ക്രിസ്തു അധർമ്മത്തെ വെറുത്തു—നിങ്ങളോ?
“നീ നീതിയെ സ്നേഹിക്കുകയും അധർമ്മത്തെ വെറുക്കുകയും ചെയ്തു. അതുകൊണ്ടാണ് ദൈവം, നിന്റെ ദൈവം, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തത്.”—എബ്രായർ 1:9, NW.
1. നീതിയെ സ്നേഹിക്കുന്നതുകൂടാതെ മറെറന്തുംകൂടെ യഹോവയാം ദൈവത്തിന്റെ സകല യഥാർത്ഥദാസൻമാരിൽ നിന്നും ആവശ്യപ്പെട്ടിരിക്കുന്നു?
യഹോവയുടെ യഥാർത്ഥ ദാസൻമാർ അവനെ അവരുടെ മുഴുഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടുംകൂടെ സ്നേഹിക്കുന്നു. (മർക്കോസ് 12:30) നിർമ്മലത പാലിച്ചുകൊണ്ടു യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു. (സദൃശവാക്യങ്ങൾ 27:11) അതു ചെയ്യാൻ അവർ നീതിയെ സ്നേഹിക്കുക മാത്രമല്ല അധർമ്മത്തെ വെറുക്കുകയും കൂടെ ചെയ്യണം. അവരുടെ ശ്രേഷ്ഠമാതൃകയായ യേശുക്രിസ്തു തീർച്ചയായും അങ്ങനെ ചെയ്തു. അവനെപ്പററി ഇപ്രകാരം പറയപ്പെട്ടു: “നീ നീതിയെ സ്നേഹിക്കുകയും അധർമ്മത്തെ വെറുക്കുകയും ചെയ്തു.”—എബ്രായർ 1:9, NW.
2. അധർമ്മത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
2 അധർമ്മം എന്നാൽ എന്താണ്? “പാപം ചെയ്യുന്നവൻ എല്ലാം അധർമ്മവും ചെയ്യുന്നു; പാപം അധർമ്മം തന്നേ” എന്ന് എഴുതിയപ്പോൾ അപ്പൊസ്തലനായ യോഹന്നാൻ പ്രകടമാക്കിയപ്രകാരം അത് പാപമാണ്. (1 യോഹന്നാൻ 3:4) അധർമ്മിയായ ഒരു മനുഷ്യൻ “നിയമത്താൽ തടയപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നില്ല.” (വെബ്സ്റേറർസ് നയന്ത് ന്യൂ കൊളിജിയേററ് ഡിക്ഷ്നറി) അധർമ്മത്തിൽ ചീത്തയും ദുഷ്ടവും അധാർമ്മികവും അഴിമതി നിറഞ്ഞതും സത്യസന്ധമല്ലതാത്തതുമായ സകലതും ഉൾപ്പെടും. ലോകത്തെ വീക്ഷിച്ചാൽ അധർമ്മം മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത വിധം ഇന്ന് വ്യാപകമാണ് എന്ന് കാണാൻ കഴിയും. അപ്പൊസ്തലനായ പൗലോസ് 2 തിമൊഥെയോസ് 3:1-5-ൽ മുൻകൂട്ടിപ്പറഞ്ഞ “ദുർഘടസമയങ്ങളി”ലാണ് നാം ജീവിക്കുന്നത് എന്നതിന് യാതൊരു സംശയവുമില്ല. ഈ അധർമ്മത്തിന്റെയെല്ലാം വീക്ഷണത്തിൽ എല്ലാ വഷളത്തവും വെറുക്കാൻ നമ്മോടു കൽപ്പിക്കപ്പെട്ടിരിക്കുന്നത് എത്ര നല്ലൊരു സംഗതിയാണ്! ഉദാഹരണത്തിന്, “യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ” എന്നു നമ്മോട് പറയപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 97:10) അതുപോലെ “തിൻമ ദ്വേഷിച്ചു നൻമ ഇച്ഛി”ക്ക എന്നും നാം വായിക്കുന്നു.—ആമോസ് 5:15.
മൂന്നു തരത്തിലുള്ള വെറുപ്പ്
3-5. ദൈവവചനത്തിൽ “വെറുക്കുക” എന്ന പദം ഏതു മൂന്നു വിധങ്ങളിലാണ് ഉപയോഗിച്ചിരിക്കുന്നത്?
3 വെറുക്കുക എന്നു പറഞ്ഞാൽ അതിന്റെ അർത്ഥമെന്താണ്? ദൈവത്തിന്റെ വചനത്തിൽ “വെറുക്കുക” എന്നത് മൂന്നു വ്യത്യസ്ത വിധങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. വെറുപ്പിന് ഇരയാകുന്നവരെ ഉപദ്രവിക്കാൻ ലക്ഷ്യം വയ്ക്കുന്നതും വിദ്വേഷത്താൽ പ്രേരിതവുമായ വെറുപ്പുണ്ട്. ക്രിസ്ത്യാനികൾ ഇത്തരം വെറുപ്പ് ഒഴിവാക്കണം. നീതിമാനായ തന്റെ സഹോദരൻ ഹാബേലിനെ കൊല്ലാൻ കയീനെ പ്രേരിപ്പിച്ച തരത്തിലുള്ളതാണ് അത്. (1 യോഹന്നാൻ 3:12) മതനേതാക്കൻമാർക്കു യേശുക്രിസ്തുവിനോട് ഉണ്ടായിരുന്നതും അത്തരത്തിലുള്ള വെറുപ്പായിരുന്നു.—മത്തായി 26:3, 4.
4 കൂടാതെ, “വെറുക്കുക” എന്ന പദം തിരുവെഴുത്തുകളിൽ കുറഞ്ഞ അളവിൽ സ്നേഹിക്കുക എന്ന അർത്ഥത്തിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, യേശു പറഞ്ഞു: “എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരൻമാരെയും സഹോദരികളെയും സ്വന്തജീവനെയുംകൂടെ പകെക്കാതിരിക്കുകയും (വെറുക്കാതിരിക്കുക, NW) ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.” (ലൂക്കോസ് 14:26) സ്പഷ്ടമായും, ഇവിടെ യേശുവിനെ നാം സ്നേഹിക്കുന്നതിനേക്കാൾ കുറച്ചേ ഇവരെ സ്നേഹിക്കാവു എന്നേ അവൻ കേവലം അർത്ഥമാക്കിയുള്ളു. യാക്കോബ് ‘ലേയായെ വെറുത്തു,’ എന്നാൽ അവൻ വാസ്തവത്തിൽ റാഹേലിനെ സ്നേഹിച്ചതിനേക്കാൾ കുറഞ്ഞ അളവിൽ ലേയായെ സ്നേഹിച്ചിരുന്നു.—ഉൽപ്പത്തി 29:30, 31, NW.
5 എന്നാൽ “വെറുക്കുക” എന്നതിനു നമുക്ക് ഇവിടെ വിശേഷാൽ താൽപ്പര്യമുള്ള മറെറാരു അർത്ഥം കൂടെയുണ്ട്. ഒരു ആളിനോടോ വസ്തുവിനോടോ യാതൊരു തരത്തിലും ബന്ധപ്പെടാൻ നാം ആഗ്രഹിക്കാത്തവണ്ണം അത്ര തീവ്രമായ അനിഷ്ടത്തിന്റെ വികാരം അല്ലെങ്കിൽ ശക്തമായ ദ്വേഷം ഉണ്ടായിരിക്കുക എന്ന ആശയമാണ് അതിനുള്ളത്. സങ്കീർത്തനം 139-ൽ അതിനെ “പൂർണ്ണദ്വേഷം” എന്നു വിളിച്ചിരിക്കുന്നു. അവിടെ ദാവീദ് ഇപ്രകാരം പറഞ്ഞു: “യഹോവേ, നിന്നെ പകെക്കുന്നവരെ ഞാൻ പകക്കേണ്ടതല്ലയോ? നിന്നോടു എതിർത്തു നിൽക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.”—സങ്കീർത്തനം 139:21, 22.
നാം അധർമ്മത്തെ വെറുക്കേണ്ടതിന്റെ കാരണം
6, 7. (എ) നാം അധർമ്മത്തെ വെറുക്കേണ്ടത് മുഖ്യമായും എന്തുകൊണ്ടാണ്? (ബി) അധർമ്മത്തെ വെറുക്കാനുള്ള രണ്ടാമത്തെ ശക്തമായ കാരണമെന്താണ്?
6 നാം അധർമ്മത്തെ വെറുക്കേണ്ടത് എന്തുകൊണ്ട്? ആത്മാഭിമാനവും ഒരു നല്ല മനസ്സാക്ഷിയും ഉണ്ടായിരിക്കുന്നതിന് അങ്ങനെ ചെയ്യണം എന്നതാണ് ഒരു കാരണം. ഈ വിധത്തിൽ മാത്രമേ നമുക്ക് നീതിമാനും സ്നേഹവാനുമായ നമ്മുടെ സ്വർഗ്ഗീയ പിതാവായ യഹോവയാം ദൈവവുമായി ഒരു നല്ല ബന്ധമുണ്ടായിരിക്കാൻ കഴിയുകയുള്ളു. ഇരുപത്തിയാറാം സങ്കീർത്തനം വായിക്കുന്നതിനാൽ കാണാൻ കഴിയുന്നതുപോലെ ഈ സംഗതിയിൽ ദാവീദ് ഒരു നല്ല ദൃഷ്ടാന്തം വച്ചു. ഉദാഹരണമായി, അവൻ പറഞ്ഞു: “ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകെച്ചിരിക്കുന്നു; ദുഷ്ടൻമാരോടുകൂടെ ഞാൻ ഇരിക്കയുമില്ല.” (സങ്കീർത്തനം 26:5) ദൈവത്തോടും നീതിയോടുമുള്ള സ്നേഹം യഹോവയോടു അനുസരണക്കേടു കാണിക്കുകയും അവനെ ദ്വേഷിക്കുകയും ചെയ്യുന്നവരുടെ അധർമ്മപ്രവൃത്തികൾ ഉൾപ്പെടെ അവന്റെ നിലപാടിൽ അധർമ്മമായ സകലതിനോടും ധാർമ്മികരോഷം തോന്നാൻ—അതെ, അവയെ വെറുക്കാൻ—നമ്മെ പ്രേരിപ്പിക്കണം. അതിനുപുറമെ, അധർമ്മം ദൈവനാമത്തിൻമേൽ വരുത്തുന്ന നിന്ദ നിമിത്തവും നാം അതിനെ വെറുക്കണം.
7 യഹോവയുടെ ജനം അധർമ്മത്തെ വെറുക്കേണ്ടതിന്റെ മറെറാരു കാരണം അത് അപകടകരവും ഉപദ്രവകരവുമാണ് എന്നതാണ്. ജഡത്തിൽ വിതക്കുന്നത്, അതായത് അധർമ്മം വിതക്കുന്നത് എന്തു ഫലം കൈവരുത്തും? പൗലോസ് ഇപ്രകാരം മുന്നറിയിപ്പു നൽകി: “വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതക്കുന്നതു തന്നേ കൊയ്യും. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും.” (ഗലാത്യർ 6:7, 8) അതുകൊണ്ട് അധർമ്മവുമായി യാതൊരു തരത്തിലും ബന്ധപ്പെടാൻ നാം ആഗ്രഹിക്കരുത്. വാസ്തവമായും, നമ്മുടെ തന്നെ ക്ഷേമത്തിനും മനസ്സമാധാനത്തിനും വേണ്ടി നാം എല്ലാ അധർമ്മത്തെയും വെറുക്കേണ്ടതുണ്ട്.
അധർമ്മത്തെ വെറുക്കുന്നവർ
8. അധർമ്മത്തെ വെറുക്കുന്നതിൽ പ്രമുഖ ദൃഷ്ടാന്തം വച്ചിരിക്കുന്നത് ആരാണ്, ഏതു തിരുവെഴുത്തുകൾ പ്രകടമാക്കുന്നപ്രകാരം?
8 അധർമ്മത്തെ വെറുക്കുന്നതിൽ ബുദ്ധിശക്തിയുള്ള എല്ലാ സൃഷ്ടികൾക്കും വേണ്ടി ദൈവംതന്നെ പ്രമുഖ ദൃഷ്ടാന്തം വയ്ക്കുന്നു. അവൻ അധർമ്മത്തിനെതിരെ ധാർമ്മികരോഷം കൊള്ളുന്നവനാണ്, അവന്റെ വചനം ഇപ്രകാരം പറയുകയും ചെയ്യുന്നു: “ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു: ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുററമില്ലാത്ത രക്തം ചൊരിയുന്ന കയ്യും ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും ഭോഷ്ക്കു പറയുന്ന കള്ളസാക്ഷിയും സഹോദരൻമാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ.” നാം ഇപ്രകാരവും കൂടെ വായിക്കുന്നു: “യഹോവഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു.” (സദൃശവാക്യങ്ങൾ 6:16-19; 8:13) കൂടാതെ നമ്മോട് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: “യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർച്ചയെ വെറുക്കയും ചെയ്യുന്നു.”—യെശയ്യാവ് 61:8.
9, 10. താൻ അധർമ്മത്തെ വെറുത്തുവെന്ന് യേശു എങ്ങനെയാണ് പ്രകടമാക്കിയത്?
9 അധർമ്മത്തെ വെറുക്കുന്നതിൽ യേശുക്രിസ്തു തന്റെ പിതാവിനെ അനുകരിച്ചു. അതുകൊണ്ട് നാം ഇപ്രകാരം വായിക്കുന്നു: “നീ നീതിയെ സ്നേഹിക്കുകയും അധർമ്മത്തെ വെറുക്കുകയും ചെയ്തു. അതുകൊണ്ടാണ് ദൈവം, നിന്റെ ദൈവം, നിന്റെ കൂട്ടുകാരിൽപരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തത്.” (എബ്രായർ 1:9, NW) ഇത്തരം വെറുപ്പിന്റെ കാര്യത്തിൽ യേശു നമുക്കൊരു ദൃഷ്ടാന്തം വച്ചു. മനഃപൂർവ്വം അധർമ്മം പ്രവർത്തിച്ചുകൊണ്ടിരുന്നവരെ, വ്യാജമതനേതാക്കൻമാരെ, തുറന്നുകാട്ടിക്കൊണ്ട് അവൻ അധർമ്മത്തോടുള്ള തന്റെ വെറുപ്പു പ്രകടമാക്കി. കപടഭക്തിക്കാരെന്ന നിലയിൽ അവരെ അവൻ ആവർത്തിച്ചു കുററംവിധിച്ചു. (മത്തായി, അദ്ധ്യായം 23) മറെറാരു സന്ദർഭത്തിൽ യേശു അവരോടു പറഞ്ഞു: “നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു.” (യോഹന്നാൻ 8:44) രണ്ടു സന്ദർഭങ്ങളിൽ അത്യാഗ്രഹികളായ മതകപടഭക്തരിൽ നിന്ന് ആലയത്തെ ശുദ്ധീകരിക്കാൻ ശാരീരികമായ ബലം പ്രയോഗിക്കുന്ന അളവോളം പോലും യേശു അധർമ്മത്തോടുള്ള തന്റെ വെറുപ്പ് പ്രകടമാക്കി.—മത്തായി 21:12, 13; യോഹന്നാൻ 2:13-17.
10 അധർമ്മത്തോടും പാപത്തോടുമുള്ള തന്റെ വെറുപ്പ് അവയിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞുനിന്നുകൊണ്ടും യേശു പ്രകടമാക്കി. അതുകൊണ്ട്, അവനു തന്റെ എതിരാളികളോട് ഇങ്ങനെ ചോദിക്കാൻ കഴിയുമായിരുന്നു: “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തും?” (യോഹന്നാൻ 8:46) യേശു “പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ” ആയിരുന്നു. (എബ്രായർ 7:26) ഇതിനെ സ്ഥിരീകരിച്ചുകൊണ്ട്, യേശു “പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല” എന്ന് പത്രൊസ് എഴുതി.—1 പത്രൊസ് 2:22.
11. അധർമ്മത്തെ വെറുത്ത അപൂർണ്ണ മനുഷ്യരുടെ ഏതു തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്?
11 എന്നാൽ യേശു ഒരു പൂർണ്ണ മനുഷ്യനായിരുന്നു. യഥാർത്ഥത്തിൽ അധർമ്മത്തെ വെറുത്ത അപൂർണ്ണ മനുഷ്യരുടെ തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ നമുക്കുണ്ടോ? തീർച്ചയായും ഉണ്ട്! ഉദാഹരണത്തിന് യഹോവയുടെ കൽപ്പനയിങ്കൽ ഏതാണ്ട് 3,000 വിഗ്രഹാരാധികളെ വധിച്ചുകൊണ്ട് മോശെയും അവന്റെ സഹലേവ്യരും വിഗ്രഹാരാധനയോടുള്ള തങ്ങളുടെ കഠിനമായ വെറുപ്പ് പ്രകടമാക്കി. (പുറപ്പാട് 32:27, 28) ഒരു കുന്തം കൊണ്ട് രണ്ടു ദുർവൃത്തരെ കൊന്നപ്പോൾ ഫിനെഹാസ് അധർമ്മത്തോടുള്ള തന്റെ കഠിനമായ വെറുപ്പു പ്രകടിപ്പിച്ചു.—സംഖ്യാപുസ്തകം 25:7, 8.
അധർമ്മത്തോടുള്ള വെറുപ്പു പ്രകടമാക്കൽ
12. (എ) അധർമ്മത്തോടുള്ള വെറുപ്പ് നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും? (ബി) അധർമ്മ ചിന്തകൾ ഒഴിവാക്കാനുള്ളള ചില പ്രായോഗിക മാർഗ്ഗങ്ങൾ ഏവയാണ്?
12 നമ്മുടെ കാലത്തേക്കു വരുമ്പോൾ, നമുക്കെങ്ങനെയാണ് അധർമ്മത്തോടുള്ള വെറുപ്പു പ്രകടമാക്കാൻ കഴിയുന്നത്? നമ്മുടെ ചിന്തകളും വാക്കുകളും പ്രവർത്തനങ്ങളും നിയന്ത്രിച്ചുകൊണ്ട്. നമ്മുടെ മനസ്സുകൾ നമ്മുടെ മുമ്പിലുള്ള ഏതെങ്കിലും പ്രവർത്തനത്തിൽ മുഴുകാത്തപ്പോൾ കെട്ടുപണിചെയ്യുന്ന കാര്യങ്ങളെപ്പററി ചിന്തിക്കുന്ന ഒരു ശീലം നാം വളർത്തിയെടുക്കേണ്ടതുണ്ട്. നാം രാത്രിയിൽ ഉറങ്ങാതെ കിടക്കാൻ ഇടയാകുകയാണെങ്കിൽ നാം യാതനകളെക്കുറിച്ചുള്ള നിരന്തരചിന്തയോ ലൈംഗികമായ വിചിത്ര ഭാവനകളിലുള്ള ഏർപ്പെടലോ പോലെ നിഷേധാത്മകമായി കുറെ ചിന്തിക്കാനുള്ള ചായ്വ് നമുക്ക് അനുഭവപ്പെട്ടേക്കാം. അത്തരം കാര്യങ്ങൾക്ക് ഒരിക്കലും ഇടം കൊടുക്കാതെ പ്രയോജനകരമായ ചിന്തയിൽ മുഴുകുന്ന ശീലം വളർത്തിയെടുക്കുക. ഉദാഹരണത്തിന്, ഒൻപതു സൗഭാഗ്യങ്ങളും ആത്മാവിന്റെ ഒൻപതു ഫലങ്ങളും പോലെയുള്ള തിരുവെഴുത്തുഭാഗങ്ങൾ മനഃപാഠമാക്കാൻ ശ്രമിക്കുക. (മത്തായി 5:3-12; ഗലാത്യർ 5:22, 23) പന്ത്രണ്ട് അപ്പൊസ്തലൻമാരുടെ പേരുകൾ നിങ്ങൾക്ക് പറയാൻ കഴിയുമോ? പത്തു കൽപ്പനകൾ നിങ്ങൾക്കറിയാമോ? വെളിപ്പാടിൽ അഭിസംബോധന ചെയ്യപ്പെട്ടിരിക്കുന്ന ഏഴു സഭകൾ ഏതൊക്കെയാണ്? രാജ്യഗീതങ്ങൾ മനഃപാഠമാക്കുന്നതും സത്യമായതിലും ഘനമായതിലും നീതിയായതിലും നിർമ്മലമായതിലും രമ്യമായതിലും സൽക്കീർത്തിയായതിലും സൽഗുണമോ പുകഴ്ചയോ ആയ കാര്യങ്ങളിലും മനസ്സു പതിപ്പിക്കാൻ നമ്മെ സഹായിക്കുന്നു.—ഫിലിപ്പിയർ 4:8.
13. അധർമ്മത്തെ വെറുക്കുന്നത് നാം ഏതുതരം സംസാരത്തെ വെറുക്കാനിടയാക്കും?
13 മാത്രവുമല്ല, അശുദ്ധമായ എല്ലാ സംസാരവും ഒഴിവാക്കിക്കൊണ്ടു നാം അധർമ്മത്തെ വെറുക്കുന്നുവെന്ന് നാം പ്രകടമാക്കുന്നു. ലോകക്കാരായ അനേകമാളുകൾ വൃത്തികെട്ട തമാശകൾ പറയുന്നതിലും ശ്രദ്ധിക്കുന്നതിലും സന്തോഷം കണ്ടെത്തുന്നു, എന്നാൽ ക്രിസ്ത്യാനികൾ അവ ശ്രദ്ധിക്കാൻ പോലും ചായ്വു കാണിക്കരുത്. മറിച്ച്, നാം അവിടം വിട്ടു മാറിപ്പോകയും അത്തരം നിലവാരങ്ങളിലേക്ക് തരം താഴുന്ന സംഭാഷണങ്ങളിൽ പങ്കുപററുന്നത് ഒഴിവാക്കുകയും ചെയ്യണം. മാറിപ്പോകാൻ കഴിയുന്നില്ലെങ്കിൽ നാം അത്തരം സംസാരം വെറുക്കുന്നുവെന്ന് നമ്മുടെ മുഖഭാവംകൊണ്ടെങ്കിലും നമുക്ക് പ്രകടമാക്കാൻ കഴിയും. നാം ഈ നല്ല ബുദ്ധ്യുപദേശത്തിന് ചെവി കൊടുക്കേണ്ടതുണ്ട്: “കേൾക്കുന്നവർക്ക് കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മിക വർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായിൽ നിന്ന് പുറപ്പെടരുത്.” (എഫെസ്യർ 4:29) അശുദ്ധമായതു സംസാരിച്ചുകൊണ്ടോ അത് ശ്രദ്ധിച്ചുകൊണ്ടോ നാം നമ്മെത്തന്നെ മലിനമാക്കരുത്.
14. അധർമ്മത്തോടുള്ള വെറുപ്പ് വ്യാപാരഇടപാടുകളോടും തൊഴിലിനോടുമുള്ള ബന്ധത്തിൽ എന്തു സംരക്ഷണം പ്രദാനം ചെയ്യും?
14 അധർമ്മത്തോടുള്ള നമ്മുടെ വെറുപ്പ് എല്ലാ പാപപ്രവൃത്തികൾക്കുമെതിരെ തിരിച്ചുവിടപ്പെടേണ്ടതാണ്. അധർമ്മത്തെ വെറുക്കുന്നത് ഈ സംഗതിയിൽ വിട്ടുവീഴ്ച ചെയ്യുന്നതിന്റെ കെണി ഒഴിവാക്കാൻ നമ്മെ സഹായിക്കും. യഥാർത്ഥ ക്രിസ്ത്യാനികൾ പാപം ചെയ്യുന്നത് ഒരു ശീലമാക്കുന്നില്ല. (1 യോഹന്നാൻ 5:18 താരതമ്യം ചെയ്യുക.) ഉദാഹരണത്തിന്, സത്യസന്ധമല്ലാത്ത എല്ലാ വ്യാപാര ഇടപാടുകളെയും നാം വെറുക്കേണ്ടതുണ്ട്. ഈ കാലത്ത് യഹോവയുടെ സാക്ഷികളിൽ അനേകർ തങ്ങളുടെ തൊഴിലുടമകൾക്കുവേണ്ടി സത്യസന്ധമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിർബ്ബന്ധിക്കപ്പെടുകയും എന്നാൽ അങ്ങനെ ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ബൈബിൾ പരിശീലിത മനസ്സാക്ഷിക്കു വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നതിനേക്കാൾ തങ്ങളുടെ ജോലി നഷ്ടപ്പെടുത്താൻ ക്രിസ്ത്യാനികൾ മനസ്സൊരുക്കം കാണിച്ചിട്ടുണ്ട്. മാത്രവുമല്ല, ട്രാഫിക് നിയമങ്ങൾ ലംഘിക്കാതെയും നികുതിയോ ചുങ്കമോ കൊടുക്കേണ്ടപ്പോൾ അതിൽ വഞ്ചനകാണിക്കാതെയും അധർമ്മത്തോടുള്ള നമ്മുടെ വെറുപ്പ് പ്രകടമാക്കാനും നാം ആഗ്രഹിക്കുന്നു.—പ്രവൃത്തികൾ 23:1; എബ്രായർ 13:18.
ലൈംഗിക അശുദ്ധിയെ വെറുക്കൽ
15. ഇണചേരാനുള്ള ശക്തമായ വാസനയോടെ മനുഷ്യനെ സൃഷ്ടിച്ചത് ഏതു നല്ല ഉദ്ദേശ്യങ്ങൾക്ക് ഉതകി?
15 ക്രിസ്ത്യാനികളെന്ന നിലയിൽ, ലൈംഗിക കാര്യങ്ങൾ ഉൾപ്പെട്ട എല്ലാ അശുദ്ധിയും നാം വിശേഷാൽ വെറുക്കേണ്ടതുണ്ട്. ഇണചേരാനുള്ള ശക്തമായ വാസനയോടെ മനുഷ്യവർഗ്ഗത്തെ സൃഷ്ടിക്കുക വഴി ദൈവം രണ്ട് നല്ല ഉദ്ദേശ്യങ്ങൾ സാധിച്ചു. മനുഷ്യവർഗ്ഗത്തിന് വംശവിച്ഛേദം സംഭവിക്കുകയില്ല എന്ന് ദൈവം ഉറപ്പാക്കുകയും സന്തുഷ്ടിക്കുവേണ്ടിയുള്ള വളരെ സ്നേഹപൂർവ്വകമായ ഒരു കരുതൽ ചെയ്യുകയും ചെയ്തു. ദരിദ്രർക്കോ നിരക്ഷരർക്കോ മറേറതെങ്കിലും വിധത്തിൽ പ്രതികൂലാവസ്ഥയിലായിരിക്കുന്നവർക്കോപോലും വൈവാഹിക ബന്ധത്തിൽ വലിയ സന്തുഷ്ടി കണ്ടെത്താൻ കഴിയും. എന്നാൽ ഈ ബന്ധം ആസ്വദിക്കുന്നതിൽ യഹോവ ചില നിയന്ത്രണങ്ങൾ വച്ചിട്ടുണ്ട്. ഈ ദിവ്യപ്രസ്താവിത പരിധികൾ ആദരിക്കപ്പെടണം.—ഉൽപ്പത്തി 2:24; എബ്രായർ 13:4.
16. ലൈംഗികമായി അശുദ്ധമായ വിനോദങ്ങളോടും നടപടികളോടുമുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?
16 അധർമ്മത്തെ വെറുക്കുന്നുവെങ്കിൽ നാം ലൈംഗികമായ സകല അശുദ്ധ നടപടികളും അധാർമ്മിക വിനോദങ്ങളും ശ്രദ്ധാപൂർവ്വം ഒഴിവാക്കും. അതുകൊണ്ട് നാം ധാർമ്മികമായി ചോദ്യം ചെയ്യപ്പെടത്തക്ക എല്ലാ പുസ്തകങ്ങളും മാസികകളും പത്രങ്ങളും ഒഴിവാക്കും. അതുപോലെ നാം അധർമ്മത്തെ വെറുക്കുന്നുവെങ്കിൽ, റെറലിവിഷനിലോ സിനിമയിലോ നാടകവേദിയിലോ ഉള്ള അശുദ്ധമായ യാതൊരു ദൃശ്യാവതരണങ്ങളും നാം വീക്ഷിക്കുകയില്ല. ഒരു പരിപാടി അധാർമ്മികമെന്ന് കണ്ടെത്തുന്നുവെങ്കിൽ ഉടനടി റെറലിവിഷൻ സെററ് ഓഫ് ചെയ്യുന്നതിന് നാം പ്രേരിപ്പിക്കപ്പെടണം അല്ലെങ്കിൽ തീയേറററിൽ നിന്ന് ഇറങ്ങിപ്പോകുന്നതിനുള്ള ധൈര്യം നമുക്കുണ്ടായിരിക്കണം. അതുപോലെതന്നെ, അധർമ്മത്തെ വെറുക്കുന്നത് പദങ്ങളിലൂടെ അല്ലെങ്കിൽ അതിന്റെ പ്രവേഗത്തിലൂടെ വികാരം ഉണർത്തുന്ന എല്ലാ സംഗീതത്തിനുമെതിരെ നാം ജാഗ്രത പാലിക്കാൻ ഇടയാക്കും. അധാർമ്മിക കാര്യങ്ങളെ സംബന്ധിച്ചുള്ള അറിവ് നാം അന്വേഷിക്കുകയില്ല, മറിച്ച് ‘തിൻമക്ക് ശിശുക്കളും എന്നാൽ ബുദ്ധിയിൽ മുതിർന്നവരും’ ആയിരിക്കും.—1 കൊരിന്ത്യർ 14:20.
17. ധാർമ്മികമായി ശുദ്ധിയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്ന എന്തു ബുദ്ധ്യുപദേശമാണ് കൊലൊസ്സ്യർ 3:5 നൽകുന്നത്?
17 തികച്ചും ഉചിതമായി നാം ഇപ്രകാരം ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു: “ദുർവൃത്തി, അശുദ്ധി, ലൈംഗിക തൃഷ്ണ എന്നിവ സംബന്ധിച്ച ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.” (കൊലൊസ്സ്യർ 3:5, NW) ധാർമ്മികമായി ശുദ്ധിയുള്ളവരായിരിക്കാൻ ദൃഢനിശ്ചയമുള്ളവരായിരിക്കുന്നതിന് നമ്മുടെ ഭാഗത്ത് ശക്തമായ നടപടികൾ ആവശ്യമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കൊലൊസ്സ്യർ 3:5-ൽ “മരിപ്പിക്കുക” എന്നു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രീക്കു ക്രിയയെപ്പററി ദി എക്സ്പോസിറേറഴ്സ് ബൈബിൾ കമൻററി ഇപ്രകാരം പ്രസ്താവിക്കുന്നു: “നാം കേവലം ദുഷിച്ച പ്രവൃത്തികളും മനോഭാവങ്ങളും അമർച്ച ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്താൽ പോരാ എന്നാണ് അത് നിർദ്ദേശിക്കുന്നത്. നാം അവയെ തുടച്ചു മാററണം, പഴയ ജീവിതഗതി പൂർണ്ണമായും വേരോടെ പിഴുതു കളയണം. ദൃഢത പ്രകടമാക്കാൻ ‘പൂർണ്ണമായി മരിപ്പിക്കുക’ എന്നു പറയേണ്ടതുണ്ടായിരിക്കാം. . . . ആ ക്രിയയുടെ അർത്ഥവും അതിന്റെ കാലത്തിന്റെ ദൃഢതയും ഒരു ശക്തവും വേദനാജനകവുമായ വ്യക്തിഗത നിശ്ചയദാർഢ്യത്തിന്റെ പ്രവൃത്തിയെ സൂചിപ്പിക്കുന്നു.” അതുകൊണ്ട് അപകടകരവും പകരുന്നതും മരണകരവുമായ ഒരു രോഗം പോലെ അശ്ലീല സാഹിത്യത്തെ നാം ഒഴിവാക്കണം, കാരണം ധാർമ്മികമായും ആത്മീയമായും അത് അങ്ങനെതന്നെയാണ്. ഒരു കയ്യോ കാലോ കണ്ണുപോലുമോ നമുക്ക് ഇടർച്ചക്ക് കാരണമാകുന്നുവെങ്കിൽ അത് ഛേദിച്ചുകളയാൻ പറഞ്ഞപ്പോൾ ക്രിസ്തു സമാനമായ ഒരു ആശയമാണ് പ്രകടിപ്പിച്ചത്.—മർക്കോസ് 9:43-48.
വ്യാജമതത്തെയും വിശ്വാസത്യാഗത്തെയും വെറുക്കൽ
18. മതപരമായ അധർമ്മത്തോടുള്ള നമ്മുടെ വെറുപ്പ് നമുക്ക് എങ്ങനെ പ്രകടിപ്പിക്കാൻ കഴിയും?
18 കപടവേഷക്കാരായ മതഭക്തരെ തുറന്നുകാട്ടിക്കൊണ്ട് യേശു അധർമ്മത്തോടുള്ള തന്റെ വെറുപ്പ് പ്രകടമാക്കിയതുപോലെ ഇന്ന് യഹോവയുടെ സാക്ഷികൾ കപടഭക്തിപരമായ സകല മതാത്മക അധർമ്മത്തോടുമുള്ള തങ്ങളുടെ വെറുപ്പ് പ്രകടമാക്കുന്നു. എങ്ങനെ? മഹാബാബിലോനെ, അവൾ യഥാർത്ഥത്തിൽ ആയിരിക്കുന്നതുപോലെ, മതപരമായ ഒരു വേശ്യയായി തുറന്നുകാട്ടുന്ന ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്തുകൊണ്ടു തന്നെ. മതപരമായ അധാർമ്മിക കപടഭക്തിയെ നാം യഥാർത്ഥമായി വെറുക്കുന്നുവെങ്കിൽ വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോനെ തുറന്നുകാട്ടുന്നതിൽ നാം യാതൊരു മടിയും കാണിക്കുകയില്ല. അവൾ അന്ധരാക്കുകയും ആത്മീയ അടിമത്തത്തിൽ വയ്ക്കുകയും ചെയ്തിരിക്കുന്ന ആത്മാർത്ഥഹൃദയരായ ആളുകളെ കരുതി നാം അങ്ങനെ ചെയ്യും. മഹാബാബിലോന്റെ അധർമ്മത്തെ നാം ഏതളവിൽ വെറുക്കുന്നുവോ അത്രത്തോളം രാജ്യശുശ്രൂഷയുടെ എല്ലാ വശങ്ങളിലും പങ്കുപററുന്നതിൽ നാം ഉൽസാഹമുള്ളവരായിരിക്കും.—മത്തായി 15:1-3, 7-9; തീത്തൊസ് 2:13, 14; വെളിപ്പാട് 18:1-5.
19. വിശ്വാസത്യാഗികളെ നാം എങ്ങനെ വീക്ഷിക്കണം, എന്തുകൊണ്ട്?
19 അധർമ്മത്തെ വെറുക്കാനുള്ള കടപ്പാട് വിശ്വാസത്യാഗികളുടെ എല്ലാ പ്രവർത്തനങ്ങൾക്കും കൂടെ ബാധകമാണ്. വിശ്വാസത്യാഗികളോടു നമുക്കു ദാവീദിന്റെ മനോഭാവമാണ് ഉണ്ടായിരിക്കേണ്ടത്. അവൻ ഇപ്രകാരം പ്രഖ്യാപിച്ചു: “യഹോവേ, നിന്നെ പകെക്കുന്നവരെ ഞാൻ പകക്കേണ്ടതല്ലയോ? നിന്നോട് എതിർത്തുനിൽക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.” (സങ്കീർത്തനം 139:21, 22) ആധുനിക നാളിലെ വിശ്വാസത്യാഗികൾ “അധർമ്മമനുഷ്യന്റെ” ക്രൈസ്തവലോകത്തിലെ പുരോഹിത വർഗ്ഗത്തിന്റെ, പക്ഷം ചേർന്നിരിക്കുന്നു. (2 തെസ്സലൊനീക്യർ 2:3) അതുകൊണ്ട് യഹോവയുടെ വിശ്വസ്ത സാക്ഷികളെന്നനിലയിൽ നമുക്ക് അവരുമായി പങ്കുകൂടാൻ യാതൊന്നുമില്ല. അപൂർണ്ണരായതിനാൽ നമ്മുടെ ഹൃദയത്തിനു നമ്മുടെ സഹോദരൻമാരെ വിമർശിക്കുന്നതിനുള്ള ഒരു ചായ്വ് എളുപ്പത്തിൽ ഉണ്ടായേക്കാം. വ്യക്തികളെന്ന നിലയിൽ “വിശ്വസ്തനും വിവേകിയുമായ അടിമ”വർഗ്ഗത്തിൽപ്പെട്ടവരും അപൂർണ്ണമനുഷ്യരാണ്. (മത്തായി 24:45-47) എന്നാൽ ഈ വർഗ്ഗം വിശ്വസ്തനും വിവേകിയുമാണ്. നേതൃത്വമെടുക്കുന്ന സഹോദരൻമാരുടെ ഭാഗത്തെ പിശകുകളിൽ നിന്ന് അല്ലെങ്കിൽ അവർ ചെയ്യുന്ന തെറെറന്നു തോന്നിക്കുന്ന കാര്യങ്ങളിൽ നിന്ന് വിശ്വാസത്യാഗികൾ മുതലെടുക്കുന്നു. വിഷമെന്ന നിലയിൽ വിശ്വാസത്യാഗികളുടെ ദുഷ്പ്രചരണം ഒഴിവാക്കുന്നതിലാണ് നമ്മുടെ സുരക്ഷിതത്വം സ്ഥിതിചെയ്യുന്നത്, വാസ്തവത്തിൽ അത് വിഷം തന്നെയാണ്.—റോമർ 16:17, 18.
20, 21. അധർമ്മത്തെ വെറുക്കുന്നതിനുള്ള കാരണങ്ങൾ എങ്ങനെ സംഗ്രഹിച്ചു പറയാം?
20 ലോകം പാപത്തിന്റെ പര്യായം തന്നെയായ അധർമ്മംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു നാം കണ്ടു കഴിഞ്ഞു. നാം നീതിയെ സ്നേഹിച്ചാൽ മാത്രം പോര; നാം അധർമ്മത്തെ വെറുക്കുകയും കൂടെ ചെയ്യണം. ക്രിസ്തീയ സഭയിൽ നിന്ന് പുറത്താക്കപ്പെട്ട ചിലർ തങ്ങൾ നീതിയെ സ്നേഹിച്ചിരുന്നതായി വിചാരിച്ചിട്ടുണ്ടായിരിക്കാം. എന്നാൽ അവർ അധർമ്മത്തെ വേണ്ടത്ര വെറുത്തില്ല. നാം എന്തുകൊണ്ട് അധർമ്മത്തെ വെറുക്കണമെന്നും നാം കണ്ടുകഴിഞ്ഞു. നാം അങ്ങനെ ചെയ്യുന്നില്ലെങ്കിൽ നമുക്ക് ഒരു നല്ല മനസ്സാക്ഷിയും ആത്മാഭിമാനവും ഉണ്ടായിരിക്കാൻ കഴിയുകയില്ല. മാത്രവുമല്ല, അധർമ്മത്തിന്റെ അർത്ഥം യഹോവയാം ദൈവത്തോട് അവിശ്വസ്തരായിരിക്കുക എന്നാണ്. അധർമ്മം നാം ദുരിതം, ദുഷിപ്പ്, മരണം എന്നിങ്ങനെയുള്ള കയ്പ്പേറിയ ഫലങ്ങൾ കൊയ്യാൻ ഇടയാക്കുകയും ചെയ്യുന്നു.
21 നാം അധർമ്മത്തെ വെറുക്കുന്നുവെന്ന് പ്രകടമാക്കുന്നത് എങ്ങനെ എന്നും നാം കുറിക്കൊണ്ടു കഴിഞ്ഞു. ഏതു തരത്തിലുമുള്ള സത്യസന്ധതയില്ലായ്മ, ലൈംഗിക അധാർമ്മികത അതുമല്ലെങ്കിൽ വിശ്വാസത്യാഗം എന്നീ കാര്യങ്ങളോട് ഒരു പ്രകാരത്തിലും ബന്ധപ്പെടാതിരുന്നുകൊണ്ട് നമുക്ക് അത് ചെയ്യാൻ കഴിയും. യഹോവയുടെ നീതിമത്കരണത്തിൽ പങ്കുണ്ടായിരിക്കാൻ നാം ആഗ്രഹിക്കുന്നതിനാലും അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതിന് നാം അഭിലഷിക്കുന്നതിനാലും നാം നീതിയെ സ്നേഹിക്കുകയും യഹോവയുടെ സേവനത്തിൽ തിരക്കുള്ളവരായിരിക്കുകയും ചെയ്യുന്നതു കൂടാതെ നമ്മുടെ നായകനും അധിപനുമായ യേശുക്രിസ്തു ചെയ്തതുപോലെ നാം അധർമ്മത്തെ വെറുക്കുകയും കൂടെ ചെയ്യണം.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ “വെറുക്കുക” എന്ന പദം തിരുവെഴുത്തുകളിൽ എങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നത്?
◻ നാം അധർമ്മത്തെ വെറുക്കുന്നതിനുള്ള ചില നല്ല കാരണങ്ങൾ ഏവയാണ്?
◻ അധർമ്മത്തെ വെറുത്തവരുടെ ഏതു നല്ല ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്?
◻ അധർമ്മത്തോടുള്ള നമ്മുടെ വെറുപ്പ് നമുക്ക് എങ്ങനെ പ്രകടമാക്കാം?
[8-ാം പേജിലെ ചിത്രം]
യേശു അധർമ്മത്തെ വെറുത്തതിനാൽ അവൻ ആലയത്തെ ശുദ്ധീകരിച്ചു
[10-ാം പേജിലെ ചിത്രം]
നാം അധർമ്മത്തെ വെറുക്കുന്നുവെങ്കിൽ നാം ലൈംഗികമായി അധാർമ്മികമായ വിനോദങ്ങൾ ഒഴിവാക്കും