ഭാഗം 19
അതീവ പ്രാധാന്യമുള്ള ഒരു പ്രവചനം
രാജ്യാധികാരത്തിൽ താൻ സന്നിഹിതനാകുന്ന കാലത്തിന്റെയും ഈ ലോകവ്യവസ്ഥിതിയുടെ അവസാനത്തിന്റെയും അടയാളം എന്തായിരിക്കുമെന്ന് യേശു പറയുന്നു
ഒലിവുമലയിൽനിന്നു നോക്കിയാൽ യെരുശലേം നഗരവും അവിടെയുള്ള ആലയവും ഭംഗിയായി കാണാം. ഒരിക്കൽ യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ, അവൻ പറഞ്ഞ ചില കാര്യങ്ങളുടെ പൊരുൾ ചോദിച്ചുമനസ്സിലാക്കാൻ അവന്റെ അപ്പൊസ്തലന്മാരിൽ നാലുപേർ സ്വകാര്യമായി അവനെ സമീപിച്ചു. യെരുശലേമിലെ ആലയം നശിപ്പിക്കപ്പെടുമെന്ന് അവൻ അൽപ്പംമുമ്പ് അവരോടു പറഞ്ഞിരുന്നു. മുമ്പൊരിക്കൽ, “യുഗസമാപ്തി”യെക്കുറിച്ചും അവൻ അവരോടു സംസാരിച്ചിരുന്നു. (മത്തായി 13:40, 49) എന്നാൽ ഇപ്പോൾ അപ്പൊസ്തലന്മാർ യേശുവിനോട്, “നിന്റെ സാന്നിധ്യത്തിന്റെയും യുഗസമാപ്തിയുടെയും അടയാളം എന്തായിരിക്കും” എന്ന് ചോദിക്കുന്നു.—മത്തായി 24:3.
അതിനു മറുപടിയായി, യെരുശലേം നശിപ്പിക്കപ്പെടുന്നതിനുമുമ്പ് എന്തൊക്കെ സംഭവിക്കുമെന്ന് യേശു പറയുന്നു. എന്നാൽ യേശുവിന്റെ വാക്കുകൾക്ക് പിൽക്കാലത്ത് ആഗോളതലത്തിൽ അതിലും വലിയൊരു നിവൃത്തി ഉണ്ടാകുമായിരുന്നു. യേശു സ്വർഗത്തിൽ വാഴ്ച ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കുമായിരുന്നു അത്. ആ കാലത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു അടയാളം യേശു അവർക്കു നൽകി: അന്ന് സംഭവിക്കാനിരിക്കുന്ന കുറെ കാര്യങ്ങൾ അവൻ മുൻകൂട്ടിപ്പറഞ്ഞു. ഇവയെല്ലാം ഇഴചേർന്ന് ഒരൊറ്റ അടയാളമായി വർത്തിക്കുമായിരുന്നു. ഈ അടയാളം കാണുന്നവർക്ക് യേശു സ്വർഗത്തിൽ രാജാവായി വാഴ്ച ആരംഭിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാനാകുമായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, മിശിഹൈകരാജ്യത്തിന്റെ രാജാവായി ദൈവം യേശുവിനെ അവരോധിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയാൻ ഈ അടയാളം അവരെ സഹായിക്കുമായിരുന്നു. ദൈവരാജ്യം ഭൂമിയിൽനിന്ന് ദുഷ്ടത തുടച്ചുനീക്കി സമാധാനം ആനയിക്കുന്ന സമയം ആസന്നമാണെന്നും ഈ അടയാളം സൂചിപ്പിക്കുമായിരുന്നു. അതെ, യേശു മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ ഈ ലോകവ്യവസ്ഥിതി, അതായത് നിലവിലുള്ള മത-രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതി, അവസാനിക്കാറായിരിക്കുന്നു എന്നതിന്റെയും പുതിയ ഒരു വ്യവസ്ഥിതി ആരംഭിക്കാറായിരിക്കുന്നു എന്നതിന്റെയും സൂചനയായിരിക്കും.
താൻ രാജ്യാധികാരത്തിൽ സന്നിഹിതനായിരിക്കുന്ന കാലത്തിന്റെ അടയാളം എന്തായിരിക്കുമെന്ന് യേശു വിശദീകരിച്ചു. ലോകയുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, വലിയ ഭൂകമ്പങ്ങൾ, മഹാവ്യാധികൾ എന്നിവ ഉണ്ടാകും; ഭൂമിയിൽ അരാജകത്വം വർധിക്കും; യേശുവിന്റെ യഥാർഥ ശിഷ്യന്മാർ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം ഭൂമിയിലെല്ലായിടത്തും പ്രസംഗിക്കും. ഇവയെല്ലാം മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു “മഹാകഷ്ട”ത്തിൽ പര്യവസാനിക്കും.—മത്തായി 24:21.
ആ മഹാകഷ്ടം അടുത്തെത്തിയിരിക്കുന്നുവെന്ന് യേശുവിന്റെ അനുഗാമികൾ എങ്ങനെ മനസ്സിലാക്കും? “അത്തിമരത്തിന്റെ ദൃഷ്ടാന്തത്തിൽനിന്നു പഠിക്കുവിൻ” എന്ന് യേശു പറയുകയുണ്ടായി. (മത്തായി 24:32) അത്തി തളിർക്കുന്നത് വേനൽ അടുത്തിരിക്കുന്നു എന്നതിന്റെ സൂചനയാണ്. സമാനമായി, യേശു മുൻകൂട്ടിപ്പറഞ്ഞ എല്ലാ കാര്യങ്ങളും ഒരേ കാലഘട്ടത്തിനുള്ളിൽത്തന്നെ സംഭവിക്കുന്നത് അന്ത്യം അടുത്തെത്തിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയായിരിക്കും. മഹാകഷ്ടം ആരംഭിക്കുന്ന കൃത്യ ദിവസവും സമയവും പിതാവിനു മാത്രമേ അറിയാവൂ എന്ന് യേശു പറഞ്ഞു. അതെ, ‘നിശ്ചയിക്കപ്പെട്ട സമയം എപ്പോഴാണെന്ന് അറിയില്ലാത്തതി’നാലാണ് “ഉണർന്നിരിക്കുവിൻ” എന്ന ആഹ്വാനം യേശു തന്റെ അനുഗാമികൾക്കു നൽകിയത്.—മർക്കോസ് 13:33.
—മത്തായി 24, 25 അധ്യായങ്ങൾ, മർക്കോസ് 13-ാം അധ്യായം, ലൂക്കോസ് 21-ാം അധ്യായം എന്നിവയെ ആധാരമാക്കിയുള്ളത്.
a യേശുവിന്റെ പ്രവചനത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നതിന്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 86-95 പേജുകൾ കാണുക.