ആളുകൾ പരിഹാരങ്ങൾ തേടുന്നു
“സുനിശ്ചിതമായ പരസ്പരനാശത്തിന്റെ ഉപദേശം അധാർമ്മികമാണ്. റഷ്യൻ സ്ത്രീകളെയും കുട്ടികളെയും കൊലചെയ്യാനുള്ള നമ്മുടെ പ്രാപ്തിയിൽ നമ്മുടെ സുരക്ഷിതത്വത്തെ അടിസ്ഥാനപ്പെടുത്തുന്നതിൽ എന്തോ ക്രൂരതയുണ്ട്, മോശംതന്നെയാണത്. അമൂർത്തവും ചരിത്രപരവും തെളിയിക്കപ്പെടാത്തതും യുക്തിഹീനവുമായ ഒരു സിദ്ധാന്തത്തിന്റെ ആവശ്യങ്ങൾ നിറവേററാൻ മാത്രം—അതു സാദ്ധ്യമെങ്കിൽ—നമ്മുടെ സ്വന്തം ആളുകളുടെ ന്യൂക്ലിയർ നാശത്തോടുള്ള വിധേയത്വത്തെ വർദ്ധിപ്പിക്കുന്നത് അതിനെക്കാൾ നിന്ദ്യമാണ്.” യു.എസ്. സെനററർ വില്യം ആംസ്ത്രോംഗ് പറഞ്ഞ ഈ വാക്കുകൾ തിരിച്ചടിക്കാനുള്ള പ്രാപ്തിയിലധിഷ്ഠിതമായ ഒരു പ്രതിരോധത്തെക്കുറിച്ച് അനേകം അമേരിക്കക്കാർക്കു തോന്നുന്ന പ്രയാസത്തെ പ്രതിഫലിപ്പിക്കുന്നു.
യു.എസ്. പ്രസിഡണ്ട് റീഗൻ 1983 മാർച്ചിൽ ഒരു ബദൽപദ്ധതിയെന്ന നിലയിൽ സ്ട്രാററീജിക്ക് ഡിഫൻസ് ഇനീഷ്യേററീവ് (SDI) നിർദ്ദേശിച്ചു, അതു കൂടുതലായും അറിയപ്പെടുന്നത് നക്ഷത്രയുദ്ധങ്ങൾ എന്നാണ്. അദ്ദേഹം പറഞ്ഞു: “നമുക്ക് ന്യൂക്ലിയർആയുധങ്ങൾ തന്ന ശാസ്ത്രീയ സമുദായം തങ്ങളുടെ വലിയ പ്രാപ്തികളെ മനുഷ്യവർഗ്ഗത്തിന്റെ ഉന്നതിക്കുവേണ്ടിയും ലോക സമാധാനത്തിനുവേണ്ടിയും ഉപയോഗിക്കാൻ, ഈ ന്യൂക്ലിയർ ആയുധങ്ങളെ അശക്തമാക്കാനും നിരുപയോഗപ്രദമാക്കാനുമുള്ള മാർഗ്ഗം നമുക്കു കാട്ടിത്തരാൻ ഞാൻ അവരെ ആഹ്വാനംചെയ്യുകയാണ്.”
അതിവിശിഷ്ട ഹൈ-ടെക്ക് ആയുധങ്ങൾ—എക്സ്റേ ലേസറുകളും വൈദ്യുത കാന്ത റയിൽ-ഗണ്ണുകളും കൈനററിക്ക്-കിൽ വാഹനങ്ങളും ന്യൂട്രൽ-പാർട്ടിക്കിൾ—ബീം ആയുധങ്ങളും വികസിപ്പിച്ചെടുക്കുന്നതിനെ ഭാവനയിൽ കണ്ടു—ശത്രുമിസൈലുകൾക്ക് ലക്ഷ്യത്തിലെത്താൻ കഴിയുന്നതിനുമുമ്പ് അവയെ ദുർബലമാക്കി അമേരിക്കയെയും അതിന്റെ സഖ്യകക്ഷികളെയും അവ പ്രതിരോധിക്കും.
എന്നിരുന്നാലും നക്ഷത്രയുദ്ധങ്ങളെക്കുറിച്ച് തുടക്കംമുതലേ പരക്കെ രൂക്ഷമായ തർക്കമുണ്ടായി. ഒരു നിശ്ചിത ആക്രമണത്തിനെതിരെ ചോർച്ചയില്ലാത്ത ഒരു “സംരക്തണക്കുട” സൃഷ്ടിക്കുന്നത് സാങ്കേതികശാസ്ത്രപരമായി അസാദ്ധ്യമാണെന്നും ചോർച്ചയുള്ള ഒരു “കുട” ന്യൂക്ലിയർ ആയുധങ്ങൾക്കെതിരെ ഉപയോഗശൂന്യമാണെന്നും എതിർപക്ഷം അവകാശപ്പെടുന്നു. നക്ഷത്രയുദ്ധപദ്ധതിയെ മുക്കിക്കളയാനും തുരങ്കംവെക്കാനും കഴിയുമെന്നും മനുഷ്യകരങ്ങളാലല്ല, കമ്പ്യൂട്ടറുകളാലേ അതു പ്രവർത്തിപ്പിക്കാൻ കഴിയൂ എന്നും അത് പല ആയുധനിയന്ത്രണ ഉടമ്പടികളെയും ലംഘിക്കുമെന്നും ഒരു താപീയ ആണവയുദ്ധത്തിനു വഴിമരുന്നിടുമെന്നും ഉള്ള വസ്തുത ഒഴിച്ചാൽ, . . . അത് മോശമായ പദ്ധതിയല്ല” എന്ന് മററു തടസ്സവാദങ്ങളെ സംഗ്രഹിച്ചുകൊണ്ട് ഒരു യു.എസ്. കോൺഗ്രസ് അംഗം പുച്ഛിച്ചുപറയുകയുണ്ടായി.
സോവ്യററ് യൂണിയനും ഒരു നക്ഷത്രയുദ്ധത്തെ ശക്തമായി എതിർക്കുന്നു. അമേരിക്കക്കാർ വാൾ പ്രയോഗിക്കാൻ കേവലം ഒരു മറ ആഗ്രഹിക്കുന്നുവെന്നേയുള്ളുവെന്ന് അവർ പറയുന്നു. പകരം, സോവ്യററുകൾ തങ്ങളുടെ സ്വന്തം നക്ഷത്രയുദ്ധപദ്ധതി രഹസ്യമായി വികസിപ്പിക്കുന്നുണ്ടെന്ന് യു.എസ്. ഉദ്യോഗസ്ഥൻമാർ കുററപ്പെടുത്തുന്നു.
എങ്ങനെയായാലും എസ്ഡിഐ വികസിപ്പിക്കാനും വിന്യസിക്കാനും അങ്ങേയററത്തെ ചെലവുണ്ടാകും. കണക്കുകൾ 12,600 കോടി യു. എസ്. ഡോളർ മുതൽ 1.3 ട്രില്യൻ വരെ എന്നാണ്. താരതമ്യപ്പെടുത്തുമ്പോൾ, മുഴു യു.എസ്. സംസ്ഥാനാന്തര ഹൈവേ പദ്ധതിക്കും 12,300 കോടി ഡോളറാണ് ചെലവ്! എന്നിരുന്നാലും, ഇപ്പോൾത്തന്നെ യു.എസ്. കോൺഗ്രസ്സ് എസ്ഡിഐ ഗവേഷണത്തിന് ശതകോടിക്കണക്കിനു ഡോളറുകൾ വകയിരുത്തിക്കഴിഞ്ഞു.
നിരായുധീകരണ പ്രതീക്ഷ
സോവ്യററ് പ്രതിരോധമന്ത്രാലയം പറയുന്നു: “ന്യൂക്ലിയർ നിരായുധീകരണമാണ് ന്യൂക്ലിയർ വിപത്തു തടയപ്പെടുമെന്നുള്ളതിന്റെ അത്യന്തം ആശ്രയയോഗ്യമായ ഉറപ്പ് എന്ന് സോവ്യററ് ജനതക്ക് ബോദ്ധ്യമുണ്ട്.” ഇവ സമുന്നത ആദർശങ്ങളാണെങ്കിലും ആയുധമത്സരം പൂർണ്ണവേഗതയിൽ തുടരുകയാണ്.
നിരായുധീകരണത്തിന്റെ അടിസ്ഥാന തടസ്സം? വിശ്വാസക്കുറവ്. യു.എസ്. പ്രതിരോധവകുപ്പിന്റെ ഒരു പ്രസിദ്ധീകരണമായ സോവ്യററ സൈനികശക്തി 1987, സോവ്യററ് യൂണിയൻ ‘ലോകാധിപത്യത്തിനു ശ്രമിക്കുന്ന’തായി കുററപ്പെടുത്തി. യു. എസ്. എസ്. ആർ പ്രതിരോധമന്ത്രാലയം പ്രസിദ്ധീകരിച്ച സമാധാനഭീഷണി എവിടെനിന്ന്? എന്ന പ്രസിദ്ധീകരണം ഐക്യനാടുകളുടെ “‘ലോകത്തെ ഭരിക്കാ’നുള്ള സാമ്രാജ്യത്വമോഹ”ത്തെക്കുറിച്ചു പറയുന്നു.
ആയുധനിയന്ത്രണസംഭാഷണങ്ങൾ വിളിച്ചുകൂട്ടുമ്പോൾപോലും ഇരു പക്ഷങ്ങളും സ്വാർത്ഥപരമായ ആന്തരങ്ങൾ സംബന്ധിച്ച് പരസ്പരം കുററപ്പെടുത്തുന്നു. അങ്ങനെ മേലുദ്ധരിച്ച സോവ്യററ് പ്രസിദ്ധീകരണം “ശക്തിയുടെ സ്ഥാനത്തുനിന്ന് അന്താരാഷ്ട്ര കാര്യങ്ങൾ നടത്താനുള്ള” ഒരു ശ്രമത്തിൽ ഐക്യനാടുകൾ “എല്ലാ മണ്ഡലങ്ങളിലും നിരായുധീകരണത്തിലേക്കുള്ള പുരോഗമനത്തെ തടസ്സപ്പെടുത്തുകയാണ്” എന്ന് അതിനെ കുററപ്പെടുത്തി.
ആയുധനിയന്ത്രണം “നിലവിലുള്ള സൈനികപ്രയോജനങ്ങളെ പൂട്ടി സൂക്ഷിക്കാനുള്ള” ഒരു സോവ്യററ്തന്ത്രം മാത്രമാണെന്ന് ഐക്യനാടുകൾ തിരിച്ചടിക്കുന്നു. “മാത്രവുമല്ല, ആയുധനിയന്ത്രണ സംഭാഷണങ്ങളെ സോവ്യററ് സൈനിക ലക്ഷ്യങ്ങളെ പുരോഗമിപ്പിക്കുന്നതിനും പാശ്ചാത്യ പ്രതിരോധനയങ്ങൾക്കും പരിപാടികൾക്കുമുള്ള പൊതുജനപിന്തുണക്കു തുരങ്കംവെക്കുന്നതിനുമുള്ള ഒരു മാർഗ്ഗമായിട്ടാണ് [മോസ്ക്കോ] കാണുന്നത്.”—സോവ്യററ സൈനികശക്തി 1987.
മദ്ധ്യസീമക മിസൈലുകൾ നീക്കംചെയ്യുന്നതിനുള്ള അടുത്ത കാലത്തെ യോജിപ്പ് മുന്നോട്ടുള്ള ഒരു വമ്പിച്ച ചുവടുവെപ്പാണെന്നു തോന്നുന്നു. യഥാർഥത്തിൽ ന്യൂക്ലിയർ ആയുധങ്ങൾ പരിമിതപ്പെടുത്താൻ മാത്രമല്ല കുറയ്ക്കാൻ ആദ്യമായി ഏർപ്പെടുന്ന ഉടമ്പടിയാണത്. എന്നിരുന്നാലും, അത്തരമൊരു ഉടമ്പടി ചരിത്രപ്രധാനമായാലും എല്ലാ ന്യൂക്ലിയർ ആയുധങ്ങളും നീക്കംചെയ്യാൻ വ്യവസ്ഥചെയ്യുന്നില്ല.
പരിശോധനയുടെ പ്രശ്നം
എന്നാൽ സകല ന്യൂക്ലിയർശക്തികളും യഥാർഥത്തിൽ സമ്പൂർണ്ണനിരായുധീകരണത്തിനു സമ്മതിച്ചുവെന്നിരിക്കട്ടെ. ഏതെങ്കിലും രാഷ്ട്രമോ എല്ലാ രാഷ്ട്രങ്ങളുമോ വഞ്ചിക്കുന്നതിൽനിന്ന്—നിരോധിക്കപ്പെട്ട ആയുധങ്ങൾ നീക്കംചെയ്യാതിരിക്കുകയോ രഹസ്യമായി അവ ഉല്പ്പാദിപ്പിക്കുകയോ ചെയ്യുന്നതിൽനിന്ന്—എന്തു തടയാനാണ്?
യു. എസ്. ആയുധനിയന്ത്രണ നിരായുധീകരണ ഏജൻസിയുടെ മുൻ ഡയറക്റററായ കെന്നത്ത് അഡൽമാൻ ഇങ്ങനെ പറഞ്ഞു: “ന്യൂക്ലിയർആയുധങ്ങളുടെ നീക്കംചെയ്യൽ അതിവിപുലവും സങ്കൽപ്പിക്കാവുന്നതിലേക്കും കർക്കശവുമായ സ്ഥലപരിശോധനയുടെ പദ്ധതി ആവശ്യമാക്കിത്തീർക്കും. . . . ക്രമത്തിൽ അത് സകല രാഷ്ട്രങ്ങളുടെയും ഭാഗത്തെ മുമ്പുണ്ടായിട്ടില്ലാത്ത തരം വിദേശനുഴഞ്ഞുകയററത്തിനുള്ള അനുവാദത്തെയും അർത്ഥമാക്കും.” ഏതെങ്കിലും രാഷ്ട്രം അത്തരം തുറന്ന വീട്ടുനയം സ്വീകരിക്കുമെന്നു സങ്കൽപ്പിക്കുക പ്രയാസമാണ്.
എന്നാൽ ഈ വമ്പിച്ച തടസ്സങ്ങളെ രാഷ്ട്രങ്ങൾ എങ്ങനെയെങ്കിലും തരണംചെയ്തുവെന്നും നിരായുധീകരിച്ചെന്നും നമുക്കു കൂടുതലായി സങ്കൽപ്പിക്കാം. ബോംബുണ്ടാക്കാനുള്ള സാങ്കേതികജ്ഞാനവും അറിവും പിന്നെയും ഉണ്ടായിരിക്കും. ഒരു പാരമ്പര്യരീതിയിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ അതിന് ന്യക്ലിയർആയുധങ്ങൾ വീണ്ടും നിർമ്മിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഘട്ടം വരെ വ്യാപിക്കാനുള്ള സാധ്യത എപ്പോഴുമുണ്ട്.
അതുകൊണ്ട്, ആദ്യത്തെ അണുബോംബ് വികസിപ്പിച്ചെടുക്കാൻ പ്രവർത്തിച്ച ഊർജ്ജശാസ്ത്രജ്ഞൻമാരിലൊരാളായ ഹാൻസ് ബീഥേ ഈയിടെ ഇങ്ങനെ പറയുകയുണ്ടായി: “നമുക്ക് വേതാളത്തെ നിയന്ത്രിക്കാൻ കഴിയുമെന്നു ഞങ്ങൾ വിചാരിച്ചു. അത് വീണ്ടും കുപ്പിയിൽ തിരികെ കയറുകയില്ല. അതിനെ നമുക്കു നിയന്ത്രിക്കാൻ കഴിയുമെന്നു വിചാരിക്കാൻ ന്യായമായ കാരണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇത് ഒരു മിഥ്യാബോധമാണെന്ന് എനിക്കറിയാം.” (g88 8/22)
[7-ാം പേജിലെ ചിത്രം]
ഒരു ന്യൂക്ലിയർ ആക്രമണത്തിനെതിരെ പ്രതിരോധിക്കുന്നത് ഒരു ആക്രമണശേഷം തിരിച്ചടിക്കുന്നതിനെക്കാൾ ശ്രേഷ്ഠമാണെന്ന് ചിലർ വാദിക്കുന്നു