ലോകത്തെ വീക്ഷിക്കൽ
മെക്സിക്കോയിലെ കാട്ടുതീ
ഏപ്രിൽ മധ്യത്തോടെ മെക്സിക്കോയിൽ ഏതാണ്ട് 3,00,000 ഏക്കർ വനത്തെ ചാമ്പലാക്കിയ തുടർച്ചയായ അഗ്നിബാധ “ഒരു പാരിസ്ഥിതിക വിപത്ത്” എന്നു വർണിക്കപ്പെട്ടു. മെക്സിക്കോയിലെ ഫെഡറൽ ഗവൺമെന്റെ് സെക്രട്ടറിയായ ഹൂലിയ കാരേബ്യാസ് ലിയോ പറയുന്നതനുസരിച്ച്, കഴിഞ്ഞ 57 വർഷങ്ങൾക്കുള്ളിൽ ഉണ്ടായിട്ടുള്ള ഏറ്റവും ഗുരുതരമായ അഗ്നിബാധകളുടെ കാലഘട്ടം എന്നു വിളിക്കപ്പെട്ട ഈ സമയത്ത് ഏതാണ്ട് 6,800 അഗ്നിബാധകൾ മെക്സിക്കോയിൽ തേർവാഴ്ച നടത്തി. ഊഷ്മാവ് സാധാരണയിൽ കൂടുതലും മഴ വളരെ കുറവും ആയിരുന്നെങ്കിലും മിക്ക അഗ്നിബാധകളും “മനുഷ്യ പ്രവർത്തനങ്ങളുടെ—അജ്ഞതയുടെയും ഉത്തരവാദിത്വമില്ലായ്മയുടെയും കുറ്റകൃത്യപരമായ പ്രവർത്തനങ്ങളുടെയും—ഫലം ആയിരുന്നു” എന്ന് എൽ യൂണീവേഴ്സാൽ റിപ്പോർട്ടു ചെയ്യുന്നു. പ്രകൃതി വിഭവ സമിതിയുടെ മേഖലാ ഡയറക്ടറായ ഒക്ടേവ്യോ എസ്കോബാർ ലോപ്പസ് പിൻവരുന്ന പ്രകാരം പറഞ്ഞു: “കേവലം മൂന്നു ദിവസംകൊണ്ട് നമുക്ക് നഷ്ടമായ സസ്യ-മൃഗ ജാലങ്ങളുടെ വിടവു നികത്തണമെങ്കിൽ പത്തു വർഷമെങ്കിലും വേണ്ടിവരും.”
വ്യായാമവും ദീർഘായുസ്സും
“അരമണിക്കൂർ വീതം മാസത്തിൽ കേവലം ആറു പ്രാവശ്യം ചുറുചുറുക്കോടെ നടക്കുന്നത് [അകാല] മരണത്തിനുള്ള സാധ്യതയെ 44 ശതമാനം കുറയ്ക്കുന്ന”തായി ദീർഘായുസ്സിനെക്കുറിച്ച് അടുത്ത കാലത്തു നടത്തിയ ഒരു പഠനത്തെ അടിസ്ഥാനമാക്കി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഏതാണ്ട് 8,000 ജോഡി ഇരട്ടകളെ ശരാശരി 19 വർഷം വീതം നിരീക്ഷണ വിധേയരാക്കിയ ഫിൻലൻഡുകാരായ ഗവേഷകർ, വല്ലപ്പോഴുമൊക്കെ വ്യായാമം ചെയ്യുന്ന ഇരട്ടകൾക്ക് “വ്യായാമം ചെയ്യാത്ത ഇരട്ടകളെക്കാൾ മരിക്കാനുള്ള സാധ്യത 30 ശതമാനം കുറവാണെന്ന്” കണ്ടെത്തി. വ്യായാമത്തിന്റെ ഫലപ്രദത്വം നിർണയിക്കുന്നതിൽ ജനിതക ഘടകങ്ങളും പരിഗണിച്ചതിനാൽ ഈ പഠനം പ്രധാനപ്പെട്ടതാണ്. ഈ പഠനത്തിൽ ഉൾപ്പെടാഞ്ഞ ഒരു വ്യായാമ ഗവേഷകനായ സ്റ്റീവ് ഫാരെൽ പ്രസ്താവിച്ചു: “നിങ്ങളുടെ ജീനുകൾ നല്ലതല്ലെങ്കിൽപോലും, വർധിച്ച ശാരീരിക പ്രവർത്തനങ്ങൾക്ക് ദീർഘകാലം ജീവിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ സാധിക്കുമെന്ന് ഈ പഠനം ശക്തമായി നിർദേശിക്കുന്നു.”
തൂവലുള്ള മോഷ്ടാക്കളോ?
പക്ഷികളെ ഉപയോഗിച്ചുള്ള ഒരു വജ്ര കള്ളക്കടത്തു പരിപാടി ദക്ഷിണാഫ്രിക്കയിലെ പൊലീസ് കണ്ടെത്തിയിരിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ഒരു വജ്ര ഖനിയിലെ തൊഴിലാളികൾ പരിശീലനം ലഭിച്ച പ്രാവുകളെ ഭക്ഷണപ്പാത്രങ്ങളിലോ അയഞ്ഞ വസ്ത്രങ്ങൾക്കുള്ളിലോ ഒളിപ്പിച്ച് ആരും കാണാതെ ഖനിക്കുള്ളിൽ എത്തിക്കുന്നതായി പൊലീസ് പ്രസ്താവിക്കുന്നു. അവിടെവെച്ച് അവർ പ്രാവുകളുടെ ദേഹത്ത് വജ്രം ഒളിപ്പിച്ചിട്ട് അവയെ തുറന്നുവിടുന്നുവെന്ന് ലോസാഞ്ചലസ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. പരിശീലനം ലഭിച്ച പ്രാവുകൾക്കു മുത്തുകളും വഹിച്ച് കിലോമീറ്ററുകളോളം പറക്കാനാകും. മുൻ വർഷങ്ങളിൽ, നിയമ വിരുദ്ധമായ വജ്രങ്ങളും വഹിച്ച് പറക്കവേ നാലു പ്രാവുകളെ പിടികൂടി. ഒരിക്കൽ, മുറിക്കാത്ത ആറു കാരറ്റ് വജ്രവുംകൊണ്ട് പറക്കുകയായിരുന്ന പരിശീലനം സിദ്ധിച്ച ഒരു പ്രാവിനെ പിടികൂടി. അതിന്റെ ചിറകിന്റെ അടിയിലാണ് വജ്രം കെട്ടിയിരുന്നത്. ഇതുവരെ, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതു നിമിത്തം ഏതാണ്ട് 70 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പുരാതന നദീതടത്തിൽനിന്നു കുഴിച്ചെടുത്ത വജ്രങ്ങളിൽ ഏതാണ്ട് 3-ൽ 1 വീതം അവിശ്വസ്തരായ തൊഴിലാളികൾ മോഷ്ടിക്കുന്നതായി കമ്പനി അധികൃതർ കണക്കാക്കുന്നെന്ന് പത്രം പ്രസ്താവിച്ചു.
ജനിതക എഞ്ചിനീയറിങ്
മനുഷ്യരിലെ സങ്കീർണ സ്വഭാവഗുണങ്ങളെയും ക്രമക്കേടുകളെയും നിയന്ത്രിക്കുന്നതെന്നു കരുതപ്പെടുന്ന ജീനുകളെക്കുറിച്ച് ശാസ്ത്രജ്ഞർ കഴിഞ്ഞ ദശാബ്ദത്തിലുടനീളം നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയിരിക്കുന്നു. ഒരിക്കൽ ഇത് ജീനുകളെ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിനും ആവശ്യമില്ലാത്ത സ്വഭാവ വിശേഷങ്ങൾ നീക്കം ചെയ്യുന്നതിനും മനുഷ്യവർഗത്തെ പ്രാപ്തമാക്കുമെന്ന് ചില ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. ഉദാഹരണത്തിന്, നമ്മുടെ പിൻഗാമികൾ നമ്മെക്കാൾ ബുദ്ധിയുള്ളവരും കായിക ശേഷിയുള്ളവരും നൂറുകണക്കിനു വർഷങ്ങൾ ജീവിക്കുന്നവരും ആയിരിക്കും എന്ന് പ്രിൻസ്റ്റൺ സർവകലാശാലയിലെ ഒരു ജീവശാസ്ത്രജ്ഞനായ ലീ സിൽവർ അഭിപ്രായപ്പെടുന്നതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. എന്നുവരികിലും, ശാസ്ത്രത്തിന്റെ അന്തം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം എഴുതിയ ജോൺ ഹോർഗൻ പ്രസ്താവിക്കുന്നു: “ജനിതക എഞ്ചിനീയറിങ്ങിലൂടെ മനുഷ്യ വ്യക്തിത്വത്തെ മാറ്റിമറിക്കാൻ സാധിക്കും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ. എന്നാൽ, ജീനും സങ്കീർണ സ്വഭാവ വിശേഷങ്ങളുമായി ബന്ധപ്പെട്ട ഈ അവകാശവാദങ്ങളിൽ ഒന്നുപോലും ഇതുവരെ തുടർന്നുള്ള പഠനങ്ങളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.” അതുകൊണ്ട് ഹോർഗൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ശാസ്ത്രത്തിന്റെ പരാജയങ്ങളിലേക്കും ഒപ്പം അതിന്റെ അംഗീകൃത നേട്ടങ്ങളിലേക്കും ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, ശാസ്ത്രജ്ഞരും പത്രപ്രവർത്തകരും ശാസ്ത്രത്തിന്റെ യഥാർഥ പ്രതീക്ഷകളെക്കുറിച്ച് വളച്ചൊടിക്കാത്ത, കൂടുതൽ സത്യസന്ധമായ ഒരു പ്രതിച്ഛായ നൽകുമെന്നു പ്രതീക്ഷിക്കുന്നു.”
കാർഷിക ഉത്പന്നങ്ങൾക്ക് പോഷകഗുണം കുറയുന്നുവോ?
മണ്ണിന്റെ വിഭവശേഷി കുറയുന്നതിന്റെ ഫലമായി പഴങ്ങൾക്കും പച്ചക്കറികൾക്കും ഇപ്പോൾ പോഷകഗുണം കുറയുന്നുവോ? മണ്ണിനെ കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞരുടെ അഭിപ്രായമനുസരിച്ച് ഇല്ല എന്നാണ് ഉത്തരം. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ലേ വെൽനെസ് ലെറ്റർ പ്രസ്താവിക്കുന്നു: “സസ്യങ്ങൾ സ്വയമാണ് അവയിലെ ജീവകങ്ങൾ നിർമിക്കുന്നത്.” അവശ്യം വേണ്ട ധാതുലവണങ്ങൾ മണ്ണിൽ ലഭ്യമല്ലെങ്കിൽ, സസ്യങ്ങൾ നന്നായി വളരുകയില്ല. ചിലപ്പോൾ അവ പൂക്കുകയില്ലായിരിക്കും, ഒരുപക്ഷേ ശുഷ്കിച്ച് വാടിപ്പോകുകയും ചെയ്തേക്കാം. ഇതു തടയാനായി, മണ്ണിൽ ധാതുലവണങ്ങൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ കർഷകർ വളമിടുന്നു. വെൽനെസ് ലെറ്റർ പ്രസ്താവിക്കുന്നു: “വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും നല്ലതായിരിക്കുന്ന പക്ഷം, അവയിൽ വേണ്ടത്ര പോഷകങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്.”
അടുക്കളയില്ലാത്ത വീടുകൾ
ഓസ്ട്രേലിയയിൽ ആളുകൾ പകുതിനേരങ്ങളിലും ഭക്ഷണം കഴിക്കുന്നത് റെസ്റ്ററന്റുകളിൽ വെച്ച് ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. സിഡ്നിയിലെ ചില അപ്പാർട്ടുമെന്റുകൾ അടുക്കള ഇല്ലാതെ നിർമിക്കത്തക്കവണ്ണം ഈ ഭ്രമത്തിന് അത്ര സ്വാധീനം ഉണ്ടായിരുന്നിട്ടുണ്ടെന്ന് ദ കുരിയർ മെയിൽ റിപ്പോർട്ടു ചെയ്യുന്നു. കൂടാതെ, ഭക്ഷണം പാകം ചെയ്യുന്നതിനായി ഓസ്ട്രേലിയക്കാർ ശരാശരി 20 മിനിറ്റ് മാത്രമേ ചെലവഴിക്കുന്നുള്ളൂ എന്നതിനാൽ അവിടെയുള്ള മിക്ക സൂപ്പർ മാർക്കറ്റുകൾക്കും തങ്ങൾ ഏതുതരം ഭക്ഷണ പദാർഥങ്ങൾ ആണ് വിൽക്കുന്നതെന്ന് പുനഃപരിശോധിക്കേണ്ടി വന്നിരിക്കുകയാണ്. അനേകം ശാഖകളുള്ള സിഡ്നിയിലെ ഒരു സൂപ്പർ മാർക്കറ്റിന്റെ മാനേജർ പ്രസ്താവിക്കുന്ന പ്രകാരം, മിക്ക നേരവും ആഹാരം വീടിനു വെളിയിൽവെച്ച് കഴിക്കുന്ന ഐക്യനാടുകളിലെ രീതിയാണ് ഓസ്ട്രേലിയയും പിന്തുടരുന്നത്.
കുറ്റകൃത്യവും വർഗീയവാദവും
ഗ്രീസിൽ അടുത്ത കാലത്ത് കുറ്റകൃത്യം വർധിക്കാൻ കാരണം പശ്ചിമ യൂറോപ്പിൽ നിന്നും ബാൾക്കൻ രാജ്യങ്ങളിൽ നിന്നും, വിശേഷിച്ചും അൽബേനിയയിൽനിന്ന് ഉള്ള അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും കടന്നുകയറ്റം ആണെന്നാണ് ചിലർ കരുതുന്നത്. കുറ്റകൃത്യത്തിന്റെ വർധനവിലുള്ള ഉത്കണ്ഠ ആ രാജ്യത്തുള്ള വിദേശികളോട് ഒരുതരം “ഭയത്തിനും വർഗീയ ഭ്രാന്തിനും” കാരണമായിരിക്കുന്നു എന്ന് ടു വീമാ പത്രത്തിന്റെ ഒരു കോളമെഴുത്തുകാരനായ റിച്ചാർഡോസ് സോമെറീറ്റിസ് അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ വിദേശികളെക്കാൾ മുമ്പിൽ നിൽക്കുന്നത് ഗ്രീക്കുകാർ തന്നെയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, “100 കുറ്റകൃത്യങ്ങളിൽ 96 എണ്ണവും ഗ്രീക്കുകാരാണ് ചെയ്യുന്ന”തെന്ന് സർവേകൾ തെളിയിക്കുന്നതായി പ്രസ്തുത വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. “സാമ്പത്തികവും സാമൂഹികവും ആയ പ്രശ്നങ്ങളാണു കുറ്റകൃത്യങ്ങളുടെ ഹേതു, അല്ലാതെ ‘വർഗീയ’മല്ല” എന്ന് സോമെറീറ്റിസ് അഭിപ്രായപ്പെടുന്നു. ഗ്രീസിലെ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വളച്ചൊടിച്ച റിപ്പോർട്ടുകളിലൂടെ “വിദേശീഭയവും വർഗീയവാദവും കരുതിക്കൂട്ടി ഊട്ടിവളർത്തു”ന്നതിന് അദ്ദേഹം വാർത്താ മാധ്യമങ്ങളെയും കുറ്റപ്പെടുത്തുന്നു.
നിരീക്ഷിച്ചുകൊണ്ടിരുന്ന മുഖ്യ ചിപ്പ്
ഈ വർഷത്തെ ബോസ്റ്റൺ മാരത്തോൺ മത്സരത്തിൽ പങ്കെടുത്തവർ, 42,195 മീറ്റർ വരുന്ന മുഴു ദൂരവും ഒരു ചെറിയ വസ്തുവും വഹിച്ചാണ് ഓടിയത്—ഒരു മൈക്രോ ചിപ്പ്. ഇൻഫോർമേഷൻ വീക്ക് മാഗസിൻ അനുസരിച്ച്, അവരുടെ പുരോഗതി നിരീക്ഷിക്കാനായി രജിസ്റ്റർ ചെയ്ത എല്ലാ ഓട്ടക്കാരുടെയും വസ്ത്രത്തിൽ ഒരു ഇലക്ട്രോണിക് ചിപ്പ് പിടിപ്പിച്ചിരുന്നു. “അഞ്ചു കിലോമീറ്റർ ഇടവിട്ട് സ്ഥാപിച്ചിരുന്ന റേഡിയോ തരംഗ റിസീവറുകൾക്ക് വായിക്കാൻ” സാധിക്കും വിധം ഈ ചിപ്പുകൾ പ്രോഗ്രാം ചെയ്തിരുന്നു. അതുപയോഗിച്ച് ഓട്ടക്കാരുടെ വേഗതാനിരക്ക് മത്സരം നിയന്ത്രിക്കുന്ന ആസ്ഥാനത്തേക്ക് അയച്ചുകൊടുത്തു. തുടർന്ന് അത് ഇന്റർനെറ്റിൽ ഉൾപ്പെടുത്തി. ഈ പുതിയ സാങ്കേതികവിദ്യ, മാരത്തോൺ ആരാധകർക്കു തങ്ങളുടെ ഇഷ്ടതാരങ്ങളെ നിരീക്ഷിക്കാൻ കളമൊരുക്കി എന്നു മാത്രമല്ല, മുഴു ദൂരവും ഓടാതെ പറ്റിക്കാനുള്ള താരങ്ങളുടെ സൂത്രത്തെ തകർക്കുകയും ചെയ്തു.
അപൂർവ മാനുകളെ ചൈനയിൽ വീണ്ടും കണ്ടെത്തി
“50 വർഷം മുമ്പു വംശനാശം ഭവിച്ചതെന്നു കരുതിയ ചെമന്ന ടിബറ്റൻ മാനുകളെ ടിബറ്റിലെ സ്വയംഭരണ മേഖലയിലെ ഷാനൻ പ്രെഫെക്ച്ച്വറിൽവെച്ച് വീണ്ടും കണ്ടെത്തിയിരിക്കുന്നതായി ചൈനാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. ഏതാണ്ട് 1.2 മീറ്റർ ഉയരവും 110 കിലോ തൂക്കവും ഉള്ള ഈ മാനുകളുടെ എണ്ണം, വിലയേറിയ കൊമ്പുകൾക്കായി അവയെ കൊന്നൊടുക്കിയ വേട്ടക്കാർ നിമിത്തം മുൻ വർഷങ്ങളിൽ വളരെ കുറഞ്ഞിരുന്നു. യുദ്ധവും പരിസ്ഥിതി മാറ്റങ്ങളും അവയുടെ നാശത്തിന്റെ തോത് വർധിപ്പിച്ചു. അഴകുള്ള ഈ മാനുകളിൽ ഇനി 200 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് കണക്കാക്കപ്പെടുന്നു. അവയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഓർമശക്തി പരീക്ഷണ കളികൾ
പ്രഥമ യു.എസ്. ദേശീയ ഓർമശക്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ അടുത്ത കാലത്ത് അഞ്ച് ഓർമശക്തി പരീക്ഷണ കളികളിൽ പങ്കെടുത്തുകൊണ്ട് തങ്ങളുടെ വൈദഗ്ധ്യം പരീക്ഷിച്ചു. സാധാരണക്കാരായ 100 ആളുകളുടെ മുഖം ഓർമിക്കൽ, 50 വരികളുള്ള ഒരു പദ്യം (ചിഹ്നനങ്ങൾ ഉൾപ്പെടെ) മനപ്പാഠമാക്കൽ, 125 ഇംഗ്ലീഷ് നാമങ്ങൾ (ക്രമമനുസരിച്ച്) ഓർമിക്കൽ, വ്യത്യസ്ത സംഖ്യകളുടെ ഒരു പട്ടിക കാണാപ്പാഠം പഠിക്കൽ, (കുത്തിയശേഷം കമിഴ്ത്തിവെച്ച) 52 ചീട്ടുകൾ ഓർമിക്കൽ എന്നിവ ആയിരുന്നു ഇതിൽ ഉൾപ്പെട്ടിരുന്നത്. സംഖ്യാഗണത്തിൽനിന്ന് ക്രമത്തിൽ അല്ലാതെ തിരഞ്ഞെടുത്ത 109 സംഖ്യകൾ യഥാക്രമം ഓർമയിൽ പിടിച്ചുകൊണ്ട്, മത്സരത്തിൽ പങ്കെടുത്ത വാലസ് ബുസ്റ്റെലോ എന്ന വ്യക്തി പങ്കെടുത്ത മറ്റുള്ളവരുടെ മതിപ്പു നേടി. എന്നാൽ ടാറ്റ്യാനാ കൂളി എന്ന ഒരു 26-കാരി ആയിരുന്നു ഓവറോൾ ചാമ്പ്യൻ. ന്യൂയോർക്കിലെ ഡെയ്ലി ന്യൂസ് പ്രസ്താവിച്ചതനുസരിച്ച്, അവരും ഒരു ബഹിരാകാശ കമ്പനിക്കുവേണ്ടി ഉപഗ്രഹങ്ങൾ പ്രോഗ്രാം ചെയ്യുന്ന അവരുടെ അച്ഛനും വീട്ടിൽവെച്ച് ഓർമശക്തി പരീക്ഷിക്കുന്നതിനുള്ള കളികളിൽ പതിവായി ഏർപ്പെടുമായിരുന്നു. “എല്ലായ്പോഴും ഞാനാണു ജയിക്കുക,” ടാറ്റ്യാനാ പറയുന്നു.
ഗംഗാ നദിയിലെ ഉത്സവം
ഏപ്രിലിൽ കുംഭമേള അതിന്റെ പാരമ്യത്തിൽ എത്തിയപ്പോൾ, ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ ഗംഗാ സ്നാനം നടത്തി. അമർത്യതാ വരത്തോടു ബന്ധപ്പെട്ട് മൂന്നു മാസം നീണ്ടുനിൽക്കുന്ന ഒരു ഹൈന്ദവ ഉത്സവമാണ് കുംഭമേള. പുരാവൃത്തം അനുസരിച്ച്, ദേവന്മാരും അസുരന്മാരും അമൃതിന്മേലുള്ള അവകാശത്തെച്ചൊല്ലി സ്വർഗത്തിൽവെച്ച് യുദ്ധം ചെയ്തപ്പോൾ, കുംഭത്തിൽനിന്ന് അമൃത് ഇന്ത്യയിലെ നാലു നഗരങ്ങളിൽ പതിച്ചു. അവിടങ്ങളിൽ മാറിമാറി, മൂന്നു വർഷത്തിൽ ഒരിക്കലാണ് ഈ ഉത്സവം നടത്തുന്നത്. കഴിഞ്ഞ കാലങ്ങളിൽ, ഇന്ത്യയിലെ പുണ്യ നദിയിൽ സ്നാനമേൽക്കാൻ ജനസമൂഹം തിക്കിത്തിരക്കിയതിന്റെ ഫലമായി നിരവധി ആളുകൾ മരണമടഞ്ഞിട്ടുണ്ട്.