വിവാഹം അനേകർ വിട്ടകലുന്നതിന്റെ കാരണം
പൗരസ്ത്യവും പാശ്ചാത്യവുമായ സംസ്കാരങ്ങൾ ഇടകലർന്ന ഹോങ്കോംഗിലെ വിവാഹമോചനത്തിൽ ശ്രദ്ധ തിരിച്ചുകൊണ്ട്, ഏഷ്യാ മാഗസിൻ ഇപ്രകാരം കുറിക്കൊണ്ടു: “ആശയവിനിമയത്തിന്റെ അഭാവവും അവിശ്വസ്തതയും ലൈംഗിക പ്രശ്നങ്ങളും പൊരുത്തമില്ലായ്മയും ആണ് ചൈനീസ്, പാശ്ചാത്യ ഇണകളുടെ വൈവാഹിക ഭിന്നതയുടെ കാതലായ കാരണങ്ങൾ.” ലോകത്തിലെ മററിടങ്ങളിലും കഥ ഇതുതന്നെയാണ്.
തൊഴിലിനു മുൻഗണന കൊടുക്കുന്ന മനോഭാവക്കാരായ സ്ത്രീകളും പുരുഷൻമാരും ജോലിക്കുവേണ്ടി തങ്ങളുടെ കുടുംബങ്ങളെ അവഗണിക്കാൻ തിടുക്കം കൂട്ടുന്നവരാണ്. ഇപ്രകാരം കുടുംബത്തിലെ പരസ്പര ആശയവിനിമയത്തിന്റെ വാതിലുകൾ അവർ കൊട്ടിയടക്കുന്നു. ഒരു ദിവസത്തെ ജോലിക്കുശേഷം ക്ഷീണിതനായെത്തുന്ന ഭർത്താവു പത്രത്തിൽ തല പൂഴ്ത്തുന്നു. ജുനിച്ചിയും അയാളുടെ ഭാര്യയും മൂന്നു റെസ്റേറാറൻറുകൾ നടത്തുകയും രാവിലെ എട്ടുമണി മുതൽ രാത്രി പത്തുമണി വരെ വ്യത്യസ്ത സ്ഥലങ്ങളിൽ ജോലി നോക്കുകയും ചെയ്തുപോന്നു. “ഫലത്തിൽ ഭർത്താവും ഭാര്യയും എന്നനിലയിൽ ഞങ്ങളുടെ ഇടയിൽ ആശയവിനിമയമേ ഉണ്ടായിരുന്നില്ല” എന്നു ജുനിച്ചി സമ്മതിക്കുന്നു. ആശയവിനിമയത്തിന്റെ അഭാവം ഗുരുതരമായ വൈവാഹിക പ്രശ്നങ്ങളിലേക്കു നയിച്ചു.
വിവാഹബന്ധങ്ങളുടെ തകർച്ചയിലേക്കു നയിക്കുന്ന മറെറാരു ഘടകം വിവാഹത്തിനു പുറത്തെ ലൈംഗികത സംബന്ധിച്ച ആളുകളുടെ വീക്ഷണമാണ്. വിവാഹത്തിനു പുറത്തെ ലൈംഗികത ജപ്പാനിൽ ഇപ്പോൾ വളരെ വ്യാപകമാണ്, അവിടെ ഒരു സർവേയോടു പ്രതികരിച്ചവരിൽ 20 ശതമാനം പുരുഷൻമാരും 8 ശതമാനം സ്ത്രീകളും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തങ്ങളുടെ ഏക ദാമ്പത്യ ബന്ധങ്ങൾക്കു പുറത്തു ലൈംഗിക ബന്ധങ്ങൾ ഉണ്ടായിരുന്നതായി സമ്മതിച്ചു. തന്റെ ഭർത്താവല്ലാത്ത മററു പുരുഷൻമാരുടെ കൂടെപ്പോയി അവരുമായി ബന്ധപ്പെടുന്ന ഒരു ഉദ്യോഗസ്ഥ ജപ്പാനിൽ ഇന്ന് ഒരപൂർവ വ്യക്തിയല്ല. “എന്റെ ഭർത്താവു കണ്ടുപിടിച്ചാൽ ഞാൻ അയാളെ ഉപേക്ഷിക്കും” എന്നു ചിന്തിച്ചുറച്ചുകൊണ്ട് ഒരുവൾ ഒന്നിനു പിറകെ മറെറാന്നായി പല പുരുഷൻമാരുടെയും പിന്നാലെ പോയി. ഈ പ്രേമനടപടികൾക്കു നേരെ ആധുനിക സമൂഹം കണ്ണടയ്ക്കുന്നു.
ഭാര്യയും ഭർത്താവും തികഞ്ഞ തൻകാര്യതൽപ്പരർ ആയിത്തീരത്തക്കവണ്ണം ഇതേ സമൂഹംതന്നെ ഞാൻ-മുമ്പൻ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതു കാലക്രമത്തിൽ വിവാഹമോചനത്തിന്റെ മറെറാരു കാരണമായ പൊരുത്തമില്ലായ്മയിലേക്കു നയിക്കുന്നു. “വിവാഹജീവിതത്തിന്റെ തുടക്കം മുതലേ ഏതു സമയത്തും വേർപിരിയാമായിരുന്ന നിലയിലായിരുന്നു ഞങ്ങളിരുവരും” എന്നു കിയോക്കോ പറയുന്നു. “വിവാഹം കഴിഞ്ഞയുടനെ ഞാൻ ഒരു യന്ത്രമനുഷ്യനെപ്പോലെ ആയിരുന്നുകൊണ്ട് പറയുന്നതു മാത്രം ചെയ്യാൻ എന്റെ ഭർത്താവ് എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഹിതംപോലെ കാര്യങ്ങൾ ഭംഗിയായി നീങ്ങിയപ്പോൾ എല്ലാം കൊള്ളാമായിരുന്നു. എന്നാൽ കാര്യങ്ങൾ പരുക്കനായിത്തീർന്നപ്പോൾ അദ്ദേഹം സ്വന്തം തെററുകൾ സമ്മതിക്കുമായിരുന്നില്ല, സകലതിനും മററുള്ളവരുടെമേൽ പഴി ചാരി. അധികാരത്തിനെതിരെ മത്സരിച്ചിരുന്നതിനാൽ എന്റെ ഭാഗത്തും കുററമുണ്ടായിരുന്നു. ഭർത്താവു നീതികേടു കാണിക്കുമ്പോൾ അദ്ദേഹത്തെ അനുസരിക്കുന്നതു വളരെ പ്രയാസമായി തോന്നി.”
വിവാഹമോചനത്തിന്റെ മററു കാരണങ്ങൾ അക്രമവും മദ്യാസക്തിയും സാമ്പത്തിക പ്രശ്നങ്ങളും വൈവാഹിക ബന്ധുക്കളുമായുള്ള പ്രശ്നങ്ങളും മാനസിക പീഡനവും ആണ്.
ഇതിന്റെയെല്ലാം പിന്നിൽ എന്താണുള്ളത്?
വിവാഹമോചനത്തിന്റെ കാരണങ്ങൾ വ്യത്യസ്തമാണെങ്കിലും, അതിന്റെ ലോകവ്യാപക കുതിച്ചുകയററത്തിനു പിന്നിൽ മറെറാന്നുണ്ട്. പൗരസ്ത്യർ അതിന്റെ ദുഷ്ഫലങ്ങൾക്കു പാശ്ചാത്യ സമൂഹത്തിന്റെ സ്വാധീനത്തെ കുററപ്പെടുത്തുന്നുണ്ടെങ്കിൽപ്പോലും പാശ്ചാത്യദേശത്തു വിവാഹമോചനത്തെ അംഗീകാരത്തോടെ വീക്ഷിക്കുന്നത് ഈ അടുത്തകാലത്തെ ഒരു പ്രതിഭാസമാണ്. വാസ്തവത്തിൽ, കഴിഞ്ഞ ചുരുക്കം ചില ദശകങ്ങളിൽ ഐക്യനാടുകളിലെ വിവാഹമോചനങ്ങൾ മൂന്നു മടങ്ങായും ബ്രിട്ടനിലേതു നാലു മടങ്ങായും വർധിച്ചിരിക്കുന്നു. അർബൻ ഇൻസ്ററിററ്യൂട്ടിലെ (ഐക്യനാടുകളിലെ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ഒരു ഗവേഷക സ്ഥാപനം) ആൻഡ്രൂ ജെ. ചെർലിൻ വിവാഹമോചനത്തിലെ വർധനവിന്റെ കാരണങ്ങൾ നല്ലവണ്ണം മനസ്സിലാകുന്നില്ലെന്നു സമ്മതിക്കുന്നുണ്ടെങ്കിലും ഈ പ്രവണതയ്ക്കു പിന്നിലെ ഘടകങ്ങളായി, “സ്ത്രീകളുടെ വർധിച്ചുവരുന്ന സാമ്പത്തിക സ്വാതന്ത്ര്യ”ത്തെയും “സമൂഹത്തിന്റെ മനോഭാവത്തിലെ പൊതുവിലുള്ള മാററങ്ങ”ളെയും പട്ടികപ്പെടുത്തുന്നു.
ഐക്യനാടുകളിലെയും അതുപോലെതന്നെ മററു വ്യവസായവത്കൃത രാജ്യങ്ങളിലെയും സ്ത്രീകളുടെ കാര്യത്തിൽ അവർ വിവാഹിതരായിട്ട് വീട്ടിനു വെളിയിൽ ജോലി ചെയ്യുകയെന്നത് അസാധാരണമല്ല. എന്നാൽപ്പോലും ഗൃഹജോലികളിലെ ഭർത്താവിന്റെ പങ്ക് ഒച്ചിഴയുന്നതുപോലെയാണു വർധിക്കുന്നത്. ചില സ്ത്രീകൾ ഇപ്രകാരം പിറുപിറുക്കുന്നത് ആശ്ചര്യമല്ല: “ജോലിയുള്ള ഓരോ സ്ത്രീക്കും ഏററവുമധികം ആവശ്യം ഒരു ഭാര്യയാണ്!”
ഐക്യനാടുകളിൽ സ്ത്രീകൾ തുണിയലക്കിയും ശുചീകരണം നടത്തിയും ആഹാരമൊരുക്കിയും കുട്ടികൾക്കുവേണ്ടി കരുതുകയും ചെയ്തുകൊണ്ട് എല്ലുമുറിയെ പണിയെടുക്കുമ്പോൾ “ഒട്ടനവധി പുരുഷൻമാർ ‘വെറുതെ ചുററിനടന്നു നേരം പോക്കി രസിക്കുന്നു’” എന്ന് മാറിവരുന്ന അമേരിക്കൻ കുടുംബവും പൊതുനയവും (The Changing American Family and Public Policy) എന്ന പുസ്തകം പറയുന്നു. ഇതു ലോകത്തെമ്പാടും സംഭവിക്കുന്നുവെന്നു നരവംശശാസ്ത്രജ്ഞർ പറയുന്നു. ജോലിക്കുശേഷം പുരുഷൻമാർ സാമൂഹിക കൂടിവരവുകൾക്കായി പുറത്തു പോകുന്നത് അസാധാരണമല്ല. തങ്ങളുടെ ജോലിസ്ഥലത്തെ ഉത്തമ വ്യക്തിബന്ധങ്ങൾക്ക് ഇത് അത്യന്താപേക്ഷിതമാണെന്ന് അവർ അവകാശപ്പെടുന്നു, അതേസമയം കുടുംബത്തിലെ ഉത്തമ വ്യക്തിബന്ധങ്ങൾ അവർ അവഗണിക്കുകയും ചെയ്യുന്നു. പുരുഷൻമാരുടെ ന്യായവാദം അനുസരിച്ചു തങ്ങൾ കുടുംബം പുലർത്തുന്നവർ ആയതുകൊണ്ടു സ്ത്രീകളും കുട്ടികളും പരാതി പറയരുത്. എന്നാൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്നതുകൊണ്ട് അത്തരം ചിന്ത വെറും ന്യായീകരണം ആണെന്ന കാര്യം സ്പഷ്ടമായിത്തീരുന്നു.
വിവാഹത്തകർച്ചയ്ക്കു സംഭാവന ചെയ്യുന്ന മറെറാരു മുഖ്യ ഘടകം “സമൂഹത്തിന്റെ മനോഭാവത്തിലെ പൊതുവിലുള്ള മാററങ്ങൾ,” അല്ലെങ്കിൽ വിവാഹത്തെയും കുടുംബത്തെയും സംബന്ധിച്ച പത്രിക (Journal of Marriage and the Family) പറയുന്നതനുസരിച്ച്, “വൈവാഹിക സുസ്ഥിരത എന്ന ആദർശത്തിനു ഭവിച്ച അധഃപതനം” ആണ്. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറുകളിലെ വധൂവരൻമാർക്ക് “മരണം ഞങ്ങളെ വേർപിരിക്കും വരെ” എന്ന വിവാഹപ്രതിജ്ഞക്കു മേലാൽ അതേ അർഥമില്ല. മെച്ചപ്പെട്ട ഒരു ഇണക്കുവേണ്ടി അവർ പിന്നെയും അന്വേഷിച്ചുകൊണ്ടിരിക്കും. നവദമ്പതികൾ തങ്ങളുടെ ബന്ധത്തെ അങ്ങനെയാണു വീക്ഷിക്കുന്നതെങ്കിൽ ആ ബന്ധം എത്ര ശക്തമായിരിക്കും?
ഈ സാമൂഹിക മാററങ്ങൾ ബൈബിൾ വിദ്യാർഥികൾക്ക് ഒട്ടും ആശ്ചര്യമല്ല. നാം 1914 മുതൽ “ഇടപെടാൻ പ്രയാസമുള്ള നിർണായക കാലങ്ങ”ളായിരിക്കുന്ന “അന്ത്യകാല”ത്തു ജീവിച്ചിരിക്കുന്നതായി ഈ നിശ്വസ്ത ഗ്രന്ഥം വെളിപ്പെടുത്തുന്നു. ആളുകൾ “സ്വസ്നേഹികളും . . . നന്ദിയില്ലാത്തവരും അവിശ്വസ്തരും സ്വാഭാവിക പ്രിയമില്ലാത്തവരും യോജിപ്പിലെത്താൻ മനസ്സില്ലാത്തവരും” ആണ്. (2 തിമോഥെയോസ് 3:1-3, NW) അതുകൊണ്ട്, തങ്ങളുടെ ഇണകളെക്കാളധികം തങ്ങളെത്തന്നെ സ്നേഹിക്കുന്ന, തങ്ങളുടെ പങ്കാളികളോട് അവിശ്വസ്തരായിത്തീരുന്ന ആളുകൾക്കും തങ്ങളുടെ വിവാഹബന്ധത്തിൽ ഒരു യോജിപ്പിലും എത്താൻ കഴിയാത്തവർക്കും തങ്ങളുടെ വൈവാഹിക പ്രശ്നങ്ങളിൽനിന്നു പുറത്തു കടക്കാനുള്ള ഒരേയൊരു മാർഗം വിവാഹമോചനമായിത്തീരുന്നു.
ഒരു സന്തുഷ്ടിയേറിയ ജീവിതത്തിലേക്കുള്ള കവാടമോ?
മിക്ക കേസുകളിലും വിവാഹമോചനം സന്തുഷ്ടിയിലേക്കുള്ള ഒരു കവാടമെന്നു തെളിഞ്ഞിട്ടില്ല.a “വിവാഹമോചനം വഞ്ചകമാണ്” എന്നു വിവാഹമോചനം നടത്തിയ 60 ദമ്പതികളുടെ 15 വർഷത്തെ ഒരു സർവേക്കുശേഷം മാനസികാരോഗ്യ ഗവേഷകയായ ജൂഡിത്ത് വാളർസ്ററിൻ പറയുന്നു. “നിയമദൃഷ്ടിയിൽ ഇതൊരു ഒററ സംഭവമാണ്, മനശ്ശാസ്ത്രപരമായി ഇതു കാലമാകുന്ന ചരടിൽ കോരുന്ന സംഭവങ്ങളുടെ, സ്ഥാനഭ്രംശങ്ങളുടെ, അടിമുടി ഉലയുന്ന ബന്ധങ്ങളുടെ ഒരു ശ്രേണിയാണ്—ചിലപ്പോൾ അന്തമില്ലാത്ത ഒരു ശ്രേണിതന്നെ.” വിവാഹമോചനത്തിനുശേഷം ഒരു ദശകം പിന്നിട്ടിട്ടും സ്ത്രീകളിൽ നാലിലൊന്നിനും പുരുഷൻമാരിൽ അഞ്ചിലൊന്നിനും തങ്ങളുടെ ജീവിതം സാധാരണ അവസ്ഥയിലേക്കു മടക്കിക്കൊണ്ടുവരാനായില്ല എന്ന് അവരുടെ പഠനങ്ങൾ വെളിപ്പെടുത്തുന്നു.
വിവാഹമോചനത്തിൽ അവശേഷിക്കുന്ന കുട്ടികൾ വിശേഷാൽ ദ്രോഹത്തിനിരകളാണ്. ഉൾപ്പെട്ടിരുന്ന മിക്കവാറും എല്ലാ കുട്ടികളിലും വിവാഹമോചനം “ശക്തവും തീർത്തും അപ്രതീക്ഷിതവുമായ ആഘാതങ്ങൾ” ഏൽപ്പിച്ചുവെന്ന് അതേ ഗവേഷണത്തിൽനിന്നുതന്നെ വാളർസ്ററിൻ കണ്ടെത്തി. തങ്ങളുടെ മാതാപിതാക്കളുടെ വിവാഹമോചനത്തിൽ ദുഃഖമോ അമർഷമോ കാണിക്കാത്ത ചില കുട്ടികൾ, പിൽക്കാലത്ത് ഒരു വിവാഹ പങ്കാളിയെ അന്വേഷിക്കുമ്പോൾ തങ്ങളുടെ ജീവിതത്തിൽ അത്തരം വികാരങ്ങൾ തലപൊക്കുന്നതായി പെട്ടെന്നു കണ്ടെത്തുന്നു.
വിവാഹമോചനത്തിന്റെ എല്ലാ ഇരകളും ഒരിക്കലും സന്തുഷ്ടി കണ്ടെത്തുകയില്ലെന്നു സ്ഥാപിക്കാനല്ല ഇതു പറഞ്ഞത്, എന്തുകൊണ്ടെന്നാൽ ചിലർ സന്തുഷ്ടി കണ്ടെത്തുകതന്നെ ചെയ്യുന്നു. സാധാരണമായി പഴയ വ്യക്തിത്വത്തിന്റെ വെണ്ണീറിൽനിന്ന് ഉയർത്തെഴുന്നേൽക്കുന്ന പുതുതായി രൂപംകൊണ്ട ഒരു വ്യക്തിത്വമായിരിക്കും ഇവരുടേത്. ദൃഷ്ടാന്തത്തിന്, ഒരു വിവാഹമോചനത്തിന്റെ ആഘാതവും തത്ഫലമായുണ്ടാകുന്ന ദുഃഖവും സ്വന്തവില സംബന്ധിച്ച സംശയങ്ങളും ഒരിക്കൽ നീങ്ങിക്കഴിഞ്ഞാൽ നിഷ്കളങ്കനായ ഒരു ഇണ ആ അഗ്നിപരീക്ഷയിൽനിന്നു കൂടുതൽ കരുത്തനും കൂടുതൽ ഊർജസ്വലനും ആയി സമൂലം മാറിയ ഒരു വ്യക്തിയെന്ന നിലയിൽ പുറത്തുവന്നേക്കാം.
വേദനയും കോപവും കെട്ടടങ്ങാൻ തുടങ്ങിയതിനുശേഷം, “നിങ്ങൾ അകമേ മാറിക്കഴിഞ്ഞതായി കണ്ടെത്തുന്നു. നിങ്ങളുടെ വികാരങ്ങൾ മാറിയിരിക്കുന്നു. നിങ്ങൾക്ക് ഒരിക്കലും നിങ്ങൾ മുമ്പായിരുന്ന വ്യക്തിയായിരിക്കാൻ കഴിയില്ല” എന്നു മറെറാരു സ്ത്രീക്കുവേണ്ടി ഭർത്താവ് ഉപേക്ഷിച്ചുപോയ ഒരു ഭാര്യ വിശദമാക്കുന്നു. അവർ ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “വീണ്ടും ഒരു വ്യക്തിയെന്നനിലയിൽ നിങ്ങളെക്കുറിച്ചുതന്നെ അറിയാൻ സമയമെടുക്കുക. വിവാഹബന്ധത്തിൽ ഇണകൾ സാധാരണമായി മറേറ ആളിനെപ്രതി സ്വന്തം ആഗ്രഹാഭിലാഷങ്ങൾ അമർത്തിവെക്കുന്നു, എന്നാൽ വിവാഹമോചനത്തിനുശേഷം ഇപ്പോൾ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്നു കണ്ടെത്താൻ നിങ്ങൾ സമയമെടുക്കണം. നിങ്ങളുടെ വികാരങ്ങളെ കുഴിച്ചുമൂടുകയാണെങ്കിൽ ജീവനോടെയായിരിക്കും അവയെ നിങ്ങൾ കുഴിച്ചുമൂടുന്നത്. ഒരു ദിവസം അവ തിരികെ വരും, നിങ്ങൾ അവയെ അഭിമുഖീകരിക്കേണ്ടതായും വരും. അതുകൊണ്ടു നിങ്ങൾക്കു നിങ്ങളുടെ വികാരങ്ങളെ ഇപ്പോഴേ നേരിട്ടുകൊണ്ട് അവയ്ക്കൊപ്പം ഉയർന്നു പ്രവർത്തിക്കാവുന്നതാണ്.”
വിവാഹമോചനം വെച്ചുനീട്ടുന്ന വർധിച്ചുവരുന്ന പ്രശ്നങ്ങൾ അറിയാവുന്നതുകൊണ്ട് ഒരു തിരഞ്ഞെടുപ്പെന്നനിലയിൽ അതിനോടുള്ള പ്രിയം കുറഞ്ഞുവരികയാണ്. ഉപദേശകൻമാരുടെ വളർന്നുവരുന്ന ഒരു ന്യൂനപക്ഷം ഇപ്പോൾ, പ്രശ്നങ്ങളുള്ള ദമ്പതികളോട് “ഒരുമിച്ചു താമസിക്കാൻ” പ്രോത്സാഹിപ്പിക്കുന്നതായി ടൈം മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ടഫ്സ് സർവകലാശാലയിലെ ഡേവിഡ് എൽകിൻഡ് ഇപ്രകാരം എഴുതി: “ഒരു വിവാഹമോചനം അനുഭവിക്കൽ മഞ്ഞുപാളിയിൽ തെന്നിനീങ്ങുമ്പോൾ നിങ്ങളുടെ കാല് ഒടിയുന്നതിനോട് ഏതാണ്ടു സമാനമാണ്: വേറെ എത്രമാത്രം ആളുകൾ തങ്ങളുടെ കാല് ഒടിച്ചാലും നിങ്ങളുടെ കാലിന്റെ വേദന കുറയുകയില്ല.”
വൈവാഹിക പ്രശ്നങ്ങളിൽനിന്നു പുറത്തു കടക്കാനുള്ള ഒരു എളുപ്പവഴിയല്ല വിവാഹമോചനം. എങ്കിൽപ്പിന്നെ വൈവാഹിക ഭിന്നതകൾ പരിഹരിക്കാനുള്ള മെച്ചപ്പെട്ട മാർഗം എന്താണ്?
[അടിക്കുറിപ്പുകൾ]
a ഒരു നിയമാനുസൃത വിവാഹമോചനം അഥവാ ഒരു നിയമാനുസൃത വേർപാട് അങ്ങേയററത്തെ ഉപദ്രവത്തിൽനിന്നോ മനഃപൂർവ പിന്തുണയില്ലായ്മയിൽനിന്നോ ഒരളവു വരെയുള്ള സംരക്ഷണം പ്രദാനം ചെയ്തേക്കാം.
[7-ാം പേജിലെ ചിത്രം]
വിവാഹ ഇണകൾക്ക് ഇന്നു മിക്കപ്പോഴും പരസ്പരം ആശയവിനിയമം നടത്താൻ കഴിയുന്നില്ല