ഞങ്ങൾ ഒരു കാരാഗൃഹകലാപത്തിൽ ജാമ്യത്തടവുകാരായിരുന്നു
ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറ്റിയാറ് മാർച്ച് 30, ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടടുത്ത് എഡ്ഗാർഡോ ടോറെസും, രൂബെൻ സേയ്ബെലും, ഞാനും അർജൻറീനയിലെ ബ്യൂണസ് അയേഴ്സ് പ്രവിശ്യയിലുള്ള സിയെരാ ചിക്കായിലെ കനത്ത കാവലുള്ള കാരാഗൃഹത്തിൽ എത്തി. ഏകദേശം 800 തടവുകാരെ പാർപ്പിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടതെങ്കിലും ആളുകളെക്കൊണ്ടുനിറഞ്ഞ ആ കോട്ടയിൽ കുറ്റംതെളിയിക്കപ്പെട്ട 1,052 കുറ്റവാളികൾ ഉണ്ടായിരുന്നു. അവരുടെ കുറ്റങ്ങൾ കവർച്ചമുതൽ തുടർക്കൊലവരെ നീളുന്നതായിരുന്നു. ഞങ്ങളവിടെ സന്ദർശകരായിട്ടാണു ചെന്നത്.
എഡ്ഗാർഡോയെയും രൂബെനെയും സംബന്ധിച്ചാണെങ്കിൽ, ശനിയാഴ്ചതോറും ജയിലിലേക്കുള്ള യാത്രകളിലൊന്നു മാത്രമായിരുന്നു അത്. ഒരു പ്രാദേശിക സഭയിലെ യഹോവയുടെ സാക്ഷികളുടെ മൂപ്പൻമാരെന്ന നിലയിൽ, അവർ ഏകദേശം 15 അന്തേവാസികൾക്കായി വാരംതോറുമുള്ള ബൈബിളധിഷ്ഠിത പ്രഭാഷണങ്ങൾ നടത്താനായി ക്രമമായി അവിടം സന്ദർശിക്കാറുണ്ടായിരുന്നു. ഒരു സഞ്ചാരമേൽവിചാരകനായ എനിക്ക്, ഞാൻ ഇതുവരെ ജയിലിലെ ഒരു യോഗത്തിന് ആധ്യക്ഷ്യം വഹിച്ചിട്ടില്ലായിരുന്നതിനാൽ ഇതൊരു അപൂർവാവസരമായിരുന്നു.
ജയിലിന്, ഒരു ഫാനിന്റെ ആകൃതിയിൽ 12 സെൽബ്ലോക്കുകൾ ഉണ്ടായിരുന്നു. ഞങ്ങൾ ഉള്ളിൽ കടന്നപ്പോൾ നാലു തടവുകാർ ആകാംക്ഷയോടെ ഞങ്ങളെ കൈവീശിക്കാണിക്കുന്നതു ഞങ്ങൾ കണ്ടു. ഈ അന്തേവാസികൾ ദൈവരാജ്യ സുവാർത്തയുടെ സ്നാപനമേൽക്കാത്ത പ്രസംഗകർ ആയിത്തീരുന്ന ഘട്ടത്തോളം ബൈബിളധ്യയനങ്ങളിൽ പുരോഗതി പ്രാപിച്ചിരുന്നു. ഞങ്ങൾ വേഗത്തിൽ 9-ാം സെൽബ്ലോക്കിലേക്ക് ആനയിക്കപ്പെട്ടു. അവിടെ ആയിരുന്നു ഞങ്ങൾ യോഗം നടത്തേണ്ടിയിരുന്നത്. അതിനൊരു പ്രൗഢമായ പ്രതീതി കൊടുത്തുകൊണ്ട് അവിടെ ഒരു മുറി പെയിൻറു ചെയ്തു കർട്ടനിട്ട് അലങ്കരിച്ചിരുന്നു. അപ്പോൾ അതിനൊരു പ്രൗഢി കൈവന്നു.
കലാപം തുടങ്ങുന്നു
എന്നിരുന്നാലും, അസാധാരണമായി എന്തോ ഉണ്ടായിരുന്നു. സാധാരണ 15 പേർ ഹാജരാകുന്നിടത്ത് 12 പേരേ ഉണ്ടായിരുന്നുള്ളൂ. എന്തുകൊണ്ടെന്നു ഞങ്ങളെല്ലാവരും അത്ഭുതപ്പെട്ടു. പതിവുപോലെ ഗീതത്തോടും പ്രാർഥനയോടും കൂടെ യോഗം ആരംഭിച്ചു. ഏതാനും മിനിറ്റു കഴിഞ്ഞപ്പോൾ, ഉറക്കെയുള്ള വെടിശബ്ദവും തുടർന്നു യന്ത്രത്തോക്കുകളുടെ ഗർജനവും ഞങ്ങളെ കിടിലംകൊള്ളിച്ചു. അതിനുപിന്നാലെ അലർച്ചകളും നിലവിളികളും ഞങ്ങൾ കേട്ടു. കാരാഗൃഹകലാപം ആരംഭിച്ചുകഴിഞ്ഞു!
താത്കാലിക ഉപയോഗത്തിനായുള്ള കത്തികളുമായി മുഖംമൂടിധാരികളായ നിരവധി തടവുകാർ ഞങ്ങളുടെ യോഗം നടന്നിരുന്ന മുറിയിലേക്ക് ഇരച്ചുകയറി. അവർ ഞങ്ങളെ—മൂന്നു സന്ദർശകരെ—കണ്ടതിൽ ആശ്ചര്യഭരിതരായി! പെട്ടെന്നുതന്നെ, പുകനിറഞ്ഞ ഇടനാഴിയിലൂടെ ഞങ്ങളെ കൊണ്ടുപോയി. അവിടെ കിടക്കകൾ കത്തിയെരിയുകയും തടവുകാർ സംഭ്രമിച്ചു ചിതറിയോടുകയും ചെയ്തു. മുറിവേറ്റ ഒരു കാവൽക്കാരൻ നിലത്തു കിടപ്പുണ്ടായിരുന്നു. ഒരു നാടൻ ബോംബ് നിമിത്തമുണ്ടായ തീ കാരാഗൃഹമൈതാനത്തിന്റെ നടുവിലുണ്ടായിരുന്ന കാവൽഗോപുരം ഗ്രസിച്ചിരുന്നു. ഞങ്ങളെ പുറത്തുകൊണ്ടുപോയി പ്രധാന വേലിക്കെട്ടിൽനിന്ന് ഏകദേശം 50 മീറ്റർ അകലെ നിർത്തി. നേരെ നോക്കിയപ്പോൾ തോക്കുകൾ ഞങ്ങളുടെ നേരെ ചൂണ്ടി, വേലിക്കു പുറത്തു നിൽക്കുന്ന പൊലീസുകാരെയും കാരാഗൃഹ കാവൽക്കാരെയുമാണ് ഞങ്ങൾക്കു കാണാൻ കഴിഞ്ഞത്. ഞങ്ങളുടെ പിന്നിലൊളിച്ചുനിന്ന ഒരു കൂട്ടം തടവുകാർ അവരുടെ പിച്ചാത്തി ഞങ്ങളുടെ കഴുത്തിനു പിന്നിൽ പിടിച്ചിരുന്നു. അവർ ഞങ്ങളെ മനുഷ്യപ്പരിചകളായി ഉപയോഗിക്കുകയായിരുന്നു.
കൂടുതൽ ജാമ്യത്തടവുകാർ
അഞ്ചു മണിക്കൂർ കഴിഞ്ഞ്, സൂര്യനസ്തമിച്ച ശേഷം സംഘ നേതാക്കന്മാർ മുറിവേറ്റയാളെ ചികിത്സിക്കുന്നതിനായി അകത്തുവരുന്നതിന് ഒരു ഡോക്ടറെ അനുവദിച്ചു. ഡോക്ടറും ഒരു ജാമ്യത്തടവുകാരനായി. ഒടുക്കം, രാത്രി ഏകദേശം ഒമ്പതുമണിയായപ്പോൾ ഞങ്ങളെ ജയിലിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെ, ജാമ്യത്തടവുകാരായി പിടിക്കപ്പെട്ട ഒരു കൂട്ടം കാവൽക്കാരോടൊപ്പം ഞങ്ങൾ ചേർന്നു. ഇപ്പോൾ ലഹളക്കാർ എല്ലാ ജാമ്യത്തടവുകാരെയും മാറിമാറി മനുഷ്യപ്പരിചകളായി ബലമായി ഉപയോഗിച്ചു.
അൽപ്പ സമയത്തിനുശേഷം, സമാധാനപരമായി കാര്യങ്ങൾ ഒതുക്കിത്തീർക്കാനായി പ്രക്ഷോഭകാരികളെ കാണാൻ ഒരു ന്യായാധിപയെയും അവരുടെ സെക്രട്ടറിയെയും അനുവദിച്ചു. പക്ഷേ തടവുകാർ ധാർഷ്ട്യത്തോടെ അവരെയും ജാമ്യത്തടവുകാരാക്കിയപ്പോൾ പ്രതിസന്ധി രൂക്ഷമായി.
രാത്രിയിലുടനീളം ഇടയ്ക്കിടയ്ക്കു പോരാട്ടങ്ങൾ നടന്നു. ഞങ്ങൾ ഉറങ്ങാൻ ശ്രമിച്ചു, പക്ഷേ ഓരോ തവണയും മയക്കം പിടിക്കുമ്പോൾ ഉച്ചത്തിലുള്ള ഒരു ആർത്തനാദം ഞങ്ങളെ ഉറക്കത്തിൽനിന്നും ഞെട്ടിയെഴുന്നേൽപ്പിക്കുന്നതായി കാണപ്പെട്ടു. അതിരാവിലെ, പരിചകളായി നിൽക്കാനുള്ള ഞങ്ങളുടെ ഊഴം വീണ്ടും വന്നു.
അക്രമം രൂക്ഷമാവുന്നു
മാർച്ച് 31 ഞായറാഴ്ച, പ്രക്ഷോഭത്തിന്റെ രണ്ടാം ദിവസം, അവസ്ഥകൾ കൂടുതൽ വഷളായി. സംഘനേതാക്കന്മാർക്ക് അവരുടെ ആവശ്യങ്ങളുടെ കാര്യത്തിൽ യോജിപ്പിലെത്താനായില്ല. ഇതു കോപത്തിന്റെയും അക്രമത്തിന്റെയും ഒരു അന്തരീക്ഷം സൃഷ്ടിച്ചു. പ്രക്ഷോഭകാരികളുടെ സംഘങ്ങൾ തങ്ങളുടെ വഴിയിൽ കണ്ടതെല്ലാം നശിപ്പിച്ചും ചുട്ടെരിച്ചുംകൊണ്ടു സംഹാരതാണ്ഡവമാടി. പഴയ വഴക്കുകൾ പലതും ഒത്തുതീർപ്പിലാക്കിയത് അക്രമവും കൊലപാതങ്ങളും നടത്തിക്കൊണ്ടാണ്. പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച കുറേയേറെ തടവുകാരെ വധിച്ചു. ചില ശരീരങ്ങൾ ബേക്കറിയിലെ അടുപ്പിൽ ചുട്ടെരിച്ചു.
ഞങ്ങളുടെ മോചനം സംബന്ധിച്ച് എല്ലാത്തരം കിംവദന്തികളും പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളും ജയിലിനുള്ളിൽ പരന്നു. ജാമ്യത്തടവുകാരായ ഞങ്ങളെ സംബന്ധിച്ച് അതൊരു വൈകാരികപ്രക്ഷുബ്ധമായ അനുഭവമായിരുന്നു. ചിലപ്പോൾ ഞങ്ങളെ ടെലിവിഷൻ വാർത്തകൾ വീക്ഷിക്കാനനുവദിച്ചിരുന്നു. ടെലിവിഷനിലെ വൃത്താന്തങ്ങൾ യാഥാർഥ്യത്തിൽനിന്ന് എത്ര അകന്നതാണെന്നു കണ്ടപ്പോൾ ഞങ്ങൾ അമ്പരന്നുപോയി. അതു നിരുത്സാഹപ്പെടുത്തുന്നതായിരുന്നു.
ഞങ്ങളെങ്ങനെയാണ് അതിനെ അഭിമുഖീകരിച്ചത്? പ്രാർഥനയിലും ബൈബിൾ വായനയിലും സന്തുഷ്ട ഭാവിയെക്കുറിച്ചുള്ള ബൈബിൾ വാഗ്ദാനങ്ങളെപ്പറ്റി മറ്റുള്ളവരോടു സാക്ഷീകരിക്കുന്നതിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ കഠിനപരീക്ഷയുടെ സമയത്തും അതായിരുന്നു ഞങ്ങളുടെ വൈകാരിക ബലത്തിന്റെ താക്കോൽ.
തിങ്കളാഴ്ച, സംഘനേതാക്കന്മാർ അധികാരികളുമായി ചർച്ചയാരംഭിക്കാൻ സമ്മതിച്ചു. കലാപത്തിന് ഒരു അവസാനം വരാൻ പോകുന്നതുപോലെ കാണപ്പെട്ടു. കലാപകാരികൾ എഡ്ഗാർഡോയെയും വേറെ കുറേ കാരാഗൃഹ കാവൽക്കാരെയും പരിചകളായി ഉപയോഗിക്കുമ്പോഴായിരുന്നു ചില തടവുപുള്ളികളുടെ ഇടയിൽ തോക്കുകൊണ്ടുള്ള ഒരു പോരാട്ടം പൊട്ടിപ്പുറപ്പെട്ടത്. തുടർന്നുണ്ടായ കോലാഹലത്തിൽ, ജാമ്യത്തടവുകാരെ വെടിവെച്ചുവെന്ന അനുമാനത്തിൽ, പൊലീസും വെടിവെച്ചു. എഡ്ഗാർഡോ ആ വെടിയുണ്ട വർഷത്തെ അതിജീവിച്ചു, പക്ഷേ ജാമ്യത്തടവുകാരായ ചില കാവൽക്കാർക്കു വെടിയേറ്റു.
മരണം ആസന്നമെന്നു തോന്നി
ഞങ്ങൾ ജാമ്യത്തടവുകാർ അപ്പോഴും ജീവനോടെയിരിക്കുന്നു എന്നു കാണിക്കാനായി അവർ ഞങ്ങളെ ഒരു മേൽക്കൂരയുടെ മുകളിൽ കൊണ്ടുപോയി. പക്ഷേ പൊലീസ് വെടിവെപ്പു തുടർന്നു. ഇതു പ്രക്ഷോഭകരെ ക്രുദ്ധരാക്കി. അതേസമയം എല്ലാവരുംകൂടി ഒച്ചവയ്ക്കാനും തുടങ്ങി. ആരോ “ജാമ്യത്തടവുകാരെ കൊല്ലൂ! അവരെ കൊല്ലൂ!” എന്ന് ഉച്ചത്തിൽ പറഞ്ഞു. മറ്റുള്ളവർ അപേക്ഷിച്ചു: “ആയിട്ടില്ല! നമുക്ക് അൽപ്പം കൂടി കാക്കാം!” മരണം ആസന്നമായതുപോലെ തോന്നി. രൂബെനും ഞാനും ‘പുതിയ വ്യവസ്ഥിതിയിൽ വീണ്ടും കാണാം’ എന്നു പറയുന്നതുപോലെ അന്യോന്യം നോക്കി. പിന്നെ ഞങ്ങളിരുവരും നിശബ്ദമായി പ്രാർഥിച്ചു. ഉടനെതന്നെ, ഞങ്ങൾക്ക് ആ ചുറ്റുപാടുകളിൽ യഹോവയിൽ നിന്നു മാത്രം വന്നിരിക്കാവുന്ന ഒരു ആന്തരിക ശാന്തിയും മനസ്സമാധാനവും ലഭിച്ചു.—ഫിലിപ്പിയർ 4:7.
പെട്ടെന്നുതന്നെ, പൊലീസ് വെടിവെപ്പ് അവസാനിപ്പിച്ചു. സംഘനേതാക്കളിലൊരുവൻ ഞങ്ങളെ കൊല്ലുന്നില്ലെന്നു പറയുകയും ചെയ്തു. എന്നെ പിടിച്ചുകൊണ്ടുനിന്നിരുന്ന ഒരു യുവ തടവുപുള്ളിയോട്, പൊലീസിനൊരു മുന്നറിയിപ്പായി എന്നെയുംകൊണ്ടു മേൽക്കൂരയുടെ മുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ ആജ്ഞാപിച്ചു. അയാൾ വളരെയധികം പരിഭ്രാന്തനായിരുന്നു. ഞങ്ങളെയിരുവരെയും ശാന്തരാക്കിയ ഒരു സംഭാഷണം തുടങ്ങാൻ അവിടെവെച്ച് അപ്പോൾത്തന്നെ എനിക്കു സാധിച്ചു. മനുഷ്യരുടെ കഷ്ടപ്പാടുകൾ ഇളക്കിവിടുന്നതു സാത്താനും അവന്റെ ഭൂതങ്ങളുമാണെന്നും പെട്ടെന്നുതന്നെ യഹോവയാം ദൈവം ഇതുപോലുള്ള എല്ലാ കഷ്ടപ്പാടുകൾക്കും അറുതി വരുത്തുമെന്നും ഞാൻ വിശദീകരിച്ചു.—വെളിപ്പാടു 12:12.
ഞങ്ങളെ ജയിൽ ആശുപത്രിയിലേക്കു തിരികെ കൊണ്ടുപോയപ്പോൾ, ജാമ്യത്തടവുകാരിൽ ഒട്ടേറെ പേർ സംഭ്രാന്തരാണെന്നു ഞങ്ങൾ കണ്ടെത്തി. ഞങ്ങൾ സഹ തടവുകാരുമായി യഹോവയുടെ വാഗ്ദാനങ്ങൾ പങ്കുവെക്കുന്നതിനു ശ്രമിച്ചു. പറുദീസാ ഭൂമിയിലെ ഭാവിയെ സംബന്ധിച്ച ഞങ്ങളുടെ ബൈബിളധിഷ്ഠിത പ്രത്യാശയെക്കുറിച്ചു ഞങ്ങളവരോടു സംസാരിച്ചു. ജാമ്യത്തടവുകാരിൽ ചിലർ യഹോവയെ പേരുചൊല്ലി വിളിച്ചപേക്ഷിക്കാൻ തുടങ്ങി. ഡോക്ടർ പ്രത്യേക താത്പര്യം പ്രകടമാക്കുകയും നിർദിഷ്ടമായ വളരെയേറെ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഇത് നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം ഉപയോഗിച്ചുകൊണ്ടുള്ള സുദീർഘമായ ഒരു ബൈബിൾ ചർച്ചയിലേക്കു നയിച്ചു.
സ്മാരകം ആഘോഷിക്കൽ
ചൊവ്വാഴ്ച, ഞങ്ങളുടെ തടവിന്റെ നാലാം ദിവസം, യേശുക്രിസ്തുവിന്റെ മരണത്തിന്റെ വാർഷികമായിരുന്നു. ആ ദിവസം ലോകവ്യാപകമായുള്ള ലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികളും താത്പര്യക്കാരും യേശുവിന്റെ കൽപ്പനയോടുള്ള അനുസരണമായി ഈ സംഭവം കൊണ്ടാടാനായി കൂടിവരുന്നു. (ലൂക്കൊസ് 22:19) ഞങ്ങളും സ്മാരകാഘോഷത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു.
സ്വകാര്യതയ്ക്കുവേണ്ടി മുറിയുടെ ഒരു മൂല തിരഞ്ഞെടുത്തു. ചിഹ്നങ്ങളായി പുളിപ്പില്ലാത്ത അപ്പവും ചുവന്ന വീഞ്ഞും ഉണ്ടായിരുന്നില്ല. പക്ഷേ, ഞങ്ങൾ മൂന്നുപേരും യഹോവയെ സ്തുതിച്ചുകൊണ്ടു പാടുന്നതും പ്രാർഥിക്കുന്നതും യേശുവിന്റെ അവസാനത്തെ രാത്രിയെയും അവന്റെ മരണത്തോടനുബന്ധിച്ചുണ്ടായ മറ്റു സംഭവങ്ങളെയുംകുറിച്ചുള്ള ബൈബിൾ വിവരണം പുനഃപരിശോധിക്കുന്നതും ആസ്വദിച്ചു. ഞങ്ങളുടെ കുടുംബങ്ങളും ആത്മീയ സഹോദരീസഹോദരന്മാരും ലോകവ്യാപകമായി ഒരുമിച്ച് സ്മാരകം ആഘോഷിച്ചപ്പോൾ ഞങ്ങൾ അവരോടു വളരെ അടുത്തായിരിക്കുന്നതായി അനുഭവപ്പെട്ടു.
അഗ്നിപരീക്ഷ അവസാനിക്കുന്നു
പിരിമുറുക്കത്തിന്റെയും ഭയത്തിന്റെയും ഉത്കണ്ഠയുടെയും അന്തരീക്ഷം തുടർന്നുവന്ന നാലു ദിവസങ്ങളിലും ഉണ്ടായിരുന്നു. എങ്കിലും, ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നുമുള്ള എണ്ണമറ്റ എഴുത്തുകൾ സ്വീകരിക്കാൻ തടവുകാർ ഞങ്ങളെ അനുവദിച്ചു, അവ ഞങ്ങളെ സമാശ്വസിപ്പിച്ചു. ഒരവസരത്തിൽ ഫോണിലൂടെ ഞങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ പോലും ഞങ്ങളെ അനുവദിച്ചു. അവരുടെ ശബ്ദം ശ്രവിക്കുന്നതും അവരുടെ സ്നേഹത്തിന്റെയും പരിഗണനയുടെയും മൊഴികൾ വായിക്കുന്നതും എത്ര നവോന്മേഷദായകമായിരുന്നു!
ശനിയാഴ്ച, ഞങ്ങളെ തടഞ്ഞുവെച്ചതിന്റെ എട്ടാം ദിവസം, പ്രക്ഷോഭകാരികൾ അധികാരികളുമായി ഒത്തുതീർപ്പിൽ എത്തിച്ചേർന്നു. അടുത്ത ദിവസം ഞങ്ങളെ വിട്ടയയ്ക്കുമെന്നു ഞങ്ങളോടു പറഞ്ഞു. ഏപ്രിൽ 7, ഞായറാഴ്ച, ഉച്ചതിരിഞ്ഞു 2:30-ന് ഞങ്ങൾക്ക് ആ വാർത്ത ലഭിച്ചു: “പുറപ്പെടാൻ തയ്യാറായിക്കൊള്ളുക!” തടവുകാർ ഞങ്ങളെ സ്വാതന്ത്ര്യത്തിലേക്ക് ആനയിക്കാനായി ഒരു ‘ബഹുമാന്യ അനുയാത്ര’ ആസൂത്രണം ചെയ്തു! ഞങ്ങൾ ആശുപത്രി വിടുമ്പോൾ, സംഘനേതാക്കളുടെ വക്താവ് എഡ്ഗാർഡോയെ സമീപിച്ചു പറഞ്ഞു: “സഹോദരാ, നിങ്ങളുടെ പെരുമാറ്റം എന്നിൽ മതിപ്പുളവാക്കി. ഇനിമുതൽ ജയിലിലെ നിങ്ങളുടെ ശനിയാഴ്ച യോഗങ്ങളിൽ ഞാൻ പങ്കെടുക്കുമെന്ന് ഉറപ്പുതരുന്നു. ഇവിടെ ഈ സംഭവങ്ങളെല്ലാം നടന്നെങ്കിലും ഇനിയും നിങ്ങൾ ഇവിടെ യോഗങ്ങൾ നടത്തും, അല്ലേ?” എഡ്ഗാർഡോ പുഞ്ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു: “തീർച്ചയായും!”
വാതിലിനുപുറത്തു ഞങ്ങളെ അതിശയിപ്പിച്ച ഒന്നുണ്ടായിരുന്നു. ഞങ്ങൾ കെട്ടിടത്തിനു പുറത്തുകടന്ന ഉടനെ മുഴു അന്തേവാസികളും ഞങ്ങളെ ആദരിച്ചുകൊണ്ടു കരഘോഷം മുഴക്കി. സംഭവിച്ച കാര്യത്തിൽ ദുഃഖമുണ്ട് എന്നു കാണിക്കാനുള്ള അവരുടെതായ വിധമായിരുന്നു അത്. അതൊരു വികാരനിർഭരമായ നിമിഷമായിരുന്നു. യഹോവക്കു സത്കീർത്തി ലഭിക്കത്തക്കവിധമുള്ള കഴിഞ്ഞ ഒമ്പതു ദിവസങ്ങളിലെ ഞങ്ങളുടെ ക്രിസ്തീയനടത്ത അവരിലെല്ലാവരിലും മതിപ്പുളവാക്കിയിരിക്കണം എന്നതിനു സംശയമില്ല.
ജയിലിന്റെ വേലിക്കെട്ടിനു പുറത്ത്, ഞങ്ങളുടെ കുടുംബങ്ങളെയും ഏകദേശം 200 ആത്മീയ സഹോദരീസഹോദരന്മാരെയും ഞങ്ങൾ കണ്ടുമുട്ടി. വലിയ ആശ്വാസത്തോടെ ഞങ്ങൾ പരസ്പരം ആലിംഗനം ചെയ്തു. ഞങ്ങൾ അതിജീവിച്ചു! കലാപകാരികളിലൊരുവൻ എന്റെ ഭാര്യയെ സമീപിച്ചുപറഞ്ഞു: “യഹോവ എന്റെ ഹൃദയത്തിലെത്തിച്ചേർന്നെന്നും, ഞാൻ അവനെ സേവിക്കാൻ അവനാഗ്രഹിക്കുന്നുവെന്നും തോന്നുന്നു.”
എഡ്ഗാർഡോയും രൂബെനും ഞാനും യഹോവയ്ക്കു തന്റെ ദാസന്മാരെ ഏറ്റവും അപകടകരമായ സാഹചര്യങ്ങളിൽനിന്നുപോലും രക്ഷിക്കാനാവും എന്നു സവിശേഷമായ ഒരു വിധത്തിൽ പഠിച്ചു. യഹോവയോടു പ്രാർഥിക്കുന്നതും അവൻ അതു കേൾക്കുന്നതും എത്ര മഹത്തരമാണെന്നു ഞങ്ങൾ അനുഭവിച്ചറിഞ്ഞു. സങ്കീർത്തനക്കാരനെപ്പോലെ, നമുക്കും പറയാൻ കഴിയും: “യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സന്തോഷിപ്പാൻ നീ ഇടയാക്കിയതുമില്ല. എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൌഖ്യമാക്കുകയും ചെയ്തു. യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു; ഞാൻ കുഴിയിൽ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു.”(സങ്കീർത്തനം 30:1-3)—ഡാരിയോ മാർട്ടിൻ പറഞ്ഞപ്രകാരം.
[19-ാം പേജിലെ ആകർഷകവാക്യം]
താത്കാലിക ഉപയോഗത്തിനായുള്ള കത്തികളുമായി മുഖംമൂടിധാരികളായ നിരവധി തടവുകാർ ഞങ്ങളുടെ യോഗം നടന്നിരുന്ന മുറിയിലേക്ക് ഇരച്ചുകയറി
[20-ാം പേജിലെ ആകർഷകവാക്യം]
കലാപകാരികൾ എഡ്ഗാർഡോയെയും വേറെ കുറേ കാരാഗൃഹ കാവൽക്കാരെയും പരിചകളായി ഉപയോഗിക്കുകയായിരുന്നു
[21-ാം പേജിലെ ആകർഷകവാക്യം]
തടവുകാർ ഞങ്ങളെ സ്വാതന്ത്ര്യത്തിലേക്ക് ആനയിക്കാനായി ഒരു ‘ബഹുമാന്യ അനുയാത്ര’ ആസൂത്രണം ചെയ്തു!
[18-ാം പേജിലെ ചിത്രം]
മൂന്നു സന്ദർശകശുശ്രൂഷകർ (ഇടത്തുനിന്ന്): എഡ്ഗാർഡോ ടോറെസ്, രൂബെൻ സേയ്ബെൽ, ഡാരിയോ മാർട്ടിൻ