“അവർ യാതൊരു ശ്രദ്ധയും നൽകിയില്ല”
മുന്നറിയിപ്പുകളെ അവഗണിക്കുന്നത് വലിയ വിപത്തുകൾ വരുത്തിവെക്കും.
1974. ഓസ്ട്രേലിയയിലെ ഡാർവിൻ നഗരം ആഘോഷത്തിനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന്, ഒരു ചുഴലിക്കാറ്റു വീശിയടിക്കാൻ പോകുന്നതായി മുന്നറിയിപ്പു നൽകിക്കൊണ്ട് സൈറൻ മുഴങ്ങി. എന്നാൽ 30 വർഷമായി ചുഴലിക്കാറ്റിനെ കുറിച്ച് ആ നഗരത്തിൽ കേട്ടുകേൾവി പോലുമില്ലായിരുന്നു. പിന്നെ ഇപ്പോഴെന്തിനു ഭയപ്പെടണം? കാറ്റ് ആഞ്ഞടിക്കുന്നതുവരെ സാഹചര്യത്തിന്റെ ഗൗരവം ആളുകൾ കണക്കിലെടുത്തതേയില്ല. ആളുകൾ പേടിച്ചുവിറച്ച് വീടുകളിലിരിക്കെ കാറ്റ് അവയുടെ മേൽക്കൂരകൾ പറത്തിക്കൊണ്ടുപോയി, ഭിത്തികൾ തകർന്നുവീണു. അടുത്ത പ്രഭാതമായപ്പോഴേക്കും നഗരം ഒരു കുപ്പക്കൂനയായി മാറിയിരുന്നു.
1985 നവംബറിൽ കൊളംബിയയിൽ ഒരു അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഹിമവും മഞ്ഞുകട്ടികളും ഉരുകിയുണ്ടായ ചെളിപ്രവാഹം ആർമേറോ പട്ടണത്തിലെ 20,000-ത്തിലധികം നിവാസികളെ ജീവനോടെ കുഴിച്ചുമൂടി. മുന്നറിയിപ്പുകളൊന്നും നൽകപ്പെട്ടില്ലായിരുന്നോ? മാസങ്ങളായി പർവതം കുലുങ്ങുന്നുണ്ടായിരുന്നു. എന്നിരുന്നാലും അഗ്നിപർവതത്തിനു താഴെ ജീവിച്ചു പരിചയിച്ച ആർമേറോ നിവാസികളിൽ മിക്കവരും അതത്ര കാര്യമാക്കിയില്ല. പെട്ടെന്നുതന്നെ വിനാശം ആഞ്ഞടിക്കാൻ പോകുകയാണെന്ന് ഉദ്യോഗസ്ഥർക്ക് അറിവു കിട്ടിയെങ്കിലും ജനങ്ങൾക്കു മുന്നറിയിപ്പു നൽകാൻ അവർ മിനക്കെട്ടില്ല. പൊതുജനത്തിന് ആത്മധൈര്യം പകരാനുള്ള ശ്രമത്തിൽ റേഡിയോയിലൂടെ അറിയിപ്പുകളുണ്ടായി. പള്ളികളിലെ ഉച്ചഭാഷിണികൾ ജനങ്ങളോട് ശാന്തരായിരിക്കാൻ ആഹ്വാനം ചെയ്തു. വൈകുന്നേരം അതിശക്തമായ രണ്ടു സ്ഫോടനങ്ങൾ നടന്നു. നിങ്ങളായിരുന്നെങ്കിൽ വസ്തുവകകൾ ഉപേക്ഷിച്ച് പലായനം ചെയ്യുമായിരുന്നോ? ചുരുക്കം ചിലർ മാത്രമേ വൈകിപ്പോകുംമുമ്പ് അതിനുള്ള എന്തെങ്കിലും ശ്രമം ചെയ്തുള്ളൂ.
മിക്കപ്പോഴും, എവിടെ ഭൂചലനം ഉണ്ടാകുമെന്ന് ഗണ്യമായ കൃത്യതയോടെ ഭൂവിജ്ഞാനീയർ പറയാറുണ്ട്. എന്നാൽ എപ്പോഴാണ് അത് ആഞ്ഞടിക്കുക എന്ന് അവർക്ക് പറയാനാവില്ല. 1999-ൽ ഭൂകമ്പങ്ങൾ ലോകവ്യാപകമായി 20,000-ത്തോളം പേരുടെ ജീവൻ അപഹരിച്ചു. കൊല്ലപ്പെട്ട അനേകരും തങ്ങൾക്ക് അത് ഒരിക്കലും സംഭവിക്കുകയില്ല എന്നു ചിന്തിച്ചിരുന്നിരിക്കണം.
ദൈവംതന്നെ നൽകുന്ന മുന്നറിയിപ്പുകളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു?
അന്ത്യനാളുകളെ വ്യതിരിക്തമായി തിരിച്ചറിയിക്കുന്ന സംഭവങ്ങളെ കുറിച്ച് വളരെ മുൻകൂട്ടിത്തന്നെ സുവ്യക്തമായ ഭാഷയിൽ ബൈബിളിൽ വിവരിച്ചിരുന്നു. ആ വിവരണത്തിന്റെ ഭാഗമായി, “നോഹയുടെ കാല”ത്തെ കുറിച്ചു പരിചിന്തിക്കാൻ അതു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. അന്നു നടമാടിയിരുന്ന അക്രമത്തെ കുറിച്ച് “ജലപ്രളയത്തിന്നു മുമ്പുളള കാലത്ത്” ആളുകൾ ഉത്കണ്ഠാകുലർ ആയിരുന്നെങ്കിലും അനുദിന ജീവിത കാര്യാദികളിൽ അവർ മുഴുകിപ്പോയിരുന്നു. ദൈവം തന്റെ ദാസനായ നോഹ മുഖാന്തരം നൽകിയ മുന്നറിയിപ്പിന് “ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ യാതൊരു ശ്രദ്ധയും നൽകിയില്ല.” (മത്തായി 24:37-39, NW) നിങ്ങളായിരുന്നെങ്കിൽ ആ മുന്നറിയിപ്പു കേട്ടനുസരിക്കുമായിരുന്നോ? നിങ്ങൾ ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ടോ?
അബ്രാഹാമിന്റെ സഹോദരപുത്രനായ ലോത്തിന്റെ കാലത്ത് ചാവുകടലിന് അടുത്തുള്ള സൊദോമിൽ ജീവിച്ചിരുന്നെങ്കിൽ നിങ്ങൾ എങ്ങനെ പ്രവർത്തിക്കുമായിരുന്നു? അതിന്റെ നാട്ടിൻപുറങ്ങൾ ഒരു പറുദീസപോലെ ആയിരുന്നു, നഗരമാകട്ടെ സമ്പദ്സമൃദ്ധവും. ആളുകൾ ഉല്ലാസപ്രിയരായി ജീവിച്ചു. ലോത്തിന്റെ കാലത്ത് “അവർ തിന്നും കുടിച്ചുംകൊണ്ടും വിററും നട്ടും പണിതും പോന്നു.” അവർ ജീവിച്ചിരുന്ന സമൂഹം അധാർമികതയിൽ മുങ്ങിത്തുടിക്കുകയായിരുന്നു. അധാർമിക പ്രവൃത്തികളെ ലോത്ത് കുറ്റം വിധിച്ചപ്പോൾ നിങ്ങളായിരുന്നെങ്കിൽ അതിനു ശ്രദ്ധ കൊടുക്കുമായിരുന്നോ? ദൈവം സൊദോമിനെ നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് അവൻ പറയുമ്പോൾ നിങ്ങൾ ശ്രദ്ധിക്കുമായിരുന്നോ? അതോ ലോത്തിന്റെ പുത്രിമാരെ വിവാഹം കഴിക്കാനിരുന്ന പുരുഷന്മാർ ചെയ്തതുപോലെ അതിനെയൊരു തമാശയായി ചിരിച്ചുതള്ളുമായിരുന്നോ? അവിടെനിന്നു പുറപ്പെട്ടു പോരുമായിരുന്നെങ്കിൽത്തന്നെയും ലോത്തിന്റെ ഭാര്യയെപ്പോലെ നിങ്ങൾ തിരിഞ്ഞു നോക്കുമായിരുന്നോ? ആളുകൾ മുന്നറിയിപ്പ് ഗൗരവമായി എടുത്തില്ലെങ്കിലും “ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു.”—ലൂക്കൊസ് 17:28, 29.
നമ്മുടെ കാലത്തെ ഭൂരിപക്ഷം ആളുകളും യാതൊരു ശ്രദ്ധയും നൽകുന്നില്ല. എന്നാൽ ഈ ദൃഷ്ടാന്തങ്ങൾ നമുക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ദൈവവചനത്തിൽ പരിരക്ഷിക്കപ്പെട്ടിരിക്കുന്നു; സദാ ജാഗരൂകരായിരിക്കുവിൻ എന്ന് അവ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
[22-ാം പേജിലെ ചതുരം/ചിത്രം]
ഒരു ആഗോള ജലപ്രളയം യഥാർഥത്തിൽ സംഭവിച്ചോ?
ഇല്ല എന്ന് അനേകം വിമർശകർ പറയുന്നു. എന്നാൽ അത് സംഭവിക്കുകതന്നെ ചെയ്തെന്ന് ബൈബിൾ പറയുന്നു.
യേശുക്രിസ്തുതന്നെ അതിനെ കുറിച്ചു പറയുകയുണ്ടായി. പ്രളയം നടന്നപ്പോൾ അതു നിരീക്ഷിച്ചുകൊണ്ട് അവൻ സ്വർഗത്തിൽ ഉണ്ടായിരുന്നു.
[23-ാം പേജിലെ ചതുരം/ചിത്രം]
സൊദോമും ഗൊമോരയും യഥാർഥത്തിൽ നശിപ്പിക്കപ്പെട്ടോ?
പുരാവസ്തുശാസ്ത്രം ഈ സംഭവത്തെ സാക്ഷ്യപ്പെടുത്തുന്നു.
ലൗകിക ചരിത്രം അതിനെ കുറിച്ചു പരാമർശിക്കുന്നു.
യേശുക്രിസ്തു സംഭവത്തിന്റെ സത്യതയെ സാക്ഷ്യപ്പെടുത്തി. കൂടാതെ ബൈബിളിലെ 14 വ്യത്യസ്ത പുസ്തകങ്ങൾ സംഭവത്തെ കുറിച്ചു പരാമർശിക്കുന്നുമുണ്ട്.