ആദിമ ക്രിസ്ത്യാനികൾ ദൈവനാമം ഉപയോഗിച്ചുവോ?
ദൈവനാമം എബ്രായ തിരുവെഴുത്തുകളിൽ ആയിരക്കണക്കിനു പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. അവിടെ അതു പ്രതിനിധാനം ചെയ്യപ്പെടുന്നത് יהוה (ചതുരക്ഷരി എന്നർഥമുള്ള റെററ്രറഗ്രമററൻ ആയ YHWH) എന്നീ നാലു വ്യജ്ഞനാക്ഷരങ്ങളാലാണ്. ഇസ്രയേൽ പ്രവാസത്തിലേക്കു പോകുന്നതിനു മുമ്പുള്ള കാലഘട്ടത്തിൽ, അതായത് പൊ.യു.മു. 607-നു മുമ്പ്, പ്രസ്തുത നാമം സർവസാധാരണമായി ഉപയോഗിച്ചിരുന്നു എന്നു പുരാവസ്തുഗവേഷകരുടെ കണ്ടെത്തലുകൾ പ്രകടമാക്കുന്നു. പ്രവാസകാലഘട്ടത്തിനു ശേഷം എഴുതിയ ബൈബിൾ പുസ്തകങ്ങളായ എസ്രാ, നെഹെമ്യാവു, ദാനീയേൽ, മലാഖി എന്നിവയിലെല്ലാം അതു കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്നു. എന്നിരുന്നാലും കാലക്രമത്തിൽ, മിശിഹായുടെ വരവിനുള്ള സമയമടുത്തപ്പോൾ യഹൂദൻമാർ അന്ധവിശ്വാസം മൂലം ആ നാമം ഉപയോഗിക്കാൻ വൈമനസ്യമുള്ളവരായിത്തീർന്നു.
യേശുവിന്റെ ശിഷ്യൻമാർ ദൈവനാമം (മലയാളത്തിൽ സാധാരണമായി “യഹോവ” എന്നോ “യാഹ്വെ” എന്നോ പരിഭാഷപ്പെടുത്തിയിരിക്കുന്നത്) ഉപയോഗിച്ചുവോ? ഉപയോഗിച്ചിരുന്നു എന്നതിനാണ് തെളിവുള്ളത്. ദൈവത്തോട് ഇങ്ങനെ പ്രാർഥിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു: “അങ്ങയുടെ നാമം പൂജിതമാകണമേ.” (മത്തായി 6:9, പി.ഒ.സി. ബൈ.) തന്റെ ഭൗമിക ശുശ്രൂഷ അവസാനിക്കാറായപ്പോൾ തന്റെ സ്വർഗീയ പിതാവിനോട് അവിടുന്നുതന്നെ ഇപ്രകാരം പ്രാർഥിച്ചു: “ലോകത്തിൽനിന്ന് അവിടുന്ന് എനിക്കു നല്കിയവർക്ക് അവിടുത്തെ നാമം ഞാൻ വെളിപ്പെടുത്തി.” (യോഹന്നാൻ 17:6, പി.ഒ.സി. ബൈ.) കൂടാതെ, യേശുവിന്റെ ശിഷ്യൻമാർ ഉപയോഗിച്ചിരുന്ന എബ്രായ തിരുവെഴുത്തുകളുടെ ഗ്രീക്കു പരിഭാഷയായ സെപ്ററുവജിൻറിന്റെ ആദ്യകാല കോപ്പികളിൽ ദൈവനാമം എബ്രായ ചതുരക്ഷരിയുടെ രൂപത്തിൽ ഉണ്ടായിരുന്നു.
സുവിശേഷത്തെയും ബാക്കിയുള്ള ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളെയും (“പുതിയ നിയമം”) സംബന്ധിച്ച് എന്തു പറയാം? ദൈവനാമം സെപ്ററുവജിൻറിൽ ഉണ്ടായിരുന്നതുകൊണ്ട് ഈ തിരുവെഴുത്തുകളുടെ ആദ്യകാല കോപ്പികളിലും ഉണ്ടായിരുന്നിരിക്കണം—ചുരുങ്ങിയപക്ഷം സെപ്ററുവജിൻറിൽ നിന്ന് ഉദ്ധരിച്ചപ്പോൾ—എന്നു ന്യായവാദം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ, യഹോവ എന്ന നാമം ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരത്തിൽ 200-ലധികം പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു. ഇതിനു ന്യായീകരണമില്ലെന്നു പറഞ്ഞുകൊണ്ടു ചിലർ ഇതിനെ വിമർശിച്ചിട്ടുണ്ട്. എന്നിരുന്നാലും, പ്രതീക്ഷിക്കാത്ത ഒരു ഉറവായ ബാബിലോന്യ തൽമുദിൽനിന്നു പുതിയ ലോക ഭാഷാന്തരത്തിനു പിന്തുണ ലഭിക്കുന്നു.
ഈ യഹൂദമത കൃതിയുടെ ആദ്യഭാഗത്തിന്റെ ശീർഷകം ഷാബത്ത് എന്നാണ്. അതിൽ അടങ്ങിയിരിക്കുന്നതു ശബ്ബത്തിലെ പെരുമാററച്ചട്ടങ്ങളുടെ ഒരു ബൃഹത്തായ സമാഹാരമാണ്. ശബ്ബത്തുദിവസം ബൈബിൾ കയ്യെഴുത്തുപ്രതികൾക്കു തീപിടിക്കുന്നതു കണ്ടാൽ അതു തടയാൻ നടപടി സ്വീകരിക്കുന്നത് ഉചിതമാണോ എന്നതിനെക്കുറിച്ചുള്ള ഒരു ചർച്ച അതിന്റെ ഒരു ഭാഗത്തുണ്ട്, അവിടെ നാം ഇങ്ങനെ ഒരു ഖണ്ഡിക കാണുന്നു: “എഴുതാപ്പുറങ്ങളും [ഗിൽയോഹ്നിം] മിനിം പുസ്തകങ്ങളും നാം തീയിൽനിന്ന് എടുത്ത് മാറേറണ്ടതില്ല എന്നു പാഠഭാഗത്തു പ്രസ്താവിച്ചിട്ടുണ്ട്. ആഴ്ചയുടെ മററു ദിവസങ്ങളിൽ ഒരുവൻ അതിലുള്ള ദിവ്യനാമം വെട്ടി അടർത്തിമാററി പ്രത്യേകം സൂക്ഷിച്ചു ബാക്കി കത്തിച്ചുകളയണം എന്ന് റ[ബ്ബി]. ജോസ് പറഞ്ഞിരിക്കുന്നു. റ[ബ്ബി]. ററാർഫൊൻ പറഞ്ഞതോ: അവ എന്റെ കയ്യിൽവന്നുപെട്ടാൽ ഞാൻ അവയിലെ ദിവ്യനാമങ്ങൾ സഹിതം അവയെ കത്തിച്ചുകളയുന്നില്ലെങ്കിൽ എന്റെ പുത്രനെത്തന്നെ കുഴിച്ചുമൂടാനിടയാക്കുന്ന ശാപം എന്റെമേൽ വന്നോട്ടെ എന്നും.”—ഡോ. എച്ച്. ഫ്രീഡ്മന്റെ പരിഭാഷ.
മിനിം ആരായിരുന്നു? “വിഭാഗീയ ചിന്താഗതിക്കാർ” എന്നർഥമുള്ള ഈ പദം സദൂക്യരെയോ ശമര്യക്കാരെയോ പരാമർശിച്ചേക്കാം. പക്ഷേ ഡോ. ഫ്രീഡ്മൻ പറയുന്നതനുസരിച്ചാണെങ്കിൽ, ഈ ഖണ്ഡികയിൽ അതു യഹൂദക്രിസ്ത്യാനികളെ പരാമർശിക്കാനാണ് ഏററവും കൂടുതൽ സാധ്യത. അപ്പോൾ ഡോ. ഫ്രീഡ്മൻ പറയുംപ്രകാരം “എഴുതാപ്പുറങ്ങൾ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗിൽയോഹ്നിം എന്തായിരുന്നു? ഇതിനു രണ്ട് അർഥങ്ങൾ സാധ്യമാണ്. അത് എഴുത്തുകളില്ലാത്ത ചുരുളിന്റെ അരികുകളോ എഴുതാത്ത ചുരുളുകൾപോലുമോ ആകാം. അതല്ലെങ്കിൽ പരിഹാസദ്യോതകമായ അർഥത്തിൽ എഴുതാത്ത ചുരുളുകളെപ്പോലെ വിലയില്ലാത്ത മിനിമിന്റെ എഴുത്തുകൾ എന്നോ ആകാം. ഈ രണ്ടാമത്തെ അർഥവിശദീകരണത്തിൽ ഉദ്ദേശിക്കപ്പെടുന്നതു “സുവിശേഷങ്ങൾ” ആണെന്നു നിഘണ്ടുക്കൾ പറയുന്നു. മേലുദ്ധരിച്ച ഭാഗത്തിനു മുന്നിലായി തൽമുദിൽ കാണുന്ന വാക്യം ഇതിനോടുള്ള ചേർച്ചയിലാണ്, അതിങ്ങനെ വായിക്കുന്നു: “മിനിമിന്റെ പുസ്തകങ്ങൾ എഴുതാപ്പുറങ്ങൾ [ഗിൽയോഹ്നിം] പോലെയാണ്.”
ഇതിൻപ്രകാരം, ലോറൻസ് എച്ച്. ഷിഫ്മന്റെ ഒരു യഹൂദൻ ആരായിരുന്നു? (Who Was a Jew?) എന്ന പുസ്തകത്തിൽ തൽമുദിന്റെ ഒരു ഭാഗം പിൻവരുന്നപ്രകാരം പരിഭാഷപ്പെടുത്തിയിരിക്കുന്നു: “(ശബ്ബത്തിൽ) സുവിശേഷമോ മിനിമിന്റെ (‘മതദ്രോഹിക’ളുടെ) പുസ്തകങ്ങളോ നാം തീപിടുത്തത്തിൽനിന്ന് എടുത്തുമാററാറില്ല. നേരെമറിച്ച്, അവയെയും അതിലെ ചതുരക്ഷരികളെയും അവിടെയിട്ടുതന്നെ കത്തിച്ചുകളയുന്നു. യോസെ ഹ-ഗെല്ലി എന്നു പേരായ റബ്ബി പറയുന്നു: ആഴ്ചയിലെ മററു ദിവസങ്ങളിൽ അതിലെ ചതുരക്ഷരികളെ വെട്ടി സൂക്ഷിച്ചിട്ട് ബാക്കിയുള്ളതു കത്തിച്ചുകളയണം. ററർഫൊൻ റബ്ബി പറഞ്ഞത് ഇങ്ങനെയാണ്: ഞാൻ എന്റെ പുത്രൻമാരെ കുഴിച്ചുമൂടേണ്ടിവന്നാലും വേണ്ടില്ല, (ഈ പുസ്തകങ്ങൾ) എന്റെ കയ്യിൽ കിട്ടിയാൽ, ഞാൻ അവയെ അവയിലെ ചതുരക്ഷരികളടക്കം കത്തിച്ചുകളയും!” ഇവിടെപ്പറയുന്ന മിനിം യഹൂദ ക്രിസ്ത്യാനികളാണെന്നാണു ഡോ. ഷിഫ്മൻ തുടർന്നു വാദിക്കുന്നത്.
തൽമുദിന്റെ ഈ ഭാഗം വാസ്തവത്തിൽ ആദിമ യഹൂദക്രിസ്ത്യാനികളെ സംബന്ധിച്ചാണോ പറയുന്നത്? അങ്ങനെയെങ്കിൽ, ക്രിസ്ത്യാനികൾ ചതുരക്ഷരിയായ ദൈവനാമം അവരുടെ സുവിശേഷങ്ങളിലും എഴുത്തുകളിലും ഉൾപ്പെടുത്തിയിരുന്നു എന്നതിന് അത് ഒരു ശക്തമായ തെളിവാണ്. തൽമുദ് ഇവിടെ ചർച്ച ചെയ്യുന്നത് യഹൂദക്രിസ്ത്യാനികളെത്തന്നെയായിരിക്കാൻ അത്യന്തം സാധ്യതയുണ്ട്. അങ്ങനെ വിചാരിക്കാൻ മതപണ്ഡിതരുടെ പിന്തുണയുണ്ട്, തൽമുദിലെ സന്ദർഭവും കൂടുതലായ പിന്തുണ നൽകുന്നതായി തോന്നുന്നു. മേൽവിവരിച്ചിരിക്കുന്ന ഷാബത്തിൽനിന്നുള്ള ഉദ്ധരണിയെത്തുടർന്നു വരുന്ന ഭാഗത്തു ഗമാലിയേലും ഒരു ക്രിസ്തീയ ന്യായാധിപനും ഒരു കഥ വർണിക്കുന്നുണ്ട്. അതിൽ ഗിരിപ്രഭാഷണത്തിന്റെ ഭാഗങ്ങൾ പരാമർശവിധേയമായിട്ടുണ്ട്.
പിൽക്കാലത്ത്, അതായത്, യേശുവിന്റെ ലളിതമായ ഉപദേശങ്ങളിൽനിന്നു ക്രിസ്ത്യാനികൾ വ്യതിചലിച്ചു വിശ്വാസത്യാഗികളായപ്പോൾ മാത്രമാണ് ദൈവനാമത്തിന്റെ ഉപയോഗം ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവർ നിർത്തിയത്. സുവിശേഷങ്ങളിൽനിന്നും മററു ബൈബിൾപുസ്തകങ്ങളിൽനിന്നും സെപ്ററുവജിൻറിന്റെ കോപ്പികളിൽനിന്നുപോലും അവർ അതു നീക്കം ചെയ്തു.
[31-ാം പേജിലെ ചിത്രം]
യേശുവിന്റെ നാളിൽ ദൈവനാമം “സെപ്ററുവജിൻറി”ൽ കാണപ്പെട്ടിരുന്നു
[കടപ്പാട്]
Israel Antiquities Authority