“നമുക്ക് ഒരു ഒർച്ചററാ ഡീ ച്യൂഫസ് കുടിക്കാം!”
ഈ ക്ഷണം സർവ സാധ്യതയുമനുസരിച്ച് നിങ്ങൾക്കു പരിചിതമായിരിക്കുകയില്ല. പക്ഷേ നിങ്ങൾ ജീവിക്കുന്നത് സ്പെയിനിലാണെങ്കിൽ, പ്രത്യേകിച്ച് അതിന്റെ കിഴക്കൻ കടലോരപ്രദേശത്താണെങ്കിൽ നിശ്ചയമായും പരിചിതമായിരിക്കും. വർഷം മുഴുവൻ, വിശേഷിച്ച് ചൂടുള്ള വേനൽക്കാലത്ത് ആൾക്കൂട്ടങ്ങൾ ഈ ഉൻമേഷദായകമായ ലഹരിരഹിത മധുര പാനീയം, അതുല്യമായ ഓർച്ചററ ഡി ച്യൂഫസ് ആസ്വദിക്കുന്നു.
ഓർച്ചററാ ബദാം, മത്തങ്ങയുടെയോ തണ്ണിമത്തങ്ങയുടെയോ കുരു, അരി, ആപ്രിക്കോട്ട്, ആപ്പിൾ, ചെറി, കിസ്മിസ്, പച്ചക്കാരസം, മുന്തിരി, മൾബറി, പ്ലം, ഇരട്ടിമധുരം എന്നിവയിൽ നിന്ന് ഉണ്ടാക്കാൻ കഴിയുമെന്ന് അറിഞ്ഞാൽ അനേകം സ്പെയിൻകാർപോലും അത്ഭുതപ്പെടും. എന്നിരുന്നാലും ഈ പാനീയത്തിന്റെ അടിസ്ഥാന ഘടകമായി സ്പെയിൻകാർ സാധാരണയായി കരുതുന്നത് ച്യൂഫസ് ആണ്.
എന്നാൽ എന്താണീ ച്യൂഫസ്? അവ നിലത്തുണ്ടാകുന്ന ഒരുതരം ബദാം അഥവാ കിഴങ്ങുചെടിയാണ്. ഇത് യൂറോപ്യൻ കോരപ്പുല്ല് (സൈപ്പെറസ് എസ്കുലെൻറസ്), മണ്ണിനടിയിൽ ഉത്പാദിപ്പിക്കുന്ന പരിപ്പു പോലെയുള്ള മൂലക്കിഴങ്ങിനെ ഉദ്ദേശിച്ചുള്ളതാണ്. അവ രണ്ടോ മൂന്നോ ഇഞ്ച് താഴെ മണ്ണിനടിയിൽ കാണപ്പെടുന്നു. ഈ കോരപ്പുല്ല് സ്പെയിനിൽ മാത്രമല്ല മദ്ധ്യപൂർവ ദേശത്തും ഉത്തരാഫ്രിക്കയിലും ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ കൃഷിചെയ്യുന്നു. അവിടെ നിന്ന് അറബികൾ ഇത് സ്പെയിനിലേക്ക് കൊണ്ടുവന്നു. ഇത് ആദ്യം നട്ടത് സ്പെയിനിന്റെ തെക്കു ഭാഗത്തായിരുന്നെങ്കിലും രാജ്യത്തിന്റെ മെഡിറററേനിയൻ തീരത്തുള്ള വാലെൻഷിയായിലെ ജലസേചിതമായ വയലുകളേക്കാൾ ഇതിന്റെ കൃഷിക്കു യോജിച്ച സ്ഥലം വേറെ ഇല്ല. അവിടെ ഇത് വൻതോതിൽ കൃഷിചെയ്യുന്നു.
എങ്ങനെയാണ് ഓർച്ചററാ നിർമ്മിക്കുക? ച്യൂഫസ് മണിക്കൂറുകളോളം കുതിർത്തു വെക്കുന്നു. കൃത്യമായി എത്ര സമയത്തേക്ക് എന്ന കാര്യത്തിൽ ഓരോ ഓർച്ചററാ നിർമ്മാതാവിനും സ്വന്തമായ അഭിപ്രായം ഉണ്ടായിരിക്കും. ധാരാളം വെള്ളം ആഗിരണം ചെയ്യുന്നതു നിമിത്തം ഇവ ചീർക്കുന്നു. ഇനി കുറേക്കൂടി വെള്ളം ചേർത്ത് ഇവയെ ഉടയ്ക്കുന്നു. ഉടച്ചു കഴിഞ്ഞ് ആ കുഴമ്പു പരുവത്തിലുള്ള സാധനം എടുത്ത് ഒരു മിക്സിയിലിട്ട് നന്നായി അടിക്കുന്നു. ഒരു 15 മിനിററ് ഇരിക്കാൻ അനുവദിച്ചിട്ട് ഇത് ഒരു പ്രസ്സിലൂടെ കടത്തിവിട്ട് സിറപ്പും പൾപ്പുമായി വേർതിരിക്കുന്നു. പിന്നീട് സിറപ്പ് അരിച്ചെടുത്ത് അതിൽ പഞ്ചസാര (ഒരു കിലോഗ്രാം ഉണക്ക ച്യൂഫസിന് ഏകദേശം ഒരു കിലോഗ്രാം വീതം) ചേർക്കുന്നു.
ചിലർ ഇതോടൊപ്പം കറുവാപ്പട്ട, ഉണങ്ങിയ നാരങ്ങാത്തോട് അരച്ചത് അല്ലെങ്കിൽ ഓറഞ്ച് പൂവിന്റെ നീര് എന്നിവയും ചേർക്കുന്നു. ഈ പാനീയം ഒരിക്കൽ തയ്യാറായിക്കഴിഞ്ഞാൽ ഉടനെതന്നെ ഫ്രിഡ്ജിൽ വെച്ച് ശീതികരിക്കേണ്ടതാണ്, പക്ഷേ യാതൊരു കാരണവശാലും 48 മണിക്കൂറിൽ കൂടാൻ പാടില്ല; അല്ലാത്തപക്ഷം ച്യൂഫസിന്റെ രസങ്ങൾ പ്രവർത്തിച്ചു തുടങ്ങുകയും അതിന്റെ സ്വാദിന് മാററം വരുത്തുകയും ചെയ്യും. നിങ്ങൾക്ക് ഇത് ഒരു ദ്രാവകമായിട്ട് കഴിക്കാനാണ് ഇഷ്ടമെങ്കിൽ അത് 37 മുതൽ 39 വരെ ഡിഗ്രി ഫാരൻഹീററ് വരെ തണുപ്പിക്കണം. ഐസിട്ട് കുടിക്കാനാണ് താല്പര്യമെങ്കിൽ അത് 30 ഡിഗ്രി ഫാരൻഹീററിൽ വെക്കേണ്ടതാണ്.
ഓർച്ചററാ ഡീ ച്യൂഫസ് ഉൻമേഷം നല്കുന്ന, പോഷകപ്രദമായ ഒരു മധുര പാനീയമാണ്. അതുകൊണ്ട് നിങ്ങൾക്ക് എന്നെങ്കിലും സ്പെയിനിന്റെ കിഴക്കൻ കടലോരപ്രദേശം സന്ദർശിക്കാൻ അവസരം ലഭിച്ചാൽ, “നമുക്ക് ഓർച്ചററാ ഡി ച്യൂഫസ് കുടിക്കാം!” എന്ന ക്ഷണം സ്വീകരിക്കുക.—സംഭാവന ചെയ്യപ്പെട്ടത്. (g90 11/8)