ആമേൻ—അതിന്റെ അർത്ഥവും ഉപയോഗവും
ഇംഗ്ലീഷിലും ഗ്രീക്കിലുമുള്ള ഏമെൻ എന്ന പദം എബ്രായയിലെ ഏമീൻ എന്നതിന്റെ ലിപ്യന്തരീകരണമാണ്. അതിന്റെ അർത്ഥം “അങ്ങനെ ആയിരിക്കട്ടെ,” അഥവാ “തീർച്ചയായും” എന്നാണ്. ഇത് എടുത്തിരിക്കുന്ന മൂല എബ്രായ പദത്തിന്റെ (ഏമൻ) അർത്ഥം “വിശ്വസ്തമായിരിക്കുക; ആശ്രയയോഗ്യമായിരിക്കുക” എന്നാണ്.
എബ്രായ തിരുവെഴുത്തുകളിൽ ഒരു പ്രതിജ്ഞയോടും അഥവാ ഉടമ്പടിയോടും അതിന്റെ പരിണതഫലങ്ങളോടും ഒരാളെ നിയമപരമായി കടപ്പാടുള്ളവനാക്കുന്നതിനുള്ള ഗൗരവതരമായ ഒരു പ്രസ്താവനയായിട്ടും (സംഖ്യാപുസ്തകം 5:22; ആവർത്തനം 27:15-26; നെഹെമ്യാവു 5:13), ചൊല്ലിക്കഴിഞ്ഞ ഒരു പ്രാർത്ഥനയോടോ (1 ദിനവൃത്താന്തം 16:36), ഒരു സ്തുതിവാക്കിനോടോ (നെഹെമ്യാവു 8:6), പ്രഖ്യാപിത ഉദ്ദേശ്യത്തോടോ (1 രാജാക്കൻമാർ 1:36; യിരെമ്യാവു 11:5) യോജിക്കുന്നതിനുള്ള ഒരു ഗൗരവാവഹ പ്രസ്താവനയായിട്ടും ഈ പദം ഉപയോഗിക്കപ്പെടുന്നു. സങ്കീർത്തനങ്ങളുടെ ആദ്യത്തെ നാലു പുസ്തകങ്ങളിൽ അഥവാ ശേഖരങ്ങളിൽ ഓരോന്നും ഈ പദത്തോടെയാണ് അവസാനിക്കുന്നത്. ഒരു പക്ഷേ, ഒരു പാട്ടിന്റെയോ ആരാധനാഗീതത്തിന്റെയോ സമാപനത്തിങ്കൽ “ആമേൻ” എന്ന് ഒത്തു ചേർന്നു പറയുന്നത് ഇസ്രയേല്യ സഭക്ക് ഒരു പതിവായിരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു.—സങ്കീർത്തനങ്ങൾ 41:13; 72:19; 89:52; 106:48.
എബ്രായ പദമായ ഏമീൻ “വിശ്വസ്ത ദൈവമായ” യഹോവക്കു ബാധകമാക്കുകയും (ആവർത്തനം 7:9; യെശയ്യാവു 49:7) അവിടുത്തെ ഓർമ്മിപ്പിക്കലുകളെയും വാഗ്ദത്തങ്ങളെയും “ആശ്രയയോഗ്യ”മെന്നും “വിശ്വസ്ത”മെന്നും വർണ്ണിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 19:7; 89:28, 37) ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ “ആമേൻ” എന്ന സ്ഥാനപ്പേർ “വിശ്വസ്തനും സത്യവാനുമായ സാക്ഷി” എന്ന നിലയിൽ ക്രിസ്തുയേശുവിനു ബാധകമാക്കിയിരിക്കുന്നു. (വെളിപ്പാടു 3:14) താൻ പറഞ്ഞതിന്റെ പരമമായ സത്യതയും ആശ്രയയോഗ്യതയും ഊന്നിപ്പറയുന്നതിനു വസ്തുത സംബന്ധിച്ച ഒരു പ്രസ്താവനക്കോ വാഗ്ദത്തത്തിനോ പ്രവചനത്തിനോ ആമുഖമെന്നോണം ഇതു മിക്കപ്പോഴും ഉപയോഗിച്ചുകൊണ്ടു യേശു തന്റെ പ്രസംഗത്തിലും പഠിപ്പിക്കലിലും ഇതിന്റെ അനന്യസാധാരണമായ പ്രയോഗം നടത്തി. (മത്തായി 5:18; 6:2, 5, 16; 24:34) ഇവിടങ്ങളിൽ ഈ ഗ്രീക്കുപദം [ഏമെൻ] “സത്യമായി” (ജയിംസ് രാജാവിന്റെ ഭാഷാന്തരം “യഥാർത്ഥമായി”) എന്നോ യോഹന്നാന്റെ പുസ്തകത്തിൽ ഉടനീളമുള്ളതുപോലെ അതിനെ ഇരട്ടിപ്പിക്കുമ്പോൾ “ആമേൻ ആമേൻ” എന്നോ പരിഭാഷപ്പെടുത്തിയിരിക്കുന്നു. (യോഹന്നാൻ 1:51) “ആമേൻ” എന്നതിന്റെ ഇപ്രകാരമുള്ള യേശുവിന്റെ ഉപയോഗം വിശുദ്ധ എഴുത്തുകളിൽ അനന്യസാധാരണമാണെന്നു പറയപ്പെടുന്നു. ഇതു യേശുവിനു നൽകപ്പെട്ട ദിവ്യ അധികാരത്തോടു ചേർച്ചയിലാണ്.—മത്തായി 7:29.
എന്നുവരികിലും, 2 കൊരിന്ത്യർ 1:19, 20-ൽ പൗലോസ് പ്രകടമാക്കുന്നതുപോലെ, സത്യം സംസാരിക്കുന്നവൻ എന്നനിലയിലോ ദൈവത്തിന്റെ ഒരു സത്യപ്രവാചകനും വക്താവും എന്ന നിലയിലോ മാത്രമല്ല, ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എല്ലാം ആരിൽ നിവർത്തിക്കുന്നുവോ ആ ഒരുവൻ എന്നനിലയിലും “ആമേൻ” എന്ന സ്ഥാനപ്പേർ യേശുവിനു ബാധകമാകുന്നു. ബലിമരണംവരെ പോലുമുള്ള യേശുവിന്റെ വിശ്വസ്തതയോടും അനുസരണയോടുംകൂടെയുള്ള ഗതി ദൈവോദ്ദേശ്യത്തിലെ എല്ലാ വാഗ്ദത്തങ്ങളെയും പ്രഖ്യാപനങ്ങളെയും സ്ഥിരീകരിക്കുകയും അവയുടെ സാക്ഷാത്കരണം സാദ്ധ്യമാക്കിത്തീർക്കുകയും ചെയ്യുന്നു. യേശു ദൈവോദ്ദേശ്യത്തിന്റെ ആ വെളിപ്പാടുകളുടെ, ദൈവം പ്രതിജ്ഞ ചെയ്തിരുന്ന കാര്യങ്ങളുടെ, ജീവിക്കുന്ന സത്യം ആയിരുന്നു.—യോഹന്നാൻ 1:14, 17; 14:6; 18:37 താരതമ്യം ചെയ്യുക.
“ആമേൻ” എന്ന പദം ലേഖനങ്ങളിൽ, വിശേഷിച്ചും പൗലോസിന്റേതിൽ, എഴുത്തുകാരൻ ദൈവത്തിന് ഏതെങ്കിലും രൂപത്തിലുള്ള സ്തുതി രേഖപ്പെടുത്തിയിട്ടുള്ളപ്പോഴോ, (റോമർ 1:25; 16:27; എഫെസ്യർ 3:21; 1 പത്രൊസ് 4:11) ലേഖനം ലഭിക്കുന്നവർക്കു ദൈവത്തിന്റെ അനുഗ്രഹം ഏതെങ്കിലും രീതിയിൽ പ്രകടമാകേണമേ എന്ന ആഗ്രഹം പ്രകടിപ്പിക്കുമ്പോഴോ (റോമർ 15:33; എബ്രായർ 13:20, 21) അനേകം പ്രാവശ്യം ഉപയോഗിക്കുന്നു. പറഞ്ഞ സംഗതിയോട് എഴുത്തുകാരൻ ആത്മാർത്ഥമായി യോജിക്കുന്നിടത്തും ഇത് ഉപയോഗിക്കപ്പെടുന്നു.—വെളിപ്പാടു 1:7; 22:20.
ഒന്നു ദിനവൃത്താന്തം 16:36-ൽ അവതരിപ്പിച്ചിരിക്കുന്ന പ്രാർത്ഥനയും സങ്കീർത്തനങ്ങളിൽ (സങ്കീർത്തനം 41:13; 72:19; 89:52; 106:48) അടങ്ങിയിരിക്കുന്നവയും അതുപോലെതന്നെ കാനോനികത്വമുള്ള ലേഖനങ്ങളിലെ പദപ്രയോഗങ്ങളും എല്ലാം പ്രാർത്ഥനയുടെ അവസാനം “ആമേൻ” ഉപയോഗിക്കുന്നതിന്റെ ഔചിത്യത്തെ സൂചിപ്പിക്കുന്നു. ശലോമോനുവേണ്ടിയുള്ള ദാവീദിന്റെ സമാപന പ്രാർത്ഥനയും (1 ദിനവൃത്താന്തം 29:19) ആലയത്തിന്റെ ഉത്ഘാടനവേളയിലെ ശലോമോന്റെ സമർപ്പണപ്രാർത്ഥനയും പോലെ (1 രാജാക്കൻമാർ 8:53-61) രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ പ്രാർത്ഥനകളും ഇങ്ങനെയുള്ള സമാപനത്തെ കാണിക്കുന്നില്ലെന്നതു സത്യംതന്നെ—അങ്ങനെയുള്ള പദപ്രയോഗം തീർച്ചയായും നടത്തിയിരിക്കാമെങ്കിലും. (1 ദിനവൃത്താന്തം 29:20 കുറിക്കൊള്ളുക.) സമാനമായി, യേശുവിന്റെ പ്രാർത്ഥനകളിലോ (മത്തായി 26:39, 42; യോഹന്നാൻ 17:1-26) പ്രവൃത്തികൾ 4:24-30-ലെ ശിഷ്യൻമാരുടെ പ്രാർത്ഥനകളിലോ ഇതിന്റെ ഉപയോഗം രേഖപ്പെടുത്തുന്നില്ല. എന്നുവരികിലും, നേരത്തെ സമർപ്പിച്ച തെളിവുകളുടെ ഘനം പ്രാർത്ഥനയുടെ ഉപസംഹാരമെന്നനിലയിർ “ആമേൻ” എന്ന പദം ഉപയോഗിക്കുന്നതിന്റെ ഔചിത്യത്തെ ശക്തമായി സൂചിപ്പിക്കുന്നു. ഒരു പ്രാർത്ഥനക്ക് ആമേൻ പറയുന്നതിൽ ചേരുന്നതു ക്രിസ്തീയ കൂട്ടങ്ങളിലുള്ളവരുടെ ഒരു ആചാരമായിരുന്നു എന്ന് 1 കൊരിന്ത്യർ 14:16-ലെ പൗലോസിന്റെ പ്രസ്താവന വിശേഷിച്ചും പ്രകടമാക്കുന്നു. കൂടാതെ, വെളിപ്പാടു 5:13, 14; 7:10-12; 19:1-4 എന്നിവയിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്വർഗ്ഗത്തിലുള്ളവരുടെ ദൃഷ്ടാന്തങ്ങളുമെല്ലാം പ്രാർത്ഥനകളോടും അല്ലെങ്കിൽ ഗൗരവതരമായ പ്രസ്താവനകളോടും യോജിക്കുന്നതിനാലുള്ള അതിന്റെ ഉപയോഗത്തെയും, അങ്ങനെ ഈ ഒരു പദത്തിന്റെ ഉപയോഗത്തിലൂടെ ദൃഢവിശ്വാസവും ശക്തമായ അംഗീകാരവും അവരുടെ ഹൃദയത്തിലെ ആത്മാർത്ഥമായ പ്രത്യാശയും പ്രകടമാക്കുന്നതിനെയും പിന്താങ്ങുന്നു.
[ഇംഗ്ലീഷിലെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ മേൽവിലാസങ്ങൾക്കു പകരമുള്ള ലേഖനമാണ് ഇത്]