മരണം വ്യാപാരം ചെയ്യുന്നു
ലോകം ഒരു വർഷം യുദ്ധായുധങ്ങൾക്കായി ഒരു ലക്ഷം കോടി ഡോളർ ചെലവഴിക്കുമ്പോൾ:
80,00,00,000 ആളുകൾ പൂർണ്ണദാരിദ്ര്യത്തിൽ ജീവിക്കുന്നു
77,00,00,000 പേർക്കു ജോലിചെയ്തു ജീവിക്കാൻ കഴിയത്തക്ക ഭക്ഷണം ലഭിക്കുന്നില്ല
10,00,00,000 പേർക്കു പാർപ്പിടമില്ല
1,30,00,00,000 പേർക്കു കുടിക്കാൻ ശുദ്ധജലമില്ല
1,40,00,000 കുട്ടികൾ ഓരോ വർഷവും വിശന്നു മരിക്കുന്നു
മരണത്തിന്റെ വ്യാപാരികൾ, നാഗരികതയുടെ ശവക്കുഴിതോണ്ടുന്നവർ, സമൂഹത്തിന്റെ ശരീരത്തിലെ ഒരു കാൻസർ മുഴ എന്നു അവരെ വിളിക്കുന്നു. ആരെ? ലോകത്തിലെ ആയുധവ്യാപാരികളെ. എന്തുകൊണ്ട്?
പടക്കളങ്ങളിൽ മനുഷ്യൻ മുഖാമുഖം കശാപ്പുചെയ്യുന്നതിനു മുൻകാലങ്ങളിൽ അവർ പടക്കൂട്ടങ്ങളെ വാളുകൾ, കുന്തങ്ങൾ, കോടാലികൾ, ശൂലങ്ങൾ എന്നിവയാൽ ആയുധമണിയിച്ചു. ഈ നൂററാണ്ടിൽ അവർ രണ്ടു ലോകയുദ്ധങ്ങളിൽ കോടിക്കണക്കിനു ആളുകളെ കൊല്ലുന്നതിനായി തോക്കുകൾ, ബോംബുകൾ, യുദ്ധക്കപ്പലുകൾ, വിമാനങ്ങൾ, വിഷവാതകങ്ങൾ, വെടിക്കോപ്പുകൾ എന്നിവയുണ്ടാക്കി വിതരണം ചെയ്തു. നഗരങ്ങളും ഭവനങ്ങളും മററു വസ്തുക്കളും പോലെ കോടിക്കണക്കിനു ഡോളർ വിലയുള്ള ഭൗതിക സ്വത്തു നശിപ്പിച്ചു. രണ്ടാം ലോകയുദ്ധത്തിനു ശേഷമുണ്ടായ 120ലധികം യുദ്ധങ്ങൾക്കു അവർ പ്രചോദനമേകി.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ രക്തരൂക്ഷിതയുദ്ധങ്ങൾക്ക് അവർ പ്രചോദനം തുടരുന്നു. തങ്ങളുടെ ആയുധങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ മൂന്നാം ലോകരാഷ്ട്രങ്ങളിലെ സൈന്യങ്ങൾക്ക് അവർ പരിശീലനം നൽകുന്നു. മനുഷ്യകുലത്തെ നിരവധി പ്രാവശ്യം ഉൻമൂലനം ചെയ്തിട്ട് ഭൂമിയെ വാസയോഗ്യമല്ലാത്ത ഒരു ഗ്രഹമാക്കി മാററാൻ പര്യാപ്തമായ ന്യൂക്ലിയർ ആയുധങ്ങളുടെ വൻശേഖരത്താൽ അവർ ലോകസൈനിക ശക്തികളെ സജ്ജരാക്കിയിരിക്കുന്നു. അവർ അശേഷം തത്വദീക്ഷയില്ലാത്തവരായിരിക്കുന്നു. അവരുടെ ആപ്തവാക്യം ഇങ്ങനെയാകാം: “നിങ്ങളുടെ മരണം—ഞങ്ങളുടെ ലാഭം.”
മറെറാരു വ്യാപാരവും ആയുധവ്യാപാരംപോലെ മനുഷ്യകുലത്തെ ആഴമായി ബാധിച്ചിട്ടില്ല. തെളിവുകൾ വ്യക്തമാണ്. അടുത്ത ലേഖനം അസ്വാസ്ഥ്യജനകമായ കുറെ യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തും. (g89 6/8)