അഭിവൃദ്ധി പ്രാപിക്കാൻ നിങ്ങളുടെ മക്കളെ സഹായിക്കുക
കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതു സംബന്ധിച്ച വിവരങ്ങൾക്കായി പല മാതാപിതാക്കളും നെട്ടോട്ടമോടുന്നു. വാസ്തവത്തിൽ ഉത്തരങ്ങൾ തങ്ങളുടെ ഭവനത്തിൽത്തന്നെ ലഭ്യമാണെന്ന കാര്യം അവർക്കറിയില്ല. നിരവധി കുടുംബങ്ങളിലും ബൈബിളുണ്ട്. എന്നാൽ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിനായി ഉപയോഗിക്കപ്പെടുന്നതിനുപകരം അത് പുസ്തക അലമാരയിൽ പൊടിപിടിച്ചിരിക്കുകയാകും.
കുടുംബജീവിതത്തിൽ ഒരു വഴികാട്ടിയായി ബൈബിൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് പലരും ഇന്ന് സന്ദേഹമുള്ളവരാണ്. കാലഹരണപ്പെട്ടതോ പഴഞ്ചനോ അങ്ങേയറ്റം കർക്കശമോ ആണെന്നു പറഞ്ഞ് അവർ അതിനെ തള്ളിക്കളയുന്നു. എന്നാൽ ആത്മാർഥമായി പരിശോധിക്കുകയാണെങ്കിൽ ബൈബിൾ കുടുംബങ്ങൾക്കുള്ള ഒരു പ്രായോഗിക ഗ്രന്ഥമാണെന്നു തെളിയും. എങ്ങനെയെന്നു നമുക്കു നോക്കാം.
ശരിയായ പരിസ്ഥിതി
മക്കളെ ‘[തന്റെ] മേശെക്കു ചുററും ഇരിക്കുന്ന ഒലിവുതൈകളെ’പ്പോലെ വീക്ഷിക്കാൻ ബൈബിൾ പിതാവിനോടു പറയുന്നു. (സങ്കീർത്തനം 128:3, 4) ശ്രദ്ധാപൂർവമുള്ള പരിചരണമില്ലെങ്കിൽ, ശരിയായ പോഷകങ്ങളും മണ്ണും ജലവും പ്രദാനം ചെയ്തില്ലെങ്കിൽ ഇളം തൈകൾ വളർന്നുവലുതാകുകയില്ല. അതുപോലെതന്നെ, കുട്ടികളെ വിജയകരമായി വളർത്തിക്കൊണ്ടുവരാൻ ശ്രമവും കരുതലും ആവശ്യമാണ്. പക്വതയിലേക്കു വളർന്നുവരാൻ കുട്ടികൾക്ക് ആരോഗ്യകരമായ ഒരു പരിസ്ഥിതി ആവശ്യമാണ്.
അത്തരമൊരു പരിസ്ഥിതിക്ക് ആവശ്യമായ ഒരു ഘടകമാണു സ്നേഹം. അതായത്, വിവാഹിത ഇണകൾ തമ്മിലും മാതാപിതാക്കളും കുട്ടികളും തമ്മിലുമുള്ള സ്നേഹം. (എഫെസ്യർ 5:33; തീത്തൊസ് 2:4) പല കുടുംബാംഗങ്ങളും പരസ്പരം സ്നേഹിക്കുന്നു. എന്നാൽ അത്തരം സ്നേഹം പ്രകടിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അവർ കരുതുന്നില്ല. എന്നാൽ ഇതു പരിചിന്തിക്കുക: നിങ്ങളുടെ സുഹൃത്തിനു കത്തെഴുതിയിട്ട് പുറത്തു മേൽവിലാസം എഴുതുകയോ സ്റ്റാമ്പ് ഒട്ടിക്കുകയോ അത് അയയ്ക്കുകയോ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ അയാളുമായി ആശയവിനിയമം നടത്തിയെന്നു വാസ്തവത്തിൽ പറയാൻ സാധിക്കുമോ? അതുപോലെതന്നെ, യഥാർഥ സ്നേഹം ഹൃദയത്തെ ഊഷ്മളമാക്കുന്ന ഒരു വികാരം മാത്രമല്ലെന്നു ബൈബിൾ വെളിവാക്കുന്നു; അതു വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പ്രകടിപ്പിക്കേണ്ട ആവശ്യമുണ്ട്. (യോഹന്നാൻ 14:15-ഉം 1 യോഹന്നാൻ 5:3-ഉം താരതമ്യം ചെയ്യുക.) തന്റെ പുത്രനോടുള്ള സ്നേഹം ഇപ്രകാരം വാക്കുകളിലൂടെ പ്രകടിപ്പിച്ചുകൊണ്ട് ദൈവം അതിനു മാതൃക വെച്ചു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.”—മത്തായി 3:17.
പ്രശംസ
മാതാപിതാക്കൾക്കു മക്കളോട് അത്തരത്തിലുള്ള സ്നേഹം എങ്ങനെ കാണിക്കാൻ സാധിക്കും? ആദ്യമായി, നന്മ കണ്ടെത്താൻ ശ്രമിക്കുക. കുട്ടികളിൽ കുറ്റം കണ്ടെത്താൻ എളുപ്പമാണ്. അവരുടെ പക്വതയില്ലായ്മ, അനുഭവപരിചയമില്ലായ്മ, സ്വാർഥത എന്നിവ ദിവസേന നിരവധി വിധങ്ങളിൽ പ്രകടമാകും. (സദൃശവാക്യങ്ങൾ 22:15) എന്നാൽ അവർ ദിവസവും പല നല്ല കാര്യങ്ങളും ചെയ്യും. നിങ്ങൾ ഏതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക? ദൈവം നമ്മുടെ തെറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. മറിച്ച്, നാം ചെയ്യുന്ന നല്ല കാര്യങ്ങൾ അവൻ ഓർക്കുന്നു. (സങ്കീർത്തനം 130:3; എബ്രായർ 6:10) ഇതേ രീതിയിലായിരിക്കണം നാം കുട്ടികളോടും ഇടപെടേണ്ടത്.
ഒരു യുവാവ് പറയുന്നു: “വീട്ടിൽനിന്ന് എനിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശംസ കിട്ടിയതായി ഞാൻ ഓർക്കുന്നില്ല—വീട്ടിലോ സ്കൂളിലോ കൈവരിച്ച നേട്ടങ്ങൾക്കുപോലും.” മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികൾക്കാവശ്യമായ മർമപ്രധാനമായ ഈ സംഗതി അവഗണിക്കരുത്! ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങൾക്കും മക്കളെയെല്ലാവരെയും മുടങ്ങാതെ അഭിനന്ദിക്കേണ്ടതാണ്. വളർന്നുവരവേ, തങ്ങൾ ചെയ്യുന്നതൊന്നും ശരിയാകില്ലെന്ന ചിന്തയാൽ ‘നിരുന്മേഷരാ’കാതിരിക്കാൻ ഇത് അവരെ സഹായിക്കും.—കൊലൊസ്സ്യർ 3:21, പി.ഒ.സി. ബൈ.
ആശയവിനിമയം
‘കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കുക’ എന്ന യാക്കോബ് 1:19-ലെ ബുദ്ധ്യുപദേശം കൈക്കൊള്ളുന്നതാണു മക്കളോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള മറ്റൊരു നല്ല മാർഗം. മക്കളുടെ മനസ്സിലുള്ളത് എന്താണെന്നറിയാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ? അവർ പറയുന്നതെന്തെന്നു നിങ്ങൾ വാസ്തവത്തിൽ ശ്രദ്ധിക്കുന്നുണ്ടോ? കാര്യം പറഞ്ഞു തീരുന്നതിനുമുമ്പേ നിങ്ങൾ പ്രസംഗം തുടങ്ങുമെന്നോ തങ്ങളുടെ തോന്നൽ മനസ്സിലാക്കുമ്പോൾ നിങ്ങൾ ദേഷ്യപ്പെടുമെന്നോ നിങ്ങളുടെ മക്കൾക്കറിയാമെങ്കിൽ അവർ തങ്ങളുടെ വിചാരങ്ങളൊന്നും നിങ്ങളോടു തുറന്നു പറഞ്ഞെന്നുവരില്ല. എന്നാൽ നിങ്ങൾ ശരിക്കും ശ്രദ്ധിക്കുമെന്ന് അറിയാമെങ്കിൽ അവർ കാര്യങ്ങൾ തുറന്നു പറയും.—സദൃശവാക്യങ്ങൾ 20:5 താരതമ്യം ചെയ്യുക.
തെറ്റാണെന്നു നിങ്ങൾക്കറിയാവുന്ന തരത്തിലുള്ള തോന്നലുകളാണ് അവർ വെളിപ്പെടുത്തുന്നതെങ്കിലോ? കോപംപൂണ്ട പ്രതികരണത്തിനോ, പ്രസംഗത്തിനോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ശിക്ഷണത്തിനോ ഉള്ള സമയമാണോ അത്? ബാലിശമായ ചില പൊട്ടിത്തെറികൾ ‘പറവാൻ താമസവും കോപത്തിന്നു താമസവും’ എന്ന തത്ത്വം പാലിക്കാൻ ബുദ്ധിമുട്ടുളവാക്കിയേക്കാം. എന്നാൽ വീണ്ടും തന്റെ മക്കളോടുള്ള ദൈവത്തിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. മക്കൾക്കു തങ്ങളുടെ തോന്നൽ അവനോടു പറയാൻ ഭയം തോന്നുന്ന തരത്തിൽ കൊടിയ ഭയത്തിന്റേതായ ഒരു അന്തരീക്ഷം അവൻ സൃഷ്ടിക്കുന്നുണ്ടോ? ഇല്ല! സങ്കീർത്തനം 62:8 പറയുന്നു: “എല്ലാകാലത്തും അവനിൽ [ദൈവത്തിൽ] ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു.”
സോദോം, ഗൊമോറ പട്ടണങ്ങളെ നശിപ്പിക്കാനുള്ള ദൈവത്തിന്റെ തീരുമാനത്തിൽ വേവലാതിപ്പെട്ട് അബ്രാഹാം തന്റെ സ്വർഗീയ പിതാവിനോട് ഇപ്രകാരം പറയാൻ മടിച്ചില്ല: “ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? . . . സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?” യഹോവ അബ്രാഹാമിനെ ശാസിച്ചില്ല; യഹോവ അവൻ പറഞ്ഞതു ശ്രദ്ധിച്ച് അവന്റെ ഭയത്തെ ദൂരീകരിച്ചു. (ഉല്പത്തി 18:20-33) ദൈവം ശ്രദ്ധേയമായ വിധത്തിൽ ക്ഷമയും സൗമ്യതയും പ്രകടിപ്പിക്കുന്നു, തന്റെ മക്കൾ തികച്ചും ന്യായീകരിക്കാൻ പറ്റാത്തതും യുക്തിസഹമല്ലാത്തതുമായ തോന്നലുകൾ തന്റെ മുമ്പാകെ പകരുമ്പോൾപ്പോലും.—യോനാ 3:10–4:11.
സമാനമായി, തങ്ങളുടെ ഉള്ളിന്റെയുള്ളിലെ തോന്നലുകളെ, അവ എത്രതന്നെ അലട്ടുന്നവയായിക്കൊള്ളട്ടെ, വെളിപ്പെടുത്തുന്നതുകൊണ്ടു കുഴപ്പമില്ലെന്നു കുട്ടികൾക്കു തോന്നത്തക്കവിധമുള്ള ഒരു പരിസ്ഥിതി മാതാപിതാക്കൾ സൃഷ്ടിക്കണം. അതുകൊണ്ട്, നിങ്ങളുടെ കുട്ടി വികാരാധീനനായി പൊട്ടിത്തെറിച്ചാൽ ശ്രദ്ധിക്കുക. വഴക്കു പറയുന്നതിനുപകരം, കുട്ടിയുടെ വിചാരങ്ങളെ മനസ്സിലാക്കി കാരണമെന്താണെന്നറിയാൻ ശ്രമിക്കുക. ഉദാഹരണത്തിന് നിങ്ങൾക്ക് ഇപ്രകാരം പറയാൻ സാധിക്കും: ‘നിനക്ക് ഇന്ന ആളിനോട് ദേഷ്യമുള്ളതുപോലുണ്ടല്ലോ? കാരണമെന്താണെന്ന് എന്നോടു പറയാമോ?’
കോപം നിയന്ത്രിക്കൽ
മാതാപിതാക്കളാരും യഹോവയോളം ക്ഷമാശീലരല്ലെന്നതു ശരിതന്നെ. മാത്രമല്ല, മക്കൾ മാതാപിതാക്കളെ ക്ഷമയുടെ നെല്ലിപ്പലക കാണിക്കുമെന്നതു തീർച്ച. മക്കളോട് കൂടെക്കൂടെ ദേഷ്യം തോന്നുകയാണെങ്കിൽ നിങ്ങൾ ഒരുത്തമ മാതാവോ പിതാവോ അല്ലെന്നു കരുതി വേവലാതിപ്പെടരുത്. ചിലപ്പോൾ നിങ്ങൾക്കു ദേഷ്യം തോന്നുന്നതു തികച്ചും ഉചിതമായിരിക്കും. ദൈവം തന്റെ മക്കളോട്, അവന് വളരെ പ്രിയമുള്ളവരോടുപോലും, ഉചിതമായ രീതിയിൽ ദേഷ്യപ്പെടുന്നു. (പുറപ്പാടു 4:14; ആവർത്തനപുസ്തകം 34:10) എങ്കിലും അവന്റെ വചനം ദേഷ്യം നിയന്ത്രിക്കാൻ നമ്മെ പഠിപ്പിക്കുന്നു.—എഫെസ്യർ 4:26.
എങ്ങനെ? ചില സന്ദർഭങ്ങളിൽ നിങ്ങളുടെ ദേഷ്യം കെട്ടടങ്ങുന്നതുവരെ അൽപ്പസമയത്തേക്ക് മാറിനിൽക്കുന്നതു നന്നായിരിക്കും. (സദൃശവാക്യങ്ങൾ 17:14) മാത്രമല്ല, അവനൊരു കുട്ടിയാണെന്ന് ഓർക്കുക! മുതിർന്നവരെപ്പോലെയുള്ള പെരുമാറ്റമോ പക്വതയുള്ള ചിന്താഗതിയോ കുട്ടിയിൽനിന്നു പ്രതീക്ഷിക്കരുത്. (1 കൊരിന്ത്യർ 13:11) കുട്ടി അത്തരത്തിൽ പെരുമാറിയത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കുന്നതു നിങ്ങളുടെ കോപത്തെ ശമിപ്പിച്ചേക്കാം. (സദൃശവാക്യങ്ങൾ 19:11) കൊള്ളരുതാത്ത കാര്യങ്ങൾ ചെയ്യുന്നതും കൊള്ളരുതാത്ത വ്യക്തിയായിരിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ഒരിക്കലും മറക്കരുത്. കൊള്ളരുതാത്തവൻ എന്നു വിളിച്ചുകൊണ്ട് ഒരു കുട്ടിയുടെ നേരേ ആക്രോശിക്കുന്നത്, ‘ഞാൻ എന്തിന് നന്നാകണം?’ എന്ന് അവൻ ചിന്തിക്കുന്നതിലേക്കു വഴിതെളിച്ചേക്കാം. എന്നാൽ സ്നേഹപൂർവമുള്ള തിരുത്തൽ, അഭിവൃദ്ധി പ്രാപിക്കാൻ കുട്ടിയെ സഹായിച്ചേക്കാം.
അച്ചടക്കവും ആദരവും നിലനിർത്തൽ
അച്ചടക്കവും ആദരവും സംബന്ധിച്ച് കുട്ടികളെ പഠിപ്പിക്കുന്നതാണു മാതാപിതാക്കൾ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന്. ഇന്നത്തെ വഴിവിട്ട ലോകത്തിൽ തങ്ങളുടെ മക്കളെ നിയന്ത്രിക്കുന്നതുതന്നെ ഉചിതമാണോ എന്നു പലരും ചിന്തിക്കുന്നു. ബൈബിൾ ഉത്തരം നൽകുന്നു: “വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.” (സദൃശവാക്യങ്ങൾ 29:15) “വടി” എന്നു കേൾക്കുമ്പോൾത്തന്നെ ചിലർ നെറ്റി ചുളിക്കുന്നു. കാരണം കുട്ടികളെ ഉപദ്രവിക്കുക എന്ന ധ്വനിയാണ് അതു നൽകുന്നതെന്ന് അവർ കരുതുന്നു. എന്നാൽ വാസ്തവമതല്ല. “വടി” എന്നതിന്റെ എബ്രായ പദത്തിന്റെ അർഥം കോൽ എന്നാണ്. അതായത്, ഒരു ആട്ടിടയൻ തന്റെ ആടുകളെ നയിക്കാൻ—ഉപദ്രവിക്കാനല്ല—ഉപയോഗിച്ചിരുന്നതുപോലുള്ള ഒന്ന്.a അതുകൊണ്ട്, വടി പ്രതിനിധീകരിക്കുന്നതു ശിക്ഷണത്തെയാണ്.
ശിക്ഷണം നൽകുക എന്നതുകൊണ്ട് ബൈബിളിൽ മുഖ്യമായും അർഥമാക്കുന്നതു പഠിപ്പിക്കുക എന്നാണ്. അതുകൊണ്ടാണ് ‘പ്രബോധനം കേൾക്ക’ അഥവാ ‘ഉപദേശം കേൾക്ക’ [“ശിക്ഷണത്തിനു ശ്രദ്ധ നൽകുക,” NW] എന്ന് സദൃശവാക്യങ്ങൾ ഏതാണ്ട് നാലു തവണ പറയുന്നത്. (സദൃശവാക്യങ്ങൾ 1:8; 4:1; 8:33; 19:27) നന്മ ചെയ്യുന്നതു പ്രതിഫലവും തിന്മ ചെയ്യുന്നതു ഭവിഷ്യത്തുകളും കൈവരുത്തുമെന്നു കുട്ടികൾ പഠിക്കേണ്ടത് ആവശ്യമാണ്. പ്രശംസ പോലുള്ള പ്രതിഫലങ്ങൾ സത്പ്രവൃത്തികളോടു താത്പര്യം ജനിപ്പിക്കുന്നതുപോലെതന്നെ ശിക്ഷ ദുഷ്പ്രവൃത്തികൾ ചെയ്യാനുള്ള പ്രവണതയെ ശക്തിപ്പെടുത്തും. (ആവർത്തനപുസ്തകം 11:26-28 താരതമ്യം ചെയ്യുക.) ശിക്ഷയുടെ കാര്യത്തിൽ മാതാപിതാക്കൾ ദൈവത്തിന്റെ മാതൃക അനുകരിക്കുന്നതു നന്നായിരിക്കും. കാരണം അവൻ തന്റെ ജനത്തോടു പറഞ്ഞതു താൻ അവരെ “ന്യായമായി ശിക്ഷിക്കും” എന്നാണ്. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (യിരെമ്യാവ് 46:28) ചില കുട്ടികളെ നിലയ്ക്കു നിർത്താൻ കർക്കശമായ ഏതാനും വാക്കുകൾ മാത്രം മതിയാകും. ചിലർക്ക് അതിനെക്കാൾ ദൃഢമായ ശിക്ഷണനടപടികൾ ആവശ്യമായിരിക്കാം. എന്നാൽ ‘ന്യായമായ ശിക്ഷ’ നൽകുന്നതിൽ ഒരിക്കലും ഒരു കുട്ടിക്കു വൈകാരികമോ ശാരീരികമോ ആയി ദോഷം ചെയ്യുന്നതരത്തിലുള്ള കാര്യങ്ങളൊന്നും ഉൾപ്പെടില്ല.
സന്തുലിതമായ ശിക്ഷണത്തിൽ പരിധികളെയും പരിമിതികളെയും സംബന്ധിച്ച് കുട്ടികളെ പഠിപ്പിക്കുന്നതും ഉൾപ്പെടുത്തേണ്ടതാണ്. ഇവയിൽ പലതും ദൈവവചനത്തിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. വ്യക്തിസ്വത്തായ സ്ഥലത്തിന്റെ അതിരുകളെ ആദരിക്കാൻ ബൈബിൾ പഠിപ്പിക്കുന്നു. (ആവർത്തനപുസ്തകം 19:14) ശാരീരികമായ കാര്യങ്ങളിലും അതു പരിധികൾ വെക്കുന്നു. അതുകൊണ്ട്, അക്രമത്തെ പ്രിയപ്പെടുന്നതോ മറ്റൊരാളെ മനപ്പൂർവം ഉപദ്രവിക്കുന്നതോ തെറ്റാണ്. (സങ്കീർത്തനം 11:5; മത്തായി 7:12) ലൈംഗികതയുടെ കാര്യത്തിലും അതു പരിധികൾ വെക്കുന്നു, അത് നിഷിദ്ധ ബന്ധുവേഴ്ചയെ കുറ്റം വിധിക്കുന്നു. (ലേവ്യപുസ്തകം 18:6-18) വ്യക്തിപരവും വൈകാരികവുമായ കാര്യങ്ങളിൽപ്പോലും അതു പരിമിതികൾ വെക്കുന്നു. ആരെയെങ്കിലും മോശമായ പേരുകളോ മറ്റുതരത്തിലുള്ള അസഭ്യമോ വിളിക്കുന്നതിനെ അതു വിലക്കുന്നു. (മത്തായി 5:22) ഈ പരിധികളെയും പരിമിതികളെയും കുറിച്ചു മക്കളെ പഠിപ്പിക്കുന്നത്—വാക്കാലും മാതൃകയാലും—ആരോഗ്യകരമായ ഒരു കുടുംബാന്തരീക്ഷത്തിന് അനിവാര്യമാണ്.
കുടുംബത്തിൽ അച്ചടക്കവും ആദരവും നിലനിർത്താനുള്ള മറ്റൊരു താക്കോലാണു കുടുംബത്തിലെ ഓരോരുത്തരുടെയും സ്ഥാനം മനസ്സിലാക്കുകയെന്നത്. ഇന്നു പല ഭവനങ്ങളിലും അത്തരം സ്ഥാനങ്ങൾ അവ്യക്തമോ ആശയക്കുഴപ്പത്തിലോ ആണ്. ചില കുടുംബങ്ങളിൽ ഒരു മാതാവോ പിതാവോ ഭാരിച്ച പ്രശ്നങ്ങൾ—ഒരു കുട്ടിക്ക് കൈകാര്യം ചെയ്യാനാകാത്ത പ്രശ്നങ്ങൾ—കുട്ടിയുടെ മേൽ കെട്ടിവെക്കും. ചില കുടുംബങ്ങളിലാകട്ടെ, കുട്ടികളെ മുഴുകുടുംബത്തിനും വേണ്ടി തീരുമാനമെടുക്കുന്ന കൊച്ചു സ്വേച്ഛാധിപതികളായി ചമയാൻ അനുവദിക്കും. അത് തെറ്റാണെന്നു മാത്രമല്ല, ദോഷവും ചെയ്യും. മക്കളുടെ ആവശ്യങ്ങൾ—ശാരീരികമോ വൈകാരികമോ ആത്മീയമോ ആയിക്കൊള്ളട്ടെ—നിറവേറ്റാനുള്ള കടപ്പാടു മാതാപിതാക്കൾക്കാണ്, മറിച്ചല്ല. (2 കൊരിന്ത്യർ 12:14; 1 തിമൊഥെയൊസ് 5:8) യാക്കോബിന്റെ ഉദാഹരണം പരിചിന്തിക്കുക. കുട്ടികൾക്കു ഭാരം തോന്നാതിരിക്കത്തക്കവണ്ണം അവൻ തന്റെ മുഴുകുടുംബത്തിന്റെയും ദാസന്മാരുടെയും ജീവിതഗതിയിൽ ക്രമീകരണങ്ങൾ വരുത്തി. അവൻ അവരുടെ പരിമിതികൾ മനസ്സിലാക്കി അപ്രകാരം പ്രവർത്തിച്ചു.—ഉല്പത്തി 33:13, 14.
ആത്മീയാവശ്യങ്ങൾക്കു ശ്രദ്ധ നൽകൽ
കുടുംബത്തിൽ ആരോഗ്യകരമായ ഒരന്തരീക്ഷം ഉണ്ടായിരിക്കുന്നതിനു മർമപ്രധാനമായ സംഗതിയാണ് ആത്മീയത. (മത്തായി 5:3) ആത്മീയ കാര്യങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്കു നല്ല കഴിവുണ്ട്. അവരുടെ മനസ്സു നിറയെ ചോദ്യങ്ങളാണ്: നാം ജീവിക്കുന്നത് എന്തുകൊണ്ടാണ്? ഭൂമിയെയും മൃഗങ്ങളെയും വൃക്ഷങ്ങളെയും സമുദ്രങ്ങളെയുമൊക്കെ ഉണ്ടാക്കിയത് ആരാണ്? മനുഷ്യർ മരിക്കുന്നത് എന്തുകൊണ്ടാണ്? മരണാനന്തരം എന്താണ് സംഭവിക്കുന്നത്? നല്ല ആളുകൾക്കു മോശമായ കാര്യങ്ങൾ സംഭവിക്കുന്നത് എന്തുകൊണ്ടാണ്? ചോദ്യങ്ങൾ അങ്ങനെ നീണ്ടുപോകുന്നു. മിക്കപ്പോഴും അത്തരം കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ താത്പര്യം കാണിക്കാത്തതു മാതാപിതാക്കളാണ്.b
മക്കൾക്ക് ആത്മീയ പരിശീലനം നൽകുന്നതിനു സമയം ചെലവിടാൻ ബൈബിൾ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഊഷ്മളമായ സംഭാഷണത്തിലൂടെ അത്തരം പരിശീലനം നൽകുന്നതിനെക്കുറിച്ച് അതു പറയുന്നു. ഒന്നിച്ചു നടക്കുമ്പോഴും വീട്ടിൽ ഒന്നിച്ചിരിക്കുമ്പോഴും കിടക്കുമ്പോഴും—സാധ്യമാകുമ്പോഴൊക്കെ—ദൈവത്തെയും അവന്റെ വചനത്തെയും കുറിച്ചു മക്കളെ പഠിപ്പിക്കാവുന്നതാണ്.—ആവർത്തനപുസ്തകം 6:6, 7; എഫെസ്യർ 6:4.
അത്തരമൊരു ആത്മീയ പരിപാടി ശുപാർശ ചെയ്യുക മാത്രമല്ല ബൈബിൾ ചെയ്യുന്നത്. നിങ്ങൾക്കാവശ്യമായ വിവരങ്ങളും അതു പ്രദാനം ചെയ്യുന്നു. നിങ്ങളുടെ മക്കളുടെ മുമ്പു പ്രതിപാദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾ എങ്ങനെ നൽകും? അവയ്ക്കുള്ള ഉത്തരങ്ങൾ ബൈബിളിലുണ്ട്. അവ സുവ്യക്തമാണ്, രസകരമാണ്, ആശയറ്റ ഈ ലോകത്തിൽ അവ വളരെയധികം പ്രത്യാശ നൽകുന്നു. അതിലുപരി, ബൈബിളിന്റെ ജ്ഞാനം നിങ്ങളുടെ മക്കൾക്ക് ഏറ്റവും ഉറച്ച നങ്കൂരമായി വർത്തിക്കും. ഈ പ്രക്ഷുബ്ധ കാലത്ത് അത് അവർക്ക് ഏറ്റവും നല്ല മാർഗനിർദേശം പ്രദാനം ചെയ്യും. അവർക്ക് അതു നൽകൂ, അവർ വാസ്തവമായും അഭിവൃദ്ധി പ്രാപിക്കും—ഇപ്പോൾ മാത്രമല്ല, ഭാവിയിലും.
[അടിക്കുറിപ്പുകൾ]
a 1992 സെപ്റ്റംബർ 8 ഉണരുക!യുടെ (ഇംഗ്ലീഷ്) 26-7 പേജുകൾ കാണുക.
b കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം കുടുംബ അധ്യയനത്തിനു വേണ്ടി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതാണ്. വിവാഹത്തെയും കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിനെയും സംബന്ധിച്ച് പ്രായോഗികമായ ഒട്ടേറെ മാർഗനിർദേശങ്ങൾ അതിലുണ്ട്. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ ആണ് അതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
[11-ാം പേജിലെ ആകർഷകവാക്യം]
പ്രത്യേകിച്ച് എന്തിനെക്കുറിച്ചെങ്കിലും നിങ്ങളുടെ കുട്ടിയെ പതിവായി പ്രശംസിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുക
[9-ാം പേജിലെ ചതുരം]
അഭിവൃദ്ധി പ്രാപിക്കാൻ മക്കളെ സഹായിക്കാവുന്ന വിധം
• തങ്ങൾ സ്നേഹിക്കപ്പെടുന്നവരാണെന്നും തങ്ങളെക്കൊണ്ട് ആവശ്യമുണ്ടെന്നും കുട്ടിക്കു തോന്നുന്ന ഒരു സുരക്ഷിത ചുറ്റുപാടു പ്രദാനം ചെയ്യുക
• അവരെ നിരന്തരം പ്രശംസിക്കുക. പ്രത്യേകിച്ച് എന്തിനെക്കുറിച്ചെങ്കിലുമായിരിക്കണം അത്
• നല്ലൊരു ശ്രോതാവായിരിക്കുക
• കോപം ആളിക്കത്തുമ്പോൾ മാറിനിൽക്കുക
• വ്യക്തമായ, സുദൃഢമായ പരിധികളും പരിമിതികളും വെക്കുക
• ഓരോ കുട്ടിക്കും വ്യക്തിപരമായി അനുയോജ്യമായിരിക്കുന്ന ശിക്ഷണം നൽകുക
• ന്യായമായതിൽ കവിഞ്ഞ് നിങ്ങളുടെ കുട്ടിയിൽനിന്നു പ്രതീക്ഷിക്കാതിരിക്കുക
• കുട്ടികളുമൊത്തു ദൈവവചനം ക്രമമായി പഠിച്ചുകൊണ്ട് അവരുടെ ആത്മീയ ആവശ്യങ്ങൾക്കായി കരുതുക
[10-ാം പേജിലെ ചതുരം]
വളരെക്കാലം മുമ്പേ
ബൈബിൾ നിയമങ്ങൾ ചുറ്റുമുള്ള ജനതകളുടേതിനെക്കാൾ ഉയർന്ന നിലവാരമുള്ള കുടുംബജീവിതം നയിക്കാൻ പുരാതന ഇസ്രായേലിലെ ജനങ്ങളെ സഹായിച്ചു. ചരിത്രകാരനായ ആൽഫ്രഡ് എഡർഷൈം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഇസ്രായേലിനു വെളിയിലുള്ള ആളുകളെക്കുറിച്ചു പറയുകയാണെങ്കിൽ, നാം മനസ്സിലാക്കുന്ന അർഥത്തിലുള്ള കുടുംബജീവിതമോ കുടുംബമോ അവർക്കുണ്ടായിരുന്നു എന്നു പറയാൻ സാധിക്കുകയില്ല.” ഉദാഹരണത്തിന്, പുരാതന റോമാക്കാർക്കിടയിൽ നിയമപ്രകാരം കുടുംബത്തിൽ പരമാധികാരം പിതാവിനായിരുന്നു. അയാൾക്കു വേണമെങ്കിൽ മക്കളെ അടിമകളായി വിൽക്കുകയോ അവരെക്കൊണ്ടു പണിയെടുപ്പിക്കുകയോ അല്ലെങ്കിൽ അവരെ കൊല്ലുക പോലുമോ ചെയ്യാമായിരുന്നു. എങ്കിലും അയാൾ ശിക്ഷിക്കപ്പെടുമായിരുന്നില്ല.
യഹൂദർ തങ്ങളുടെ മക്കളോടു സൗമ്യതയോടെ പെരുമാറുന്നത് ഒരു വിചിത്ര കാര്യമായിട്ടാണു ചില റോമാക്കാർ വീക്ഷിച്ചിരുന്നത്. വാസ്തവത്തിൽ, യഹൂദരുടെ ആചാരങ്ങൾ “ഒരേസമയം വികടവും അറപ്പുളവാക്കുന്നതുമായിരുന്നു” എന്നു പറഞ്ഞുകൊണ്ട് ഒന്നാം നൂറ്റാണ്ടിലെ റോമൻ ചരിത്രകാരനായ ടാസിറ്റസ് അവരെക്കുറിച്ച് വിദ്വേഷം കലർന്ന രീതിയിൽ എഴുതുകയുണ്ടായി. എങ്കിലും അദ്ദേഹം ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ഒരു നവജാത ശിശുവിനെ കൊല്ലുന്നത് അവർക്കിടയിൽ അപരാധമാണ്.”
ബൈബിൾ ഉന്നതമായ ഒരു മാനദണ്ഡമാണു കൽപ്പിച്ചിരുന്നത്. കുട്ടികൾ വിലപ്പെട്ടവരാണെന്നും—വാസ്തവത്തിൽ ദൈവത്തിൽനിന്നുള്ള ഒരു അവകാശമായി വീക്ഷിക്കപ്പെടണമെന്നും—അതിൻപ്രകാരം അവരോടു പെരുമാറണമെന്നും അതു യഹൂദരെ പഠിപ്പിച്ചു. (സങ്കീർത്തനം 127:3) പലരും അത്തരം ബുദ്ധ്യുപദേശമനുസരിച്ച് ജീവിച്ചുവെന്നു സ്പഷ്ടം. അവരുടെ ഭാഷപോലും ഇതു വെളിപ്പെടുത്തുന്നു. പുത്രൻ, പുത്രി എന്നീ വാക്കുകൾക്കുപുറമേ പുരാതന എബ്രായയിൽ കുട്ടികൾ എന്നതിന് ഒമ്പതു വാക്കുകൾ ഉണ്ടായിരുന്നുവെന്ന് എഡർഷൈം അഭിപ്രായപ്പെടുന്നു. ഓരോന്നും ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ കുറിക്കാനുള്ളതായിരുന്നു. ഉദാഹരണത്തിന്, മുലകുടി മാറാത്ത ഒരു കുട്ടിയെയും മുലകുടി മാറിയ ഒരു കുട്ടിയെയും കുറിക്കാൻ വ്യത്യസ്ത വാക്കുകളുണ്ടായിരുന്നു. അൽപ്പംകൂടെ മുതിർന്ന കുട്ടികളെ കുറിക്കാൻ അവർ ദൃഢചിത്തരും ശക്തരുമായി വളർന്നു കൊണ്ടിരിക്കുകയാണെന്നു സൂചിപ്പിക്കുന്ന ഒരു വാക്കുണ്ടായിരുന്നു. യുവജനങ്ങൾക്കായി അക്ഷരാർഥത്തിൽ ‘കുതറി മാറിയ’ എന്നർഥമുള്ള ഒരു വാക്കുണ്ടായിരുന്നു. എഡർഷൈം അഭിപ്രായപ്പെടുന്നു: “വളർന്നുവരുന്ന ഓരോ കാലഘട്ടവും ചിത്രീകരിക്കത്തക്കവിധം കുട്ടിയുടെ ജീവിതത്തെ സശ്രദ്ധം വീക്ഷിച്ചിരുന്നവർക്ക് തങ്ങളുടെ കുട്ടികളോടു വളരെ വാത്സല്യമുണ്ടായിരുന്നിരിക്കണം, തീർച്ച.”