ലോകത്തെ വീക്ഷിക്കൽ
വിവാഹം ആരോഗ്യാവഹം
വിവാഹം സ്ത്രീപുരുഷന്മാരുടെ “ആയുർദൈർഘ്യവും വരുമാനവും വർധിപ്പിക്കുകയും ഗണ്യമായ അളവിൽ ശാരീരികവും വൈകാരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു” എന്ന് ഒരു ഗവേഷക ദ ന്യൂയോർക്ക് ടൈംസിൽ പ്രസ്താവിച്ചു. ചിക്കാഗോ സർവകലാശാലയിലെ പ്രൊഫസർ ലിൻഡ ജെ. വേറ്റിന്റെ ഒരു പഠനം, വിവാഹിത സ്ത്രീകൾ കൂടുതൽ മാനസിക സമ്മർദങ്ങൾ അനുഭവിക്കേണ്ടി വരുന്നു എന്നു സൂചിപ്പിക്കുന്ന, 1972-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു റിപ്പോർട്ടിനെ ഖണ്ഡിക്കുന്നു. മദ്യത്തിന്റെ ഉപയോഗം പോലുള്ള സംഗതികളിൽ “വിവാഹം ആളുകളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തുകയും അവരെ മെച്ചപ്പെട്ടവർ ആക്കുകയും ചെയ്യുന്നു,” എന്ന് ഡോ. വേറ്റ് കണ്ടെത്തി. വിവാഹം ഒരു പരിധിവരെ ആളുകളെ വിഷാദരഹിതരാക്കുന്നതായും കാണപ്പെടുന്നു. വാസ്തവത്തിൽ, “പഠനാരംഭത്തിൽത്തന്നെ അവിവാഹിതരായ പുരുഷന്മാർ ഒരു കൂട്ടമെന്ന നിലയിൽ വിഷാദമഗ്നരായിരുന്നു. അവിവാഹിത അവസ്ഥയിൽ തുടർന്നവരുടെ കാര്യത്തിൽ അതു കൂടുതൽ വഷളായിത്തീരുകയും ചെയ്തു.” എന്നിരുന്നാലും, ശേഖരിക്കപ്പെട്ട വിവരങ്ങൾ ശരാശരിയെ ആണു സൂചിപ്പിക്കുന്നതെന്ന് മിനെസോട്ട സർവകലാശാലയിലെ ഡോ. വില്ല്യം ജെ. ഡോയെർട്ടി പറയുന്നു. വിവാഹിതരാകുന്ന എല്ലാവരുടെയും അവസ്ഥ മെച്ചപ്പെടുമെന്നോ പൊരുത്തപ്പെട്ടു പോകാൻ ബുദ്ധിമുട്ടുള്ള ആളെ വിവാഹം കഴിക്കുന്നവർ സന്തുഷ്ടരും ആരോഗ്യവാന്മാരും ആയിരിക്കുമെന്നോ അതിന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
അക്രമാസക്തരായ ആരാധനാപാത്രങ്ങൾ
ഐക്യരാഷ്ട്ര വിദ്യാഭ്യാസ-ശാസ്ത്രീയ-സാംസ്കാരിക സംഘടന, മാധ്യമങ്ങളിലെ അക്രമത്തിന്റെ സ്വാധീനത്തെക്കുറിച്ചു നടത്തിയ ഒരു പഠനം പറയുന്നത് അനുസരിച്ച് കുട്ടികളുടെ ഇടയിൽ ഏറ്റവും സമ്മതരായ ആരാധനാപാത്രങ്ങളിൽ ചിലർ ആക്ഷൻ സിനിമകളിലെ നായകന്മാർ ആണ്. 23 രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം 12-വയസ്സുകാരുമായി അഭിമുഖം നടത്തിയതിൽ, 26 ശതമാനം പേരും തങ്ങളുടെ ആരാധനാ പാത്രങ്ങളായി “പോപ്പ് താരങ്ങൾ, സംഗീതജ്ഞർ (18.5 ശതമാനം), മതനേതാക്കൾ (8 ശതമാനം), രാഷ്ട്രീയ നേതാക്കൾ (3 ശതമാനം) തുടങ്ങിയവരെക്കാൾ ഉപരിയായി പ്രതിഷ്ഠിച്ചത്” ആക്ഷൻ സിനിമാ താരങ്ങളെയാണ് എന്ന് ബ്രസീലിലെ ഷൂർണാൽ ഡാ റ്റാർഡെ പ്രസ്താവിച്ചു. പ്രസ്തുത പഠനത്തിനു നേതൃത്വം വഹിച്ച പ്രൊഫസർ ജോ ഗ്രോയ്ബെൽ പറയുന്നത് അനുസരിച്ച് പ്രയാസ സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കാം എന്നതിലാണ് കുട്ടികൾ അക്രമാസക്ത നായകന്മാരെ മുഖ്യമായും മാതൃകകൾ ആക്കുന്നത്. കുട്ടികൾ അക്രമവുമായി എത്രയധികം പരിചയിക്കുന്നുവോ അതിരു കടന്ന പ്രവൃത്തികൾ ചെയ്യാൻ അവർ അത്രയധികം പ്രാപ്തരാകും എന്ന് ഗ്രോയ്ബെൽ മുന്നറിയിപ്പു നൽകുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അക്രമം സാധാരണവും ഫലപ്രദവും ആണെന്ന ആശയമാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.” സാങ്കൽപ്പിക കഥകളും യാഥാർഥ ജീവിതവും തമ്മിൽ വേർതിരിച്ചു കാണാൻ ആവശ്യമായ മാർഗനിർദേശങ്ങൾ മക്കൾക്കു നൽകുന്നതിൽ മാതാപിതാക്കൾക്ക് അതിപ്രധാനമായ ഒരു പങ്കുണ്ട് എന്ന് ഗ്രോയ്ബെൽ എടുത്തു പറഞ്ഞു.
ഏകാന്ത ഹൃദയർക്ക് ഇലക്ട്രോണിക് സഹായം
ജപ്പാനിൽ, ഒരു ഏകാന്ത ഹൃദയത്തിന് മറ്റൊന്നിനെ കണ്ടെത്താനുള്ള ഏറ്റവും ആധുനികമായ മാർഗം ഒരു “പ്രേമ ബീപ്പർ” ഉപയോഗിക്കുന്നതാണ് എന്ന് മൈനിച്ചി ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്തു. കാരവോക്കെ (റെക്കോർഡു ചെയ്ത സംഗീതത്തോടൊപ്പം പാടൽ), സുഹൃത്തുക്കൾ, സല്ലാപം എന്നിങ്ങനെ താത്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സംവിധാനങ്ങൾ ബീപ്പറിലുണ്ട്. ഉദാഹരണത്തിന് ഒരു യുവാവിന് സല്ലപിക്കാനായി ഒരു യുവതിയെ കണ്ടെത്തണം എന്നിരിക്കട്ടെ. അയാൾ കൈവെള്ളയിൽ ഒതുങ്ങുന്ന തന്റെ ഇലക്ട്രോണിക് ഉപകരണം “സല്ലാപ”ത്തിനായി ക്രമീകരിക്കുന്നു. പ്രേമ ബീപ്പർ “സല്ലാപ”ത്തിനായി അതേപോലെ സെറ്റു ചെയ്തു വെച്ചിരിക്കുന്ന ഒരു യുവതിയോട് ഏതാനും മീറ്റർ അടുത്ത് അയാൾ എത്തുകയാണെങ്കിൽ ഉപകരണങ്ങൾ രണ്ടും ബീപ് ശബ്ദം പുറപ്പെടുവിക്കാനും പച്ച വെളിച്ചം മിന്നിക്കാനും തുടങ്ങും. ഇപ്പോൾത്തന്നെ 4,00,000 പേർ ബീപ്പറുകൾ വാങ്ങിയിട്ടുണ്ട്. തങ്ങൾ സമ്പർക്കത്തിൽ വരാൻ പോകുന്നത് ഏതുതരം വ്യക്തിയുമായാണ് എന്നതിനെപ്പറ്റി ഉത്കണ്ഠയുള്ളവർക്ക് ബീപ് ശബ്ദം ഓഫാക്കി, വെളിച്ചത്തെ മാത്രം ആശ്രയിക്കാൻ കഴിയും. പ്രസ്തുത ബീപ്പർ നിർമാണ കമ്പനിയുടെ ആസൂത്രണ ഡയറക്ടറായ താക്കേയാ താക്കാഫൂജീ പറയുന്നതു പോലെ, ‘ആ വരുന്ന മധ്യവയസ്കൻ നിങ്ങൾ താത്പര്യപ്പെടുന്ന തരം വ്യക്തിയല്ലെങ്കിൽ അഥവാ നിങ്ങൾക്ക് അയാളോടു സംസാരിക്കാൻ താത്പര്യമില്ലെങ്കിൽ, നിങ്ങൾക്കു നിങ്ങളുടെ വഴിക്കു പോകാം.’
“ചെറുപ്പക്കാരികളുടെ ഒന്നാം നമ്പർ കൊലയാളി”
നാൻഡോ ടൈംസ് റിപ്പോർട്ടു ചെയ്യുന്ന പ്രകാരം സാമ്പത്തിക ഭദ്രതയുള്ള രാജ്യങ്ങളിൽ 65 കഴിഞ്ഞ പുരുഷന്മാരെയാണ് പലപ്പോഴും ക്ഷയരോഗം ആക്രമിക്കുന്നത്. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയുഎച്ച്ഒ) കണക്കു പ്രകാരം ക്ഷയരോഗം ഒരു ആഗോള അടിസ്ഥാനത്തിൽ “ലോകത്തിലെ ചെറുപ്പക്കാരികളുടെ ഒന്നാം നമ്പർ കൊലയാളി” ആയിത്തീർന്നിരിക്കുന്നു എന്ന് പ്രസ്തുത റിപ്പോർട്ട് പറയുന്നു. “തങ്ങളുടെ നല്ല പ്രായത്തിൽത്തന്നെ ഭാര്യമാരും അമ്മമാരും കുടുംബം പുലർത്തുന്നവരും ഞെട്ടറ്റു വീഴാൻ അത് ഇടയാക്കുന്നു,” ഡബ്ലിയുഎച്ച്ഒ-യുടെ ആഗോള ക്ഷയരോഗ വിരുദ്ധ പരിപാടിയിൽ അംഗമായ ഡോ. പോൾ ഡോളിൻ പ്രസ്താവിച്ചു. അടുത്തയിടെ സ്വീഡനിലെ ഗോട്ട്ബർഗിൽ നടന്ന ഒരു വൈദ്യശാസ്ത്ര സെമിനാറിൽ കൂടിവന്ന വിദഗ്ധരുടെ അഭിപ്രായത്തിൽ, ലോകവ്യാപകമായി 90 കോടി സ്ത്രീകൾ ക്ഷയരോഗ ബാധിതരാണ്. ഇതിൽ, പത്തു ലക്ഷം വീതം ഓരോ വർഷവും മരിക്കുന്നു. അവരിൽ ഭൂരിഭാഗത്തിന്റെയും പ്രായം 10-നും 45-നും മധ്യേ ആയിരിക്കും. ബ്രസീലിലെ പത്രമായ ഒ എസ്റ്റാഡൊ ദെ എസ്. പൗലൂ അഭിപ്രായപ്പെടുന്ന പ്രകാരം ഇത്ര അധികം പേർ മരിക്കുന്നതിന്റെ ഒരു കാരണം മിക്കവരും രോഗം പൂർണമായി ഭേദമാകുന്നതിനു മുമ്പു ചികിത്സ നിർത്തുന്നതാണ്.
മലിനീകരണ രഹിത കാർ
ലോകത്തിലെ വൻ നഗരങ്ങളിൽ വായു മലിനീകരണത്തിന്റെ പ്രമുഖ കാരണങ്ങളിൽ ഒന്നാണ് കാറുകൾ. പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി, ഫ്രഞ്ചുകാരനായ ഒരു എഞ്ചിനീയർ ശബ്ദരഹിതവും ഗന്ധരഹിതവും “നമുക്കു ചുറ്റുമുള്ള വായു ഉപയോഗിച്ചു മാത്രം ഓടുന്നതു”മായ ഒരു കാർ കണ്ടുപിടിച്ചിരിക്കുന്നു എന്ന് ലണ്ടനിലെ ദ ഗാർഡിയൻ വീക്ക്ലി റിപ്പോർട്ടു ചെയ്തു. എഞ്ചിൻ ഡിസൈനറായ ഗീ നെഗ്ര അന്തരീക്ഷ മർദത്തെക്കാൾ സാന്ദ്രീകരിക്കപ്പെട്ട വായു (compressed air) ഉപയോഗിച്ച് ഓടുന്ന ഒരു മോട്ടോർ വികസിപ്പിച്ചെടുത്തിരിക്കുന്നു. അതിന്റെ ടാങ്കിൽ വായു നിറയ്ക്കാൻ ആവശ്യമായ വൈദ്യുതിക്ക് 80 രൂപയിൽ താഴെ ചെലവേ വരുന്നുള്ളൂ. ഒരിക്കൽ ടാങ്കു നിറച്ചാൽ കാർ നഗരപാതകളിലൂടെ മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വേഗത്തിൽ 10 മണിക്കൂർ ഓടിക്കാനാകും. ബ്രേക്കു പിടിക്കുമ്പോൾ കാർ പുറത്തു നിന്നുള്ള വായു ഉള്ളിലേക്ക് എടുക്കും. അതിലെ കാർബൺ അരിച്ചെടുക്കൽ സംവിധാനം നിമിത്തം പുറത്തേക്കു വിടുന്ന വായു അകത്തേക്ക് എടുക്കുന്ന വായുവിനെക്കാൾ ശുദ്ധമായിരിക്കും. മറ്റു മലിനീകരണ രഹിത വാഹനങ്ങളിൽ ഡസൻ കണക്കിനു പരീക്ഷണങ്ങൾ നടത്തിയ ശേഷം മെക്സിക്കോ നഗരത്തിലെ അധികൃതർ അവിടുത്തെ 87,000 ടാക്സികൾ മാറ്റി ഈ കാറുകൾ ഉപയോഗിക്കാൻ നിശ്ചയിച്ചു.
മലീമസമായ ആൽപ്സ്
യൂക്രെയിനിലെ ചെർണോബിൽ അണുശക്തി നിലയത്തിൽ അപകടം നടന്നിട്ട് പന്ത്രണ്ടു വർഷമായെങ്കിലും യൂറോപ്പിലെ ആൽപ്സ് പർവത പ്രദേശം ഇപ്പോഴും അണുപ്രസരണ ഫലമായി അങ്ങേയറ്റം മലിനീകൃതമാണ്. അടുത്തയിടെ നടത്തിയ ഒരു അപഗ്രഥനത്തിൽ റേഡിയോ പ്രസരമുള്ള ഐസോട്ടോപ്പായ സീഷിയം-137 ഉയർന്ന അളവിൽ കണ്ടെത്തിയതായി ഫ്രഞ്ച് പത്രമായ ല മോൺട് റിപ്പോർട്ടു ചെയ്തു. ചില സ്ഥലങ്ങളിൽ റേഡിയോ പ്രസരം യൂറോപ്യൻ ആണവ അവശിഷ്ട പരിധി നിർണയ അളവിനെക്കാൾ 50 മടങ്ങ് ആണെന്നു കണ്ടെത്തപ്പെട്ടു. ഏറ്റവും മലീമസമായ സാമ്പിളുകൾ വന്നത് തെക്കുകിഴക്കൻ ഫ്രാൻസിലെ മെർക്കന്റൂർ നാഷണൽ പാർക്കിൽ നിന്നും സ്വിറ്റ്സർലൻഡിന്റെയും ഇറ്റലിയുടെയും അതിർത്തിപ്രദേശമായ മാറ്റർഹോണിൽ നിന്നും ഇറ്റലിയിലെ കോർട്ടിനയിൽ നിന്നും ഓസ്ട്രിയയിലെ ഹോഹെ റ്റോറൻ പാർക്കിൽ നിന്നുമാണ്. വെള്ളത്തിന്റെയും കൂൺവർഗങ്ങൾ, പാൽ തുടങ്ങി അണുപ്രസരണ വിധേയമായേക്കാവുന്ന ഭക്ഷ്യവസ്തുക്കളുടെയും പ്രസരണ അളവ് എപ്പോഴും നിരീക്ഷണത്തിൽ വെക്കാൻ അധികൃതർ ബാധിത രാജ്യങ്ങളോട് ആവശ്യപ്പെടുകയാണ്.
ഹെഡ്സെറ്റുകൾ നിമിത്തമുള്ള ബധിരത
സ്റ്റീരിയോ ഹെഡ്സെറ്റുകളുടെ സാധാരണ ഉപയോഗം പോലും പ്രത്യക്ഷത്തിൽ പ്രകടമല്ലാത്ത കേൾവിത്തകരാറിന് ഇടയാക്കിയേക്കാം എന്ന് ഓസ്ട്രേലിയയിലെ ദേശീയ ശബ്ദ-ശ്രവണ ശാസ്ത്ര ലബോറട്ടറി നടത്തിയ ഒരു ഗവേഷണം വെളിപ്പെടുത്തിയതായി ബ്രിസ്ബേനിലെ ദ കുരിയർ മെയ്ൽ റിപ്പോർട്ടു ചെയ്തു. ഗവേഷകനായ ഡോ. എറിക് ലപേജ് ഇന്നത്തെ ചെറുപ്പക്കാർ ഇത്തരം മുന്നറിയിപ്പുകൾ ഗൗരവമായി എടുക്കാൻ വൈമുഖ്യം കാട്ടുന്നു എന്നു പറഞ്ഞു. “അവർ വളരെ ഉച്ചത്തിലുള്ള ശബ്ദങ്ങളും സംഗീതവും വർഷങ്ങളോളം ശ്രവിക്കുകയും അതുകൊണ്ടു ദോഷമൊന്നും ഇല്ലെന്നു നിഗമനം ചെയ്യുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു. ഒരു സർവേ കാണിക്കുന്നതുപോലെ, “വാസ്തവമായും കേൾവി നഷ്ടപ്പെടുന്നതു വരെ ആളുകൾ മുന്നറിയിപ്പുകൾക്കു ചെവി കൊടുക്കുന്നില്ല” എന്ന് പത്രം പറഞ്ഞു. ഈ പുതിയ ഗവേഷണം ജർമനിയിൽ നടന്ന ഒരു പഠനത്തെ സ്ഥിരീകരിക്കുന്നു. അവിടെ, പട്ടാളത്തിൽ പുതുതായി ചേരുന്ന 16-നും 24-നും ഇടയ്ക്കു പ്രായമുള്ള ഏകദേശം നാലിലൊന്നു പേർക്ക് അപ്പോൾത്തന്നെ കേൾവിത്തകരാറ് ഉണ്ടെന്നും “16-നും 18-നും ഇടയ്ക്കു പ്രായമുള്ള ഏകദേശം 10 ശതമാനം വിദ്യാർഥികൾക്ക് സാധാരണ സംസാരം മനസ്സിലാകാത്ത അളവോളം കേൾവിക്കു തകരാറു സംഭവിച്ചിരിക്കുന്നു” എന്നും പ്രസ്തുത പഠനം കണ്ടെത്തി.
കുടുംബമൊത്തുള്ള ആഹാരവേളകൾ
കാനഡയിലെ ടൊറന്റോ സ്റ്റാർ പത്രം പറയുന്നത് അനുസരിച്ച് 527 കൗമാരപ്രായക്കാരിൽ നടത്തിയ ഒരു പഠനം, ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും കുടുംബത്തോടൊത്ത് ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നവർ “മയക്കുമരുന്നു ദുരുപയോഗത്തിൽ ഏർപ്പെടാനോ വിഷാദമഗ്നർ ആയിത്തീരാനോ സാധ്യത വളരെ കുറവായിരിക്കും എന്നും പഠനകാര്യങ്ങളിൽ ഉത്സാഹമുള്ളവരും സമപ്രായക്കാരുമായി നല്ല ബന്ധങ്ങൾ ഉള്ളവരും ആയിരിക്കും എന്നും” തെളിയിച്ചു. “‘നന്നായി ഇണങ്ങിപ്പോകാത്തവർ’ എന്ന് അറിയപ്പെടുന്ന കുട്ടികൾ മൂന്നോ അതിൽ താഴെയോ ദിവസം മാത്രമേ കുടുംബത്തോടൊത്ത് [ഒരു നേരമെങ്കിലും] ആഹാരം കഴിക്കുന്നുള്ളൂ.” മനശ്ശാസ്ത്രജ്ഞനായ ബ്രൂസ് ബ്രയന്റെ അഭിപ്രായത്തിൽ കുടുംബം ഒത്തൊരുമിച്ചുള്ള ആഹാരവേളകൾ “ആരോഗ്യാവഹമായ അന്തരീക്ഷം നിലനിൽക്കുന്ന ഒരു കുടുംബത്തിന്റെ ലക്ഷണമാണ്.” ഒരുമിച്ച് ആഹാരം കഴിക്കുന്നത് കുടുംബ ബന്ധങ്ങളെയും ആളുകളോട് ഇടപെടാനുള്ള കഴിവിനെയും വേണ്ടപ്പെട്ടവരാണെന്ന തോന്നലിനെയും ഊട്ടിവളർത്തുന്നു. അത് ഊണുമേശയിൽ പാലിക്കേണ്ട മര്യാദകൾ പഠിക്കാനും വിശേഷങ്ങളും തമാശകളും പങ്കുവെക്കാനും ഒരുമിച്ചു പ്രാർഥിക്കാനും ഉള്ള അവസരവും പ്രദാനം ചെയ്യുന്നു. തന്റെ കുടുംബത്തോടൊത്തു ക്രമമായി ആഹാരം കഴിച്ചിരുന്ന ഒരു മുതിർന്ന പെൺകുട്ടി പറയുന്നത് അപ്രകാരം ചെയ്തില്ലായിരുന്നു എങ്കിൽ “എനിക്ക് അവരുമായി ഇപ്പോൾ ഉള്ളത്ര അടുപ്പം ഉണ്ടാകുമായിരുന്നു എന്നു തോന്നുന്നില്ല” എന്നാണ്.
പുകയില കമ്പനികൾ സ്പോർട്സിന്റെ പ്രായോജകർ
പ്രശസ്തമായ കായിക മത്സരങ്ങളെയും മറ്റു വിനോദങ്ങളെയും പ്രയോജനപ്പെടുത്തിക്കൊണ്ട് പുകയില വ്യവസായം തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ശ്രമിക്കുന്നത് “പുകവലിയും . . . സ്പോർട്സും തമ്മിൽ ഒരു ലാഭകരമായ കൂട്ടുകെട്ട്” നിലവിൽ വരാൻ ഇടയാക്കിയിരിക്കുന്നു എന്ന് ഓസ്ട്രേലിയയിലെ വിക്ടോറിയൻ ഹെൽത്ത് പ്രമോഷൻ ഫൗണ്ടേഷനിലെ റോണ്ടാ ഗാൽബലീ പറയുന്നു. ഇതു നിമിത്തം, സ്പോർട്സിലൂടെ പുകയില കമ്പനികൾ കൗശലപൂർവം അവതരിപ്പിക്കുന്ന പരസ്യങ്ങൾ ആളുകളെ പുകവലിയിലേക്കു വശീകരിക്കുന്നു. “ടെലിവിഷനിൽ ഫോർമുല-വൺ കാറോട്ട മത്സരങ്ങൾ വീക്ഷിക്കുന്ന ആൺകുട്ടികൾ പുകവലി ആരംഭിക്കാനുള്ള സാധ്യത രണ്ടുമടങ്ങാണ്” എന്ന് ബ്രിട്ടനിലെ അർബുദ ഗവേഷണ പരിപാടി കണ്ടെത്തിയതായി പാനോസ് വാർത്താ കേന്ദ്രം റിപ്പോർട്ടു ചെയ്യുന്നു. “യൂറോപ്പിൽ ഉടനീളം, സിഗരറ്റു കമ്പനികൾ കാറോട്ട മത്സരങ്ങൾക്കു മാത്രമായി കോടിക്കണക്കിനു ഡോളർ ഓരോ വർഷവും ചെലവഴിക്കുന്നുണ്ട്.” കൂടെക്കൂടെ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്ന ഓടുന്ന പരസ്യപ്പലകകൾ ആണ് കാറുകൾ.
ആദ്യത്തെ കർഷകർ
യൂറോപ്പുകാരായ ഒരു കൂട്ടം ശാസ്ത്രജ്ഞർ, മധ്യപൂർവ ദേശത്തെ ഫലഭൂയിഷ്ഠമായ മണ്ണിലെ വന്യ ഗോതമ്പിന്റെ ഡിഎൻഎ-യ്ക്ക് ഇന്ന് ഭൂമിയിൽ മറ്റെവിടെയും കൃഷി ചെയ്യപ്പെടുന്ന വ്യത്യസ്ത ഇനങ്ങളോടു സമാനതയുണ്ടെന്ന് കണ്ടെത്തിയതായി ഫ്രഞ്ച് വർത്തമാനപത്രമായ ല മോൺട് റിപ്പോർട്ടു ചെയ്തു. ഗോതമ്പും മറ്റു “പ്രാരംഭ വിള”കളും പോലെ ചെമ്മരിയാട്, കോലാട്, പന്നി, കന്നുകാലി തുടങ്ങിയവയും ആദ്യമായി കാർഷിക അടിസ്ഥാനത്തിൽ വളർത്തപ്പെട്ടിരുന്നത് സാധ്യതയനുസരിച്ച് ആ പ്രദേശത്ത് ആയിരുന്നു. കാർഷിക വിളകളുടെ ഉപയോഗം യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഒക്കെ വ്യാപിച്ചത് ആ പ്രദേശത്തു നിന്ന് ആയിരിക്കണം എന്നു ശാസ്ത്രജ്ഞന്മാർ പറയുന്നു. ശ്രദ്ധേയമായി, ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഗോതമ്പുമണികൾ വാൻ തടാകത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തും അരാരത്ത് പർവതങ്ങളിലുമുള്ള ചില അതിപുരാതന കാർഷിക ഗ്രാമങ്ങളിലാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്.