ആഫ്രിക്കയിൽ പ്രയാസങ്ങൾക്കു മധ്യേ കുട്ടികളെ വളർത്തുന്നു
കാർമെൻ മക്ലക്കി പറഞ്ഞ പ്രകാരം
വർഷം 1941. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലം. 23 വയസ്സുള്ള, ഓസ്ട്രേലിയൻ സ്വദേശിയായ ഞാനും അഞ്ചു മാസം പ്രായമുള്ള എന്റെ കുഞ്ഞും തെക്കൻ റൊഡേഷ്യയിലെ ഗ്വേലോയിൽ (ഇപ്പോൾ സിംബാബ്വേയിലെ ഗ്വേരൂ) തടവിലായിരുന്നു. എന്റെ ഭർത്താവാകട്ടെ സോൾസ്ബെറിയിലെ (ഇപ്പോഴത്തെ ഹരാരേ) ഒരു തടവറയിലും. രണ്ടും മൂന്നും വയസ്സുള്ള ഞങ്ങളുടെ മൂത്ത കുട്ടികളെ നോക്കിയിരുന്നത് ഭർത്താവിന്റെ പൂർവ വിവാഹത്തിലെ കൗമാരപ്രായക്കാരായ മക്കളായിരുന്നു, ലൈയലും ഡോനോവനും. ഞാൻ ഈ അവസ്ഥയിൽ എത്തിച്ചേർന്നത് എങ്ങനെയെന്നു വിശദീകരിക്കട്ടെ.
ഓസ്ട്രേലിയയിലെ സിഡ്നിയുടെ ഏകദേശം 50 കിലോമീറ്റർ തെക്കു മാറി സ്ഥിതിചെയ്യുന്ന പോർട്ട് കെംബ്ലയിലാണ് ഡാഡിയോടും മമ്മിയോടും ഒപ്പം ഞാൻ താമസിച്ചിരുന്നത്. 1924-ൽ ക്ലാർ ഹണിസെറ്റ് മമ്മിയെ സന്ദർശിക്കുകയും കർത്താവിന്റെ പ്രാർഥനയുടെ അർഥം അറിയാമോ എന്നു ചോദിക്കുകയും ചെയ്തു. ഇത് ബൈബിൾ പഠിപ്പിക്കലുകളിലുള്ള മമ്മിയുടെ താത്പര്യത്തെ തൊട്ടുണർത്തി. ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കുക എന്നതിന്റെ അർഥമെന്താണെന്നും ദൈവരാജ്യം എങ്ങനെ ആയിരിക്കും ദൈവേഷ്ടം ഭൂമിയിൽ നടപ്പാക്കുന്നതെന്നും ക്ലാർ വിശദീകരിച്ചു. (മത്തായി 6:9, 10) അതു മമ്മിയെ അതിശയിപ്പിച്ചു. ഡാഡി എതിർത്തിട്ടും മമ്മി ഇത്തരം ബൈബിൾ സത്യങ്ങൾ ആഴത്തിൽ പരിശോധിക്കാൻ തുടങ്ങി.
അധികം താമസിയാതെ ഞങ്ങൾ സിഡ്നിയുടെ ഒരു പ്രാന്തപ്രദേശത്തേക്കു താമസം മാറ്റി. അവിടെ നിന്ന് അഞ്ചു കിലോമീറ്ററോളം നടന്നാണ് ഞാനും മമ്മിയും ബൈബിൾ വിദ്യാർഥികളുടെ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—യോഗങ്ങൾക്കു ഹാജരായിരുന്നത്. ഡാഡി ഒരിക്കലും ഒരു സാക്ഷി ആയില്ലെങ്കിലും ഞങ്ങളുടെ വീട്ടിൽ വെച്ച് ബൈബിൾ അധ്യയനങ്ങൾ നടത്താൻ അനുവദിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങൾ—മാക്സ് സൈഡലും ഓസ്കാർ സൈഡലും—സാക്ഷികളായിത്തീർന്നു. അതുപോലെ തന്നെ മാക്സിന്റെ കുടുംബാംഗങ്ങളിൽ ചിലരും എന്റെ അനുജൻ ടെറിയും അനുജത്തി മിൽഡയും.
1930-ൽ വാച്ച് ടവർ സൊസൈറ്റി 16 മീറ്റർ നീളമുള്ള ഒരു പായ്ക്കപ്പൽ വാങ്ങി. അതിന് ലൈറ്റ്ബെയറർ എന്ന പേരു നൽകി. രണ്ടു വർഷത്തേക്ക് ഈ കപ്പൽ ഞങ്ങളുടെ സ്ഥലത്തിന്റെ താഴെക്കൂടെ ഒഴുകിയിരുന്ന ജോർജസ് നദിയിലാണ് നങ്കൂരം ഇട്ടിരുന്നത്. യഹോവയുടെ സാക്ഷികൾക്ക് ഇന്തൊനീഷ്യൻ ദ്വീപുകളിലെ പ്രസംഗവേലയ്ക്ക് ഉപയോഗിക്കാൻ കഴിയത്തക്കവണ്ണം അതിന്റെ കേടുപാടുകൾ തീർത്തെടുത്തു. ഞാനും എന്റെ അനുജത്തി കോറലും ചിലപ്പോഴൊക്കെ അതിന്റെ ക്യാബിനും തട്ടും വൃത്തിയാക്കുമായിരുന്നു. പായ്മരത്തിൽ തൂക്കിയിരുന്ന വിളക്കുമെടുത്ത് ഞങ്ങൾ ചെമ്മീൻ പിടിക്കാനും പോയിരുന്നു.
ആഫ്രിക്കയിലേക്ക്, പിന്നെ വിവാഹവും
1930-കളുടെ മധ്യത്തിൽ ഓസ്ട്രേലിയയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടായി. ഞങ്ങളുടെ കുടുംബത്തിന് ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറി പാർക്കാൻ കഴിയുമോ എന്ന് അറിയാനായി ഞാനും മമ്മിയും അങ്ങോട്ടു യാത്ര തിരിച്ചു. ആ സമയത്തു ദക്ഷിണാഫ്രിക്കയിലെ പ്രസംഗവേലയുടെ മേൽനോട്ടം വഹിച്ചിരുന്ന ജോർജ് ഫിലിപ്സിന് ഞങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു കത്ത് യഹോവയുടെ സാക്ഷികളുടെ ഓസ്ട്രേലിയ ബ്രാഞ്ച് ഓഫീസ് തന്നിരുന്നു. കേപ് ടൗണിലെ തുറമുഖത്ത് ഞങ്ങളെയും കാത്ത് ജോർജ് നിൽപ്പുണ്ടായിരുന്നു. ഞങ്ങൾക്ക് അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയേണ്ടതിന് വാച്ച് ടവർ സൊസൈറ്റി പ്രസിദ്ധീകരിച്ച ധനം എന്ന പുസ്തകം അദ്ദേഹം കൈയിൽ പിടിച്ചിരുന്നു. അന്നുതന്നെ, അതായത് 1936 ജൂൺ 6-ന് ബ്രാഞ്ചിലെ അഞ്ച് അംഗങ്ങളെയും അദ്ദേഹം ഞങ്ങൾക്കു പരിചയപ്പെടുത്തി തന്നു. അവരിൽ ഒരാളായിരുന്നു റോബർട്ട് എ. മക്ലക്കി.a ആ വർഷം അവസാനിക്കുന്നതിനു മുമ്പ് ഞാനും ബെർട്ടിയും—ഞങ്ങളെല്ലാം അദ്ദേഹത്തെ അങ്ങനെയാണു വിളിച്ചിരുന്നത്—വിവാഹിതരായി.
ബെർട്ടിയുടെ മുതുമുത്തശ്ശനായ വില്യം മക്ലക്കി 1817-ൽ സ്കോട്ട്ലൻഡിലെ പെയ്സ്ലിയിൽ നിന്ന് ആഫ്രിക്കയിലേക്കു വന്നു. തന്റെ ആദ്യ പര്യടനങ്ങൾക്കിടയിൽ അദ്ദേഹത്തിനു റോബർട്ട് മോഫറ്റിനെ—റ്റ്സ്വാന ഭാഷയുടെ ലിഖിതരൂപം വികസിപ്പിച്ചെടുക്കുകയും അതിലേക്കു ബൈബിൾ പരിഭാഷപ്പെടുത്തുകയും ചെയ്ത വ്യക്തി—പരിചയപ്പെടാൻ സാധിച്ചു.b അക്കാലത്ത് പ്രസിദ്ധ സുളു മുഖ്യനായ ഷാക്കയുടെ സേനയിലെ പ്രമുഖ യോദ്ധാവ് ആയിരുന്ന എംസിലിക്കാസിക്ക് ആകെക്കൂടെ വിശ്വാസമുണ്ടായിരുന്ന വെള്ളക്കാർ വില്യമും അദ്ദേഹത്തിന്റെ സഹകാരി ആയിരുന്ന റോബർട്ട് സ്ക്കൂണും ആയിരുന്നു. അതിനാൽ, എംസിലിക്കാസിയുടെ ഗ്രാമത്തിൽ—ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരം ഇപ്പോൾ സ്ഥിതിചെയ്യുന്നത് അതിന്റെ സ്ഥാനത്താണ്—പ്രവേശനമുണ്ടായിരുന്ന വെള്ളക്കാരും അവർ മാത്രമായിരുന്നു. എംസിലിക്കാസി പിന്നീട് ഒരു രാജ്യതന്ത്രജ്ഞനായി തീർന്നു. ഒരു കേന്ദ്രീകൃത ആഫ്രിക്കൻ രാജ്യത്തിലേക്ക് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അനേകം ഗോത്രങ്ങളെ അദ്ദേഹം വിളക്കിച്ചേർത്തു.
ഞാൻ ബെർട്ടിയെ പരിചയപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിരുന്നു. അദ്ദേഹത്തിന് രണ്ടു മക്കളുണ്ടായിരുന്നു. 12 വയസ്സുകാരി ലൈയലും 11 വയസ്സുകാരൻ ഡോനോവനും. 1927-ൽ, ഭാര്യ എഡ്ന മരിച്ച് ഏതാനും മാസങ്ങൾക്കു ശേഷം ആണ് ബെർട്ടി ആദ്യമായി ബൈബിൾ സത്യങ്ങൾ മനസ്സിലാക്കിയത്. അടുത്ത ഒമ്പതു വർഷത്തേക്ക് അദ്ദേഹം മൗറീഷ്യസ്, മഡഗാസ്കർ ദ്വീപുകളിലും ന്യാസാലൻഡ് (ഇപ്പോഴത്തെ മലാവി), പോർച്ചുഗീസ് പൂർവാഫ്രിക്ക (ഇപ്പോഴത്തെ മൊസാമ്പിക്ക്), ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നതിൽ ഏർപ്പെട്ടു.
വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങൾക്കു ശേഷം ഞാനും ബെർട്ടിയും ലൈയലിനെയും ഡോനോവനെയും കൂട്ടി ജോഹാനസ്ബർഗിലേക്കു പോയി. അവിടെ ബെർട്ടിക്ക് ജോലി കിട്ടാൻ കുറേക്കൂടി എളുപ്പമുണ്ടായിരുന്നു. കുറച്ചു കാലത്തേക്ക് ഞാൻ ഒരു പയനിയർ—യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകർ അറിയപ്പെടുന്നത് അങ്ങനെയാണ്—ആയി സേവിച്ചു. തുടർന്ന്, ഞാൻ എന്റെ ആദ്യത്തെ കുട്ടിയായ പീറ്ററിനെ ഗർഭം ധരിച്ചു.
തെക്കൻ റൊഡേഷ്യയിലേക്കു പോകുന്നു
കുറച്ചു നാളുകൾക്കു ശേഷം, തെക്കൻ റൊഡേഷ്യയിലെ ഫിലബൂസിക്കടുത്തായി ഒരു സ്വർണ ഖനന സംരംഭത്തിൽ ഏർപ്പെട്ടിരുന്ന ബെർട്ടിയുടെ ജ്യേഷ്ഠനായ ജാക്ക് അദ്ദേഹത്തോടൊപ്പം ചേരാൻ ഞങ്ങളെ ക്ഷണിച്ചു. ലൈയലിനെയും ഡോനോവനെയും തത്കാലം മമ്മിയെ ഏൽപ്പിച്ചിട്ട് ബെർട്ടിയും ഞാനും ഒരു വയസ്സു പ്രായമായ പീറ്ററിനെയും കൊണ്ട് അങ്ങോട്ടു പോയി. എംസിങ്വാനി നദിക്കു സമീപം എത്തിയപ്പോൾ അത് കരകവിഞ്ഞൊഴുകുക ആയിരുന്നു. നദിക്കു കുറുകെ വലിച്ചു കെട്ടിയിരുന്ന ഒരു വടത്തിൽ തൂക്കിയിട്ട പെട്ടിയിലിരുന്ന് വേണമായിരുന്നു ഞങ്ങൾക്ക് അക്കരെ കടക്കാൻ. ആ സമയത്ത് ഞാൻ ആറു മാസം ഗർഭിണിയായിരുന്നു. പീറ്ററിനെ മാറോട് അടക്കിപ്പിടിച്ച് ഞാൻ അതിലിരുന്നു! നദിയുടെ നടുവിൽ എത്തിയപ്പോൾ വെള്ളത്തിൽ തൊട്ടുതൊട്ടില്ലാ എന്നപോലെ ആയി. അതു ശരിക്കും പേടിപ്പെടുത്തുന്ന ഒരു അനുഭവം ആയിരുന്നു. സമയം അർധരാത്രിയായിരുന്നു. കോരിച്ചൊരിയുന്ന മഴയും! അക്കരെ കടന്നിട്ട് ഒരു ബന്ധുവീട്ടിൽ എത്താനായി ഞങ്ങൾക്ക് ഏകദേശം രണ്ടു കിലോമീറ്റർ നടക്കണമായിരുന്നു.
പിന്നീട് ചിതലരിച്ച ഒരു പഴയ ഫാം ഹൗസ് ഞങ്ങൾ വാടകയ്ക്കെടുത്തു. ഫർണിച്ചറെന്നു പറയാൻ ഞങ്ങൾക്കു കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല—ഉണ്ടായിരുന്നതിൽ ചിലത് നിർമിച്ചിരുന്നതാകട്ടെ വെടിമരുന്നും തിരിയും ഇട്ടുവെക്കാൻ ഉപയോഗിച്ചിരുന്ന പെട്ടികൾകൊണ്ടും. അപ്പോഴേക്കും ഞങ്ങളുടെ രണ്ടാമത്തെ കുട്ടിയായ പോളിൻ ജനിച്ചിരുന്നു. അവൾക്ക് ഇടയ്ക്കിടയ്ക്കു ശ്വാസംമുട്ടലും ചുമയും ഉണ്ടാകുമായിരുന്നു. ഞങ്ങൾക്കാണെങ്കിൽ മരുന്നു വാങ്ങിക്കാനുള്ള കാശു പോലും ഇല്ലായിരുന്നു. എന്റെ ഹൃദയം തകർന്നുപോകുമെന്നു തോന്നിയ സന്ദർഭങ്ങളായിരുന്നു അവ. എന്നാൽ ഓരോ തവണയും പോളിൻ രക്ഷപ്പെട്ടു.
ബെർട്ടിയും ഞാനും തടവിലാക്കപ്പെടുന്നു
മാസത്തിൽ ഒരിക്കൽ ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ബൂളവേയോ നഗരത്തിലെ ബാങ്കിൽ കൊണ്ടുപോയി ഞങ്ങൾ സ്വർണം വിൽക്കുമായിരുന്നു. അതുപോലെ ആഹാരസാധനങ്ങൾ വാങ്ങുന്നതിനും ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനുമായി ഞങ്ങൾ ഫിലബൂസിക്കു കുറച്ചു കൂടി അടുത്തുള്ള ഒരു ചെറിയ പട്ടണമായ ഗ്വാൻഡായിലും പോകുമായിരുന്നു. 1940-ൽ, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതിന്റെ പിറ്റേ വർഷം തെക്കൻ റൊഡേഷ്യയിൽ പ്രസംഗവേല നിരോധിക്കപ്പെട്ടു.
അധികം താമസിയാതെ തന്നെ ഗ്വാൻഡായിൽ പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടവെ ഞാൻ അറസ്റ്റു ചെയ്യപ്പെട്ടു. എന്റെ മൂന്നാമത്തെ കുട്ടിയായ എസ്ട്രെലയെ ഗർഭം ധരിച്ചിരുന്ന സമയം ആയിരുന്നു അത്. എന്റെ അപ്പീൽ പരിഗണനയിലിരിക്കുമ്പോൾ തന്നെ ബെർട്ടിയും അറസ്റ്റിലായി. കാരണം ഒന്നുതന്നെ. ഞങ്ങളുടെ താമസസ്ഥലത്തു നിന്ന് 300-ലധികം കിലോമീറ്റർ അകലെയുള്ള സോൾസ്ബെറിയിലാണ് അദ്ദേഹത്തെ തടവിലാക്കിയത്.
അപ്പോഴത്തെ ഞങ്ങളുടെ അവസ്ഥ ഇതായിരുന്നു: തൊണ്ടമുള്ള് പിടിപെട്ട പീറ്റർ ബൂളവേയോയിലെ ഒരു ആശുപത്രിയിൽ ആയിരുന്നു. അവൻ രക്ഷപ്പെടുന്ന കാര്യം സംശയമായിരുന്നു. ഞാനാണെങ്കിൽ എസ്ട്രെലയെ പ്രസവിച്ചതേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ ബെർട്ടിയെ കാണിക്കാനായി ഒരു സുഹൃത്ത് ഞങ്ങളെ ആശുപത്രിയിൽ നിന്ന് ജയിലിൽ കിടക്കുന്ന അദ്ദേഹത്തിന്റെ അടുത്തേക്കു കൊണ്ടുപോയി. എന്റെ അപ്പീൽ തള്ളിപ്പോയി. എങ്കിലും ധനികനായ ഒരു ഇന്ത്യൻ വ്യാപാരി ദയാപൂർവം എന്റെ ജാമ്യത്തിനുള്ള തുക അടച്ചു. പിന്നീട് എന്നെ കസ്റ്റഡിയിൽ എടുക്കുന്നതിനായി മൂന്നു പൊലീസ് ഉദ്യോഗസ്ഥർ ഖനിയിൽ വന്നു. അവർ എനിക്ക് ഒരു തിരഞ്ഞെടുപ്പു നൽകി. ഒന്നുകിൽ അഞ്ചു മാസം പ്രായമായ എന്റെ കുഞ്ഞിനെ കൂടെ എടുത്തുകൊള്ളുക അല്ലെങ്കിൽ അവളെ ലൈയലിനെയും ഡോനോവനെയും ഏൽപ്പിക്കുക. അവളെ കൂടെ കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു.
ജയിലിലെ എന്റെ നിയമനം ശുചീകരണവും ചെറിയ തോതിലുള്ള തയ്യൽ പണികളും ആയിരുന്നു. എസ്ട്രെലയെ നോക്കാനായി മാട്ടോസി എന്നു പേരുള്ള ഒരു ചെറുപ്പക്കാരിയെ അവർ നിയമിച്ചു. ഭർത്താവിനെ കൊന്ന കുറ്റത്തിനു ജീവപര്യന്ത തടവുശിക്ഷ അനുഭവിക്കുകയായിരുന്നു അവൾ. ഞാൻ ജയിൽ മോചിതയായപ്പോൾ തനിക്കിനി എസ്ട്രെലയെ നോക്കാൻ കഴിയില്ലല്ലോ എന്നോർത്ത് മാട്ടോസി കരഞ്ഞു. ജയിലിലെ സ്ത്രീകളായ അന്തേവാസികളുടെ ചുമതല വഹിച്ചിരുന്ന വനിത വീട്ടിൽ കൊണ്ടുപോയി ഊണു നൽകിയ ശേഷം സോൾസ്ബെറിയിലെ ജയിലിൽ കഴിയുകയായിരുന്ന ബെർട്ടിയെ സന്ദർശിക്കാനായി എന്നെ ട്രെയിനിൽ കയറ്റിവിട്ടു.
ഞാനും ബെർട്ടിയും തടവിലായിരുന്നപ്പോൾ കൊച്ചു പീറ്ററിനെയും പോളിനെയും നോക്കിയിരുന്നത് ലൈയലും ഡോനോവനും ആയിരുന്നു. ഡോനോവനു പതിനാറു വയസ്സേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവൻ സ്വർണ ഖനനം തുടർന്നു കൊണ്ടുപോയി. എന്നാൽ, സ്വർണ ഖനനത്തിൽ നിന്നു കാര്യമായ ആദായം ഒന്നും ലഭിക്കാഞ്ഞതിനാൽ ബെർട്ടി ജയിൽ മോചിതനായപ്പോൾ ബൂളവേയോയിലേക്കു താമസം മാറ്റാൻ ഞങ്ങൾ തീരുമാനിച്ചു. ബെർട്ടിക്ക് റെയിൽവേയിൽ ജോലി കിട്ടി. ജയിലിൽവെച്ചു പഠിച്ച തയ്യൽ പണിയിൽ ഏർപ്പെട്ടുകൊണ്ടു ഞാനും ഞങ്ങളുടെ വരുമാനത്തിലേക്ക് എന്നാലാകുന്നതു സംഭാവന ചെയ്തു.
റെയിൽ പാളത്തിൽ മടക്കാണി അടിച്ചുറപ്പിക്കുക എന്ന ബെർട്ടിയുടെ ജോലി അത്യാവശ്യമുള്ളതായി കണക്കാക്കിയതിനാൽ അദ്ദേഹത്തെ സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കി. ആ യുദ്ധവർഷങ്ങളിൽ ബൂളവേയോയിലെ ഒരു ഡസനിലധികം വരുന്ന വെള്ളക്കാരായ സാക്ഷികൾ യോഗങ്ങൾക്കായി കൂടിവന്നിരുന്നത് ഒരു കിടപ്പുമുറി മാത്രം ഉണ്ടായിരുന്ന ഞങ്ങളുടെ കൊച്ചു വീട്ടിലാണ്. കറുത്തവരായ ഞങ്ങളുടെ ഏതാനും സഹോദരങ്ങൾ നഗരത്തിലെ മറ്റൊരിടത്താണു കൂടിവന്നിരുന്നത്. എന്നാൽ ഇന്ന് ബൂളവേയോയിൽ കറുത്തവരും വെളുത്തവരും അടങ്ങിയ, യഹോവയുടെ സാക്ഷികളുടെ 46-ലധികം സഭകൾ ഉണ്ട്!
യുദ്ധാനന്തര പ്രവർത്തനം
യുദ്ധാനന്തരം ബെർട്ടി റെയിൽവേ അധികൃതരോട് മൊസാമ്പിക്കിന്റെ അതിർത്തി പ്രദേശത്തെ ഒരു സുന്ദര പട്ടണമായ ഉംട്ടാലിയിലേക്ക് (ഇപ്പോഴത്തെ മൂട്ടാരേ) സ്ഥലം മാറ്റം ആവശ്യപ്പെട്ടു. രാജ്യഘോഷകരുടെ ആവശ്യം കൂടുതലുള്ളിടത്തു സേവിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ഉംട്ടാലിയിൽ ഒരു സാക്ഷി പോലും ഇല്ലാഞ്ഞതിനാൽ അതു തന്നെയാണു പറ്റിയ സ്ഥലമെന്നു ഞങ്ങൾക്കു തോന്നി. ഞങ്ങൾ അൽപ്പകാലമേ അവിടെ ഉണ്ടായിരുന്നുള്ളൂ. എങ്കിലും അഞ്ചു പുത്രന്മാരുണ്ടായിരുന്ന ഹോൾട്ട്സ്ഹൗസന്റെ കുടുംബം ആ സമയം കൊണ്ട് സാക്ഷികളായി തീർന്നു. ഇപ്പോൾ ആ നഗരത്തിൽ 13 സഭകൾ ഉണ്ട്!
ബെർട്ടിക്കു വീണ്ടും പയനിയർ ശുശ്രൂഷ ഏറ്റെടുക്കാൻ കഴിയുമോ എന്നതിനെ കുറിച്ച് 1947-ൽ ഞങ്ങളുടെ കുടുംബം ചർച്ച ചെയ്തു. ദക്ഷിണാഫ്രിക്കയിൽ പയനിയറിങ് ചെയ്ത് മടങ്ങിവന്ന ലൈയൽ ഈ ആശയത്തെ പിന്താങ്ങി. ആ സമയത്ത് ഡോനോവൻ ദക്ഷിണാഫ്രിക്കയിൽ പയനിയറിങ് ചെയ്യുകയായിരുന്നു. എന്നാൽ വീണ്ടും പയനിയറിങ് തുടങ്ങാനുള്ള ബെർട്ടിയുടെ ആഗ്രഹത്തെ കുറിച്ചു കേപ് ടൗണിലെ ബ്രാഞ്ച് ഓഫീസ് കേട്ടപ്പോൾ അതിനു പകരം ബൂളവേയോയിൽ ഒരു സാഹിത്യ ഡിപ്പോ തുറക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതുകൊണ്ട് അദ്ദേഹം റെയിൽവേയിലെ ജോലി രാജിവെച്ചു. ഞങ്ങൾ ബൂളവേയോയിലേക്കു മടങ്ങി. അധികം താമസിയാതെ തന്നെ തെക്കൻ റൊഡേഷ്യയിലേക്കു നിയമിക്കപ്പെട്ട ആദ്യത്തെ മിഷനറിമാരായ എറിക്ക് കുക്ക്, ജോർജ് ബ്രാഡ്ലി, റൂബി ബ്രാഡ്ലി, ഫില്ലിസ് കൈറ്റ്, മിർട്ടിൽ ടെയ്ലർ തുടങ്ങിയവർ ബൂളവേയോയിൽ എത്തിച്ചേർന്നു.
വാച്ച് ടവർ സൊസൈറ്റിയുടെ മൂന്നാമത്തെ പ്രസിഡന്റായ നേഥൻ എച്ച്. നോറും അദ്ദേഹത്തിന്റെ സെക്രട്ടറി മിൽട്ടൺ ജി. ഹെൻഷലും 1948-ൽ ബൂളവേയോ സന്ദർശിച്ചപ്പോൾ ഡിപ്പോയെ ബ്രാഞ്ച് ഓഫീസാക്കി മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്തു. അതിന്റെ മേൽവിചാരകനായി കുക്ക് സഹോദരനെ നിയമിച്ചു. അടുത്ത വർഷം ഞങ്ങളുടെ പുത്രി ലിൻസി ജനിച്ചു. 1950-ൽ തെക്കൻ റൊഡേഷ്യയുടെ തലസ്ഥാനമായ സോൾസ്ബെറിയിലേക്കു ബ്രാഞ്ച് മാറ്റിയപ്പോൾ ഞങ്ങളും അങ്ങോട്ടു പോയി. അവിടെ ഒരു വലിയ വീടു ഞങ്ങൾ വാങ്ങി. പിന്നീട് അനേകം വർഷത്തേക്കു ഞങ്ങൾ ആ വീട്ടിലാണു പാർത്തത്. പയനിയർമാരും സന്ദർശകരും ഒക്കെ എപ്പോഴും ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ വരുമായിരുന്നു. അതുകൊണ്ടു ഞങ്ങളുടെ വീടിനു മക്ലക്കി ഹോട്ടൽ എന്ന പേരു കിട്ടി!
1953-ൽ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട യഹോവയുടെ സാക്ഷികളുടെ സാർവദേശീയ കൺവെൻഷനിൽ ഞാനും ബെർട്ടിയും സംബന്ധിച്ചു. അത് അവിസ്മരണീയമായ ഒരു സംഭവം തന്നെ ആയിരുന്നു! അഞ്ചു വർഷം കഴിഞ്ഞ് 1958-ൽ യാങ്കീ സ്റ്റേഡിയത്തിലും അടുത്തുള്ള പോളോ ഗ്രൗണ്ട്സിലുമായി നടത്തപ്പെട്ട എട്ടു ദിവസത്തെ വലിയ സാർവദേശീയ കൺവെൻഷനിലും ഞങ്ങൾ സംബന്ധിച്ചു. ലൈയലും എസ്ട്രെലയും ലിൻസിയും 16 മാസം പ്രായമുള്ള ജെറമിയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. സമാപന ദിവസത്തെ പരസ്യപ്രസംഗത്തിനു റെക്കോർഡു ഹാജരായിരുന്നു—രണ്ടര ലക്ഷത്തിലധികം പേർ!
ഒരു പുതിയ പ്രസംഗ നിയമനം
ഏകദേശം 14 വർഷം ബെർട്ടി സോൾസ്ബെറിയിലെ ബ്രാഞ്ച് ഓഫീസിൽ സേവിച്ചു. അദ്ദേഹം ദിവസവും പോയിവരികയായിരുന്നു പതിവ്. അങ്ങനെയിരിക്കെ, സെയ്ഷെൽസിൽ ആവശ്യം അധികമുള്ളിടത്തു സേവിക്കാൻ ഞങ്ങൾ തീരുമാനിച്ചു. വീടും ഫർണിച്ചറും ഞങ്ങൾ വിറ്റു. ബാക്കിയുള്ള സാമാനങ്ങൾ ഞങ്ങളുടെ ഓപെൽ സ്റ്റേഷൻ വാഗണിൽ കയറ്റി 12 വയസ്സുള്ള ലിൻസിയെയും 5 വയസ്സുള്ള ജെറമിയെയും കൂട്ടി ഞങ്ങൾ 3,000-ത്തോളം കിലോമീറ്റർ വരുന്ന ആ യാത്ര ആരംഭിച്ചു. അത്യന്തം ദുർഘടമായ മൺപാതകളിലൂടെ വടക്കൻ റൊഡേഷ്യയും (ഇപ്പോഴത്തെ സാംബിയ) ടാൻഗാന്യിക്കയും (ഇപ്പോൾ ടാൻസാനിയയുടെ ഭാഗം) കെനിയയും കടന്ന് ഞങ്ങൾ അവസാനം മോമ്പാസ തുറമുഖ നഗരത്തിൽ എത്തിച്ചേർന്നു.
മോമ്പാസയിൽ അസഹനീയമായ ചൂടായിരുന്നെങ്കിലും അവിടെ വശ്യസുന്ദരമായ കടൽത്തീരങ്ങൾ ഉണ്ടായിരുന്നു. ഞങ്ങളുടെ കാർ ആ പ്രദേശത്തുള്ള ഒരു സാക്ഷിയെ ഏൽപ്പിച്ചിട്ട് ഞങ്ങൾ സെയ്ഷെൽസിലേക്ക് മൂന്നു ദിവസം ദീർഘിച്ച ബോട്ടു യാത്ര ആരംഭിച്ചു. അവിടെ ഞങ്ങളെ വരവേറ്റത് നോർമൻ ഗാർഡ്നർ എന്ന വ്യക്തി ആയിരുന്നു. അദ്ദേഹം ടാൻഗാന്യിക്കയിലുള്ള ഡാർ എസ് സലാമിലെ ഒരു സാക്ഷിയിൽ നിന്ന് ബൈബിൾ സത്യങ്ങളെ കുറിച്ചുള്ള അടിസ്ഥാന പരിജ്ഞാനം നേടിയിരുന്നു. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് ആയിരുന്ന മക്കാരിയോസിന് കാവൽ നിന്നിരുന്ന പൊലീസുകാർക്കായി സാൻ സൂസി ചുരത്തിനരികെ പണിതിരുന്ന വീട് വാടകയ്ക്കെടുക്കുന്നതിനുള്ള ഏർപ്പാടുകൾ അദ്ദേഹം ചെയ്തു. 1956-ൽ മക്കാരിയോസിനെ സൈപ്രസിൽ നിന്നു നാടുകടത്തിയിരുന്നു.
ആ വീട് ഒരു ഒറ്റപ്പെട്ട സ്ഥലത്തായിരുന്നതിനാൽ ഒരു മാസത്തിനു ശേഷം ഞങ്ങൾ ബോ വാലോനിലെ കടലോരത്തു സ്ഥിതി ചെയ്തിരുന്ന മറ്റൊരു വീട്ടിലേക്കു താമസം മാറി. ഞങ്ങളുടെ വീട്ടുവരാന്തയിൽ വെച്ചു ബെർട്ടി നടത്തിയിരുന്ന പ്രസംഗങ്ങൾ കേൾക്കാൻ ഞങ്ങൾ ആളുകളെ ക്ഷണിച്ചു. ബിൻഡ്ഷെഡ്ലെർ കുടുംബവുമൊത്ത് ഞങ്ങൾ ബൈബിൾ പഠിക്കാൻ തുടങ്ങി. ഏതാനും മാസങ്ങൾക്കുള്ളിൽ ബെർട്ടി അവരെയും അവരുടെ ദത്തു പുത്രിയെയും കൂടാതെ നോർമൻ ഗാർഡ്നറെയും ഭാര്യയെയും സ്നാപനപ്പെടുത്തി. നോർമനോടൊപ്പം അദ്ദേഹത്തിന്റെ ബോട്ടിൽ ഞങ്ങൾ സെർഫ് ദ്വീപിലേക്കും യാത്ര ചെയ്തു. അവിടെ ഒരു ബോട്ട്ഹൗസിൽ വെച്ചു ബെർട്ടി ബൈബിൾ പ്രസംഗങ്ങൾ നടത്തി.
ഞങ്ങൾ സെയ്ഷെൽസിൽ എത്തി ഏതാണ്ട് നാലു മാസം ആയപ്പോൾ, പ്രസംഗ പ്രവർത്തനം നിറുത്തിയില്ലെങ്കിൽ ഞങ്ങളെ നാടുകടത്തുമെന്ന് അവിടത്തെ പൊലീസ് മേധാവി പറഞ്ഞു. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായിരുന്നു. കൂടാതെ ആ സമയത്തു ഞാൻ ഗർഭിണിയും ആയിരുന്നു. പ്രസംഗവേല പരസ്യമായി തുടർന്നും നടത്താൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. എന്തായാലും അധികം താമസിയാതെ അവിടെ നിന്നു പോകേണ്ടി വരുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഏതാണ്ട് ഒരു മാസം കഴിഞ്ഞ് ഇന്ത്യയിൽ നിന്നുള്ള അടുത്ത കപ്പൽ വന്നപ്പോൾ ഞങ്ങളെ അതിൽ കയറ്റി അയച്ചു.
ദുരിതപൂർണമായ മടക്കയാത്ര
മോമ്പാസയിൽ എത്തിയപ്പോൾ ഞങ്ങൾ ഞങ്ങളുടെ കാറിൽ മണൽ നിറഞ്ഞ കടലോര പാതയിലൂടെ തെക്കോട്ടു യാത്ര തിരിച്ചു. ടാങ്കയിൽ എത്തിയപ്പോൾ കാറിന്റെ എഞ്ചിൻ നിന്നുപോയി. കയ്യിലുള്ള പണവും മിക്കവാറും തീർന്നിരുന്നു. എന്നാൽ ഒരു ബന്ധുവും മറ്റൊരു സാക്ഷിയും ആ സാഹചര്യത്തിൽ ഞങ്ങളുടെ തുണയ്ക്കെത്തി. മോമ്പാസയിൽ ആയിരുന്നപ്പോൾ, പ്രസംഗ പ്രവർത്തനത്തിനായി വടക്കുള്ള സൊമാലിയയിലേക്കു പോകുകയാണെങ്കിൽ പണം തരാമെന്ന് ഒരു സഹോദരൻ പറഞ്ഞിരുന്നു. എന്നാൽ എനിക്ക് ഒട്ടും സുഖമില്ലായിരുന്നു. എങ്ങനെയെങ്കിലും തെക്കൻ റൊഡേഷ്യയിലൊന്ന് എത്തിച്ചേരാൻ ഞങ്ങൾ ആഗ്രഹിച്ചു.
ടാൻഗാന്യിക്ക കടന്ന് ന്യാസാലൻഡിൽ എത്തിയ ഞങ്ങൾ, ഇപ്പോൾ മലാവി തടാകമെന്നു വിളിക്കപ്പെടുന്ന ന്യാസാ തടാകത്തിന്റെ പടിഞ്ഞാറു വശത്തു കൂടി യാത്ര ചെയ്തു. എന്നെ വഴിയിൽ ഉപേക്ഷിച്ച് യാത്ര തുടരാൻ ബെർട്ടിയോട് ആവശ്യപ്പെടത്തക്കവണ്ണം എന്റെ അവസ്ഥ അത്രയ്ക്കു വഷളായി! ഞങ്ങൾ അപ്പോൾ ലിലോങ്വേ നഗരത്തിന് അടുത്ത് എത്തിയിരുന്നതിനാൽ അദ്ദേഹം എന്നെ അവിടെയുള്ള ഒരു ആശുപത്രിയിലേക്കു കൊണ്ടുപോയി. മോർഫിൻ കുത്തിവെപ്പുകൾ അൽപ്പം ആശ്വാസം നൽകി. എന്നാൽ കാറിൽ യാത്ര തുടരാൻ എനിക്കു സാധിക്കില്ലായിരുന്നു. അതുകൊണ്ട് ബെർട്ടിയും പിള്ളേരും മാത്രം ബ്ലാന്റൈറിലേക്കുള്ള ഏകദേശം 400 കിലോമീറ്റർ വരുന്ന യാത്ര തുടർന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് വിമാനത്തിൽ അവരുടെ അടുത്ത് എത്തുന്നതിനുള്ള ഏർപ്പാടുകൾ ഒരു ബന്ധു ചെയ്തു തന്നു. ബ്ലാന്റൈറിൽ നിന്ന് സോൾസ്ബെറിയിലേക്കും ഞാൻ വിമാനത്തിലാണു പോയത്. അതേസമയം ബെർട്ടിയും കുട്ടികളും കാറിൽ യാത്ര ചെയ്തു.
സോൾസ്ബെറിയിലുള്ള ഞങ്ങളുടെ മകൾ പോളിന്റെയും ഭർത്താവിന്റെയും വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾക്കുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാനാകില്ല! 1963-ൽ ഞങ്ങളുടെ ഏറ്റവും ഇളയ കുട്ടി ആൻഡ്രൂ ജനിച്ചു. ശ്വാസകോശത്തിന്റെ തകരാറു നിമിത്തം അവൻ ജീവിച്ചിരിക്കുമോ എന്ന് എല്ലാവർക്കും സംശയമായിരുന്നു. എന്നാൽ സന്തോഷകരമെന്നു പറയട്ടെ അവൻ രക്ഷപ്പെട്ടു. അവസാനം ഞങ്ങൾ ദക്ഷിണാഫ്രിക്കയിലേക്കു പോകുകയും പീറ്റർമാറിറ്റ്സ്ബർഗിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
സ്നേഹമുള്ള ഒരു കുടുംബത്താൽ അനുഗൃഹീത
1995-ൽ, 94-ാമത്തെ വയസ്സിൽ ബെർട്ടി മരിച്ചു. വളരെ ശാന്തമായ ഒരു മരണം ആയിരുന്നു അദ്ദേഹത്തിന്റേത്. അന്നു മുതൽ ഞാൻ വീട്ടിൽ തനിച്ചാണ്. എന്നാൽ ഞാൻ ഒറ്റയ്ക്കാണെന്ന് ഒരുതരത്തിലും പറയാൻ കഴിയില്ല! ലൈയലും പോളിനും ഇവിടെ ദക്ഷിണാഫ്രിക്കയിൽ കുടുംബസമേതം യഹോവയെ സേവിക്കുന്നു. അവരുടെ കുടുംബാംഗങ്ങളിൽ ചിലർ പീറ്റർമാറിറ്റ്സ്ബർഗിൽ തന്നെയാണു താമസിക്കുന്നത്. ലിൻസിയും കുടുംബവും യു.എസ്.എ.-യിലെ കാലിഫോർണിയയിലാണ്. അവരെല്ലാവരും സജീവ സാക്ഷികളാണ്. ഞങ്ങളുടെ ഇളയ മക്കളായ ജെറമിയും ആൻഡ്രൂവും ഓസ്ട്രേലിയയിലാണ്. സന്തുഷ്ട വിവാഹജീവിതം നയിക്കുന്ന ഇരുവരും അവരവരുടെ സഭകളിൽ മൂപ്പന്മാരായി സേവിക്കുന്നു.
ഞങ്ങളുടെ എട്ടു മക്കളും ഒരു സമയത്ത് അല്ലെങ്കിൽ മറ്റൊരു സമയത്ത് പയനിയർ വേലയിൽ പങ്കുപറ്റിയിട്ടുണ്ട്. ആറു പേർ വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസുകളിലും സേവിച്ചിരിക്കുന്നു. വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 16-ാമത്തെ ക്ലാസ്സിൽ നിന്ന് 1951 ഫെബ്രുവരിയിൽ ഡോനോവൻ ബിരുദം നേടി. അതിനു ശേഷം ദക്ഷിണാഫ്രിക്കയിലെ ബ്രാഞ്ചിൽ സേവിക്കാനായി മടങ്ങുന്നതിനു മുമ്പ് അവൻ ഒരു സർക്കിട്ട് മേൽവിചാരകനായി ഐക്യനാടുകളിൽ സേവിച്ചു. ഇപ്പോൾ അവൻ പീറ്റർമാറിറ്റ്സ്ബർഗിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ അകലെയുള്ള ക്ലെർക്സ്ഡോർപ്പിൽ ഒരു ക്രിസ്തീയ മൂപ്പനായി സേവിക്കുകയാണ്. എസ്ട്രെലയും ഭർത്താവ് ജാക്ക് ജോൺസും ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്താണു താമസിക്കുന്നത്.
എന്റെ മൂത്ത കുട്ടിയായ പീറ്റർ ഏതാനും വർഷം മുഴുസമയ ശുശ്രൂഷയിൽ ചെലവഴിച്ചു—പയനിയർ വേലയിലും റൊഡേഷ്യയിലെ വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിലുമൊക്കെയായി. എന്നാൽ എന്റെ ഹൃദയത്തെ ദുഃഖത്തിൽ ആഴ്ത്തിക്കൊണ്ട് കുറച്ചു വർഷം മുമ്പ് അവൻ ക്രിസ്തീയ സഭയുമായുള്ള സഹവാസം ഉപേക്ഷിച്ചു.
ജീവിതത്തിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ, കൗമാരപ്രായത്തിൽ ഞാൻ മമ്മിയോടൊപ്പം ആഫ്രിക്കയിലേക്കു പോയതിൽ ഇന്നു ഞാൻ തികച്ചും സന്തുഷ്ടയാണ്. ജീവിതത്തിൽ പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട് എന്നുള്ളതു സത്യമാണ്. എങ്കിലും എന്റെ ഭർത്താവിനു പിന്തുണ നൽകുന്നതിനും ദക്ഷിണാഫ്രിക്കയിലെ ദൈവരാജ്യ സുവാർത്താ പ്രസംഗവേലയ്ക്കു ചുക്കാൻ പിടിക്കുന്നതിൽ സഹായിച്ച ഒരു കുടുംബത്തെ വളർത്തിക്കൊണ്ടു വരുന്നതിനും സാധിച്ചത് ഒരു വലിയ പദവിയായി ഞാൻ കണക്കാക്കുന്നു.—മത്തായി 24:14.
[അടിക്കുറിപ്പുകൾ]
a റോബർട്ട് മക്ലക്കിയുടെ ആത്മകഥ 1990 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 26-31 പേജുകളിൽ കാണാം.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രികയുടെ 11-ാം പേജു കാണുക.
[22, 23 പേജുകളിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ദക്ഷിണാഫ്രിക്ക
കേപ് ടൗൺ
പീറ്റർ മാറിറ്റ്സ്ബർഗ്
ക്ലെർക്സ്ഡോർപ്പ്
ജോഹാനസ്ബർഗ്
പ്രിട്ടോറിയ
സിംബാബ്വേ
ഗ്വാൻഡാ
ബൂളവേയോ
ഫിലബൂസി
ഗ്വേരൂ
മൂട്ടാരേ
ഹരാരേ
സാംബിയ
മൊസാമ്പിക്ക്
മലാവി
ബ്ലാന്റൈർ
ലിലോങ്വേ
ടാൻസാനിയ
ഡാർ എസ് സലാം
ടാങ്ക
കെനിയ
മോമ്പാസ
സെയ്ഷെൽസ്
സൊമാലിയ
[20-ാം പേജിലെ ചിത്രം]
എസ്ട്രെലയെയും കൊണ്ട് തടവിലേക്കു പോകുന്നതിനു മുമ്പായി പീറ്റർ, പോളിൻ, എസ്ട്രെല എന്നിവരോടൊപ്പം
[21-ാം പേജിലെ ചിത്രം]
ഫിലബൂസിക്കടുത്തുള്ള ഞങ്ങളുടെ ഫാം ഹൗസിന്റെ മുമ്പിൽ ലൈയലും ഡോനോവനും
[23-ാം പേജിലെ ചിത്രം]
ബെർട്ടി, ലൈയൽ, പോളിൻ, പീറ്റർ, ഡോനോവൻ, ഞാൻ, 1940-ൽ
[24-ാം പേജിലെ ചിത്രങ്ങൾ]
കാർമെനും അവരുടെ കുട്ടികളിൽ അഞ്ചു പേരും (ഇടത്തുനിന്നു തുടങ്ങി ഘടികാരദിശയിൽ): 1951-ൽ ഡോനോവൻ ഗിലെയാദ് സ്കൂളിൽ ആയിരുന്നപ്പോൾ. ജെറമിയും ലിൻസിയും എസ്ട്രെലയും ആൻഡ്രൂവും ഇന്ന്