വലിയ കണ്ണാടിപോലെ പൂർണ്ണമായും ശാന്തമായിരുന്ന സമുദ്രം ഏറ്റവും മനോഹരമായിരുന്നു. ഞങ്ങൾ നങ്കൂരമിടുകയും സമുദ്രത്തിൽ വ്യക്തിപരമായ ശുചീകരണത്തിനായി സമയം ചിലവഴിക്കുകയും ചെയ്തു. എന്നാൽ ആ പ്രവർത്തനം വളരെയധികം സ്രാവുകളെ ആകർഷിച്ചു. ഞങ്ങളുടെ ബോട്ടു് അവക്കു കേടുവരുത്താൻ കഴിയത്തക്കവണ്ണം ചെറുതായിരുന്നതിനാൽ ഞങ്ങൾ നങ്കൂരം വലിച്ചെടുക്കുകയും സ്ഥലം വിടുകയും ചെയ്തു.
ഞങ്ങൾ അന്തർദ്ദേശീക റൂട്ടിൽ ഒരു വിദേശകപ്പൽ കണ്ടുമുട്ടുന്നതിനും ഒരു പക്ഷെ ഞങ്ങളെ കരക്കെത്തിക്കുയോ അല്ലെങ്കിൽ കുറഞ്ഞപക്ഷം ആഹാരവും വെള്ളവും ലഭ്യമാക്കുകയോ ചെയ്യുമെന്നു് പ്രതീക്ഷിച്ചിരുന്നു. അന്നു രാവിലെ പത്തുമണിയോടെ ഞങ്ങളുടെ ആളുകൾ ഒരു വലിയ വാഹനം കണ്ടെത്തി. ഞങ്ങൾ സഹായിക്കപ്പെടുകയും രക്ഷപ്പെടുത്തപ്പെടുകയോ ചെയ്തേക്കുമെന്നുള്ള പ്രത്യാശയിൽ ഞങ്ങളുടെ ഹൃദയമിടിപ്പു് വർദ്ധിച്ചു. എന്നാൽ അതു അടുത്തുവന്നപ്പോൾ ഞങ്ങൾ ഏറ്റം മോശം ഭയപ്പെട്ടതു യഥാർത്ഥ്യമായിത്തീർന്നു—അതു് ഒരു തായ് കടൽക്കൊള്ളക്കാരുടെ കപ്പലായിരുന്നു! ഞങ്ങളുടെ രാജ്യത്തുനിന്നും പാലായനം ചെയ്ത നിസ്സഹായരായ അഭയാർത്ഥികളെ അവർ എപ്രകാരം കൊള്ളയടിക്കയും സ്ത്രീകളെ നിഷ്ക്കരുണം മാനഭംഗപ്പെടുത്തുകയും ചെയ്തിരുന്നു എന്നു കേട്ടിരുന്നു.
കടൽക്കൊള്ളക്കാരുടെ കൈകളിൽ
കൊള്ളക്കാർ കൈകളിൽ കത്തികളും പിടിച്ചു് വിവിധ വിചിത്ര മൃഗങ്ങളെപ്പോലെ തോന്നിക്കുമാറു് മുഖം പെയിന്റുചെയ്തുകൊണ്ടു് ഡെക്കിൽ കാത്തുനിന്നു. ഭയവിഹ്വലരായ ഞങ്ങൾ ചെറുപ്പക്കാരികളെ ബോട്ടിന്റെ മുൻവശത്തുള്ള കമ്പാർട്ടുമെന്റിലേക്കു് വലിച്ചു നീക്കി, കൃത്യസമയത്തുതന്നെ താല്ക്കാലികമായി പ്രതിരോധിച്ചു. കൊള്ളക്കാർ ഞങ്ങളുടെ ബോട്ടിലേക്കു ചാടുകയും അടിച്ചുകയറുന്ന കാറ്റിനെപ്പോലെ അവർ ആഗ്രഹിച്ചെതെല്ലാം വലിച്ചുപറിച്ചെടുക്കുകയും ചെയ്തു—സ്വർണ്ണമാലകളും വളകളും കമ്മലുകളും. അവർ ഞങ്ങളുടെ സഞ്ചികൾ കയ്യടക്കുകയും ഞങ്ങളുടെ പേഴ്സുകളിൽ സ്വർണ്ണവും വെള്ളിയും ഉണ്ടോയെന്നു് തിരയുകയും ചെയ്തു. വസ്ത്രവും കുട്ടികൾക്കുവേണ്ടിയുള്ള പാലും ധാന്യപ്പൊടിയും ഉൾപ്പെടെ അവർ ആഗ്രഹിക്കാത്തതെല്ലാം കടലിൽ എറിഞ്ഞുകളഞ്ഞു. ഞങ്ങളെ സംഭ്രമംകൊണ്ടു മൂകരാക്കിയശേഷം വന്നപോലെതന്നെ പെട്ടെന്നു് സ്ഥലം വിട്ടു.
കൊള്ളത്തലവൻ ഒരു ദീർഘകായകനും തടിയനും തലയിലൊരുരോമവും ഇല്ലാത്തവനും ആയിരുന്നു. അയാൾ തന്റെ കഴുത്തിൽ വയറുവരെ നീണ്ടുകിടന്ന തലയോട്ടികൊണ്ടുള്ള ഒരു മാല ധരിച്ചിരുന്നു. അയാൾ തന്റെ കൊള്ളയുടെ ഫലത്തിൽ സന്തുഷ്ടനായി തന്റെ മുഖം ആകാശത്തേക്കുയർത്തി ഉച്ചത്തിൽ ചിരിച്ചു. പിന്നീടു് തന്റെ കൈ ചലിപ്പിച്ചു് ഞങ്ങളുടെ ബോട്ടിനെ സ്വതന്ത്രമായി വിട്ടു.
ഞങ്ങൾ ഞങ്ങളുടെ യാത്ര തുടന്നു. എന്നാൽ ഏകദേശം ഒരു മണിക്കൂർ മാത്രം കഴിഞ്ഞു് ബോട്ടിനേക്കാൾ വലിപ്പമേറിയ ഭയങ്കര തിരമാലകൾ ഉയർത്തികൊണ്ടു് ഒരു കൊടുങ്കാറ്റു് അടിച്ചുതുടങ്ങി. ഞങ്ങളെ നിഷ്ക്കരുണം അങ്ങോട്ടുംമിങ്ങോട്ടും ഉലച്ചു. പെട്ടെന്നു് മിക്കവാറും എല്ലാവർക്കുംതന്നെ കടൽചൊരുക്കു ബാധിച്ചു് ബോട്ടിന്റെ അന്തർഭാഗം വഴുവഴുത്ത ഛർദ്ദികൊണ്ടു് നിറച്ചു. ഞാൻ പിടിച്ചുകൊണ്ടിരുന്ന എന്റെ ചെറുസഹോദരപുത്രിയുടെ ശ്വാസം നിലച്ചതു ശ്രദ്ധിച്ചപ്പോൾ ഞാൻ ഉറക്കെ കരഞ്ഞു. എന്നാൽ മുഖത്തോടു മുഖം അടുപ്പിച്ചു കൃത്രിമ ശ്വാസോച്ഛാസം ചെയ്യിച്ചതിനാൽ അവളെ പുനരുജ്ജീവിപ്പിക്കാൻ എനിക്കു കഴിഞ്ഞു.
പിന്നീടു് ബോട്ടു് മുന്നോട്ടു് കൂടുതൽ സുഗമമായി നീങ്ങാൻ തുടങ്ങി. എന്റെ പുത്രൻ അതിന്റെ ദിശ കാറ്റിനും തിരകൾക്കും അനുസരണമായി ഒഴുകത്തക്കവണ്ണം തിരിച്ചുവിട്ടു. എന്നാൽ അതു് ഞങ്ങളെ കൊള്ളക്കാരുടെ കപ്പലിനുനേരെ തിരിയാനിടയാക്കി! ക്രമേണ അതു കാഴ്ചയിൽ എത്തിച്ചേരുമെന്നു നിശ്ചയമായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അതു നങ്കൂരം എടുക്കുകയും ഞങ്ങളുടെ നേരെ തിരിയുകയും ചെയ്തു. ഞങ്ങളുടെ ബോട്ടിലെ ഭയവിഹ്വലരായ യാത്രക്കാർ എന്റെ മകനെതിരെ കുറ്റം ചുമത്തിക്കൊണ്ടു് ഉറക്കെ കരഞ്ഞു. എന്നാൽ അവൻ പിന്നീടു് വിശദീകരിച്ചപ്രകാരം “ബോട്ടിനെയും യാത്രക്കാരെയും രക്ഷപ്പെടുത്താനുള്ള ഏക മാർഗ്ഗം അതായിരുന്നു”
നന്ദിപൂർവ്വം, ഇപ്പോൾ കൊള്ളത്തലവന്റെ കണ്ണുകൾ അല്പം അനുകമ്പ പ്രതിഫലിപ്പിച്ചു. ഞങ്ങൾ അടുത്തുകൂടെ സഞ്ചരിക്കുന്നതിനു് ഞങ്ങൾക്കു് അടയാളം നൽകുകയും ഞങ്ങളെ അയാളുടെ കപ്പലിനോടു് ബന്ധിപ്പിക്കുന്നതിനു് ഒരു കയർ എറിഞ്ഞുതരികയും ചെയ്തു. എന്നാൽ ഞങ്ങളുടെ യാത്രക്കാർക്കു് അധികം സഹിച്ചുനിൽക്കാൻ കഴിയാത്തവണ്ണം കൊടുങ്കാറ്റു് വളരെ ശക്തമായിരുന്നു. ആ നിമിഷം കൊള്ളക്കാരിൽ ഒരുവൻ ഞങ്ങളുടെ ബോട്ടിലേക്കു് കുറുകെ ചാടുകയും ഞങ്ങൾക്കു് അഭയം വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ ഞങ്ങളെ ഓരോരുത്തരെയായി 53 പേരെയും കൂടുതൽ വലിപ്പമുള്ള കൊള്ളക്കപ്പലിൽ കയറ്റി സഹായിച്ചു.
സമയം ഉച്ചകഴിഞ്ഞിരുന്നു, മറ്റൊരു സ്ത്രീയും ഞാനുംകൂടെ ചോറും കൊള്ളക്കാർ തന്ന മത്സ്യവും പാകം ചെയ്തു. അതിനുശേഷം ഞാൻ സൗഖ്യം പ്രാപിച്ച എന്റെ ചെറുസഹോദരപുത്രിയെ പിടിച്ചുകൊണ്ടു് ഒരു മൂലയിൽ ഇരുന്നു. കൊങ്കാറ്റു കുറഞ്ഞു, എന്നാൽ ഒരു തണുത്ത കാറ്റടിച്ചു. എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്ന ഒരു സ്വെറ്റർ എന്റെ സഹോദരപുത്രിയുടെ ദേഹത്തു ചുറ്റി. ഞാൻ തണുപ്പിനാൽ വിറച്ചു.
ബഹുമാനപൂർവ്വം “ഫിഷർമാൻ” എന്നു ഞാൻ വിളിച്ചിരുന്ന ഒരു മനുഷ്യൻ എന്നോടു സ്നേഹപൂർവ്വം വർത്തിച്ചു. അയാൾ എന്നെ കണ്ടപ്പോൾ തന്റെ അമ്മയെ ഓർത്തു എന്നു പറഞ്ഞു. ഞങ്ങൾ ഏകദേശം സമപ്രായക്കാരായിരുന്നു. അയാൾ തന്റെ അമ്മയെ സ്നേഹിച്ചിരുന്നു. എന്നാൽ അയാൾ എപ്പോഴും വളരെ അകലെയായിരുന്നതിനനാൽ അയാൾ വളരെ ദുഃഖിതനായിരുന്നു. എനിക്കു് രാത്രി ചിലവഴിക്കാൻ ഒരു സ്ഥലമുണ്ടോ എന്നു് അയാൾ ചോദിച്ചു. ഒരു മറുപടിക്കുവേണ്ടി കാത്തിരിക്കാതെ, എനിക്കു മുകളിൽ ഒരു ഡെക്കിൽ ഉറങ്ങാൻ കഴിയുമെന്നു് അയാൾ പറഞ്ഞു. അയാൾ എന്റെ സഹോദരപുത്രിയെ തന്റെ കൈകളിൽ എടുത്തു. ഞാൻ അയാളെ പിൻതുടർന്നു, എന്നാൽ ഞാൻ താഴെ മറ്റുള്ളവരിൽ നിന്നു് ഒറ്റപ്പെടുന്നതിനാൽ ക്ലേശിതയായിരുന്നു. ഈ മനുഷ്യൻ എന്നോടു കരുണകാണിച്ചിരുന്നെങ്കിലും അയാൾ യഥാർത്ഥത്തിൽ ഒരു കൊള്ളക്കാരനായിരുന്നു എന്നതു് ഞാൻ മറന്നില്ല.
കപ്പലിനോടുള്ള താരതമ്യത്തിൽ താഴെകിടന്നിരുന്ന ബോട്ടു് മുകളിൽനിന്നു് വളരെ ചെറുതായി പ്രത്യക്ഷപ്പെട്ടു. ഞാൻ നെടുവീർപ്പിട്ടു. അത്തരം ഒരു ബോട്ടിൽ ദൈവത്തിന്റെ സഹായം കൂടാതെ 400-ൽ പരം മൈലുകൾ (640 കി.മി.) മഹാസമുദ്രത്തിൽകൂടി എങ്ങനെ സഞ്ചരിക്കും? മഹത്തും നിത്യവുമായ അഖിലാണ്ടത്തോടുള്ള താരതമ്യത്തിൽ ഞങ്ങളുടെ അപ്രധാന്യം എനിക്കു ബോധ്യപ്പെട്ടു. ഞാൻ ഇങ്ങനെ പ്രാർത്ഥിച്ചു. “ഓ, ദൈവമെ, നീ, ഞങ്ങൾ കൊടുങ്കാറ്റിൽ നിന്നു രക്ഷപെടാൻ ഈ കപ്പൽ ഞങ്ങൾക്കു പ്രദാനം ചെയ്തെങ്കിൽ ദയവായി വീണ്ടും ഈ കൊള്ളക്കാരുടെ ഉപദ്രവത്തിൽനിന്നും ഞങ്ങളെ രക്ഷിക്കേണമേ.”
ആ കൊള്ളക്കാരൻ എന്നെ ഒരു വലിയ കമ്പാർട്ടുമെന്റിലേക്കു നയിക്കുകയും എന്റെ ചെറിയ സഹോദരപുത്രിയെ തിരിച്ചേൽപ്പിക്കുകയും ചെയ്തു. എന്നാൽ ഞാൻ ഒറ്റക്കായിരുന്നതിനാൽ ഭയപ്പെടുകയും അയാൾ പോയിക്കഴിഞ്ഞു് ഞാൻ താഴേക്കു് മടങ്ങിച്ചെല്ലുകയും മറ്റു് ഏഴുപേരെകൂടി ആ കമ്പാർട്ടുമെന്റു് പങ്കുവെക്കുന്നതിനു് കൊണ്ടുപോകയും ചെയ്തു. രാത്രിയിൽ താഴെനിന്നുള്ള കരച്ചിലും രോദനവും എന്നെ ഉണർത്തി. ഞെട്ടിവിറച്ചു് ഞാൻ എന്നോടു്കൂടെയുണ്ടായിരുന്നവരെ ഉണർത്തി, രണ്ടുമണിയെ ആയിരുന്നുള്ളു എങ്കിലും താഴെ എന്തു സംഭവിച്ചു എന്നു കാണാൻ ഞങ്ങൾ തീരുമാനിച്ചു.
എല്ലാവരും ഉണർന്നു. ചില സ്ത്രീകളുടെ സങ്കടത്തിൽ തോൾ ഇളക്കിക്കൊണ്ടു് അവർ കരയുകയായിരുന്നു. പുരുഷൻമാർ അടുക്കളക്കു പിമ്പിൽ കൂടിയിരുന്നു. ഒരു കൊള്ളക്കാരൻ ഒരു പുരുഷനോടു് മല്ലിടുകയും അയാളുടെ ഭാര്യയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. കുറച്ചു് ആഹാരം പാകം ചെയ്യുന്നതിനു് ഞാൻ അനുവാദം ചോദിച്ചു. ഞങ്ങൾക്കെല്ലാം ഭക്ഷിക്കാൻ ചിലതു് ഉണ്ടായിരുന്നു. പ്രഭാതവെളിച്ചത്തിൽ കൊള്ളത്തലവൻ ഞങ്ങളെ മോചിപ്പിക്കയും ഞങ്ങൾ മലേഷ്യയിലേക്കു് യാത്ര തുടരുകയും ചെയ്തു.
മലേഷ്യയിൽ
ഞങ്ങളുടെ ബോട്ടിൽ നിന്നു്, കരക്കിറങ്ങാൻ അനുവാദം ചോദിക്കാനായി പ്രതിനിധികൾ കരക്കുചെന്നപ്പോൾ അതു് തിരസ്ക്കരിച്ചു. ഞങ്ങൾ കരക്കിറങ്ങുകയാണെങ്കിൽ എല്ലാവരേയും തടവിലാക്കുമെന്നു് ഉദ്യേഗസ്ഥൻമാർ ഭീഷണിമുഴക്കി. ഇതിനിടയിൽ ബീച്ചിലെ തദ്ദേശവാസികൾ വന്നു് ഞങ്ങളെ ആകാംക്ഷയോടെ പരിശോധിച്ചു. അത്തരം ഒരു ബോട്ടിനു് മഹാസമുദ്രം കടന്നുവരാൻ കഴിഞ്ഞോ എന്നു് അവർ ആശ്ചര്യപൂർവ്വം നോക്കി. അവിടെ വിയറ്റ്നാമിൽ നിന്നു് വേറെ അഭയാർത്ഥികൾ എത്തിയിട്ടുണ്ടായിരുന്നതിനാൽ ഞങ്ങൾ ആരായിരുന്നു എന്നു് അവർ തിരിച്ചറഞ്ഞു. ഒരു ആഴ്ചത്തെ അഴുക്കു കഴുകിക്കളയുന്നതിനു് ഞങ്ങൾ സമുദ്രത്തിൽ ചാടി, ഒരു വലിയകൂട്ടം കാഴ്ചക്കാരുടെ മുമ്പിൽ ചിരിക്കയും സന്തോഷിക്കുകയും ചെയ്തു.
പെട്ടെന്നു്, ഒരു ഉയരംകൂടിയ സുമുഖനായ വിദേശി, ബീച്ചിൽ നിന്നു് ഞങ്ങൾക്കു് ആഹാരവും കുടിക്കാൻ വെള്ളവും മരുന്നും വാഗ്ദാനം ചെയ്തുകൊണ്ടു് ഞങ്ങളെ വിളിച്ചു. അദ്ദേഹം ഇപ്രകാരം വിളിച്ചുകൂവി “മലേഷ്യൻ ഗവൺമെന്റു് കരക്കിറങ്ങാൻ നിങ്ങളെ അനുവദിക്കുന്നില്ലെങ്കിൽ ബോട്ടു് നശിപ്പിച്ച ശേഷം കരയിലേക്കു് നീന്തുക” ആ വിദേശി വാക്കു പാലിച്ചു. വൈകുന്നേരം ഒരു ചെറിയ ബോട്ടിൽ ആഹാരവും കുടിക്കാൻ വെള്ളവും കൊണ്ടുവന്നു. കൂടാതെ ഒരു നഴ്സ് രോഗമുണ്ടായിരുന്നവരെ ആശുപത്രിയിൽ കൊണ്ടുപോകയും രാത്രിയിൽ തിരികെ കൊണ്ടുവിടുകയും ചെയ്തു. എന്തു സന്തോഷം! പട്ടിണികൊണ്ടു് മരിക്കയില്ലെന്നു് ഞങ്ങൾക്കു് ഉറപ്പായി! അവിടം വിട്ടുപോകുന്നതു് അസാദ്ധ്യമാക്കിത്തീർക്കാൻ ഞങ്ങൾ രഹസ്യമായി ബോട്ടിന്റെ എഞ്ചിനു കേടുവരുത്തി. അടുത്തദിവസം അതു് അധികാരികൾ പരിശോധിച്ചശേഷം അതു നന്നാക്കുന്നിടത്തേക്കു് ഞങ്ങളെ കൊണ്ടുപോകാമെന്നു് പറഞ്ഞു. അവർ ഞങ്ങളെ ഒരു നദിയിലേക്കും പിന്നീടു് ഒരു വലിയ തടാകത്തിലേക്കും വലിച്ചുകൊണ്ടു പോയി അവിടെ ഉപേക്ഷിച്ചു. മൂന്നു ദിവസം പിന്നിട്ടതോടെ ഞങ്ങളുടെ ആഹാരം തീർന്നു—മുൻവിദേശി ഞങ്ങളെ കണ്ടതുമില്ല. അതുകൊണ്ടു് ബോട്ടിന്റെ ഉടമസ്ഥൻ അതു വില്ക്കാൻ അതിനെ രക്ഷപ്പെടുത്തണമെന്നു് ആഗ്രഹിച്ചെങ്കിലും ഞങ്ങൾ അതു മുക്കിക്കളയുന്നതിനും കരയിലേക്കു നീന്തുന്നതിനും തീരുമാനിച്ചു.
ഓ, സ്ഥലവാസികൾ എത്ര ഊഷ്മളമായിട്ടാണു് ഞങ്ങളെ സ്വാഗതം ചെയ്തതു്! അവർ ഞങ്ങളുടെ ബോട്ടിനെ നിരീക്ഷിച്ചുകൊണ്ടിരിക്കകയും ഞങ്ങളെല്ലാം സുരക്ഷിതരായി കരയിൽ എത്തിച്ചേർന്നപ്പോൾ അവർ റൊട്ടിയും ബിസ്ക്കറ്റും ചോറും വഹിച്ചുകൊണ്ടു് ഞങ്ങളുടെ അടുത്തേക്കു് ഓടി എത്തുകയും ചെയ്തു. ഞങ്ങൾ കരക്കു കയറിയ സ്ഥലത്തു് ഒരു ദിവസം കഴിഞ്ഞു കൂടുകയും അതിനു ശേഷം ഞങ്ങളെ അഭയാർത്ഥി ക്യാമ്പുകളിലേക്കു് മാറ്റുകയും ചെയ്തു. ബീച്ചിൽ ദയകാണിച്ച അപരിചിതൻ തെക്കുകിഴക്കെ ഏഷ്യയിലെ അഭയാർത്ഥികൾക്കു വേണ്ടിയുള്ള ഹൈക്കമ്മീഷണറല്ലാതെ മറ്റാരുമല്ലെന്നു് അവിടെ വെച്ചു ഞങ്ങൾക്കു് മനസ്സിലായി. എന്റെ മൂന്നു മക്കളും ഞാനും മലേഷ്യയിലെ അഭയാർത്ഥി ക്യാമ്പിൽ പരമദരിദ്രരായി ആറു മാസം കഴിച്ചുകൂട്ടി. എന്നാൽ പിന്നീടു്, ഞങ്ങൾ ഇപ്പോൾ വസിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലേക്കു് കുടിയേറിപാർക്കുന്നതിനു ഞങ്ങൾക്കു് കഴിഞ്ഞു. എന്നാൽ ദൈവത്തോടുള്ള എന്റെ പ്രതിജ്ഞ സംബന്ധിച്ചെന്തു്?
[22-ാം പേജിലെ ചിത്രം]
ഞങ്ങൾ ഇതുപോലുള്ള ഒരു ബോട്ടിൽ രക്ഷപ്പെട്ടു
[22-ാം പേജിലെ ആകർഷകവാക്യം]
ഒരു കൊള്ളക്കാരൻ പുരുഷൻമാരിൽ ഒരാളോടു് പോരാടുകയും അയാളുടെ ഭാര്യയെ മാനഭംഗപ്പെടുത്തുകയും ചെയ്തു