ലക്ഷ്യത്തിലെത്താൻ ദൃഢചിത്ത
മാർത്താ ചാവെസ് സെർനാ പറഞ്ഞപ്രകാരം
ഒരു ദിവസം വീട്ടിൽ ജോലിചെയ്തുകൊണ്ടിരിക്കെ എനിക്ക് ബോധക്ഷയമുണ്ടായി. അന്നെനിക്ക് 16 വയസ്സ്. ബോധം തെളിഞ്ഞപ്പോൾ ഞാൻ കട്ടിലിലായിരുന്നു. കഠിനമായ തലവേദന. ഏതാനും മിനിട്ടു നേരത്തേക്ക് എനിക്ക് ഒന്നും കാണാനോ കേൾക്കാനോ കഴിഞ്ഞില്ല. ഞാനാകെ ഭയന്നുപോയി. എനിക്ക് എന്താണു സംഭവിച്ചത്?
പരിഭ്രാന്തരായ എന്റെ മാതാപിതാക്കൾ എന്നെ ഒരു ഡോക്ടറുടെ അടുക്കൽ എത്തിച്ചു, അവർ എനിക്ക് വൈറ്റമിനുകൾ കുറിച്ചുതന്നു. വൈകിയുറങ്ങുന്നതുകൊണ്ടാണ് ജന്നി (seizure) ഉണ്ടായതെന്ന് അവർ പറഞ്ഞു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ, വീണ്ടും എനിക്ക് അതേപോലെതന്നെ ഉണ്ടായി. പിന്നീട്, മൂന്നാം തവണയും അത് ആവർത്തിച്ചപ്പോൾ ഞങ്ങൾ മറ്റൊരു ഡോക്ടറെ പോയി കണ്ടു. അത് നാഡീസംബന്ധമായ തകരാറാണെന്നു കരുതിയ അദ്ദേഹം എനിക്ക്, മനഃക്ഷോഭം കുറയ്ക്കുന്ന ട്രാൻക്വിലൈസറുകൾ നൽകി.
എന്നാൽ എനിക്കു കൂടെക്കൂടെ ജന്നി ഉണ്ടാകാൻ തുടങ്ങി. ബോധംകെട്ടു വീണ് എനിക്കു പരിക്കേൽക്കുമായിരുന്നു. ചിലപ്പോഴൊക്കെ ഞാൻ നാക്കും വായയുടെ ഉൾവശവും കടിക്കുമായിരുന്നു. ബോധം തെളിയുമ്പോൾ എനിക്കു കടുത്ത തലവേദനയും ഓക്കാനവും ശരീരമാസകലം നൊമ്പരവും അനുഭവപ്പെട്ടു. ജന്നി ഉണ്ടാകുന്നതിനുമുമ്പു സംഭവിച്ചതൊന്നും എനിക്കു പലപ്പോഴും ഓർക്കാൻ കഴിയാറില്ലായിരുന്നു. സുഖംപ്രാപിക്കാൻ പലപ്പോഴും എനിക്ക് ഒന്നോ രണ്ടോ ദിവസത്തെ പരിപൂർണ വിശ്രമം ആവശ്യമായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, ഈ പ്രശ്നം താത്കാലികമാണെന്നും പെട്ടെന്നുതന്നെ എല്ലാം ശരിയാകുമെന്നും ഞാൻ വിശ്വസിച്ചു.
എന്റെ ലക്ഷ്യങ്ങളുടെമേലുള്ള ഫലം
ഞാൻ വളരെ ചെറുപ്പമായിരുന്നപ്പോൾ എന്റെ കുടുംബം യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. രണ്ടു പ്രത്യേക പയനിയർമാർ—മറ്റുള്ളവരെ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുന്നതിനു മാസംതോറും അനേകം മണിക്കൂറുകൾ ചെലവഴിക്കുന്ന മുഴുസമയ ശുശ്രൂഷകർ—ആണ് ഞങ്ങളെ ബൈബിൾ പഠിപ്പിച്ചത്. ആ പയനിയർമാരുടെ ശുശ്രൂഷ അവർക്കു സന്തോഷം പകർന്നുകൊടുക്കുന്നതായി എനിക്കു കാണാൻ കഴിഞ്ഞു. ബൈബിൾ നൽകുന്ന വാഗ്ദാനങ്ങളെക്കുറിച്ചു അധ്യാപികയോടും സഹപാഠികളോടും സംസാരിച്ചപ്പോൾ എനിക്കും ആ സന്തോഷം അനുഭവപ്പെട്ടുതുടങ്ങി.
താമസിയാതെ, എന്റെ കുടുംബത്തിലെ പലരും യഹോവയുടെ സാക്ഷികളായിത്തീർന്നു. സുവാർത്ത പ്രസംഗിക്കുന്നത് ഞാൻ എത്രയധികം ആസ്വദിച്ചെന്നോ! ഏഴു വയസ്സായപ്പോഴേക്കും, ഒരു പ്രത്യേക പയനിയർ ആയിത്തീരാൻ ഞാൻ ലക്ഷ്യമിട്ടിരുന്നു. 16-ാമത്തെ വയസ്സിൽ ഞാൻ സ്നാപനമേറ്റു. അത് ആ ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പായിരുന്നു. അപ്പോഴാണ് അസുഖം തുടങ്ങിയത്.
പയനിയർ സേവനം
ശാരീരിക പ്രശ്നങ്ങളുണ്ടെങ്കിലും യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകയാകാൻ കഴിയുമെന്ന് എനിക്കു തോന്നി. എന്നാൽ ആഴ്ചയിൽ രണ്ടു തവണവരെ എനിക്ക് ജന്നി ഉണ്ടാകുന്നുണ്ടായിരുന്നു. അതുകൊണ്ട് അത്തരമൊരു ഭാരിച്ച ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കാൻ പാടില്ലെന്ന് സഭയിൽ ചിലർ കരുതി. എനിക്കു സങ്കടവും നിരുത്സാഹവും തോന്നി. അങ്ങനെയിരിക്കുമ്പോഴാണ് മെക്സിക്കോയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിൽ സേവിക്കുന്ന ഒരു ദമ്പതികൾ ഞങ്ങളുടെ സഭയിൽ വന്നത്. അവർ ഒരു പയനിയർ ആയിരിക്കാനുള്ള എന്റെ ആഗ്രഹത്തെക്കുറിച്ചു മനസ്സിലാക്കുകയും എനിക്കു വളരെയേറെ പ്രോത്സാഹനം നൽകുകയും ചെയ്തു. പയനിയറിങ് ചെയ്യുന്നതിൽനിന്നു രോഗം എന്നെ തടയേണ്ട കാര്യമില്ലെന്ന് അവർ എന്നെ ബോധ്യപ്പെടുത്തി.
അങ്ങനെ, 1988 സെപ്റ്റംബർ 1-ന് എനിക്കു സാധാരണ പയനിയറായി നിയമനം ലഭിച്ചു. എന്റെ സ്വന്ത പട്ടണമായ മെക്സിക്കോയിലെ സാൻ ആൻഡ്രേസ് ചിയാവുട്ലായിലായിരുന്നു നിയമനം. സുവാർത്ത പ്രസംഗിച്ചുകൊണ്ട് ഞാൻ മാസംതോറും മണിക്കൂറുകൾ ചെലവഴിച്ചു. ജന്നി കാരണം എനിക്കു പ്രസംഗവേലയ്ക്കു പോകാൻ കഴിയാതെ വരുമ്പോൾ പ്രദേശത്തെ ആളുകൾക്കു ഞാൻ തിരുവെഴുത്തു വിഷയങ്ങളെ ആസ്പദമാക്കി കത്തുകൾ എഴുതുമായിരുന്നു. അങ്ങനെ ബൈബിൾ പഠിക്കാനുള്ള പ്രോത്സാഹനം ലിഖിതരൂപേണ ഞാൻ അവർക്കു നൽകി.
എന്റെ രോഗം കണ്ടുപിടിക്കുന്നു
ഈ സമയത്ത് എന്റെ മാതാപിതാക്കൾ വലിയ തുക ചെലവാക്കി എന്നെ ഒരു നാഡീരോഗവിദഗ്ധന്റെ അടുക്കൽ കൊണ്ടുപോയി. എനിക്ക് അപസ്മാരമാണെന്ന് അദ്ദേഹം വിധിയെഴുതി. അപ്പോൾ ലഭിച്ച ചികിത്സയുടെ ഫലമായി എന്റെ രോഗത്തെ നാലു കൊല്ലത്തോളം നിയന്ത്രിച്ചു നിറുത്താനായി. അതിനിടെ എനിക്ക് പയനിയർ സേവനസ്കൂളിൽ സംബന്ധിക്കാൻ കഴിഞ്ഞു. അവിടെ ലഭിച്ച പ്രോത്സാഹനം സുവിശേഷകരുടെ ആവശ്യം കൂടുതലുള്ളിടത്തു സേവിക്കാനുള്ള എന്റെ ആഗ്രഹം വർധിപ്പിച്ചു.
എന്റെ സേവനം വിപുലപ്പെടുത്താൻ ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്നു മാതാപിതാക്കൾക്ക് അറിയാമായിരുന്നു. എന്റെ രോഗം ഏറെക്കുറെ നിയന്ത്രണത്തിലായിരുന്നതിനാൽ മിച്ചൊവാക്കാനിലെ സിറ്റാക്വാറോയിലേക്കു പോകാൻ അവർ എന്നെ അനുവദിച്ചു. വീട്ടിൽനിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയായിരുന്നു ഈ സ്ഥലം. അവിടെയായിരിക്കെ മറ്റു പയനിയർമാരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് മുഴുസമയ സേവനത്തെ കൂടുതലായി വിലമതിക്കാൻ എന്നെ സഹായിച്ചു.
എന്നാൽ, സിറ്റാക്വാറോയിൽ എത്തി രണ്ടു വർഷം കഴിഞ്ഞപ്പോൾ വീണ്ടും ജന്നി ഉണ്ടാകാൻ തുടങ്ങി. തികഞ്ഞ നിരാശയോടും ദുഃഖത്തോടും കൂടെ ഞാൻ മാതാപിതാക്കളുടെ അടുത്തേക്കു മടങ്ങിപ്പോയി. എനിക്കു വൈദ്യസഹായം ആവശ്യമായിരുന്നു. ഞാൻ ഒരു നാഡീരോഗവിദഗ്ധനെ കണ്ടു. കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ എന്റെ കരളിനു തകരാറ് ഉണ്ടാക്കുന്നതായി അദ്ദേഹം കണ്ടെത്തി. തുടർന്നും അദ്ദേഹത്തെ ചെന്നു കാണാൻ പണം മുടക്കാനില്ലാഞ്ഞതിനാൽ ഞാൻ മറ്റു ചികിത്സാരീതികൾക്കായി തിരയാൻ തുടങ്ങി. എന്റെ അവസ്ഥ ഒന്നിനൊന്നു മോശമായിക്കൊണ്ടിരുന്നു. എനിക്ക് പയനിയറിങ് നിറുത്തേണ്ടിവന്നു. ഓരോ തവണ ജന്നി ഉണ്ടാകുമ്പോഴും അതൊരു തിരിച്ചടിയായി എനിക്കു തോന്നി. എന്നാൽ ഞാൻ സങ്കീർത്തനങ്ങൾ വായിക്കുകയും പ്രാർഥനയിൽ യഹോവയിലേക്കു തിരിയുകയും ചെയ്തപ്പോൾ എനിക്ക് അവനിൽനിന്ന് ആശ്വാസവും ബലവും ലഭിക്കുന്നതായി അനുഭവപ്പെട്ടു.—സങ്കീർത്തനം 94:17-19.
എന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നു
രോഗം മൂർധന്യത്തിലായിരുന്ന സമയത്ത് എനിക്ക് ഒരു ദിവസംതന്നെ രണ്ടു തവണ ജന്നി ഉണ്ടാകുമായിരുന്നു. അങ്ങനെയിരിക്കെ ഞാനൊരു വഴിത്തിരിവിൽ എത്തിച്ചേർന്നു. ഒരു ഡോക്ടർ എനിക്ക് അപസ്മാരത്തിനുള്ള ഒരു പ്രത്യേക ചികിത്സ നൽകി. കൂടുതൽ ദീർഘമായ കാലയളവിലേക്കു രോഗം വിട്ടുനിൽക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. അതുകൊണ്ട് 1995 സെപ്റ്റംബർ 1-ന് ഞാൻ വീണ്ടും പയനിയർ സേവനം ഏറ്റെടുത്തു. എന്റെ ആരോഗ്യനില ഒരേ രീതിയിൽ തുടർന്നു. ഒരിക്കൽപ്പോലും അപസ്മാരം ഇളകാതെ രണ്ടു വർഷം കടന്നുപോയതിനെ തുടർന്ന് ഞാൻ പ്രത്യേക പയനിയർ സേവനത്തിനുള്ള അപേക്ഷ അയച്ചു. നിയമനം ലഭിച്ചാൽ, ശുശ്രൂഷയിൽ മുമ്പത്തെക്കാൾ കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുമായിരുന്നെന്നു മാത്രമല്ല എന്റെ ആവശ്യമുള്ള എവിടെയും പോയി സേവിക്കുകയും ചെയ്യണമായിരുന്നു. ഒരു പ്രത്യേക പയനിയറായി നിയമിതയായപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല! ഒരു കൊച്ചുകുട്ടിയായിരിക്കെ വെച്ച ലക്ഷ്യത്തിൽ ഞാൻ ഒടുവിൽ എത്തിച്ചേർന്നു.
2001 ഏപ്രിൽ 1-ന് ഇഡാൽഗോയിലെ പർവതനിരയിലുള്ള ഒരു കൊച്ചു ഗ്രാമത്തിൽ ഞാൻ എന്റെ പുതിയ നിയമനം ആരംഭിച്ചു. ഇപ്പോൾ ഞാൻ ഗ്വാനഹ്വാറ്റോയിലെ ഒരു കൊച്ചു പട്ടണത്തിലാണു സേവിക്കുന്നത്. മരുന്നു കഴിക്കുകയും വേണ്ടത്ര വിശ്രമം എടുക്കുകയും ചെയ്യുന്ന കാര്യത്തിൽ ഞാൻ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലും ഞാൻ ശ്രദ്ധ പാലിക്കുന്നു. പ്രത്യേകിച്ചും കൊഴുപ്പുകൾ, കഫീൻ, ടിന്നിലടച്ച ആഹാരം എന്നിവ കഴിക്കുന്നതിനോടുള്ള ബന്ധത്തിൽ. കോപം, അമിത ഉത്കണ്ഠ എന്നിങ്ങനെയുള്ള തീവ്രമായ വികാരങ്ങൾ ഒഴിവാക്കാനും ഞാൻ ശ്രമിക്കുന്നു. എന്നാൽ കർശനമായ ചിട്ട പാലിച്ചുകൊണ്ടുള്ള ഈ ജീവിതം എനിക്കു പ്രയോജനങ്ങൾ കൈവരുത്തിയിരിക്കുന്നു. പ്രത്യേക പയനിയറായി സേവിച്ചു തുടങ്ങിയതിൽപ്പിന്നെ എനിക്ക് ഒരു തവണയെ ജന്നി ഉണ്ടായിട്ടുള്ളൂ.
അവിവാഹിതയും കുടുംബ ഉത്തരവാദിത്വങ്ങൾ ഇല്ലാത്തവളും ആയതിനാൽ ഒരു പ്രത്യേക പയനിയറെന്ന നിലയിൽ സേവനം തുടരുന്നതിൽ ഞാൻ വളരെ സന്തോഷമുള്ളവളാണ്. ‘യഹോവ നമ്മുടെ പ്രവൃത്തിയും നാം അവന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല’ എന്ന അറിവിൽ ഞാൻ ആശ്വാസം കണ്ടെത്തുന്നു. അവൻ എത്ര സ്നേഹവാനാണ്, കാരണം നമുക്കു നൽകാൻ കഴിയാത്തത് അവൻ ആവശ്യപ്പെടുന്നില്ല. ആ വസ്തുത അംഗീകരിച്ചത് സമനിലയുള്ള ചിന്താഗതി വെച്ചുപുലർത്താൻ എന്നെ സഹായിച്ചിരിക്കുന്നു. ആരോഗ്യം മോശമാകുന്നതു നിമിത്തം എനിക്കു വീണ്ടും പയനിയറിങ് നിറുത്തേണ്ടി വരുകയാണെങ്കിൽ പൂർണ മനസ്സോടെയുള്ള എന്റെ സേവനത്തിൽ യഹോവ അപ്പോഴും പ്രസാദിക്കുമെന്ന് എനിക്കറിയാം.—എബ്രായർ 6:10; കൊലൊസ്സ്യർ 3:23.
ദിവസവും മറ്റുള്ളവരുമായി എന്റെ വിശ്വാസം പങ്കുവെക്കുന്നത് തീർച്ചയായും എന്നെ ബലപ്പെടുത്തുന്നു. ദൈവം ഭാവിയിലേക്കായി കരുതിവെച്ചിരിക്കുന്ന അനുഗ്രഹങ്ങളിൽ മനസ്സു കേന്ദ്രീകരിച്ചു നിറുത്താനും അത് എന്നെ സഹായിക്കുന്നു. പുതിയ ലോകത്തിൽ രോഗം ഉണ്ടായിരിക്കില്ലെന്ന് ബൈബിൾ വാഗ്ദാനം ചെയ്യുന്നു. അതേ, അന്ന് ‘ദുഃഖവും മുറവിളിയും കഷ്ടതയും ഉണ്ടായിരിക്കുകയില്ല; ഒന്നാമത്തേതു [“പഴയതെല്ലാം,” പി.ഒ.സി. ബൈബിൾ] കഴിഞ്ഞുപോയിരിക്കും’—വെളിപ്പാടു 21:3-5എ; യെശയ്യാവു 33:24; 2 പത്രൊസ് 3:13.
[26-ാം പേജിലെ ചിത്രങ്ങൾ]
ഏകദേശം 7 വയസ്സ് ഉള്ളപ്പോൾ (മുകളിൽ); 16-ാം വയസ്സിൽ സ്നാപനമേറ്റ് അധികം താമസിയാതെ എടുത്ത ചിത്രം
[27-ാം പേജിലെ ചിത്രം]
ഒരു സുഹൃത്തിനോടൊപ്പം പ്രസംഗവേലയിൽ