നിങ്ങൾ ഊർജം സംരക്ഷിക്കുന്നോ അതോ പാഴാക്കിക്കളയുന്നോ?
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ഐക്യനാടുകളിൽ ഓരോ വർഷവും 4,000 കോടി രൂപ മൂല്യം വരുന്ന ഊർജം പാഴാക്കിക്കളയുന്നുണ്ട്. ചിക്കാഗോയുടെ അത്രയും വലിപ്പമുള്ള ഒരു നഗരത്തിന്റെ മുഴു വൈദ്യുതാവശ്യങ്ങളും നിറവേറ്റാൻ ആ ഊർജം മതി. ഈ പാഴാക്കൽ എങ്ങനെയാണു സംഭവിക്കുന്നത്? കമ്പ്യൂട്ടർ, ഫാക്സ് മെഷീൻ, വിസിആർ, ടെലിവിഷൻ, സിഡി പ്ലെയർ, എന്തിന് കോഫി മെയ്ക്കർ പോലും ഉപയോഗിക്കാത്തപ്പോൾ പലരും ഭാഗികമായി ഓണാക്കി (standby mode) ഇടുന്നു. അവയിലെ ഘടികാരങ്ങൾ പ്രവർത്തിപ്പിക്കാനോ, മെമ്മറി നിലനിർത്താനോ, സെറ്റിങ്ങുകൾ പ്രദർശിപ്പിക്കാനോ ആണ് ഇങ്ങനെ ചെയ്യുന്നത്, അല്ലെങ്കിൽ ആവശ്യം വന്നാൽ ഉടനെ ഉപയോഗിക്കാൻ വേണ്ടി.
ബ്രിട്ടനിൽ, ഉപയോഗിക്കാതെ ഭാഗികമായി ഓണാക്കി ഇടുന്ന ഉപകരണങ്ങൾക്ക് ഓരോ വർഷവും ആവശ്യമായി വരുന്ന ഊർജം ഉത്പാദിപ്പിക്കവെ, അഞ്ച് ലക്ഷം ടൺ ഹരിതഗൃഹവാതകങ്ങളാണ് വിദ്യുച്ഛക്തിനിലയങ്ങളിൽ നിന്നു പുറന്തള്ളപ്പെടുന്നത്. അന്തരീക്ഷത്തിലേക്കു പുറന്തള്ളപ്പെടുന്ന ഈ വാതകങ്ങൾ ആഗോളതപനത്തെ രൂക്ഷമാക്കിയേക്കാം. ലണ്ടനിലെ ദ ടൈംസ് എന്ന വർത്തമാനപത്രം പറയുന്നു: “പരിസ്ഥിതി സംരക്ഷണം എന്ന പ്രത്യയശാസ്ത്രം യുവ ഉപഭോക്താക്കൾക്ക് വളരെ പ്രിയങ്കരമായ ഒന്നാണെങ്കിലും വൈദ്യുതോത്പാദനവും ആഗോളതപനവും തമ്മിൽ ബന്ധം ഉണ്ടെന്ന കാര്യം അവരാരുംതന്നെ തിരിച്ചറിയുന്നില്ല.”
പല ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണമായി പ്രവർത്തിക്കുമ്പോൾ ഉപയോഗിക്കുന്നത്ര തന്നെ ഊർജം ഭാഗികമായി ഓണായി കിടക്കുമ്പോഴും ഉപയോഗിക്കുന്നു എന്ന വസ്തുത പലരും മനസ്സിലാക്കുന്നില്ല. ഉദാഹരണത്തിന്, ഒരു ഉപഗ്രഹ ടിവി സംവിധാനം പൂർണമായും പ്രവർത്തനക്ഷമം ആയിരിക്കുമ്പോൾ 15 വാട്ട്സ് വൈദ്യുതി ഉപയോഗിച്ചേക്കാം. എന്നാൽ ഉപയോഗിക്കാതെ ഭാഗികമായി ഓണാക്കി ഇടുമ്പോഴും അത് 14 വാട്ട്സ്—വെറും 1 വാട്ട് മാത്രമാണ് കുറവുള്ളത്—വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. മോശമായ രൂപകൽപ്പനയും ഇതിൽ ഒരു പങ്കു വഹിക്കുന്നു. ഉദാഹരണത്തിന്, ഒരു സിഡി പ്ലെയറിന് ഭാഗികമായി ഓണായി കിടന്നപ്പോൾ പ്രവർത്തിക്കാൻ 28 വാട്ട്സ് വൈദ്യുതി ആവശ്യമായി വന്നപ്പോൾ സമാനമായ സവിശേഷതകളുള്ള മറ്റൊരു മോഡലിന് 2 വാട്ട്സ് വൈദ്യുതിയേ വേണ്ടിവന്നുള്ളൂ. എന്നാൽ പുതുതായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു കമ്പ്യൂട്ടർ ചിപ്പിന്, ഉപകരണങ്ങൾ ഉപയോഗിക്കാതെ ഭാഗികമായി ഓണാക്കി ഇടുമ്പോൾ ചെലവാകുന്ന വൈദ്യുതിയുടെ അളവ് 10 വാട്ട്സിൽ നിന്ന് 1 വാട്ടോ 0.1 വാട്ട് പോലുമോ ആയി കുറയ്ക്കാൻ കഴിയുമെന്നു പറയപ്പെടുന്നു. മലിനീകരണത്തിന് എതിരായ പോരാട്ടം തുടരവെ ലോകമെമ്പാടുമുള്ള നിർമാതാക്കൾ 100 രൂപ വിലയുള്ള ഈ ചിപ്പ് ക്രമേണ എല്ലാ ഉപകരണങ്ങളിലും ഘടിപ്പിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ അതുവരെയുള്ള കാലയളവിൽ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
ബ്രിട്ടനിലെ പരിസ്ഥിതി മന്ത്രി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഒരു ഉപകരണത്തിന്റെ കാര്യം മാത്രമെടുത്താൽ അത് വളരെ കുറച്ചു വൈദ്യുതിയേ നഷ്ടപ്പെടുത്തുന്നുള്ളൂ എന്നു തോന്നിയേക്കാം. എന്നാൽ ആറു കോടി ജനങ്ങൾ ഉള്ള ഈ ദ്വീപുകളിൽ [ബ്രിട്ടൻ] പാഴായിപ്പോകുന്ന മൊത്തം വൈദ്യുതിയുടെ അളവ് ഭീമമാണ്.” ഫ്രിഡ്ജ് പോലുള്ള വീട്ടുപകരണങ്ങൾ ഓഫാക്കിയിടാൻ നിവൃത്തിയില്ല. എന്നാൽ മറ്റ് ഉപകരണങ്ങൾ, ഉപയോഗിക്കാത്തപ്പോൾ ഭാഗികമായി ഓണാക്കിയിടുന്നതിനു പകരം ഓഫാക്കിയിടുക. ആവശ്യമില്ലാത്ത ലൈറ്റുകൾ ഓഫാക്കുന്ന ശീലം വളർത്തിയെടുക്കുന്നതും നല്ലതാണ്. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് പണം ലാഭിക്കാം, ഒപ്പം അനാവശ്യമായ മലിനീകരണത്തിൽ നിന്ന് നമ്മുടെ ഗ്രഹത്തെ രക്ഷിക്കുകയും ചെയ്യാം.