രക്തരഹിത ശസ്ത്രക്രിയ സംബന്ധിച്ചു ഡോക്ടർമാർ പുതിയ സമീപനം സ്വീകരിക്കുന്നു
തനിക്ക് എയ്ഡ്സ് പിടിപെട്ടതിന്റെ കാരണം ജാനറ്റ് എന്ന കാനഡക്കാരി മകനോടു വിശദീകരിച്ചു. ഭർത്താവ് മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തിൽ നിന്നായിരുന്നു അവർക്ക് എയ്ഡ്സ് പിടിപെട്ടത്. ഹിമോഫിലിയ രോഗിയായിരുന്ന ഭർത്താവിനു രക്തത്തിലൂടെ ആയിരുന്നിരിക്കാം എയ്ഡ്സ് പിടിപെട്ടത്. രക്തം കുത്തിവെക്കുന്നതു സാധാരണ ചികിത്സയുടെ ഭാഗമായി തുടരണമോ എന്നതു പുനഃപരിചിന്തിക്കാൻ ചികിത്സകരെ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഒന്നു മാത്രമാണ് ഇതുപോലുള്ള ഭയങ്കരമായ അനുഭവങ്ങൾ. വാസ്തവത്തിൽ, ഈ വർഷം ദ ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു തലക്കെട്ട് “‘രക്തരഹിത’ ശസ്ത്രക്രിയയ്ക്ക് പുത്തൻ അംഗീകാരം” എന്നതായിരുന്നു.
നിരവധി വൈദ്യശാസ്ത്ര ചർച്ചാസമ്മേളനങ്ങൾ രക്തരഹിത ശസ്ത്രക്രിയയിലുള്ള വർധിച്ച താത്പര്യത്തെ എടുത്തുകാട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന അത്തരം സമ്മേളനങ്ങളിൽ, ഐക്യനാടുകളിലെ രണ്ടെണ്ണവും (ബോസ്റ്റൺ, അറ്റ്ലാന്റ) കാനഡയിലെ ഒരെണ്ണവും (വിനിപെഗ്ഗ്) ലട്വിയയിലെ ഒരെണ്ണവും (റിഗ) ഉൾപ്പെടുന്നു. റിഗയിൽ നടന്നത് പൂർവയൂറോപ്പിൽ ഉള്ളവർക്കായുള്ള ഒരു അന്താരാഷ്ട്ര ചർച്ചാസമ്മേളനം ആയിരുന്നു.
50-ലധികം വർഷത്തോളം രക്തപ്പകർച്ചാ സമ്പ്രദായം പിൻപറ്റിയ ശേഷം 12 രാജ്യങ്ങളിൽ നിന്നുള്ള 1,400-ലധികം വൈദ്യശാസ്ത്ര വിദഗ്ധർ, രക്തരഹിത ശസ്ത്രക്രിയയെ “ഭാവി മാർഗം”—ഒരു പത്രത്തിൽ വന്ന തലക്കെട്ട്—എന്നു വാഴ്ത്തിയ ഈ നാലു ചർച്ചാസമ്മേളനങ്ങളിൽ സംബന്ധിച്ചത് എന്തുകൊണ്ടാണ്? നിങ്ങൾക്കു ലഭ്യമായ ചികിത്സകളെ ബാധിക്കാൻ പോന്ന പുതിയ മരുന്നുകൾ, ഉപകരണങ്ങൾ, ചികിത്സാരീതികൾ എന്നിവ സംബന്ധിച്ച് ഈ ചർച്ചാസമ്മേളനങ്ങൾ എന്താണു വിശേഷവത്കരിച്ചത്?
പകര ചികിത്സകൾക്കായുള്ള അന്വേഷണം എന്തുകൊണ്ട്?
വിതരണം ചെയ്യപ്പെടുന്ന രക്തം സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തുന്നതിലെ കഴിവുകേടാണ് ഒരു മുഖ്യ പ്രേരക ഘടകം. ഉദാഹരണത്തിന്, 1980-കളിൽ കാനഡയിൽ ഉണ്ടായ “മലിനരക്ത ദുരന്തം” സംബന്ധിച്ച് 1998 ജനുവരി 31-ലെ ടൊറന്റോയിലെ ഗ്ലോബ് ആന്റ് മെയിൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “വ്യക്തിയുടെ ആരോഗ്യം ക്ഷയിപ്പിക്കുന്ന ഒരു കരൾരോഗമാണ് ഹെപ്പറ്റൈറ്റിസ് സി, അതിനു ചികിത്സ ഇല്ലതാനും. . . . മലിനരക്തത്തിലൂടെ 60,000-ത്തോളം കാനഡക്കാരിലേക്ക് അതിന്റെ വൈറസ് പകർന്നിട്ടുണ്ടാകാം. അതിനർഥം രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് മൂലം 12,000-ത്തോളം പേർക്കു മരണം സംഭവിച്ചേക്കാം എന്നാണ്.”
കുറെക്കൂടി പുതിയ രക്തശേഖര പരിശോധനാ രീതികൾ മൂലം അപകട സാധ്യത വളരെയധികം കുറഞ്ഞിട്ടുണ്ടെങ്കിലും, വിനിപെഗ്ഗിൽ നടന്ന ചർച്ചാസമ്മേളനത്തിൽ ജസ്റ്റിസ് ഹൊറസ് ക്രിവർ ഇങ്ങനെ പ്രസ്താവിച്ചു: “കാനഡയിലെ രക്തശേഖരം ഒരിക്കലും തീർത്തും സുരക്ഷിതമായിരുന്നിട്ടില്ല, ഒരിക്കലും സുരക്ഷിതം ആയിരിക്കുകയുമില്ല. രക്തത്തിന്റെ ഉപയോഗം അപകടങ്ങൾ വരുത്തിവെക്കും, തീർച്ച.” കൂടുതലായി ഓരോ യൂണിറ്റ് രക്തം നൽകുമ്പോഴും രോഗം പകരാനോ കടുത്ത എതിർഫലം (reaction) ഉണ്ടാകാനോ ഉള്ള സാധ്യത വർധിക്കുകയാണു ചെയ്യുന്നത്.
പാരീസിലുള്ള ക്ലിനിക്ക് ദെ മൊസാനിലെ ഡോ. ഷാൻ-മാർക്ക് ദെബ്യൂ റിഗയിലെ സമ്മേളനത്തിൽ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഡോക്ടർമാരായ ഞങ്ങൾക്ക് സാധാരണ ഗതിയിലുള്ള ചികിത്സാ സമീപനത്തെ പുനഃപരിശോധിക്കേണ്ടി വന്നു. . . . പലരുടെയും ആയുസ്സു നീട്ടിക്കൊടുക്കാൻ രക്തപ്പകർച്ചകൾ സഹായിച്ചിട്ടുണ്ട്. എന്നാൽ ഭേദമാക്കാനാവാത്ത രോഗങ്ങളാൽ അതു മറ്റു ചിലരുടെ ജീവിതം താറുമാറാക്കുകയും ചെയ്തിരിക്കുന്നു.”
പുതിയ രോഗങ്ങളുടെ ഭീഷണി ഉള്ളതു കാരണം, മലിനീകാരികളെ കണ്ടെത്താൻ രക്തം പരിശോധനയ്ക്കു വിധേയമാക്കാനുള്ള സംവിധാനങ്ങൾ പര്യാപ്തം അല്ലാതായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് അത്തരം രോഗങ്ങൾക്ക് എതിരെ ആ സംവിധാനങ്ങൾ സംരക്ഷണം പ്രദാനം ചെയ്യുന്നില്ല. ഉദാഹരണത്തിന്, കാനഡയിലെ ഒൺടേറിയോയിലെ ഓട്ടവയിൽ നിന്നുള്ള ഡോ. പോൾ ഗള്ളി ഇങ്ങനെ പറഞ്ഞു: “ഹെപ്പറ്റൈറ്റിസ് ജി എന്നത് ഒരുതരം പുതിയ ആർഎൻഎ വൈറസ് ആണ്; രക്തപ്പകർച്ചയിലൂടെ ഈ വൈറസ് പകർന്നിട്ടുണ്ട്, എന്നാൽ അതിന്റെ അപകട സാധ്യത ഇപ്പോൾ എത്രത്തോളം ഉണ്ടെന്നു തിട്ടമില്ല.”
വൈദ്യശാസ്ത്ര വിഷയങ്ങൾ വിശേഷവത്കരിച്ച ടൈം മാസികയുടെ ഒരു പ്രത്യേക ലക്കത്തിൽ കൂടുതലായ ഒരു അപകടത്തെക്കുറിച്ചു റിപ്പോർട്ട് ഉണ്ടായിരുന്നു: “രക്തപ്പകർച്ചകൾക്കു പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കാൻ കഴിയും, . . . തന്മൂലം ആൾ പെട്ടെന്നു രോഗബാധിതൻ ആകുന്നു, സൗഖ്യമാകൽ പ്രക്രിയ മന്ദഗതിയിൽ ആകുന്നു, രോഗശമനത്തിനു കൂടുതൽ കാലം വേണ്ടിവരുന്നു.”
സാമ്പത്തിക നേട്ടമാണ് മറ്റൊരു ഘടകം. ടൈം മാസിക പറയുന്ന പ്രകാരം, ഐക്യനാടുകളിൽ ഓരോ പ്രാവശ്യം രക്തം കുത്തിവെക്കുന്നതിനും 500 ഡോളർ ചെലവു വരുന്നു. തന്നെയുമല്ല, ചില സ്ഥലങ്ങളിൽ രക്തശേഖരത്തിന്റെ അളവു കുറഞ്ഞു വരികയുമാണ്. രക്തദാതാക്കളുടെ എണ്ണം കുറയുന്നതാണു കാരണം.
രോഗികളുടെ രോഗബാധാ നിരക്കു കുറയുന്നു, ആശുപത്രിയിൽ അധിക നാൾ കിടക്കേണ്ടി വരുന്നില്ല എന്നിവയൊക്കെ രക്തരഹിത ശസ്ത്രക്രിയകൊണ്ടുള്ള മറ്റു നേട്ടങ്ങളാണ്. കനേഡിയൻ ഹിമോഫിലിയ സൊസൈറ്റിയിലെ ഡർഹേൻ വൊങ്-റിഗർ വിനിപെഗ്ഗിൽ നടന്ന ചർച്ചാസമ്മേളനത്തിൽ രക്തരഹിത ശസ്ത്രക്രിയയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അത് അനിവാര്യമായ ഒന്നാണ്. അതിനു ചെലവു കുറവാണ്. മാത്രമല്ല, രോഗികളുടെ ആരോഗ്യം നിശ്ചയമായും മെച്ചപ്പെടുത്തുകയും ചെയ്യും.”
നാനാ വിഭാഗങ്ങളിൽ പെട്ട രോഗികളും രക്തരഹിത ശസ്ത്രക്രിയ കൂടുതലായി ആവശ്യപ്പെട്ടുവരുന്നുണ്ട്. (അമേരിക്കയിലെ ഒറിഗണിലുള്ള) ലീഗസി പോർട്ട്ലാൻഡ് ഹോസ്പിറ്റൽസിലെ ഡോ. ഡേവിഡ് റോസെൻക്രാൻസ് പ്രസ്താവിച്ചത്, തുടക്കത്തിൽ “ഞങ്ങളുടെ അടുക്കൽ വന്ന 100% പേരും മതപരമായ കാരണങ്ങളാലാണ് അത് [രക്തരഹിത ശസ്ത്രക്രിയ] ആവശ്യപ്പെട്ടത്” എന്നാണ്. എന്നാൽ, ഇപ്പോൾ 15 ശതമാനം രോഗികളെങ്കിലും രക്തപ്പകർച്ചയ്ക്കു പകരം മറ്റു ചികിത്സാമാർഗങ്ങൾ ആവശ്യപ്പെടുന്നതു മതപരമായ കാരണങ്ങൾ നിമിത്തമല്ല.
വിഭിന്ന വീക്ഷണങ്ങൾ
ഈ നാലു ചർച്ചാസമ്മേളനങ്ങളിലും ഏകീകൃതമായി എത്തിച്ചേർന്ന ഒരു പ്രധാന നിഗമനം സ്വന്ത രക്തം ഉപയോഗിക്കുന്നതാണു മറ്റുള്ളവർ ദാനം ചെയ്ത രക്തം ഉപയോഗിക്കുന്നതിലും വളരെയധികം സുരക്ഷിതം എന്നതാണ്. അതിനാൽ, ഓപ്പറേഷനു മുമ്പ് സ്വന്ത രക്തം ശേഖരിച്ചു വെക്കാൻ ചിലർ ശുപാർശ ചെയ്യുന്നു. എന്നാൽ, അടിയന്തിര സാഹചര്യങ്ങളിൽ രക്തം ശേഖരിച്ചു വെക്കാൻ സമയം ഉണ്ടായിരിക്കില്ല എന്നു പലരും അഭിപ്രായപ്പെട്ടു. മാത്രമല്ല, ശേഖരിച്ചു വെച്ച ഏതു രക്തവും ഉപയോഗിക്കുന്നതിൽ യഹോവയുടെ സാക്ഷികൾക്കു മതപരമായ എതിർപ്പ് ഉണ്ടുതാനും.a
ഐക്യനാടുകളിലെ നോർത്ത് കരോളിനയിലുള്ള ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ഡോ. ബ്രൂസ് ലിയോൺ കാനഡയിലെ സമ്മേളനത്തിൽ ഇങ്ങനെ പറഞ്ഞു: “ഓപ്പറേഷനു മുമ്പ് [സ്വന്തം രക്തം] ശേഖരിച്ചു വെക്കുന്നത് ചെലവേറിയതാണ്. അതിനു കൂടുതൽ ശ്രമം ആവശ്യമായി വരുന്നു, അതു രക്തപ്പകർച്ചയോടു ബന്ധപ്പെട്ട അതിസാധാരണ മരണകാരണം [ജീവനക്കാർക്കു സംഭവിക്കുന്ന അല്ലെങ്കിൽ നടപടിക്രമങ്ങളിൽ ഉണ്ടാകുന്ന പിഴവുകൾ] ഇല്ലാതാക്കുന്നുമില്ല. തന്നെയുമല്ല, ശസ്ത്രക്രിയയ്ക്കു മുമ്പു വളരെയധികം സമയം വേണ്ടിവരുകയും ചെയ്യുന്നു.”
രക്തപ്പകർച്ചയുടെ ആവശ്യം സാരമായി കുറയ്ക്കുന്ന മരുന്നുകളും വിദ്യകളും വികസിപ്പിച്ചെടുക്കുന്നതിൽ തുടരേണ്ടതിന്റെ ആവശ്യം പല ഡോക്ടർമാരും ഊന്നിപ്പറയുന്നു. അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ രക്തപ്പകർച്ച നടത്താവൂ എന്ന് അവർ ശക്തമായി വാദിക്കുന്നു. അതേസമയം, മറ്റു ചിലർ രക്തപ്പകർച്ച തങ്ങളുടെ ചികിത്സാരീതിയിൽനിന്നു തന്നെ ഒഴിവാക്കുന്നു. രക്തപ്പകർച്ച കൂടാതെ നിർവഹിച്ചിട്ടുള്ളതും രോഗി പെട്ടെന്നു സുഖം പ്രാപിച്ചിട്ടുള്ളതുമായ അങ്ങേയറ്റം ദുഷ്കരമായ ശസ്ത്രക്രിയകൾ—ഇടുപ്പെല്ല് മാറ്റിവെക്കൽ, സങ്കീർണമായ നാഡീശസ്ത്രക്രിയ, ശിശുക്കളിലെയും മുതിർന്നവരിലെയും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ തുടങ്ങിയവ—അവർ ചൂണ്ടിക്കാട്ടുന്നു.
രക്തരഹിത ചികിത്സാ പരിപാടികളുള്ള 100-ലധികം ആശുപത്രികൾ ലോകത്തെമ്പാടും ഇന്നുണ്ട്. അവയിൽ 70-ലധികവും ഐക്യനാടുകളിലാണ്. വാസ്തവത്തിൽ, രക്തം സ്വീകരിക്കില്ലാത്ത രോഗികളോടു സഹകരിക്കുന്ന 88,000-ത്തിലധികം ഡോക്ടർമാർ ഇപ്പോൾ ലോകവ്യാപകമായി ഉണ്ട്.
പുതിയ രീതികൾ
യഹോവയുടെ സാക്ഷികളെ ചികിത്സിക്കവേ ഒരു പ്രത്യേക തരം ചികിത്സാരീതി വികസിപ്പിച്ചെടുത്തതായി അറ്റ്ലാന്റയിൽ നടന്ന ചർച്ചാസമ്മേളനത്തിൽ നിരവധി പ്രസംഗകർ സമ്മതിച്ചു പറഞ്ഞു.b ലോസാഞ്ചലസിലെ എൻസിനോ ടാർസാന റീജണൽ മെഡിക്കൽ സെന്ററിലെ ഡോ. ജയിംസ് ഷിക്കിന്റെ വികാരങ്ങൾ തന്നെയാണു പലരും പ്രകടിപ്പിച്ചത്. യഹോവയുടെ സാക്ഷികളുടെ അകാലജാത ശിശുക്കളെ ചികിത്സിക്കവേ വികസിപ്പിച്ചെടുത്ത പുതിയ രീതികൾ ഹേതുവായി, ശിശുചികിത്സയിൽ രക്തത്തിന്റെ ഉപയോഗം 50 ശതമാനം താൻ ഇപ്പോൾ കുറച്ചിരിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. തീർച്ചയായും, മുതിർന്നവരുടെ കാര്യത്തിലും അത്തരം പുതിയ ചികിത്സാരീതികൾ മൂല്യവത്തെന്നു തെളിഞ്ഞിട്ടുണ്ട്.
മോൺട്രിയോൾ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഷാൻ ഫ്രാൻസ്വൊ ഹാർഡി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഏതെങ്കിലും ഒരൊറ്റ ചികിത്സാമാർഗം മാത്രം അവലംബിക്കുന്നതിനാൽ രക്തരഹിത ശസ്ത്രക്രിയ സാധ്യമാകുകയില്ല . . . മറിച്ച്, നാനാതരം ചികിത്സാരീതികൾ ഒന്നിച്ച് ഉപയോഗിച്ചാൽ മാത്രമേ പ്രസ്തുത ലക്ഷ്യം കൈവരിക്കാനാകൂ.”
പുതിയ ചികിത്സാ രീതികളിൽ പിൻവരുന്നവ ഉൾപ്പെടുന്നു: (1) ശസ്ത്രക്രിയയ്ക്കു മുമ്പുള്ള ഒരുക്കം, (2) ശസ്ത്രക്രിയാ സമയത്തുള്ള രക്തനഷ്ടം തടയൽ, (3) ശസ്ത്രക്രിയാനന്തര പരിപാലനം. വ്യക്തമായും, എല്ലാ ശസ്ത്രക്രിയാ സമീപനങ്ങളെയും സമയഘടകം വളരെയധികം സ്വാധീനിക്കുന്നു. അതായത്, ആവശ്യത്തിനു രക്തം ഉണ്ടാകാൻ കഴിയത്തക്കവണ്ണം ശസ്ത്രക്രിയയ്ക്കു മുമ്പു വേണ്ടത്ര സമയം ഉണ്ടായിരിക്കുമോ, അതോ അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ടതിനാൽ സമയം ഒട്ടുംതന്നെ ഇല്ലാതെവരുമോ?
രക്തരഹിത ശസ്ത്രക്രിയ സംബന്ധിച്ച ഏറ്റവും നല്ല സമീപനം രക്തത്തിന്റെ അളവ് വർധിപ്പിക്കുകയും പൊതുവേ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ ഓപ്പറേഷനു മുമ്പു നടത്തുന്ന ചികിത്സയാണ്. ഇതിൽ, ശക്തി കൂടിയ ഇരുമ്പുസത്തും ജീവകങ്ങളും, ഉചിതമായിരിക്കുമ്പോൾ, ചുവന്ന രക്താണുക്കളെ ത്വരിതഗതിയിൽ ഉത്പാദിപ്പിക്കാൻ അസ്ഥിമജ്ജയെ ഉദ്ദീപിപ്പിക്കുന്ന കൃത്രിമ എരിത്രോപൊയെറ്റിനും ഉൾപ്പെടുന്നു. സൂക്ഷ്മ അപഗ്രഥനം സാധ്യമാക്കുന്ന സാങ്കേതികവിദ്യയുടെ ഫലമായി പരിശോധനയ്ക്കു ശരീരത്തിൽനിന്നു കുറച്ചു രക്തം മാത്രം എടുത്തുകൊണ്ട് അതിൽനിന്നു കൂടുതൽ ഫലങ്ങൾ നേടാൻ സാധിക്കുന്നു. അകാലജാത ശിശുക്കൾക്കും വളരെയധികം രക്തം നഷ്ടപ്പെട്ട പ്രായമുള്ള രോഗികൾക്കും ഇതു സുപ്രധാനമാണ്.
രക്ത വ്യാപ്തം വർധിപ്പിക്കാനുള്ള വ്യാപ്ത വർധിനികളും—ഞരമ്പുവഴി കുത്തിവെക്കുന്ന ലായനികൾ—സഹായകമാണ്. വളരെയധികം രക്തനഷ്ടം നേരിട്ട ഒരു രോഗിയുടെ ഓക്സിജൻ ആവശ്യങ്ങൾ നികത്തുന്നതിനുള്ള അതിമർദ ഓക്സിജൻ അറയും ചിലയിടങ്ങളിൽ ഉപയോഗത്തിലുണ്ട്. ഓക്സിജൻ അറ നല്ലൊരു മുതൽക്കൂട്ട് ആണെങ്കിലും ഉയർന്ന അളവിലുള്ള ഓക്സിജൻ വിഷമായതിനാൽ ശ്രദ്ധയോടെ അത് ഉപയോഗിക്കേണ്ടതുണ്ടെന്ന് അറ്റ്ലാന്റ സമ്മേളനത്തിൽ ഡോ. റോബർട്ട് ബാർട്ട്ലെറ്റ് വിശദീകരിച്ചു.
രണ്ടാമത്തെ പടിക്ക്, അതായത് ഓപ്പറേഷന്റെ സമയത്ത് രക്തനഷ്ടം ഒഴിവാക്കുന്നതിന്, നാനാതരം പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഇന്നുണ്ട്. അവ രക്തനഷ്ടം പരമാവധി കുറയ്ക്കാൻ സഹായിക്കുന്നു; ശരീരത്തിൽ അധികം മുറിവുകൾ ഉണ്ടാക്കുന്നില്ല, തന്മൂലം രക്തനഷ്ടവും കുറയുന്നു; അല്ലെങ്കിൽ അവ ശസ്ത്രക്രിയാ സമയത്ത് നഷ്ടപ്പെട്ടേക്കാവുന്ന രക്തം സത്വരം ശേഖരിച്ചു വീണ്ടും ഉപയോഗിക്കാൻ സഹായിക്കുന്നു. പുതിയ രീതികളിൽ ഏതാനും ചിലതു പരിചിന്തിക്കുക.
◼ രക്തക്കുഴലുകളിൽനിന്നു രക്തമൊലിക്കാതിരിക്കാൻ താപംകൊണ്ട് മുറിവു കരിക്കുന്ന ഒരു വൈദ്യുത ഉപകരണം ഉപയോഗിക്കുന്നു.
◼ രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന ആർഗൊൺ രശ്മികൾ ശസ്ത്രക്രിയാ സമയത്ത് രക്തനഷ്ടം ഒഴിവാക്കുന്നു.
◼ കീറിമുറിക്കാനും ഏതാണ്ട് അതേ സമയത്തുതന്നെ രക്തം കട്ട പിടിക്കാനും സഹായിക്കുന്ന—കമ്പനവും ഘർഷണവും ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന—ഒരു ഉപകരണമാണു ഹാർമോണിക് കത്തി.
◼ ചില പ്രത്യേക ശസ്ത്രക്രിയകളുടെ സമയത്ത് രക്തം കട്ടപിടിക്കൽ പ്രക്രിയ കൂട്ടാനും രക്തസ്രാവം കുറയ്ക്കാനും മിക്കപ്പോഴും ട്രാനെക്സാമിക് ആസിഡും ഡെസ്മോപ്രസിനും പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നു.
◼ ഹൈപ്പോടെൻസീവ് അനസ്തേഷ്യ രക്തസമ്മർദം താഴ്ത്തുകവഴി രക്തനഷ്ടം കുറയ്ക്കുന്നു.
ശസ്ത്രക്രിയാ സമയത്ത് രക്തം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ മെച്ചപ്പെട്ടുവരുന്നതും ഒരു സുപ്രധാന നേട്ടമാണ്. ഓപ്പറേഷൻ നടക്കുമ്പോൾ ഈ ഉപകരണങ്ങൾ രോഗിയുടെതന്നെ രക്തം ശേഖരിച്ച് സത്വരം വീണ്ടും ഉപയോഗിക്കുന്നു, അതു ശേഖരിച്ചു വെക്കേണ്ടിവരുന്നില്ല.c രോഗിയുടെ ശരീരത്തോടു ഘടിപ്പിച്ചിരിക്കെത്തന്നെ രക്തത്തെ ഘടകങ്ങളായി വേർതിരിച്ച് ആവശ്യമുള്ള ഘടകങ്ങൾ വീണ്ടും ഉപയോഗിക്കാൻ എറെ പുതിയ ഉപകരണങ്ങൾക്കു സാധിക്കും.
റിഗയിലെ ചർച്ചാസമ്മേളനം കഴിഞ്ഞ് ലട്വിയയുടെ ആവശ്യാർഥം സ്വീഡനിലെ യഹോവയുടെ സാക്ഷികൾ അവിടേക്കു രണ്ടു സെൽ-സേവർ യന്ത്രങ്ങൾ സംഭാവനയായി നൽകി. ആദ്യ ഉപകരണത്തിന്റെ വരവും രക്തരഹിത ശസ്ത്രക്രിയയുടെ പ്രയോജനങ്ങളും ലട്വിയയിലെ ദേശീയ ടെലിവിഷൻ കേന്ദ്രം റിപ്പോർട്ടു ചെയ്യാൻ പോന്നവിധം അത് അവിടെ വാർത്ത സൃഷ്ടിച്ചു.
ശസ്ത്രക്രിയയ്ക്കു മുമ്പുള്ള ഒരുക്കത്തിന്റെ ഭാഗമായ, രക്തത്തിന്റെ അളവു വർധിപ്പിക്കുന്ന, ചികിത്സാ-ഭക്ഷണ ക്രമത്തിലെ പല സംഗതികൾ തന്നെയാണ് ശസ്ത്രക്രിയാനന്തര പരിപാലനത്തിലും മിക്കപ്പോഴും അവലംബിക്കുന്നത്. എന്നിരുന്നാലും, രക്തം കുത്തിവെച്ചിട്ടില്ലാത്ത രോഗികളെ ശസ്ത്രക്രിയാനന്തരം പരിപാലിക്കുന്നത് രക്തം സ്വീകരിച്ചിട്ടുള്ളവരെ പരിപാലിക്കുന്നതിനെക്കാൾ മിക്കപ്പോഴും എളുപ്പമാണ്. എന്തുകൊണ്ട്?
മികച്ച ഫലങ്ങൾ
രക്തം ഉപയോഗിക്കാതെയുള്ള ചികിത്സാ രീതികൾ, മിക്കപ്പോഴും ശസ്ത്രക്രിയയ്ക്കു മുമ്പും ശസ്ത്രക്രിയാ സമയത്തും കൂടുതൽ ജോലി ആവശ്യമാക്കിത്തീർക്കുന്നെങ്കിലും രോഗികൾക്ക് ഓപ്പറേഷനു ശേഷം സുഖം പ്രാപിക്കാൻ കുറച്ചു സമയം മതിയെന്നു ശസ്ത്രക്രിയാ വിദഗ്ധർ തിരിച്ചറിഞ്ഞിട്ടുണ്ട്. രക്തപ്പകർച്ചയോട് അനുബന്ധിച്ച് മിക്കപ്പോഴും ഉണ്ടാകുന്ന സങ്കീർണ പ്രശ്നങ്ങൾ അവർക്ക് ഉണ്ടാകുന്നുമില്ല. രക്തം സ്വീകരിച്ചിട്ടില്ലാത്ത രോഗികൾക്ക് ആശുപത്രിയിൽ കുറച്ചു കാലം കിടന്നാൽ മതിയെന്നതു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
രക്തനഷ്ടം ഒഴിവാക്കാൻ എട്ടു ഘട്ടങ്ങളുള്ള ചികിത്സാരീതി ഉപയോഗിക്കുന്നതിനാൽ ഹൃദയം തുറന്നുള്ള സങ്കീർണമായ ഓപ്പറേഷനുകൾ പോലും രക്തം കുത്തിവെക്കാതെതന്നെ ധൈര്യപൂർവം നടത്താൻ കഴിയുന്നുവെന്നു ന്യൂയോർക്ക് ഹോസ്പിറ്റൽ-കൊർണൽ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഡോ. റ്റോഡ് റോസെൻഗാർട്ട് അഭിപ്രായപ്പെട്ടു. “രക്തം കുത്തിവെക്കാതെ ഹൃദയം തുറന്നുള്ള നൂറു കണക്കിനു ഓപ്പറേഷനുകൾ നടത്തി” തങ്ങൾക്കു “നല്ല പരിചയം” ഉണ്ടെന്ന് ലോസാഞ്ചലസിലെ ഗുഡ് സമാരിറ്റൻ ഹോസ്പിറ്റലിലെ ഡോ. മാന്യുവൽ എസ്റ്റിയോക്കോ പറയുകയുണ്ടായി. മയാമി ചിൽഡ്രൻസ് ഹോസ്പിറ്റലിലെ കുട്ടികളിൽ നടത്തിയ ഹൃദയം തുറന്നുള്ള രക്തരഹിത ശസ്ത്രക്രിയയുടെ വിജയത്തെക്കുറിച്ച് ഡോ. എസ്. സുബ്രഹ്മണ്യൻ റിപ്പോർട്ടു ചെയ്തു.
അസ്ഥി ശസ്ത്രക്രിയ, പ്രത്യേകിച്ചും ഇടുപ്പെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയ, വെല്ലുവിളി നിറഞ്ഞതാണ്. എങ്കിലും, “ശസ്ത്രക്രിയാ വൈദഗ്ധ്യവും സൂക്ഷ്മതയും” സമന്വയിപ്പിച്ചതു മൂലം യഹോവയുടെ സാക്ഷികളായ രോഗികളുടെ കാര്യത്തിൽ രക്തനഷ്ടം ഗണ്യമായി കുറയ്ക്കാൻ തങ്ങൾക്കു സാധിച്ചു എന്ന് റിഗയിലെ സമ്മേളനത്തിൽ സ്വീഡനിലെ അദവാല ആശുപത്രിയിലെ ഡോ. ഓലെ ഹാഗ് റിപ്പോർട്ടു ചെയ്തു. തീർച്ചയായും, “രക്തം കുത്തിവെക്കാതെ . . . 99.9 ശതമാനം അസ്ഥി ശസ്ത്രക്രിയകളും നടത്താൻ കഴിയും” എന്ന് ഇംഗ്ലണ്ടിലെ ഹാർഫീൽഡ് മെഡിക്കൽ സെന്ററിലെ ഡോ. റിച്ചാർഡ് കൂംസ് പറഞ്ഞു.
വരും കാലം
രക്തരഹിത ചികിത്സാ രീതികൾ അവലംബിക്കുന്ന ആശുപത്രികളുടെയും ഡോക്ടർമാരുടെയും എണ്ണം വർധിച്ചുവരുകയാണ്. അത്തരം പരിജ്ഞാനം കൈമാറുന്ന ചർച്ചാസമ്മേളനങ്ങൾ വളരെ സഹായകം ആയിരുന്നിട്ടുണ്ട്. കാരണം, പരീക്ഷിച്ചു വിജയിച്ച, ക്രമമായി ഉപയോഗിക്കുന്ന പകര ചികിത്സാ സംവിധാനങ്ങളെ കുറിച്ച് അത്തരം സമ്മേളനങ്ങളിലൂടെ ഡോക്ടർമാർ മനസ്സിലാക്കുന്നു.
“തങ്ങളുടെ ചികിത്സയും ശസ്ത്രക്രിയയുമൊക്കെ രക്തം കൂടാതെ വേണമെന്ന് ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചുവരുകയാണ് . . . രക്തരഹിത ചികിത്സയും ശസ്ത്രക്രിയയും ആധുനിക സമീപനമാണ്, ഫലപ്രദത്വം കുറഞ്ഞ ‘പകര ചികിത്സാരീതി’ ആയി അതിനെ തെറ്റിദ്ധരിക്കാൻ പാടില്ല” എന്ന് യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ സ്കൂൾ ഓഫ് മെഡിസിനിലെ ഡോ. റിച്ചാർഡ് നളിക്ക് പറയുകയുണ്ടായി.
രക്തം കുത്തിവെക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടരുകയും പകരം ചികിത്സകളോടുള്ള പൊതുജനങ്ങളുടെ താത്പര്യം വർധിക്കുകയും ചെയ്യുന്നതിനാൽ, രക്തരഹിത ശസ്ത്രക്രിയയുടെ ഭാവി ശോഭനമാണെന്നു തോന്നുന്നു.
[അടിക്കുറിപ്പുകൾ]
a തങ്ങൾക്കോ കുട്ടികൾക്കോ നടത്തുന്ന വൈദ്യ ചികിത്സയിൽ യഹോവയുടെ സാക്ഷികൾ വിശ്വാസമുള്ളവരാണ്. എന്നിരുന്നാലും, രക്തം ശരീരത്തിലേക്കു സ്വീകരിക്കുന്നതിന് എതിരെയുള്ള ബൈബിളിന്റെ വ്യക്തമായ വിലക്കിന്റെ അടിസ്ഥാനത്തിൽ അവർ രക്തപ്പകർച്ചകൾ നിരസിക്കുന്നു. (ഉല്പത്തി 9:3, 4; പ്രവൃത്തികൾ 15:28, 29) കൂടുതൽ വിവരങ്ങൾക്ക്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച രക്തത്തിനു നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? എന്ന ലഘുപത്രിക കാണുക.
b പ്രസ്തുത ചർച്ചാസമ്മേളനങ്ങളിൽ അവതരിപ്പിച്ച വിവിധ ചികിത്സാരീതികളെ കുറിച്ചുള്ള ഈ ചർച്ച, ഉണരുക! അവ ശുപാർശ ചെയ്യുന്നുവെന്ന് ഒരു പ്രകാരത്തിലും അർഥമാക്കുന്നില്ല. ഈ പുരോഗതികൾ ഞങ്ങൾ കേവലം റിപ്പോർട്ടു ചെയ്യുക മാത്രമാണു ചെയ്യുന്നത്.
c അത്തരം ഉപകരണങ്ങളുടെ ഉചിതമായ ഉപയോഗവും മനസ്സാക്ഷിയുടെ പങ്കും സംബന്ധിച്ച് 1989 മാർച്ച് 1 ലക്കം (ഇംഗ്ലീഷ്) വീക്ഷാഗോപുരത്തിന്റെ 30-1 പേജുകൾ പരിശോധിക്കാൻ വായനക്കാരൻ താത്പര്യപ്പെട്ടേക്കാം.
[20, 21 പേജുകളിലെ ചിത്രം]
കൂടുതൽ കൂടുതൽ ഡോക്ടർമാർ രക്തരഹിത ശസ്ത്രക്രിയ സംബന്ധിച്ച രോഗികളുടെ ആഗ്രഹങ്ങളെ ആദരിക്കുന്നു