വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
തൊട്ടടുത്ത ഭാവിയിൽ യഹോവ രാഷ്ട്രങ്ങളുടെ ഹൃദയത്തിൽ തോന്നിപ്പിക്കാനിരിക്കുന്ന “പദ്ധതി” എന്താണ്?
മഹാകഷ്ടതയുടെ തുടക്കത്തെക്കുറിച്ച് വെളിപാട് 17:16, 17 ഇങ്ങനെ പറയുന്നു: “നീ കണ്ട പത്തു കൊമ്പും കാട്ടുമൃഗവും വേശ്യയെ വെറുത്ത് അവളെ നശിപ്പിക്കുകയും നഗ്നയാക്കുകയും ചെയ്യും. അവ അവളുടെ മാംസം തിന്നിട്ട് അവളെ ചുട്ടുകരിച്ച് ഇല്ലാതാക്കും. കാരണം ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പാക്കാൻ, അതെ അവരുടെയെല്ലാം മനസ്സിലുള്ള ആ ഒരേ പദ്ധതി നടപ്പാക്കാൻ, ദൈവം അവരുടെ ഹൃദയത്തിൽ തോന്നിപ്പിക്കും. അങ്ങനെ ദൈവത്തിന്റെ വാക്കുകൾ നിറവേറുന്നതുവരെ, അവർ അവരുടെ ഭരണം കാട്ടുമൃഗത്തിനു കൊടുക്കും.” യഹോവ രാഷ്ട്രങ്ങളുടെ ഹൃദയത്തിൽ തോന്നിപ്പിക്കാനിരിക്കുന്ന “പദ്ധതി” വ്യാജമതങ്ങളെ നശിപ്പിക്കുക എന്നതാണെന്ന് മുമ്പ് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ പറഞ്ഞിരുന്നു.
എന്നാൽ ഈ ഗ്രാഹ്യത്തിന് ഒരു മാറ്റം ആവശ്യമാണ്. യഹോവ രാഷ്ട്രങ്ങളുടെ ഹൃദയത്തിൽ തോന്നിപ്പിക്കുന്ന “പദ്ധതി,” അവർ ‘അവരുടെ ഭരണം കാട്ടുമൃഗത്തിനു കൊടുക്കുക’ എന്നതാണ്. ഇത് എങ്ങനെയാണ് നിറവേറാൻ പോകുന്നതെന്ന് മനസ്സിലാക്കാൻ താഴെപ്പറയുന്ന ചോദ്യങ്ങളുടെ ഉത്തരം നോക്കാം.
പ്രവചനത്തിലെ പ്രധാനകഥാപാത്രങ്ങൾ ആരൊക്കെയാണ്? “ബാബിലോൺ എന്ന മഹതി” എന്നും വിളിച്ചിരിക്കുന്ന “വേശ്യ” ആണ് ആദ്യത്തെ ആൾ. അവൾ ലോകമെങ്ങുമുള്ള വ്യാജമതങ്ങളെയാണ് ചിത്രീകരിക്കുന്നത്. അടുത്തത്, ‘കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗം’ ആണ്. ഐക്യരാഷ്ട്ര സംഘടനയാണ് അത്. ലോകസമാധാനത്തിനുവേണ്ടി 1919-ൽ സർവരാജ്യ സഖ്യം എന്ന പേരിലാണ് ഇത് ആദ്യം രൂപീകരിക്കപ്പെട്ടത്. (വെളി. 17:3-5) ‘പത്തു കൊമ്പ്’ കാട്ടുമൃഗത്തെ പിന്തുണയ്ക്കുന്ന എല്ലാ ഗവൺമെന്റുകളെയും അർഥമാക്കുന്നു.
വേശ്യയും കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗവും തമ്മിലുള്ള ബന്ധം എന്താണ്? വേശ്യ, കാട്ടുമൃഗത്തിന്റെ ‘പുറത്ത് ഇരുന്നുകൊണ്ട്’ അതിനെ പിന്തുണയ്ക്കുകയും, സ്വാധീനിക്കാനും നിയന്ത്രിക്കാനുംപോലും ശ്രമിക്കുകയും ചെയ്യുന്നു.
വേശ്യക്ക് എന്തു സംഭവിക്കും? കാട്ടുമൃഗവും അതിനെ പിന്തുണയ്ക്കുന്ന പത്തു കൊമ്പും ‘വേശ്യയെ വെറുക്കും.’ അവളുടെ സ്വത്ത് കൊള്ളയടിക്കുകയും ദുഷ്ടത തുറന്നുകാട്ടുകയും ചെയ്തുകൊണ്ട് അവർ ആ വെറുപ്പ് പ്രകടമാക്കും. തുടർന്ന് അവർ അവളെ പൂർണമായി നശിപ്പിക്കുകയും ചെയ്യും. അങ്ങനെ വേശ്യയുടെ മേലുള്ള യഹോവയുടെ ന്യായവിധി അവർ നടപ്പാക്കും. (വെളി. 17:1; 18:8) അത് വ്യാജമതസംഘടനകളുടെ അവസാനമായിരിക്കും. എന്നാൽ ഇതെല്ലാം സംഭവിക്കുന്നതിനു മുമ്പ് മനുഷ്യഭരണത്തിന്റെ ചരിത്രത്തിൽ അന്നുവരെ ഉണ്ടായിട്ടില്ലാത്ത ഒരു കാര്യം യഹോവ രാഷ്ട്രങ്ങളെക്കൊണ്ട് ചെയ്യിക്കും.
രാഷ്ട്രങ്ങൾ എന്തു ചെയ്യാൻ യഹോവ ഇടയാക്കും? ‘തന്റെ ഉദ്ദേശ്യം’ നടപ്പാക്കാൻ യഹോവ പത്തു കൊമ്പുകളുടെ ഹൃദയങ്ങളിൽ തോന്നിപ്പിക്കും. എന്താണ് അത്? ‘അവരുടെ ശക്തിയും അധികാരവും (കടുഞ്ചുവപ്പു നിറമുള്ള) കാട്ടുമൃഗമായ’ ഐക്യരാഷ്ട്ര സംഘടനയ്ക്കു കൊടുക്കുക! (വെളി. 17:13) അതിന്റെ അർഥത്തെക്കുറിച്ച് ഒന്ന് ചിന്തിക്കുക. തങ്ങളുടെ ശക്തിയും അധികാരവും കാട്ടുമൃഗത്തിന് കൊടുക്കുക എന്നതു മനുഷ്യഗവൺമെന്റുകൾ സ്വന്തമായി എടുക്കുന്ന ഒരു തീരുമാനമാണോ? അല്ല! പ്രവചനം കാണിക്കുന്നതുപോലെ ആ വഴിയേ പോകാൻ അവരെ പ്രേരിപ്പിക്കുന്നത് ദൈവമായിരിക്കും. (സുഭാ. 21:1; യശയ്യ 44:28 താരതമ്യം ചെയ്യുക.) അധികാരത്തിൽ വരുന്ന ഈ മാറ്റം പതിയെ സംഭവിക്കുന്ന ഒന്നായിരിക്കുമോ? അല്ല! തെളിവനുസരിച്ച്, അത് പെട്ടെന്നായിരിക്കും സംഭവിക്കുന്നത്. ഇങ്ങനെ പുതുതായി ശക്തി കിട്ടിയ കാട്ടുമൃഗം വ്യാജമതസംഘടനകളെ പൂർണമായി നീക്കിക്കളഞ്ഞുകൊണ്ട് അവയുടെ മേലുള്ള യഹോവയുടെ ന്യായവിധി നടപ്പാക്കും.
നമുക്ക് എന്തു പ്രതീക്ഷിക്കാം? ഗവൺമെന്റുകൾ ഐക്യരാഷ്ട്ര സംഘടനയെ കൂടുതൽ പിന്തുണയ്ക്കാൻ പതിയെ തുടങ്ങിയതായുള്ള വാർത്തകൾക്കായി നമ്മൾ നോക്കിയിരിക്കേണ്ടതില്ല. അപ്പോൾപ്പിന്നെ നമ്മൾ എന്താണ് പ്രതീക്ഷിക്കുന്നത്? തങ്ങളുടെ അധികാരം കാട്ടുമൃഗത്തിന് കൊടുക്കാൻ യഹോവ രാഷ്ട്രങ്ങളുടെ ഹൃദയത്തിൽ തോന്നിപ്പിക്കുന്നത് ആളുകളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട്, വളരെ പെട്ടെന്നായിരിക്കും. അതു സംഭവിക്കുമ്പോൾ മഹാകഷ്ടത തുടങ്ങാൻ പോകുകയാണെന്ന് നമ്മൾ തിരിച്ചറിയും. എന്നാൽ അതുവരെ “നമുക്ക് ഉണർന്ന് സുബോധത്തോടെയിരിക്കാം.” കാരണം അപ്രതീക്ഷിതമായി സംഭവിക്കാനിരിക്കുന്ന ഈ മാറ്റങ്ങൾ വളരെ പെട്ടെന്നുതന്നെ വരും!—1 തെസ്സ. 5:6.