ബറുണ്ടിയിൽ പീഡനം—മതസ്വാതന്ത്ര്യത്തിന്റെ ലംഘിക്കപ്പെട്ട ഒരു വാഗ്ദാനം!
അനേകം പാശ്ചാത്യരാജ്യങ്ങളിൽ മതസ്വാതന്ത്ര്യം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാലും അങ്ങനെയുള്ള സ്വാതന്ത്ര്യം എത്ര ദുർബലമായിരിക്കാമെന്ന് ബറുണ്ടി എന്ന ആഫ്രിക്കൻരാജ്യത്തു നടക്കുന്ന മതപീഡനം ചിത്രീകരിക്കുന്നു. ഏതെങ്കിലും ജനസമൂഹത്തിന്റെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുമ്പോൾ ആരുടെയും അവകാശങ്ങൾ സുരക്ഷിതമല്ല. അതുകൊണ്ട് ബറുണ്ടിയിൽ എന്തു നടക്കുന്നുവെന്ന് പരിശോധിക്കാൻ ഞങ്ങൾ ഞങ്ങളുടെ വായനക്കാരെ പ്രോൽസാഹിപ്പിക്കുകയാണ്.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയൊൻപത ഫെബ്രുവരി 16-ന് ആഫ്രിക്കൻ രാജ്യമായ ബറുണ്ടിയിൽ അന്ധകാരയുഗങ്ങൾ നിഴലിട്ടു. അന്ന് ബറുണ്ടി റിപ്പബ്ലിക്കിലെ പ്രസിഡണ്ട് പിയെരേ ബുയോയാ പ്രവിശ്യാഗവർണർമാരുമായി ഒരു മീററിംഗ് നടത്തി. ആ മീററിംഗിനു പിന്നാലെ യഹോവയുടെ സാക്ഷികൾക്കെതിരെ ദുഷ്ടവും വ്യാപകവുമായ മതപീഡനം പൊട്ടിപ്പുറപ്പെട്ടു. പുരുഷൻമാരും സ്ത്രീകളും കുട്ടികൾപോലും നിയമവിരുദ്ധ അറസ്ററുകൾക്കും പ്രഹരങ്ങൾക്കും ദണ്ഡനത്തിനും പട്ടിണിക്കും ഇരകളായി.
ഈ നാളിലും യുഗത്തിലും അത്തരം ക്രൂരതകൾ നടക്കുന്നതുതന്നെ ലജ്ജാവഹമാണ്. എന്നിരുന്നാലും, ബറുണ്ടിയിലെ ക്രിസ്ത്യാനികളുടെ പീഡനം വിശേഷാൽ നിന്ദ്യമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അത് മതസ്വാതന്ത്ര്യവാഗ്ദാനത്തിന്റെ ഒരു ലംഘനമാണ്.
ഭരണകൂടം തള്ളിപ്പറയുന്നു
ബറുണ്ടി മദ്ധ്യരേഖക്കു തൊട്ടു തെക്കുമാറി കിടക്കുന്ന ഒരു വിദൂര ആഫ്രിക്കൻരാജ്യമാണ്, എന്നാൽ ഈ പർവതരാജ്യത്ത് ശീതളവും ഉല്ലാസപ്രദവുമായ ഒരു കാലാവസ്ഥയാണുള്ളത്. (ഭൂപടം കാണുക.) ഗോളത്തിനു ചുററുമുള്ള ചുരുക്കം ചിലരേ 1988 വരെ ബറുണ്ടിയുടെ അസ്തിത്വത്തെക്കുറിച്ച് അറിഞ്ഞിരുന്നുള്ളു, അന്ന് അത് ലോകത്തിലെ വാർത്താതലക്കെട്ടുകൾ പിടിച്ചെടുത്തു. ആ കാലത്ത് തുട്സി, ഹുടു എന്നിങ്ങനെയുള്ള അവിടത്തെ രണ്ട് പ്രമുഖ വംശീയ സംഘങ്ങൾ തമ്മിൽ രക്തരൂഷിതമായ തർക്കം പൊട്ടിപ്പുറപ്പെട്ടു. ഇത് അനേകരുടെയും മനസ്സിൽ ബറുണ്ടിയെസംബന്ധിച്ച് ഒരു നിഷേധാത്മക ധാരണ ഉളവാക്കിയെന്നതിനു സംശയമില്ല.
എന്നിരുന്നാലും, ഈ പുരോഗതിയുള്ള രാജ്യത്തെക്കുറിച്ച് പല നല്ല കാര്യങ്ങളും പറയാനുണ്ട്. അവിടത്തെ ജനങ്ങൾ ഉത്സാഹമുള്ളവരും കഠിനാദ്ധ്വാനികളുമാണ്. ന്യൂയോർക്ക് ടൈംസ് മാഗസിനിലെ ഒരു ലേഖനം കൂടുതലായി ഇങ്ങനെ പ്രസ്താവിക്കുന്നു: “ബറുണ്ടി ദരിദ്രമാണെങ്കിലും ഒരു സന്ദർശകന് പ്രകടമാകുന്ന വിവിധ വിധങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ലോകബാങ്കിന്റെ റസിഡണ്ട് പ്രതിനിധിയായ മോറിസ് ഗർവായിസ് അതിനെ ‘വളരെ ഉന്നതമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു രാജ്യം’ എന്നു വിളിക്കുന്നു.”
എന്നിരുന്നാലും, ബറുണ്ടിയിലെ മതപരമായ അവസ്ഥ ഈ ശുഭാപ്തിവിശ്വാസത്തോടുകൂടിയ വീക്ഷണത്തെ ഭീഷണിപ്പെടുത്തുകയാണ്. ഏതാണ്ട് 80 ശതമാനം ക്രിസ്ത്യാനികളാണെന്ന് അവകാശപ്പെടുന്നു, ഭൂരിപക്ഷവും കത്തോലിക്കർ. എന്നിട്ടും അവിടത്തെ രാഷ്ട്രീയ ഘടകങ്ങൾ മതവിരോധത്തിന്റെ ഒരു ദുസ്സഹമായ ശീലം വളർത്തിയെടുത്തിരിക്കുന്നു. 1985 ഒക്ടോബർ 16-ന് ക്രിസ്ത്യൻ സെഞ്ചുറി ഇങ്ങനെ റിപ്പോർട്ടുചെയ്തു: “കഴിഞ്ഞ വർഷം ബറുണ്ടി ഗവൺമെൻറ് സഭയുടെ അസ്തിത്വത്തിന് തുരങ്കംവെക്കുന്നതിന് ലക്ഷ്യംവെച്ചുകൊണ്ടുള്ള ഒട്ടേറെ നടപടികൾ തുടങ്ങി . . . പരസ്യാരാധനക്കും സ്വകാര്യമായ ആരാധനക്കും പ്രാർത്ഥനക്കുമുള്ള അവകാശം കർശനമായി വെട്ടിച്ചുരുക്കിയിരിക്കുന്നു. ചില വിഭാഗങ്ങളുടെ സകല പള്ളികളും . . . അടക്കുകയും പ്രവർത്തിപ്പിക്കരുതെന്നു വിലക്കുകയും ചെയ്തിരിക്കുന്നു; . . . ഡസൻകണക്കിന് ഒററപ്പെട്ട ക്രിസ്ത്യാനികൾ അറസ്ററ്ചെയ്യപ്പെട്ടിരിക്കുന്നു, ചിലർ ദണ്ഡിപ്പിക്കപ്പെടുകപോലും ചെയ്തിരിക്കുന്നു . . . എല്ലാം തങ്ങളുടെ മതാചാരം പുലർത്തിയതുകൊണ്ടുതന്നെ.”
പ്രസിഡണ്ട് പിയെരേ ബുയോയായുടെ നേതൃത്വത്തിൽ 1987 സെപ്ററംബറിൽ ഒരു പുതിയ ഗവൺമെൻറ് അധികാരത്തിൽ വന്നപ്പോൾ പ്രത്യാശ ശക്തിപ്പെട്ടു. പുതിയ പ്രസിഡണ്ട് തന്റെ രാഷ്ട്രത്തിന് മതസ്വാതന്ത്ര്യം വാഗ്ദാനം ചെയ്തു, അദ്ദേഹം തന്റെ വാക്കു പാലിക്കാൻ പെട്ടെന്നുതന്നെ നടപടികൾ സീകരിച്ചു. യു.എസ്. സ്റേറററ് ഡിപ്പാർട്ട്മെൻറിന്റെ ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “പ്രസിഡണ്ട് ബുയോയാ അധികാരത്തിലിരുന്ന ആദ്യ വർഷം സ്ഥാപിത മതത്തോടുള്ള ബറുണ്ടിയുടെ നയങ്ങളിൽ ഗണ്യമായ മാററങ്ങൾ വരുത്തുകയും [മുൻ ഭരണകൂടത്തിൻകീഴിലെ] മതസ്വാതന്ത്ര്യധ്വംസനത്തെ പിമ്പോട്ടടിക്കുകയുംചെയ്തു. ബുയോയാ എല്ലാ മത തടവുകാരെയും വിട്ടയക്കുകയും അടച്ചിട്ട പള്ളികൾ തുറക്കുകയും ചെയ്തു; കണ്ടുകെട്ടിയ പള്ളിവസ്തുക്കൾ മടക്കിക്കൊടുത്തു.” ഈ പ്രബുദ്ധമായ നടപടികൾ പ്രസിഡണ്ട് ബുയോയായിക്ക് ലോകമാസകലമുള്ള സ്വാതന്ത്ര്യപ്രേമികളുടെ ആദരവു നേടിക്കൊടുത്തു.
അപ്പോൾപ്പിന്നെ അടുത്ത കാലത്ത് മതമർദ്ദനത്തിന്റെ ലക്ഷ്യമായി യഹോവയുടെ സാക്ഷികളെ ഒററപ്പെടുത്തിയതെന്തിനാണ്?
യഹോവയുടെ സാക്ഷികൾ—അംഗീകാരത്തിനുവേണ്ടി പോരാട്ടം
പല നൂററാണ്ടുകൾകൊണ്ട് കത്തോലിക്കാസഭ “സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു സത്തയായി പരിണമിച്ചിരിക്കുന്നു”വെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്യുന്നു. രാജ്യത്തെ കോളനിവാഴ്ചയുടെ നാളുകളിൽ “ഫലത്തിൽ രാജ്യത്തെ ഭരിക്കാൻ” സഭ അനുവദിക്കപ്പെട്ടു, “ആരോഗ്യരക്ഷയും വിദ്യാഭ്യാസവും പ്രദാനംചെയ്യുന്നതിൽ മുഖ്യപങ്ക് അത് വഹിച്ചപ്പോൾതന്നെ.” അപ്പോൾ, ഗവൺമെൻറ് സംഘടിതമതത്താൽ ഭീഷണിപ്പെടുത്തപ്പെടുന്നതായി വിചാരിച്ചിരിക്കാം, അതിൽ അതിശയിക്കാനില്ല.
എന്നിരുന്നാലും, 1963-ൽ യഹോവയുടെ സാക്ഷികൾ ബറുണ്ടിയിൽ തങ്ങളുടെ പൊതു സുവിശേഷിക്കൽവേല തുടങ്ങിയപ്പോൾ അവർ സംസ്ഥാനത്തിന്റെ കാര്യങ്ങളിൽ ഇടപെടാൻ യാതൊരു ശ്രമവും ചെയ്തില്ല. പകരം അവർ “രാജ്യത്തിന്റെ ഈ സുവാർത്ത” പ്രസംഗിക്കുന്നതിൽ തങ്ങളുടെ വേല ഒതുക്കിനിർത്തുകയാണ് ചെയ്തത്. (മത്തായി 24:14) സത്യക്രിസ്ത്യാനികൾ “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കണമെന്ന് ബൈബിൾ പറയുന്നതുകൊണ്ട് യഹോവയുടെ സാക്ഷികൾ രാഷ്ട്രീയമായി നിഷ്പക്ഷരായി നിലകൊണ്ടു, ലോകമാസകലമുള്ള യഹോവയുടെ സാക്ഷികൾ സ്വീകരിക്കുന്ന നിലപാടാണിത്.—യോഹന്നാൻ 17:16.
യഹോവയുടെ സാക്ഷികൾ രാഷ്ട്രീയപാർട്ടികളിൽ ചേരുന്നതിൽനിന്നും രാഷ്ട്രീയപാർട്ടികളുടെ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിൽനിന്നും മനസ്സാക്ഷിപൂർവം ഒഴിഞ്ഞുനിന്നു. ഈ നിഷ്പക്ഷ നിലപാട് ദേശഭക്തിയുടെ അഭാവമാണെന്നോ അട്ടിമറിയെ പ്രതിബിംബിപ്പിക്കുന്നതാണെന്നോ ഗവൺമെൻറുകൾ മിക്കപ്പോഴും തെററിദ്ധരിച്ചിരിക്കുന്നു. എന്നാൽ വാസ്തവമതല്ല. ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ മാതൃകായോഗ്യരും നിയമമനുസരിക്കുന്നവരുമായ പൗരൻമാരാണെന്ന് അറിയപ്പെടുന്നു. അവർ ലൗകിക ഗവൺമെൻറുകൾക്ക് “കീഴ്പെട്ടിരിക്കുക” എന്ന ബൈബിൾകല്പന ഗൗരവമായി എടുക്കുന്നു. (റോമർ 13:1) പതാകപോലെയുള്ള ദേശീയ ചിഹ്നങ്ങളെ വന്ദിക്കുകയോ ഏതെങ്കിലും വിധത്തിൽ അവയോട് ഭക്ത്യാദരവുകാട്ടുകയോ ചെയ്യുന്നതിൽനിന്ന് പിൻമാറുന്നുവെങ്കിലും അവർ അങ്ങനെയുള്ള ചിഹ്നങ്ങളോട് അനാദരവോടെ പെരുമാറുന്നില്ല.—പുറപ്പാട് 20:4, 5.
യഹോവയുടെ സാക്ഷികൾ 1975-ൽ തങ്ങളുടെ വേലയുടെ നിയമപരമായ അംഗീകരണത്തിനുവേണ്ടി അപേക്ഷിച്ചിരുന്നു. എന്നാൽ 1976-ൽ ഒരു സൈനികവിപ്ളവം ഗവൺമെൻറിനെ മറിച്ചിടുകയും പ്രസിഡണ്ട് ജീൻ ബാപ്ററിസ്റേറ ബഗാസായെ അധികാരത്തിലേററുകയും ചെയ്തു. അദ്ദേഹം ആരാധനാസ്വാതന്ത്ര്യം വാഗ്ദാനംചെയ്തു. എന്നിരുന്നാലും 1977-ൽ യഹോവയുടെ സാക്ഷികൾ ഔദ്യോഗികമായി നിരോധിക്കപ്പെട്ടു! ബഗാസാഗവൺമെൻറിനുവേണ്ടി കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കാൻ ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ ശ്രമംചെലുത്തി. എന്നാൽ എഴുത്തുകളും ഫ്രാൻസിലും ബൽജിയത്തിലുമുള്ള ബറുണ്ടിയുടെ എംബസികളിലേക്കുള്ള സന്ദർശനങ്ങളും ബറുണ്ടിയിലെ ഗവൺമെൻറ് ഉദ്യോഗസ്ഥൻമാരുമായുള്ള കൂടിക്കാഴ്ചകളുമെല്ലാം നിഷ്ഫലമെന്നു തെളിഞ്ഞു. 1987-ൽ ബറുണ്ടിയിലെ ഏതാണ്ട് 80 സാക്ഷികൾ—പുരുഷൻമാരും സ്ത്രീകളും—മാസങ്ങളോളം തടവിലാക്കപ്പെട്ടു. ഒരു സാക്ഷി അവിടെവെച്ച് മരണമടഞ്ഞു.
മതപീഡനത്തിന്റെ പൊട്ടിപ്പുറപ്പെടൽ
പ്രസിഡണ്ട് ബുയോയാ പ്രവിശ്യാഗവർണർമാരുമായി ഒരു മീററിംഗ് നടത്തിയശേഷം ബറുണ്ടിക്ക് നേരിടേണ്ടിവരുന്ന ഏററവും വലിയ പ്രശ്നങ്ങളിലൊന്ന് യഹോവയുടെ സാക്ഷികളുടെ വികസനമാണെന്ന് റേഡിയോയിലൂടെ പ്രഖ്യാപിക്കപ്പെട്ടു. സൂചനപ്രകാരം പ്രവർത്തിക്കുന്നതുപോലെ ഉൾപ്രോവിൻസുകളിലെ ഗവർണർമാർ പീഡനത്തിന്റെ ഒരു തരംഗം ഇളക്കിവിട്ടു. വിശദാംശങ്ങൾ ഇപ്പോഴും തുച്ഛമാണെങ്കിലും അവിടെ നടക്കുന്നതിന്റെ ഒരു ഏകദേശ രൂപം പിൻവരുന്ന റിപ്പോർട്ടുകൾ നൽകും:
ഗിത്തെഗാ പ്രവിശ്യ: യഹോവയുടെ സാക്ഷികളെയെല്ലാം അറസ്ററുചെയ്യാൻ പോലീസും ജനങ്ങളും സംഘടിപ്പിക്കപ്പെടാൻ ഗവർണർ വൈവസ് മിനാനി ആജ്ഞാപിച്ചു. 1989 മാർച്ച് 22 സന്ധ്യാസമയത്ത് സുരക്ഷാപോലീസ് ഏജൻറൻമാർ ഇൻറിബാററാമാബി എഡ്മണ്ടിന്റെ ഭവനത്തിൽ ഭേദിച്ചുകടക്കുകയും അയാളെ അറസ്ററുചെയ്യുകയും ചെയ്തു, അയാൾ ഒരു സ്പെഷ്യൽ പയനിയർ ശുശ്രൂഷകനായിരുന്നു. അയാളെ ജയിലിലിട്ടിരുന്നപ്പോൾ അയാൾക്ക് ഭക്ഷണം കൊടുത്തില്ല. അയാൾ പല വട്ടം വിശപ്പുകൊണ്ടു മോഹാലസ്യപ്പെട്ടു. യഹോവയുടെ സാക്ഷികൾ രക്തം ഭക്ഷിക്കുമെന്നുള്ള ഒരു കിംവദന്തി സ്ഥിരീകരിക്കാനുള്ള ഒരു ശ്രമത്തിൽ അയാളെ ദണ്ഡനത്തിനു വിധേയമാക്കുകയും ചെയ്തു—ദ്രോഹകരമായ ഒരു വ്യാജമായിരുന്നു അത്!
എഡ്മണ്ടിന്റെ അറസ്ററിനുശേഷം, ഇൻറിക്കരാഹെരാ എയ്റനും ഇൻറിപിറംഗസാ പ്രൈമും അറസ്ററ്ചെയ്യപ്പെടുകയും ഗിത്തെഗായിലെ തുറുങ്കിലിടപ്പെടുകയും ചെയ്തു. അവരും യഹോവയുടെ സാക്ഷികളായിരുന്നു. അവരോടും സമാനമായി ക്രൂരമായി പെരുമാറി.
പല സഭകൾ സന്ദർശിക്കുന്ന ഒരു സഞ്ചാര ശുശ്രൂഷകനായ സർക്കിട്ട് മേൽവിചാരകന്റെ ഭാര്യയായ നിജിംബെരെ ഷാർലററ് തന്റെ ക്രിസ്തീയ സഹോദരൻമാരുടെ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കി. അവർ ജയിലിലേക്കു ആഹാരം കൊണ്ടുപോകാൻ ശ്രമിച്ചു, എന്നാൽ 1989 മാർച്ച് 16-ന് അറസ്ററ് ചെയ്യപ്പെടുകയും അവരുടെ ഭർത്താവിൻമേൽ കൈവെക്കാനുള്ള ഒരു ശ്രമത്തിൽ ബന്ദിയായി നിർത്തപ്പെടുകയുംചെയ്തു.
മുരംവ്യാ പ്രവിശ്യ: ഗവർണർ ആന്റോയിൻ ബാസാ തന്നെ വന്നുകാണാനും ചോദ്യങ്ങൾക്ക് ഉത്തരം പറയാനും, അറിയപ്പെടുന്ന സാക്ഷികൾക്കെല്ലാം സമൻസ് അയച്ചു. മാർച്ച് 4-ന് ഒരു സംഘം ആ അപേക്ഷയനുസരിച്ചു പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ആദരപൂർവം ഉത്തരം പറഞ്ഞെങ്കിലും രാഷ്ട്രീയ കക്ഷികളുടെ മുദ്രാവാക്യം വിളിക്കാൻ അവർ വിസമ്മതിച്ചു.
ഇതിനോടുള്ള പ്രതികരണമായി യഹോവയുടെ സാക്ഷികളെ ആക്രമിക്കാൻ ഗവർണർ സ്ഥലവാസികളെ ഇളക്കിവിട്ടു. മാർച്ച് 16-ന് പോലീസ് അറിയപ്പെടുന്ന സാക്ഷികളുടെ വീടുകളിൽ പ്രവേശിക്കുകയും പാർട്ടിമുദ്രാവാക്യങ്ങൾ വിളിക്കാൻ വിസമ്മതിച്ചതിൻപേരിൽ പുരുഷൻമാരെയും സ്ത്രീകളെയും തല്ലാൻ തുടങ്ങുകയുംചെയ്തു. ഒരു സാക്ഷിയുടെ കട പിടിച്ചെടുക്കുകയും അടക്കുകയുംചെയ്തു—അങ്ങനെ ഒരു കുടുംബത്തിന്റെ ഉപജീവനം മുട്ടിച്ചു.
തങ്ങളുടെ വിശ്വാസം തള്ളിപ്പറയാൻ വിസമ്മതിച്ചതുകൊണ്ട് മാർച്ച് 17-ന് നാലു സ്ത്രീകൾ പ്രഹരിക്കപ്പെട്ടു. അവർ വാതായനങ്ങളില്ലാഞ്ഞ ഒരു തടവറയിലിടപ്പെട്ടു, അവരിലൊരാൾ 20 ദിവസം പ്രായമുള്ള ഒരു ശിശുവിന്റെ മാതാവായിരുന്നിട്ടും.
മാർച്ച് 20-ന് ഒരു ജനക്കൂട്ടം വടികളും പന്തങ്ങളുമേന്തി ചില വനിതാസാക്ഷികളുടെ വീടുകളിൽ കയറി അവരെ തല്ലുകയും വീട്ടിൽനിന്ന് ഓടിക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ടവരിൽ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചിരുന്ന 75 വയസ്സുള്ള ഒരു സ്ത്രീയും 14 വയസ്സിൽ താഴെയുള്ള പല ബാലികമാരും ഉണ്ടായിരുന്നു!
ന്യാബിഹംഗാ പ്രൈമറിസ്ക്കൂൾ ഡയറക്ടറായ പിയെരെ കിബിനാ-കൻവാ രാഷ്ട്രത്തിന്റെ പതാകയെ വന്ദിക്കാൻ സാക്ഷികളായ സ്ക്കൂൾ കുട്ടികളെ നിർബന്ധിച്ചു. അതു സാധിക്കാഞ്ഞപ്പോൾ അയാൾ അവരെ ഇറക്കിവിട്ടു. ആ പട്ടണത്തിലെ 22 സാക്ഷികൾ തങ്ങൾക്കുള്ളതെല്ലാം പിമ്പിൽ വിട്ടിട്ട് ഓടാൻ നിർബന്ധിതരായി. അറസ്ററുചെയ്യപ്പെട്ടവരിൽ ഇൻഡയാസെംഗാ ലിയോനിഡാസ്, കാനിയാംബോ ലീയാർഡ്, ഇൻടാഹോർവാമാമിയെ അബേദ്നെഗോ, ബാങ്കാംഗുമുരുണ്ടി പി., കാഷി ഗ്രിഗോയിർ, ഇംഭോനിഹാകുയെ താടി എന്നിവരുണ്ടായിരുന്നു.
ബുജുംബുരാ പ്രവിശ്യ: മുഹുട്ടാ, നാഹിമനാ മക്കയർ സമുദായത്തിന്റെ ഭരണാധിപൻ കാവുൻസോ വിൻസൻറ്, ഇൻഡാബസാനിയെ സിൽവെസ്ററർ, ഇൻഡിസ്വി-ഇൻസാനിയെ എന്നിവരെ ഒരു മീററിംഗിനു വരുത്തി—എല്ലാവരും സാക്ഷികൾതന്നെ. അവിടെവെച്ച് അദ്ദേഹം 1988 ആഗസ്ററിൽ നടന്ന ഒരു വംശകലാപത്തിൽ അവർ ഉൾപ്പെട്ടിരുന്നതായി ആരോപിച്ചു. വ്യക്തമായും യഹോവയുടെ സാക്ഷികൾ ഉൾപ്പെട്ടിരുന്നില്ലെങ്കിലും പ്രഹരങ്ങളും അറസ്ററുകളും തുടർന്നുണ്ടായി.
ബുബൻസാ പ്രവിശ്യ: ബൈബിൾസാഹിത്യം കൈവശംവെച്ചുകൊണ്ടിരുന്നതുകൊണ്ടുമാത്രം രണ്ടു സാക്ഷികൾ അറസ്ററ്ചെയ്യപ്പെട്ടു. പാർട്ടിസല്യൂട്ട് നടത്താൻ അവർ വിസമ്മതിച്ചപ്പോൾ ഗവർണർ കിംബുസാ ബാൾത്തസർ അവരെ ഒരു മിലിട്ടറി ക്യാമ്പിലേക്ക് അയപ്പിച്ചു. അവിടെ അവരുടെ വിരലുകൾ തകർത്തുകൊണ്ട് അവരെ ദണ്ഡിപ്പിച്ചു.
നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
ഈ അപമര്യാദകളിൽ അധികവും നടന്നിരിക്കുന്നത് വിദേശ നിരീക്ഷകരുടെ ദൃഷ്ടിയിൽനിന്ന് അകന്ന് ഉൾപ്രദേശത്താണ്. എന്നിരുന്നാലും, ഈ ലേഖനത്തിന്റെ 1 കോടി 30 ലക്ഷത്തിലധികം പ്രതികൾ 105 ഭാഷകളിൽ ലോകത്തിലെങ്ങുമായി വിതരണം ചെയ്യപ്പെടും. ബറുണ്ടിയിലെ ക്രൂരതകൾ മേലാൽ രഹസ്യമായിരിക്കുകയില്ല. മനുഷ്യാവകാശത്തിന്റെ ഇത്തരം കുപ്രസിദ്ധമായ ലംഘനങ്ങളിൽ സമാധാനപ്രേമികളായ ആളുകൾ ഞെട്ടിപ്പോകും—ഈ അവകാശങ്ങൾക്കുവേണ്ടി ആയിരക്കണക്കിന് ആഫ്രിക്കക്കാർ പോരാടിയിട്ടുണ്ട്.
അങ്ങനെ മതസ്വാതന്ത്ര്യവാഗ്ദാനം പാലിക്കാത്തതിൽ ബറുണ്ടി വളരെയധികം അപകടം വരുത്തിക്കൂട്ടുകയാണ്. അത് കഠിനാദ്ധ്വാനത്താൽ നേടിയ പുരോഗതിയുള്ളതും കഠിനാദ്ധ്വാനംചെയ്യുന്നതുമായ ഒരു ജനതയെന്ന കീർത്തിയെ നഷ്ടപ്പെടുത്തുന്നതിന്റെ അപകടമുണ്ട്. മതഭ്രാന്തുപിടിച്ച മതപീഡകർ എന്നു വീക്ഷിക്കപ്പെടുന്നതിന്റെ ബാദ്ധ്യത ബറുണ്ടി ആഗ്രഹിക്കുന്നുണ്ടോ? ഇല്ലെന്ന് ഞങ്ങൾ വിചാരിക്കുന്നു. പ്രസിഡണ്ട് ബുയോയാ തന്റെ ഉപദേശകരാൽ വഴിതെററിക്കപ്പെട്ട് ഹീനമായി തെററിദ്ധരിച്ചിരിക്കുന്നുവെന്ന് ഊഹിക്കാനേ ഞങ്ങൾക്കു കഴിയുന്നുള്ളു.
യഹോവയുടെ സാക്ഷികൾക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ യുക്തിഹീനമായ വികാരങ്ങൾ ആളിക്കത്തിക്കാൻ ഉദ്ദേശിച്ചുള്ള വിഡ്ഢിത്തമായ വ്യാജങ്ങൾ മാത്രമാണ്. യഹോവയുടെ സാക്ഷികൾ ബറുണ്ടിയിലെ ഗവൺമെൻറിനോ മറേറതെങ്കിലും ഗവൺമെൻറിനോ സുരക്ഷിതത്വഭീഷണിയല്ല. അവർ ദേശീയ ചിഹ്നങ്ങളെ ആദരിക്കുന്ന സമാധാനകാംക്ഷികളും നിയമമനുസരിക്കുന്നവരുമാണ്. കിംവദന്തിക്കു വിപരീതമായി ഏതെങ്കിലും രൂപത്തിൽ രക്തം കയററാൻ അവർ തികച്ചും വിസമ്മതിക്കുന്നു—അവരുടെ ജീവൻ അപകടത്തിലായിരിക്കുമ്പോൾപോലും.—പ്രവൃത്തികൾ 15:28, 29.
അതുകൊണ്ട് ലോകമാസകലമുള്ള സത്യക്രിസ്ത്യാനികൾ ബറുണ്ടിയിലെ തങ്ങളുടെ സഹോദരൻമാർക്കുവേണ്ടി ഒററക്കെട്ടായി പ്രാർത്ഥിക്കും. (1 തിമൊഥെയോസ് 2:1, 2) അനേകം വായനക്കാരും മതപീഡനം അവസാനിപ്പിക്കണമെന്നും യഹോവയുടെ സാക്ഷികൾക്ക് ഒരു സ്ഥാപിതമതമെന്നനിലയിൽ ഔദ്യോഗിക അംഗീകാരം കൊടുക്കണമെന്നും ആദരപൂർവം അഭ്യർത്ഥിച്ചുകൊണ്ട് പ്രസിഡണ്ട് പിയെരേ ബുയോയക്ക് നേരിട്ട് എഴുതാനും പ്രേരിപ്പിക്കപ്പെടും. ലോകത്തിന്റെ ദൃഷ്ടിയിൽ മാന്യത വീണ്ടെടുക്കണമെങ്കിൽ ബറുണ്ടി ന്യായബോധത്തിന് വഴങ്ങേണ്ടതാണ്. (w89 8/15)
His Excellency Major Pierre Buyoya
President of the Republic of Burundi
Bujumbura
REPUBLIC OF BURUNDI
[8-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
റുവാണ്ടാ
സയർ
ബറുണ്ടി
ററാൻസാനിയാ
താങ്കനീക്കാ തടാകം