ഞങ്ങളുടെ വായനക്കാരിൽ നിന്ന്
പ്രായംചെന്ന മാതാപിതാക്കൾ എന്റെ അമ്മായിയപ്പൻ തീരെ കിടപ്പിലാണ്. എല്ലാം ചെയ്തുകൊടുക്കേണ്ട നിലയിലാണ് അദ്ദേഹം. മാനസികമായും ശാരീരികമായും വിഷമിക്കുമ്പോൾ ചിലപ്പോഴൊക്കെ ഞാൻ ക്ഷമ കെട്ട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അവയെക്കുറിച്ചു പിന്നീട് ഞാൻ ഖേദിച്ചിട്ടുണ്ട്. അതുകൊണ്ട് “പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിന്റെ വെല്ലുവിളി,” (ഫെബ്രുവരി 8, 1994, ഇംഗ്ലീഷ്) എന്ന വിഷയം സംബന്ധിച്ച ലേഖനങ്ങൾ വായിച്ചപ്പോൾ എനിക്ക് എന്റെ ഹൃദയം പൊട്ടിപ്പോകുന്നതുപോലെ തോന്നി! ഈ വിവരം തയ്യാർചെയ്തതിന് നിങ്ങൾക്ക് എന്റെ അഗാധമായ നന്ദി. ഞാൻ എന്റെ കടമകൾ നിർവഹിക്കുന്നതിൽ തുടരവേ ഈ ലേഖനങ്ങൾ എന്നെ പിന്തുണയ്ക്കും.
ററി. എച്ച്., ജപ്പാൻ
എനിക്ക് 16 വയസ്സുണ്ട്. എന്റെ വല്യമ്മക്ക് ഇപ്പോൾ 24 മണിക്കൂറും ശ്രദ്ധ ആവശ്യമായിരിക്കയാണ്. 160 കിലോമീററർ അകലെയാണ് വല്യമ്മയുടെ താമസം. അങ്ങനെ എന്റെ കുടുംബത്തിന് വലിയൊരു ഉത്തരവാദിത്വമായിരിക്കുകയാണ്. അതുകൊണ്ട് ഈ ലേഖനങ്ങൾക്കു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവ വളരെ കെട്ടുപണിചെയ്യുന്നവയായിരുന്നു.
എം. ആർ., ഐക്യനാടുകൾ
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്ന ഒരു സാമൂഹിക സേവന ഏജൻസിക്കുവേണ്ടി പ്രവർത്തിക്കുകയാണ് ഞാൻ. സാധാരണമായി ഞാൻ ഏതു ബൈബിളധിഷ്ഠിത സാഹിത്യം കൊടുത്താലും എന്റെ സഹജോലിക്കാർ അവ നിരസിക്കുകയാണു പതിവ്. എന്നാൽ അടുത്തകാലത്തു നടന്ന ജോലിക്കാരുടെ ഒരു യോഗത്തിൽ ഞാൻ ഓരോരുത്തർക്കും ആ ലക്കത്തിന്റെ ഓരോ കോപ്പി കൊടുത്തു. എല്ലാവരും അതു സ്വീകരിച്ചു! ഒരു ജോലിക്കാരി തന്റെ സീററിലിരുന്ന് വായിക്കുന്നതു ഞാൻ കാണുകയും ചെയ്തു.
ബി. എച്ച്., ഐക്യനാടുകൾ
സംരക്ഷണം കൊടുക്കുന്നതിനുവേണ്ടി ഒരു ജഡിക സഹോദരനോടോ സഹോദരിയോടോ നേരിട്ടു സഹായം ചോദിക്കാൻ നിങ്ങൾ നിർദേശിച്ചു. ചോദിച്ചാൽ ആരും നിഷേധിക്കുകയില്ലെന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ ഞാൻ ഒന്നു പറയട്ടെ, പത്തു വർഷമായി ഞാൻ എന്റെ മാതാപിതാക്കളെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ എന്റെ ഉടപ്പിറന്നോരോടു സഹായം ചോദിച്ചപ്പോൾ അവർ അതിനു തയ്യാറായില്ല. കരുതലില്ലാത്ത, ഒരു തണുപ്പൻ ലോകത്തിലാണു നാം ജീവിക്കുന്നത്. മാതാപിതാക്കളെ സംരക്ഷിക്കുന്നത് ഒരു ജോലിയല്ല, പിന്നെയോ ഒരു പദവിയാണ് എന്ന് ആളുകൾ ഒന്നു തിരിച്ചറിഞ്ഞിരുന്നെങ്കിൽ എന്നാണ് എന്റെ ഒരേ ഒരു ആഗ്രഹം!
എം. ഡി., ഐക്യനാടുകൾ
കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നതു ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഒരു കടപ്പാടാണെന്ന് തിരുവെഴുത്തുകൾ പറയുന്നു. “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കള”ഞ്ഞിരിക്കുന്നു. (1 തിമൊഥെയൊസ് 5:8)—പത്രാധിപർ
തനിക്കും തന്റെ ഇണയ്ക്കും വേണ്ടി സമയം കണ്ടെത്തുക എന്ന ബുദ്ധ്യുപദേശം ഞാൻ യഥാർഥത്തിൽ വിലമതിച്ചു. ഭർത്താവുമൊത്തോ എന്റെ സ്വന്തം കാര്യങ്ങൾക്കുവേണ്ടിയോ സമയം ചെലവഴിക്കുന്നതിനെക്കാൾ പ്രധാനം ഞങ്ങളുടെ മാതാപിതാക്കളുടെ സംരക്ഷണമാണ് എന്നു വിചാരിച്ചുകൊണ്ട് കഴിഞ്ഞ കാലമെല്ലാം ഞാൻ ഇതു ചെയ്യുന്നതിൽ പരാജയപ്പെട്ടു. എന്നാൽ ഈ ബുദ്ധ്യുപദേശം എത്ര ജ്ഞാനപൂർവകമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ കാര്യത്തിൽ ഞാൻ കൂടുതൽ സമനില കൈവരിക്കാൻ ശ്രമിക്കാൻ പോകുകയാണ്.
എം. ഒ., ഐക്യനാടുകൾ
മാററം എനിക്ക് 14 വയസ്സു പ്രായമുണ്ട്. “യുവജനങ്ങൾ ചോദിക്കുന്നു . . . ഞങ്ങൾ മറെറാരു സ്ഥലത്തേക്കു പോകേണ്ടതെന്തുകൊണ്ട്?” (ഫെബ്രുവരി 22, 1994, ഇംഗ്ലീഷ്) എന്ന ലേഖനത്തിനു നിങ്ങൾക്കു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഒമ്പതു വയസ്സുണ്ടായിരുന്നപ്പോൾ ഒരു സഭാമൂപ്പനായ എന്റെ ഡാഡിയോട് അടുത്ത ഒരു സഭയിലേക്കു മാറാൻ ആവശ്യപ്പെട്ടു. ഇപ്പോൾ ഞങ്ങൾ നാലു വർഷത്തിലധികമായി ആ സഭയിലാണ്. ഞങ്ങൾ ഈ സഭയെ വളരെയധികം സ്നേഹിക്കുന്നു. ഇപ്പോൾ എന്റെ ഡാഡിയോട് മറെറാരു സഭയിലേക്കു മാറാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഞങ്ങളോട് പോകാൻ ആവശ്യപ്പെട്ട ദിവസം തന്നെയാണ് ഈ മാസികയും കിട്ടിയത്. പ്രശ്നങ്ങളെ മെച്ചമായി തരണം ചെയ്യുന്നതിന് ഇത് എന്നെയും എന്റെ സഹോദരനെയും സഹായിച്ചു. മറെറാരു സ്ഥലത്തേക്കു പോകാനായി ഞങ്ങളോട് ആവശ്യപ്പെടുന്നത് ഒരു പദവിയാണ്. എന്നാൽ ഞങ്ങൾ സ്നേഹിച്ചുപോയ എല്ലാവരെയും വിട്ടുപോകുന്നത് ഒരു വല്ലാത്ത ബുദ്ധിമുട്ടുമാണ്.
എൽ. ബി., ഇംഗ്ലണ്ട്
വർഗീയത “എല്ലാ വർഗങ്ങളും എന്നെങ്കിലും ഒന്നിക്കുമോ?” എന്ന പരമ്പരയോടുകൂടിയ ഡിസംബർ 8, 1993, ലക്കം വായിക്കാനുള്ള നല്ല അവസരം എനിക്ക് ഈയിടെ കിട്ടി. ഈ സങ്കീർണ പ്രശ്നത്തെ സംബന്ധിച്ചുള്ള നിങ്ങളുടെ നിഷ്പക്ഷവും ഉൾക്കാഴ്ചയോടുകൂടിയതുമായ ഗ്രാഹ്യത്തിൽ എനിക്ക് അത്ഭുതവും വിലമതിപ്പും ഉണ്ടായി. ഞാൻ ചരിത്ര വിഷയത്തിൽ ഒരു കോളെജ് കോഴ്സ് അടുത്തകാലത്ത് പൂർത്തിയാക്കിയതേയുള്ളൂ. പക്ഷേ വെറും ഒമ്പതു താളുകൾകൊണ്ട് നിങ്ങളുടെ മാസിക ഒരു സംക്ഷിപ്ത ചരിത്രവും വിശദീകരണവും പ്രതിവിധിയും അവതരിപ്പിച്ചു! അത് കോളെജിലെ ഒരു സെമസ്റററിലെ എല്ലാ പാഠപുസ്തകങ്ങളെയും പ്രഭാഷണങ്ങളെയും വെല്ലുന്നതായിരുന്നു.
ആർ. ജെ., ഐക്യനാടുകൾ