അനേകം വെള്ളങ്ങളുടെ ഗ്രാമം സത്യംകൊണ്ടു നിറയുന്നു
എത്ര വിചിത്രം! അനേകം വെള്ളങ്ങൾക്കു കീർത്തിപ്പെട്ട നാടു ദാഹത്താൽ വലയുന്നു! നല്ല നീരോട്ടമുള്ള പ്രദേശം ഉണങ്ങി വരണ്ടിരിക്കുന്നു! ദൈവത്തിന്റെ വചനമായ ബൈബിളിൽനിന്നുള്ള സത്യത്തിന്റെ ജലത്താൽ മാത്രം ശമിപ്പിക്കപ്പെടാവുന്ന ദാഹമാണ് അത്. ബെയ്റൂട്ടിൽ നിന്നു 130 കിലോമീററർ അകലെ വടക്കൻ ലെബാനോനിലെ പർവ്വതങ്ങളിൽ സ്ഥിതി ചെയ്യുന്ന 2,200 നിവാസികളുള്ള റാബേ എന്ന കൊച്ചു ഗ്രാമത്തിന്റെ കഥയാണത്.
അറബി ഭാഷയിൽ റാബേ എന്ന പേരിന്റെ അർത്ഥം “വിശാലമായ സ്ഥലം” എന്നാണ്, “വിസ്തൃത, തുറസ്സായ” എന്ന് അർത്ഥമുള്ള ഒരു ശേമ്യ മൂലത്തിൽ നിന്നാണ് അതു വന്നിട്ടുള്ളത്. ഉചിതമായി, സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 600 മീററർ ഉയരമുള്ള രണ്ടു വലിയ കുന്നുകളിലായി ആ ഗ്രാമം വ്യാപിച്ചു കിടക്കുന്നു. ശീതകാലത്തും വസന്തകാലത്തും രംഗത്തിനു ഗാംഭീര്യം പകർന്നുകൊണ്ടു കിഴക്കു മാറിയുള്ള പർവ്വത ശിഖരങ്ങൾ മഞ്ഞു തൊപ്പികളണിയുന്നു. എന്നാൽ എല്ലാററിലുമുപരി റാബേ അനേകം വെള്ളങ്ങളുടെ ഒരു ഗ്രാമമാണ്. ആ പ്രദേശത്തു ചെറുതും വലുതുമായി 360 നീരുറവുകളുണ്ട്. അവ ചുററുമുള്ള താഴ്വരകളിലെ ഗോതമ്പ്, ആഫ്രിക്കാട്ട്, സബർജല്ലി, പീച്ചസ്, മുന്തിരി എന്നിവ വളരുന്ന ഫലഭൂയിഷ്ഠമായ വയലുകൾക്കു വേണ്ട വിലപ്പെട്ട ജലം പ്രദാനം ചെയ്യുന്നു.
ഭൂത, വർത്തമാന കാലങ്ങൾ റാബേയിൽ ഒത്തുചേരുന്നു
പല സംഗതികളിലും റാബേയിൽ കാര്യങ്ങൾ ബൈബിൾ കാലങ്ങളിലേതിൽനിന്നു മാററമില്ലാതെ തുടരുന്നു. ഗ്രാമങ്ങളിലെ വീടുകൾ ഒന്നോടൊന്നു ചേർന്നാണിരിക്കുന്നത്. തെരുവുകൾ ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞു പോകുന്നതും കഴുതകളും കന്നുകാലികളും നിറഞ്ഞവയുമാണ്. ചില മോട്ടോർവാഹനങ്ങളുണ്ടെങ്കിലും അവ മൃഗങ്ങൾക്കു വഴിമാറേണ്ടിയിരിക്കുന്നു. ഒട്ടുമിക്കപ്പോഴും ഈ വാഹനമൃഗങ്ങളുടെ ഉടമകൾ വയലിൽ നിന്നുള്ള സാധനങ്ങൾ അവയുടെ മുതുകത്തു കയററി അവയെ തനിയെ വീടുകളിലേക്ക് അയയ്ക്കുന്നു. അവ തിരക്കുള്ള ഇടുങ്ങിയ തെരുവുകളിലൂടെ ഉന്തിത്തള്ളി അവയുടെ വീട്ടിലെത്തിച്ചേരുന്നു. “കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു” എന്നു പറഞ്ഞപ്പോൾ യെശയ്യാവിന്റെ മനസ്സിലുണ്ടായിരുന്നതിനോടു സമാനമായിരിക്കുമോ ഇത്?—യെശയ്യാവു 1:3.
റാബേ വൈപരീത്യങ്ങളുടെ ഒരു സ്ഥലവും കൂടെയാണ്. യൂണിവേഴ്സിററി ബിരുദധാരികളെയും ഒരിക്കലും ഒരു നഗരത്തിൽ പോയിട്ടില്ലാത്ത സാധു കൃഷീവലൻമാരെയും നിങ്ങൾ ഇവിടെ കാണും. ചുററും പൂന്തോട്ടങ്ങളുള്ള മനോഹര മന്ദിരങ്ങളും വളർത്തു മൃഗങ്ങൾ യഥേഷ്ടം കയറിയിറങ്ങുന്ന കൊച്ചു കുടിലുകളും ഇവിടെയുണ്ട്. എല്ലാ ഭവനങ്ങളിലും തന്നെ വൈദ്യുത ഉപകരണങ്ങൾ ഉണ്ട്, എന്നാൽ വിദ്യുച്ഛക്തി എല്ലായ്പ്പോഴും ലഭ്യമല്ല. അതുകൊണ്ടു പല ഭവനങ്ങൾക്കും ജനറേറററുകളുണ്ട്. ഗ്രാമത്തിലെ പ്രധാന തെരുവീഥികൾ കല്ലുപാകിയവയാണ്. എന്നാൽ വയലിലേക്കുള്ള മിക്ക വഴികളും കല്ലു പാകാത്തതും കുണ്ടും കുഴിയും നിറഞ്ഞതും ആണ്. അതുകൊണ്ടു വയലിൽനിന്നു ഉൽപ്പന്നങ്ങൾ വഹിച്ചുകൊണ്ടുവരാനുള്ള ഏകമാർഗ്ഗം വളർത്തു മൃഗങ്ങളാണ്. വയലിൽ മൃഗങ്ങളോടൊപ്പം പണിക്കുപയോഗിക്കുന്ന യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ വേണ്ടിയുള്ള ഒരു ജനറേററർ ഒരു കഴുത ചുമന്നു കൊണ്ടുപോകുന്നതുപോലും നിങ്ങൾ കണ്ടേക്കാം.
അതുപോലെ ഗ്രാമത്തിലെ ജീവിതരീതിക്കും കാര്യമായ മാററം വന്നിട്ടില്ല. നിങ്ങൾ ഗ്രാമത്തിൽ രാത്രി ചെലവഴിക്കുകയാണെങ്കിൽ വെളുപ്പിനു രണ്ടുമണിക്കോ മൂന്നുമണിക്കോ കോഴികൂവുന്നതുകേട്ടു നിങ്ങൾ ഉണർന്നേക്കാം. ദിനചര്യകൾ വളരെ നേരത്തേ ആരംഭിക്കുന്നതിനാൽ മൃഗങ്ങളെ പണിക്കു കൊണ്ടുപോകുന്ന തിരക്കിൽ ഇരുട്ടത്ത് ആളുകൾ അന്യോന്യം കൂവി വിളിക്കുന്നതു കേട്ടാൽ അതിൽ അതിശയിക്കേണ്ടതില്ല. പ്രഭാതം പൊട്ടിവിടരുമ്പോൾതന്നെ അനേകം ഗ്രാമീണർ ഭാരം കയററിയ മൃഗങ്ങളെയും കൊണ്ടു വയലിലേക്കോ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിററഴിക്കാൻ ചന്തസ്ഥലത്തേക്കോ പോകുന്നതു നിങ്ങൾക്കു കാണാൻ കഴിയും.
പ്രഭാതമായിക്കഴിഞ്ഞാൽ കൊച്ച് ആൺകുട്ടികളും പെൺകുട്ടികളും തെരുവുകളിലും പൊതു സ്ഥലങ്ങളിലും കളികളിൽ ഏർപ്പെടുന്നു. അവരുടെ അട്ടഹാസങ്ങളും പൊട്ടിച്ചിരികളും അന്തരീക്ഷത്തെ നിറക്കുന്നു, ഏറെയും സെഖര്യാവ് പ്രവാചകൻ വർണ്ണിച്ച പുരാതന യെരൂശലേമിലെ അവസ്ഥപോലെ തന്നെ: “നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയും കൊണ്ടു നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും.” (സെഖര്യാവു 8:5) ഗ്രാമവാസികൾ അങ്ങേയററം സൗഹൃദഭാവമുള്ളവരും ജിജ്ഞാസുക്കളുമാണെന്നു നിങ്ങൾ കണ്ടെത്തും. നിങ്ങൾ ആരാണ്, എവിടെനിന്നാണ്, എന്തിന് വന്നു, എങ്ങോട്ടു പോകുന്നു എന്നെല്ലാം അറിയാൻ ആഗ്രഹമുള്ളതിനാൽ കണ്ടുമുട്ടുന്ന ഗ്രാമീണരെയെല്ലാം നിങ്ങൾ അഭിവാദ്യം ചെയ്യാൻ അവർ പ്രതീക്ഷിക്കുന്നു. ആളുകൾ അന്യോന്യം വളരെ നന്നായി പരിചയപ്പെടുന്നു.
സത്യത്തിന്റെ ജലം റാബേയിലെത്തുന്നു
ആളുകൾ അടുത്തിടപഴകുന്ന അത്തരമൊരു സമൂഹത്തിൽ വാർത്തകൾ പെട്ടെന്നു പ്രചരിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തിഇരുപത്തിമൂന്നിൽ ആസാദ് യൂനിസ് ഐക്യനാടുകളിൽ നിന്നു റാബേയിൽ മടങ്ങിയെത്തിയപ്പോൾ സംഭവിച്ചത് അതായിരുന്നു. അമേരിക്കയിൽ ആസാദ് ഒരു സമ്പന്നനായിത്തീർന്നോ എന്നറിയാൻ വേണ്ടി അയാളുടെ സുഹൃത്ത് അബ്ദള്ള ബ്ലേൽ അയാളെ കാണാൻ ചെന്നു. പണത്തെപ്പററി സംസാരിക്കുന്നതിനു പകരം ദൈവത്തിന്റെ കിന്നരം എന്ന പുസ്തകത്തിന്റെ ഒരു പ്രതി വച്ചുനീട്ടിക്കൊണ്ട് ആസാദ് അയാളോടു പറഞ്ഞു: “ഇതാണ് യഥാർത്ഥ ധനം.” നേരത്തെ ഒരു പ്രോട്ടസ്ററൻറുകാരനായിരുന്ന അബ്ദള്ള ആ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണം വായിക്കുകയും അത് അയാളിൽ വലിയ മതിപ്പ് ഉളവാക്കുകയും ചെയ്തു. അതിലെ വിവരങ്ങൾ സംബന്ധിച്ച് ആസാദ് അധികമൊന്നും ചെയ്തില്ലെങ്കിലും അബ്ദള്ളക്ക് താൻ പഠിച്ച കാര്യങ്ങൾ സംബന്ധിച്ചു വലിയ ഉത്സാഹം തോന്നുകയും താൻ സത്യം കണ്ടെത്തിയതായി അയാൾ തുറന്നു സമ്മതിക്കുകയും ചെയ്തു.
കുറച്ചു നാളുകൾക്കുശേഷം അബ്ദള്ള വടക്കൻ ലെബനോനിലെ പ്രമുഖ നഗരമായ ട്രിപ്പോളിയിലേക്കു താമസം മാററി. അവിടെ അയാൾക്കു പല ബൈബിൾ വിദ്യാർത്ഥികളുമായി—യഹോവയുടെ സാക്ഷികൾ അന്ന് അറിയപ്പെട്ടിരുന്നത് അങ്ങനെയായിരുന്നു—ബന്ധപ്പെടാനും തന്റെ ബൈബിൾ പഠനത്തിൽ പുരോഗതി നേടാനും കഴിഞ്ഞു. പിന്നീട് താൻ പഠിച്ച സുവാർത്ത പ്രചരിപ്പിക്കാൻ വേണ്ടി അയാൾ റാബേയിലേക്കു മടങ്ങി വന്നു. ത്രിത്വം, മനുഷ്യന് ഒരു അമർത്ത്യ ദേഹിയുണ്ടോ, നരകാഗ്നി, പൗരോഹിത്യം, കുർബ്ബാന, പ്രതിമകളുടെ ഉപയോഗം എന്നിവപോലുള്ള വിഷയങ്ങളെക്കുറിച്ചു അയാൾ തന്റെ ഗ്രാമത്തിലെ ആളുകളുമായി ചർച്ചകളിൽ ഏർപ്പെടുകയും ബൈബിൾ യഥാർത്ഥത്തിൽ പഠിപ്പിക്കുന്ന ആശയങ്ങൾ അവരുമായി പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു.
ഗ്രാമവാസികളിൽ ചിലർ താത്പര്യം പ്രകടമാക്കി. അവരിൽ മൂന്നുനാലുപേർ പ്രസംഗവേലയിൽ അബ്ദള്ളയോടു ചേർന്നു. പിന്നീട് അവർ ഞായറാഴ്ചകളിൽ മീററിംഗുകൾ നടത്താൻ തുടങ്ങി. അതിൽ ഒരു ഫോണോഗ്രാഫിൽ റിക്കാർഡ് ചെയ്ത ഒരു പ്രസംഗം അല്ലെങ്കിൽ ഒരു ബൈബിൾഭാഗത്തിന്റെ വായന ശ്രദ്ധിക്കുന്നതും അതേത്തുടർന്ന് അവർ കേട്ട കാര്യങ്ങളെപ്പററിയുള്ള ഒരു ചർച്ചയുമാണ് ഉൾപ്പെട്ടിരുന്നത്. പിന്നീട് ദൈവത്തിന്റെ കിന്നരം, ധനം “ദൈവം സത്യവാൻ” എന്നീ പുസ്തകങ്ങൾ ഉൾപ്പെടെയുള്ള ബൈബിൾ പഠന സഹായികൾ ഉപയോഗിക്കപ്പെട്ടു. ഒരിക്കലും പത്തുപേരിലധികം ഹാജരായില്ല, മിക്കവരുടേതും താത്പര്യത്തേക്കാളധികം ജിജ്ഞാസയായിരുന്നു. ചിലർ മീററിംഗിന്റെ അവസാനം വിളമ്പിയ ഭക്ഷണത്തിനായി വന്നുവെന്നു തോന്നി.
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പതുകളിൽ റാബേയിലെ ഗ്രൂപ്പിന്റെ ചുമതല അബ്ദള്ള ബ്ലേലിനു നൽകപ്പെട്ടു. അദ്ദേഹം മററുള്ളവർക്കു നല്ല മാതൃക വച്ചുകൊണ്ടു യഹോയുടെ ഉത്സാഹവും വിശ്വസ്തതയുമുള്ള ഒരു ദാസനാണെന്നു തെളിയിച്ചു. അവരിൽ ഒരാൾ മത്താർ സഹോദരൻ, തങ്ങൾ പ്രസംഗവേല നിർവ്വഹിച്ച വിധം അനുസ്മരിക്കുന്നു: “അന്നു കാറുകളില്ലാത്തതിനാൽ ബ്ലേൽ സഹോദരനും ഞാനുംകൂടെ സമീപത്തുള്ള ഗ്രാമങ്ങളിൽ സാക്ഷീകരണത്തിനു കാൽനടയായി പോയി. ഞാൻ ഫോണോഗ്രാഫ് ചുമന്നു, ബ്ലേൽ സഹോദരൻ സംസാരത്തിൽ നേതൃത്വമെടുത്തു. രണ്ടു മൂന്നു ദിവസത്തെ പ്രവർത്തനം കഴിഞ്ഞാണു ഞങ്ങൾ സാധാരണയായി വീട്ടിൽ മടങ്ങിയെത്തിയിരുന്നത്.” ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയൊൻപതിൽ 98-ാമത്തെ വയസ്സിൽ മരിക്കുന്നതുവരെ ബ്ലേൽ സഹോദരൻ വിശ്വസ്തതയോടെ യഹോവയെ സേവിച്ചു.
പുരോഗതി എതിർപ്പിനിടയാക്കുന്നു
വേല പുരോഗമിച്ചപ്പോൾ സഹോദരങ്ങൾക്ക് എതിർപ്പ് അനുഭവപ്പെട്ടുതുടങ്ങി. ആയിരത്തിത്തൊള്ളായിരത്തി അൻപതിൽ ഗ്രാമത്തിലെ പുരോഹിതന്റെ പ്രേരണയാൽ റാബേയിലെ സഹോദരങ്ങൾക്കെതിരെ പീഡനം ആരംഭിച്ചു. സഹോദരങ്ങൾ ദേവാലയം അശുദ്ധമാക്കിയതായും ദൈവദോഷം ചെയ്തതായും പുരോഹിതൻ ആരോപിച്ചു. ഗ്രാമീണരിൽ ചിലർ വളരെ കോപിഷ്ഠരായിത്തീർന്നതിനാൽ അവർ സഹോദരൻമാരെ കല്ലെറിഞ്ഞു, ചില സഹോദരൻമാർ അറസ്ററ് ചെയ്യപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. എന്നാൽ പിന്നീടുള്ള അന്വേഷണങ്ങളിൽ ആ ആരോപണങ്ങൾ വ്യാജമാണെന്നു തെളിഞ്ഞു. എന്നിട്ടും സഹോദരങ്ങൾ പല ദിവസങ്ങൾ ജയിലിൽ കഴിയേണ്ടിവന്നു.
തുടർച്ചയായി തങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ചു തങ്ങളെ ശല്യം ചെയ്യുന്നതുൾപ്പെടെ അനേകം കാര്യങ്ങൾ സംബന്ധിച്ചു സഹോദരങ്ങളെ കുററപ്പെടുത്തുന്ന ഒരു പരാതിയിൽ ഗ്രാമവാസികളെക്കൊണ്ട് ഒപ്പിടുവിക്കാൻ മറെറാരു എതിർപ്പുകാരൻ ശ്രമിച്ചു. ആ ഗ്രാമീണരിൽ ചിലർക്കു നന്നായി വായിക്കാൻ അറിയില്ലായിരുന്നിരിക്കണം. കൂടുതലാളുകളെക്കൊണ്ട് ആ കടലാസ്സിൽ ഒപ്പിടുവിക്കുവാൻ വേണ്ടി ഒരു ജോലിക്കാരനെ ആ ഗ്രാമത്തിലേക്കു തിരിച്ചു വരുത്താൻ വേണ്ടിയുള്ള അപേക്ഷയാണതെന്ന് അയാൾ അവരോടു പറഞ്ഞു. അതു യഥാർത്ഥത്തിൽ സാക്ഷികൾക്കെതിരെ ഒരു ആരോപണമാണെന്നു മനസ്സിലാക്കിയപ്പോൾ അവർ അവരുടെ ഒപ്പുകൾ മായിച്ചുകളഞ്ഞു. ഇതുപോലെയുള്ള സംഭവങ്ങൾ ആ പ്രദേശത്തെ ഉദ്യോഗസ്ഥൻമാർക്ക് ഒരു നല്ല സാക്ഷ്യം നൽകുന്നതിനു സഹായിച്ചു.
അത്തരം തുറന്ന എതിർപ്പുകളെ നേരിടേണ്ടി വന്നതുകൂടാതെ സഹോദരൻമാർ മറെറാരു തടസ്സവും അഭിമുഖീകരിക്കേണ്ടി വന്നു. എല്ലാവരും പരസ്പരം അറിയുന്ന ഒരു ചെറുഗ്രാമത്തിൽ സദൃശവാക്യങ്ങൾ 29:25 ചൂണ്ടിക്കാണിക്കുന്ന പ്രകാരം “മാനുഷഭയം ഒരു കണി ആകുന്നു.” നിരന്തരം തങ്ങളെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന അയൽക്കാരോടും സുഹൃത്തുക്കളോടും ബന്ധുക്കളോടും പ്രസംഗിക്കാൻ ധൈര്യം ആവശ്യമാണ്. അങ്ങനെ മത്തായി 10:36-ലെ യേശുവിന്റെ വാക്കുകൾക്കു യഥാർത്ഥ അർത്ഥം കൈവരുന്നു: “മമനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും.” എന്നിരുന്നാലും ആ സദൃശവാക്യം തുടർന്നു പറയുന്നതുപോലെ “യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷ പ്രാപിക്കും.” സഹോദരങ്ങളുടെ വിശ്വാസവും സഹിഷ്ണുതയും ശ്രദ്ധേയമായ ഫലങ്ങൾ ഉളവാക്കിയിരിക്കുന്നു.
റാബേയിൽ സത്യം നിറയുന്നു
വർഷങ്ങളിലൂടെ ആ ഗ്രാമത്തിലെ ആളുകൾ യഹോവയുടെ സാക്ഷികളുടെ നല്ല പെരുമാററം വിലമതിക്കാനിടയാകുകയും അനേകർ സത്യം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തിഅറുപത്തിഒൻപതിൽ റാബേയിൽ രണ്ടാമതൊരു സഭ സ്ഥാപിതമായപ്പോൾ സഹോദരങ്ങൾ വളരെയധികം സന്തോഷിച്ചു. അവർ കഠിനാദ്ധ്വാനം ചെയ്യുന്നതിൽ തുടർന്നു. അനേകർ മുഴുസമയശുശ്രൂഷ ഏറെറടുത്തു, ചിലർ ബെയ്റൂട്ട് നഗരം ഉൾപ്പെടെയുള്ള മററു പ്രദേശങ്ങളിൽ സേവിക്കുന്നതിനുവേണ്ടി അവിടങ്ങളിലേക്കു മാറിപാർക്കുകപോലും ചെയ്തു. യഹോവ അവരുടെ കഠിനവേലയെ അനുഗ്രഹിക്കുകയും 1983-ൽ റാബേയിൽ മൂന്നാമത് ഒരു സഭ സ്ഥാപിക്കപ്പെടുകയും ചെയ്തു. അതേസമയം കൂടുതൽ സഹോദരങ്ങൾ മററു പ്രദേശങ്ങളിലേക്കു നീങ്ങുകയോ നഗരങ്ങളിലേക്കു മാറിപ്പാർക്കുകയോ ചെയ്തു. എന്നിട്ടും വളർച്ച തുടർന്നു, റാബേയിൽ നാലാമത് ഒരു സഭ 1989-ലും അഞ്ചാമത്തേത് 1990-ലും രൂപീകരിക്കപ്പെട്ടു.
അപ്പോഴേക്കും ഗ്രാമത്തിലെ ഏതാണ്ട് എല്ലാ കുടുംബത്തിനും സാക്ഷിയായ ഒരു ബന്ധുവോ സുഹൃത്തോ ഉണ്ടായിരുന്നു. ഒരു കാലത്ത് ഉണ്ടായിരുന്ന ശത്രുത ശമിച്ചിരുന്നു. ആളുകൾ സാക്ഷികളുമായി കൂടുതൽ പരിചയത്തിലായി. വാസ്തവത്തിൽ “മൂപ്പൻ,” “പയണിയർ,” “സർക്കിട്ട് മേൽവിചാരകൻ,” “സമ്മേളനം,” “അർമ്മഗെദ്ദോൻ” എന്നിങ്ങനെയുള്ള പദങ്ങൾ ഗ്രാമീണരുടെ പദസഞ്ചയത്തിന്റെ ഭാഗമായിത്തീർന്നു. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സ്മാരകമോ പോലുള്ള വിശേഷാവസരങ്ങളിൽ തെരുവുകൾ ശൂന്യമാവുകയും രാജ്യഹാളുകൾ നിറയുകയും ചെയ്യുമായിരുന്നു. ചില സഭകൾ അയൽക്കാരുടെ സൗകര്യത്തിനുവേണ്ടി ബാൽക്കണിയിൽ ഉച്ചഭാഷിണി ഘടിപ്പിക്കുകപോലും ചെയ്തു.
ഇപ്പോൾ റാബേയിൽ 250-തിലധികം രാജ്യപ്രസാധകരുണ്ട്. അതിന്റെ അർത്ഥം ഗ്രാമത്തിലെ 8 പേരിൽ ഒരാൾ വീതം സാക്ഷിയാണ് എന്നാണ്! അൻപത്തിയൊന്ന് പ്രസാധകരുള്ള ഒരു സഭയുടെ പ്രവർത്തന പ്രദേശത്ത് 76 വീടുകളാണുള്ളത്, ഓരോ വാരത്തിലും അവർ അതു പ്രവർത്തിച്ചു തീർക്കുന്നു. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ റാബേയിലുള്ള 13 സാധാരണ പയണിയർമാരോടൊപ്പം 250 പ്രസാധകരിൽ 98 പേർ സഹായപയണിയറിംഗ് നടത്തിയപ്പോൾ സംഭവിച്ചത് ഒന്നു ഭാവനയിൽ കാണുക. ഓരോ വാരത്തിലും അനേക പ്രാവശ്യം പ്രദേശം പ്രവർത്തിച്ചു തീർക്കപ്പെട്ടു. ഒരേ ദിവസം അല്ലെങ്കിൽ ഒരേ സമയം ഒരു വീട്ടിൽ രണ്ടോ മൂന്നോ ജോടി പ്രസാധകർ സന്ദർശനത്തിനു ചെല്ലുന്നത് അസാധാരണമല്ലായിരുന്നു. ഗ്രാമീണരിൽ മിക്കവർക്കും ഈ സന്ദർശനങ്ങൾ ചിരപരിചിതമായിത്തീർന്നിരിക്കുന്നു. ഒരു മനുഷ്യൻ പരാതിപ്പെട്ടപ്പോൾ ഒരു പ്രസാധകൻ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: “ബൈബിൾ പഠിക്കാനുള്ള ഞങ്ങളുടെ ക്ഷണം നിങ്ങൾ സ്വീകരിച്ചാൽ പിന്നെ ഞങ്ങൾ നിങ്ങളെ വാരത്തിൽ ഒരിക്കലേ സന്ദർശിക്കയുള്ളു.” നിലം ഉഴുന്നവരും വിതക്കുന്നവരും നനക്കുന്നവരും അല്ലെങ്കിൽ കഴുതപ്പുറത്തു സവാരി ചെയ്യുന്നവരുമായി കൃഷിസ്ഥലത്തു കണ്ടെത്താൻ കഴിയുന്ന സകലരോടും അവർ സംസാരിക്കുന്നു.
വാസ്തവമായും അനേകം വെള്ളങ്ങളുടെ ഗ്രാമമായ റാബേ ബൈബിൾ സത്യം കൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നാൽ അതു മാത്രമല്ല. ചുററുമുള്ള അനേകം ഗ്രാമങ്ങൾക്കു റാബേ ശുദ്ധ ജലത്തിന്റെ ഒരു ഉറവായിരിക്കുന്നതുപോലെ അത് അവക്കു ജീവദായകമായ ബൈബിൾ സത്യത്തിന്റെ ജലവും എത്തിച്ചുകൊടുത്തിരിക്കുന്നു. റാബേയിൽ നിന്നുള്ള പ്രസാധകർ കാൽനടയായി ചുററുമുള്ള ഗ്രാമങ്ങൾ സന്ദർശിക്കുകയും വിദൂരത്തിലുള്ള ഗ്രാമങ്ങളിൽ പ്രസംഗിക്കാൻ വേണ്ടി സംഘങ്ങളായി കാറിൽ പോവുകയും ചെയ്യുന്നു. ചില പ്രസാധകർ മററു നഗരങ്ങളിൽ സേവിക്കാൻവേണ്ടി അവിടേക്കു മാറിപ്പാർക്കുന്നു. നമ്മുടെ സ്വർഗ്ഗീയ പിതാവായ യഹോവയാം ദൈവത്തിനു കൂടുതൽ സ്തുതി കൈവരുത്തുംവിധം യഹോവയുടെ അനുഗ്രഹത്താൽ അവിടെ ഇനിയും വർദ്ധനവുണ്ടാകും.
[26-ാം പേജിലെ ചിത്രം]
റാബേയിലെ ഒരു തെരുവിന്റെ ദൃശ്യം