ഗോഥിക് ബൈബിൾ—ഒരു അസാധാരണ നേട്ടം
ജർമനിക് ഗോത്രങ്ങളുടെ ഒരു സംഖ്യമായിരുന്നു ഗോഥ് വംശജർ. ഒരുപക്ഷേ സ്കാൻഡിനേവിയയിൽനിന്ന് ആയിരിക്കാം അവരുടെ ഉത്ഭവം. നമ്മുടെ പൊതുയുഗത്തിന്റെ ആദിമ നൂററാണ്ടുകളിൽ തെക്കോട്ട് കരിങ്കടൽ, ഡാന്യൂബ് നദി എന്നിവിടംവരെയും റോമാസാമ്രാജ്യത്തിന്റെ പുറംകാവൽ സൈന്യങ്ങളെ ഏർപ്പെടുത്തിയിരുന്നിടംവരെയും അവർ കുടിയേറിപ്പാർത്തു.
ഏതെങ്കിലും ഒരു ജർമനിക് ഭാഷയിൽ രചിക്കപ്പെട്ട ആദ്യത്തെ സാഹിത്യകൃതിയാണ് ബൈബിൾ. ഇന്ന് ഈ പരിഭാഷയുടെ ഏതാനും നുറുങ്ങുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ. എന്നിരുന്നാലും, അത് ഇപ്പോഴും തിരുവെഴുത്തുകളുടെ അനുപമവും അനർഘവുമായ ഒരു ഭാഷാന്തരമാണ്. എന്തുകൊണ്ട്?
മിഷനറിയും ബൈബിൾ പരിഭാഷകനുമായ ഉൾഫലാസ്
ഈ ബൈബിളിന്റെ പരിഭാഷകനാണ് ഉൾഫലാസ്. എന്നാൽ അദ്ദേഹത്തിന്റെ ഗോഥിക് നാമം വുൾഫല എന്നായിരുന്നു. ചരിത്രകാരനായ ഫിലസ്റേറാർഗീയസ് പറയുന്നതനുസരിച്ച്, ഒരു ഗോഥിക് ആക്രമണത്തെത്തുടർന്നു കപ്പഡോഷിയയിലേക്കു തടവുകാരായി കൊണ്ടുപോകപ്പെട്ടവരുടെ പിൻഗാമിയാണ് ഉൾഫലാസ്. കപ്പഡോഷിയ ഇപ്പോൾ കിഴക്കൻ ടർക്കിയുടെ ഒരു ഭാഗമാണ്. ഏകദേശം പൊ.യു. 311-നു ജനിച്ച ഇദ്ദേഹത്തിന് ഏതാണ്ട് 30 വയസ്സുള്ളപ്പോൾ നിക്കോമീഡിയായിലെ യുസീബീയസിൽനിന്നു പട്ടം ലഭിച്ചു. കൂടാതെ ഇദ്ദേഹത്തിനു ഗോഥ് വംശജരുടെ ഇടയിൽ മിഷനറിയായി പ്രവർത്തിക്കാനുള്ള പരിശീലനവും കിട്ടി.
“പുതുവിശ്വാസികളെ പ്രബോധിപ്പിക്കാനും പെരുപ്പിക്കാനുംവേണ്ടി രാജാക്കൻമാരുടെ പുസ്തകം ഒഴിച്ച് ബൈബിളിലെ എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗ്രീക്കിൽനിന്നു ഗോഥിക് ഭാഷയിലേക്കു പണിപ്പെട്ടു പരിഭാഷപ്പെടുത്തി” (വിശ്വാസത്തിന്റെ യുഗം [ഇംഗ്ലീഷ്]) എന്നു ചരിത്രകാരനായ വിൽ ഡ്യൂറൻറ് പറയുന്നു. ഇന്ന്, ഗോഥിക് ബൈബിൾ കയ്യെഴുത്തുപ്രതികളുടെ ഏതാനും ഭാഗങ്ങളേ നമുക്കുള്ളൂ, നെഹെമ്യാവ് പുസ്തകത്തിന്റെ ഒരു ഭാഗവും ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ഭാഗങ്ങളും മാത്രം.
ഗോഥിക് ഒരു എഴുത്തുഭാഷ ആയിരുന്നില്ല. അതുകൊണ്ട്, പരിഭാഷ ഉൾഫലാസിന് ഒരു വെല്ലുവിളിയായിരുന്നു. അതിന് അനിതരസാധാരണമായ സാമർഥ്യം ആവശ്യമായിരുന്നു. മുഖ്യമായും ഗ്രീക്ക്-ലത്തീൻ അക്ഷരമാലകളിൽ അധിഷ്ഠിതമായ 27 പ്രതീകങ്ങളുള്ള ഗോഥിക് അക്ഷരമാല കണ്ടുപിടിച്ചതിനുള്ള മഹത്ത്വം പുരാതന സഭാചരിത്രകാരൻമാർ ഇദ്ദേഹത്തിനു കൊടുക്കുന്നു. കൂടാതെ, ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ അഭിപ്രായപ്പെടുകയും ചെയ്യുന്നു: “അദ്ദേഹം ഒരു ജർമനിക് ക്രിസ്തീയ സംജ്ഞാശാസ്ത്രം കണ്ടുപിടിച്ചു. അവയിൽ ചിലത് ഇപ്പോഴും ഉപയോഗിച്ചുവരുന്നു.”
ഗോഥിക് ബൈബിളിന്റെ ആദ്യകാല ചരിത്രം
പൊ.യു. 381-നു മുമ്പായി ഉൾഫലാസ് തന്റെ പരിഭാഷ ചെയ്തുതീർത്തു. രണ്ടോ മൂന്നോ വർഷത്തിനുശേഷം അദ്ദേഹം മൃതിയടയുകയും ചെയ്തു. അദ്ദേഹത്തിന്റെ കൃതിക്കു ലഭിച്ച ജനസമ്മിതിയെ ദ എൻസൈക്ലോപീഡിയ അമേരിക്കാനാ സാക്ഷ്യപ്പെടുത്തുന്നുണ്ട്. “സ്പെയിനിലേക്കും ഇററലിയിലേക്കും കുടിയേറിപ്പാർത്ത ഗോഥ് വംശജർ പൊതുവേ ഉപയോഗിച്ചിരുന്നത് ഈ പരിഭാഷയാണ്” എന്ന് അതു പറയുന്നു. അവശേഷിക്കുന്ന ഭാഗങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഗോഥിക് ബൈബിളുകളുടെ അനേകം പ്രതികൾ ഉണ്ടാക്കിയിരുന്നിരിക്കണം എന്നു തോന്നുന്നു. റാവന, വേറോന എന്നീ നഗരങ്ങളുടെ എഴുത്തറകളിൽ അനേകം കയ്യെഴുത്തുപ്രതികൾ ഉണ്ടാക്കിയിരിക്കണം. അവിടെയായിരുന്നു ഗോഥ് വംശജർ തങ്ങളുടേതായ ഒരു രാജ്യം പടുത്തുയർത്തിയത്. കയ്യെഴുത്തുപ്രതികൾ എഴുതുകയും പകർപ്പെടുക്കുകയും ചെയ്തിരുന്ന ആശ്രമമുറികളായിരുന്നു ആ എഴുത്തറകൾ.
പൊ.യു. 555-ൽ ബൈസാൻറയിൻ ചക്രവർത്തിയായ ജസ്ററീനിയൻ ഒന്നാമൻ ഇററലിയെ വീണ്ടും പിടിച്ചടക്കിയപ്പോൾ, അത് ഒരു ജനതയെന്ന നിലയിൽ ഗോഥ് വംശജരുടെ അന്ത്യത്തെ കുറിച്ചു. ടോൺസ് ക്ലാബർഗ് ഇങ്ങനെ പറയുന്നു: അവരുടെ തിരോധാനത്തിനുശേഷം “ഗോഥിക് ഭാഷയും ഗോഥിക് പാരമ്പര്യവും ഇററലിയിൽനിന്ന് അപ്രത്യക്ഷമായി. യാതൊന്നും അവശേഷിച്ചില്ല. ഗോഥിക് കയ്യെഴുത്തുപ്രതികളോട് ആർക്കും താത്പര്യമില്ലാതായി. . . . അവയിൽ നല്ല പങ്കും എടുത്ത് അതിലെ എഴുത്തുകൾ മായിച്ചുകളഞ്ഞിട്ട് ആ വിലപിടിച്ച തോൽക്കടലാസ് മററു പുതിയ സംഗതികൾ എഴുതാൻ ഉപയോഗിച്ചു.”
അവശേഷിക്കുന്ന കയ്യെഴുത്തുപ്രതികൾ
ഈ കയ്യെഴുത്തുപ്രതികളിൽ ചിലതിൽ മായിച്ചുകളയൽ ശരിക്കും നടന്നില്ലായിരുന്നു. അതിനാൽ ആദ്യത്തെ എഴുത്തുകൾ മങ്ങിയരീതിയിൽ പിന്നെയും കാണാമായിരുന്നു. പാലിംപ്സെസ്ററ്സ് എന്നു വിളിക്കപ്പെടുന്ന ഇവയിൽ പലതും കണ്ടെത്തി തെളിയാതെ കിടന്നിരുന്നത് എന്തെന്നു തിട്ടപ്പെടുത്തുകയുണ്ടായി. പ്രശസ്തമായ ആർജന്റേയോസ് കയ്യെഴുത്തുപുസ്തകം കേടുകൂടാതെ സൂക്ഷിക്കപ്പെട്ടിരുന്നു എന്നത് എടുത്തുപറയേണ്ടതുതന്നെ. അതിൽ മത്തായി, യോഹന്നാൻ, ലൂക്കോസ്, മർക്കോസ് എന്നീ ക്രമത്തിൽ നാലു സുവിശേഷങ്ങൾ ഉൾക്കൊണ്ടിരുന്നു.
ഈ വിശ്രുതമായ കയ്യെഴുത്തുപുസ്തകം ഉടലെടുത്തത് പൊ.യു ആറാം നൂററാണ്ടിന്റെ ആരംഭത്തിൽ റാവനയിലെ എഴുത്തറയിലാണെന്നു കരുതപ്പെടുന്നു. അതിനെ “രജതഗ്രന്ഥം” എന്നർഥമുള്ള ആർജന്റേയോസ് കയ്യെഴുത്തുപുസ്തകം എന്നാണു പറയുന്നത്. കാരണം അത് എഴുതിയിരുന്നത് വെള്ളിമഷി ഉപയോഗിച്ചായിരുന്നു. അതിന്റെ തോൽപ്പാളികളിൽ കരിഞ്ചുവപ്പു നിറം പൂശിയിരുന്നു. ഒരുപക്ഷേ, അത് ഒരു രാജാവിന്റെ ഉപയോഗത്തിനുവേണ്ടി പറഞ്ഞുണ്ടാക്കിച്ചതാവാം എന്നാണ് അതു സൂചിപ്പിക്കുന്നത്. ഓരോ സുവിശേഷത്തിന്റെയും ആദ്യത്തെ മൂന്നു വരികളും ഓരോ അധ്യായത്തിന്റെയും ആരംഭവും സ്വർണലിപികളാൽ ശോഭാനമയമാണ്. ഓരോ എഴുത്തുകോളത്തിനും അടിയിൽ കൊടുത്തിട്ടുള്ള നാലു സമാന്തര “ആർച്ചുകൾ”ക്കു മുകളിലായി സുവിശേഷമെഴുത്തുകാരുടെ പേരുകൾ പ്രത്യക്ഷപ്പെടുന്നതും സ്വർണലിപികളിൽത്തന്നെ. ഇവ സുവിശേഷത്തിലെ സമാന്തര ഖണ്ഡികകളെ കുറിച്ചു പരാമർശങ്ങൾ നൽകുന്നു.
ഗോഥിക് ബൈബിൾ കയ്യെഴുത്തുപ്രതികൾ വീണ്ടെടുക്കൽ
ഗോഥിക് ജനത നാനാവിധമായതിനെ തുടർന്ന് അമൂല്യമായ ആർജന്റേയോസ് കയ്യെഴുത്തുപുസ്തകം അപ്രത്യക്ഷമായി. പിന്നീട് അതു കണ്ടെത്തുന്നത് 16-ാം നൂററാണ്ടിന്റെ മധ്യത്തിൽ ജർമനിയിലെ കോളോണിനടുത്തുള്ള വെർഡൻ ആശ്രമത്തിലാണ്.
1569-ൽ കർത്താവിന്റെ പ്രാർഥനയുടെ ഗോഥിക് ഭാഷ്യം പ്രസിദ്ധീകരിച്ചു. ഇതാകട്ടെ, അതിന്റെ ആധാരബൈബിളിലേക്കു ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ ആർജന്റേയോസ് കയ്യെഴുത്തുപുസ്തകം എന്ന പേര് ആദ്യമായി 1597-ൽ അച്ചടിച്ചുവന്നു. വെർഡനിൽനിന്ന് ഈ കയ്യെഴുത്തുപ്രതി പ്രാഗിലുള്ള ചക്രവർത്തിയുടെ ചിത്രശേഖരത്തിൽ എത്തിച്ചേരാനിടയായി. എന്നിരുന്നാലും, 1648-ൽ, അതായത് മുപ്പതുവർഷ-യുദ്ധത്തിന്റെ അവസാനത്തിൽ വിജയശ്രീലാളിതരായ സ്വീഡൻകാർ മററു നിധികളോടൊപ്പം ഇതും കടത്തി. 1669 മുതൽ ഈ കയ്യെഴുത്തുപുസ്തകം സ്വീഡന്റെ ഉപ്സാല യൂണിവേഴ്സിററി ലൈബ്രറിയിൽ ഭദ്രമായിരിക്കുന്നു.
ആർജന്റേയോസ് കയ്യെഴുത്തുപുസ്തകത്തിന് ആരംഭത്തിൽ ഉണ്ടായിരുന്നത് 336 താളുകളായിരുന്നു. അതിൽ 187 എണ്ണം ഉപ്സാലയിൽ ഇരിപ്പുണ്ട്. മർക്കോസിന്റെ സുവിശേഷത്തിന്റെ അവസാനത്തേതായ മറെറാരു താൾ 1970-ൽ ജർമനിയിലെ ഷ്പൈറിൽനിന്നു കണ്ടെടുത്തു.
കയ്യെഴുത്തുപുസ്തകം വീണ്ടും ലഭ്യമായതോടെ ഗോഥിക് എന്ന മൃതഭാഷയുടെ അർഥം വെളിച്ചത്തുകൊണ്ടുവരാൻ പണ്ഡിതൻമാർ അതിലെ എഴുത്തുകൾ പഠിക്കാൻ തുടങ്ങി. ലഭ്യമായ കയ്യെഴുത്തുപ്രതികളും പുസ്തകം വീണ്ടെടുക്കാൻ നടത്തിയ മുൻകാല ശ്രമങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് ജർമൻ പണ്ഡിതനായ വില്ഹം ഷ്ട്രൈററ്ബർക് 1908-ൽ “ഡീ ഗോററിഷ് ബീബൽ” (ഗോഥിക് ബൈബിൾ) എന്ന പേരിൽ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. അതിന്റെ ഒരു വശത്ത് ഗ്രീക്കും മറേറവശത്ത് ഗോഥിക് വാക്യങ്ങളുമായിരുന്നു.
ഇന്ന്, മുഖ്യമായും പണ്ഡിതൻമാർ ഈ ഗോഥിക് ബൈബിളിൽ താത്പര്യം കാണിക്കുന്നു. ഇതു ബൈബിൾ പരിഭാഷയുടെ ആദിമ കാലഘട്ടത്തിൽ ഉണ്ടാക്കപ്പെട്ടതും മതിപ്പോടെ സൂക്ഷിക്കപ്പെട്ടതുമാണെന്ന വസ്തുത അന്നത്തെ ആധുനിക ഭാഷയിലേക്ക് ദൈവവചനം പരിഭാഷപ്പെടുത്തണം എന്ന ഉൾഫലാസിന്റെ ആഗ്രഹത്തെയും ദൃഢനിശ്ചയത്തെയും സാക്ഷ്യപ്പെടുത്തുന്നു. ഇതിലൂടെ മാത്രമേ ഗോഥിക് ജനതയ്ക്കു ക്രിസ്തീയ സത്യം മനസ്സിലാക്കാൻ പ്രതീക്ഷിക്കാനാവൂ എന്ന് അദ്ദേഹം ശരിയായിത്തന്നെ തിരിച്ചറിഞ്ഞു.
[9-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Courtesy of the Uppsala University Library, Sweden