“പുകവലി നാററിക്കുന്നു”
സമീപ വർഷങ്ങളിൽ കാലിഫോർണിയയിലെ ആരോഗ്യസേവന വിഭാഗം പുകവലിക്കെതിരെ ഒരു സമഗ്ര വിദ്യാഭ്യാസ പരിപാടി ഏറെറടുത്തു നടത്തിയിരിക്കുകയാണ്. സന്ദേശം ഹ്രസ്വവും നേരിട്ടുള്ളതുമാണ്, അത് സ്റേറററിലുടനീളമുള്ള പരസ്യബോർഡുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആ സന്ദേശങ്ങളിൽ ചിലത് എന്തൊക്കെയാണ്? “പുകവലിക്കാർ ആസക്തരാണ്. പുകയിലക്കമ്പനികൾ നിയമവിരുദ്ധമായ വ്യാപാരത്തിൽ ഏർപ്പെടുന്നു. പുകവലി നാററിക്കുന്നു.” “പുകവലിക്കാർ ഊതിവിടുന്ന പുകനിമിത്തം ഈ വർഷം 50,000 പേർ മൃതിയടയും. പുകവലി നാററിക്കുന്നു.” ഒരു സിഗരററ് പാക്കററിന്റെ പടത്തിനു കീഴിൽ മറെറാരു സന്ദേശം ഇങ്ങനെ പറയുന്നു, “ഇപ്പോൾ വാങ്ങുക, വില പിന്നെ കൊടുക്കുക.” തീർച്ചയായും നിങ്ങളുടെ ജീവൻ ഒടുക്കിക്കൊണ്ട്. സ്പാനിഷിലുള്ള ഒരു എഴുത്തുപലക ഇങ്ങനെ പ്രസ്താവിക്കുന്നു: “മി മ്യൂറോ പോർ ഫ്യൂമാർ.” അതു വാക്കുകൾക്കൊണ്ടുള്ള ഒരു കളിയാണ്. അർഥം ഇങ്ങനെയും, “പുകവലിച്ചില്ലെങ്കിൽ ഞാൻ മരിച്ചുപോകും” അല്ലെങ്കിൽ, “പുകവലി നിമിത്തം ഞാൻ മരിക്കുകയാണ്.” തലയോട്ടിയുടെയും മുഖത്തിന്റെയും പകുതിവീതം കൊടുത്തിരിക്കുന്ന ഒരു ഫോട്ടോ ആ ആശയം വളരെ വ്യക്തമാക്കുന്നു.
പുകയിലയിലേക്കും നിക്കോട്ടിനിലേക്കും തിരിയുന്നതിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കാൻ ചില രാജ്യങ്ങളിൽ ഉപയോഗിക്കുന്ന മറെറാരു മാർഗം “മരണം” എന്നു പേരുള്ള ഒരു പുതിയതരം സിഗരററാണ്. കറുത്ത നിറമുള്ള പായ്ക്കററിൽ ഒരു തലയോട്ടിയുടെയും വിലങ്ങനെ വെച്ചിരിക്കുന്ന അസ്ഥികളുടെയും ഒരു പ്രതീകമുണ്ട്, അതിൽ ഇങ്ങനെ ഒരു സന്ദേശവും എഴുതിയിരിക്കുന്നു: “സിഗരററ് ആസക്തിയുളവാക്കുന്നതും ശക്തി ക്ഷയിപ്പിക്കുന്നതുമാണ്. നിങ്ങൾ പുകവലിക്കാത്ത ആളാണെങ്കിൽ വലിച്ചുതുടങ്ങരുത്. പുകവലിക്കുന്ന ആളാണെങ്കിൽ അതു നിർത്തുക.”
പരസ്യബോർഡ് ഉപയോഗിച്ചുകൊണ്ടുള്ള ഈ ഷോക്ക് ചികിത്സയുടെ മററു തന്ത്രങ്ങൾക്കു പുകവലിക്കുന്നവരുടെമേൽ എന്തെങ്കിലും ഫലമുണ്ടോ എന്നു പറയുക പ്രയാസമാണ്. എന്നിരുന്നാലും, കഴിഞ്ഞ ആറു വർഷങ്ങളായി “കാലിഫോർണിയയിലെ പുകയില ഉപയോഗം 27 ശതമാനമായി കുറഞ്ഞിട്ടുണ്ട്, അതായത് ദേശീയ ശരാശരിയെക്കാൾ മൂന്നു മടങ്ങ് കുറവ്.” (ദ വാഷിങ്ടൻ പോസ്ററ് നാഷണൽ വീക്ക്ലി എഡിഷൻ) ഈ പോസ്ററർ പ്രചരണം പുകവലി തുടങ്ങാൻ സാധ്യതയുള്ളവരെ പോലും അപകടകരമായ ഈ ശീലത്തിൽനിന്നു പിന്തിരിപ്പിച്ചേക്കാം. തീർച്ചയായും ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവർ അശുദ്ധമായ, സ്വാർഥമായ ഈ ദുർഗുണം ഒഴിവാക്കേണ്ടതുണ്ട്. അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴുതി: “പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കൻമഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.”—2 കൊരിന്ത്യർ 7:1.