ദൈവപ്രീതി ആർക്കാണുള്ളത്?
നമ്മുടെ കൂട്ടുകാർ നമ്മെ ഇഷ്ടപ്പെടാൻ നാമെല്ലാം ആഗ്രഹിക്കുന്നു. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ പ്രീതി കണ്ടെത്തുകയെന്നതാണു കൂടുതൽ ശക്തമായ ഒരു ആഗ്രഹം. യഹോവയാം ദൈവത്തേക്കുറിച്ചു സങ്കീർത്തനം 84:11-ൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “യഹോവ കൃപയും മഹത്വവും നല്കുന്നു; നേരോടെ നടക്കുന്നവർക്കു അവൻ ഒരു നൻമയും മുടക്കുകയില്ല.” യേശുവിന്റെ ജനനത്തിങ്കൽ സ്വർഗ്ഗീയ ദൂതൻമാരുടെ സന്തോഷഭരിതമായ ഘോഷം “അവൻ പ്രീതി കാണിക്കുന്ന ഭൂമിയിലെ മനുഷ്യർക്കു സമാധാനം” വാഗ്ദത്തം ചെയ്തു!—ലൂക്കോസ് 2:14, മോഫററ്.
എന്നാൽ ദൈവം ആരോടാണു പ്രീതി കാട്ടുന്നത്? ദൈവത്തിന്റെ നിലവാരങ്ങൾ മമനുഷ്യന്റെ നിലവാരങ്ങൾ തന്നെയാണോ? മുൻലേഖനത്തിലെ ചർച്ച സൂചിപ്പിച്ചതുപോലെ നിസ്സംശയമായും അവ അങ്ങനെയല്ല എന്നു മനസ്സിലാക്കാവുന്നതാണ്. വാസ്തവത്തിൽ “ദൈവത്തിന്റെ അനുകാരികൾ ആയിത്തീരു”വാൻ ക്രിസ്ത്യാനികളെ ബുദ്ധിയുപദേശിച്ചിരിക്കുന്നതിനാൽ നാമോരോരുത്തരും ഇങ്ങനെ ചോദിക്കുന്നത് ഉചിതമാണ്, ദൈവം പ്രീതി കാണിക്കുന്ന ആളുകളോടു ഞാൻ പ്രീതി കാണിക്കുന്നുവോ, അതോ ആളുകളെ വിധിക്കുന്നതിൽ ലോകനിലവാരങ്ങൾ പിൻതുടരാൻ ഞാൻ ചായ്വുള്ളവനാണോ? (എഫേസ്യർ 5:1, NW) യഹോവയുടെ പ്രീതിയും അംഗീകാരവും നേടാൻ നാം കാര്യങ്ങളെ അവന്റെ നിലപാടിൽ കാണാൻ ജാഗ്രത പാലിക്കണം.
ദൈവത്തിന്റെ ഉന്നതനിലവാരങ്ങൾ
അപ്പൊസ്തലനായ പത്രോസ് ഇങ്ങനെ പറഞ്ഞു: “ദൈവത്തിനു മുഖപക്ഷമില്ല. . .ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.” ദൈവം “ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി” എന്ന് അപ്പൊസ്തലനായ പൗലോസ് കൂടുതലായി സാക്ഷ്യപ്പെടുത്തി. (പ്രവൃത്തികൾ 10:34, 35; 17:26) അതുകൊണ്ട് തങ്ങളുടെ ശാരീരിക സ്വഭാവവിശേഷതകൾ എന്തൊക്കെയായിരുന്നാലും സകല മനുഷ്യരും ദൈവദൃഷ്ടിയിൽ തുല്യരാണെന്നു നിഗമനം ചെയ്യുന്നതു ന്യായയുക്തം മാത്രമാണ്. വസ്തുത അതായിരിക്കുന്നതിനാൽ, ഒരുവൻ ഒരു പ്രത്യേക പ്രദേശത്തുനിന്നു വരുന്നതുകൊണ്ടോ അല്ലെങ്കിൽ ഒരു പ്രത്യേക തൊലിനിറം ഉള്ളതുകൊണ്ടോ മറേറതെങ്കിലും വർഗ്ഗത്തിൽപ്പെട്ടതായതുകൊണ്ടോ അയാളോടു പ്രീതി കാണിക്കുന്നത് ഒരു ക്രിസ്ത്യാനിക്ക് ഉചിതമല്ല. മറിച്ച്, മുഖപക്ഷം കാണിച്ചില്ല എന്നു ശത്രുക്കൾപോലും സമ്മതിച്ച മാതൃകാപുരുഷനായ യേശുക്രിസ്തുവിനെ പിൻപററുന്നതായിരിക്കും അയാൾക്കു നല്ലത്.—മത്തായി 22:16.
“തൊലിപ്പുറമേയുള്ള” എന്ന പ്രയോഗം ബാഹ്യമായി മാത്രമുള്ളതോ അപ്രധാനമോ ആയ എന്തിനെയെങ്കിലും വിവരിക്കാൻ ചിലപ്പോൾ ഉപയോഗിക്കുന്നു. തൊലിയുടെ നിറം കേവലം അതുതന്നെയാണ്; അതു തൊലിപ്പുറമേയുള്ളതു മാത്രമാണ്. ഒരു വ്യക്തിയുടെ ചർമ്മത്തിന്റെ നിറം ഒരുപ്രകാരത്തിലും അയാളുടെ വ്യക്തിത്വത്തെയോ ആന്തരികഗുണങ്ങളെയോ പ്രതിഫലിപ്പിക്കുന്നില്ല. സഹവസിക്കാനും ഒന്നിച്ചു ഭക്ഷണം കഴിക്കാനും കൈ കൊടുക്കാനും ആളുകളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വിശേഷിച്ചും തൊലിയുടെ നിറം നാം നിശ്ചയമായും നോക്കരുത്. ഓർക്കുക, എതു കാലത്തും എഴുതപ്പെട്ടിട്ടുള്ളതിലേക്കും അതിമനോഹരമായ പ്രേമകാവ്യത്തിൽ ചിലതിന് പ്രചോദനമേകിയ കന്യക അവളേക്കുറിച്ചുതന്നെ ഇങ്ങനെ പറഞ്ഞു: “ഞാൻ കറുത്തവൾ എങ്കിലും. . . അഴകുള്ളവൾ ആകുന്നു. ഞാൻ വെയിൽകൊണ്ടു കറുത്തിരിക്കുന്നു.” (ഉത്തമഗീതം 1:5, 6) വർഗ്ഗമോ വർണ്ണമോ പ്രീതി കാണിക്കുന്നതിനുള്ള ഒരു ശരിയായ അടിസ്ഥാനം നൽകുന്നില്ല. വളരെ കൂടുതൽ പ്രാധാന്യമുള്ളത് ഒരു വ്യക്തി ദൈവത്തെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടോ എന്നതിനാണ്.
ഭൗതിക സമ്പത്തുണ്ടായിരിക്കുന്നതു സംബന്ധിച്ച് ദൈവം എങ്ങനെ വിചാരിക്കുന്നു? ദൈവം സ്നേഹിക്കുകയും പ്രീതി കാണിക്കുകയും ചെയ്യുന്ന സകല വ്യക്തികളിലും അഗ്രഗണ്യൻ അവിടുത്തെ പുത്രനായ യേശുക്രിസ്തുവാണ്. എങ്കിലും, ഭൂമിയിലായിരുന്നപ്പോൾ യേശുവിന് “തല ചായിപ്പാൻ ഇടം ഇല്ലാ”യിരുന്നു. (മത്തായി 8:20) യേശുവിനു ഭൂസ്വത്തോ, ഭവനങ്ങളോ, വയലുകളോ, ഫലവൃക്ഷങ്ങളോ, മൃഗങ്ങളോ ഉണ്ടായിരുന്നില്ല. എന്നിട്ടും യഹോവ അവനെ ആദരിക്കുകയും ദൈവം ഒഴികെ പ്രപഞ്ചത്തിൽ എല്ലാവർക്കും മീതെയുള്ള ഒരു സ്ഥാനത്തേക്ക് അവനെ ഉയർത്തുകയും ചെയ്തു.—ഫിലിപ്പിയർ 2:9.
യേശുക്രിസ്തു ദൈവത്തിന്റെ പ്രീതി നേടി, എന്തുകൊണ്ടെന്നാൽ ഭൗതികവസ്തുക്കളിലല്ല പിന്നെയോ സൽപ്രവൃത്തികളിൽ അവൻ സമ്പന്നനായിരുന്നു. (1 തിമൊഥെയൊസ് 6:17, 18 താരതമ്യപ്പെടുത്തുക.) അവൻ തന്റെ അനുഗാമികളെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “പുഴുവും തുരുമ്പും കെടുക്കയും കള്ളൻമാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളൻമാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.” (മത്തായി 6:19, 20) അതുകൊണ്ട്, ലോകത്തിലെ വസ്തുക്കളിൽ സമ്പന്നരായിരിക്കുന്നവരോടുമാത്രം പ്രീതി കാണിക്കുന്നതിനുപകരം ലോകസ്വത്തുക്കളുടെ അടിസ്ഥാനത്തിൽ ക്രിസ്ത്യാനികൾ യാതൊരു വിവേചനവും കാണിക്കുകയില്ല. ഒരു ഭൗതിക വിധത്തിൽ ധനികരോ ദരിദ്രരോ എന്നു നോക്കാതെ അവർ ദൈവികമായി ധനികരായവരെ അന്വേഷിക്കും. “ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തു” എന്ന് ഒരിക്കലും മറക്കരുത്. (യാക്കോബ് 2:5) നിങ്ങൾ ദൈവത്തിന്റെ വീക്ഷണം പുലർത്തുന്നുവെങ്കിൽ ഒരിക്കലും ഭൗതികമായി ധനികരായവരെ പ്രീണിപ്പിക്കുകയോ അവരോടു പ്രീതികാട്ടുകയോ ചെയ്യുന്ന സാധാരണശീലത്തിന്റെ ഇരയായിത്തീരുകയില്ല.
വിദ്യാഭ്യാസത്തെ സംബന്ധിച്ചാണെങ്കിൽ, അറിവും ജ്ഞാനവും അന്വേഷിക്കാൻ ദൈവം നമ്മെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഭൂമിയിൽ നടന്നിട്ടുള്ളതിൽ ഏററവും മഹനായ ഗുരു യേശുക്രിസ്തുവാണെന്നും ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. (സദൃശവാക്യങ്ങൾ 4:7; മത്തായി 7:29; യോഹന്നാൻ 7:46) എന്നാൽ ദൈവത്തിന്റെ പ്രീതി നേടുന്നത് ലോകത്തിന്റെ ജ്ഞാനമോ വിദ്യാഭ്യാസമോ അല്ല. മറിച്ച്, “ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, . . . ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു” എന്നു പൗലോസ് നമ്മോടു പറയുന്നു.—1 കൊരിന്ത്യർ 1:26, 27.
നല്ല പഠിപ്പുള്ളവരോടു ദൈവം പ്രീതി കാട്ടുന്നു, ഉന്നത വിദ്യാഭ്യാസത്തിന്റെ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന ലൗകിക വിഷയങ്ങളിലല്ല, പിന്നെയോ അവിടുത്തെ വചനമായ ബൈബിളിൽ കാണുന്ന സത്യത്തിന്റെ “നിർമ്മലഭാഷ”യിൽ. (സെഫന്യാവ് 3:9, NW) വാസ്തവത്തിൽ, ഭൂമിയുടെ വിദൂര സ്ഥലങ്ങളിലേക്കു വ്യാപിക്കുന്ന ഒരു വിദ്യാഭ്യാസ പരിപാടിയിലൂടെ യഹോവതന്നെ അവിടുത്തെ ജനത്തെ പഠിപ്പിക്കുകയാണ്. യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞതുപോലെ “വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറഞ്ഞുകൊണ്ടു സകല ജനതകളിലെയും ആളുകൾ പ്രതികരിക്കുകയാണ്. അതുകൊണ്ട് ലൗകിക വിദ്യാഭ്യാസത്തെ മഹത്ത്വപ്പെടുത്തുന്നതിനുപകരം, വാക്കുകളാലും പ്രവൃത്തികളാലും തങ്ങൾ യഥാർത്ഥത്തിൽ “യഹോവയാൽ പഠിപ്പിക്കപ്പെട്ട വ്യക്തികൾ” ആണ് എന്നു തെളിയിക്കുന്നവരെ ക്രിസ്ത്യാനികൾ അന്വേഷിക്കും. അങ്ങനെ ചെയ്യുന്നതിനാൽ അവർ ദൈവം നൽകുന്ന ‘സമൃദ്ധമായ സമാധാനം’ ആസ്വദിക്കും.—യെശയ്യാവു 2:3; 54:13, NW.
നമുക്കു ദൈവപ്രീതി നേടാൻ കഴിയും
അതെ, മററുള്ളവരുടെമേൽ പ്രീതി ചൊരിയുന്നതിനുള്ള ദൈവത്തിന്റെ നിലവാരങ്ങൾ മനുഷ്യരുടേതിൽനിന്ന് വളരെ വ്യത്യസ്തമാണ്. എന്നിരുന്നാലും, അവിടുത്തെ ദൃഷ്ടികളിൽ പ്രീതി നേടാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ അവിടുത്തെ വഴികളാൽ നയിക്കപ്പെടുന്നതിനു നാം കഠിനശ്രമം ചെയ്യണം. മററുള്ളവരെ ദൈവത്തിന്റെ വീക്ഷണകോണത്തിൽ കാണാൻ നാം പഠിക്കണമെന്ന് അത് അർത്ഥമാക്കുന്നു, സ്വാർത്ഥതയാലും മുൻവിധിയാലും സ്വാധീനിക്കപ്പെടാനിടയുള്ള മാനുഷിക നിലവാരങ്ങളനുസരിച്ചല്ല. നമുക്കതെങ്ങനെ ചെയ്യാൻ കഴിയും?
യഹോവയാം ദൈവം ഒരു വ്യക്തിയുടെ ഹൃദയത്തെ പരിശോധിക്കുകയും സ്നേഹം, നൻമ, ദയ, ദീർഘക്ഷമ എന്നിവപോലുള്ള ഗുണങ്ങൾ പ്രകടമാക്കുന്ന ആളുകളോടു പ്രീതി കാണിക്കുകയും ചെയ്യുന്നു. നാം അതുപോലെ ചെയ്യണം. (1 ശമൂവേൽ 16:7; ഗലാത്യർ 5:22, 23) മനുഷ്യരെന്നനിലയിൽ നമുക്കു കഴിയുന്നിടത്തോളം നാം ആന്തരിക വ്യക്തിയിൽ നോക്കേണ്ടതുണ്ട്, തൊലിയുടെ നിറത്തിലോ വർഗ്ഗീയ പശ്ചാത്തലത്തിലോ അല്ല. ഭൗതികവസ്തുക്കളിൽ സമ്പന്നരായവരെ അന്വേഷിക്കുന്നതിനുപകരം ധനത്തോടുള്ള ദൈവത്തിന്റെ വീക്ഷണം നാം മനസ്സിൽ പിടിക്കുകയും “സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി”രിപ്പാൻ ശ്രമിക്കുകയും ചെയ്യുന്നത് ഉചിതമാണ്. (1 തിമൊഥെയൊസ് 6:18) ദൈവപ്രീതി നേടുന്നതിന്, സത്യത്തിന്റെ നിർമ്മലഭാഷയിൽ നല്ല പഠിപ്പുള്ളവരായിത്തീർന്നുകൊണ്ടു ദൈവത്തെയും അവിടത്തെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം നാം തുടർന്ന് അന്വേഷിക്കണം. (യോഹന്നാൻ 17:3, 17) അപ്രകാരം ചെയ്യുമ്പോൾ നാമും ദൈവം പ്രീതി കാണിക്കുന്നവരുടെ ഇടയിൽ ഉണ്ടായിരിക്കും.