നിങ്ങളെ “നിങ്ങൾ” ആക്കുന്നത്
മനുഷ്യ ജീനോം പ്രോജക്ററ് ആരംഭിച്ചതിനു മുമ്പുതന്നെ നമ്മുടെ ജനിതകഘടനയെക്കുറിച്ചു ശാസ്ത്രജ്ഞർ കാര്യമായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ്, നമ്മെ നമ്മളാക്കുന്നതെന്നു ഗവേഷകർ വിശ്വസിക്കുന്ന ഘടകത്തെക്കുറിച്ചുള്ള കണ്ടുപിടിത്തങ്ങൾ ഒന്നൊന്നായി വാർത്തയിൽ വരുമ്പോൾ “ജീനുകൾ,” “ക്രോമോസോമുകൾ,” “ഡിഎൻഎ” തുടങ്ങിയ പദങ്ങൾ വാർത്താറിപ്പോർട്ടുകളിൽ കൂടെക്കൂടെ കാണുന്നത്. മനുഷ്യ ജീനോം പ്രോജക്ററ് ഈ അടിസ്ഥാന കാര്യങ്ങളിൽ ഊന്നിനിന്നുകൊണ്ട് ജനിതകഘടനയെ മുഴുവൻ വായിക്കാനാണ് ഇപ്പോൾ ഉദ്യമിക്കുന്നത്.
ശാസ്ത്രജ്ഞർ ഇത് എങ്ങനെയാണു ചെയ്യുന്നതെന്നു പരിചിന്തിക്കുന്നതിനു മുമ്പ് ഈ മാസികയുടെ 6-ാം പേജിൽ കൊടുത്തിരിക്കുന്ന “നിങ്ങളുടെ ബ്ലൂപ്രിൻറ്” എന്ന ചതുരം ദയവായി വായിക്കുക.
ജീനുകളെ കണ്ടെത്തൽ
മുൻലേഖനത്തിൽ പരാമർശിച്ചതുപോലെ, മനുഷ്യ ജീനോം പ്രോജക്ററിന്റെ പ്രഥമ ലക്ഷ്യം നമ്മുടെ ക്രോമോസോമുകളിൽ ജീനുകൾ എവിടെ സ്ഥിതിചെയ്യുന്നു എന്നു കണ്ടുപിടിക്കുകയാണ്. “ഒരു വിദേശരാജ്യത്തെ അജ്ഞാതമായ ഒരു നഗരത്തിലെ അറിയപ്പെടാത്ത ഒരു തെരുവിൽ മേൽവിലാസമില്ലാത്ത ഒരു വീട്ടിൽ കത്തിക്കരിഞ്ഞ ഒരു ബൾബിനു വേണ്ടിയുള്ള അന്വേഷണ”ത്തോടാണ് ഒരു ജീൻ വേട്ടക്കാരൻ ഇതിനെ ഉപമിക്കുന്നത്. “മേൽവിലാസമോ പേരോ ഇല്ലാതെ ഫോൺ നമ്പർ കണ്ടുപിടിക്കുന്നതു പോലെ ദുഷ്കരമാണ്” ഈ ജോലിയെന്ന് ടൈം മാഗസിൻ അവകാശപ്പെടുന്നു. അപ്പോൾപ്പിന്നെ, ഈ വെല്ലുവിളിയെ ശാസ്ത്രജ്ഞർ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത്?
അറിയപ്പെടുന്ന വിശേഷഗുണങ്ങളും ചാപല്യങ്ങളും സഹിതം അവകാശപ്പെടുത്തുന്ന സ്വഭാവവിശേഷതകളെ നിർണയിക്കുന്ന ജീനുകളെ കണ്ടെത്താൻ ഗവേഷകർ കുടുംബങ്ങളെ പഠിക്കുകയാണ്. ഉദാഹരണത്തിന്, വർണാന്ധത, ഹീമോഫിലിയ, മേലണ്ണാക്കിലെ വിടവ് എന്നിവയ്ക്കു കാരണക്കാരായ ജീനുകളെ അവർ തേടിച്ചെന്ന് നമ്മുടെ ക്രോമോസോമുകളിൽ ഒന്നിന്റെ പ്രതലത്തിൽ അവയെ കണ്ടെത്തിയിരിക്കുന്നു. ഈ ജനിതക-സംബന്ധ ചിത്രം, അങ്ങനെയാണ് അവയെ വിളിക്കുന്നത്, ഒട്ടും കൃത്യതയുള്ളവയല്ല—ജീനിന്റെ സ്ഥാനം ഏതാണ്ട് 50 ലക്ഷം ജീൻബെയ്സ് ജോടികൾക്കുള്ളിലാണെന്നു മാത്രമേ അവ സൂചിപ്പിക്കുന്നുള്ളൂ.
കൂടുതൽ കൃത്യതയ്ക്കു വേണ്ടി ഒരു അക്ഷരീയ ചിത്രം സമാഹരിക്കാൻ ശാസ്ത്രജ്ഞർ ഉദ്ദേശിക്കുകയാണ്. അവർ ഡിഎൻഎ-യുടെ പകർപ്പുകൾ തോന്നിയ വലിപ്പത്തിൽ തുണ്ടുകളായി മുറിക്കുന്നു, എന്നിട്ടവർ മററു ജീനുകളെ കണ്ടെത്താൻ കഴിയുന്ന പ്രബല ജീനുകൾക്കു വേണ്ടി സർവേ നടത്തുന്നു, ഇതാണ് ഒരു രീതി. തുണ്ടുകളുടെ എണ്ണം കൂടുന്തോറും തീർച്ചയായും അവയെ തരംതിരിക്കുക കൂടുതൽ ദുഷ്കരമാകുന്നു. ഓരോ ഡിഎൻഎ തുണ്ടിനെയും, വ്യക്തമായി തരംതിരിച്ചിട്ടുള്ള ഒരു ലൈബ്രറി ഷെൽഫിലെ ഒരു പുസ്തകത്തോടു താരതമ്യം ചെയ്യുകയാണെങ്കിൽ, ജീനിന്റെ സ്ഥാനം കണ്ടുപിടിക്കുന്നത് “ഒരു ഉദ്ധരണി കണ്ടുപിടിക്കാൻ ലൈബ്രറി മൊത്തം പരതുന്നതിനു പകരം ഒരൊററ പുസ്തകത്തിൽ പരതുന്നതി”നോടു സമാനമാണ് എന്ന് ന്യൂ സയൻറിസ്ററ് മാഗസിൻ വിശദീകരിക്കുന്നു. ഈ അക്ഷരീയ ചിത്രങ്ങൾ അന്വേഷണത്തെ 5,00,000 ജീൻ ബെയ്സ് ജോടികൾക്കുള്ളിൽ ഒതുക്കുന്നു. 1993-ന്റെ അവസാനമായപ്പോഴേക്കും ഫ്രാൻസിലെ പാരീസിലുള്ള സെൻറർ ഫോർ ദ സ്ററഡി ഓഫ് ഹ്യൂമൻ പോളിമോർഫിസത്തിലെ ഡോ. ഡാനിയേൽ കോഹെൻ നേതൃത്വം നൽകിയ ശാസ്ത്രജ്ഞരുടെ ഒരു സംഘം “പൂർണവികസിതമായ—എങ്കിലും കൃത്യതയില്ലാത്ത—ആദ്യത്തെ മനുഷ്യ ജീനോം ചിത്രം” എന്ന് ടൈം മാഗസിൻ വിളിച്ചത് ഉത്പാദിപ്പിച്ചു.
ഈ പദ്ധതിയുടെ അടുത്ത ലക്ഷ്യം നമ്മുടെ 1,00,000 ജീനുകളിൽ ഓരോന്നിന്റെയും, കൂടാതെ ജീനോമിന്റെ മററു ഭാഗങ്ങളുടെയും, രാസഘടകങ്ങളുടെ കൃത്യമായ അനുക്രമം പട്ടികപ്പെടുത്തുക എന്നതാണ്. എന്നാൽ ശാസ്ത്രജ്ഞർ ഡിഎൻഎ-യെ വായിച്ചു മനസ്സിലാക്കാനുള്ള പ്രാപ്തികൾ വികസിപ്പിച്ചെടുക്കുന്തോറും തങ്ങൾ വിചാരിച്ചതിലുമേറെ സങ്കീർണമാണു ജീനോമെന്ന് അവർ കണ്ടെത്തുന്നു.
ജീനോം വായിച്ചറിയൽ
നമ്മുടെ ജീനോമിൽ 2 മുതൽ 5 വരെ ശതമാനം മാത്രമേ ജീനുകളുള്ളൂ. ശേഷിക്കുന്ന ഭാഗത്തെ “അപ്രധാന ഡിഎൻഎ” എന്നു മിക്കപ്പോഴും വിളിക്കാറുണ്ട്. ഉപയോഗമില്ലാത്തവയെന്നു പറയപ്പെടുന്ന ഈ സീക്വെൻസുകൾ പരിണാമപ്രക്രിയയിൽ യാദൃച്ഛികമായി ഉണ്ടായതാണെന്നു ചില ഗവേഷകർ ഒരിക്കൽ വിചാരിച്ചിരുന്നു. ജീനുകളില്ലാത്ത ഈ ഭാഗങ്ങളിൽ ചിലതു ഡിഎൻഎ-യുടെ ഘടനയെ നിയന്ത്രിക്കുന്നുവെന്നും കോശവിഭജനസമയത്തു ക്രോമോസോമുകളുടെ പകർപ്പെടുക്കാൻ തക്കവണ്ണം ആവശ്യമായ നിർദേശങ്ങൾ അതിൽ അടങ്ങിയിരിക്കുന്നുവെന്നും ഇപ്പോഴവർ വിശ്വസിക്കുന്നു.
ജീനിനെ പ്രവർത്തിപ്പിക്കുന്നതും പ്രവർത്തനത്തിനു വിരാമമിടുന്നതും എന്താണെന്നറിയാൻ ഗവേഷകർ ദീർഘനാളായി താത്പര്യം കാട്ടിയിട്ടുണ്ട്. ട്രാൻസ്ക്രിപ്ഷൻ ഘടകങ്ങൾ എന്നു വിളിക്കപ്പെടുന്ന പ്രോട്ടീനുകളുടെ നിർമാണത്തിനു സംജ്ഞ നൽകുന്ന 10,000-ത്തോളം ജീനുകൾ നമുക്ക് ഉണ്ടായിരുന്നേക്കാമെന്ന് ന്യൂ സയൻറിസ്ററ് റിപ്പോർട്ടു ചെയ്യുന്നു. ഈ ഘടകങ്ങളിൽ പലത് ഒന്നിച്ചുചേർന്നു ഡിഎൻഎ-യ്ക്കുള്ളിലുള്ള ഒരു പൊഴിയിൽ പ്രവേശിക്കുന്നു. താഴിൽ ഒരു താക്കോൽ ഇടുന്നതുപോലെ. അത് അതിന്റെ നിർദിഷ്ട സ്ഥാനത്ത് എത്തിയാലുടൻ അടുത്തുള്ള ജീനിനെ പ്രവർത്തിക്കാൻ പ്രചോദിപ്പിക്കുന്നു, അല്ലെങ്കിൽ അതിന്റെ പ്രവർത്തനം പിടിച്ചുനിർത്തുന്നു.
കൂടാതെ, രാസസംജ്ഞയുടെ ഭാഗങ്ങളുടെ അനേകം ആവർത്തനങ്ങൾ അടങ്ങുന്ന സ്ററട്ടറിങ് ജീനുകൾ എന്നു വിളിക്കപ്പെടുന്നവയുണ്ട്. ഇവയിൽ ഒന്നിൽ സാധാരണമായി സിഎജി ട്രിപ്പ്ലെററിന്റെ—ഒരു പ്രത്യേക അമിനോ ആസിഡിനെ തിരിച്ചറിയിക്കുന്ന മൂന്നു ന്യൂക്ലിയോറൈറഡുകളുടെ ഒരു അനുക്രമത്തിന്റെ—11-നും 34-നും ഇടയ്ക്ക് ആവർത്തനങ്ങൾ അടങ്ങുന്നു. അതിന് 37-ഓ അതിൽക്കൂടുതലോ ജനിതക ആവർത്തനങ്ങൾ ഉള്ളപ്പോൾ അതു വിലയിപ്പിക്കുന്ന ഒരു മസ്തിഷ്ക ക്രമക്കേട് ഉളവാക്കുന്നു, അതിനെ വിളിക്കുന്നത് ഹണ്ടിങ്ടൺസ് കൊറിയ എന്നാണ്.
ജീനിലെ ഒരക്ഷരത്തിനു മാററം വന്നാലുള്ള ഫലത്തെക്കുറിച്ചും ചിന്തിക്കുക. ഹീമോഗ്ലോബിന്റെ രണ്ടു ഘടകങ്ങളിൽ ഒന്നിലെ 146 അക്ഷരക്രമത്തിൽ തെററായ ഒരക്ഷരം ഉണ്ടായിരുന്നാൽ അതു സിക്കിൾ-സെൽ അനീമിയ ഉണ്ടാക്കുന്നു. അപ്പോൾപോലും, കോശങ്ങൾ വിഭജിക്കുമ്പോൾ ഡിഎൻഎ-യുടെ താദാത്മ്യത്തെ പരിശോധിക്കുന്ന ഒരു പ്രൂഫ് വായനാസമ്പ്രദായം ശരീരത്തിലുണ്ട്. ഈ സംവിധാനത്തിലെ ഒരു പിശകിന് കുടൽ അർബുദം ഉണ്ടാക്കാൻ കഴിയുമെന്നു റിപ്പോർട്ടു ചെയ്യപ്പെടുന്നു. പ്രമേഹം, ഹൃദ്രോഗം എന്നിവ പോലുള്ള മററു പല കുഴപ്പങ്ങളും കേവലം ഒരൊററ ജനിതക പിശകിന്റെ ഫലമായി ഉണ്ടാകുന്നതല്ലെങ്കിലും, കേടുവന്ന പല ജീനുകളുടെയും സംയുക്ത പ്രവർത്തനഫലമായി ഉണ്ടാകുന്നു.
ജീനോമിനെ തിരുത്തിയെഴുതൽ
മമനുഷ്യന്റെ രോഗങ്ങൾ കണ്ടുപിടിച്ച് അവയെ ചികിത്സിക്കാൻ ഡോക്ടർമാരെ സഹായിക്കുന്ന വിവരങ്ങൾക്കായി അവർ മനുഷ്യ ജീനോം പ്രോജക്ററിലേക്കു നോക്കുന്നു. ചില ജീൻ സീക്വെൻസുകളിലുള്ള അസ്വാഭാവികതകളെ വെളിപ്പെടുത്തുന്ന പരിശോധനകൾ അവർ ഇതിനോടകംതന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വർഗസംസ്കാരശാസ്ത്ര (eugenics) നയം നടപ്പിൽ വരുത്താൻ തത്ത്വദീക്ഷയില്ലാത്തവർ ജനിതക പരീക്ഷണത്തെ ഉപയോഗിക്കുമോ എന്നു ചിലർ ഉത്കണ്ഠപ്പെടുന്നു. ഇപ്പോൾ മിക്കവരും ജേം-ലൈൻ ചികിത്സയെ എതിർക്കുന്നു, ബീജത്തിലും അണ്ഡകോശങ്ങളിലുമുള്ള ജീനുകൾക്കു വ്യതിയാനം വരുത്തുന്നതാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. ശരീരത്തിനു വെളിയിൽവെച്ച് ജനിതകപരമായി കുഴപ്പമില്ലാത്ത ഭ്രൂണത്തെ ബീജസങ്കലനം നടത്തുന്നതിനെക്കുറിച്ചു പര്യാലോചിക്കുന്ന ദമ്പതിമാർ പോലും പറിച്ചുനടീലിനു തിരഞ്ഞെടുക്കപ്പെടാത്ത ഭ്രൂണങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്നതു സംബന്ധിച്ച തീരുമാനങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. മാത്രമല്ല, പ്രത്യക്ഷത്തിൽ ജനിതകപരമായി കുഴപ്പമുണ്ടെന്നു കാണിക്കുന്ന പരിശോധന അജാതശിശുവിനു വരുത്തിയേക്കാവുന്ന പരിണതഫലങ്ങളെക്കുറിച്ചു ചിന്തയുള്ള ആളുകൾ ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. മുതിർന്നവരിലെ ജീനുകളുടെ പുനഃക്രമീകരണം അവരുടെ ജോലിനിയമനത്തെയും പ്രൊമോഷനെയും ഇൻഷ്വറൻസിനെപ്പോലും മാററിമറിക്കും എന്നതു പലരെയും ആകുലപ്പെടുത്തുന്നു. കൂടാതെ, ജനിററിക് എഞ്ചിനിയറിങ് എന്ന കുഴപ്പിക്കുന്ന പ്രശ്നവുമുണ്ട്.
“ജീവനെക്കുറിച്ചുള്ള പുസ്തകം വായിക്കുന്നതിൽ തൃപ്തിയടയാതെ അവരിപ്പോൾ അതിൽ എഴുതാനും ആഗ്രഹിക്കുന്നു” എന്ന് ദ ഇക്കണോമിസ്ററ് അഭിപ്രായപ്പെടുന്നു. ഡോക്ടർമാർക്ക് ഇതു ചെയ്യാൻ കഴിയുന്ന ഒരു മാർഗം റിട്രോവൈറസുകൾ ഉപയോഗിച്ചാണ്. ഒരു രാസസഞ്ചിയിലെ ജീൻകൂട്ടമായി ഒരു വൈറസിനെ കരുതാവുന്നതാണ്. മനുഷ്യരെ ബാധിക്കുന്ന ഒരു വൈറസെടുത്ത്, ശാസ്ത്രജ്ഞർ വൈറസ് സ്വയം പുനരുത്പാദിപ്പിക്കാനാവശ്യമായ ജീനുകളെ നീക്കം ചെയ്ത് തൽസ്ഥാനത്ത് രോഗിയുടെ കുഴപ്പമുള്ള ജീനുകളുടെ ആരോഗ്യമുള്ള ഒരു പതിപ്പ് പകരം സ്ഥാപിക്കുന്നു. ഒരിക്കൽ ശരീരത്തിൽ കുത്തിവെച്ചുകഴിഞ്ഞാൽ ഈ വൈറസ് ലക്ഷ്യകോശങ്ങളിലേക്കു തുളച്ചുകയറുന്നു, എന്നിട്ട് കേടുള്ള ജീനുകളെ മാററി തൽസ്ഥാനത്ത് അതു വഹിക്കുന്ന ആരോഗ്യമുള്ളവയെ പകരം സ്ഥാപിക്കുന്നു.
ചർമാർബുദത്തിനെതിരെ സംരക്ഷണം നൽകാൻ കഴിയുന്ന ഒരു ജീനിന്റെ കണ്ടുപിടിത്തത്തെ അടിസ്ഥാനമാക്കി ശാസ്ത്രജ്ഞർ അടുത്തകാലത്തു ലളിതമായ ഒരു ചികിത്സയെക്കുറിച്ചു റിപ്പോർട്ടു ചെയ്യുകയുണ്ടായി. 20 പേരിൽ ഒരാളിൽ മാത്രമേ ഈ ജീൻ ഉള്ളൂ എന്നുള്ളതുകൊണ്ടു ജീനിനെ ചർമകോശങ്ങളിലേക്കു കടത്തിവിടുന്ന ഒരു ത്വക്ലേപനത്തിൽ അത് ഉൾപ്പെടുത്തുക എന്നതാണു ലക്ഷ്യം. അവിടെ ജീൻ ഒരു എൻസൈമിന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു, ഈ എൻസൈം ശരീരത്തെ ആക്രമിക്കുന്ന ക്യാൻസറുണ്ടാക്കുന്ന വിഷപദാർഥങ്ങളെ നശിപ്പിക്കുന്നുവെന്നു ഡോക്ടർമാർ കരുതുന്നു.
ഈ പ്രക്രിയകൾ വിസ്മയാവഹമാണെന്നിരിക്കെ, സാധ്യമായ പരിണതഫലങ്ങളെ ചൊല്ലിയുള്ള പൊതുജനത്തിന്റെ ഉത്കണ്ഠകൾക്കെതിരെ ശാസ്ത്രജ്ഞൻമാർ പോരാടവേ കർശനമായ നിയന്ത്രണങ്ങൾ ജനിതക എഞ്ചിനിയറിങ്ങിന്റെ പ്രയോഗത്തെ നിയന്ത്രിക്കുന്നു.
മനുഷ്യ ജീനോമിന്റെ സങ്കീർണതകൾ അധികവും കണ്ടുപിടിക്കപ്പെടാതെ നിലകൊള്ളുകയാണ്. വാസ്തവത്തിൽ, “ഒരൊററ മനുഷ്യ ജീനോമല്ല ഉള്ളത്. അവ അഞ്ഞൂറു കോടിയാണ്, ഈ ഗ്രഹത്തിലെ ഓരോ മനുഷ്യനും ഫലത്തിൽ ഒന്നു വീതം” എന്നു ജനിതകശാസ്ത്രജ്ഞനായ ക്രിസ്ററഫർ വിൽസ് അഭിപ്രായപ്പെടുന്നു. നിങ്ങളുടെ ജീനോം നിങ്ങളെക്കുറിച്ചു വളരെയധികം കാര്യങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ അത് സകലവും വെളിപ്പെടുത്തുന്നുവോ?
നിങ്ങളുടെ ജീനോം സകലവും വെളിപ്പെടുത്തുന്നുവോ?
നാം പെരുമാറുന്നതുപോലെ നമ്മെ ആക്കിത്തീർക്കുന്ന കൊച്ചു സ്വേച്ഛാധിപതികളാണു ജീനുകളെന്നു ചിലർ വിശ്വസിക്കുന്നു. വാസ്തവത്തിൽ, സ്കിസോഫ്രീനിയയ്ക്കും മദ്യാസക്തിക്കും സ്വവർഗരതിക്കു പോലും കാരണമെന്നു ചിലർ വിശ്വസിക്കുന്ന ജീനുകളെ കണ്ടുപിടിച്ചതായി അടുത്തകാലത്തു വാർത്തയുണ്ടായിരുന്നു. സാധ്യതയുള്ള ഈ ബന്ധങ്ങൾ സംബന്ധിച്ചു പല ശാസ്ത്രജ്ഞരും താക്കീതു നൽകുന്നു. ഉദാഹരണത്തിന്, ചില കേസുകളിൽ ജീൻ വ്യത്യാസങ്ങൾ “അവയുടെ വാഹകരെ മദ്യാസക്തിയിലേക്കു മനസ്സു ചായ്ക്കുന്നതായി” എഴുത്തുകാരനായ ക്രിസ്ററഫർ വിൽസ് എഴുതുന്നു. ലണ്ടനിലെ ദ ടൈംസ് പറയുന്നതനുസരിച്ച്, തൻമാത്ര ജനിതകശാസ്ത്രജ്ഞനായ ഡീൻ ഹാമർ ഒരു ജീൻകൊണ്ടു മാത്രം നിർണയിക്കപ്പെടാൻ കഴിയാത്തവിധം അത്ര സങ്കീർണമാണു മമനുഷ്യന്റെ ലൈംഗികത എന്ന വീക്ഷണം പ്രകടിപ്പിച്ചു. തീർച്ചയായും, 1994 ബ്രിട്ടാനിക്ക ബുക്ക് ഓഫ് ദ ഇയർ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “എന്നിരുന്നാലും, ഏതെങ്കിലും പ്രത്യേക ജീൻ സ്വവർഗരതിയിലേക്കു മനസ്സു ചായ്ക്കുന്നതായി തിരിച്ചറിയിക്കപ്പെട്ടിട്ടില്ല, ഇതുവരെ നടത്തിയിട്ടുള്ള ഗവേഷണങ്ങൾ മററുള്ളവർ സ്ഥിരീകരിക്കേണ്ടതുമുണ്ട്.” മാത്രമല്ല, സയൻറിഫിക് അമേരിക്കൻ മാഗസിൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “പെരുമാററം സംബന്ധിച്ച സ്വഭാവവിശേഷങ്ങൾ നിർവചിക്കുക അസാധാരണമാംവിധം ദുഷ്കരമാണ്. പ്രായോഗികമായി പറഞ്ഞാൽ ജനിതക അടിസ്ഥാനം സംബന്ധിച്ച ഓരോ അവകാശവാദവും ഒരു പാരിസ്ഥിതിക ഫലമെന്ന നിലയിലും വിശദീകരിക്കാൻ കഴിയും.”
രസാവഹമെന്നു പറയട്ടെ, ക്രാക്കിങ് ദ കോഡ് എന്ന ബിബിസി ടെലിവിഷൻ പരമ്പരയിൽ, “നമ്മുടെ വ്യക്തിപരമായ ചുററുപാടുകൾക്ക്, നമ്മുടെ മതത്തിന്, നമ്മുടെ ലിംഗവ്യത്യാസത്തിനു പോലും ജീനുകൾ നമ്മെ സ്വാധീനിക്കുന്ന വിധത്തിൽ മാററം വരുത്താൻ കഴിയും. . . . ജീനുകൾ നമ്മെ ബാധിക്കുന്ന വിധം നമ്മുടെ ചുററുപാടുകളെ ആശ്രയിച്ചിരിക്കുന്നു” എന്ന വിശ്വാസമാണു ജനിതകശാസ്ത്രജ്ഞനായ ഡോ. ഡേവിഡ് സുസുകി പ്രകടമാക്കിയത്. തത്ഫലമായി, അദ്ദേഹം ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “മദ്യാസക്തിക്കോ കുററകൃത്യവാസനയ്ക്കോ ബുദ്ധിശക്തിക്കോ മറെറന്തിനെങ്കിലുമോ നിദാനമായ ഒരു ജീനിനെ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചതായി നിങ്ങൾ പത്രങ്ങളിൽ വായിക്കുന്നെങ്കിൽ അത് അപ്പടി വിശ്വസിച്ചുകളയരുത്. ഒരു പ്രത്യേക ജീൻ ആരെയെങ്കിലും സ്വാധീനിക്കുന്നത് എങ്ങനെയെന്നു പറയുന്നതിന് ആ വ്യക്തിയുടെ ചുററുപാടു സംബന്ധിച്ച സകല വിശദാംശങ്ങളും ശാസ്ത്രജ്ഞർ അറിയേണ്ടതുണ്ട്, അതുപോലും മതിയാകാതിരുന്നേക്കാം.”
തീർച്ചയായും മതിയാകാതിരുന്നേക്കാം, കാരണം നിങ്ങൾ എന്ത് ആയിരിക്കുന്നുവെന്നതിനെ സ്വാധീനിക്കുന്ന മറെറാരു ഘടകമുണ്ട്. അത് എന്താണെന്നും അതിനു നൻമയ്ക്കായി നിങ്ങളെ എങ്ങനെ സ്വാധീനിക്കാൻ കഴിയുമെന്നും പിൻവരുന്ന ലേഖനം പരിചിന്തിക്കുന്നു.
[6, 7 പേജുകളിലെ ചതുരം/രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
നിങ്ങളുടെ ബ്ലൂപ്രിൻറ്
•നിങ്ങളുടെ ശരീരം നിർമിക്കപ്പെട്ടിരിക്കുന്നത് ഏതാണ്ട് നൂറു ലക്ഷം കോടി കോശങ്ങൾക്കൊണ്ടാണ്. അവയിൽ മിക്കതിലും നിങ്ങളുടെ സമ്പൂർണ ബ്ലൂപ്രിൻറ് അടങ്ങിയിട്ടുണ്ട്. (എന്നിരുന്നാലും, നിങ്ങളുടെ ചുവന്ന രക്താണുക്കൾക്കു ന്യൂക്ലിയസില്ല, അതുകൊണ്ടുതന്നെ അതിൽ ബ്ലൂപ്രിൻറ് അടങ്ങിയിട്ടുമില്ല.)
•നിങ്ങളുടെ കോശങ്ങൾക്കു സങ്കീർണ ഘടനയാണുള്ളത്, അവ വ്യവസായശാലകളും ഊർജസംഭരണ ഡിപ്പോകളും പുറത്തേക്കും അകത്തേക്കും നയിക്കുന്ന സുനിശ്ചിത വഴികളുമുള്ള നഗരങ്ങൾ പോലെയാണ്. മാർഗനിർദേശം ലഭിക്കുന്നതു കോശത്തിന്റെ ന്യൂക്ലിയസിൽനിന്നാണ്.
•നിങ്ങളുടെ കോശത്തിന്റെ ന്യൂക്ലിയസ് നിങ്ങളുടെ ബ്ലൂപ്രിൻറിന്റെ ഭവനമാണ്. അതിനെ നഗരത്തിലെ മുഖ്യ ഭരണമന്ദിരത്തോടു താരതമ്യം ചെയ്യാൻ കഴിയും, സാധാരണഗതിയിൽ പ്രാദേശിക ഗവൺമെൻറ് അധികാരി ആ പ്രദേശത്തു നിർമിക്കപ്പെടുന്ന കെട്ടിടങ്ങളുടെ പ്ലാനുകൾ സൂക്ഷിച്ചുവെക്കുന്നത് അവിടെയാണ്. അവ പണിയുന്നതിന്, ആരെങ്കിലും സാധനങ്ങൾ ലഭ്യമാക്കാൻ നിർദേശം നൽകുകയും പണിക്കാവശ്യമായ സാമഗ്രികൾ ലഭ്യമാക്കുകയും ജോലിക്കാരെ സംഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
•നിങ്ങളുടെ ക്രോമോസോമുകൾ നിങ്ങളുടെ ബ്ലൂപ്രിൻറ് എന്താണെന്നു വിശദമാക്കുന്നു. വളരെ ഇറുക്കി ചുററുപിണഞ്ഞിരിക്കുന്ന ഡിഎൻഎ തൻമാത്രകളുടെ ഈ 23 ജോഡികൾ ഇഴവേർപെടുത്തി അന്യോന്യം യോജിപ്പിച്ചാൽ 8,000 പ്രാവശ്യം ചന്ദ്രനിൽ ചെന്നിട്ട് തിരിച്ചുവരാനുള്ള നീളമുണ്ടത്രേ!
•നിങ്ങളുടെ ഡിഎൻഎ-യുടെ വശങ്ങൾ ബെയ്സുകൾ എന്നു വിളിക്കപ്പെടുന്ന രാസഘടകങ്ങളുടെ നിരകളാൽ യോജിപ്പിച്ചിരിക്കുന്നു. ഇവ ഒരു ഗോവണിയുടെ ചവിട്ടുപടികൾ പോലെയാണ്, ചുററുപിണഞ്ഞിരിക്കുന്ന ഒരു ഗോവണി. അഡനൈൻ (A) എന്ന ബെയ്സ് എല്ലായ്പോഴും തൈമൈനിനോടു (T) ചേരുന്നു, സൈറേറാസൈൻ (C) ഗ്വാനൈനിനോടും (G). ഒരു സിബ് തുറക്കുന്നതുപോലെ നിങ്ങൾ ഗോവണിപോലുള്ള ഡിഎൻഎ-യെ വേർപെടുത്തുകയാണെങ്കിൽ A, C, G, T എന്നീ നാലക്ഷരങ്ങളിൽ വിശദമാക്കുന്ന ജനിതക സംജ്ഞ നിങ്ങൾക്കു വെളിപ്പെടുത്താനാവും.
•നിങ്ങളുടെ റൈബോസോമുകൾ സഞ്ചരിക്കുന്ന ഫാക്ടറികൾ പോലെയാണ്, ആർഎൻഎ-യുടെ (RNA–ribonucleic acid) സംജ്ഞാസന്ദേശം വായിക്കാൻ അവ സ്വയം പററിച്ചേരുന്നു. അവ അങ്ങനെ ചെയ്യവേ അമിനോ ആസിഡുകൾ എന്നു വിളിക്കപ്പെടുന്ന വ്യത്യസ്ത മിശ്രണങ്ങൾ ഒന്നിച്ചുചേർക്കുന്നു, ഈ അമിനോ ആസിഡുകൾ ചേർന്നാണു നിങ്ങളെ “നിങ്ങൾ” ആക്കുന്ന പ്രോട്ടീനുകൾ ഉണ്ടാകുന്നത്.
•നിങ്ങളുടെ ജീനുകൾ ഡിഎൻഎ-യുടെ ഭാഗങ്ങളാണ്. ഇവ ശരീരത്തിന്റെ നിർമാണഘടകങ്ങളായ പ്രോട്ടീനുകൾ ഉണ്ടാക്കുന്നതിനുള്ള ടെമ്പേറ്ളറുകൾ പ്രദാനം ചെയ്യുന്നു. ഈ ജീനുകൾ ചില രോഗങ്ങളോടുള്ള നിങ്ങളുടെ വിധേയത്വം നിർണയിക്കുന്നു. നിങ്ങളുടെ ജീനുകളെ വായിക്കുന്നതിന്, രാസോപകരണങ്ങൾ എന്നു വിളിക്കപ്പെടുന്ന എൻസൈമുകൾ ഡിഎൻഎ-യുടെ ഒരു നിര തുറക്കുന്നു. എന്നിട്ട് മററ് എൻസൈമുകൾ ജീനിനെ “വായിക്കുന്നു.” അതു വായിക്കുന്നതിനിടയിൽ ബെയ്സുകളുടെ അനുബന്ധ പരമ്പര സെക്കൻഡിൽ 25 എന്ന നിരക്കിൽ നിർമിക്കുകയും ചെയ്യുന്നു.
ജനിതക രൂപരേഖയെടുക്കൽ
[8-ാം പേജിലെ ചതുരം]
മനുഷ്യപേശികളിൽനിന്നു കുറെ ഡിഎൻഎ വേർതിരിച്ചെടുത്ത് അവയെ ഭാഗങ്ങളായി മുറിക്കുന്നു. ആ ഭാഗങ്ങൾ ഒരു ജെല്ലിൽ സ്ഥാപിക്കുന്നു, അതിനുശേഷം അതിലൂടെ വൈദ്യുതി കടത്തിവിടുന്നു, എന്നിട്ട് അതിന്റെ ഫലമായി കിട്ടുന്ന ബ്ലോട്ടുകൾ കട്ടികുറഞ്ഞ ഒരു നൈലോൺ പാളിയിൽ കുതിർക്കുന്നു. റേഡിയോ ആക്ററീവ് ജീൻ പ്രോബ് കൂട്ടിച്ചേർക്കുന്നു, എന്നിട്ട് അതിന്റെ ഫോട്ടോയെടുക്കുന്നു. അപ്പോൾ കിട്ടുന്നത് ഡിഎൻഎ-യുടെ ഒരു പകർപ്പായിരിക്കും.