വിവാഹമോചനം പാശ്ചാത്യ-പൗരസ്ത്യ ദേശങ്ങളുടെ സംഗമസന്ധി
ജപ്പാനിലെ ഉണരുക! ലേഖകൻ
“എന്റെ ജോലിയിൽനിന്നു ഞാനും വിരമിക്കട്ടെ.” ജപ്പാനിലെ ഒരു പ്രമുഖ വ്യവസായ കമ്പനിയിൽനിന്നു പിരിഞ്ഞുപോകുന്ന ഡിപ്പാർട്ടുമെൻറ് മാനേജരെ ഈ വാക്കുകൾ അമ്പരപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യ, അദ്ദേഹത്തിന്റെ ഇണയും വീട്ടമ്മയും ആയിരിക്കുന്നതിൽനിന്നു വിരമിക്കാൻ ആഗ്രഹിച്ചു. വിവാഹമോചന നിരക്കിൽ അവരുടെ രാജ്യം ഒരു കുതിച്ചുകയററം നേരിടുകയാണ്, ആശ്ചര്യകരമാംവണ്ണം അതു മധ്യവയസ്കരെയും പ്രായമായവരെയും ഗ്രസിക്കുന്നു. ആയുസ്സ് 50-കളിലും 60-കളിലും എത്തിയവരുടെ ഇടയിൽ വിവാഹമോചനത്തിന്റെ എണ്ണം 20 വർഷംകൊണ്ടു മൂന്നു മടങ്ങായി വർധിച്ചിരിക്കുന്നു. തങ്ങളുടെ വിവാഹജീവിതം ഉപേക്ഷിക്കുന്നത് ഏറെ സന്തുഷ്ടമായ ഒരു ജീവിതം കണ്ടെത്താനുള്ള അവസാനത്തെ അവസരം ആയിത്തീർന്നിരിക്കുന്നതായി തോന്നുന്നു.
പ്രായം എന്ന അളവുകോലിന്റെ മറേറ അററത്ത്, തങ്ങളുടെ മധുവിധുനാളുകളിൽ പരസ്പരം താത്പര്യം നഷ്ടപ്പെട്ടവരായിത്തീരുന്ന യുവദമ്പതിമാർ ഒരു നരീററ റീക്കോൺ (നരീററ വിവാഹമോചനം) നടത്താൻ തീരുമാനിക്കുന്നു. നരീററ ടോക്കിയോയിലെ അന്തർദേശീയ വിമാനത്താവളമാണ്. ഈ പദപ്രയോഗം, നരീററയിൽ തിരികെയെത്തുമ്പോൾ പരസ്പരവും തങ്ങളുടെ വിവാഹജീവിതത്തോടും യാത്ര പറയുന്ന നവദമ്പതികളെ പരാമർശിക്കുന്നു. വാസ്തവത്തിൽ, ജപ്പാനിലെ നാലോ അഞ്ചോ ദമ്പതിമാരിൽ ഒന്നുവീതം വിവാഹമോചനം തേടുന്നു. കൂടുതൽ സന്തുഷ്ടമായ ഒരു ജീവിതത്തിലേക്കുള്ള കവാടമായി അവർ വിവാഹമോചനത്തെ വീക്ഷിക്കുന്നു.
പഴയ ചൈനീസ് മൂല്യങ്ങൾ ഇപ്പോഴും പ്രബലമായിരിക്കുന്ന ഹോങ്കോംഗിൽപ്പോലും വിവാഹമോചന നിരക്ക് 1981-നും 1987-നും ഇടയ്ക്കുള്ള ആറു വർഷങ്ങളിൽ ഇരട്ടിയിലധികമായി വർധിച്ചു. സിങ്കപ്പൂരിൽ, 1980-നും 1988-നും ഇടയിൽ മുസ്ലീങ്ങളുടെയും മുസ്ലീങ്ങൾ അല്ലാത്തവരുടെയും ഇടയിലുള്ള വിവാഹമോചനം ഏതാണ്ട് 70 ശതമാനം വർധിച്ചു.
പൗരസ്ത്യദേശത്തെ സ്ത്രീകളുടെ കാഴ്ചപ്പാടുകൾ ദീർഘകാലമായി അടിച്ചമർത്തപ്പെട്ടിരുന്നു എന്നതു സത്യം തന്നെ. ദൃഷ്ടാന്തത്തിന്, പണ്ടു ജപ്പാനിൽ ഒരു ഭർത്താവിന് “മൂന്നര വരി”യുള്ള ഒരു കുറുപ്പടി എഴുതി ഭാര്യയെ ഉപേക്ഷിക്കാമായിരുന്നു. ആകപ്പാടെ അയാൾ ചെയ്യേണ്ടിയിരുന്നത്, വിവാഹമോചനത്തെ സ്ഥിരീകരിക്കുന്ന ഒരു പ്രസ്താവന മൂന്നര വരിയിൽ എഴുതി ആ കടലാസുകഷണം ഭാര്യക്കു കൊടുക്കുക മാത്രമായിരുന്നു. മറുവശത്ത് അയാളുടെ ഭാര്യക്ക്, ദേഹോപദ്രവം ചെയ്യുന്ന ഭർത്താക്കൻമാരിൽനിന്ന് ഓടിപ്പോകുന്ന സ്ത്രീകൾക്കു സംരക്ഷണം പ്രദാനം ചെയ്തിരുന്ന ക്ഷേത്രത്തിൽ അഭയം തേടുന്നതല്ലാതെ ഉപേക്ഷണം ലഭിക്കാൻ യാതൊരു എളുപ്പവഴിയും ഉണ്ടായിരുന്നില്ല. സ്വയം പോററാൻ യാതൊരു മാർഗങ്ങളുമില്ലാത്ത ഭാര്യമാർ സ്നേഹശൂന്യമായ വിവാഹജീവിതങ്ങളെയും വിവാഹത്തിനു പുറത്തുള്ള തങ്ങളുടെ ഭർത്താക്കൻമാരുടെ നിയമവിരുദ്ധ ലൈംഗികബന്ധങ്ങളെയും പോലും സഹിച്ചു കഴിയേണ്ടിയിരുന്നു.
ഇന്നു ജോലിയിൽ ആമഗ്നരായിത്തീരുന്ന ധാരാളം ഭർത്താക്കൻമാർ തങ്ങളുടെ കുടുംബത്തെ തീർത്തും ഉപേക്ഷിക്കുന്നു. തന്റെ കമ്പനിക്കുവേണ്ടി ജീവിക്കുന്നതിൽ അയാൾ ഒരു തെററും കാണുന്നില്ല. ജോലിക്ക് അത്രയധികം അർപ്പണം കൊടുക്കുന്നതുകൊണ്ടു തന്റെ ഭാര്യക്കു പറയാനുള്ളതു കേൾക്കാൻ അയാൾ കൂട്ടാക്കാതിരിക്കുകയും, തനിക്കുവേണ്ടി ഭക്ഷണം കാലാക്കുകയും വീടു വൃത്തിയാക്കുകയും തുണി കഴുകുകയും ചെയ്യുന്ന വേതനം പററാത്ത ഒരു വേലക്കാരിയായി ഭാര്യയെ വീക്ഷിക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും, പാശ്ചാത്യ ആശയഗതികളുടെ തള്ളിക്കയററം, പൗരസ്ത്യദേശത്തെ സ്ത്രീകൾ വിവാഹത്തെയും വിവാഹജീവിതത്തെയും വീക്ഷിക്കുന്ന വിധത്തെ മാററിമറിച്ചുകൊണ്ടിരിക്കുന്നു. “നിസ്സംശയമായും ഏഷ്യയിലെ വിവാഹമോചന നിരക്കിന്റെ വർധനവിലേക്കു നയിക്കുന്നതിൽ ഏററവും പ്രമുഖമായ ഏകഘടകം സ്ത്രീ‘വിമോചനം’ ആണ്” എന്ന് ഏഷ്യാ മാഗസിൻ കുറിക്കൊള്ളുന്നു. സിങ്കപ്പൂരിലെ ബുദ്ധ്യുപദേശക-പരിരക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടറായ ആൻറണി യാവു ഇപ്രകാരം പറഞ്ഞു: “സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച് അധികമധികം ശഠിച്ചു വാദിക്കുന്നവരും തങ്ങളുടെ അന്തസ്സിനെ സംബന്ധിച്ചു കൂടുതൽ ബോധമുള്ളവരും ആയിത്തീർന്നിരിക്കുന്നു. മിണ്ടാതെയിരുന്നു എല്ലാ ദുരിതങ്ങളും സഹിച്ചുകഴിയാൻ അവർ മേലാൽ തയ്യാറല്ല. ഇന്നത്തെ സ്ത്രീകൾക്കു ധാരാളം സ്വാതന്ത്ര്യങ്ങളുണ്ട്, അവഗണനയും ദുഷ്പെരുമാററവും അധികം സഹിക്കേണ്ടതുമില്ല. വൈവാഹിക സന്തുഷ്ടി കണ്ടെത്താൻ കഴിയാത്തവർക്കു വിവാഹമോചനം ഒരു യഥാർഥ തിരഞ്ഞെടുപ്പാണ്, വിശേഷിച്ചും അതിനോടു ബന്ധപ്പെട്ട അപമാനം കുറച്ചു കാണുമ്പോൾ. ആ അപമാനം 25 വർഷത്തിനു മുമ്പുണ്ടായിരുന്നപോലെ ഇന്നില്ല.”
കഴിഞ്ഞ കാൽനൂററാണ്ടിൽ പാശ്ചാത്യ രാജ്യങ്ങളും വലിയ മാററത്തിനു വിധേയമായിട്ടുണ്ട്. “കഴിഞ്ഞ 20 വർഷങ്ങളിൽ അമേരിക്കൻ കുടുംബങ്ങൾക്കു ഞെട്ടലുളവാക്കിയ ഒരു ഭൂകമ്പം” എന്നു സാമുവേൽ എച്ച്. പ്രെസ്ററൺ ഈ മാററത്തെ വിളിച്ചു. ആയിരത്തിത്തൊള്ളായിരത്തെൺപത്തഞ്ചിൽ 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുള്ള മൊത്തം കുടുംബങ്ങളിൽ നാലിലൊന്നും സ്വന്തം മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളായിരുന്നു, അതിന്റെ മുഖ്യകാരണം വിവാഹമോചനമായിരുന്നു. ആയിരത്തിത്തൊള്ളായിരത്തെൺപത്തിനാലിൽ ജനിച്ച 60 ശതമാനം കുട്ടികളും 18 വയസ്സാകുന്നതിനു മുമ്പു മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിലായിരിക്കാം വളരുന്നത് എന്നു പ്രവചിക്കപ്പെടുന്നു.
വിവാഹം എന്ന ഏർപ്പാടു ദുർബലമായിത്തീരവേ, യഥാർഥത്തിൽ ഏറെ സന്തുഷ്ടമായ ജീവിതത്തിലേക്കുള്ള വാതിൽ വിവാഹമോചനമാണോ? ഉത്തരം കണ്ടെത്തുന്നതിന്, തങ്ങളുടെ കുടുംബ പ്രശ്നങ്ങൾക്കുള്ള ഒററമൂലി വിവാഹമോചനമാണെന്നു വീക്ഷിക്കാൻ ആളുകളെ ഇടയാക്കിയത് എന്താണെന്ന് ആദ്യം നമുക്കു പരിശോധിക്കാം.
[4-ാം പേജിലെ ചതുരം]
“ഒരു വീട്ടിൽത്തന്നെ വേർപെട്ടു ജീവിക്കു”ന്നതിന്റെ ഫലം
യഥാർഥ വിവാഹമോചന സംഖ്യയുടെ മറവിൽ “വെളിപ്പെടാത്ത” വിവാഹമോചനങ്ങൾ ഒളിഞ്ഞു കിടക്കുന്നു. ഇപ്പോഴും സാമ്പത്തികമായി തങ്ങളുടെ ഭർത്താക്കൻമാരെ ആശ്രയിക്കുന്നവരും പുരുഷമേധാവിത്വമെന്ന തുടർന്നു നിലനിൽക്കുന്ന പാരമ്പര്യത്തിനു കീഴ്പ്പെട്ടവരുമായ ഒട്ടനവധി സ്ത്രീകളുള്ള ജപ്പാനിൽ “ഒരു വീട്ടിൽത്തന്നെ വേർപെട്ടു ജീവിക്കൽ” (“live-in divorce”) എന്നു വിളിക്കപ്പെടുന്ന ഒരവസ്ഥയിൽ ദമ്പതികൾ മനസ്സില്ലാമനസ്സോടെ ജീവിക്കുന്നുണ്ടായിരിക്കാം. അത്തരമൊരവസ്ഥയിൽ, കുട്ടികളെ വർത്തുന്നതിനു ഭാര്യമാർ തങ്ങളുടെ ഊർജമെല്ലാം ചെലവിടാൻ പ്രവണത കാട്ടുന്നു. ഈ അമ്മമാർ മിക്കപ്പോഴും അമിത സംരക്ഷണ ബോധമുള്ളവരാണ്, ഇതു പിന്നീടു സ്വന്തം കാലിൽ നിൽക്കാൻ കുട്ടികൾക്കു വിഷമം ഉളവാക്കുന്നു.
തത്ഫലമായി, അത്തരം അമ്മമാരുടെ പുത്രൻമാർ പ്രായപൂർത്തിയായി വിവാഹം കഴിക്കുമ്പോൾ, അവരിലനേകരും “സ്നേഹപൂർവകമായ ശാരീരിക സമ്പർക്കം ആഗ്രഹിക്കാത്ത ഒരുതരം മാനസികാവസ്ഥ” (“no-touch syndrome”) നിമിത്തം ദുരിതമനുഭവിക്കുന്നു. വിവാഹജീവിതത്തിന്റെ അനേകവർഷങ്ങൾ പിന്നിട്ടശേഷം പോലും ഇവർ ഒരിക്കലും തങ്ങളുടെ ഭാര്യമാരെ സ്നേഹപൂർവം സ്പർശിക്കാറില്ല. “ഞാൻ അമ്മയെ സ്നേഹിക്കുന്നു” എന്നു വിളിക്കപ്പെടുന്ന ഒരു പ്രശ്നത്തിൽനിന്ന് അവർ ദുരിതമനുഭവിക്കുന്നു, അവർ വിവാഹം കഴിച്ചത് അവരുടെ അമ്മമാർ പറഞ്ഞതുകൊണ്ടായിരുന്നു. ആസാഹി ഈവനിങ് ന്യൂസ് പറയുന്നതനുസരിച്ച്, ഒരു പതിററാണ്ടു കാലമായിട്ട് ഈ പ്രശ്നം വർധിച്ചുകൊണ്ടിരിക്കയാണെന്നും ലജ്ജ നിമിത്തം ഉപദേശം തേടാൻ ഭയപ്പെടുന്ന പതിനായിരക്കണക്കിനു പുരുഷൻമാർ ഉണ്ടെന്നും വിവാഹ ഉപദേശത്തിൽ പ്രത്യേക പഠനം നടത്തുന്ന യാഷ്വാഷി നാരബായാഷി പറയുന്നു.