ഞങ്ങൾ ഒരു ലാഹാറിൽനിന്നു രക്ഷിക്കപ്പെട്ടു!
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് ഒക്ടോബർ 1, തങ്ങൾ ഒരിക്കലും അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ഒരു ദിനമായി ഗാർസിയ കുടുംബത്തിന് അനുഭവപ്പെട്ടു. ഗാർസിയ കുടുംബം പ്രവർത്തനനിരതരായ യഹോവയുടെ സാക്ഷികളാണ്. ഫിലിപ്പീൻസിലെ പാംപങ്ങ എന്ന പ്രവിശ്യയിൽ, ബാക്കൊളോർ കാബലാൻറിയനിൽ ഒരു വികസിത പ്രദേശത്തായിരുന്നു അവരുടെ ഭവനം. ഇത് പിനറ്റ്യൂബൊ പർവതത്തിന്റെ ലാഹാറുകളാൽ ബാധിക്കപ്പെട്ടിരുന്ന പ്രദേശത്തിനടുത്തായിരുന്നെങ്കിലും അതു നേരിട്ട് അവരെ ബാധിച്ചിരുന്നില്ല. ലാഹാറുകളെ തടഞ്ഞുനിറുത്തുന്നതിനു ഗവൺമെൻറ് നിർമിച്ച ചിറകൾകൊണ്ട് കാബലാൻറിയൻ സംരക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ കാര്യങ്ങൾ പെട്ടെന്നു തകിടംമറിയാൻ പോവുകയായിരുന്നു.
ശക്തമായ ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റ് 216 മില്ലിമീറ്റർ മഴ പിനറ്റ്യൂബൊ പർവതത്തിൻമേൽ കോരിച്ചൊരിഞ്ഞു. ഗാർസിയ ഭവനത്തിലെ ടെലഫോൺ അതിരാവിലെ ശബ്ദിച്ചു. തെറ്റായ നമ്പർ ഡയൽചെയ്ത ആരോ ആയിരുന്നു അത്. പക്ഷേ, ഒരു ചിറ തകർന്നിരിക്കുന്നതായും ഒരു വെള്ളപ്പൊക്കത്തിനായി കുടുംബം തയ്യാറായിരിക്കണമെന്നും വിളിച്ചയാൾ പറഞ്ഞു.
അഗ്നിപരീക്ഷ ആരംഭിക്കുന്നു
കുടുംബത്തിലെ പിതാവും വീല്യ റോസ്മെരീ സഭയുടെ അധ്യക്ഷമേൽവിചാരകനുമായ നൊനേറ്റോ ഗാർസിയ പറയുന്നു: “ഞായറാഴ്ച രാവിലെ അഞ്ചു മണിക്കുമുമ്പ് ഞങ്ങളുടെ ഭവനത്തിനുചുറ്റും വെള്ളം പൊങ്ങാൻ തുടങ്ങി.
“വെള്ളപ്പൊക്കം മാത്രമേ ഉണ്ടാകൂ എന്നാണു ഞാൻ കരുതിയത്. അതുകൊണ്ട് വസ്തുക്കൾ ഞങ്ങൾ മുകൾനിലയിലേക്കു കൊണ്ടുപോകാൻ തുടങ്ങി. പക്ഷേ രാവിലെ പത്തുമണിക്കുശേഷം വെള്ളത്തിൽ ലാഹാർ മണ്ണ് കലർന്നിരിക്കുന്നതായി ഞാൻ കണ്ടു. ഒഴുക്കിന്റെ ശക്തി വർധിച്ചുകൊണ്ടിരുന്നു. അവസാനം അതിനു കട്ടികൂടി, കൂറ്റൻ പാറക്കഷണങ്ങൾ ഒഴുക്കിക്കൊണ്ടുവരാൻ തുടങ്ങി. ഞങ്ങൾ മേൽക്കൂരയിൽ കയറി.
“പിന്നീട്, കാറുകളും വീടുകളും ഒഴുക്കിൽപ്പെട്ടു. ഒരു കൂറ്റൻ പാറക്കഷണം വന്നടിച്ചതിന്റെ ഫലമായി ഒരു വീട് തകർന്നുതരിപ്പണമായി, അതും ഒഴുക്കിൽപ്പെട്ടു. അതിന്റെ മേൽക്കൂര ഞങ്ങളുടെ വീടിനടുത്തു വന്നടിഞ്ഞു. പുരമുകളിൽ ആളുകളുണ്ടായിരുന്നു. ഞാൻ അവരെ വിളിച്ചു ഞങ്ങളുടെ വീടിന്റെ മേൽക്കൂരയിലേക്കു മാറാൻ പ്രോത്സാഹിപ്പിച്ചു. അതിനുവേണ്ടി, എറിഞ്ഞുകൊടുത്ത വടത്തിൽ അവർ പിടിത്തമിട്ടു. അത് എന്റെ ശരീരത്തിൽ കെട്ടിയിട്ട് ഓരോരുത്തരെയായി ഞാൻ വലിച്ചുകയറ്റി. മൂടപ്പെട്ടുകൊണ്ടിരുന്നതായ മേൽക്കൂരകളിൽനിന്നും കൂടുതൽ ആളുകളെ നീക്കം ചെയ്തു. മഴ അപ്പോഴും തുടർന്നുകൊണ്ടിരുന്നു.
“ഉച്ചയ്ക്കു ഹെലിക്കോപ്റ്ററുകൾ പറക്കാനാരംഭിച്ചു. ഞങ്ങൾ ഭ്രാന്തമായി കൈവീശിക്കാണിച്ചുകൊണ്ടിരുന്നെങ്കിലും ഒന്നുപോലും ഞങ്ങളെ രക്ഷിക്കാൻ താഴേക്കുവന്നില്ല. ഇതിലും ആവശ്യഘട്ടത്തിലായ ആളുകൾ ഉണ്ടായിരിക്കുമെന്നും അവരെ ആദ്യം രക്ഷപ്പെടുത്താനായിരിക്കുമെന്നും ഞങ്ങൾ വിചാരിച്ചു. ഞങ്ങൾ വേഗത്തിൽ രക്ഷിക്കപ്പെടുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല. കാരണം, മേൽക്കൂരക്കുമുകളിൽ വളരെയധികം ആളുകൾ കുരുങ്ങിപ്പോയിരുന്നു.
“അത്തരമൊരു സാഹചര്യത്തിൽ പ്രാർഥന വളരെ പ്രാധാന്യമുള്ള ഒരു സംഗതിയാണ്. കൊടുംവിപത്തിലാണെങ്കിൽപ്പോലും പ്രാർഥിച്ചുകഴിഞ്ഞാൽ നിങ്ങൾക്കു ഭയം തോന്നില്ല. യഹോവ ഒരു അത്ഭുതം പ്രവർത്തിക്കണമെന്നു ഞങ്ങൾ പ്രാർഥിച്ചില്ല. ഏതൊരുവനെയും വിപത്തുകൾ ബാധിക്കുമെന്നു മനസ്സിലാക്കിക്കൊണ്ട്, അവന്റെ ഹിതത്തിനായി ഞങ്ങൾ അപേക്ഷിച്ചു. എന്നാൽ, കരുത്തിനും ധൈര്യത്തിനും ജ്ഞാനത്തിനുംവേണ്ടി ഞാൻ അപേക്ഷിക്കുകതന്നെ ചെയ്തു. അപ്പോഴത്തെ സാഹചര്യം നേരിടുന്നതിന് ഇതെല്ലാം ഞങ്ങളെ സഹായിച്ചു.”
നൊനേറ്റോയുടെ ഭാര്യ കാർമെൻ അതിനോടു യോജിച്ചു: “പ്രാർഥനയെക്കുറിച്ച് എന്റെ ഭർത്താവു പറയുന്നതു തികച്ചും വാസ്തവമാണ്. എന്റെ പ്രിയപ്പെട്ടവരുടെ ജീവിതം അപകടത്തിലാവുന്ന സാഹചര്യത്തിൽ ഞാൻ ആകെ തളർന്നുപോകുന്നു. മേൽക്കൂര ലാഹാർചെളികൊണ്ടു നിറയുന്നതും കൂറ്റൻ പാറക്കഷണങ്ങൾ അതിന്മേൽ വന്നുപതിക്കുന്നതും കണ്ടപ്പോൾ ‘നമുക്കു പ്രതീക്ഷക്കു വകയില്ലെന്നു തോന്നുന്നു’ എന്നു ഞാൻ ഭർത്താവിനോടു പറഞ്ഞു. ‘നമുക്ക് പ്രാർഥിക്കാം’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു.”
നൊനേറ്റോ തുടർന്നു: “ഉച്ചകഴിഞ്ഞ് നാലുമണിക്കും ലാഹാറിന്റെ ഒഴുക്ക് വളരെ ശക്തമായിരുന്നു. വലിയ പാറക്കഷണങ്ങൾ വീടിന്മേൽ വന്നുപതിച്ചുകൊണ്ടിരുന്നു. മേൽക്കൂരയുടെ പകുതിയോളം ലാഹാർകൊണ്ട് മൂടപ്പെട്ടിരുന്നു. താമസിയാതെ സന്ധ്യയാകുകയും സഞ്ചരിക്കാൻ പ്രയാസമാവുകയും ചെയ്യുമല്ലോയെന്നു ഞാൻ ചിന്തിക്കാൻ തുടങ്ങി. അതുകൊണ്ട് പകൽവെളിച്ചത്തിൽത്തന്നെ യാത്രചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു.
“താഴ്ന്നുപോകുമോ എന്നറിയാൻ ഒരു കസേര ഞാൻ ലാഹാർ ചെളിയിലേക്കിട്ടു. ഞാൻ അതിന്മേൽ കയറിനിന്നിട്ടുപോലും അതു താഴ്ന്നുപോയില്ല. അതുകൊണ്ട്, മണ്ണിൽ കുത്താൻ ഒരു വടി ഞാൻ എടുത്തു. നടക്കാൻ തക്കവണ്ണം കട്ടിയുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിന് അതുപയോഗിച്ചു. അങ്ങനെ ഒരുകൂട്ടം അയൽക്കാരോടൊപ്പം ചെളിയിലൂടെ ഞങ്ങൾ നടക്കാനാരംഭിച്ചു. ഞങ്ങൾ മൊത്തം 26 പേരുണ്ടായിരുന്നു.
“ദൂരെ, കുറച്ചുകൂടെ ഉയരത്തിലുള്ള ഒരു മേൽക്കൂരയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കാൽവയ്ക്കാവുന്ന സ്ഥലം കണ്ടെത്തുന്നതിനു ഞങ്ങൾ വടികൊണ്ടു ചേറിൽ കുത്തിക്കൊണ്ടിരുന്നു. അപ്പോഴും ഉറയ്ക്കാതിരുന്ന സ്ഥലങ്ങളിൽ ഞങ്ങൾ ഇഴഞ്ഞുനീങ്ങി.”
കാർമെൻ കണ്ണീരോടെ പറയുന്നു: “ചില സ്ഥലങ്ങളിൽ ഞങ്ങൾ ലാഹാർ ഒഴുക്കിന്റെ വക്കത്തായിരുന്നതിനാൽ വളരെ ഇടുങ്ങിയ നിലത്തുകൂടി വശംചെരിഞ്ഞു നടക്കണമായിരുന്നു. ഒരിടത്തെത്തിയപ്പോൾ, നെഞ്ചോളം താണുപോയ ഞാൻ ഭർത്താവിനോടു പറഞ്ഞു: ‘ഇനി എനിക്കു തുടരാനാവില്ല. ഞാൻ മരിച്ചുപോവുകയേ ഉള്ളൂ.’ എന്നാൽ അദ്ദേഹം പറഞ്ഞു: ‘ഇല്ല. നിനക്കതിനു കഴിയും. എഴുന്നേൽക്കൂ.’ യഹോവയുടെ സഹായത്തോടെ ഞങ്ങൾ മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നു.”
“ഇഴയാൻ കഴിയാത്തവിധം മാർദവമേറിയ ഇടങ്ങളിൽ, മലർന്നുകിടന്ന് കാലുകൾ നിലത്തുകുത്തി ഞങ്ങൾ നിരങ്ങിനീങ്ങി. ചിലപ്പോൾ ഏറെ താഴ്ന്നുപോയി. എന്നാൽ പരസ്പരം വലിച്ചുകയറ്റിക്കൊണ്ട്—പ്രത്യേകിച്ച് കുട്ടികളെ—ഞങ്ങൾ അന്യോന്യം സഹായിച്ചു,” കുടുംബത്തിന്റെ ഒരു ബന്ധുവായ നോറ മെങ്ക്യൂലോ കൂട്ടിച്ചേർത്തു.
ഒടുവിൽ രക്ഷ!
നൊനേറ്റോ തുടരുന്നു: “ഞങ്ങൾ ആയാസപ്പെട്ടു ലാഹാറിന്റെ വക്കിലൂടെ ഇഴഞ്ഞുനീങ്ങുമ്പോൾ മുകളിൽ പറന്നുകൊണ്ടിരുന്ന ഒരു ഹെലിക്കോപ്റ്റർ ഞങ്ങളുടെ ആപത്കരമായ അവസ്ഥ കണ്ടു—മേൽക്കൂരയിന്മേൽ അല്ല മറിച്ച് ലാഹാർ അവശിഷ്ടങ്ങൾക്കു മധ്യേ. രക്ഷിക്കാൻ വരുന്നവർ ഞങ്ങളുടെ ദയനീയസ്ഥിതി കാണുമല്ലോയെന്നു പ്രത്യാശിച്ച്, കൂട്ടാളികളിലൊരുവൾ എട്ടു മാസം പ്രായമുള്ള കുട്ടിയെ ഉയർത്തിപ്പിടിച്ചു. അവർ ഞങ്ങളെ കൊണ്ടുപോകാൻ താഴേക്കുവന്നു. ഞങ്ങളെയെല്ലാവരേയും അതിനകത്തുകൊള്ളിക്കാൻ സാധിക്കുകയില്ലാത്തതിനാൽ ആദ്യം സ്ത്രീകളെയും കുട്ടികളെയും പറഞ്ഞയച്ചു.
“ഒടുവിൽ ഞങ്ങളെയും ഒരു രക്ഷാകേന്ദ്രത്തിലേക്കു കൊണ്ടുവന്നു. ഞങ്ങളുടെ വസ്ത്രം മുഴുവൻ ലാഹാറിന്റെ ചെളിയായിരുന്നെങ്കിലും ഉടുക്കാൻ വസ്ത്രം നൽകാൻ അവിടെയുള്ളവർക്കായില്ല. മാറ്റിത്താമസിപ്പിക്കുന്ന ഇടത്തേക്കു ഞങ്ങളുടെ കുടുംബം പോകുന്നില്ലെന്നു ഞാൻ അവരോടു പറഞ്ഞു. കാരണം, ഞങ്ങൾക്ക് ഒരു രാജ്യഹാളിലേക്കു പോകണമെന്നുണ്ടായിരുന്നു. ഞങ്ങൾ അവിടെ ചെന്നയുടൻതന്നെ ഞങ്ങൾക്കു വസ്ത്രവും ആഹാരവും മറ്റു സഹായവും ലഭിച്ചു. സഭയിൽനിന്നു കൂടുതൽ സഹോദരങ്ങൾ വന്നു, അവരും ഞങ്ങളെ സഹായിച്ചു.”
കാർമെൻ കൂട്ടിച്ചേർക്കുന്നു: “മറ്റ് ഉറവുകളിൽനിന്നു ഞങ്ങൾക്കു സഹായം പ്രതീക്ഷിക്കാനായില്ലെങ്കിലും നമ്മുടെ ക്രിസ്തീയ സാഹോദര്യത്തിന്റെ അനുഗ്രഹം ഞങ്ങൾക്ക് അനുഭവപ്പെട്ടു.”
അവരുടെ ഭവനം ലാഹാർ മൂടിക്കളഞ്ഞെങ്കിലും, ആ പ്രദേശത്തെ മറ്റു സാക്ഷികളോടൊപ്പം അവരും അവരുടെ മക്കളായ ലവ്ലി, ചാർമി, ചാർളി എന്നിവരും ആ കൊടുംവിപത്തിനെ അതിജീവിച്ചു എന്നറിയുന്നത് ആനന്ദകരമാണ്.
[23-ാം പേജിലെ ചിത്രങ്ങൾ]
ഗാർസിയയുടെ ഭാഗികമായി ചെളിമാറ്റിയ ഭവനത്തിന്റെ രണ്ടാംനില
കുഴിച്ചുമൂടപ്പെട്ട തങ്ങളുടെ ഭവനത്തിനുമുമ്പിൽ നൊനേറ്റോ ഗാർസിയായുടെ കുടുംബം