ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു
“മനുഷ്യനും പ്രകൃതിയും തമ്മിൽ ഒരു സംഘട്ടനപാതയിലാണ്. . . . [പരിസ്ഥിതി നേരിടുന്ന] ഭീഷണികളകറ്റാൻ ഏതാനും ചില ദശകങ്ങളേ അവശേഷിക്കുന്നുള്ളൂ.”
യുസിഎസ് (ചിന്താകുലരായ ശാസ്ത്രജ്ഞരുടെ യൂണിയൻ) മുഴക്കിയ ഈ മുന്നറിയിപ്പ് കാനഡയിലെ ഒരു മെഡിക്കൽ മാസികയായ അന്നൽസിലാണു പ്രസിദ്ധീകരിച്ചത്. ജീവനു ഭീഷണിയായിരിക്കുന്ന മനുഷ്യപ്രവർത്തനങ്ങൾ തുടരുന്നെങ്കിൽ അവ “ലോകത്തിനു നമുക്കറിയാവുന്ന വിധത്തിൽ ജീവൻ നിലനിർത്താൻ കഴിയാത്ത വിധത്തിൽ അതിനെ അത്രത്തോളം മാറ്റിക്കളയും” എന്ന് ആ റിപ്പോർട്ടു കൂട്ടിച്ചേർക്കുന്നു.
ഓസോൺ ശോഷണം, ജലമലിനീകരണം, വനനശീകരണം, മണ്ണിന്റെ ഉത്പാദനക്ഷമതക്കുറവ്, വംശനാശം—ഇപ്പോൾ ജീവനോടെ നിൽക്കുന്ന സകല വർഗങ്ങളിലുംവച്ചു മൂന്നിലൊരു ഭാഗം 2100-ാമാണ്ടോടെ അക്കൂട്ടത്തിൽപ്പെടും—എന്നിവയാണ് ഉടൻ കൈകാര്യം ചെയ്യേണ്ടതായി പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ പെടുത്തിയിരിക്കുന്നത്. “ഈ പരസ്പരാശ്രിത ജീവശൃംഖലയിൽ അനാവശ്യമായി കൈകടത്തിയാൽ അതിനു നാം വളർച്ചാരീതികൾ അപൂർണമായി മാത്രം ഗ്രഹിച്ചിട്ടുള്ള ജീവശാസ്ത്ര വ്യവസ്ഥകളുടെ പതനം ഉൾപ്പെടെ വ്യാപകമായ ഫലങ്ങൾ ഉളവാക്കാൻ കഴിയും” എന്നു യുസിഎസ് പറയുന്നു.
യുസിഎസ്-ന്റെ വ്യാകുലതകളെ ശരിവച്ചുകൊണ്ട് നോബൽ സമ്മാനജേതാക്കളായ 104 പേരുൾപ്പെടെ 1,600 ശാസ്ത്രജ്ഞരാണു ലോകവ്യാപകമായി അവരെ പിന്താങ്ങിയത്. യുസിഎസ് പറയുന്നതനുസരിച്ച്, “വൻതോതിലുള്ള മനുഷ്യദുരിതം ഒഴിവാക്കണമെന്നുണ്ടെങ്കിൽ ഭൂമിയുടെ കാര്യവിചാരണയ്ക്കു മാറ്റം വരുത്തേണ്ടതുണ്ടെന്നു ലോക ശാസ്ത്രസമൂഹത്തിലെ ഈ മുതിർന്ന അംഗങ്ങൾ സകല മനുഷ്യവർഗത്തിനും മുന്നറിയിപ്പു നൽകുകയാണ്.”
മനുഷ്യൻ ശരിക്കും “ഭൂമിയെ നശിപ്പിക്കുക”യാണെന്നു ബൈബിൾ സമ്മതിക്കുന്നു. (വെളിപ്പാടു 11:18) ലോകത്തിന്റെ കാര്യവിചാരണയ്ക്ക് ഒരു മാറ്റം ആവശ്യമാണെന്നും അതു സമ്മതിച്ചുപറയുന്നു. (യിരെമ്യാവു 10:23; ദാനീയേൽ 2:44) വാസ്തവത്തിൽ അത്തരമൊരു മാറ്റം സംഭവിക്കുമെന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു, മാനുഷശ്രമങ്ങളാലല്ല, മറിച്ച്, യേശു തന്റെ അനുഗാമികളെ പ്രാർഥിക്കാൻ പഠിപ്പിച്ച സ്വർഗീയ ഗവൺമെൻറ് അഥവാ ദൈവരാജ്യം മുഖേന.—സങ്കീർത്തനം 145:16; യെശയ്യാവു 11:1-9; മത്തായി 6:9, 10.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photo: Godo-Foto