ഏതുതരം ലോകമാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
നിങ്ങൾക്കു കഴിവുണ്ടായിരുന്നെങ്കിൽ, ഇന്നു മനുഷ്യരെ കാർന്നുതിന്നുന്ന സകല പ്രശ്നങ്ങളിൽനിന്നും വിമുക്തമായ ഒരു ലോകം, ഒരു പുതിയ ലോകം നിങ്ങൾ സൃഷ്ടിക്കുമായിരുന്നോ? നിങ്ങൾ അങ്ങനെ ചെയ്യുമായിരുന്നെങ്കിൽ, അതിനു പ്രാപ്തിയുള്ള നമ്മുടെ സ്നേഹനിധിയായ സ്രഷ്ടാവ്, യഹോവയാം ദൈവം നീതിയുള്ള ഒരു പുതിയ ലോകം സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്നതു യുക്തിസഹമല്ലേ?
ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവ എല്ലാവർക്കും നല്ലവൻ, തന്റെ സകലപ്രവൃത്തികളുടെമേലും അവിടുത്തെ കരുണയുണ്ട്. അങ്ങ് അങ്ങയുടെ കൈ തുറന്നു ജീവനുള്ള സകലത്തിന്റെയും ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നു.” (സങ്കീർത്തനം 145:9, 16, NW) നിങ്ങളുടെ ആഗ്രഹങ്ങളിൽ ചിലത് ഏവയാണ്? ഏതുതരം ലോകത്തിനു വേണ്ടിയാണു നിങ്ങൾ കാംക്ഷിക്കുന്നത്?
സുബോധവും സന്തുഷ്ടിയുമുള്ള ജീവിതം: ഒരു കുടുംബവഴികാട്ടി [ഇംഗ്ലീഷ്] എന്ന തങ്ങളുടെ ഗ്രന്ഥത്തിൽ അബ്രഹാമും റോസ് ഫ്രാൻസ്ബവ്ളും ഇപ്രകാരമെഴുതി: “നാമെല്ലാം ജീവിക്കാൻ ഇഷ്ടപ്പെടുന്നതരം ലോകത്തെക്കുറിച്ചു ലോകജനതയുടെ അഭിപ്രായം ആരാഞ്ഞാൽ കുറഞ്ഞപക്ഷം വേണ്ട ചില അടിസ്ഥാന ആവശ്യങ്ങളോടു നാമെല്ലാം യോജിക്കുമെന്നതിനു നല്ല സാധ്യതയുണ്ട്.”
നിങ്ങൾ ആഗ്രഹിക്കുന്ന അതേ കാര്യങ്ങൾ തന്നെയല്ലേ ഈ ഡോക്ടർമാർ പട്ടികപ്പെടുത്തിയ ആവശ്യങ്ങളെന്നു നമുക്കൊന്നു പരിശോധിച്ചുനോക്കാം. നാം ഇതു പരിശോധിക്കുമ്പോൾ, നമ്മുടെ സ്നേഹവാനായ സ്രഷ്ടാവ് അതേ കാര്യങ്ങൾത്തന്നെ നൽകുമെന്നു വാഗ്ദത്തം ചെയ്തിട്ടുണ്ടോയെന്നു കൂടി നമുക്കു നോക്കാം.
ഒന്നാമത്തെ ആവശ്യം
ഒന്നാമതായി ഈ ഡോക്ടർമാർ പട്ടികപ്പെടുത്തിയത് “യുദ്ധമില്ലാത്ത ഒരു ലോകം” ആണ്. ഭയാനകമായ അനവധി യുദ്ധങ്ങളിലെ കഷ്ടതകളനുഭവിച്ചശേഷം വീണ്ടുമൊരിക്കലും അന്യോന്യം പോരടിച്ചു മരിക്കുകയില്ലാത്ത ഒരു ലോകത്തിനു വേണ്ടി ഒട്ടനവധി പേർ കാംക്ഷിക്കുന്നു. ന്യൂയോർക്ക് നഗരാങ്കണത്തിലെ ഐക്യരാഷ്ട്രസംഘടനയുടെ ചുവരിൻമേലുള്ള ഒരു ആലേഖനത്തിൽ അവരുടെ പ്രത്യാശ പ്രകടിതമാണ്, അത് ഇപ്രകാരം വായിക്കുന്നു: അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കും. അവരുടെ കുന്തങ്ങളെ കോതുകത്രികകളായും: രാഷ്ട്രം രാഷ്ട്രത്തിനെതിരെ വാളുയർത്തുകയില്ല. അവർ മേലാൽ യുദ്ധം അഭ്യസിക്കയുമില്ല.
യഹോവയാം ദൈവം നടത്തിയ ഒരു വാഗ്ദത്തത്തിന്റെ ഭാഗമാണ് ആ വാക്കുകളെന്നു നിങ്ങൾ അറിഞ്ഞിരുന്നോ? ആ വാക്കുകൾ വിശുദ്ധ ബൈബിളിന്റെ ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ യെശയ്യാവ് 2-ാം അധ്യായത്തിന്റെ 4-ാം വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ, സങ്കീർത്തനം 46:8, 9 വായിക്കുമ്പോൾ സകല ആയുധങ്ങളെയും നശിപ്പിക്കുക എന്നതും “ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽ ചെയ്യു”ക എന്നതും ദൈവോദ്ദേശ്യമാണെന്നു നിങ്ങൾ മനസ്സിലാക്കും. ദൈവം സൃഷ്ടിക്കുന്ന സമാധാനപൂർണവും യുദ്ധരഹിതവുമായ ലോകത്തിൽ സന്തോഷകരമായ ഈ ബൈബിൾ പ്രവചനം നിവൃത്തിയേറും: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.”—മീഖാ 4:4.
നിങ്ങൾ ആഗ്രഹിക്കുന്നതരം ലോകത്തിന്റെ ഒരു അടിസ്ഥാന ആവശ്യമെന്ന നിലയിൽ “യുദ്ധമില്ലാത്ത ഒരു ലോകം” നിങ്ങൾ പട്ടികപ്പെടുത്തുകയില്ലേ? ഒന്നാലോചിച്ചുനോക്കൂ, നമ്മുടെ മഹോന്നത സ്രഷ്ടാവ് വാഗ്ദത്തം ചെയ്തിരിക്കുന്നത് അതാണ്!
സമൃദ്ധിയുടെ ഒരു ലോകം
നിങ്ങളുടെ രണ്ടാമത്തെ ആവശ്യം എന്തായിരിക്കും? അടുത്തതായി കൊടുത്തിരിക്കുന്ന, “ക്ഷാമവും പഞ്ഞവും എന്നേക്കുമായി പൊയ്പോയിരിക്കുന്ന, ദാരിദ്ര്യമില്ലാത്ത ഒരു ലോകം” തന്നെയായിരിക്കുമോ അത്? മേലാലൊരിക്കലും വിശന്നുവലയുന്ന ഒരു കുട്ടി ഉണ്ടായിരിക്കില്ലെങ്കിൽ, അത് അത്ഭുതകരമായിരിക്കില്ലേ? സമൃദ്ധിയുടെ ഒരു ലോകത്തു ജീവിക്കാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കും. എന്നാൽ ഇതിന് ആർക്ക് ഉറപ്പുതരാൻ കഴിയും?
ദൈവം വാഗ്ദത്തം ചെയ്യുന്നതെന്തെന്നു പരിചിന്തിക്കുക: “ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു.” “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” (സങ്കീർത്തനം 67:6; 72:16) അതേ, ദൈവത്തിന്റെ പുതിയ ലോകത്തിൽ നല്ല ഭക്ഷ്യം സമൃദ്ധമായുണ്ടായിരിക്കും. “യഹോവ . . . സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും” എന്നു ബൈബിൾ നമുക്ക് ഉറപ്പു നൽകുന്നു.—യെശയ്യാവ് 25:6.
ദാരിദ്ര്യമില്ലാത്ത ഒരു ലോകം വെച്ചുനീട്ടുക എന്നതു മമനുഷ്യന്റെ പ്രാപ്തിക്കതീതമായിരിക്കെ, അത് ആനയിക്കുക എന്നതു ദൈവത്തിന്റെ ശക്തിക്ക് അതീതമല്ല. ദൈവരാജ്യത്തിൻ കീഴിൽ സകലർക്കും ഭക്ഷണം നൽകുക എന്നത് ഒരു പ്രശ്നമായിരിക്കുകയില്ലെന്ന് അവിടുത്തെ പുത്രനായ യേശുക്രിസ്തു പ്രകടിപ്പിച്ചു കാണിച്ചു. യേശു ഭൂമിയിലായിരുന്നപ്പോൾ കുറേ അപ്പക്കഷണങ്ങളും ഏതാനും മീനും അത്ഭുതകരമായി വർധിപ്പിച്ചുകൊണ്ട് ആയിരങ്ങളെ പോഷിപ്പിച്ചു.—മത്തായി 14:14-21; 15:32-38.
രോഗമില്ലാത്ത ഒരു ലോകം
നാമെല്ലാം ആഗ്രഹിക്കുന്നതരം ലോകത്തിൽ ഒരിടത്തും നിങ്ങൾ ഒരു രോഗിയെ കണ്ടെത്തുകയില്ല. അതുകൊണ്ട് മൂന്നാമത്തെ ആവശ്യം അമ്പരപ്പിക്കുന്നതല്ല. “അതു രോഗമില്ലാത്ത ഒരു ലോകമായിരിക്കും, തടയാവുന്നതോ സൗഖ്യമാക്കാവുന്നതോ ആയ രോഗങ്ങളില്ലാതെ ആരോഗ്യത്തോടെ വളർന്നുവന്നു തങ്ങളുടെ ശേഷിച്ച ആയുഷ്കാലം ജീവിക്കാൻ ഏവർക്കും അവസരമുള്ള ഒരു ലോകം,” ആ ഡോക്ടർമാർ എഴുതി.
ആർക്കും ഒരിക്കലും ഒരു ജലദോഷമോ മററു യാതൊരു അസുഖമോ പിടിപെട്ടില്ലെങ്കിലുള്ള ആശ്വാസത്തെക്കുറിച്ചു ചിന്തിക്കുക! രോഗത്തെ നിർമാർജനം ചെയ്യാൻ മനുഷ്യർക്കു കഴിയില്ല, എന്നാൽ യഹോവയാം ദൈവത്തിനു കഴിയും. അവിടുത്തെ പുതിയ ലോകത്തിൽ “‘എനിക്കു അസുഖമാണ്’ എന്നു യാതൊരു നിവാസിയും പറയുകയില്ല” എന്ന് അവിടുന്ന് വാഗ്ദത്തം ചെയ്യുന്നു. മറിച്ച്, “അന്നു കുരുടൻമാരുടെ കണ്ണു തുറന്നുവരും; ചെകിടൻമാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചുഘോഷിക്കും.” (യശയ്യാ 33:24, NW; യശയ്യാ 35:5, 6) അതേ, ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.”—വെളിപ്പാടു 21:4.
ദൈവത്തിന്റെ പുതിയ ലോകത്തിൽ വലിയ ഒരളവിൽ നമുക്കു പ്രതീക്ഷിക്കാൻ കഴിയുന്നത് എന്തെന്ന് യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ പ്രകടിപ്പിച്ചു കാണിച്ചു. അവിടുന്ന് അന്ധർക്കു കാഴ്ചയേകി, ബധിരരുടെ ചെവികൾ തുറന്നു, ഊമരുടെ നാവുകൾ സ്വതന്ത്രമാക്കി, മുടന്തരെ നടക്കുമാറാക്കി, മരിച്ചവരെ ജീവനിലേക്കു പുനഃസ്ഥിതീകരിക്കുക പോലും ചെയ്തു.—മത്തായി 15:30, 31; ലൂക്കൊസ് 7:21, 22.
സകലർക്കും തൃപ്തികരമായ ജോലിയും നീതിയും
നിങ്ങളും മററു മിക്കവരും തന്നെ ആഗ്രഹിക്കുന്നതരം ലോകത്തിൽ സകലർക്കും തൃപ്തികരമായ ജോലിയും നീതിയും ലഭിക്കുമെന്നുള്ളതിനു സംശയമില്ല. അതുകൊണ്ട് ആ ഡോക്ടർമാർ ഇപ്രകാരം എഴുതി: “നാലാമത്, തങ്ങൾക്കും തങ്ങളുടെ കുടുംബങ്ങൾക്കും വേണ്ടി കരുതാൻ ഒരു ഉപജീവനമാർഗം നേടാൻ ആഗ്രഹിക്കുന്നവർക്കു ജോലിയുള്ള ഒരു ലോകമായിരിക്കും അത്.” അവർ ഇങ്ങനെയും കൂട്ടിച്ചേർത്തു: “അഞ്ചാമത്, സകലർക്കും നീതി പ്രദാനം ചെയ്യുന്ന നിയമത്തിൻ കീഴിൽ ഏതു മനുഷ്യനും സ്വാതന്ത്ര്യം ആസ്വദിക്കുന്ന ഒരു ലോകമായിരിക്കും അത്.”
സന്തുഷ്ട ജീവിതത്തിനുവേണ്ട ഈ ആവശ്യങ്ങൾ നിവർത്തിക്കാൻ മാനുഷഭരണം ഒരിക്കലും പ്രാപ്തമായിരുന്നിട്ടില്ല. എന്നാൽ ദൈവത്തിന്റെ പുതിയ ലോകത്തിന് അതു സാധിക്കും. ആ സമയത്ത് ആളുകൾ ചെയ്യുന്ന പ്രയോജനപ്രദമായ വേലയെക്കുറിച്ചു ബൈബിൾ ഇങ്ങനെ വാഗ്ദത്തം ചെയ്യുന്നു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. . . . എന്റെ വൃതൻമാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അദ്ധ്വാനിക്കയില്ല.”—യെശയ്യാവു 65:21-23.
സകലർക്കും സ്വാതന്ത്ര്യവും നീതിയും സംബന്ധിച്ചെന്ത്? മാനുഷ ഭരണാധികാരികൾ എത്ര ആത്മാർഥമായി ശ്രമിച്ചിട്ടും സകലർക്കും ഇവ പ്രദാനം ചെയ്യാൻ അവർ പരാജയപ്പെട്ടിരിക്കുന്നു. അനീതിയും മർദനവും ലോകമൊട്ടുക്കും വാഴ്ച നടത്തുന്നു. അതുകൊണ്ട് മനുഷ്യർക്ക് ഒരിക്കലും ഈ ആവശ്യം നിറവേററാനാവില്ല. പക്ഷേ സർവശക്തനായ ദൈവത്തിനു കഴിയും. അവിടുത്തെ നിയുക്ത ഭരണാധികാരി പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തുവാണ്, അവിടുത്തെക്കുറിച്ചു യഹോവ ഇങ്ങനെ പറയുന്നു: “എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; . . . അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും.”—യെശയ്യാവു 42:1; മത്തായി 12:18.
ദൈവരാജ്യത്തിൻ കീഴിൽ, “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും” എന്നു ബൈബിൾ വാഗ്ദത്തം ചെയ്യുന്നു. (റോമർ 8:21) സകലർക്കും സ്വാതന്ത്ര്യവും നീതിയും ഉണ്ടായിരിക്കുമ്പോൾ അത് എത്ര സന്തുഷ്ടമായ ഒരു പുതിയ ലോകമായിരിക്കും!
അവസരങ്ങളും വിശ്രമവേളയും
തീർച്ചയായും നിങ്ങൾ ആഗ്രഹിക്കുന്നതരം ലോകത്തിൽ എല്ലാ പൗരൻമാരും വർഗ⁄ദേശഭേദമന്യേ തുല്യാവസരങ്ങൾ ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കും. അതുകൊണ്ട് ആ ഡോക്ടർമാർ പട്ടികപ്പെടുത്തിയ ആറാമത്തെ ആവശ്യം ആശ്ചര്യകരമല്ല: “ഏതു മനുഷ്യനും തന്റെ പ്രാപ്തികളും കഴിവുകളും പൂർണമായി വളർത്തിയെടുക്കാനും മുൻവിധി കൂടാതെ തന്റെ ശ്രമങ്ങൾക്കു പ്രതിഫലം ലഭിക്കാനും അവസരമുള്ള ഒരു ലോകമായിരിക്കും അത്.”
എല്ലാ ആളുകളും മാന്യമായ പെരുമാററം ആസ്വദിച്ച ഒരു ലോകം സ്ഥാപിക്കാൻ മനുഷ്യർക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. ജനപ്രീതിയില്ലാത്ത ന്യൂനപക്ഷങ്ങളോടുള്ള മുൻവിധിയും പീഡനവും ശമനമില്ലാതെ തുടരുന്നു. എങ്കിൽപ്പോലും “ആരോടും മുഖപക്ഷം കാണിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യാത്ത” തന്റെ പിതാവായ യഹോവയുടെ മാതൃക പുതിയ ലോകത്തിന്റെ രാജാവായ യേശുക്രിസ്തു അനുകരിക്കും. (ആവർത്തനം 10:17, NW; റോമർ 2:11) എല്ലാ ആളുകളും യഹോവയുടെ മുഖപക്ഷമില്ലായ്മ അനുകരിക്കാൻ പഠിക്കുക മാത്രമല്ല, പിന്നെയോ അവർ അതു ബാധകമാക്കുക കൂടി ചെയ്യുന്നു എന്നതാണ് പുതിയ ലോകത്തിന്റെ വരവിനെ അത്ഭുതകരമാക്കുന്നത്.—യെശയ്യാവു 54:13.
ആളുകളുടെ ജീവിതം തെല്ലും ആശ്വാസമില്ലാത്ത വിരസമായ കഠിനാധ്വാനത്തിന് അർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അടുത്ത അടിസ്ഥാന ആവശ്യത്തോടു നിങ്ങൾ തീർച്ചയായും യോജിക്കും: “ഏഴാമത്, ജീവിതത്തിൽ തങ്ങൾ നല്ല കാര്യങ്ങളായി കരുതുന്നവ ആസ്വദിക്കാൻ മതിയായ വിശ്രമവേള എല്ലാ മനുഷ്യർക്കും ഉണ്ടായിരിക്കുന്ന ഒരു ലോകമായിരിക്കും അത്.”
വിശ്രമാവസരങ്ങൾക്കുള്ള മമനുഷ്യന്റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട്, യഹോവയാം ദൈവം തന്റെ പുരാതന ന്യായപ്രമാണത്തിൽ വാരംതോറുമുള്ള ഒരു സ്വസ്ഥതാദിവസത്തിനു കരുതൽ ചെയ്തു. (പുറപ്പാടു 20:8-11) അതുകൊണ്ട് തന്റെ പുതിയ ലോകത്തിൽ വിശ്രമത്തിനും ആരോഗ്യകരമായതരം വിനോദങ്ങൾക്കും വേണ്ടിയുള്ള നമ്മുടെ ആവശ്യം ദൈവം തീർച്ചയായും നിറവേററുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.
അധിവസിക്കുന്നതരം ആളുകൾ
ആ ഡോക്ടർമാർ നൽകിയ അവസാനത്തെ അടിസ്ഥാന ആവശ്യം “നാമെല്ലാം ജീവിക്കാൻ ആഗ്രഹിക്കുന്നതരം ലോകത്തിൽ” വസിക്കുന്നവർ അവകാശപ്പെടുത്തുന്ന ഗുണങ്ങളെ വർണിക്കുന്നു. അവർ പട്ടികപ്പെടുത്തുന്ന ഈ ഗുണങ്ങൾ പ്രധാനമാണെന്നു നിങ്ങൾ കരുതുന്നില്ലേയെന്നു കാണുക. “എട്ടാമത്, ബുദ്ധിയും സർഗാത്മകതയും, ആദരവും നിർമലതയും, സ്നേഹവും വിശ്വസ്തതയും, ആത്മാഭിമാനവും നിസ്വാർഥതയും, സഹമനുഷ്യരോടുള്ള താത്പര്യവും പോലെ മനുഷ്യരെ മൃഗങ്ങളിൽനിന്നു വ്യത്യസ്തരാക്കി നിർത്തുന്ന ആ ഗുണങ്ങൾക്ക് മുന്തിയ വില നൽകുന്ന ഒരു ലോകമായിരിക്കും അത്.”
നിർമലത, സ്നേഹം, വിശ്വസ്തത, നിസ്വാർഥത, സഹമനുഷ്യരോടുള്ള താത്പര്യം തുടങ്ങിയ ധാർമിക ഗുണങ്ങൾ എല്ലാവരും പ്രകടമാക്കുന്ന ഒരു ലോകത്തിലെ ജീവിതം നിങ്ങൾ ആസ്വദിക്കുകയില്ലേ? തീർച്ചയായും നിങ്ങൾ ആഗ്രഹിക്കുന്നതരം ലോകം അതാണ്! യാതൊരു മാനുഷ ഭരണാധികാരികൾക്കും ഒരിക്കലും ഇതു പ്രദാനം ചെയ്യാനാവില്ല. യഹോവയാം ദൈവത്തിനു മാത്രമേ അതിനു കഴിയൂ. അവിടുന്ന് തീർച്ചയായും അതു ചെയ്യും, കാരണം അവിടുത്തെ പുതിയ ലോകം അയഥാർഥമായ, അവാസ്തവികമായ ഒരു സ്വപ്നമല്ല.—സങ്കീർത്തനം 85:10, 11.
അത് എപ്പോൾ വരും?
മുൻലേഖനത്തിൽ കുറിക്കൊണ്ടതുപോലെ, യേശുക്രിസ്തുവിന്റെ ഒരു ഉററ സഹചാരി ഇങ്ങനെയെഴുതി: “നാം [ദൈവത്തിന്റെ] വാഗ്ദത്തപ്രകാരം കാത്തിരിക്കുന്ന പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയും ഉണ്ട്.” (2 പത്രോസ് 3:13, NW) യേശു പറഞ്ഞതുപോലെ, ഈ വാഗ്ദത്തം നിവർത്തിക്കുന്ന സമയം “മനുഷ്യപുത്രൻ മഹത്ത്വമാർന്ന തന്റെ സിംഹാസനത്തിൽ ഇരിക്കുന്ന പുനഃസൃഷ്ടിയിൽ ആയിരിക്കും.”—മത്തായി 19:28, NW.
ആദാമിനെയും ഹവ്വായെയും ആക്കിവെച്ച പറുദീസാത്തോട്ടം വിപുലമാക്കാൻ ദൈവം ആ ആദ്യമനുഷ്യജോടിയോട് ആദ്യം കൽപ്പിച്ചിരുന്നു. അവർ കുട്ടികളെ ഉളവാക്കി അവരെക്കൊണ്ടു മുഴു ഭൂമിയെയും മനോജ്ഞമായ ഒരു ഏദൻ തോട്ടമാക്കാൻ അവിടുന്ന് ആഗ്രഹിച്ചു. (ഉല്പത്തി 1:26-28; 2:7-9, 15) ഈ ഉദ്ദേശ്യം നിറവേററാൻ ആദാമും ഹവ്വായും പരാജയപ്പെട്ടെങ്കിലും ക്രിസ്തു രാജ്യഭരണം നടത്തവേ, പുനഃസൃഷ്ടിയിൽ ഭൗമിക പറുദീസയുടെ ഒരു പുനഃസ്ഥിതീകരണം ഉണ്ടായിരിക്കും. ഒടുവിൽ ഏദനിക അവസ്ഥകൾ ഭൂവ്യാപകമായി വ്യാപിക്കും. അങ്ങനെ സമാധാനപൂർണവും നീതിനിഷ്ഠവുമായ ഒരു ലോകം ഉണ്ടായിരിക്കാനുള്ള തന്റെ ആദിമോദ്ദേശ്യം നമ്മുടെ സ്നേഹവാനായ സ്രഷ്ടാവ് നിവർത്തിക്കും. എന്നാൽ അത് എപ്പോൾ വരും?
‘ഓ, അത് ഏതെങ്കിലുമൊരു സമയത്തു വരും, പക്ഷേ നമ്മുടെ ആയുഷ്കാലത്തൊന്നുമായിരിക്കില്ല’ എന്നു പറയുന്ന പലരെയും പോലെ നിങ്ങൾ ചിന്തിക്കുന്നുവോ? എന്നാൽ നിങ്ങൾക്കെങ്ങനെ അറിയാം? മുമ്പുണ്ടായിട്ടില്ലാത്തവിധം ലോകാരിഷ്ടതയുള്ള നമ്മുടെ കാലം ദൈവത്തിന്റെ പുതിയ ലോകം സമീപമാണെന്നുള്ളതിന്റെ തെളിവായിരിക്കുമോ? നമുക്കെങ്ങനെ അറിയാം? (g93 10/22)
[7-ാം പേജിലെ ചിത്രം]
പുതിയ ലോകത്തിൽ, സമാധാനവും പൂർണാരോഗ്യവും സമൃദ്ധിയുമുണ്ടായിരിക്കും
[കടപ്പാട്]
Cubs: Courtesy of Hartebeespoortdam Snake and Animal Park
[8-ാം പേജിലെ ചിത്രം]
പുതിയ ലോകത്തിൽ, ആളുകൾ ഉത്പാദനക്ഷമമായ ജോലി ആസ്വദിക്കും
[9-ാം പേജിലെ ചിത്രം]
പുതിയ ലോകത്തിൽ, വിശ്രമവേളയിലെ പ്രവർത്തനങ്ങൾക്കുള്ള സമയം ഉണ്ടായിരിക്കും