ടിവി ഇല്ലെങ്കിൽ കുടുംബജീവിതം ഏറെ സന്തുഷ്ടമായിരിക്കുമോ?
ഈ വർഷം ഫെബ്രുവരിയിൽ ദ വാൾസ്ട്രീററ് ജേർണൽ “ടിവിയില്ലാതെ: ചില കുടുംബങ്ങൾ ടിവി കൂടാതെ തഴച്ചുവളരുന്നു” എന്ന ശീർഷകത്തിലുള്ള ലേഖനം വിശേഷവത്കരിച്ചു. ആ പത്രം ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “ടിവി കാഴ്ച എന്നേക്കുമായി നിർത്തുന്ന താരതമ്യേന ചുരുക്കം ചില അമേരിക്കൻ കുടുംബങ്ങളുടെ ജീവിതം ടിവി കൂടാതെതന്നെ സന്തുഷ്ടമായി പോകുന്നു.”
റോജർ ബാനിസ്ററർ ആദ്യമായി ഒരു മൈൽ ദൂരം നാലു മിനിററിൽ കുറഞ്ഞ സമയംകൊണ്ട് ഓടിത്തീർത്തതിന്റെ 40-ാം വാർഷികം ആഘോഷിക്കാൻ അടുത്തയിടെ കൂടിവന്ന ഒരു പുനഃസംഗമത്തിൽ കുടുംബത്തിന്റെ മേൽ ടെലിവിഷനുളവാക്കുന്ന ഫലത്തെക്കുറിച്ചും ചർച്ച ചെയ്യപ്പെടുകയുണ്ടായി. 1960-കളിലെ ഒരു മൈലോട്ട ചാമ്പ്യനായ ജിം റിയുണിന്റെ അഭിപ്രായപ്രകാരം, 1968-ലെ ഒളിമ്പിക്സിനു മുമ്പ് റോജറുമായി പങ്കുവെച്ച ഒരു ഡിന്നറിന്റെ സമയത്ത് ഈ വിഷയം പൊന്തിവന്നിരുന്നു.
റിയുൺ വിശദീകരിച്ചു: “അന്ന് എന്റെയും ഭാര്യ ആനിന്റെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അതുകൊണ്ട്, വാസ്തവത്തിൽ തങ്ങളുടെ കുടുംബജീവിതത്തിന്റെ ഗുണത്തെ മെച്ചപ്പെടുത്തിയ ഒരു സംഗതി താൻ കണ്ടെത്തിയതായി റോജർ ഞങ്ങളോടു പറഞ്ഞു. ഞങ്ങൾ തീർച്ചയായും ചെവി കൂർപ്പിച്ച് കേട്ടിരുന്നു. ഒരു കുടുംബമെന്ന നിലയിൽ ഒത്തൊരുമിച്ച് സംസാരിക്കുന്നതിനും വായിക്കുന്നതിനും സമയം ഉണ്ടായിരിക്കുന്നതിനു ടെലിവിഷൻ താൻ വീട്ടിൽനിന്നു നീക്കം ചെയ്യുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.”
റിയുൺ ഇപ്രകാരം വിവരിച്ചു: “അദ്ദേഹം പറഞ്ഞ കാര്യത്തിന് ഞങ്ങളുടെമേൽ ഒരു വലിയ സ്വാധീനമുണ്ടായിരുന്നു. ‘ഞങ്ങൾക്ക് വാസ്തവത്തിൽ ടിവിയുടെ ആവശ്യമില്ല’ എന്നു ഞങ്ങൾ മനസ്സിലാക്കാൻ തുടങ്ങി.”
അനേകമാളുകൾ അതേ നിഗമനത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. എന്തുകൊണ്ട്? ടിവിയുടെ മാസ്മരസ്വാധീനം നിമിത്തം, പ്രത്യേകിച്ചും ചെറുപ്പക്കാരുടെമേൽ. യു.എസ്.എ.യിലെ മേരിലാൻഡിലുള്ള ഒരു മാതാവ് പറയുന്നതനുസരിച്ച്, ടിവിയുടെ മുമ്പിലിരുന്ന് കുട്ടിക്ക് മുല കൊടുക്കുമ്പോൾ കുട്ടി “പെട്ടെന്ന് തല വെട്ടിച്ച് ടിവി സ്ക്രീനിലേക്കു തുറിച്ചുനോക്കുമായിരുന്നു. ആ പ്രായത്തിൽ അവൾ അങ്ങനെ ചെയ്താൽ വലുതാകുമ്പോൾ അവൾ എന്തു ചെയ്യുമെന്നു ഞങ്ങൾ വിചാരിച്ചു.” അതുകൊണ്ട് ആ കുടുംബം ടിവി വേണ്ടെന്നു വെച്ചു.
നിങ്ങൾ ടിവി പൂർണമായും ഒഴിവാക്കുന്നില്ലെങ്കിൽ, അതിന്റെ ഉപയോഗം നിയന്ത്രിക്കുന്നത് നല്ലതായിരിക്കില്ലേ? ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിററിയിലെ പഠനത്തിന് റോഡിസ് സ്കോളർഷിപ്പ് ലഭിച്ച ആദ്യത്തെ കറുത്തവർഗക്കാരി കാരെൻ സ്ററീവൻസൺ തന്റെ പൂർവ ജീവിതത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: “വാരത്തിലെ ഇടദിവസങ്ങളിൽ ടിവി കാണാൻ അനുവദിച്ചിരുന്നില്ല. പ്രത്യേകമായി കാണാൻ ഞങ്ങൾ ആഗ്രഹിച്ച എന്തെങ്കിലുമുണ്ടായിരുന്നെങ്കിൽ . . . , ഞങ്ങൾ തലേ ഞായറാഴ്ച അതിനെക്കുറിച്ച് [മമ്മിയോട്] പറഞ്ഞിട്ട് അതിനു വേണ്ടി ക്രമീകരിക്കണമായിരുന്നു.”
നിങ്ങളുടെ കുടുംബത്തിലെ ടിവി കാഴ്ച സംബന്ധിച്ചെന്ത്? അതു പൂർണമായി ഒഴിവാക്കുന്നതിന്റെ അല്ലെങ്കിൽ അതു കുറച്ചു സമയത്തേക്കായി പരിമിതപ്പെടുത്തേണ്ടതിന്റെ മൂല്യം നിങ്ങൾ കാണുന്നുണ്ടോ?