നിബന്ധനകൾ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നുവോ?
നിബന്ധനകൾ! ആരും അവ ഇഷ്ടപ്പെടുന്നില്ല; എങ്കിലും ഒരു പരിധിവരെ അതു സഹിച്ചേ തീരൂ. ജീവിതം അങ്ങേയററം കൂച്ചുവിലങ്ങിലായതുപോലെ തോന്നി ചിലപ്പോഴൊക്കെ നിങ്ങൾ നിരുത്സാഹിതരാകാറുണ്ടോ? നിങ്ങളുടെ കാഴ്ചപ്പാടിനു മാററം വന്നാൽ ഒരുപക്ഷേ നിങ്ങൾക്കു തോന്നാം, ഇപ്പോൾ തരക്കേടില്ലെന്ന്. നിങ്ങൾക്കു ചെയ്യാനാകാത്ത കാര്യങ്ങളെപ്രതി വേവലാതിപ്പെടുന്നതിനുപകരം നിങ്ങൾക്കിപ്പോഴുള്ള സ്വാതന്ത്ര്യത്തിൽനിന്നു പരമാവധി പ്രയോജനം നേടാൻ എന്തുകൊണ്ടു ശ്രമിച്ചുകൂടാ?
ഉദാഹരണത്തിന്, തങ്ങൾ സമ്പന്നരായിത്തീർന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് സാമ്പത്തികമായി ദരിദ്രരായവർ ആഗ്രഹിക്കുന്നു. ഈ വ്യവസ്ഥിതിയിൽ നമുക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ ദാരിദ്ര്യം പരിമിതപ്പെടുത്തുന്നു എന്നതു ശരിതന്നെ. എങ്കിലും ജീവിതത്തിലെ പ്രധാന സംഗതികൾ എല്ലാവർക്കും ലഭിക്കുന്നുണ്ട്. ദരിദ്രരും സമ്പന്നരും പ്രേമത്തിലാകുന്നുണ്ട്, വിവാഹിതരാകുന്നുണ്ട്, കുട്ടികളെ വളർത്തുന്നുണ്ട്, നല്ല സുഹൃദ്ബന്ധങ്ങൾ ആസ്വദിക്കുന്നുണ്ട്, അങ്ങനെ എത്രയെത്ര സംഗതികൾ. ഇതിലൊക്കെ പ്രധാനമാണ് ദരിദ്രർക്കും സമ്പന്നർക്കും യഹോവയെ അറിയാൻ സാധിക്കുന്നുവെന്നതും വാഗ്ദാനം ചെയ്യപ്പെട്ട പുതിയ ലോകത്തിലേക്കു നോക്കിപ്പാർത്തിരിക്കാനാകുന്നുവെന്നതും. സമ്പത്തിനെക്കാൾ മികച്ച ക്രിസ്തീയ ജ്ഞാനത്തിലും അറിവിലും മുന്നേറാൻ ദരിദ്രർക്കും സമ്പന്നർക്കും കഴിയുന്നു. (സദൃശവാക്യങ്ങൾ 2:1-9; സഭാപ്രസംഗി 7:12) യഹോവക്കു മുമ്പാകെ തങ്ങൾക്കായിത്തന്നെ ഒരു പേരുണ്ടാക്കാൻ സമ്പന്നരും ദരിദ്രരുമായ സകലർക്കും കഴിയും. (സഭാപ്രസംഗി 7:1) പൗലോസിന്റെ നാളിലെ ക്രിസ്തീയ സഭയിലെ മിക്കവരും സാമൂഹികമായി താഴേക്കിടയിലുള്ളവരായിരുന്നു. തങ്ങളുടെ സാഹചര്യം അനുവദിച്ചിരുന്ന സ്വാതന്ത്ര്യത്തെ ബുദ്ധിപൂർവം ഉപയോഗപ്പെടുത്തിയ അടിമകളായിരുന്നു അവരിൽ ചിലർ.—1 കൊരിന്ത്യർ 1:26-29.
തിരുവെഴുത്തുപരമായ ശിരഃസ്ഥാനം
ക്രിസ്തീയ വിവാഹ ജീവിതത്തിൽ, ഭാര്യ ഭർത്താവിനു കീഴ്പെട്ടിരിക്കുന്നു. മുഴു കുടുംബത്തിന്റെയും പ്രയോജനത്തിനുവേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ക്രമീകരണമാണിത്. (എഫെസ്യർ 5:22-24) ഇതിനാൽ താൻ തരംതാഴ്ത്തപ്പെട്ടിരിക്കുകയാണെന്ന് ഭാര്യയ്ക്കു തോന്നണമോ? തീർച്ചയായും വേണ്ട. ഭർത്താവും ഭാര്യയും ഒരു ടീമാണ്. പുരുഷന്റെ ശിരഃസ്ഥാനം ക്രിസ്തുസമാനമായ വിധം കൈകാര്യം ചെയ്യപ്പെടുമ്പോൾ അതു ഭാര്യയുടെമേൽ വളരെക്കുറച്ചു നിബന്ധനകളേ വയ്ക്കുകയുള്ളൂ. തന്നെയുമല്ല, അതു ഭാര്യയുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ധാരാളം അവസരങ്ങൾ നൽകുകയും ചെയ്യും. (എഫെസ്യർ 5:25, 31) രസകരവും പ്രയാസകരവുമായ അനേകം സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവളാണ് സദൃശവാക്യങ്ങൾ 31-ാം അധ്യായത്തിലെ “പ്രാപ്തിയുള്ള ഭാര്യ.” വ്യക്തമായും, ഭർത്താവിനോടുള്ള കീഴ്പെടൽ അവൾക്കു നിരാശാജനകമല്ല.—സദൃശവാക്യങ്ങൾ 31:10-29, NW.
സമാനമായി, ക്രിസ്തീയ സഭയിൽ ഒരു സ്ത്രീ യോഗ്യതയുള്ള പുരുഷൻമാരുടെമേൽ നേതൃത്വമെടുക്കുന്നതിനുള്ള വ്യവസ്ഥയില്ല. (1 കൊരിന്ത്യർ 14:34; 1 തിമൊഥെയൊസ് 2:11, 12) അത്തരം നിബന്ധനയ്ക്കു കീഴിൽ ക്രിസ്തീയ സ്ത്രീകൾക്ക് അസംതൃപ്തി തോന്നണമോ? വേണ്ട. ക്രിസ്തീയ സേവനത്തിന്റെ ആ വശം ദിവ്യാധിപത്യ രീതിയിൽ നടന്നു കാണുന്നതിൽ ആഹ്ലാദചിത്തരാണ് മിക്കവരും. നിയമിത മൂപ്പൻമാരുടെ ഇടയവേലയിൽനിന്നും പഠിപ്പിക്കലിൽനിന്നും പ്രയോജനം നേടാനും ജീവത്പ്രധാനമായ പ്രസംഗവേലയിലും ശിഷ്യരാക്കൽവേലയിലുമേ തങ്ങൾ ശ്രദ്ധിക്കേണ്ടതുള്ളൂവെന്നു ചിന്തിച്ചു പ്രവർത്തിക്കാനും അവർക്കു സന്തോഷമേയുള്ളൂ. (മത്തായി 24:14; 28:19, 20) ഈ മേഖലയിൽ വളരെയധികം ചെയ്യുന്നവരാണ് ക്രിസ്തീയ സ്ത്രീകൾ. ഇതു യഹോവയാം ദൈവത്തിന്റെ ദൃഷ്ടിയിൽ അവർക്കു ബഹുമതി കരേററുന്നു.—സങ്കീർത്തനം 68:11; സദൃശവാക്യങ്ങൾ 3:35.
യുവാക്കളുടെമേലുള്ള നിബന്ധനകൾ
മാതാപിതാക്കളുടെ അധികാരത്തിനു കീഴിലായതുകൊണ്ട്, തങ്ങളുടെ ജീവിതം അങ്ങേയററം കൂച്ചുവിലങ്ങിലാണെന്നു ചിലപ്പോഴൊക്കെ യുവാക്കളും പരാതിപറയുന്നു. എങ്കിലും ഇതും തിരുവെഴുത്തുപരമാണ്. (എഫെസ്യർ 6:1) മാതാപിതാക്കൾ ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകളിൽ അലോസരപ്പെടുന്നതിനുപകരം, ജ്ഞാനികളായ യുവ ക്രിസ്ത്യാനികൾ തങ്ങളുടെ ശ്രദ്ധ തങ്ങൾക്കുള്ള സ്വാതന്ത്ര്യത്തിൻമേൽ കേന്ദ്രീകരിക്കുന്നു. ഇതിൽ സാധാരണമായി ഭാരിച്ച ഉത്തരവാദിത്വങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യവും ഉൾപ്പെടുന്നു. അങ്ങനെ അവർക്ക് അവരുടെ യൗവനപ്രസരിപ്പും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി ഭാവി ജീവിതത്തിനുവേണ്ടി ഒരുങ്ങാനാവും.
ഇതാ ബ്രസീലിലെ ഒരു മുൻ സർക്കിട്ട് മേൽവിചാരകന്റെ ഓർമയിൽനിന്നൊരു സംഭവം. ഒററപ്പെട്ട ഒരു ചെറിയ കൂട്ടത്തിലായിരുന്ന ഒരു 12 വയസ്സുകാരൻ. അവനു തന്റെ കഴിവിനൊത്തു പ്രവർത്തിക്കുന്നതിനു പരിമിതികളുണ്ടായിരുന്നു. ഫയലുകൾ കൈകാര്യം ചെയ്തിരുന്ന സഹോദരൻ ലൗകിക ജോലിയിൽ തിരക്കുള്ളയാളായതുകൊണ്ട് പ്രസാധകരുടെ കാര്യത്തിൽ കാര്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞില്ലായിരുന്നു. എന്നാൽ തന്നെ സഹായിക്കാൻ അദ്ദേഹം ഈ യുവാവിനെ നിയമിച്ചു. ഫാറങ്ങളെല്ലാം എവിടെയുണ്ട് എന്നറിയാമായിരുന്ന അവൻ എപ്പോൾ വേണമെങ്കിലും സഹായിക്കാൻ സന്നദ്ധനായിരുന്നു. അവന്റെ താത്പര്യം മററുള്ളവർക്കു പ്രോത്സാഹനമായി. വയൽസേവനത്തിൽ അവൻ വിശ്വസ്തനായ ഒരു സഹകാരിയായിരുന്നു. ആ യുവാവ് ഇപ്പോൾ ഒരു നിയമിത മൂപ്പനാണ്.
ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തിയേക്കാവുന്ന അനേകം സ്ഥിതിവിശേഷങ്ങളുണ്ട്. ചിലർ രോഗത്താൽ ബന്ധിതരാണ്. വിഭജിത ഭവനങ്ങളിൽ ജീവിക്കുന്നവരുടെ സ്വാതന്ത്ര്യം അവിശ്വാസിയായ ഇണയുടെ നിർബന്ധങ്ങൾമൂലം പരിമിതപ്പെടുന്നു. നിബന്ധനകളിൻകീഴിൽ ജീവിക്കുന്നവർ ആഗ്രഹിച്ചേക്കാം സ്ഥിതിഗതികൾക്കൊക്കെ ഒരു മാററം വന്നെങ്കിലെന്ന്. എന്നാൽ തൃപ്തികരമായ ജീവിതം നയിക്കാൻ അവർക്ക് ഇപ്പോഴും സാധിക്കും. യഹോവയിൽ ആശ്രയിക്കുന്നതുകൊണ്ടും തങ്ങളുടെ സാഹചര്യത്തെ ശരിക്കും പ്രയോജനപ്പെടുത്തുന്നതുകൊണ്ടും മററുള്ളവർക്കു പ്രോത്സാഹനമായിത്തീർന്ന അത്തരം വ്യക്തികളുടെ അനുഭവങ്ങൾ ഈ മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തന്റെ നാളിലെ ഒരു സാധാരണ സ്ഥിതിവിശേഷത്തെക്കുറിച്ചു പറഞ്ഞുകൊണ്ട്, അപ്പോസ്തലനായ പൗലോസ് പ്രസ്താവിച്ചു: “നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുതു. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിലും അതിൽ തന്നേ ഇരുന്നുകൊൾക.” (1 കൊരിന്ത്യർ 7:21) എന്തൊരു സമനിലയുള്ള വീക്ഷണം! ചിലരുടെ സാഹചര്യങ്ങൾക്കു വ്യത്യാസമുണ്ടായിരിക്കാം. യുവജനങ്ങൾ വളർന്നുവരുന്നവരാണ്. എതിർത്തിരുന്ന ഇണകൾ ചിലപ്പോൾ സത്യം സ്വീകരിക്കുന്നു. സാമ്പത്തിക സ്ഥിതിഗതികൾ അഭിവൃദ്ധി പ്രാപിക്കുന്നതായി കേട്ടിട്ടുണ്ട്. രോഗികൾ സുഖം പ്രാപിക്കുന്നു. ചില സംഗതികളിൽ യഹോവയുടെ പുതിയ ലോകം എത്തുന്നതുവരെ മാററമൊന്നുമുണ്ടാകാനിടയില്ല. എന്നുവരികിലും, മററുള്ളവർക്കു ചെയ്യാനാവുന്നതു തനിക്കു സാധിക്കുന്നില്ലെന്നു പറഞ്ഞു വ്യാകുലപ്പെടുന്നതുകൊണ്ട് എന്തു നേടാനാണ്?
നിങ്ങൾ എപ്പോഴെങ്കിലും ആകാശത്തിൽ ഉയർന്നു പറക്കുന്ന പക്ഷികളെ നോക്കി അതിന്റെ സഞ്ചാരസ്വാതന്ത്ര്യത്തെയും മനോഹാരിതയെയും കുറിച്ച് അത്ഭുതംകൂറിയിട്ടുണ്ടോ? എനിക്കും അങ്ങനെയൊന്നു പറക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഒരുപക്ഷേ നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടാവും. നിങ്ങൾക്കതിനാവില്ല, പക്ഷികൾ പറക്കുന്നതുപോലെ നിങ്ങൾ ഒരിക്കലും പറക്കാൻ പോകുന്നില്ല! എന്നാൽ നിങ്ങൾ അതിനെക്കുറിച്ചു പരാതിപറയാൻ സാധ്യതയില്ല. അതിനുപകരം, നിങ്ങൾ ദൈവദത്ത കഴിവുകളിൽ ആഹ്ലാദിക്കും. ഭൂമിയുടെ ഉപരിതലത്തിൽ നടന്നുകൊണ്ട് നിങ്ങൾ വിജയകരമായി ജീവിക്കുന്നു. അതുപോലെ, നമ്മുടെ ജീവിതസാഹചര്യം എന്തുമായിക്കൊള്ളട്ടെ, ചെയ്യാൻ സാധിക്കാത്ത സംഗതികളിലല്ല, ചെയ്യാൻ സാധിക്കുന്ന സംഗതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നെങ്കിൽ നമ്മുടെ ജീവിതം സംതൃപ്തികരമായിരിക്കും. യഹോവയുടെ സേവനത്തിൽ നാം ആഹ്ലാദം കണ്ടെത്തുകയും ചെയ്യും.—സങ്കീർത്തനം 126:5, 6.
[28-ാം പേജിലെ ചിത്രം]
മാതാപിതാക്കൾ നിങ്ങൾക്കു കൂച്ചുവിലങ്ങിടുന്നു എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?