വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ചില ഭാഷാന്തരങ്ങളിൽ പറഞ്ഞിരിക്കുന്ന യൂണിക്കോണിന്റെ അസ്തിത്വത്തെ ബൈബിൾ പിന്താങ്ങുന്നുണ്ടോ?
കിംഗ് ജെയിംസ് വേർഷനും ഡുവേ വേർഷനും മററു ചില ഭാഷാന്തരങ്ങളും യൂണികോണിനെക്കുറിച്ചു പറയുന്നു. എന്നാൽ എബ്രായയുടെ ശരിയായ വിവർത്തനം നൽകുന്ന ആധുനിക ഭാഷാന്തരങ്ങൾ അങ്ങനെ ചെയ്യുന്നില്ല.—സങ്കീർത്തനം 22:21; 29:6; 92:10; (21:22; 28:6; 91:11, ഡുവേ).
ഒരു കുതിരയുടെ ഉടലും തലയും, എന്നാൽ മാനിന്റെ കാലുകളും സിംഹത്തിന്റെ വാലുമുള്ളതായ ഒരു മൃഗത്തെക്കുറിച്ച് നൂററാണ്ടുകളായി അനേകം കെട്ടുകഥകൾ വികാസംപ്രാപിച്ചിട്ടുണ്ട്. ഐതിഹ്യത്തിലെ ഈ ജീവിയുടെ അത്യന്തം വ്യതിരിക്തമായ സവിശേഷത അതിന്റെ നെററിയിലെ പിരിഞ്ഞിരിക്കുന്ന ഒററക്കൊമ്പാണ്.a
“യൂണികോണിന്റെ കൊമ്പിൽ വിഷത്തിനുള്ള ഒരു മറുമരുന്ന് അടങ്ങിയിരിക്കുന്നതായി ആളുകൾ ഒരു കാലത്ത് വിശ്വസിച്ചിരുന്നു. മദ്ധ്യകാലയുഗങ്ങളിൽ അങ്ങനെയുള്ള കൊമ്പുകൾകൊണ്ട് നിർമ്മിച്ച പൊടികൾ അത്യന്തം ഉയർന്ന വിലക്ക് വിൽക്കപ്പെട്ടിരുന്നു. യൂണികോണിന്റെ പ്രതിമ റൈനോസെറസിനെക്കുറിച്ചുള്ള കേട്ടുകേൾവിയുടെ യൂറോപ്യൻ വിവരണങ്ങളിൽനിന്ന് ഉത്ഭവിച്ചതാണെന്ന് മിക്ക പണ്ഡിതൻമാരും വിശ്വസിക്കുന്നു.” (ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ) അസ്സീറിയായിലെയും ബാബിലോണിലെയും ചില സ്മാരകങ്ങൾ ഒററക്കൊമ്പൻ മൃഗങ്ങളെ പ്രദർശിപ്പിച്ചു. അവ ഇപ്പോൾ രണ്ടു കൊമ്പുകളും ദൃശ്യമാകാഞ്ഞ ഒരു വീക്ഷണമായി ഒരു വശത്തുനിന്നു ചിത്രീകരിക്കപ്പെട്ട കലമാനുകളോ കാട്ടുപോത്തുകളോ പശുക്കളോ ആണെന്ന് തിരിച്ചറിയപ്പെടുന്നു.
ബൈബിൾവിദ്യാർത്ഥികൾക്ക് ഇതു കുറെ താത്പര്യമുളവാക്കുന്നു, കാരണം തിരുവെഴുത്തുകൾ റീം എന്ന എബ്രായപദംകൊണ്ട് ഒരു മൃഗത്തെ ഒൻപതു പ്രാവശ്യം പരാമർശിക്കുന്നു. (സംഖ്യാപുസ്തകം 23:22; 24:8; ആവർത്തനം 33:17; ഇയ്യോബ് 39:9, 10; സങ്കീർത്തനം 22:21; 29:6; 92:10; യെശയ്യാവ് 34:7) ഏതു മൃഗത്തെയാണ് അർത്ഥമാക്കുന്നതെന്ന് വിവർത്തകൻമാർക്ക് ദീർഘകാലം നിശ്ചയമില്ലായിരുന്നു. ഗ്രീക്ക് സെപ്ററുവജിൻറ് നീം ‘ഒററക്കൊമ്പൻ’ അല്ലെങ്കിൽ യൂണികോൺ എന്ന അർത്ഥത്തിൽ വിവർത്തനംചെയ്തു. ലത്തീൻ വൾഗേററ് അതിനെ മിക്കപ്പോഴും “റൈനോസെറസ്” എന്നു ഭാഷാന്തരംചെയ്യുന്നു. മററു പരിഭാഷകൾ ‘കാട്ടുകാള’ എന്നോ ‘വന്യമൃഗങ്ങൾ’ എന്നോ ‘പോത്ത്’ എന്നോ ഉപയോഗിക്കുന്നു. റോബർട്ട് യംഗ് എബ്രായയെ ഇംഗ്ലീഷിലേക്ക് “റീം” എന്ന് കേവലം ലിപ്യന്തരീകരിക്കുന്നു, അടിസ്ഥാനപരമായി വായനക്കാരനെ അജ്ഞതയിൽ വിട്ടുകൊണ്ടുതന്നെ.
എന്നിരുന്നാലും ആധുനിക പണ്ഡിതൻമാർ റീമിനെസംബന്ധിച്ച വളരെയധികം കുഴച്ചിൽ നീക്കംചെയ്തിട്ടുണ്ട്. നിഘണ്ടു നിർമ്മാതാക്കളായ ലട്വിക്ക് കോളറും വാൾട്ടർ ബാംഗാർട്നറും ബോസ് പ്രിമിജെനിയസ് എന്ന ശാസ്ത്രീയ നാമമുള്ള “കാട്ടുകാള” എന്നാണതിന്റെ അർത്ഥമെന്ന് കാണിക്കുന്നു. ഇത് “വലിയ കൊമ്പുകളോടുകൂടിയ, കുളമ്പുള്ള മൃഗകുടുംബത്തിന്റെ ഒരു ഉപകുടുംബമാണ്.” ദ ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ വിശദീകരിക്കുന്നു:
“പഴയ നിയമത്തിലെ ചില കവിതാഭാഗങ്ങൾ റീം എന്നു വിളിക്കപ്പെടുന്ന ശക്തവും വിശിഷ്ടവുമായ കൊമ്പുള്ള ഒരു മൃഗത്തെ പരാമർശിക്കുന്നു. ഈ പദം അനേകം ഭാഷാന്തരങ്ങളിൽ ‘യൂണികോൺ’ എന്നോ ‘റൈനോസെറസ്’ എന്നോ വിവർത്തനംചെയ്യപ്പെടുന്നു. എന്നാൽ അനേകം ആധുനിക ഭാഷാന്തരങ്ങൾ ‘കാട്ടുകാള’ (ഓറോക്സ്) എന്നതിനെ കൂടുതൽ ഇഷ്ടപ്പെടുന്നു, എബ്രായയിലെ റീമിന്റെ ശരിയായ അർത്ഥം അതാണ്.”
ആധുനിക ഇംഗ്ലീഷിൽ “ഓക്സ്” എന്നതിന് വരിയുടച്ച കാള എന്നർത്ഥമുള്ളതിനാൽ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോകഭാഷാന്തരം റീം എന്ന പദം സ്ഥിരമായും ശരിയായും “കാട്ടുകാള” എന്ന് പരിഭാഷപ്പെടുത്തുന്നു. ഓറോക്സ് (കാട്ടുകാള) 17-ാം നൂററാണ്ടോടെ കുററിയററുപോയതായി കാണപ്പെടുന്നു, എന്നാൽ അത് ഐതിഹ്യത്തിലെ യൂണികോണിൽനിന്നു വ്യത്യസ്തമാണെന്ന് ശാസ്ത്രജ്ഞൻമാർ നിഗമനംചെയ്തിട്ടുണ്ട്. പുരാതന ഓറോക്സിന് 1.8 മീററർ പൊക്കവും ഏതാണ്ട് 3മീററർ നീളവുമുണ്ട്. അതിന് 900 കിലോഗ്രാം തൂക്കം വന്നേക്കാം. അതിന്റെ കൊമ്പുകളിലോരോന്നിനും 75 സെൻറീമീറററിൽ കൂടുതൽ നീളമുണ്ടായിരിക്കാൻ കഴിയും.
ഇതു തീർച്ചയായും റീമിനെ അഥവാ കാട്ടുകാളയെ കുറിച്ചുള്ള ബൈബിൾപ്രസ്താവത്തോട് യോജിപ്പിലാണ്. അത് അതിന്റെ ബലത്തിനും പരുക്കൻ പ്രകൃതത്തിനും വേഗത്തിനും കീർത്തിപ്പെട്ടതാണ്. (ഇയ്യോബ് 39:10, 11) (സംഖ്യാപുസ്തകം 23:22; 24:8) അതിന് രണ്ടു കൊമ്പുകളുണ്ടായിരുന്നുവെന്ന് സ്പഷ്ടമാണ്, ഐതിഹാസിക യൂണികോണിന്റെ ഒററക്കൊമ്പല്ല. യോസേഫിന്റെ രണ്ടു പുത്രൻമാരിൽനിന്ന് ഉത്ഭവിക്കുന്ന ശക്തമായ രണ്ടു ഗോത്രങ്ങളെ ചിത്രീകരിച്ചപ്പോൾ മോശ അതിന്റെ കൊമ്പുകളെ പരാമർശിച്ചു.—ആവർത്തനം 33:17.
അതുകൊണ്ട് ബൈബിൾ ഐതിഹ്യങ്ങളിൽ പ്രസിദ്ധമായ യൂണിക്കോണിന്റെ ആശയത്തെ പിന്താങ്ങുന്നില്ല. എന്നിരുന്നാലും അത് ബൈബിൾ കാലങ്ങളിലും അനതിവിദൂര ഭൂതകാലം വരെയും നിലനിന്ന ഭയജനകമായ കൂററൻ ഓറോക്സിന്റെ അല്ലെങ്കിൽ കാട്ടുകാളയുടെ പരിമിതമെങ്കിലും കൃത്യമായ ഒരു ചിത്രം വരച്ചുകാട്ടുന്നു.
[അടിക്കുറിപ്പ്]
a പ്രൊഫസ്സർ പോൾ ഹോപ്ററ് ഇങ്ങനെ വിശദീകരിക്കുന്നു: ‘മദ്ധ്യകാലങ്ങളിലെ ശേഖരണങ്ങളിൽ റൈനോസെറസിന്റെ കൊമ്പുകളോ നർവാളിന്റെ (ഒററക്കൊമ്പൻ മത്സ്യമെന്നും അല്ലെങ്കിൽ ഒററക്കൊമ്പൻ തിമിംഗലം എന്നും കൂടെ വിളിക്കപ്പടുന്നു) ദന്തമോ യൂണികോണിന്റെ കൊമ്പുകളാണെന്ന് പരിഗണിക്കപ്പെട്ടിരുന്നു.’
[31-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
റിച്ചാർഡ് ഹൂബർ⁄ഡവർ പബ്ലിക്കേഷൻസ്, ഇൻകോ.ന്റെ ട്രഷറി ഓഫ് ഫൻറാസ്ററിക്ക് ആൻഡ് മിതോളജിക്കൽ ക്രീച്ചേഴ്സ്: 1087 റെൻഡറിംഗ്സ് ഫ്രം ഹിസ്റേറാറിക് സോഴ്സസ്.