ഞങ്ങളുടെ വായനക്കാരിൽ നിന്ന്
നേത്ര ശസ്ത്രക്രിയ “റേഡിയൽ കെരാറ്റോറ്റമി—അത് എന്താണ്?” എന്ന നിങ്ങളുടെ ലേഖനം വായിച്ച് ഞാൻ സന്തോഷിച്ചു. (സെപ്റ്റംബർ 22, 1994) എന്റെതന്നെ കണ്ണുകൾക്കു വേണ്ടി ആ ശസ്ത്രക്രിയ നടത്തുകയും 2,000-ത്തിലധികം ഇത്തരം ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തിരുന്നതിനാൽ, ഒരു റിഫ്രാക്റ്റീവ് സർജൻ എന്നനിലയിൽ നിങ്ങളുടെ ലേഖനത്തിന്റെ ഗുണത്തെയും കൃത്യതയെയും ഞാൻ വളരെ വിലമതിച്ചു. നിർഭാഗ്യകരമെന്നു പറയട്ടെ, വൈദ്യശാസ്ത്രപരമല്ലാത്ത മാധ്യമങ്ങളിലൂടെ പൊതുജനത്തിനു ലഭിക്കുന്ന വിവരങ്ങൾ മിക്കപ്പോഴും കൃത്യതയില്ലാത്തതും വഴിതെറ്റിക്കുന്നതുമാണ്. റേഡിയൽ കെരാറ്റോറ്റമിയുടെ നേട്ടങ്ങളും കോട്ടങ്ങളും വിശദീകരിക്കുന്നതിൽ നിങ്ങളുടെ ലേഖനം ഒരു മികച്ച ജോലിയാണു നിർവഹിച്ചിരിക്കുന്നത്.
ആർ. എഫ്. ബി., ഐക്യനാടുകൾ
മരണം “ഡാഡിക്കു മരിക്കേണ്ടിവന്നത് എന്തുകൊണ്ട്?” (ആഗസ്റ്റ് 22, 1994), “ഡാഡി മരിച്ചതിന്റെ ദുഃഖത്തെ എനിക്കെങ്ങനെ അതിജീവിക്കാം?” (സെപ്റ്റംബർ 8, 1994) എന്നീ “യുവജനങ്ങൾ ചോദിക്കുന്നു . . .” ലേഖനങ്ങൾ ഞാൻ എത്രമാത്രം വിലമതിച്ചുവെന്നു പറയാനാഗ്രഹിക്കുന്നു. ഇപ്പോഴും എന്റെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്നുവെങ്കിലും, അടുത്തകാലത്ത് പ്രിയപ്പെട്ട രണ്ടു പേരുടെ മരണം എന്നെ ദുഃഖത്തിലാഴ്ത്തി. ആ ലേഖനങ്ങൾ എനിക്കു വലിയ ആശ്വാസം കൈവരുത്തുകയും അത്തരം വിപത്തിനെ എങ്ങനെ തരണം ചെയ്യാമെന്നു കാട്ടിത്തരികയും ചെയ്തു.
റ്റി. എച്ച്., ഫ്രാൻസ്
ഒരു പ്രസംഗം നടത്തിയശേഷം രാജ്യഹാളിൽ വെച്ചാണ് എന്റെ പിതാവു മരിച്ചത്. അപ്പോൾ മുതൽ ഞാൻ വേദനയോടും ദുഃഖത്തോടും പോരാടുകയാണ്. വളരെയധികം സ്നേഹിക്കപ്പെടുകയും യഹോവയ്ക്കു വളരെ അർപ്പിതനായിരിക്കുകയും ചെയ്യുന്ന ഒരുവൻ അത്ര പെട്ടെന്നു മരിക്കുന്നത് ന്യായമല്ലെന്നു ഞാൻ ന്യായവാദം ചെയ്തു. ആ ലേഖനങ്ങൾ വായിച്ചപ്പോൾ എന്റെ തകർന്ന ഹൃദയത്തെ സുഖപ്പെടുത്താൻ യഹോവ കരങ്ങൾ നീട്ടുന്നതുപോലെ എനിക്കു തോന്നി.
എസ്. എ., നൈജീരിയ
എന്റെ പിതാവു മരിച്ചത് കാൻസർ നിമിത്തമാണ്. അതുമായി പൊരുത്തപ്പെട്ടു പോകാൻ ഞാൻ വളരെ പാടുപെട്ടു. എന്റെ സ്വന്തം വികാരങ്ങളുമായി ഈ ലേഖനം ഒത്തുവന്നത് വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു. ഇപ്പോൾ എന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ കാണാൻ പിതാവിനു കഴിയുന്നില്ലല്ലോ എന്നതാണ് എന്നെ വേദനിപ്പിക്കുന്നത്. എന്റെ ആജീവനാന്ത സ്വപ്നം ഞാൻ തുടങ്ങിവെച്ചതേയുള്ളൂ: ഒരു മുഴുസമയ സുവിശേഷക എന്നനിലയിലുള്ള വേല. ഞാനതു ചെയ്യുന്നത് അദ്ദേഹം കാണാൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ അത്ഭുതകരമായ മാർഗനിർദേശത്തിന്റെയും ജ്ഞാനത്തിന്റെയും അഭാവം ചിലപ്പോൾ വളരെ ദുഷ്കരമാണ്, എന്നാൽ യഥാർഥ താത്പര്യം പ്രകടമാക്കുന്നവർ ഉണ്ടെന്നറിയുന്നത് വലിയൊരാശ്വാസമാണ്.
സി. റ്റി., ഐക്യനാടുകൾ
ലോകത്തെ വീക്ഷിക്കൽ ഉണരുക! നിങ്ങൾ തയ്യാറാക്കുന്ന ശ്രദ്ധാപൂർവകമായ വിധം സംബന്ധിച്ച് നിങ്ങളെ അഭിനന്ദിക്കാൻ ഞാനാഗ്രഹിക്കുന്നു. “ലോകത്തെ വീക്ഷിക്കൽ” എന്ന ഇനം ഞാൻ പ്രത്യേകിച്ചു വിലമതിക്കുന്നു. അതു പല വിഷയങ്ങൾ ഹ്രസ്വമായാണു കൈകാര്യം ചെയ്യുന്നതെങ്കിലും അതിന്റെ സഹായകമായ ബുദ്ധ്യുപദേശവും താത്പര്യമുണർത്തുന്ന വിഷയങ്ങളും നിരീക്ഷണങ്ങളും എന്റെ പല സ്വഭാവങ്ങളും മാറ്റാൻ എന്നെ സഹായിച്ചിരിക്കുന്നു. “ലോകത്തെ വീക്ഷിക്കൽ” വായിക്കാൻ രസമുണ്ട്.
റ്റി. സി. സി., ബ്രസീൽ
ഹൈംലിക്ക് മാനൂവർ 11 വർഷമായി പ്രഥമശുശ്രൂഷ കൊടുക്കാൻ പഠിപ്പിക്കുന്നതിനു യോഗ്യത നേടിയ ഒരുവനാണ് ഞാൻ. “ആഹാരം തടയൽ” എന്ന “ലോകത്തെ വീക്ഷിക്കൽ” (ആഗസ്റ്റ് 22, 1994) ഇനത്തെക്കുറിച്ചു പറയാൻ ഞാനാഗ്രഹിക്കുന്നു. ഹൈംലിക്ക് മാനൂവറിനെക്കുറിച്ച് നിങ്ങൾ പരാമർശിക്കുന്നു. എന്നിരുന്നാലും, സോളാർ പ്ലെക്സസിലേക്ക് ഒന്ന് ഊതിയാൽ ശ്വാസം നിലച്ചുപോകാമെന്നത് സാമാന്യ അറിവു മാത്രമാണ്. അതുകൊണ്ട് ഈ പ്രഥമ ശൂശ്രൂഷ സാഹചര്യത്തിൽ ഹൈംലിക് മാനൂവറിന് കാര്യങ്ങളെ കൂടുതൽ വഷളാക്കാൻ കഴിയും.
ജി. ബി., ഓസ്ട്രിയ
ഹൈംലിക്ക് മാനൂവറിനെ അപകടകരമായാണ് ചില യൂറോപ്യൻ വൈദ്യശാസ്ത്രപ്രാമാണികർ വീക്ഷിക്കുന്നത്, അതുകൊണ്ട് ഏറ്റവും അവസാനത്തെ മാർഗമായി മാത്രം ഉപയോഗിക്കാനേ അവർ ശുപാർശ ചെയ്യുന്നുള്ളൂ. എന്നിരുന്നാലും, ഐക്യനാടുകളിലെ ഡോക്ടർമാർ പൊതുവായി വിചാരിക്കുന്നത്, ആഹാരം തടഞ്ഞ് ബുദ്ധിമുട്ടുന്ന വ്യക്തികളെ സഹായിക്കുന്ന രീതികളിൽ ശരിയാംവണ്ണം ഉപയോഗിക്കുമ്പോൾ ഹൈംലിക്ക് മാനൂവർ ഏറ്റവും ശ്രേഷ്ഠമാണെന്നാണ്. ആന്തരികമായ മുറിവുകൾ സംഭവിക്കുന്നതിനുള്ള സാധ്യത ആഹാരം തടഞ്ഞ് മരിച്ചുപോകാനുള്ള സാധ്യതയോടുള്ള താരതമ്യത്തിൽ ചെറുതാണ്. ഉദാഹരണത്തിന്, ഈ മാനൂവറിനോട് ബന്ധപ്പെട്ട് വയറ്റിൽ മുറിവുകളുണ്ടായിരിക്കുന്ന നാല് സംഭവങ്ങളേ രേഖകളിലുള്ളൂ എന്ന് ഒരു യു.എസ്. പഠനം അവകാശപ്പെടുന്നു. ഈ കാര്യം സംബന്ധിച്ച് യൂറോപ്പിലെയും യു.എസ്.-ലെയും ഡോക്ടർമാർ ഒരു ധാരണയിൽ എത്തിച്ചേരുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ട ഒന്നാണ്.—പത്രാധിപർ