ലോകസമാധാന സ്വപ്നം—ഒരു വികലദർശനം
ലോകസമാധാന സാദ്ധ്യതകളെപ്രതിയുള്ള ശുഭപ്രതീക്ഷക്ക് ശക്തിയാർജ്ജിച്ചുകൊണ്ടിരിക്കുന്നു. ദി റെറാറൊണ്ടോ സ്ററാറിനുവേണ്ടിയുള്ള തന്റെ പംക്തിയിൽ കരോൾ ഗോർ ഇങ്ങനെ എഴുതി: “അഫ്ഗാനിസ്ഥാൻ തൊട്ട് അംഗോളവരെ സമാധാനസന്ധികൾ പെരുകുന്നു. അമർച്ചചെയ്യാനാകാത്തതായി കുറെ മാസങ്ങൾക്കു മുമ്പ് തോന്നിയിരുന്ന പ്രാദേശിക ഭിന്നതകൾ ശമനലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയിരിക്കുന്നു. ഐക്യരാഷ്ട്രങ്ങൾ ഹൃദയാനന്ദകരമായ പുനർജ്ജനനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഗോർ പറയുന്നപ്രകാരം “പ്രത്യാശയുടെ ആഗോളവ്യാപന”ത്തിന് ഉദയം നൽകി. അതുപോലെ യു. എസ്. എ ററുഡേയിലെ ഒരു മുഖപ്രസംഗം ഇങ്ങനെ ഉദ്ഘോഷിച്ചു: “ലോകമെമ്പാടും സമാധാനം പൊട്ടിവിടരുന്നു.”
അടുത്തയിടയിൽ വിശേഷ ശ്രദ്ധ പിടിച്ചുപററിയ ഒരു കാര്യമാണ് “സോവ്യററ് യൂണിയനും ഐക്യനാടുകൾക്കുമിടയിൽ നടന്നുകൊണ്ടിരിക്കുന്ന പുനരൈക്യം എന്ന് യൂ. എൻ. ക്രോണിക്കിൾ വർണ്ണിച്ച സംഗതി.” “പട്ടാള പിൻമാററം, പൂർവയൂറോപ്പിലെ ഉദ്വേഗജനകങ്ങളായ സംഭവങ്ങൾ, പടയുടെയും പടക്കോപ്പിന്റെയും വെട്ടിച്ചുരുക്കലിനെക്കുറിച്ചുള്ള സംസാരം—തങ്ങളുടെ ആയുധപന്തയത്തിന് വൻശക്തികൾ ഒടുവിൽ കടിഞ്ഞാണിടും എന്ന പ്രതീക്ഷയെ ഈ സംഭവവികാസങ്ങൾ തൊട്ടുണർത്തിയിരിക്കുന്നു. റിപ്പോർട്ടനുസരിച്ച് സൈനികച്ചെലവുകൾ സാമ്പത്തികശേഖരത്തിൽനിന്ന് പ്രതിവർഷം 8,50,000 ദശലക്ഷം ഡോളർ ഊററിക്കളയുന്ന ഒരു ലോകത്ത് ഇത് അത്യന്തം സ്വാഗതാർഹമായ ഒരു പ്രത്യാശയാണ്.
എങ്കിലും ലോകസമാധാനമെന്ന മാനവസ്വപ്നം യാഥാർത്ഥ്യമായിത്തീരാനുള്ള സാദ്ധ്യതകൾ എത്രത്തോളമുണ്ട്? ഏററവും ശുഭപ്രതീക്ഷയുള്ള നിരീക്ഷകർ പോലും സമ്മതിച്ചുപറയുന്നത് ആയുധങ്ങൾ വെട്ടിച്ചുരുക്കുന്നതിൽനിന്ന് ഒരു വലിയ കുതിപ്പപ്പുറമാണ് ആയുധനിർമ്മാർജ്ജനമെന്നാണ്. ന്യൂക്ലിയർ നിരായുധീകരണത്തിന് മുമ്പെങ്ങുമുണ്ടായിരുന്നിട്ടില്ലാത്ത പരസ്പരവിശ്വാസം ആവശ്യമാണ്. ദുഃഖകരമെന്ന് പറയട്ടെ, വൻശക്തികൾക്കു പക്ഷേ പരസ്പര അവിശ്വാസത്തിന്റെ ഒരു നീണ്ട ചരിത്രമാണുള്ളത്. ബൈബിളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നതുപോലെ, ഈ യുഗം മനുഷ്യർ “യാതൊരു യോജിപ്പിനും വഴങ്ങാത്തവർ” [“സന്ധിഭഞ്ജകർ,” ജെയിംസ് രാജാവിന്റെ ഭാഷാന്തരം] എന്ന് തെളിയിച്ചിരിക്കുന്ന ഒന്നായിട്ടാണിരുന്നിട്ടുള്ളത്.—2 തിമൊഥെയോസ് 3:3.
മാത്രവുമല്ല, ന്യൂക്ലിയർ ആയുധങ്ങളുടെ നിർമ്മാർജ്ജനം സമാധാനം കൈവരുത്തുമെന്ന് എല്ലാവർക്കും ബോദ്ധ്യമില്ല. രാഷ്ട്രങ്ങൾ തങ്ങളുടെ ന്യൂക്ലിയർ ആയുധശേഖരങ്ങളെ പാഴായ്ത്തള്ളാൻ അവരെ പ്രേരിപ്പിക്കാൻ കഴിഞ്ഞാൽതന്നെ സാധാരണ ആയുധങ്ങൾക്ക് അപ്പോഴും വളരെ കാര്യക്ഷമമായി കൊലചെയ്യാൻ കഴിയും. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ ഈ വസ്തുതക്ക് ദാരുണമായ സാക്ഷ്യം വഹിക്കുന്നു. കൂടാതെ, ന്യൂക്ലിയർ ആയുധങ്ങൾ പുനരുത്പാദിപ്പിക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യ പിന്നെയും അവശേഷിക്കും—ഒരുക്കത്തോടെ രാഷ്ട്രീയ സംഘർഷങ്ങളുടെ ആദ്യലക്ഷണത്തിനായ് കാത്തുകൊണ്ടുതന്നെ. രാഷ്ട്രീയ ശാസ്ത്രജ്ഞനായ റിച്ചാർഡ് നെഡ് ലെബോയെപ്പോലുള്ള ചിലർ ഇങ്ങനെ പോലും വാദിക്കുന്നു: “ന്യൂക്ലിയർ ആയുധങ്ങൾ കുറെയൊക്കെ സൂക്ഷിക്കുന്നത് ജനത്തെ കരുതലുള്ളവരാക്കി നിർത്താൻ ഉപകരിച്ചേക്കും.”
പക്ഷേ ന്യൂക്ലിയർ ആയുധങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ന്യൂക്ലിയർ സർവനാശത്തിന്റെ പേക്കിനാവ് സമാധാനപ്രാപ്തിയുടെ ഏത് അവകാശവാദത്തെയും പരിഹാസ്യമാക്കി മാററും; ദശലക്ഷക്കണക്കിനാളുകളുടെ ദൈനംദിന ജീവിതത്തിൽനിന്ന് സമാധാനം കവർന്നുകളയുന്ന സൈനികമല്ലാത്ത പ്രശ്നങ്ങളുടെ തുടർച്ചയും ഇതുതന്നെ ചെയ്യും. യു. എൻ. സെക്രട്ടറി ജനറൽ ജാവിയർ പെരെസ് ഡി ക്വെയാർ “ഭവനരഹിതരോ തികച്ചും അപര്യാപ്തമായ പാർപ്പിടസൗകര്യങ്ങളിൽ ജീവിക്കുന്നവരോ ആയ ലക്ഷക്കണക്കിനു വരുന്ന നമ്മുടെ സഹപൗരൻമാരുടെ ശോച്യസ്ഥിതിയെപ്പററി സംസാരിച്ചു. പ്രശ്നം അടിക്കടി വഷളായിക്കൊണ്ടിരിക്കുന്നു.” സാമ്പത്തിക വികസ്വരാവസ്ഥ “മനുഷ്യരാശിയുടെ മൂന്നിൽ രണ്ടു ഭാഗത്തെ മഥിച്ചുകൊണ്ടിരിക്കുന്നു, ചില കേസുകളിൽ യുദ്ധമേൽപ്പിച്ച യാതനകളിൽനിന്ന് വേറിട്ട് തിരിച്ചറിയാനാവാത്തത്ര മോശമായ തലങ്ങളോളം ദാരിദ്ര്യവും അനാഥത്വവും അധഃപതിച്ചിരിക്കുന്നു”വെന്ന് യൂ.എൻ. ക്രോണിക്കിൾ കൂടുതലായി റിപ്പോർട്ടുചെയ്യുന്നു. നിർണ്ണയംചെയ്യപ്പെട്ട 1 കോടി 20 ലക്ഷം അഭയാർത്ഥികളുടെ അവസ്ഥയെന്ത്? യുദ്ധായുധ വെട്ടിച്ചുരുക്കലോ സമ്പൂർണ്ണ നിരായുധീകരണം പോലുമോ അവരുടെ ജീവിതത്തിൽ സമാധാനം കൈവരുത്തുമോ?
സ്പഷ്ടമായി, ലോകസമാധാനം എന്ന മനുഷ്യസ്വപ്നം ഒരു വികലദർശനമാണ്—മങ്ങിയതും ഇടുങ്ങിയതും പരിമിതവും തന്നെ. ഒരു മികവേറിയ സമാധാന സാദ്ധ്യതയുണ്ടോ? തീർച്ചയായുമുണ്ട്. ഈ മാസികയുടെ 1991 ഓഗസ്ററ് 1-ലെ ലക്കത്തിൽ ബൈബിൾ ഒരു സുനിശ്ചിത സമാധാനപ്രതീക്ഷ പകർന്നുതരുന്നു എന്നു നാം കണ്ടു.a ഏതു മാനുഷപ്രതീക്ഷകളെയും കവിയുന്ന ഒരു സമാധാനം ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ യേശുക്രിസ്തു ഉടൻ കൈവരുത്തും. എന്നാൽ ഈ സമാധാനം മനുഷ്യവർഗ്ഗത്തിന് വാസ്തവത്തിൽ എന്തർത്ഥമാക്കും? അടുത്ത ലേഖനം ഇത് ചർച്ചചെയ്യും. (w90 4/15)
[അടിക്കുറിപ്പ്]
a “മനുഷ്യവർഗ്ഗത്തെ ആർ സമാധാനത്തിലേക്കു നയിക്കും?” എന്ന ഞങ്ങളുടെ 1991 ഓഗസ്ററ് ലക്കത്തിലെ ലേഖനം കാണുക.