കത്തോലിക്കാ ബിഷപ്പൻമാരും “ഉറങ്ങുന്ന രാക്ഷസനും”
സാധാരണ കത്തോലിക്കർ സുവിശേഷകർ ആയിരിക്കണമോ? അതോ പ്രസംഗം എണ്ണത്തിൽ കുറഞ്ഞുവരുന്ന പുരോഹിതൻമാർക്കു വിട്ടുകൊടുക്കണമോ? അത് കഴിഞ്ഞതിന്റെ മുമ്പിലത്തെ വർഷം റോമിൽ നടന്ന കത്തോലിക്കരുടെ സിനഡിൽ അഥവാ യോഗത്തിൽ കത്തോലിക്കാ ബിഷപ്പൻമാരെ അഭിമുഖീകരിച്ച ഒരു വിവാദപ്രശ്നമായിരുന്നു. നിങ്ങൾ ഒരു കത്തോലിക്കനാണെങ്കിൽ നിങ്ങൾ സുവിശേഷവേല ചെയ്യുന്നതുസംബന്ധിച്ച് എങ്ങനെ വിചാരിക്കുന്നു?
ഏതാനും ദശാബ്ദങ്ങൾക്കു മുമ്പു വരെ അൽമായക്കാരെക്കുറിച്ച് ഒരു നിഷേധാത്മക സങ്കൽപ്പനമുണ്ടായിരുന്നു. ദൃഷ്ടാന്തമായി ഈ നൂററാണ്ടിന്റെ ആദ്യ ഘട്ടത്തിൽ പയസ് X-ാമൻ പാപ്പാ ഇങ്ങനെ പ്രഖ്യാപിച്ചു: “സഭ അതിന്റെ സ്വഭാവമനുസരിച്ച് ഒരു അസമ സമുദായമാണ്. . . അത് ആളുകളുടെ രണ്ടു വർഗ്ഗങ്ങൾ ചേർന്നുണ്ടായിരിക്കുന്നു: ഇടയൻമാരും ആട്ടിൻകൂട്ടവും, പുരോഹിതശ്രേണിയിൽ ഒരു പദവിയുള്ളവരും വിശ്വസ്തരുടെ കൂട്ടവും. . . . പുരുഷാരത്തിന് നയിക്കപ്പെടുന്നതിന് തങ്ങളേത്തന്നെ അനുവദിക്കുകയും അനുഗമിക്കുകയുംചെയ്യുകയല്ലാതെ മറെറാരു കർത്തവ്യവുമില്ല.”
അങ്ങനെയുള്ള ഒരു വർണ്ണന ഇന്ന് സ്വീകാര്യമായിരിക്കുകയില്ല. “അൽമായക്കാരൻ കഴിഞ്ഞ കാലത്ത് വളരെക്കാലം കരുതപ്പെട്ടിരുന്നതുപോലെ നിഷ്ക്രിയമായ ഒരു വസ്തു അല്ല” എന്നാൽ “പ്രവർത്തനനിരതനും ഉത്തരവാദിത്തമുള്ളവനുമായ ഒരു പൗരനാണ്” എന്ന് ഒരു ആധുനിക വൈദ്യശാസ്ത്ര നിഘണ്ടു പറയുന്നു.
ലോകത്തിൽ ഏതാണ്ട് 70 കോടി കത്തോലിക്കാ അൽമായക്കാർ ഉണ്ട്; അവരെ ഐറിഷ് കർദ്ദിനാളായ ഓഫിയായിച്ച് ഒരു “ഉറങ്ങുന്ന രക്ഷസൻ” എന്നു വർണ്ണിച്ചു. അദ്ദേഹം എന്താണർത്ഥമാക്കിയത്? ബിഷപ്പൻമാർ പറയുന്നതനുസരിച്ച് അൽമായക്കാർ കൂടുതൽ സജീവമായ വിധത്തിൽ തങ്ങളുടെ വിശ്വാസപ്രകാരം ജീവിക്കേണ്ടതാണ്. സിനഡിന്റെ ലക്ഷ്യം അൽമായക്കാരെ അവരുടെ ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് ബോധവാൻമാരാക്കുകയെന്നതായിരുന്നു. എന്നാൽ ഈ “ഉറങ്ങുന്ന രാക്ഷസനെ” ഉണർത്തുന്നതിന് കത്തോലിക്കാസഭയിൽ യഥാർഥത്തിൽ മാററങ്ങൾ സംഭവിച്ചിട്ടുണ്ടോ?
സ്ത്രീകളുടെ പങ്ക്. അനേകം കത്തോലിക്കർ സഭക്കുള്ളിലെ സ്ത്രീകളുടെ പങ്കുസംബന്ധിച്ച് മാററങ്ങൾ പ്രതീക്ഷിച്ചു. കത്തോലിക്കാ വനിതകൾ പ്രസിദ്ധപ്പെടുത്തിയ ഒരു പ്രമാണം ബിഷപ്പൻമാരോട് ഇങ്ങനെ ശുപാർശചെയ്തു: “സ്തീകളെ സംബന്ധിച്ച കാനോൻനിയമത്തിലെ വിവേചനാപരമായ വകുപ്പുകൾ, അല്ലെങ്കിൽ സ്ത്രീകളുടെ ‘സ്വഭാവവും’ ‘പങ്കും’ സംബന്ധിച്ച പരിമിതപ്പെടുത്തുന്ന സങ്കൽപ്പനങ്ങളിലധിഷ്ഠിതമായ വകുപ്പുകൾ പട്ടത്വം സംബന്ധിച്ച 1024-ാം നമ്പർ ഉൾപ്പെടെ പരിഷ്ക്കരിക്കുകയും തിരുത്തുകയും വേണം.” കാനോൻ നിയമത്തിന്റെ 1024-ാം വകുപ്പ് ഇങ്ങനെ പറയുന്നു: “പാവനമായ പട്ടത്വം പുരുഷവർഗ്ഗത്തിലെ സ്നാപനമേററ വ്യക്തിയാൽ മാത്രമാണ് സാധുവായി സ്വീകരിക്കപ്പെടുന്നത്.”
എന്നിരുന്നാലും, വത്തിക്കാൻ ‘സ്ത്രീകളെ പൗരോഹിത്യത്തിൽനിന്ന് അകററിനിർത്തുന്ന അതിന്റെ പാരമ്പര്യത്തിന് ഭേദഗതിവരുത്തുന്ന യാതൊന്നും ശ്രദ്ധിക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നതായി തോന്നുന്നില്ല’ എന്ന് കത്തോലിക്കാ പ്രസിദ്ധീകരണമായ റോക്കാ പ്രസ്താവിച്ചു. അത് “സ്ത്രീകളുടെ മുഖത്തിനുനേരെ അടച്ച ഒരു വാതിലാണ്” എന്ന് ഒരു പുരോഹിതൻ പറയുകയുണ്ടായി.
പുരോഹിതൻമാർ കുറയുന്നു. അതേസമയം കത്തോലിക്കാസഭയിൽ ഗുരുതരമായ ഒരു ദൈവവിളിസംബന്ധമായ പ്രതിസന്ധി അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോകവ്യാപകമായി പുരോഹിതൻമാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പോപ്പ് ജോൺ പോൾ II-ാമൻ ഇതിനെ “സഭയുടെ അടിസ്ഥാന പ്രശ്നം” എന്നു കരുതുന്നു. ദൃഷ്ടാന്തമായി, “ഇററലിയിൽ പുരോഹിതൻമാർ എന്നെത്തേതിലും കുറവാണ്” എന്ന് ലാ റിപ്പബ്ലിക്കാ എഴുതുന്നു. നെഥർലാൻഡിൽ പുരോഹിതൻമാരുടെ എണ്ണത്തിലെ കുറവ് “നാടകീയ”മാണ് എന്ന് ലാ സിവിൽററ കറേറലിക്കാ പറയുന്നു.
“ഓരോ ഞായറാഴ്ചയും ആരാധനക്ക് കൂടിവരേണ്ട ലോകമാസകലമുള്ള മൂന്നു ലക്ഷം പ്രാദേശിക കത്തോലിക്കാ സമുദായങ്ങളിൽ പകുതിയിലധികത്തിനും ആസ്ഥാനപുരോഹിതൻ ഇല്ല” എന്ന് ഒരു വർത്തമാനപ്പത്രം തറപ്പിച്ചുപറയുന്നു.
വലിയ ഉൽക്കൺഠയുടെ സംഗതി. ഈ സിനഡിൽ ഏററവും കൂടുതൽ ശ്രദ്ധ പിടിച്ചുപററിയ വിവാദവിഷയം സുവിശേഷീകരണം ആയിരുന്നു. സിനഡിനുമുമ്പ് “ഓരോ ക്രിസ്ത്യാനിയും . . . അവശ്യം ഒരു അപ്പോസ്തലനാണ്” എന്ന് പാപ്പാതന്നെ ഊന്നിപ്പറഞ്ഞിരുന്നു.
എന്നിരുന്നാലും, കത്തോലിക്കരെ തന്നെ “പുനർസുവിശേഷീകരി”ക്കേണ്ടതുണ്ടെന്ന് അനേകം പുരോഹിതൻമാർ അവകാശപ്പെടുന്നു. അവർ പറയുന്നതനുസരിച്ച് “മത വിഭാഗങ്ങളുടെയും പുതിയ മത സംഘങ്ങളുടെയും വെല്ലുവിളി” എന്ന് വിളിക്കപ്പെട്ടതു നിമിത്തമാണ് ഇതാവശ്യമായിരിക്കുന്നത്. അവർ വേണ്ടത്ര ഒരുങ്ങിയിരിക്കുന്നില്ലെങ്കിൽ ‘കത്തോലിക്കർ വളരെ അനായാസം മതവിഭാഗങ്ങൾ തങ്ങളെ നേടിയെടുക്കാൻ അനുവദിക്കുകയാണ്” എന്ന് ഇക്വഡോറിൽനിന്നുള്ള ഒരു പുരോഹിതൻ പറഞ്ഞു.
ബിഷപ്പൻമാർ അംഗീകരിച്ച അന്തിമ നിർദ്ദേശങ്ങളിലൊന്ന് ഇങ്ങനെ പറയുന്നു: “മത വിഭാഗങ്ങൾ ഭൂമിയുടെ അനേകം ഭാഗങ്ങളിൽ ആക്രമിച്ചുമുന്നേറുകയാണ്. . . . വിശ്വസ്തർ തങ്ങളുടെ വിശ്വാസത്തിന് ഒരു ന്യായംകൊടുക്കാൻ കാററക്കിസത്താൽ ഉണർത്തപ്പെടണം. ‘സകല ജനതകളിലും പോയി ശിഷ്യരെ ഉളവാക്കാൻ’ സിനഡ് കത്തോലിക്കരെ ഉദ്ബോധിപ്പിച്ചു. എന്നാൽ സുവിശേഷീകരിക്കാൻ അറിയാൻപാടില്ലാത്തപ്പോൾ 70 കോടി കത്തോലിക്കരാകുന്ന “ഉറങ്ങുന്ന രാക്ഷസന്” എങ്ങനെ ശിഷ്യരെ ഉളവാക്കാൻ കഴിയും?
സത്യക്രിസ്ത്യാനികളുടെ വേല “വീടുതോറും” അർഹതയുള്ളവരെ അന്വേഷിച്ചുകണ്ടെത്തുകയാണെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. (പ്രവൃത്തികൾ 5:42; 20:20; മത്തായി 10:11) അതിൽ പങ്കുപറേറണ്ടതാരാണ്? എല്ലാ ക്രിസ്ത്യാനികളും. ആദിമക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തെ പ്രചരിപ്പിച്ച വിധത്തെ സംബന്ധിച്ച് ഫ്രഞ്ച് ചരിത്രകാരനായ ഗസ്ററാവ് ബാർഡി പറയുന്നു:
“സഭയുടെ തുടക്കങ്ങൾ മുതൽതന്നെ വ്യക്തിപരമായ പ്രവർത്തനം കാണപ്പെടുന്നു, ഒരുപക്ഷേ ഈ വിധത്തിലാണ് ആദ്യത്തെ രണ്ടു നൂററാണ്ടുകളിൽ . . . ക്രിസ്ത്യാനിത്വം അതിന്റെ വിശ്വസ്തരുടെ ഭൂരിപക്ഷത്തെയും ജയിച്ചടക്കിയത്. ഓരോ ക്രിസ്ത്യാനിയും അവശ്യം ഒരു അപ്പോസ്തലനാണ്. . . . എല്ലാവരും അപ്പോസ്തലത്വത്തിന് തങ്ങളേത്തന്നെ പ്രതിഷ്ഠിക്കാൻ പ്രാപ്തരാണ്, ഏററവും ദരിദ്രരും അജ്ഞരും നിന്ദിതരും പോലും.”
തീർച്ചയായും, സകല ക്രിസ്ത്യാനികളും ദൈവവചനത്തിന്റെ ശുശ്രൂഷകരാണ്. അവരുടെ ഇടയിൽ വൈദികരും അയ്മേനികളും തമ്മിലുള്ള വ്യത്യാസങ്ങളില്ല. അങ്ങനെയുള്ള വ്യത്യാസങ്ങൾ ആദ്യ ക്രിസ്ത്യാനിത്വത്തിൽനിന്നുള്ള വീഴ്ചക്കുശേഷമാണ് സംഭവിച്ചത്. (പ്രവൃത്തികൾ 20:29, 30) കത്തോലിക്കാ സഭയിലെ വൈദിക-അൽമായ വ്യത്യാസത്തിന് “ദൈവശാസ്ത്രപരമായ അടിസ്ഥാനമില്ലെന്ന്” ചില കത്തോലിക്കാ കേന്ദ്രങ്ങൾ സമ്മതിക്കുന്നു. വത്തിക്കാൻ നിരീക്ഷകനായ ഗിയാൻകാർലോ സിസോളാ പറയുന്നതനുസരിച്ച് “ആദിമ ക്രിസ്ത്യാനികൾക്ക് “പുരോഹിതൻമാരില്ലായിരുന്നു, അവരുടെ ശുശ്രൂഷകർ പ്രസ്ബിററർമാർ അതായത് മൂപ്പൻമാർ ആയിരുന്നു . . . അവരുടെയിടയിൽ പുരോഹിതാധിപത്യങ്ങൾ ഇല്ലായിരുന്നു.”
ഇക്കാലത്തെ സത്യക്രിസ്ത്യാനികൾ ദൈവരാജ്യസുവാർത്ത തീക്ഷ്ണമായി പ്രസംഗിച്ചുകൊണ്ട് തങ്ങളുടെ ക്രിസ്തീയ വേലയിൽ ഉണർന്ന് സജീവമായി പ്രവർത്തിക്കുന്നു. നിങ്ങൾക്ക് ഈ മാസിക തന്നത് അവരായിരിക്കാനിടയുണ്ട്.—മത്തായി 24:14; 25:13; 1 കൊരിന്ത്യർ 15:58. (g88 8/22)