‘നക്ഷത്രത്തെപ്പോലെ കൂരിരുളിനെ തുളച്ചിറങ്ങാൻ ഒരു താളിനു കഴിയും’
തിരുവെഴുത്തുകളുടെ പരിഭാഷകൾ ഇന്നു മിക്കവാറും സകലയിടത്തും ലഭ്യമാണ്. എന്നിരുന്നാലും, ബൈബിളിനെപ്രതി ഒരു ജീവൻ-മരണ പോരാട്ടംതന്നെ നടന്നിട്ടുണ്ട്.
പതിനഞ്ചാം നൂററാണ്ടിലെ ബൈബിളുകൾ [ഇംഗ്ലീഷ്] എന്ന പുസ്തകത്തിൽ വെൻഡൽ പ്രൈം എഴുതി: “അച്ചടി കണ്ടുപിടിച്ചിട്ട് 30 വർഷം പിന്നിട്ടിരുന്നു. സ്പെയിനിൽ മതവിചാരണ തകർത്തു മുന്നേറിക്കൊണ്ടിരുന്നു. ആ രാജ്യത്ത് അതുമുഖാന്തരം ശിക്ഷിക്കപ്പെട്ട 3,42,000 ആളുകളിൽ 32,000 പേരെ ജീവനോടെ കത്തിച്ചു. രക്തസാക്ഷിത്വത്തിന്റെ തീജ്ജ്വാലയിലേക്ക് അവർ എറിയപ്പെട്ടതിനു കാരണം അവർ ബൈബിൾ കൈവശംവെക്കുകയും വായിക്കുകയും ചെയ്തു എന്നതായിരുന്നു. ഇററലിയുടെ ഉത്തര-ദക്ഷിണഭാഗത്തും സമാനമായി ഭയാനകമായിരുന്നു മതവിചാരണയെന്ന ഈ നാശോപാധി. മതവിചാരണയുടെ സഹായംകൊണ്ട് ആർച്ചുബിഷപ്പുമാർ ബൈബിളിനും അതിന്റെ വായനക്കാർക്കും ദഹിപ്പിക്കുന്ന അഗ്നിയായിത്തീർന്നു. കുടിച്ചുകൂത്താടാനുള്ള രംഗങ്ങൾക്കു വെളിച്ചം പകരാൻ നീറോ ചെയ്തത് ചില ക്രിസ്ത്യാനികളെ ചാക്കിൽ തുന്നിക്കെട്ടി അതിനുമേൽ കീൽ പുരട്ടി തീ കൊളുത്തുകയായിരുന്നു. അവരെ പന്തമായി ഉപയോഗിച്ചുകൊണ്ട് അദ്ദേഹം ക്രിസ്ത്യാനികളുടെ വെളിച്ചം ലോകത്തിൽ പ്രകാശിപ്പിച്ചു. എന്നാൽ യൂറോപ്യൻ നഗരങ്ങളുടെ തെരുവീഥികൾ ബൈബിൾ കത്തിക്കലുകളാൽ വെട്ടിത്തിളങ്ങി. ബൈബിളിന്റെ വായനക്കാരെ പാപ്പരാക്കാം, വിവസ്ത്രരാക്കാം, പീഡിപ്പിക്കാം, അംഗവിഹീനരാക്കാം, ഭ്രഷ്ടരോടെന്നപോലെ പെരുമാറാം. പക്ഷേ ബൈബിളിന്റെ കാര്യം അതല്ലല്ലോ. “നക്ഷത്രത്തെപ്പോലെ കൂരിരുളിനെ തുളച്ചിറങ്ങാൻ അവശേഷിക്കുന്ന ഒരു താളിനുപോലും കഴിയും.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
ഗ്രന്ഥകർത്താവായ പ്രൈം വിവരിക്കുന്നത് ഇവിടെ കാണിച്ചിരിക്കുന്ന ബൈബിൾ താളിന്റെ ശരിപ്പകർപ്പിന്റെ കാര്യത്തിൽ യാഥാർഥ്യമായി. കോളോഫോൺ പേജ് എന്നറിയപ്പെടുന്ന, പരിഭാഷകൻ ആരെന്നു എഴുതിയിട്ടുള്ള, പുസ്തകത്തിന്റെ അവസാന പേജായിരുന്നു ഇത്. മുകളിൽ കണ്ട രണ്ടു സമാന്തര കോളങ്ങൾ അപ്പോക്കാലിപ്സിന്റെ അഥവാ വെളിപാട് പുസ്തകത്തിന്റെ അവസാന വാക്യങ്ങളായിരുന്നു.
ഈ പുസ്തകത്തെപ്പററി ദ കേംബ്രിഡ്ജ് ഹിസ്റററി ഓഫ് ദ ബൈബിൾ പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്: “1478-ൽ ബോണിഫാസിയോ ഫെററിന്റെ [Ferrer] കാററലൻ ബൈബിൾ പരിഭാഷ വലൻസ്യായിൽ അച്ചടിച്ചു; അതിന്റെ ലഭ്യമായിരുന്ന എല്ലാ പ്രതികളും മതവിചാരണയുടെ ഫലമായി 1500-നു മുമ്പുതന്നെ നശിപ്പിച്ചിരുന്നു, എന്നാൽ ഒരു താളിനു മാത്രം ആ ദുർഗതിയുണ്ടായില്ല. അത് അമേരിക്കൻ ലൈബ്രറിയുടെ ഹിസ്പാനിക് സൊസൈററിയിൽ ഇപ്പോഴുമുണ്ട്.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
വെൻഡൽ പ്രൈം ഇതും സൂചിപ്പിക്കുന്നു: “പേടിച്ചരണ്ട പുരോഹിതൻമാർക്ക് ചെയ്യാൻ ഒന്നേയുണ്ടായിരുന്നുള്ളൂ, ബൈബിൾ കത്തിച്ചുകളയുക. കൂടുതലെണ്ണം കണ്ടെത്തിയിരുന്നെങ്കിൽ വിശുദ്ധാഗ്നി ഇനിയും അനവധിയും ഉജ്ജ്വലവും ആയേനേ. സകല ബൈബിളുകളും കണ്ടെത്തുന്നതിൽ അധികാരികൾ കാണിച്ച അങ്ങേയററത്തെ ജാഗ്രത നിമിത്തം അനേകയിടങ്ങളിൽ ബൈബിൾ കത്തിക്കലുകൾ നടത്തേണ്ടിവന്നില്ല.” സാമാന്യ ജനത്തിനുവേണ്ടിയുള്ള ബൈബിളുകളെല്ലാംതന്നെ തൂത്തുവാരി നശിപ്പിക്കാനുള്ള അത്തരം കടുത്ത നടപടികളുണ്ടായിരുന്നിട്ടും അനേകം പ്രതികൾ നാശത്തെ അതിജീവിച്ചു. “നാടുവിട്ടുപോയവർ കൂടെക്കൊണ്ടുപോയതിനാലോ ദുരന്തവും അപകടവുമുള്ള സമയങ്ങളിൽ വിലപിടിച്ച രത്നങ്ങളും ലോഹങ്ങളുംപോലെ പൂഴ്ത്തിവെച്ചതിനാലോ ബൈബിളുകൾ സംരക്ഷിക്കപ്പെട്ടു” എന്നു പ്രൈം കൂട്ടിച്ചേർത്തു.
ദൈവത്തിന്റെ പ്രവാചകനായ യെശയ്യാവ് എഴുതി: “സകലജഡവും പുല്ലുപോലെ . . . പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.” (യെശയ്യാവു 40:6, 8) നൂററാണ്ടുകളായി ബൈബിൾ സ്നേഹികളും ധീരരായ പരിഭാഷകരുമായ അനേകർ പലതും അപകടത്തിലാക്കിക്കൊണ്ട് ദൈവവചനത്തിനുവേണ്ടി വൻകഷ്ടങ്ങൾ സഹിച്ചു. എന്നിരുന്നാലും, അതിന്റെ സംരക്ഷണം ഉറപ്പാക്കിയത് ഒരിക്കലും മാനുഷിക ശ്രമങ്ങൾ മാത്രമായിരിക്കില്ല. ഈ സംരക്ഷണത്തിനു കാരണമെന്നനിലയിൽ നമുക്കു ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവക്കു നന്ദി പറയാം.
[7-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Courtesy of The Hispanic Society of America, New York