വന്യമൃഗങ്ങളുടെ കോട്ടുവായ്
ആരെങ്കിലും പരസ്യമായി കോട്ടുവായിടുമ്പോൾ അയാൾ മര്യാദയില്ലാത്തവനാണെന്ന്—ചുരുങ്ങിയ പക്ഷം അയാൾക്കു വല്ലാതെ മുഷിച്ചിലനുഭവപ്പെടുന്നുവെന്ന്—ആളുകൾ വിചാരിച്ചേക്കാം. പെരുമാറ്റമര്യാദകൾ എന്തൊക്കെയായിരുന്നാലും, കോട്ടുവായിടൽ വാസ്തവത്തിൽ വളരെ പ്രയോജനപ്രദമായ ഒരു ഉദ്ദേശ്യം നിവർത്തിക്കുന്നുണ്ട്. കോട്ടുവായ് എന്നത് അനൈച്ഛികമായി ശ്വാസം ഉള്ളിലേക്കെടുക്കുന്നതാണ്. വൈകുന്നേരങ്ങളിൽ പകലത്തെ അധ്വാനംകൊണ്ടു തളർന്നുകഴിയുമ്പോഴോ രാവിലെ ഉണർന്നയുടനെയോ ഒക്കെയാണു നാം സാധാരണഗതിയിൽ കോട്ടുവായിടാറുള്ളത്. ശക്തിയായ കോട്ടുവായ് നമ്മുടെ ശരീരത്തിലെ ഓക്സിജന്റെ അളവു വർധിപ്പിക്കാനുതകുന്നു, അതു നമ്മെ ക്ഷണനേരത്തേക്ക് ഉന്മേഷഭരിതരാക്കുന്നു. മിക്കപ്പോഴും ഉണർവുളവാക്കുന്ന പ്രക്രിയയുടെ ഒരു ഭാഗമായിട്ടാണ് അതു നടക്കുന്നത്.
എന്നാൽ, എല്ലായ്പോഴും മെച്ചമായ ശ്വസനത്തിനുവേണ്ടിയല്ലെങ്കിൽപ്പോലും, മൃഗങ്ങളും കോട്ടുവായിടാറുണ്ടെന്നു നിങ്ങൾക്കറിയാമായിരുന്നോ? അവയങ്ങനെ ചെയ്യുന്നതിനുള്ള കാരണം മിക്കപ്പോഴും രസകരമാണ്. ഉദാഹരണമായി, കുരങ്ങുകൾ ചിലപ്പോൾ ഒരു സന്ദേശം അറിയിക്കുന്നതിനുവേണ്ടി കോട്ടുവായിടുന്നു. വായ് വിസ്താരത്തിൽ തുറക്കുന്നതും പേടിപ്പിക്കുംവണ്ണം പല്ലിളിച്ചു കാട്ടുന്നതും എതിരാളിയായ ഒരു ആൺകുരങ്ങിനോ ഇരപിടിയനോ ഉള്ള മുന്നറിയിപ്പാണ്. സന്ദേശമിതാണ്: ‘ഞാൻ നല്ല കടി തരും. അൽപ്പം അകന്നുനിന്നോ!’
ആഫ്രിക്കൻ സമതലങ്ങളിലുള്ള ഇരപിടിയൻ കാട്ടുപൂച്ചകൾ മിക്കപ്പോഴും വേട്ടയ്ക്കിറങ്ങുന്നതിനുമുമ്പു മൂരിനിവർക്കുകയും കോട്ടുവായിടുകയും ചെയ്യാറുള്ളതായി കണ്ടിട്ടുണ്ട്. മമനുഷ്യന്റെ കാര്യത്തിലെന്നപോലെ പൂച്ചകളുടെ കോട്ടുവാ ഒരു ശരീരശാസ്ത്രപരമായ പ്രക്രിയയാണ്—ശ്വാസകോശത്തിലേക്കു കൂടുതൽ വായു വലിച്ചെടുക്കുന്ന പ്രക്രിയ. ഇതു രക്തത്തിലെ ഓക്സിജന്റെ അളവു വർധിപ്പിക്കുകയും ഹൃദയം അതിനെ ശരീരത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് അതിശീഘ്രം എത്തിക്കുകയും ചെയ്യും. അങ്ങനെ അതിന്, ഇരയെ പിന്തുടർന്നുകൊണ്ടുള്ള ദൈർഘ്യം കുറഞ്ഞ, വേഗമേറിയ കുതിപ്പുകൾക്ക് ആവശ്യമായ ഊർജം നിമിഷനേരംകൊണ്ടു ലഭിക്കുന്നു.
എന്തിനു പറയുന്നു, മത്സ്യങ്ങൾപ്പോലും കോട്ടുവായിടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്! ജന്തുലോകത്തിനുള്ളിൽ (ഇംഗ്ലീഷ്) എന്ന പുസ്തകം മത്സ്യത്തെക്കുറിച്ചു പ്രതിപാദിക്കവേ അതു ചിലപ്പോൾ “വേഗത്തിൽ നീങ്ങുന്നതിനു നാന്ദികുറിച്ചുകൊണ്ടു കോട്ടുവായിടുന്നു. . . . ആവേശഭരിതമാകുകയോ ഒരു ശത്രുവിനെയോ തീറ്റിയോ കാണുകയോ ചെയ്യുമ്പോൾ മത്സ്യം കോട്ടുവായിട്ടേക്കാം” എന്നു പറയുന്നു.
ഒരുപക്ഷേ, ഏറ്റവും വലിയ കോട്ടുവായ് ഹിപ്പപ്പൊട്ടാമസ്സിന്റെ അല്ലെങ്കിൽ ബീഹിമത്തിന്റേതാണ്. ഈ വലിയ ജീവിക്ക് അതിന്റെ ഭീമൻ ഗുഹപോലുള്ള വായ് അവിശ്വസനീയമാംവിധം 150 ഡിഗ്രിവരെ മലർക്കെ തുറക്കാൻ സാധിക്കും! കോട്ടുവായ് ഒരു മുതിർന്ന ആൺ ഹിപ്പോയെ ഹിപ്പോകളുടെ കുളത്തിലുള്ള മറ്റുള്ളവരെയെല്ലാം ആരാണു നേതാവ് എന്നറിയിക്കാൻ സഹായിക്കും. നദിയിലെ തന്റെ സാമ്രാജ്യം കയ്യേറാൻ ശ്രമിക്കുന്ന നുഴഞ്ഞുകയറ്റക്കാർക്ക് പല്ലുകൾ കാട്ടിക്കൊണ്ടുള്ള ഒരു മുന്നറിയിപ്പുകൂടിയാണ് അത്.
ഒരു സിംഹ ഗർജനത്തിന്റെ നാടകീയ ഭാവങ്ങളൊന്നും ഇല്ലെങ്കിൽക്കൂടി, കോട്ടുവായ്—ഉറക്കം വരുന്നെന്നു കാണിക്കുന്ന കോട്ടുവായോ ഭയപ്പെടുത്താനുള്ള കോട്ടുവായോ വെറുതെ ഒരു ഉന്മേഷം കിട്ടാനുള്ള കോട്ടുവായോ, എന്തുമായിക്കൊള്ളട്ടെ—പ്രയോജനകരമായ ഒരു ഉദ്ദേശ്യത്തിനുതകുന്നു. ജന്തു സാമ്രാജ്യത്തെ രൂപകൽപ്പന ചെയ്തവന്റെ അതിശയിപ്പിക്കുന്ന സൃഷ്ടിപരതയുടെ മറ്റൊരു ഉദാഹരണമാണിത്!