ആഡി വൈകി ഉത്തരം കണ്ടെത്തി എങ്കിലും തീരെ വൈകുംമുമ്പേ
സാമൂഹികനീതിക്കു വേണ്ടിയുള്ള കറുത്തവർഗത്തിൽപ്പെട്ട ഒരു സ്ത്രീയുടെ 87 വർഷം നീണ്ടുനിന്ന അന്വേഷണത്തിന്റെ കഥ. ഒരു ചതുപ്പുനിലത്തെ ജലാശയത്തിനരികിൽ ഒരു തടിയിൻമേലിരുന്ന് അവർ മീൻ പിടിക്കുകയാണ്. അവരുടെ ചർമം മാർദവമുള്ളതാണ്, മനസ്സു സ്വസ്ഥമാണ്, തന്നെക്കുറിച്ചുതന്നെ അവർക്കു മതിപ്പുണ്ട്. ബലിഷ്ഠയും അനുഭവസമ്പന്നയും അറിവുള്ളവളുമായ അവരുടെ കണ്ണുകളിൽ നർമഭാവവും രസികതയും കാണാം, ഒപ്പം ആകർഷകമായ താഴ്മയും. അവർ വളരെ നന്നായി കഥ പറയും. അവരുടെ ആഫ്രിക്കൻ പൈതൃകം വ്യക്തമാണ്, ഐക്യനാടുകളുടെ ഏററവും തെക്കൻ ഭാഗത്തിന്റെ ഓർമകളോട് അവ കൂടിക്കലർന്നതാണ്. അവർ തന്റെ ജീവിതകഥയുടെ ചുരുളഴിക്കുമ്പോൾ നമുക്കു ശ്രദ്ധിക്കാം.
“ആഫ്രിക്കയിൽനിന്നു ജോർജയിലേക്കു പോകുന്ന ഒരു അടിമക്കപ്പലിൽ വെച്ചാണ് എന്റെ വല്യമ്മ ജനിച്ചത്. തീരെ മെല്ലിച്ച അവർ ജീവിച്ചിരിക്കുമെന്ന് ആരും വിചാരിച്ചില്ല. അവളുടെ അമ്മയെ വിററപ്പോൾ രോഗം ബാധിച്ച ആ ശിശുവിനെയും അവളോടൊപ്പം അയച്ചു. ഇതു സംഭവിച്ചത് ഏതാണ്ട് 1844-ൽ ആയിരുന്നു. ആ കുട്ടിക്ക് റെയ്ച്ചൽ എന്നു പേരിട്ടു.
“ഡിവിററ് ക്ലിൻറൺ തന്റെ അമ്മാവനു വേണ്ടി ഒരു പരുത്തിത്തോട്ടം നടത്തിവരികയായിരുന്നു. ഡിവിററും റെയ്ച്ചലും ചേർന്ന് എന്റെ പിതാവായ ഐസയാ ക്ലിൻറനു ജൻമം നൽകി. 1866 ജൂണിലാണ് അദ്ദേഹം പിറന്നുവീണത്. അവർ അദ്ദേഹത്തെ ഐക്ക് എന്നാണു വിളിച്ചിരുന്നത്. ഒരു കുട്ടിയായിരുന്നപ്പോൾ അദ്ദേഹം മിക്കപ്പോഴും ഡിവിററിനോടൊപ്പം ഒരേ കുതിരപ്പുറത്തു സവാരി ചെയ്തിരുന്നു. ഒരു തോട്ടം നടത്തിക്കൊണ്ടുപോകുന്നതിന് എന്തെല്ലാം കാര്യങ്ങൾ വേണ്ടിയിരുന്നോ അതെല്ലാം അദ്ദേഹം പഠിച്ചു. കുറെ വർഷങ്ങൾ പിന്നിട്ടപ്പോൾ ഡിവിററ് ഐക്കിനോടു പറഞ്ഞു: ‘നീ സ്വന്തം കാലിൽ നിൽക്കേണ്ട സമയം വന്നിരിക്കുന്നു.’ എന്നിട്ട് അദ്ദേഹം പണം സൂക്ഷിച്ചിരുന്ന ഒരു ബെൽററ് അരയിൽനിന്ന് അഴിച്ചെടുത്ത് ഐക്കിനു കൊടുത്തു.
“ഇതിനുശേഷം എന്റെ പിതാവ് സ്കിന്നർ എന്നു പേരുള്ള ഒരാൾക്കു വേണ്ടി ജോലി ചെയ്യാൻ പോയി. സ്കിന്നർതോട്ടത്തിന്റെ മേൽനോട്ടക്കാരനായിത്തീർന്ന അദ്ദേഹം എലൻ ഹൗവാർഡ് എന്ന സ്ത്രീയെ വിവാഹം ചെയ്തു. 1892 ജൂൺ 28-ന് ജോർജയിലെ വെയ്ൻസ്ബറക്കടുത്തുള്ള ബർക്ക് കൗണ്ടിയിൽ ഞാൻ ജനിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ജീവിതം വിസ്മയാവഹമായിരുന്നു. വീടിനു പുറത്തു കടക്കാതിരിക്കാൻ എനിക്കു കഴിയുമായിരുന്നില്ല. അമ്മ എന്നെ പിന്നിൽനിന്നു പിടിച്ചുനിർത്തി ഉടുപ്പു കെട്ടിത്തന്നിട്ടേ വിടുമായിരുന്നുള്ളൂ. എന്നിട്ട് ഇങ്ങനെ പറയുമായിരുന്നു: ‘ഉടുപ്പിന്റെ വള്ളി കെട്ടിയിട്ടേ അവളെ വിടാവൂ.’ എന്റെ പിതാവിന്റെ ഒപ്പമായിരിക്കാൻ വേണ്ടി ഞാൻ കലപ്പയുടെ മുകളിൽ കയറി നിൽക്കുമായിരുന്നു.
“വേനൽക്കാലത്തു കൊടുങ്കാററുണ്ടായ ഒരു നാൾ ഇടിവെട്ടേററ് മിസ്ററർ സ്കിന്നറും അദ്ദേഹത്തിന്റെ കുതിരയും ഒരു വെളിമ്പ്രദേശത്തു വെച്ചു മരിച്ചു. സ്കിന്നറിന്റെ ഭാര്യ വടക്കൻ സംസ്ഥാനത്തുനിന്നു വന്ന ഒരു വെള്ളക്കാരിയായിരുന്നു. ബർക്ക് കൗണ്ടിയിലുള്ള എല്ലാവരും അവളെ വെറുത്തിരുന്നു. അതിന്റെ കാരണം ജനറൽ ഷേർമാൻ അററ്ലാൻറ ചുട്ടെരിച്ചതായിരുന്നു. അതുകൊണ്ട് വെള്ളക്കാർ കറുത്തവർഗക്കാരെക്കാളധികം സ്കിന്നറിന്റെ ഭാര്യയെ വെറുത്തു! സ്കിന്നറിന്റെ ഭാര്യ അവരോടു പക വീട്ടുകതന്നെ ചെയ്തു. ഭർത്താവു മരിച്ചപ്പോൾ അവൾ തോട്ടം കറുത്ത വർഗക്കാരനായ എന്റെ പിതാവിനു വിററു. പത്തൊമ്പതാം നൂററാണ്ട് അവസാനിക്കുന്നതിനു മുമ്പ് ജോർജയിൽ കറുത്തവർഗക്കാരനായ ഒരു മനുഷ്യന് സ്വന്തമായി ഒരു തോട്ടം ഉണ്ടായിരിക്കുന്നതിനെക്കുറിച്ചൊന്നു സങ്കൽപ്പിച്ചുനോക്കൂ!”
മിസ്ററർ നീലിയും ജനറൽ സ്റേറാറും
“പപ്പയ്ക്ക് എന്തെങ്കിലും ആവശ്യമായി വരുമ്പോൾ അദ്ദേഹം നീലിയുടെ അടുത്തേക്കു പോകുമായിരുന്നു. നീലിക്ക് ഒരു ജനറൽ സ്റേറാർ സ്വന്തമായുണ്ടായിരുന്നു. അവിടെ എല്ലാക്കൂട്ടവും ലഭ്യമായിരുന്നു. ഒരു ഡോക്ടറെ വേണോ, അങ്ങോട്ടു പോകുകയേ വേണ്ടൂ. ശവപ്പെട്ടി വേണോ, അതും അവിടെത്തന്നെ കിട്ടും. ഒന്നിനും പൈസ കൊടുക്കേണ്ടതില്ല; പരുത്തി വിളവെടുക്കാറാകുന്നതു വരെ അതു നിങ്ങളുടെ ബില്ലിൽ എഴുതിക്കൊള്ളും. പപ്പയ്ക്കു ബാങ്കിൽ പണമുണ്ടെന്ന് നീലി കണ്ടുപിടിച്ചു. അതുകൊണ്ട് അയാൾ ഞങ്ങൾക്ക് എല്ലാ സാധനങ്ങളും കൊണ്ടുവന്നു തന്നു. ഞങ്ങൾക്ക് ആവശ്യമില്ലാത്തവ പോലും—ഐസ്പെട്ടി, തയ്യൽമെഷീൻ, തോക്കുകൾ, സൈക്കിളുകൾ, കോവർക്കഴുത രണ്ടെണ്ണം. അപ്പോൾ പപ്പ ഇങ്ങനെ പറയുമായിരുന്നു: ‘ഞങ്ങൾക്ക് ഇതിന്റെയൊന്നും ആവശ്യമില്ല!’ എന്നാൽ, ‘ഇതൊരു സമ്മാനമാണ്, ഞാൻ നിങ്ങളുടെ ബില്ലിൽ എഴുതിക്കൊള്ളാം’ എന്നതായിരുന്നു നീലിയുടെ പ്രതികരണം.
“ഒരു നാൾ നീലി വലിയ, കറുത്ത ഒരു സ്ററ്യൂഡബേക്കർ വണ്ടിയുമായി ഞങ്ങളുടെ കൃഷിയിടത്തിൽ എത്തി. ‘മിസ്ററർ നീലി, ഞങ്ങൾക്ക് ഇതിന്റെ ആവശ്യമില്ല! ഇത് ഓടിക്കാനോ ഇതിന്റെ കാര്യം നോക്കാനോ ഇവിടെ ആർക്കുമറിയില്ല, എല്ലാവർക്കും ഇതു ഭയമാണ്!’ പപ്പ പറഞ്ഞു. നീലി അതു കേട്ടതായിപ്പോലും ഭാവിച്ചില്ല. ‘ഐക്ക്, ഇത് എടുത്തോളൂ. ഞാനിതു നിങ്ങളുടെ ബില്ലിൽ എഴുതിക്കൊള്ളാം, മാത്രമല്ല ഇത് എങ്ങനെയാ ഓടിക്കുന്നതെന്ന് എന്റെ പണിക്കാരിൽ ഒരാൾ വന്നു താങ്കളുടെ പണിക്കാരെ പഠിപ്പിക്കുകയും ചെയ്യും.’ എന്നാൽ ഞങ്ങൾക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടായിരുന്നില്ല. പണിക്കാരിൽ ഒരാളോടൊപ്പം പെട്രോളടിക്കാൻ പോകുന്നതിനു ഞാൻ പപ്പയോട് കെഞ്ചി ചോദിച്ചു. പപ്പ പറഞ്ഞു: ‘അതു തൊട്ടേക്കരുത്, നിന്നെയെനിക്കറിയാം!’ ഞങ്ങൾ കാഴ്ചയിൽനിന്നു മറഞ്ഞു കഴിഞ്ഞതേ ഞാൻ പറഞ്ഞു: ‘ഞാനൊന്നു നോക്കട്ടെ. പപ്പയ്ക്കറിയാം ഞാൻ ഓടിക്കുമെന്ന്.’ കാർ പെട്ടെന്ന് വേഗത്തിൽ മുന്നോട്ടു കുതിച്ചു, ഞാൻ കുററിക്കാട്ടിലൂടെയും മരങ്ങൾക്കിടയിലൂടെയും വണ്ടി അങ്ങുമിങ്ങും തിരിച്ചുവിട്ടു. വണ്ടി ഒരു അരുവിയിൽ കൊണ്ടെച്ചാടിച്ചു.
“നീലി തന്ന സാധനങ്ങൾ എന്തുകൊണ്ടാണ് നിരസിക്കാതിരുന്നതെന്നു ഞാൻ പപ്പയോടു ചോദിച്ചു. ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി: ‘അങ്ങനെ ചെയ്താൽ അതു വലിയ അബദ്ധമായിരിക്കും, അപമാനവും. മാത്രമല്ല, കെകെകെ [കൂ ക്ലക്സ് ക്ലാൻ] നീലിയുടെ കറുത്തവർഗക്കാരോടു മോശമായി ഇടപെടുകയുമില്ല.’ അതുകൊണ്ട് ഞങ്ങൾക്ക് ആവശ്യമില്ലാതിരുന്ന സാധനങ്ങൾക്കെല്ലാം ഞങ്ങൾ പണം മുടക്കി. പപ്പ എപ്പോഴും പറയാറുണ്ടായിരുന്ന ഒരു കാര്യം ഞാനോർത്തു: ‘നിനക്ക് ആവശ്യമില്ലാത്തതൊന്നും വാങ്ങരുത്. അങ്ങനെ ചെയ്താൽ ഒടുവിൽ ആവശ്യമുള്ളതു പോലും വാങ്ങാൻ കഴിയാത്ത അവസ്ഥ വരും.’ ഞാൻ മിസ്ററർ നീലിയെ വെറുത്തു!
“1900 ജനുവരി 1. എല്ലാവരും പുതിയ നൂററാണ്ടിന്റെ പിറവി ആഘോഷിക്കുന്ന സമയം. അന്ന് തന്റെ നാലാമത്തെ കുട്ടിയെ പ്രസവിക്കുന്ന സമയത്ത് എന്റെ അമ്മ മരിച്ചു. എനിക്കന്ന് എട്ടു വയസ്സേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഞാൻ പപ്പയെ നോക്കിക്കൊള്ളാമെന്നു ശവക്കല്ലറയ്ക്കരികെവെച്ച് പപ്പയോടു പറഞ്ഞു.
“എന്റെ അമ്മയുടെ അമ്മ കുട്ടികളായ ഞങ്ങളെ സഹായിച്ചു. മേരി എന്നായിരുന്നു അവരുടെ പേര്. അവർ വളരെ ഭക്തിയും നല്ല ഓർമശക്തിയുമുള്ളവരായിരുന്നു, എന്നാൽ വായിക്കാനോ എഴുതാനോ അറിയില്ലായിരുന്നുതാനും. അവരോടു ചോദ്യശരങ്ങൾ എയ്തുകൊണ്ട് ഞാൻ അടുക്കളയിൽ ഉണ്ടായിരിക്കും. ‘എല്ലാവരും ദൈവദൃഷ്ടിയിൽ തുല്യരാണെന്നു വെള്ളക്കാർ പറയുന്ന സ്ഥിതിക്ക്, അവർക്കു കറുത്തവരുടെ കാര്യത്തിൽ താത്പര്യമില്ലാത്തത് എന്തുകൊണ്ടാണ്? നാം സ്വർഗത്തിൽ പോകുമ്പോൾ വെള്ളക്കാരും അവിടേക്കു പോകുമോ? ആ മിസ്ററർ നീലി അവിടെയുണ്ടായിരിക്കുമോ?’ ‘എനിക്കറിയില്ല, മോളേ. നമുക്കെല്ലാം നല്ലതേ വരൂ’ എന്നു മേരി എന്നോടു പറയുമായിരുന്നു. എന്നാൽ അക്കാര്യത്തിൽ എനിക്കു വലിയ ഉറപ്പില്ലായിരുന്നു.
“‘വല്യമ്മച്ചീ, നാം സ്വർഗത്തിൽ പോയി എന്തു ചെയ്യും?’ ‘സ്വർണം പാകിയ തെരുവിലൂടെ നാം നടക്കും! ചിറകു വെച്ച് നാം മരങ്ങൾതോറും പറന്നുനടക്കും!’ ഞാനിങ്ങനെ ചിന്തിച്ചു: ‘വെളിയിൽ കളിച്ചുകൊണ്ടിരിക്കാനാ എനിക്ക് അതിലുമിഷ്ടം.’ ഏതായാലും സ്വർഗത്തിൽ പോകാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചില്ല, നരകത്തിൽ പോകാനും എനിക്കിഷ്ടമില്ലായിരുന്നു. ‘വല്യമ്മച്ചീ, നാം സ്വർഗത്തിൽ എന്നതാ തിന്നുന്നത്?’ അവർ പറഞ്ഞു: ‘പാലും തേനും കുടിക്കും!’ അപ്പോൾ ഞാൻ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: ‘എനിക്കു പാലിഷ്ടമില്ല, തേനും ഇഷ്ടമില്ല! വല്യമ്മച്ചീ, ഞാൻ വിശന്നു മരിക്കും! ഞാൻ സ്വർഗത്തിൽക്കിടന്ന് വിശന്നു മരിക്കും!’”
എന്റെ വിദ്യാഭ്യാസം തുടങ്ങുന്നു
“എന്നെ പഠിപ്പിക്കണമെന്നായിരുന്നു പപ്പയുടെ അഭിലാഷം. 1909-ൽ അലബാമയിലുള്ള ടസ്കീഗീ ഇൻസ്ററിററ്യൂട്ടിൽ അദ്ദേഹം എന്നെ കൊണ്ടാക്കി. ഈ വിദ്യാലയത്തിന്റെ മജ്ജയും മസ്തിഷ്കവും ബൂക്കർ ററി. വാഷിങ്ടൺ ആയിരുന്നു. വിദ്യാർഥികൾ അദ്ദേഹത്തെ വിളിച്ചിരുന്നത് പപ്പാ എന്നാണ്. സ്കൂളിനു വേണ്ടി പണം സ്വരൂപിക്കാൻ അദ്ദേഹം വളരെ യാത്രകൾ നടത്തി. അധികം പണവും ലഭിച്ചത് വെള്ളക്കാരിൽ നിന്നായിരുന്നു. അദ്ദേഹം സ്കൂളിലായിരുന്നപ്പോൾ ഞങ്ങൾക്ക് ഈ സന്ദേശം നൽകി: ‘പഠിപ്പു നേടുക. ഒരു ജോലി സമ്പാദിച്ചു നിങ്ങളുടെ പണം സമ്പാദിക്കുക. എന്നിട്ട് കുറെ സ്ഥലം സ്വന്തമാക്കണം. ഞാൻ നിങ്ങളെ സന്ദർശിക്കുമ്പോൾ, പുല്ലു വെട്ടാതെയോ വീടു പെയിൻറു ചെയ്യാതെയോ ജനാലകൾ പൊട്ടിപ്പോയിട്ട് തണുപ്പകററാൻ പഴന്തുണി തിരുകിവെച്ചിരിക്കുന്നതായോ കാണാൻ ഇടവരരുത്. നിങ്ങൾക്കുതന്നെ അഭിമാനം തോന്നണം. നിങ്ങളുടെ ആളുകളെ സഹായിക്കണം. ഉന്നമനം നേടാൻ അവരെ സഹായിക്കണം. നിങ്ങൾക്കു മാതൃകയായിരിക്കാൻ കഴിയും.’
“അവർക്കു തീർച്ചയായും ‘ഉന്നമനം’ ആവശ്യമായിരുന്നു. അവർ നല്ലവരാണ്—അവരിൽ ഒരുപാട് നല്ല ഗുണങ്ങളുണ്ട്. വെള്ളക്കാരൻ നീഗ്രോ വർഗത്തെക്കുറിച്ചു പര്യാലോചിക്കുമ്പോൾ ഭൂതകാലത്തെക്കുറിച്ച് ഓർത്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. നീഗ്രോയ്ക്കു പഠിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഒരു നീഗ്രോയെ പഠിപ്പിക്കുക എന്നത് അടിമത്തനിയമങ്ങൾക്ക് എതിരായിരുന്നു. സ്വന്തം ഇഷ്ടത്തിനെതിരായി ഈ രാജ്യത്തേക്കു വന്ന ഒരേ ഒരു ജനത ഞങ്ങൾ മാത്രമാണ്. മററുള്ളവർ ഇവിടെയെത്താൻ തിടുക്കമുള്ളവരായിരുന്നു. എന്നാൽ ഞങ്ങൾക്ക് അതില്ലായിരുന്നു. അവർ ഞങ്ങളെ ചങ്ങലകളിട്ട് ഇവിടെ കൊണ്ടുവന്നു. കൂലി തരാതെ ഞങ്ങളെക്കൊണ്ട് 300 വർഷം പണിയെടുപ്പിച്ചു. ഞങ്ങൾ വെള്ളക്കാരനു വേണ്ടി 300 വർഷം പണിയെടുത്തു. അവൻ ഞങ്ങൾക്കു തിന്നാൻ വേണ്ടത്ര ഭക്ഷണമോ ധരിക്കാൻ പാദരക്ഷകളോ തന്നില്ല. പ്രഭാതം മുതൽ പ്രദോഷം വരെ ഞങ്ങളെക്കൊണ്ടു പണിയെടുപ്പിച്ചു. നിസ്സാര കുററത്തിനു പോലും ചാട്ടവാറുകൊണ്ട് തല്ലി. ഞങ്ങളെ സ്വതന്ത്രരാക്കിയപ്പോൾ പോലും പഠിക്കാനുള്ള ഒരവസരം അവൻ ഞങ്ങൾക്കു തന്നില്ല. ഞങ്ങൾ കൃഷിയിടത്തിൽ വേല ചെയ്യാനും ഞങ്ങളുടെ കുട്ടികൾ വേല ചെയ്യാനും വർഷത്തിൽ മൂന്നു മാസം സ്കൂളിൽ പോകാനും അവൻ ആഗ്രഹിച്ചു.
“ആ സ്കൂൾ എങ്ങനെയുള്ളതായിരുന്നുവെന്നു നിങ്ങൾക്കറിയാമോ? അതൊരു ചെറിയ പള്ളിയായിരുന്നു, കാരണം നീഗ്രോകൾക്കു വേണ്ടി അന്നു സ്കൂളില്ലായിരുന്നു. പരുക്കൻ ബെഞ്ചുകൾ. ജൂൺ, ജൂലൈ, ആഗസ്ററ് മാസങ്ങൾ വർഷത്തിലെ ഏററവും ചൂടു കൂടിയ മാസങ്ങൾ. ജനാലകൾക്കു കമ്പിവലകളില്ല. കുട്ടികൾ തറയിലിരിക്കണം. നൂററിമൂന്നു കുട്ടികളെ പഠിപ്പിക്കാൻ ഒരു അധ്യാപകൻ മാത്രം. ക്ലാസ്സ്മുറി നിറയെ മൂട്ടകളും പ്രാണികളും. മൂന്നു മാസംകൊണ്ട് ഒരു കുട്ടിയെ എന്തു പഠിപ്പിക്കാനൊക്കും? ടസ്കീഗീ സ്കൂളിലെ വേനലവധിക്ക് എല്ലാ പ്രായത്തിലുമുള്ള 108 കുട്ടികളെ ഞാൻ പഠിപ്പിച്ചു.
“1913-ൽ ഞാൻ നേഴ്സിങ് പാസ്സായി. 1914-ൽ സാമൂവേൽ മോൺട്ഗമോറി എന്നയാളെ വിവാഹം ചെയ്തു. കുറെ നാൾ കഴിഞ്ഞ് അദ്ദേഹം ഒന്നാം ലോകമഹായുദ്ധത്തിനു പുറപ്പെട്ടു, ഞാൻ അന്ന് എന്റെ ഒരേ ഒരു കുട്ടിയെ ഉദരത്തിൽ പേറുകയായിരുന്നു. മടങ്ങിവന്നെങ്കിലും അധികം താമസിയാതെ സാമൂവേൽ മരിച്ചു. എന്റെ കൊച്ചു മകനെയുംകൊണ്ട് ഇല്ലിനോയിസിലുള്ള സഹോദരിയുടെ അടുത്തേക്കു ഞാൻ തീവണ്ടിയിൽ യാത്ര ചെയ്തു. അവിടെ നേഴ്സിന്റെ പണി കണ്ടുപിടിക്കാമെന്നായിരുന്നു എന്റെ പ്രതീക്ഷ. കറുത്തവരെയെല്ലാം കൽക്കരി കത്തിച്ചിരുന്ന ബോഗിക്കു പിന്നിലുള്ള ഒരു കമ്പാർട്ടുമെൻറിലേക്കാണു വിട്ടത്. അതു വളരെ ചൂടുള്ളതായിരുന്നു, ജനാലകൾ തുറന്നിട്ടിരുന്നതിനാൽ ചാരവും പൊടിയും ഞങ്ങളെ ആസകലം മൂടി. രണ്ടാം ദിവസം ഞങ്ങളുടെ സാൻഡ്വിച്ചെല്ലാം തീർന്നു പോയി. കുട്ടിക്കു കൊടുക്കാൻ പാലുമില്ലാതായി. യാത്രക്കാർക്കു ഭക്ഷണം കിട്ടുന്ന ഒരു ബോഗിയിലേക്കു പോകാൻ ഞാൻ ശ്രമിച്ചു, എന്നാൽ തീവണ്ടിക്കമ്പാർട്ടുമെൻറിലെ കറുത്തവർഗക്കാരനായ ഒരു പരിചാരകൻ എന്നെ തടഞ്ഞുനിർത്തി. ‘നിനക്കിവിടെ അകത്തു വരാൻ പററില്ല.’ ‘എന്റെ കുട്ടിക്കു കൊടുക്കാൻ അവർ എനിക്കു കുറെ പാൽ വിലയ്ക്കു തരുമോ?’ ഇല്ല എന്നായിരുന്നു മറുപടി. എന്നിൽ ആദ്യമായി കടുത്ത അമർഷമുണ്ടാക്കിയ ആദ്യത്തെ അനീതി നീലി ചെയ്ത കാര്യങ്ങളായിരുന്നു. ഇത് രണ്ടാമത്തേതും.
“1925-ൽ തീവണ്ടിക്കമ്പാർട്ടുമെൻറിലെ ഒരു പരിചാരകനായ ജോൺ ഫ്യൂവിനെ ഞാൻ വിവാഹം ചെയ്തു. അദ്ദേഹം താമസിച്ചിരുന്നത് മിനസോററയിലെ സെൻറ് പോളിലായതുകൊണ്ട് ഞാനവിടേക്കു താമസം മാററി. സാമൂഹികനീതി സംബന്ധിച്ച വിവാദവിഷയത്തിൽ എനിക്കമർഷമുണ്ടാക്കിയ മൂന്നാമത്തെ കാര്യം ഇവിടെ വെച്ചാണ് ഉണ്ടായത്. ഞാൻ ജീവിച്ചിരുന്ന ഈ സെൻറ് പോൾ വളരെ വടക്കുമാറിയായിരുന്നു സ്ഥിതി ചെയ്തിരുന്നത്, എന്നാൽ തെക്കൻ പ്രദേശത്തെക്കാൾ ഇവിടെ മുൻവിധി വളരെ കൂടുതലായിരുന്നു. കൗണ്ടി ആശുപത്രിയിൽ ഒരു നേഴ്സായി എനിക്കു ജോലി തരില്ലായിരുന്നു. കറുത്തവർഗത്തിൽപ്പെട്ട ഒരു നേഴ്സിനെക്കുറിച്ച് അവർ ഒരിക്കലും കേട്ടിട്ടില്ലെന്നു പറഞ്ഞു. ടസ്കീഗീയിൽവെച്ച് ഞങ്ങൾക്കു നല്ല പരിശീലനം കിട്ടിയിരുന്നു. അവിടെ രോഗിയെ നോക്കുന്നതായിരുന്നു പ്രധാനം. എന്നാൽ സെൻറ് പോളിൽ പ്രധാനമോ തൊലിയുടെ നിറവും. വെയ്ൻസ്ബറയിൽ എനിക്കപ്പോഴും ഉണ്ടായിരുന്ന വീടു വിററിട്ട് അതിന്റെ പണം ഞാൻ ഒരു തുണ്ടുഭൂമിക്കും കെട്ടിടത്തിനും വേണ്ടി അഡ്വാൻസായി കൊടുത്തു. ഞാനൊരു ഗരാജ് ബിസിനസ് തുടങ്ങി, നാലു മെക്കാനിക്കുകളെ ശമ്പളത്തിനു നിർത്തുകയും ചെയ്തു. പെട്ടെന്നുതന്നെ അതൊരു നല്ല ബിസിനസ്സായി വളർന്നു.”
ഞാൻ എൻഎഎസിപി കണ്ടെത്തുന്നു
“[കറുത്തവർഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള ദേശീയ സംഘടന]യായ എൻഎഎസിപി ഞാൻ കണ്ടെത്തിയത് 1925-ലായിരുന്നു. അതിൽ ഞാൻ പൂർണമായും ആമഗ്നയായി. ‘നിങ്ങളുടെ ആളുകളെ സഹായിക്കുക. ഉന്നമനം നേടാൻ അവരെ സഹായിക്കണം’ എന്നു ബൂക്കർ ററി. വാഷിങ്ടൺ പറഞ്ഞിരുന്നില്ലേ? ആദ്യമായി ഞാൻ ചെയ്ത സംഗതി സ്വന്തമായി വീടുള്ളവരും നികുതി കൊടുത്തിരുന്നവരുമായ കറുത്തവർഗത്തിൽപ്പെട്ട സമ്മതിദായകരുടെ നീണ്ട ഒരു പട്ടികയുമായി സംസ്ഥാനഗവർണറെ ചെന്നു കാണുകയായിരുന്നു. അദ്ദേഹം ശ്രദ്ധവെച്ചു കേട്ടു, എനിക്കു ജോലി തരാത്ത അതേ ആശുപത്രിയിൽ ചെറുപ്പക്കാരിയായ ഒരു കറുത്തവർഗക്കാരി നേഴ്സിന് അദ്ദേഹം ജോലി വാങ്ങിക്കൊടുക്കുകയും ചെയ്തു. എന്നാൽ, വെള്ളക്കാരികളായ നേഴ്സുമാർ അവളോടു വളരെ മോശമായാണു പെരുമാറിയിരുന്നത്—അവർ അവളുടെ യൂണിഫോമുകളിലെല്ലാം മൂത്രം ഒഴിക്കുകവരെ ചെയ്തിരുന്നു. അതുകൊണ്ട് അവൾ അവിടം വിട്ട് കാലിഫോർണിയക്കു പോയി ഒരു ഡോക്ടറായിത്തീർന്നു.
“എന്റെ ഗരാജ് ബിസിനസ്സാണെങ്കിൽ, 1929-ലെ ഒരു ദിവസംവരെ നല്ല രീതിയിൽ മുന്നോട്ടു പോയി. ഞാൻ ബാങ്കിൽ 2,000 ഡോളർ നിക്ഷേപിച്ചിട്ട് നടന്നുപോകവേ ബാങ്ക് പൊളിഞ്ഞുപോയി എന്ന് ആളുകൾ വിളിച്ചുകൂകി. ഗരാജിനു പിന്നെയും രണ്ടു പണമടവുകൾ നടത്താനുണ്ടായിരുന്നു. എന്റെ ബിസിനസ്സെല്ലാം വെള്ളത്തിലായി. ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ പണം രണ്ടു മെക്കാനിക്കുകളുമായി പങ്കുവച്ചു.
“ആരുടെ പക്കലും പണമുണ്ടായിരുന്നില്ല. എന്റെ ലൈഫ് ഇൻഷ്വറൻസ് പോളിസി 300 ഡോളറിനു വിററ് ഞാൻ ആദ്യത്തെ വീടു സ്വന്തമാക്കി. 300 ഡോളറിനാണ് എനിക്ക് ആ വീടു കിട്ടിയത്. ഞാൻ പൂക്കൾ വിററും കോഴിക്കുഞ്ഞുങ്ങളെ വളർത്തി വിററും മുട്ട വിററും കഴിഞ്ഞു; ആളുകളെ വാടകയ്ക്കു താമസിപ്പിച്ചു; മിച്ചമുണ്ടായിരുന്ന പണംകൊണ്ട് കെട്ടിടങ്ങളില്ലാത്ത പ്ലോട്ടുകൾ ഓരോന്നും 10 ഡോളറിനു വാങ്ങാൻ തുടങ്ങി. എനിക്കൊരിക്കലും വിശന്നിരിക്കേണ്ടതായോ ധനസഹായം തേടേണ്ടതായോ വന്നിട്ടില്ല. ഞങ്ങൾ മുട്ടയും കോഴിയിറച്ചിയും ഭക്ഷിച്ചു. കോഴിയുടെ എല്ലു പൊടിച്ച് പന്നികൾക്കു തീററയായി നൽകി.
“പിന്നീട് എലനോർ ലൂസോവെൽററിന്റെ സുഹൃത്തായി മാറിയ ഞാൻ ഹ്യൂബെർട്ട് ഹംഫ്രീയുമായി വളരെ അടുപ്പത്തിലായി. അധികവും വെള്ളക്കാർ പാർത്തിരുന്ന സെൻറ് പോളിലെ മുഖ്യ ബിസിനസ് മേഖലയിൽ താമസിക്കാൻ വലിയൊരു കെട്ടിടം വാങ്ങുന്നതിനു മിസ്ററർ ഹംഫ്രീ എന്നെ സഹായിച്ചു. സ്ഥാവരവസ്തു ഏജൻറ് തന്റെ ജീവൻ അപകടത്തിലായേക്കുമെന്നു ഭയപ്പെട്ടിരുന്നു. അതുകൊണ്ട് 12 മാസത്തേക്ക് അവിടെ വന്നു താമസിക്കരുതെന്ന് അയാൾ എന്നെക്കൊണ്ട് വാക്കു കൊടുപ്പിച്ചു.”
എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ്
“എനിക്കൊരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഗതി 1958-ൽ ഉണ്ടായി. ഒററ രാത്രി തങ്ങാൻ ഒരിടം അന്വേഷിച്ച് രണ്ടു വെള്ളക്കാരും ഒരു കറുത്തവർഗക്കാരനും എന്റെ അടുക്കൽ വന്നു. എന്നെ നിയമക്കുരുക്കിലാക്കാനുള്ള ഒരു സൂത്രമായിരിക്കും അതെന്നാണു ഞാൻ വിചാരിച്ചത്. അതുകൊണ്ട് അനേകം മണിക്കൂറുകൾ ഞാനവരെ ഇൻറർവ്യൂ ചെയ്തു. യഹോവയുടെ സാക്ഷികളായിരുന്ന അവർ ന്യൂയോർക്കിൽ നടക്കുന്ന ഒരു കൺവെൻഷനിൽ പങ്കെടുക്കാൻ വളരെ അകലെനിന്നു വന്നവരായിരുന്നു. മേലാൽ യാതൊരു മുൻവിധിയും ഉണ്ടായിരിക്കുകയില്ലാത്ത ഒരു പറുദീസാ ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ വാഗ്ദത്തത്തെക്കുറിച്ച്, മനുഷ്യസാഹോദര്യത്തെക്കുറിച്ച്, ബൈബിളിനു പറയാനുള്ളത് അവർ എനിക്കു കാട്ടിത്തന്നു. ‘ഞാനീ വർഷങ്ങളിലെല്ലാം തേടിക്കൊണ്ടിരുന്നത് അവരുടെ പക്കലുണ്ടായിരിക്കുമോ?’ എന്നു ഞാൻ ചിന്തിച്ചു. അവർ അവകാശപ്പെട്ടതു ശരിയാണെന്ന് എനിക്കു തോന്നി—സഹോദരങ്ങൾ. രാത്രിയിൽ വെവ്വേറെ സ്ഥലങ്ങളിൽ താമസിക്കാൻ അവർ ആഗ്രഹിച്ചില്ല.
“പിന്നീട്, കുറെക്കാലത്തിനുശേഷം എന്റെ വാടകക്കാരിൽ ഒരാളെ ഞാൻ സന്ദർശിച്ചു. അവൾ മരിക്കാറായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. പേര് മിന്നി. അവൾക്കു വേണ്ടി എനിക്ക് എന്തു ചെയ്യാൻ കഴിയുമെന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞു: ‘അവിടെയിരിക്കുന്ന ആ ചെറിയ നീലപ്പുസ്തകത്തിൽനിന്നു ദയവായി എന്നെ വായിച്ചുകേൾപ്പിച്ചാൽ മതി.’ അതു യഹോവയുടെ സാക്ഷികൾ വിതരണം ചെയ്തിരുന്ന നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകമായിരുന്നു. ഓരോ പ്രാവശ്യം സന്ദർശിച്ചപ്പോഴും ഞാൻ ആ പുസ്തകം കൂടുതൽക്കൂടുതൽ വായിച്ചു. ഒരു ദിവസം മിന്നി മരിച്ചു. അവൾ താമസിച്ചിരുന്ന വീട്ടിൽ ഞാൻ ചെന്നപ്പോൾ ഒരു വെള്ളക്കാരിയെ അവിടെ കണ്ടു. അവരുടെ പേര് ഡെയ്സി ഗെർക്കൻ എന്നായിരുന്നു. അവർ ഏതാണ്ട് പൂർണമായിത്തന്നെ അന്ധയായിരുന്നു. മിന്നിയോടൊത്ത് അവർ ഈ നീലപ്പുസ്തകം പഠിച്ചിരുന്നുവെന്ന് എന്നോടു പറഞ്ഞു. മിന്നിയുടെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാൻ ആഗ്രഹിക്കുന്നുവോ എന്ന് ഡെയ്സി എന്നോടു ചോദിച്ചു. ‘അവളുടെ ബൈബിളും ആ ചെറിയ നീലപ്പുസ്തകവും,’ ഞാൻ പറഞ്ഞു.
“ആ നീലപ്പുസ്തകത്തിലുള്ളതനുസരിച്ചു ജീവിച്ചാൽ, എന്റെ ആളുകൾക്കു വേണ്ടിയുള്ള പ്രവർത്തനം നിർത്തേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. മൂല്യമുള്ളതെന്ന് എനിക്കു തോന്നിയ ഒട്ടുവളരെ കാര്യങ്ങൾ ഉണ്ടായിരുന്നു. അവയെല്ലാം വിശദീകരിക്കാൻ എനിക്കാവില്ല. തീവണ്ടിയിലെ ചുമട്ടുതൊഴിലാളികൾക്കു വേണ്ടി ഞാൻ ഒരു യൂണിയൻ സംഘടിപ്പിച്ചു. കോടതിയുദ്ധങ്ങളിലൂടെ ചിലർക്കു വേണ്ടി പൗരാവകാശങ്ങൾ നേടിയെടുത്തു. ഒരേ സമയത്തുതന്നെ പട്ടണത്തിന്റെ പല ഭാഗങ്ങളിലായി ചിലപ്പോൾ ഞാൻ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്റെ ആൾക്കാർ നിയമം ലംഘിക്കുന്നില്ലെന്ന് എനിക്ക് ഉറപ്പു വരുത്തേണ്ടിയിരുന്നു. എന്നാൽ അവർ നിയമം ലംഘിച്ചപ്പോൾ അവരെ ജയിലിൽനിന്ന് ഞാൻ ഇറക്കിക്കൊണ്ടുവരേണ്ടിയിരുന്നു. സാമൂഹികസേവനം അനുഷ്ഠിച്ചിരുന്ന ഏതാണ്ട് 10 ക്ലബുകളിൽ ഞാൻ അംഗമായിരുന്നു.
“അതുകൊണ്ട് മരണശേഷമുള്ള ഒരു ജീവിതത്തെക്കുറിച്ച് ഉത്കണ്ഠപ്പെടേണ്ടതില്ലെന്നു ഞാൻ വിചാരിച്ചു. എന്റെ ആൾക്കാർ കഷ്ടപ്പാട് അനുഭവിച്ചിരുന്നത് ഈ സമയത്താണ്! എൻഎഎസിപിയിൽ എനിക്കു ധാരാളം സ്ററാഫംഗങ്ങളുണ്ടായിരുന്നു. അക്കൂട്ടത്തിൽ വെള്ളക്കാരിയായ ഒരു സെക്രട്ടറിയും. 1937 മുതൽ 1959 വരെ സെൻറ് പോളിലെ എൻഎഎസിപിയുടെ വൈസ് പ്രസിഡൻറായും 1959 മുതൽ 1962 വരെ അതിന്റെ പ്രസിഡൻറായും ഞാൻ സേവനമനുഷ്ഠിച്ചു. നാലു സംസ്ഥാനങ്ങളെ ഞാൻ ഒരു കോൺഫറൻസിൽ കൂട്ടിവരുത്തുകയും അങ്ങനെ അവസാനം സെൻറ് പോളിൽ എൻഎഎസിപിയുടെ അതിന്റെ അവസാനത്തെ ദേശീയ സമ്മേളനം നടത്തുന്നതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. അനേകം പോരാട്ടങ്ങൾ നടത്തേണ്ടിവന്നു. ഓരോന്നും ഓരോ കഥയാണ്. 1962-ൽ എന്റെ 70-ാമത്തെ വയസ്സിൽ ഞാൻ ജോലിയിൽനിന്നു വിരമിക്കുന്നതിനു മുമ്പ് പ്രസിഡൻറ് ജോൺ എഫ്. കെന്നഡിയെ ചെന്നു കണ്ടു. ഖേദകരമെന്നു പറയട്ടെ, അക്കാലത്ത് എന്റെ സ്വന്തം മാർഗത്തിൽ നീതി കൊണ്ടുവരാൻ ഞാൻ തീവ്രശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു, അതുകൊണ്ട് ദൈവത്തിന്റെ മാർഗത്തെക്കുറിച്ചു പഠിക്കാൻ ഞാൻ സമയം കണ്ടെത്തിയില്ല.”
ഒടുവിൽ സാമൂഹികനീതി നേടാനുള്ള ഒരേ ഒരു മാർഗം കണ്ടെത്തുന്നു
“ഡെയ്സി ഗെർക്കെനും ഞാനും ഫോണിലൂടെ സദാ സമ്പർക്കം പുലർത്തിയിരുന്നു. എല്ലാ വർഷവും അവർ എന്നെ കാണാൻ വരുമായിരുന്നു. അരിസോണയിലെ ടൂസോനിലേക്കു പോയി അധികം താമസിയാതെ എനിക്കുണ്ടായിരുന്ന വീക്ഷാഗോപുരത്തിന്റെ ദാനവരിസംഖ്യയുടെ കാലാവധി തീർന്നുപോയി. മുട്ടിനു സുഖമില്ലാതായതിനാൽ ഞാൻ വീട്ടിൽത്തന്നെ കഴിഞ്ഞു. അതുകൊണ്ട് അഡൽ സെമോനിയാൻ എന്ന ഒരു യഹോവയുടെ സാക്ഷി വീട്ടിൽ വന്നപ്പോൾ ഭാഗ്യവശാൽ ഞാനവിടെ ഉണ്ടായിരുന്നു. ഞങ്ങളൊന്നിച്ചു ബൈബിൾ പഠിക്കാൻ തുടങ്ങി. ഒടുവിൽ സത്യം എനിക്കു ശരിക്കും ബോധ്യപ്പെട്ടു. എന്റെ ആളുകളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് യഥാർഥത്തിൽ ‘അവർക്ക് ഉന്നമനം വരുത്താൻ’ എനിക്കാവില്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. പ്രശ്നം മിസ്ററർ നീലിയെക്കാൾ വലുതായിരുന്നു. തെക്കൻ സംസ്ഥാനത്തെക്കാൾ വലുതായിരുന്നു. ഐക്യനാടുകളെക്കാൾ വലുതായിരുന്നു. വാസ്തവത്തിൽ ലോകത്തെക്കാൾതന്നെ വലുത്.
“അതൊരു സാർവത്രിക ചോദ്യമാണ്. ലോകത്തെ ഭരിക്കാനുള്ള അവകാശം ആർക്കാണുള്ളത്? മനുഷ്യനോ? ദൈവത്തിന്റെ ശത്രുവായ പിശാചിനോ? അതോ സ്രഷ്ടാവിനോ? തീർച്ചയായും, സ്രഷ്ടാവിനുതന്നെ! ഒരിക്കൽ ഈ പ്രശ്നം പരിഹരിച്ചുകഴിഞ്ഞാൽ ഞാൻ എന്റെ ജീവിതകാലമെല്ലാം പോരാടിക്കൊണ്ടിരുന്ന സാമൂഹിക അനീതിയുടെ എല്ലാ ലക്ഷണങ്ങളും തിരോഭവിക്കും. നീഗ്രോയ്ക്കോ വെള്ളക്കാരനോ വേണ്ടി ഞാൻ ചെയ്തത് എന്തുതന്നെ ആയിരുന്നാലും, നാം ഇപ്പോഴും വാർധക്യം പ്രാപിച്ചു മരിക്കുന്നു. എല്ലാവർക്കും സാമൂഹികനീതി നൽകിക്കൊണ്ട് ദൈവം ഭൂമിയെ ഒരു പറുദീസയാക്കും. ഭൂമിയിൽ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചതിലുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നിവൃത്തിയാക്കിക്കൊണ്ട് എന്നേക്കും ജീവിച്ചിരിക്കാനും സസ്യമൃഗാദികളെ പരിപാലിക്കാനും അയൽവാസിയെ തന്നെപ്പോലെതന്നെ സ്നേഹിക്കാനും കഴിയുമെന്ന പ്രതീക്ഷയിൽ ഞാൻ അതിരററ ആഹ്ലാദമുള്ളവളായിരുന്നു. (സങ്കീർത്തനം 37:9-11, 29; യെശയ്യാവു 45:18) സ്വർഗത്തിൽ പോയി പാലും തേനും കഴിച്ചു ജീവിക്കുകയോ വിശന്നു മരിക്കുകയോ ചെയ്യേണ്ടതില്ലെന്നു പഠിച്ചതിലും ഞാൻ പുളകിതയായി!
“തെററായ ഒരു ഉറവിൽനിന്നു സാമൂഹികനീതി അന്വേഷിച്ചുകൊണ്ട് എന്റെ ജീവിതത്തിന്റെ ഏറിയഭാഗവും ചെലവഴിച്ചതിൽ എനിക്ക് അൽപ്പം വ്യസനമുണ്ട്. എന്റെ യുവത്വത്തിലെ ഊർജം യഹോവക്കു കൊടുക്കാൻ ഞാൻ ഇഷ്ടപ്പെടുമായിരുന്നു. വാസ്തവത്തിൽ മററാളുകളെ സഹായിച്ചുകൊണ്ട് ഞാൻ അങ്ങനെ ചെയ്യുകയാണെന്നാണു കരുതിയത്. ഞാൻ ഇപ്പോഴും ആളുകളെ സഹായിക്കുന്നുണ്ട്, എന്നാൽ ഇപ്പോൾ നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ നൽകപ്പെട്ടിട്ടുള്ള ഒരേ ഒരു നാമമായ യേശുക്രിസ്തുവിൻ കീഴിലെ ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശയിലേക്ക് ആളുകളെ തിരിച്ചുവിട്ടുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. (മത്തായി 12:21; 24:14; വെളിപ്പാടു 21:3-5) കൈ അടച്ചുപിടിച്ചുകൊണ്ട് പിതാവ് ഇങ്ങനെ പറയുമായിരുന്നു: ‘നിന്റെ കൈ അടച്ചുപിടിച്ചാൽ യാതൊന്നും അകത്തു കടക്കുകയുമില്ല, പുറത്തു വരികയുമില്ല.’ എന്റെ കൈ തുറന്ന് മററുള്ളവരെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
“87-ാമത്തെ വയസ്സിൽ യഹോവയുടെ സാക്ഷികളിൽ ഒരാളായി ഞാൻ സ്നാപനമേററു. എന്റെ കാലം ചുരുങ്ങിയിരിക്കുന്നതുകൊണ്ട് എനിക്കു മന്ദീഭവിക്കാനാവില്ല. ഞാനിപ്പോഴും ഊർജസ്വലയാണ്, എന്നാൽ പഴയതുപോലെ പററുന്നില്ല. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഒരുപക്ഷേ രണ്ടു സഭായോഗങ്ങൾ ഞാൻ മുടക്കിയിട്ടുണ്ടാവും. എന്റെ കുടുംബാംഗങ്ങൾ പുനരുത്ഥാനം ചെയ്യുമ്പോൾ എനിക്കാവതെല്ലാം അവരെ പഠിപ്പിക്കാൻ ഒട്ടേറെ കാര്യങ്ങൾ ഞാൻ പഠിക്കേണ്ടതുണ്ട്. മാസംതോറും 20-നും 30-നും ഇടയ്ക്കു മണിക്കൂറുകൾ ഞാൻ വയൽസേവനത്തിൽ ചെലവിടുന്നുണ്ട്, അഡലിന്റെ സഹായത്തോടെ.
“ഇപ്പോൾ ഞാനീ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ ജീവിതത്തിലെ പ്രസക്ത സംഗതികളാണ്. എല്ലാ കാര്യങ്ങളും നിങ്ങളോടു പറയാൻ എനിക്കായില്ല. അതിന് ആഴ്ചകളോളം ഈ തടിയിൻമേലിരുന്ന് സംസാരിക്കേണ്ടതായി വരും.”
അപ്പോൾ ഒരു ജലസർപ്പം ഒരു മരത്തടിയിലൂടെ ഇഴഞ്ഞുവരുന്നതു കണ്ട ആഡി വിളിച്ചുപറഞ്ഞു: “ആ പാമ്പ് എവിടെന്നാണ് വന്നത്?” തന്റെ ചൂണ്ടക്കോലും മീൻകോർമ്പലും എടുത്തുകൊണ്ട് പെട്ടെന്ന് അവർ സ്ഥലം വിട്ടു. ആ അഭിമുഖം അവിടെ അവസാനിച്ചു.—ആഡി ക്ലിൻറൺ ഫ്യൂ ഒരു “ഉണരുക!” റിപ്പോർട്ടറോടു പറഞ്ഞപ്രകാരം. ഈ അഭിമുഖം നടത്തി അധികനാൾ കഴിയുന്നതിനു മുമ്പ് ആഡി 97-ാമത്തെ വയസ്സിൽ നിര്യാതയായി.