“അവർ കുട്ടികളെപ്പോലെ തുള്ളിച്ചാടി”
ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകം സുഹൃത്തുക്കളെ കാണിച്ചപ്പോഴുണ്ടായ പ്രതികരണത്തെ, മൂന്നു കുട്ടികളുടെ പിതാവായ 32 വയസ്സുകാരൻ സ്യിർഗ്യി വിവരിച്ചത് അങ്ങനെയാണ്. റഷ്യയിലെ റ്റാറ്റർസ്റ്റാനിൽ താമസിക്കുന്ന സ്യിർഗ്യി സംഭവിച്ചതെന്തെന്നു വിവരിക്കുന്നു:
“ആദ്യംതന്നെ ഞങ്ങൾ ചിത്രങ്ങൾ നോക്കി അവയുടെ ചിത്രക്കുറിപ്പുകൾ വായിച്ചു. തുടർന്ന് ഞങ്ങൾ ചർച്ചകളിൽ മുഴുകി. എന്റെ സുഹൃത്തുക്കളെല്ലാം ചെറുപ്പക്കാരായ മാതാപിതാക്കളായിരുന്നു . . . ഈസ്റ്ററിനും മാമോദീസകൾക്കും മാത്രം ഞങ്ങളെല്ലാം പള്ളിയിൽ പോകും. പള്ളിയിൽ ഞങ്ങൾക്ക് അത്രയേ താത്പര്യമുള്ളൂ.
“നേരേമറിച്ച് നിങ്ങളുടെ പ്രസിദ്ധീകരണത്തിൽ ഞങ്ങൾക്ക് എന്തുമാത്രം താത്പര്യമുണ്ടെന്നോ! പുസ്തകത്തിന്റെ നിറപ്പകിട്ടാർന്ന, മനോഹരമായി രൂപകൽപ്പന ചെയ്യപ്പെട്ട പുറംതാൾ പെട്ടെന്നുതന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നു. വായിച്ചുതുടങ്ങിയാലോ, നിർത്താൻ പ്രയാസം. മനസ്സിലാക്കിയ കാര്യങ്ങൾ അയൽക്കാരുമായി പങ്കുവെക്കാൻ ആഗ്രഹിച്ചുപോകും. കൂടാതെ, വിവരങ്ങൾ വായിച്ച് ചർച്ചചെയ്തുകഴിയുമ്പോൾ സംതൃപ്തിയും ചാരിതാർഥ്യവും അനുഭവപ്പെടും. ഒടുവിൽ, സംസാരിക്കാൻ രസാവഹവും ബൗദ്ധികവും പ്രയോജനപ്രദവുമായ ഒന്ന് ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു.
“ആത്മീയമായി ശൂന്യമായ ഒരു സ്ഥലത്താണ് ഞങ്ങൾ ജീവിക്കുന്നത്. പണത്തെയും പ്രശ്നങ്ങളെയും വേവലാതികളെയും കുതന്ത്രങ്ങളെയും കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. അത്തരം കാര്യങ്ങൾ ഹൃദയത്തെ തകർത്തുകളയുന്നു. അവയെക്കുറിച്ചു ചിന്തിച്ചുകിടന്നാൽ ഉറക്കംവരില്ല. പ്രശ്നങ്ങളുടെ കൂമ്പാരവുമായി മല്ലിടേണ്ടിവരുമല്ലോ എന്നാലോചിക്കുമ്പോൾ രാവിലെ ഉണരാനും തോന്നില്ല.”
നിങ്ങൾക്കും ഇതേതരത്തിലുള്ള തോന്നലുകൾ ഉണ്ടായിരിക്കാം. യഹോവയുടെ സാക്ഷികൾ—50 ലക്ഷത്തിലേറെ വരുന്ന ബൈബിൾ വിദ്യാർഥികൾ—പ്രസിദ്ധീകരിച്ചിട്ടുള്ള ഈ രസകരമായ പ്രസിദ്ധീകരണം നിങ്ങളും ഇഷ്ടപ്പെട്ടേക്കാം. കൂടുതൽ വിവരങ്ങളറിയാനോ ഒരു സൗജന്യ ഭവന ബൈബിളധ്യയനം ഉണ്ടായിരിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന നിങ്ങളുടെ ഏറ്റവും അടുത്തുള്ള മേൽവിലാസത്തിലോ എഴുതുക.