കൊയ്ത്തുകാലം!
“ക്രിസ്ത്യാനിത്വ”ത്തിന്റെ ചരിത്രം ഇത്രയ്ക്കു ക്രിസ്തുവിരുദ്ധമായിരിക്കുന്നത് എന്തുകൊണ്ടാണ്? ചിന്തിക്കുന്ന പലരും ഈ ചോദ്യം ഉന്നയിക്കുന്നു, എന്നാൽ 2000 വർഷം മുമ്പുതന്നെ ഒരു ഉപമയിലൂടെ യേശു ആ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുന്നു. “നിലത്തു നല്ല വിത്തു വിതെച്ച” ഒരു മനുഷ്യനെപ്പററി പ്രസ്തുത ഉപമയിൽ അവിടുന്നു പറഞ്ഞു. എന്നിട്ട്, “അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു.” വിത്തു മുളച്ചപ്പോൾ കളകളെയും നിരീക്ഷിച്ച ജോലിക്കാർ അവയെ പിഴുതെറിയാൻ ആഗ്രഹിച്ചു. പക്ഷേ ആ മനുഷ്യൻ പറഞ്ഞു: “രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ.” കൊയ്ത്തുകാലത്ത് ഗോതമ്പ് കളകളിൽനിന്നു വേർതിരിക്കപ്പെടും.—മത്തായി 13:24-30.
ഉപമ വിശദീകരിച്ചുകൊണ്ട് സത്യക്രിസ്ത്യാനികളാകുന്ന “നല്ല വിത്തു” വിതച്ചതു താൻതന്നെയാണെന്നു യേശു പറഞ്ഞു. സഭയിലേക്കുള്ള വ്യാജക്രിസ്ത്യാനികളുടെ നുഴഞ്ഞുകയററം സാധ്യമാക്കിക്കൊണ്ടു കള വിതച്ച ശത്രു സാത്താനായിരുന്നു. വ്യാജക്രിസ്ത്യാനികളും സത്യക്രിസ്ത്യാനികളും ഒന്നിച്ചു നിലനിൽക്കാൻ യേശു അനുവദിച്ചു—എന്നാൽ അത് കൊയ്ത്തുവരെ മാത്രം. അന്ന് അവർ വേർതിരിക്കപ്പെടും.—മത്തായി 24:36-44.
അതുകൊണ്ട്, പുറജാതി ഉപദേശങ്ങൾ സ്വീകരിച്ചുകൊണ്ടും അധാർമികതയെ ഗൗനിക്കാതിരുന്നുകൊണ്ടും പിടിച്ചടക്കൽ യുദ്ധങ്ങളെ പിന്താങ്ങിക്കൊണ്ടും ക്രൂരമായ മതവിചാരണകൾ നടത്തിക്കൊണ്ടും നൂററാണ്ടുകളിലുടനീളം “ക്രിസ്തീയ” സംഘടനകൾ ദൈവത്തെ അപമാനിച്ചിരിക്കുന്നതിനെപ്പററി അറിയുമ്പോൾ നാം അത്ഭുതപ്പെടുന്നില്ല. ഇതിൽ മോശമായ വിത്തു നട്ടത് സാത്താനാണെന്നു നാം തിരിച്ചറിയുന്നു. എന്നിരുന്നാലും, ബൈബിൾതത്ത്വങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നതിനു വിസമ്മതിച്ചുകൊണ്ടു തടവു ശിക്ഷയോ മരണമോ നേരിടേണ്ടിവന്ന വ്യക്തികളെപ്പററി നാം വായിക്കുമ്പോൾ നല്ല വിത്തു തുടച്ചു നീക്കപ്പെട്ടിരുന്നില്ലെന്നു നാം മനസ്സിലാക്കുന്നു.
കൊയ്ത്ത് എന്നുവെച്ചാൽ “ലോകാവസാന”മാണെന്നു യേശു പറഞ്ഞു. നാം ഇപ്പോഴത്തെ ലോകവ്യവസ്ഥിതിയുടെ സമാപനത്തിൽ ജീവിക്കുന്നതുകൊണ്ട് ഇതായിരിക്കണം കൊയ്ത്തുകാലം! അതുകൊണ്ട് സത്യക്രിസ്ത്യാനികളും വ്യാജക്രിസ്ത്യാനികളുമായുള്ള വേർതിരിക്കൽ നടന്നിട്ടുണ്ടായിരിക്കണം. ഇന്ന്, ദൈവരാജ്യത്തിനു കീഴ്പ്പെട്ട് അതിനെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുന്നവരും ബൈബിളധിഷ്ഠിത ധാർമികത ഉയർത്തിപ്പിടിക്കുന്നവരും ബൈബിൾ സത്യങ്ങൾക്കുവേണ്ടി പുറജാതി ഉപദേശങ്ങൾ തിരസ്കരിക്കുന്നവരും ദൈവനാമം വെളിപ്പെടുത്തി ലോകത്തിന്റെ ഭാഗമാകാതിരിക്കുന്നവരും എന്ന സത്യക്രിസ്ത്യാനികളെക്കുറിച്ചുള്ള യേശുവിന്റെ വിവരണത്തോട് ഒക്കുന്ന ഒരു ജനത ഉണ്ടായിരിക്കേണ്ടതുണ്ട്, മറിച്ച് അവർ അങ്ങുമിങ്ങുമായി ചില വ്യക്തികളായിരിക്കില്ല.—മത്തായി 6:33; 24:14; യോഹന്നാൻ 3:20; 8:32; 17:6, 16.
അത്തരം ഒരു ജനത ഇപ്പോഴുണ്ട് എന്നു ഞങ്ങൾ നിങ്ങൾക്ക് ഉറപ്പുതരുന്നു! സ്വീകാര്യമായ വിധത്തിൽ ദൈവത്തെ സേവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഈ ജനതയെ അന്വേഷിക്കുവിൻ, അവരോടൊപ്പം ദൈവത്തെ സേവിക്കുവിൻ.