ലോകത്തെ വീക്ഷിക്കൽ
പൂർവാഫ്രിക്കയിൽ കോളറയുടെ പ്രഹരം
“പൂർവാഫ്രിക്കയിൽ കോളറ വ്യാപകമായി പടർന്നുപിടിച്ചിരിക്കുന്നു” എന്ന് കെനിയയിലെ നെയ്റോബിയിൽനിന്നുള്ള ഒരു അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് പറയുന്നു. കുടലിനെ ബാധിക്കുന്ന, ഗുരുതരമായ അതിസാരമുണ്ടാക്കുന്ന ഒരു സാംക്രമിക രോഗമായ കോളറ ചികിത്സിക്കാത്തപക്ഷം മരണത്തിന് ഇടയാക്കിയേക്കാം. ലോകാരോഗ്യ സംഘടന (ഡബ്ളിയുഎച്ച്ഒ) പറയുന്നതനുസരിച്ച് 1997-ൽ പൂർവാഫ്രിക്കയിൽ 61,000 ആളുകൾക്ക് ഈ രോഗം പിടിപെട്ടു, 2,687 മരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. വേണ്ടത്ര ശുചിത്വ സൗകര്യങ്ങളും വൈദ്യചികിത്സയും ലഭ്യമല്ലാത്ത രാജ്യങ്ങളിൽ കോളറ പൊട്ടിപ്പുറപ്പെടുന്നത് സാധാരണമാണ്. മഴ മനുഷ്യ വിസർജ്യങ്ങളെ കുടിവെള്ളത്തിലേക്ക് ഒഴുക്കിക്കൊണ്ടുവരുമ്പോൾ ഈ സ്ഥിതിവിശേഷം വഷളാകുന്നു. രോഗബാധിത പ്രദേശങ്ങളിലെല്ലാം മലിനജല നിർഗമന മാർഗങ്ങളും ശുദ്ധജലവും ലഭ്യമാകുന്നതുവരെ ഈ പ്രദേശങ്ങൾ എല്ലാം കോളറയുടെ പിടിയിൽനിന്ന് പൂർണമായി വിമുക്തമാകില്ലെന്ന് ഒരു ഡബ്ളിയുഎച്ച്ഒ ദൗത്യസേന മേധാവിയായ ഡോ. മറിയ നേറാ പറഞ്ഞു.
മരിച്ചവരെ സഹായിക്കലോ?
ഹോങ്കോംഗിൽ പ്രതാപം കാട്ടാനുള്ള ഉദ്യമങ്ങൾ എല്ലായ്പോഴും ഒരു വ്യക്തിയുടെ മരണത്തോടെ അവസാനിക്കുന്നില്ല. ചിലരുടെ കാര്യത്തിൽ അത് മരണാനന്തരവും തുടരുന്നു. ചീന സംസ്കാരത്തിൽ പൂർവികാരാധന ദൈനംദിന ജീവിതത്തിൽ ഒരു വലിയ പങ്കു വഹിക്കുന്നു എന്നതാണ് അതിനു കാരണം. അതുകൊണ്ട് “ആത്മലോകത്തിൽപ്പോലും തങ്ങളുടെ സമ്പത്ത് പ്രദർശിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അവർ കരുതുന്നു” എന്ന് ഒരു കടയുടമയായ ക്വാങ് വിങ്ഹോ പറയുന്നു. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ പദവി മെച്ചപ്പെടുത്താൻ ജീവിച്ചിരിക്കുന്ന ബന്ധുമിത്രാദികളെ സഹായിക്കാൻ ശ്രീ. ക്വാങ് സെല്ലുലാർ ഫോണുകൾ, കമ്പ്യൂട്ടറുകൾ, മൈക്രോവേവ് അവ്നുകൾ, മെർസിഡസ് ബെൻസ് കാറുകൾ എന്നിവയുടെ യഥാർഥ വലുപ്പത്തിലുള്ള കടലാസ്സു മാതൃകകൾ വിൽക്കുന്നു. “മരണശേഷമുള്ള ആദ്യത്തെ ഏഴു ദിവസങ്ങളിലും ചരമ വാർഷിക ദിനങ്ങളിലും പരേതന് വസ്തുക്കൾ വാങ്ങാൻ ആഗ്രഹമുണ്ടെന്ന് ഒരു ബന്ധു സ്വപ്നം കാണുമ്പോഴും അവ കത്തിക്കുന്നു,” അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് പറയുന്നു. “ഇതൊരു നല്ല ബിസിനസ്സാണ്,” ശ്രീ. ക്വാങ് അവകാശപ്പെടുന്നു. “കാരണം, പരാതി പറയാൻ ഉപഭോക്താവിന് മടങ്ങിവരാനാകില്ലല്ലോ.”
റേഡിയോ ആക്ടീവതയുള്ള രത്നങ്ങൾ
ബാങ്കോക്കിലെ ഒരു വ്യാപാരിക്കു വിൽക്കപ്പെട്ട രത്നക്കല്ലുകൾക്ക് റേഡിയോ ആക്ടീവത ഉള്ളതായി അറിഞ്ഞപ്പോൾ അത് അന്താരാഷ്ട്ര വാണിജ്യ മേഖലയെ ജാഗരൂകമാക്കി. സാഹാബുദ്ദീൻ നീസാബൂദീൻ എന്ന പരിചയസമ്പന്നനായ രത്ന വ്യാപാരിക്ക് രത്നക്കല്ല് കണ്ടാൽ ഒറ്റനോട്ടത്തിൽത്തന്നെ അതു ലാഭം കൊയ്യുമോ എന്ന് അറിയാം. അതുകൊണ്ട് ഇന്തൊനീഷ്യക്കാരനായ ഒരു വ്യാപാരി അദ്ദേഹത്തിന് 50 പൂച്ചക്കണ്ണു രത്നങ്ങൾ സാധാരണയിലും വളരെ കുറഞ്ഞ വിലയ്ക്ക് നൽകാമെന്നു പറഞ്ഞപ്പോൾ ഉടനടി അദ്ദേഹം അവ വാങ്ങി. “വളരെ ആകർഷകമായ ചോക്കേലറ്റ് നിറത്തിലുള്ള, പൂച്ചയുടെ കൃഷ്ണമണിയോടു സദൃശമായ ആ ഓരോ രത്നക്കല്ലിന്റെയും നടുവിൽ സവിശേഷമായ ആ പ്രകാശരേഖ ഉണ്ടായിരുന്നു,” ഏഷ്യാവീക്ക് റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ രത്നത്തിന്റെ തിളക്കത്തിന്റെ ഉറവിടം മറ്റൊന്നായിരുന്നു എന്നു തെളിഞ്ഞു. നിറപ്പകിട്ട് വർധിപ്പിക്കാനും അങ്ങനെ വില കൂട്ടാനുമായി അവ പ്രസരണ വിധേയമാക്കിയിരുന്നു. ഹോങ്കോംഗിലെ ഒരു രത്നാഭരണ വിൽപ്പന പ്രദർശനത്തിൽ കണ്ടെത്തപ്പെട്ട മറ്റൊരു കല്ലിന്റെ പ്രസരണം ഏഷ്യൻ പ്രസരണ സുരക്ഷാ പരിധിയെക്കാൾ 25 മടങ്ങ് കൂടുതലായിരുന്നതായി രേഖപ്പെടുത്തപ്പെട്ടു. “ഇതുവരെ, ക്രിസോബെറിൽ എന്ന പൂച്ചക്കണ്ണു രത്നത്തിനു മാത്രമേ ഈ പ്രശ്നമുള്ളതായി കണ്ടിട്ടുള്ളൂ” എന്ന് പ്രസ്തുത മാഗസിൻ പറയുന്നു.
വായനാശീലങ്ങൾ
ബ്രസീലുകാർ വർഷത്തിൽ ശരാശരി 2.3 പുസ്തകങ്ങളാണ് വായിക്കുന്നത് എന്ന് ഷോർണൽ ഡാ റ്റർഡി റിപ്പോർട്ടു ചെയ്യുന്നു. ബ്രസീലുകാരിൽ ഭൂരിഭാഗവും സ്കൂൾ പഠനം പൂർത്തിയായാൽ പുസ്തകം പിന്നെ കൈകൊണ്ടുപോലും തൊടില്ല. “ബ്രസീലിൽ വായിക്കപ്പെടുന്ന പുസ്തകങ്ങളുടെ 60 ശതമാനവും” സ്കൂൾകുട്ടികൾ “നിർബന്ധമായും വായിച്ചിരിക്കേണ്ടവയാണ് എന്നതാണു യഥാർഥ പ്രശ്നം” സാംസ്കാരിക വകുപ്പു മന്ത്രാലയത്തിന്റെ സെക്രട്ടറി ഓട്ടാവ്യാനോ ദെ ഫ്യോറേ പറയുന്നു. “ശേഷിക്കുന്ന 40 ശതമാനത്തിൽ അധികപങ്കും മതപരവും നിഗൂഢ തത്ത്വശാസ്ത്രപരവുമായ പുസ്തകങ്ങളോ ലൈംഗിക പുസ്തകങ്ങളോ സ്വാശ്രയ പുസ്തകങ്ങളോ ആണ്” എന്ന് പത്രം പറയുന്നു. വായനാശീലത്തെപ്പറ്റിയുള്ള ദെ ഫ്യോറേയുടെ അഭിപ്രായം ഇതാണ്: “കുട്ടികൾ ഒന്നിച്ചുകൂടുന്നത് കുടുംബത്തിലും സ്കൂളിലും ടിവി-ക്കു ചുറ്റുമാണ്. കുടുംബത്തിൽ വായനാശീലം ഉള്ളവർ ഇല്ലെങ്കിൽ അവർക്ക് അവിടെനിന്ന് ഒരിക്കലും യാതൊരു തരത്തിലുള്ള പ്രചോദനവും ലഭിക്കാൻ പോകുന്നില്ല.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ടിവി-യെ സംബന്ധിച്ചു പറയുകയാണെങ്കിൽ പ്രചാരമേറിയ ചാനലുകൾ വായനയ്ക്ക് പ്രോത്സാഹനം നൽകുന്നില്ല എന്നുതന്നെ പറയാം.”
“സ്വയംനിർമിത മതം”
ലാറ്റിൻ അമേരിക്കക്കാരായ പലരും “സ്വയംനിർമിത മതം” ആണ് ആചരിക്കുന്നത് എന്ന് സാമൂഹിക ശാസ്ത്രജ്ഞനായ ഫോർട്ടൂനേറ്റോ മാലീമാച്ചി പറയുന്നു. സ്വന്ത ഇഷ്ടപ്രകാരം യോഗാ ക്ലാസ്സുകളിൽ സംബന്ധിക്കാനോ പൂർവദേശ ഗുപ്തവിദ്യകളെക്കുറിച്ചുള്ള പുസ്തകം വായിക്കാനോ രോഗശാന്തി ശുശ്രൂഷകളിൽ പങ്കെടുക്കാനോ ആഫ്രോ-ബ്രസീലിയൻ ചടങ്ങുകളിൽ സംബന്ധിക്കാനോ ഒക്കെയായി ആളുകൾ സഭകളും മതപ്രമാണങ്ങളും വിട്ടുപോകുകയാണ്. “ആളുകൾ മതങ്ങളോട് നിസ്സംഗത പുലർത്തുന്നുവെന്ന് അതിനർഥമില്ല. അവർക്കു വിശ്വാസമുണ്ട് എന്നാൽ തങ്ങൾ സ്വന്തമായി ഒരു മതത്തിന് രൂപം നൽകിയിരിക്കുന്നുവെന്ന് അവർ വിശ്വസിക്കുന്നു,” മാലീമാച്ചീ പറയുന്നു. “കത്തോലിക്കാ മത തത്ത്വസംഹിത ‘ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കിയേക്കാവുന്ന ആന്തരിക വിഭജനങ്ങളും കലഹങ്ങളും സഹിതം’ ഒരു അഴിച്ചുപണിക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്” എന്ന് സൗത്ത് കോണിൽ (ലാറ്റിൻ അമേരിക്കയുടെ) അൽമായ കേന്ദ്രങ്ങളിൽ നടന്ന നാലാമത്തെ ചർച്ചാവേളയിൽ ആ സാമൂഹിക ശാസ്ത്രജ്ഞൻ പറഞ്ഞതായി ഇഎൻഐ ബുള്ളറ്റിൻ റിപ്പോർട്ട് ചെയ്യുന്നു.