ഭാഗം 20
യേശുക്രിസ്തുവിനെ വധിക്കുന്നു
യേശു ഒരു പുതിയ ആചരണം ഏർപ്പെടുത്തുന്നു. ശിഷ്യന്മാരിൽ ഒരാൾ അവനെ ഒറ്റിക്കൊടുക്കുന്നു; തുടർന്ന് അവൻ വധിക്കപ്പെടുന്നു
മൂന്നര വർഷം യേശു ജനങ്ങളോടു പ്രസംഗിക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്തു. ഭൂമിയിലെ തന്റെ ജീവിതം അവസാനിക്കാൻ പോകുകയാണെന്ന് യേശുവിന് അറിയാമായിരുന്നു. യഹൂദ മതനേതാക്കന്മാർ അവനെ കൊല്ലാൻ പദ്ധതിയിടുന്നുണ്ടായിരുന്നു. എന്നാൽ ജനം യേശുവിനെ ഒരു പ്രവാചകനായി കരുതിയിരുന്നതിനാൽ അവർ കലാപമുണ്ടാക്കുമോ എന്ന് ആ മതനേതാക്കന്മാർ ഭയന്നു. ആ സമയത്ത്, യേശുവിനെ ഒറ്റിക്കൊടുക്കാൻ അവന്റെ 12 അപ്പൊസ്തലന്മാരിൽ ഒരാളായ യൂദാ ഈസ്കര്യോത്താവിനെ സാത്താൻ പ്രേരിപ്പിച്ചു. യേശുവിനെ ഒറ്റിക്കൊടുക്കുന്നതിനുള്ള പ്രതിഫലമായി മതനേതാക്കന്മാർ യൂദായ്ക്ക് 30 വെള്ളിക്കാശ് എണ്ണിക്കൊടുത്തു.
തന്റെ അവസാനത്തെ രാത്രിയിൽ യേശു പെസഹാ ആചരിക്കുന്നതിനായി അപ്പൊസ്തലന്മാരുമായി ഒത്തുകൂടി. യൂദായെ പറഞ്ഞയച്ചശേഷം യേശു ഒരു പുതിയ ആചരണം ഏർപ്പെടുത്തി: കർത്താവിന്റെ അത്താഴം. അവൻ അപ്പമെടുത്ത് പ്രാർഥിച്ച് അത് നുറുക്കി തന്റെ 11 ശിഷ്യന്മാർക്ക് കൊടുത്തു. അവൻ അവരോടു പറഞ്ഞു: “ഇത് നിങ്ങൾക്കുവേണ്ടി നൽകപ്പെടാനിരിക്കുന്ന എന്റെ ശരീരത്തെ അർഥമാക്കുന്നു. എന്റെ ഓർമയ്ക്കായി ഇതു ചെയ്തുകൊണ്ടിരിക്കുവിൻ.” തുടർന്ന് അവൻ വീഞ്ഞുനിറച്ച പാനപാത്രം എടുത്ത് പ്രാർഥിച്ച് അവർക്ക് കൊടുത്തുകൊണ്ട് പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്റെ രക്തത്താലുള്ള പുതിയ ഉടമ്പടിയെ അർഥമാക്കുന്നു.”—ലൂക്കോസ് 22:19, 20.
ആ രാത്രിയിൽ യേശു തന്റെ ശിഷ്യന്മാരോടു വളരെയേറെ കാര്യങ്ങൾ പറഞ്ഞു. അവൻ അവർക്ക് ഒരു പുതിയ കൽപ്പന നൽകി: അവർ പരസ്പരം നിസ്വാർഥ സ്നേഹം കാണിക്കണം. “നിങ്ങൾക്കു പരസ്പരം സ്നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നുവെന്ന് എല്ലാവരും അറിയും” എന്ന് അവൻ അവരോടു പറഞ്ഞു. (യോഹന്നാൻ 13:34, 35) സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങൾ അവരെ തളർത്തിക്കളയാതിരിക്കാൻ യേശു അവർക്ക് ആവശ്യമായ പ്രോത്സാഹനം നൽകി. അവൻ അവർക്കുവേണ്ടി ആത്മാർഥമായി പ്രാർഥിച്ചു. പിന്നെ, ഒരുമിച്ച് സ്തുതിഗീതങ്ങൾ പാടിയശേഷം അവർ ഗെത്ത്ശെമനത്തോട്ടത്തിലേക്കു പോയി.
ഗെത്ത്ശെമനത്തോട്ടത്തിൽ യേശു മുട്ടിന്മേൽനിന്ന് ദൈവത്തോട് ഉള്ളുരുകി പ്രാർഥിച്ചു. അധികംകഴിയുന്നതിനുമുമ്പ് പടയാളികളും പുരോഹിതന്മാരും ഉൾപ്പെടെ വലിയൊരു ആൾകൂട്ടം വാളും വടികളുമേന്തി അവനെ പിടികൂടാനെത്തി. അവരോടു പറഞ്ഞുറപ്പിച്ചിരുന്നതുപോലെ, യൂദാ യേശുവിന്റെ അടുക്കൽവന്ന് അവനെ ചുംബിച്ചു. ഉടനെ പടയാളികൾ യേശുവിനെ പിടിച്ചുബന്ധിച്ചു. അപ്പൊസ്തലന്മാർ ഭയന്ന് ഓടിപ്പോയി.
താൻ ദൈവപുത്രനാണെന്ന് യഹൂദന്മാരുടെ ന്യായാധിപസഭയുടെ മുമ്പാകെ യേശു വെളിപ്പെടുത്തി. അവൻ ദൈവദൂഷണം പറയുകയാണെന്ന് ആരോപിച്ച് കോടതി അവനെ വധശിക്ഷയ്ക്കു വിധിച്ചു. അവിടെനിന്ന് യേശുവിനെ റോമൻ ദേശാധിപതിയായ പൊന്തിയൊസ് പീലാത്തൊസിന്റെ അടുക്കൽ കൊണ്ടുചെന്നു. യേശു നിരപരാധിയാണെന്ന് മനസ്സിലാക്കിയിട്ടും, അവന്റെ രക്തത്തിനായി മുറവിളികൂട്ടിക്കൊണ്ടിരുന്ന ജനക്കൂട്ടത്തിന്റെ കൈയിലേക്ക് പീലാത്തൊസ് അവനെ ഏൽപ്പിച്ചുകൊടുത്തു.
പടയാളികൾ യേശുവിനെ ഗൊൽഗോഥ എന്ന സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെവെച്ച് അവർ അവനെ വധസ്തംഭത്തിൽ തറച്ചു. പെട്ടെന്ന് ഒരു അത്ഭുതമുണ്ടായി: പകൽ വെളിച്ചം അപ്രത്യക്ഷമായി; ദേശത്തെല്ലായിടത്തും ഇരുട്ടുപരന്നു. ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിയോടെ യേശു മരിച്ചു. അപ്പോൾ ഒരു വലിയ ഭൂകമ്പമുണ്ടായി. പാറയിൽ വെട്ടിയുണ്ടാക്കിയ ഒരു കല്ലറയിൽ യേശുവിനെ അടക്കംചെയ്തു. അടുത്ത ദിവസം പുരോഹിതന്മാർ കല്ലറ അടച്ചുഭദ്രമാക്കി; കല്ലറയുടെ വാതിൽക്കൽ കാവലും ഏർപ്പെടുത്തി. യേശുവിന്റെ ജീവിതം അതോടെ അവസാനിച്ചോ? അത്ഭുതങ്ങളിൽ അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന ഒരു കാര്യം നടക്കാനിരിക്കുകയായിരുന്നു.
—മത്തായി 26, 27 അധ്യായങ്ങൾ, മർക്കോസ് 14, 15 അധ്യായങ്ങൾ, ലൂക്കോസ് 22, 23 അധ്യായങ്ങൾ, യോഹന്നാൻ 12-19 അധ്യായങ്ങൾ എന്നിവയെ ആധാരമാക്കിയുള്ളത്.
a യേശുവിന്റെ ബലിമരണത്തിന്റെ മൂല്യത്തെക്കുറിച്ചു മനസ്സിലാക്കാൻ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 47-56 പേജുകൾ കാണുക.