ലോകത്തിലെ ഐതിഹ്യങ്ങളിൽ ജലപ്രളയം
നോഹയുടെ നാളിലെ ജലപ്രളയം മനുഷ്യവർഗ്ഗത്തിന് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്തവിധം അത്ര വിനാശകമായിരുന്ന ഒരു ആകസ്മിക വിപത്തായിരുന്നു. 2400ൽപരം വർഷം കഴിഞ്ഞ്, യേശുക്രിസ്തു ഒരു ചരിത്രവസ്തുതയെന്ന നിലയിൽ അതിനെക്കുറിച്ച് സംസാരിച്ചു. (മത്തായി 24:37-39) ഈ ഭയാവഹമായിരുന്ന സംഭവം മനുഷ്യവർഗ്ഗത്തിൻമേൽ മായാത്ത മുദ്ര പതിപ്പിച്ചതുകൊണ്ട് അത് ലോകമാസകലം ഐതിഹാസികമായിത്തീർന്നു.
സൃഷ്ടിയുടെ പുരാണങ്ങൾ (ഇംഗ്ലീഷ്) 250ൽപരം ഗോത്രങ്ങളും ജനവിഭാഗങ്ങളും 500-ൽ പരം പ്രളയ ഐതിഹ്യങ്ങൾ പറയുന്നുണ്ടെന്ന് ഫിലിപ്പ് ഫ്ര്യൂഡ് കണക്കാക്കുന്നു. പ്രതീക്ഷിച്ചേക്കാവുന്നതുപോലെ, അനേകം നൂററാണ്ടുകൾ കടന്നുപോയതോടെ ഈ ഐതിഹ്യങ്ങൾ സാങ്കൽപ്പികസംഭവങ്ങളെയും കഥാപാത്രങ്ങളെയും ഉൾപ്പെടുത്തി ഭംഗിവരുത്തപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, അവയിലെല്ലാം അടിസ്ഥാനപരമായ കുറെ സമാനതകൾ കണ്ടെത്താൻ കഴിയും.
ശ്രദ്ധേയമായ സമാനതകൾ
പ്രളയത്തിനുശേഷം ആളുകൾ ദേശാന്തര ഗമനം നടത്തിയപ്പോൾ അവർ ഈ വിപത്തിനെക്കുറിച്ചുള്ള വിവരണങ്ങൾ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും എത്തിച്ചു. അങ്ങനെ ഏഷ്യയിലെയും ദക്ഷിണ പസഫിക്കിലെയും വടക്കേ അമേരിക്കയിലെയും മദ്ധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും നിവാസികൾക്ക് ഈ ഗംഭീര സംഭവത്തിന്റെ കഥകളുണ്ട്. ഈ ജനങ്ങൾ ബൈബിളുമായി സമ്പർക്കത്തിൽ വരുത്തപ്പെട്ടതിന് ദീർഘനാൾമുമ്പുതന്നെ അനേകം പ്രളയ ഐതിഹ്യങ്ങൾ നിലവിലുണ്ടായിരുന്നു. എന്നിരുന്നാലും, ഈ ഐതിഹ്യങ്ങൾക്ക് ജലപ്രളയത്തെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങളുമായി ചില അടിസ്ഥാന പോയിൻറുകളിൽ യോജിപ്പുണ്ട്.
ജലപ്രളയത്തിനു മുമ്പ് അക്രമാസക്തരായ രാക്ഷസൻമാർ ഭൂമിയിൽ വസിച്ചിരുന്നതിനെക്കുറിച്ച് ചില ഐതിഹ്യങ്ങൾ പറയുന്നു. സമാനമായി, ജലപ്രളയത്തിനുമുമ്പ് അനുസരണംകെട്ട ദൂതൻമാർ ജഡികശരീരങ്ങൾ അവലംബിക്കുകയും സ്ത്രീകളുമായി സഹവസിക്കുകയും നെഫിലിം എന്നു വിളിക്കപ്പെട്ട ഒരു രാക്ഷസവർഗ്ഗത്തെ ഉല്പാദിപ്പിക്കുകയും ചെയ്തുവെന്ന് ബൈബിൾ സൂചിപ്പിക്കുന്നു.—ഉല്പത്തി 6:1-4; 2 പത്രോസ് 2:4, 5.
ദിവ്യമായി ഉത്ഭവിക്കുന്ന വരാനിരിക്കുന്ന ഒരു പ്രളയത്തെക്കുറിച്ച് ഒരു മനുഷ്യന് മുന്നറിയിപ്പുകൊടുക്കപ്പെട്ടിരുന്നുവെന്ന് സാധാരണയായി പ്രളയ ഐതിഹ്യങ്ങൾ സൂചിപ്പിക്കുന്നു. ബൈബിളനുസരിച്ച്, താൻ ദുഷ്ടരും അക്രമാസക്തരുമായവരെ നശിപ്പിക്കുമെന്ന് ദൈവം നോഹക്ക് മുന്നറിയിപ്പു കൊടുത്തിരുന്നു. ദൈവം നോഹയോടു പറഞ്ഞു: “സകല ജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.”—ഉല്പത്തി 6:13.
പ്രളയത്തെ സംബന്ധിച്ച ഐതിഹ്യങ്ങൾ അത് ആഗോളനാശം വരുത്തിയെന്നു പൊതുവേ സൂചിപ്പിക്കുന്നു. അതുപോലെതന്നെ, ബൈബിൾ പറയുന്നു: “വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി; ആകാശത്തിൻകീഴെങ്ങുമുള്ള ഉയർന്ന പർവതങ്ങളൊക്കെയും മൂടിപ്പോയി. കരയിലുള്ള സകലത്തിലും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തു.”—ഉല്പത്തി 7:19, 22.
ഒരു മനുഷ്യൻ ഒന്നോ അധികമോ മററാളുകളോടൊപ്പം അതിജീവിച്ചുവെന്ന് മിക്ക പ്രളയ ഐതിഹ്യങ്ങളും പറയുന്നു. അവൻ പണിതിരുന്ന ഒരു കപ്പലിൽ അവൻ അഭയം തേടിയതായി അനേകം ഐതിഹ്യങ്ങൾ പറയുന്നു. അത് ഒരു പർവതത്തിൽ ഉറച്ചുവെന്നും അവ പറയുന്നു. സമാനമായി, നോഹ ഒരു പെട്ടകം പണിതുവെന്ന് തിരുവെഴുത്തുകൾ പറയുന്നു. “നോഹയും അവനോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു” എന്നും അവ പ്രസ്താവിക്കുന്നു. (ഉല്പത്തി 6:5-8; 7:23) ബൈബിൾ പറയുന്നതനുസരിച്ച്, ജലപ്രളയത്തിനുശേഷം “പെട്ടകം അരാരാത്ത് പർവതത്തിൽ ഉറെച്ചു,” അവിടെ നോഹയും അവന്റെ കുടുംബവും പെട്ടകത്തിൽനിന്നിറങ്ങി. (ഉല്പത്തി 8:4, 15-18) പ്രളയത്തെ അതിജീവിച്ചവർ ഭൂമിയെ വീണ്ടും ജനങ്ങളെക്കൊണ്ടു നിറച്ചുതുടങ്ങിയെന്നും ഐതിഹ്യങ്ങൾ സൂചിപ്പിക്കുന്നു, നോഹയും കുടുംബവും അതു ചെയ്തുവെന്നാണല്ലോ ബൈബിളും പറയുന്നത്.—ഉല്പത്തി 9:1; 10:1.
പുരാതന ജലപ്രളയ ഐതിഹ്യങ്ങൾ
മേൽ പ്രസ്താവിച്ച ആശയങ്ങൾ മനസ്സിൽപിടിച്ചുകൊണ്ട് നമുക്ക് ചില പ്രളയ ഐതിഹ്യങ്ങളെക്കുറിച്ച് പരിചിന്തിക്കാം. നമുക്ക് സുമേരിയക്കാരിൽ തുടങ്ങാം, മെസൊപ്പൊട്ടേമിയായിൽ പാർത്തിരുന്ന ഒരു പുരാതന ജനമായിരുന്നു അവർ. പ്രളയത്തെക്കുറിച്ചുള്ള അവരുടെ ഐതിഹ്യം നിപ്പൂരിലെ ശൂന്യശിഷ്ടങ്ങളിൽനിന്ന് കുഴിച്ചെടുക്കപ്പെട്ട ഒരു മൺപലകയിലാണ് കണ്ടെത്തപ്പെട്ടത്. സുമേരിയൻ ദൈവങ്ങളായ അനുവും എൻലിലും മനുഷ്യവർഗ്ഗത്തെ ഒരു ബൃഹത്തായ പ്രളയത്താൽ നശിപ്പിക്കാൻ തീരുമാനിച്ചു. എങ്കീ എന്ന ദൈവത്താൽ മുന്നറിയിപ്പു ലഭിച്ചപ്പോൾ സ്യൂശൂദ്രക്കും അയാളുടെ കുടുംബത്തിനും ഒരു വലിയ കപ്പലിൽ അതിജീവിക്കാൻ കഴിഞ്ഞു.
ബാബിലോന്യ ഗിൽഗാമേശ് മഹാകാവ്യത്തിൽ അനേകം വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു. അതനുസരിച്ച്, ഗിൽഗാമേശ് തന്റെ പൂർവികനായിരുന്ന ഉത്നാപിശ്ററിമിനെ സന്ദർശിച്ചു, അയാൾക്ക് പ്രളയത്തെ അതിജീവിച്ച ശേഷം നിത്യജീവൻ കൊടുക്കപ്പെട്ടിരുന്നു. തുടർന്നുണ്ടായ സംഭാഷണത്തിൽ, തന്നോട് ഒരു കപ്പൽ പണിയാനും കന്നുകാലികളെയും കാട്ടുമൃഗങ്ങളെയും തന്റെ കുടുംബത്തെയും അതിൽ പ്രവേശിപ്പിക്കാനും പറയപ്പെട്ടുവെന്ന് ഉത്നപിശ്ററിം വിശദീകരിച്ചു. അയാൾ ഓരോ വശവും 200 മീറററുള്ള ആറുവശങ്ങളും ആറു നിലകളുമുള്ള ഒരു വലിയ പെട്ടിപോലെ ഈ കപ്പൽ ഉണ്ടാക്കി. കൊടുങ്കാററ് ആറു പകലും ആറു രാവും നീണ്ടുനിന്നുവെന്ന് അയാൾ ഗിൽഗാമേശിനോടു പറയുന്നു, അനന്തരം അയാൾ ഇങ്ങനെ പറയുന്നു: “ഏഴാം ദിവസം വന്നെത്തിയപ്പോൾ ചുഴലിക്കൊടുങ്കാററ്, ജലപ്രളയം, യുദ്ധത്തിന്റെ നടുക്കം, തകർന്നു, അത് ഒരു സൈന്യത്തെപ്പോലെയാണ് പ്രഹരിച്ചിരുന്നത്. സമുദ്രം ശാന്തമായി, കൊടുങ്കാററ് ശമിച്ചു, പ്രളയം നിലച്ചു. ഞാൻ സമുദ്രത്തിൻമേൽ നോക്കി, ശബ്ദങ്ങളുടെ ധ്വനി അവസാനിച്ചിരുന്നു. സകല മനുഷ്യവർഗ്ഗവും കളിമണ്ണായിത്തീർന്നിരുന്നു.”
കപ്പൽ നിസീർപർവതത്തിൽ ഉറച്ചശേഷം ഉത്നപിശ്ററിം ഒരു പ്രാവിനെ പുറത്തുവിട്ടു, അതിന് ഒരു വിശ്രമസ്ഥലം കണ്ടെത്താൻ കഴിയാഞ്ഞപ്പോൾ അത് കപ്പലിലേക്ക് തിരിച്ചുവന്നു. അതിനെതുടർന്ന് ഒരു മീവൽപക്ഷി പോയി, അതും തിരികെവന്നു. പിന്നീട് ഒരു മലങ്കാക്ക പുറത്തുവിടപ്പെട്ടു, അതു തിരികെ വരാഞ്ഞപ്പോൾ വെള്ളം താണുവെന്ന് അയാൾ മനസ്സിലാക്കി. അപ്പോൾ ഉത്നപിശ്ററിം മൃഗങ്ങളെ പുറത്തുവിടുകയും ഒരു യാഗമർപ്പിക്കുകയും ചെയ്തു.
വളരെ പഴക്കമുള്ള ഈ ഐതിഹ്യം ജലപ്രളയത്തെക്കുറിച്ചുള്ള ബൈബിൾവിവരണത്തോട് ഏറെക്കുറെ സമാനമാണ്. എന്നിരുന്നാലും, അതിൽ വിശദവിവരങ്ങളും ബൈബിൾവിവരണത്തിന്റെ ലാളിത്യവും ഇല്ല. അത് പെട്ടകത്തിന്റെ അളവുകൾ നൽകുകയോ തിരുവെഴുത്തുകളിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന കാലഘട്ടം നൽകുകയോ ചെയ്യുന്നില്ല. ഉദാഹരണത്തിന്, കൊടുങ്കാററ് ആറു പകലും ആറു രാവും നീണ്ടുനിന്നുവെന്നാണ് ഗിൽഗാമേശ് മഹാകാവ്യം പറഞ്ഞത്, അതേസമയം “നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴപെയ്തു” എന്ന് ബൈബിൾ പറയുന്നു—മുഴുഗോളത്തെയും ഒടുവിൽ വെള്ളം കൊണ്ടുമൂടിയ തുടർച്ചയായ കനത്ത മഴതന്നെ.—ഉല്പത്തി 7:12.
ഏട്ട് പ്രളയാതിജീവകരെ സംബന്ധിച്ച് ബൈബിൾ പറയുന്നുവെങ്കിലും ഗ്രീക്ക് ഐതിഹ്യത്തിൽ ഡ്യൂക്കാലിയനും അയാളുടെ ഭാര്യയായിരുന്ന പീരായും മാത്രമേ അതിജീവിച്ചുള്ളു. (2 പത്രോസ് 2:5) ഈ ഐതിഹ്യമനുസരിച്ച്, പ്രളയത്തിനുമുമ്പ് പിത്തളമനുഷ്യർ എന്നു വിളിക്കപ്പെട്ട അക്രമാസക്തരായ വ്യക്തികൾ ഭൂമിയിൽ നിവസിച്ചിരുന്നു. ഒരു വലിയ പ്രളയത്താൽ അവരെ നശിപ്പിക്കാൻ സ്യൂസ് ദൈവം തീരുമാനിക്കുകയും ഒരു വലിയ പെട്ടി ഉണ്ടാക്കി അതിൽ പ്രവേശിക്കാൻ ഡ്യൂക്കാലിയനോടു പറയുകയും ചെയ്തു. പ്രളയം ശമിച്ചപ്പോൾ പെട്ടി പർനാസ്സസ് പർവതത്തിൽ ഉറെച്ചു. ഡ്യൂക്കാലിയനും പീരായും പർവതത്തിൽനിന്നിറങ്ങുകയും മനുഷ്യവർഗ്ഗത്തിന് വീണ്ടും തുടക്കമിടുകയും ചെയ്തു.
വിദൂരപൂർവദേശത്തെ ഐതിഹ്യങ്ങൾ
ഇൻഡ്യയിൽ ഒരു പ്രളയ ഐതിഹ്യമുണ്ട്, അതിൽ മനു ആണ് അതിജീവിച്ച മനുഷ്യൻ. അയാൾ ഒരു ചെറിയ മത്സ്യത്തെ കൂട്ടുപിടിക്കുകയും അതു വളർന്നു വലുതാകുകയും വിനാശകരമായ ഒരു പ്രളയത്തെക്കുറിച്ച് അയാൾക്ക് മുന്നറിയിപ്പുകൊടുക്കുകയും ചെയ്യുന്നു. മനു ഒരു കപ്പൽ പണിയുന്നു. അത് ഹിമാലയ പർവതത്തിൽ ഉറെക്കുന്നതുവരെ ആ മത്സ്യം വലിച്ചുകൊണ്ടുനടക്കുന്നു. പ്രളയം ശമിക്കുമ്പോൾ മനു പർവതത്തിൽനിന്ന് ഇറങ്ങുകയും തന്റെ ബലിയുടെ മൂർത്തീകരണമായ ഐഡായോടുകൂടെ മനുഷ്യവർഗ്ഗത്തിന് പുതുതായി തുടക്കമിടുകയും ചെയ്യുന്നു.
ചൈനീസ് പ്രളയാതിഹ്യമനുസരിച്ച്, ഇടിമുഴക്കദേവൻ നുവാ എന്നും ഫ്യൂസി എന്നും പേരുള്ള രണ്ട് കുട്ടികൾക്ക് ഒരു പല്ലു കൊടുക്കുന്നു. അതു നടാനും അതിൽനിന്ന് വളരുന്ന ചുരയിൽ അഭയം തേടാനും അവരോട് നിർദ്ദേശിക്കുന്നു. സത്വരം ഒരു വൃക്ഷം ആ പല്ലിൽനിന്ന് വളർന്ന് ഒരു വലിയ ചുര ഉളവാകുന്നു. ഇടിമുഴക്കദേവൻ കുത്തിയൊഴുകുന്ന മഴ പെയ്യിക്കുമ്പോൾ കുട്ടികൾ ചുരയിൽ കയറുന്നു. തത്ഫലമായുണ്ടാകുന്ന പ്രളയം ഭൂവാസികളിൽ ശേഷിച്ചവരെയെല്ലാം മുക്കിക്കൊല്ലുമ്പോൾ നൂവായും ഫ്യൂസിയും മാത്രം അതിജീവിക്കുകയും ഭൂഗോളത്തെ വീണ്ടും ജനങ്ങളെക്കൊണ്ടു നിറക്കുകയും ചെയ്യുന്നു.
അമേരിക്കാകളിൽ
വടക്കേ അമേരിക്കയിലെ ഇൻഡ്യൻസിന് വിവിധ ഐതിഹ്യങ്ങളുണ്ട്, അവയുടെ പൊതുവിഷയം ചുരുക്കം ചിലരൊഴിച്ച് സകലരെയും നശിപ്പിക്കുന്ന ഒരു പ്രളയമാണ്. ദൈവങ്ങളെ പരിഹസിക്കത്തക്കവണ്ണം അത്ര ശക്തരായ ഒരു ജനവർഗ്ഗം ഒരിക്കൽ ഭൂമിയിൽ നിവസിച്ചിരുന്നുവെന്ന് ഇൻഡ്യൻസിൽപെട്ട കാഡോ ജനമായ അരിക്കര പറയുന്നു. നെസാരൂ എന്ന ദൈവം ഒരു ജലപ്രളയം മുഖാന്തരം ഈ രാക്ഷസൻമാരെ കൊന്നു, എന്നാൽ തന്റെ ജനത്തെയും മൃഗങ്ങളെയും ചോളത്തെയും ഒരു ഗുഹയിൽ കാത്തുസൂക്ഷിച്ചു. ഹോക്കോമാററാ എന്ന ദൈവം മനുഷ്യവർഗ്ഗത്തെ നശിപ്പിച്ച ഒരു വലിയ പ്രളയം വരുത്തിയെന്ന് ഹാവാസൂപ്പായ് ജനം പറയുന്നു. എന്നിരുന്നാലും, റേറാക്കോപ്പാ എന്ന മനുഷ്യൻ പൊള്ളയായ ഒരു തടിക്കുള്ളിൽ തന്റെ പുത്രിയായ പൂക്കെഹെയെ അടച്ച് അവളെ കാത്തുസൂക്ഷിച്ചു.
മദ്ധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ഇൻഡ്യൻസിന് അടിസ്ഥാന സമാനതകളോടുകൂടിയ പ്രളയ ഐതിഹ്യങ്ങളുണ്ട്. ഒരു വലിയ മഴസർപ്പം കുത്തിയൊഴുകുന്ന വെള്ളങ്ങളാൽ ലോകത്തെ നശിപ്പിച്ചുവെന്ന് മദ്ധ്യ അമേരിക്കയിലെ മായവർഗ്ഗം വിശ്വസിച്ചു. ഒരു ജലപ്രളയം പർവതങ്ങളെ വെള്ളത്തിൽ മുക്കിയെന്ന് മെക്സിക്കോയിൽ കീമാൽപോപോക്കാ ഭാഷ്യം പറയുന്നു. റെറസ്കാററ്ലിപ്പോക്കാ എന്ന ദൈവം നാററാ എന്ന മനുഷ്യന് മുന്നറിയിപ്പു കൊടുത്തു. അയാൾ ഒരു തടി പൊള്ളയാക്കുകയും അതിൽ അയാളും അയാളുടെ ഭാര്യയായ നേനായും പ്രളയം ശമിക്കുന്നതുവരെ അഭയം കണ്ടെത്തുകയും ചെയ്തു.
പെറുവിൽ ചിഞ്ചായിക്ക് അഞ്ചു ദിവസം നീണ്ടുനിന്ന ഒരു പ്രളയത്തെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്, അത് ഒരാൾ ഒഴിച്ച് എല്ലാവരെയും നശിപ്പിച്ചു. അയാളെ സംസാരിക്കുന്ന ഒരു ലാമാമൃഗം ഒരു പർവതത്തിലെ സുരക്ഷിതത്വത്തിലേക്കു നയിച്ചു. വിരാഹോച്ചാ എന്ന ദൈവം ററിററിക്കാക്കാ തടാകത്തിൽനിന്ന് വരുകയും ലോകത്തെയും അസാധാരണമായി വലിയ, ശക്തരായ മനുഷ്യരെയും സൃഷ്ടിച്ചുവെന്നും പെറുവിലെയും ബൊളീവിയായിലെയും ആയ്മാറാ പറയുന്നു. ഈ ആദ്യവർഗ്ഗം തന്നെ കോപിപ്പിച്ചതുകൊണ്ട് വിരാഹോച്ചാ ഒരു പ്രളയത്താൽ അവരെ നശിപ്പിച്ചു.
ബ്രസീലിലെ ററൂപ്പനംബാ ഇൻഡ്യൻസ് വള്ളങ്ങളിലോ വൻവൃക്ഷങ്ങളുടെ മുകളിലോ അതിജീവിച്ചവരൊഴികെ തങ്ങളുടെ സകല പൂർവികരെയും ഒരു വലിയ പ്രളയം മുക്കിക്കൊന്ന ഒരു സമയത്തെക്കുറിച്ച് പറയുന്നു. ജലപ്രളയ ഐതിഹ്യങ്ങളുള്ള അനേകം ഗോത്രങ്ങളിൽപെടുന്നവയാണ് ബ്രസീലിലെ കാശിനാവായും ഗയാനായിലെ മക്കുഷിയും മദ്ധ്യ അമേരിക്കയിലെ കാരിബ്സും തെക്കേ അമേരിക്കയിലെ ററിയറാ ഡെൽ ഫ്യൂഗോയിലുള്ള ഓനയും യാഗനും.
ദക്ഷിണ പസഫിക്കും ഏഷ്യയും
ചുരുക്കം ചിലർ രക്ഷപെട്ട ഒരു പ്രളയത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ ദക്ഷിണ പസഫിക്കിലുടനീളം സാധാരണമാണ്. ദൃഷ്ടാന്തത്തിന്, പിലിയും അയാളുടെ ഭാര്യയും ഒഴിച്ച് എല്ലാവരെയും നശിപ്പിച്ച ആദിമകാലങ്ങളിലെ ഒരു പ്രളയത്തെക്കുറിച്ചുള്ള ഐതിഹ്യം സമോവയിലുണ്ട്. അവർ ഒരു പാറയിൽ സുരക്ഷിതത്വം കണ്ടെത്തി, പ്രളയത്തിനുശേഷം അവർ ഭൂമിയെ പുനരധിവസിപ്പിച്ചു. ഹാവായ് ദീപുകളിൽ കാനെ എന്ന ദൈവം മനുഷ്യരിൽ മുഷിയുകയും അവരെ നശിപ്പിക്കാൻ ഒരു പ്രളയം വരുത്തുകയും ചെയ്തു. ന്യൂ മാത്രമേ ഒടുവിൽ ഒരു പർവതത്തിൽ ഉറച്ച ഒരു വലിയ കപ്പലിൽ രക്ഷപ്പെട്ടുള്ളു.
ഫിലിപ്പീൻസിലെ മിൻഡാനോവോയിൽ, രണ്ടു പുരുഷൻമാരും ഒരു സ്ത്രീയും ഒഴിച്ച് എല്ലാവരെയും നശിപ്പിച്ച വെള്ളത്താൽ ഭൂമി ഒരിക്കൽ മൂടിക്കിടന്നുവെന്ന് ആററാ പറയുന്നു. ഏററവും ഉയരമുള്ള കുന്നുകളിലേക്ക് ഓടിപ്പോയതിനാൽ ചുരുക്കം ചിലരേ ഒരു പ്രളയത്തിൽ രക്ഷപെട്ടുള്ളുവെന്ന് സാരവാക്ക്, ബോർണിയോയിലെ ഈബാൻ പറയുന്നു. ഫിലിപ്പീൻസ് ഇഗറോട്ട് ഐതിഹ്യത്തിൽ, പോക്കിസ് പർവതത്തിൽ അഭയം തേടിയതിനാൽ ഒരു സഹോദരനും സഹോദരിയും മാത്രമേ അതിജീവിച്ചുള്ളു.
ഭൂമിയെ വഹിച്ചുകൊണ്ടിരുന്ന ഭീമരൂപിയായ ഒരു തവള മാറിപ്പോകുകയും ഭൂഗോളം പ്രളയത്തിലാണ്ടുപോകാനിടയാക്കുകയും ചെയ്തുവെന്ന് സൈബീരിയാ, റഷ്യയിലെ സോയോട്ട് പറയുന്നു. ഒരു പ്രായമുള്ള മനുഷ്യനും അയാളുടെ ഭാര്യയും അയാൾ നിർമ്മിച്ച ഒരു ചങ്ങാടത്തിൽ അതിജീവിച്ചു. വെള്ളം ഇറങ്ങിയപ്പോൾ ചങ്ങാടം ഒരു ഉയർന്ന പർവതത്തിൽ ഉറച്ചു. പ്രളയത്തെ അതിജീവിച്ചവർ ചങ്ങാടങ്ങൾ ഉപയോഗിച്ചുവെന്നും എന്നാൽ ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് ഒഴുകിനടന്നെന്നും പശ്ചിമ സൈബീരിയായിലെയും ഹംഗറിയിലെയും ഉഗ്രിയൻസും പറയുന്നു.
പൊതു ഉത്ഭവം
ഈ അനേകം പ്രളയ ഐതിഹ്യങ്ങളിൽനിന്ന് നമുക്ക് എന്ത് നിഗമനംചെയ്യാൻ കഴിയും? വിശദാംശങ്ങളിൽ അവ അതിയായി വ്യത്യസ്തമാണെങ്കിലും, അവക്ക് ചില പൊതു വശങ്ങളുണ്ട്. ഇവ വമ്പിച്ചതും അവിസ്മരണീയവുമായ ഏതോ ആകസ്മികപ്രളയത്തിൽനിന്നുള്ള ഉത്ഭവത്തെ സൂചിപ്പിക്കുന്നു. നൂററാണ്ടുകളിലെ സുവ്യക്തമായ നിറം കലർത്തലുകൾ ഉണ്ടെങ്കിലും അവയിൽ അന്തർല്ലീനമായിരിക്കുന്ന വിഷയം ഒരു വലിയ സംഭവത്തോട്—നിറം കലർത്താത്ത ലളിതമായ ബൈബിൾവിവരണത്തിൽ പ്രതിപാദിച്ചിരിക്കുന്ന ആഗോളപ്രളയത്തോട്—അവയെ ബന്ധിപ്പിക്കുന്ന ഒരു ചരടുപോലെയാണ്.
പ്രളയ ഐതിഹ്യങ്ങൾ പൊതുവേ കാണപ്പെടുന്നത് അടുത്ത നൂററാണ്ടുകൾവരെ ബൈബിളുമായി സമ്പർക്കത്തിൽ വന്നിട്ടില്ലാഞ്ഞ ജനങ്ങളുടെ ഇടയിലായതുകൊണ്ട് തിരുവെഴുത്തുവിവരണം അവരെ സ്വാധീനിച്ചുവെന്ന് വാദിക്കുന്നത് തെററായിരിക്കും. മാത്രവുമല്ല, ദി ഇൻറർനാഷനൽ സ്ററാൻഡേർഡ് ബൈബിൾ എൻസൈക്ലോപ്പീഡിയാ ഇങ്ങനെ പറയുന്നു: “പ്രളയവിവരണങ്ങളുടെ സാർവലൗകികത്വം സാധാരണയായി പ്രളയത്താലുള്ള മാനവരാശിയുടെ സാർവത്രിക നാശത്തിന്റെ തെളിവായി എടുക്കപ്പെടുന്നു . . . തന്നെയുമല്ല, പുരാതനവിവരണങ്ങളിൽ ചിലത് എഴുതപ്പെട്ടത് എബ്രായ-ക്രിസ്തീയ പാരമ്പര്യത്തോട് വളരെ എതിർപ്പുണ്ടായിരുന്ന ജനങ്ങളാലായിരുന്നു.” (വാള്യം 2, പേജ് 319) അതുകൊണ്ട് പ്രളയ ഐതിഹ്യങ്ങൾ ബൈബിൾവിവരണത്തിന്റെ യാഥാർത്ഥ്യത്തെ സ്ഥിരീകരിക്കുന്നുവെന്ന് നമുക്ക് ദൃഢവിശ്വാസത്തോടെ നിഗമനംചെയ്യാൻ കഴിയും.
നാം അക്രമവും അധാർമ്മികതയും നിറഞ്ഞ ഒരു ലോകത്തിൽ ജീവിക്കുന്നതുകൊണ്ട് നാം ഉല്പത്തി 6മുതൽ 8വരെയുള്ള അദ്ധ്യായങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രളയത്തെ സംബന്ധിച്ച ബൈബിൾ വിവരണം വായിക്കുന്നത് നല്ലതാണ്. ആ ആഗോള പ്രളയത്തിന്റെ കാരണത്തെക്കുറിച്ച്—ദൈവത്തിന്റെ ദൃഷ്ടിയിൽ ദുഷ്ടമായിരുന്നതിന്റെ ആചാരം—നാം ധ്യാനിക്കുന്നുവെങ്കിൽ, നാം അതിൽ മർമ്മപ്രധാനമായ ഒരു മുന്നറിയിപ്പു ദർശിക്കും.
പെട്ടെന്നുതന്നെ ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതിക്ക് ദൈവത്തിന്റെ പ്രതികൂല ന്യായവിധി അനുഭവപ്പെടും. എന്നാൽ അതിജീവിക്കുന്നവർ ഉണ്ടായിരിക്കുമെന്നുള്ളത് സന്തോഷകരമാണ്. നിങ്ങൾ അപ്പോസ്തലനായ പത്രോസിന്റെ വാക്കുകൾ അനുസരിക്കുന്നുവെങ്കിൽ നിങ്ങൾ അവരിൽ ഉൾപ്പെട്ടേക്കാം: “[നോഹയുടെ കാലത്തെ] ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു. . . ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു . . . ഇങ്ങനെ ഇവയൊക്കെയും അഴിവാനുള്ളതായിരിക്കയാൽ . . . ദൈവദിവസത്തിന്റെ വരവ് കാത്തിരുന്നും ബദ്ധപ്പെടുത്തിയും കൊണ്ട് നിങ്ങൾ എത്ര വിശുദ്ധ ജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.”—2 പത്രോസ് 3:6-12.
നിങ്ങൾ യഹോവയുടെ ദിവസത്തിന്റെ സാന്നിദ്ധ്യത്തെ മനസ്സിൽ അടുപ്പിച്ചുനിർത്തുമോ? നിങ്ങൾ അങ്ങനെ ചെയ്യുകയും ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയായി പ്രവർത്തിക്കുകയും ചെയ്യുമെങ്കിൽ, നിങ്ങൾ വലിയ അനുഗ്രഹങ്ങൾ ആസ്വദിക്കും. അങ്ങനെ യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കുന്നവർക്ക് പത്രോസ് പിൻവരുന്ന പ്രകാരം കൂട്ടിച്ചേർത്തപ്പോൾ പരാമർശിച്ച പുതിയ ലോകത്തിൽ വിശ്വാസമുണ്ടായിരിക്കാൻ കഴിയും. “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.”—2 പത്രോസ് 3:13
[7-ാം പേജിലെ ചിത്രം]
ബാബിലോന്യ ജലപ്രളയ ഐതിഹ്യങ്ങൾ ഒരു തലമുറയിൽ നിന്ന് മറെറാന്നിലേക്ക് കൈമാറപ്പെട്ടു
[8-ാം പേജിലെ ചിത്രം]
യഹേവയുടെ ദിവസത്തെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നിങ്ങൾ പത്രോസിന്റെ മുന്നറിയിപ്പ് അനുസരിക്കുന്നുണ്ടോ?