നിങ്ങൾക്ക് ഒരു ആരോഗ്യപരിശോധനയോ?
വൈദ്യശാസ്ത്രപരവും ചികിത്സാപരവുമായ കാര്യങ്ങളിൽ വാച്ച് ടവർ സൊസൈററി വ്യക്തികൾക്കുവേണ്ടി ശുപാർശകൾ ചെയ്യുകയോ തീരുമാനങ്ങളെടുക്കുകയോ ചെയ്യുന്നില്ല. എന്നിരുന്നാലും, ചില നടപടികൾക്കു ബൈബിൾ തത്ത്വങ്ങളുടെ വെളിച്ചത്തിൽ ചോദ്യംചെയ്യത്തക്ക വശങ്ങൾ ഉണ്ടെന്നുവരികിൽ ഈ വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. എന്നിട്ട്, ഉൾപ്പെട്ടിരിക്കുന്ന സംഗതികൾ കണക്കാക്കി എന്തു ചെയ്യണമെന്ന് ഓരോ വ്യക്തിക്കും തീരുമാനിക്കാം.
പ്രിയ സഹോദരങ്ങളേ: നിങ്ങളുടെ അഭിപ്രായമറിയാൻ ഞാൻ ആഗ്രഹിക്കുന്നു. വിജയപ്രദയെന്നു തോന്നിക്കുന്ന ഒരു [ആരോഗ്യ ചികിത്സക], എന്നാൽ അവർ ഉപയോഗിക്കുന്ന ഒരു രീതി എന്നിൽ സംശയമുളവാക്കുന്നു. . . . പരിശോധനയിലൂടെ അവർ കുഴപ്പമെന്താണെന്നു നിർണയിക്കുന്നു. പിന്നീട്, ഏതുതരം മരുന്നു വേണം അല്ലെങ്കിൽ എത്രത്തോളം വേണം എന്നറിയുന്നതിന് അവർ മരുന്നുകുപ്പി ഒരു ഗ്രന്ഥിയുടെയോ അവയവത്തിന്റെയോ സമീപം ത്വക്കിനോടു ചേർത്തു വയ്ക്കുന്നു. രോഗിയുടെ ഉയർത്തിപ്പിടിച്ചിരിക്കുന്ന കൈ വലിച്ചു താഴ്ത്താൻ അവർ ശ്രമിക്കുന്നു. കൈ വലിച്ചു താഴ്ത്താൻ ആവശ്യമായ ശക്തിയുടെ അടിസ്ഥാനത്തിലാണു മരുന്നിന്റെ തരമോ അളവോ നിശ്ചയിക്കുന്നത്. മരുന്നിൽനിന്ന് കുപ്പിയുടെ അടപ്പിലൂടെ ഇലക്ട്രോണുകൾ ശരീരത്തിന്റെ ഒരു ഭാഗത്തേക്കു വൈദ്യുതീപ്രവാഹംപോലെ സഞ്ചരിച്ച് അതിനെ ബലപ്പെടുത്തുന്നുവെന്നതാണ് ഇതിലെ തത്ത്വം. അത് വാട്ടർ വിച്ചിങ് (ഭൂമിയിൽ ജലം എവിടെ കാണുമെന്നു ലക്ഷണം പറയുന്നതു) പോലെയാണോ?
ഈ കത്ത് യു.എസ്.എ.യിലെ ഒറിഗണിൽനിന്നു ലഭിച്ചതാണ്. പോഷകാവശ്യങ്ങൾ നിർണയിക്കുന്നതിനും വൈകാരിക പ്രശ്നങ്ങൾ വിവേചിച്ചറിയുന്നതിനും ഓർമശക്തി അളക്കുന്നതിനും ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനും ചിലർ ഉപയോഗിക്കുന്ന ഒരു രീതിയെക്കുറിച്ചാണ് അതിൽ പരാമർശിച്ചിരിക്കുന്നത്. ഈ രീതി എത്ര വ്യാപകമായിരുന്നാലും, കത്തിന്റെ ഉടമയുടെ സംശയങ്ങൾ ന്യായീകരിക്കാവുന്നതാണോ?
ആരോഗ്യം—എന്തുവിലയ്ക്ക്?
എന്തുകൊണ്ടു രോഗബാധിതരാകുന്നുവെന്നും എങ്ങനെ സുഖംപ്രാപിക്കാമെന്നും മനസ്സിലാക്കാൻ പുരാതനകാലം മുതലേ ആളുകൾ ശ്രമിച്ചിട്ടുണ്ട്. ഇസ്രായേല്യരെ സംബന്ധിച്ചിടത്തോളം തങ്ങൾ പാപികളാണെന്ന് അവർ അറിഞ്ഞിരുന്നുവെന്നത് ഒരു നേട്ടമായിരുന്നു. കൂടാതെ, പലതരം രോഗങ്ങൾ പിടിപെടുന്നത് അല്ലെങ്കിൽ പകരുന്നത് ഒഴിവാക്കാൻ അവരെ സഹായിച്ച ദൈവത്തിൽനിന്നുള്ള നിയമങ്ങളും അവർക്കുണ്ടായിരുന്നു. (ലേവ്യപുസ്തകം 5:2; 11:39, 40; 13:1-4; 15:4-12; ആവർത്തനപുസ്തകം 23:12-14) എന്നിട്ടും ദൈവജനം തങ്ങളുടെ നാളിലെ യോഗ്യരായ വൈദ്യൻമാരുടെയും സഹായം തേടി.—യെശയ്യാവു 1:6; 38:21; മർക്കൊസ് 2:17; 5:25, 26; ലൂക്കൊസ് 10:34; കൊലൊസ്സ്യർ 4:14.
പുരാതന ബാബിലോനിലെയും ഈജിപ്തിലെയും ജനങ്ങളിൽനിന്ന് എത്ര വ്യത്യസ്തം! അവരുടെ “വൈദ്യൻമാരുടെ” പക്കൽ പ്രകൃതിദത്തമായ ചേരുവകളിൽനിന്നുണ്ടാക്കിയ ചില മരുന്നുകൾ ലഭ്യമായിരുന്നു. എങ്കിലും വ്യാജവൈദ്യമെന്ന് ഇപ്പോൾ ലേബലടിക്കുന്നവയായിരുന്നു അവരുടെ “ചികിത്സകളി”ൽ അനേകവും. പന്നിയുടെ കണ്ണുകളും അഞ്ജനക്കല്ലും ചെമ്മണ്ണും തേനും ചേർത്തുണ്ടാക്കിയ ഒരു നികൃഷ്ട മിശ്രിതം ഉപയോഗിച്ചുകൊണ്ട് ഒരു വൈദ്യൻ അന്ധത സൗഖ്യമാക്കിയതിനെക്കുറിച്ച് ഈജിപ്തിലെ ചിത്രലിപിയിൽ എഴുതിയ ഒരു ഗ്രന്ഥം പറയുന്നു. ഈ ദ്രവ്യം രോഗിയുടെ കാതിൽ ഒഴിച്ചിരുന്നു! ഈ ചികിത്സ “തികച്ചും വിശിഷ്ടം” ആയിരുന്നുവെന്ന് ഒരു പുരാതന സാക്ഷ്യപത്രം അവകാശപ്പെടുന്നു. അതിന്റെ വിചിത്രത അല്ലെങ്കിൽ നിഗൂഢത അതിനെ കൂടുതൽ ആകർഷകമാക്കിത്തീർത്തിരിക്കാം.
ബാബിലോന്യരും ഈജിപ്തുകാരും മിക്കപ്പോഴും ദുർജ്ഞേയ ശക്തികളെ ഉണർത്തിയിട്ടുണ്ട്.a വൈദികനും വൈദ്യനുമായി സേവിക്കുന്ന ഒരുവൻ ഒരു രോഗിയോട് ഒരു ചെമ്മരിയാടിന്റെ നാസാരന്ധ്രത്തിൽ ഊതാൻ ആവശ്യപ്പെട്ടേക്കാം. അങ്ങനെ ചെയ്യുന്നതിലൂടെ രോഗിയിൽനിന്നു കുറച്ചു ശക്തി അല്ലെങ്കിൽ ഊർജം മറെറാരു ജന്തുവിലേക്കു കടന്നു ഫലം ഉത്പാദിപ്പിക്കുമെന്നു ധരിച്ചിരുന്നു. ചെമ്മരിയാടിനെ കൊന്നുകളയും. അതിന്റെ കരള് രോഗിയുടെ രോഗവിവരമോ ഭാവിയോ വെളിപ്പെടുത്തുമെന്നായിരുന്നു ധരിച്ചിരുന്നത്.—യെശയ്യാവു 47:1, 9-13; യെഹെസ്കേൽ 21:21.
പുരാതന ഇസ്രായേലിലെ ദൈവഭയമുള്ള ഒരു വൈദ്യൻ ഭൂതവിദ്യാചാരത്തിൽ പങ്കെടുക്കുകയില്ലായിരുന്നു എന്നതു തീർച്ചയാണ്. “ആഭിചാരകൻ, . . . മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു. ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു” എന്നു ദൈവം ജ്ഞാനപൂർവം കൽപ്പിച്ചു. (ആവർത്തനപുസ്തകം 18:10-12; ലേവ്യപുസ്തകം 19:26; 20:27) ഇത് ഇന്നും ദൈവത്തിന്റെ ക്രിസ്തീയ ദാസർക്കു ബാധകമാണ്. മുൻകരുതൽ ഉചിതമാണ്.
സമീപ വർഷങ്ങളിൽ അനേകർ “പകര” രോഗനിദാന രീതികളിലേക്കും ചികിത്സകളിലേക്കും ശ്രദ്ധതിരിച്ചിരിക്കുകയാണ്. അടിസ്ഥാനപരമായി പറഞ്ഞാൽ ഇതു വ്യക്തിപരമായി തീരുമാനമെടുക്കേണ്ട ഒരു വശമാണ്. (മത്തായി 7:1; താരതമ്യം ചെയ്യുക: റോമർ 14:3, 4.) ഏതെങ്കിലുമൊരു ക്രിസ്ത്യാനി വിവാദപരമായ ആരോഗ്യ വിഷയങ്ങളിൽ മുഴുകിയിരിക്കുകയും തൻമൂലം ജീവൻ രക്ഷിക്കുന്നതിനുള്ള ഏക മാർഗമായ ക്രിസ്തീയ ശുശ്രൂഷയെ ഇവ മറയ്ക്കുകയും ചെയ്യുന്നുവെങ്കിൽ അതു തീർച്ചയായും ദുഃഖകരമായിരിക്കും. (1 തിമൊഥെയൊസ് 4:16) പുതിയ ലോകത്തിൽ വൈദ്യശാസ്ത്രപരമായ സമീപനങ്ങളിലൂടെയോ ഔഷധികളിലൂടെയോ ഭക്ഷണക്രമീകരണത്തിലൂടെയോ മാനസിക-ശാരീരിക ചികിത്സയിലൂടെയോ രോഗം സുഖപ്പെടുമെന്ന് അല്ലെങ്കിൽ പൂർണാരോഗ്യം വീണ്ടെടുക്കുമെന്ന് ബൈബിൾ പറയുന്നില്ല. വാസ്തവത്തിൽ, യേശുവിന്റെ മറുവിലയാഗത്തെ അടിസ്ഥാനമാക്കിയുള്ള ക്ഷമയിലൂടെ മാത്രമേ പൂർണമായ രോഗശാന്തി കൈവരുകയുള്ളൂ.—യെശയ്യാവു 33:24; വെളിപ്പാടു 22:1, 2.
ഉൾപ്പെട്ടിരിക്കുന്ന ശക്തികൾ ഏവ?
തുടക്കത്തിൽ പറഞ്ഞ കത്തിൽ സൂചിപ്പിച്ച പേശീപരിശോധനാരീതി സംബന്ധിച്ചു സ്വയം തീരുമാനമെടുക്കുമ്പോൾ ഒരു ക്രിസ്ത്യാനി എന്തു പരിഗണിക്കാൻ ആഗ്രഹിച്ചേക്കാം?
പേശിയുടെ ബലമോ പ്രതിസ്പന്ദനമോ പരിശോധിക്കുന്നതിനുള്ള ചില വിധങ്ങൾ സാങ്കേതിക ചികിത്സയുടെ ഭാഗമാണ്. തൻമൂലം അവയുടെ സാധുതയെക്കുറിച്ച് ആരുംതന്നെ ചോദ്യം ചെയ്യുകയില്ല. ഉദാഹരണത്തിന്, സുഷുമ്നാ നാഡിയുടെ വീക്കത്തിന് (പോളിയോ മയലൈററിസ്) പേശികളെ ക്ഷയിപ്പിക്കാൻ കഴിയും. ഇതിനുവേണ്ടിയുള്ള ചികിത്സയിൽ മനുഷ്യചലനവിജ്ഞാനം (കൈനിസ്യോളജി)—“പേശികളെക്കുറിച്ചും പേശികളുടെ ചലനത്തെക്കുറിച്ചുമുള്ള പഠനം”—എന്നു പറയുന്ന ചികിത്സ ഉൾപ്പെട്ടേക്കാം. അത്തരം മനുഷ്യചലനവിജ്ഞാനം തളർവാത രോഗികൾക്കുവേണ്ടിയുള്ള പൂർവസ്ഥിതിപ്രാപിക്കൽ ചികിത്സയിലും ഉപയോഗിക്കുന്നുണ്ട്. അത്തരം ചികിത്സയുടെ ഔചിത്യം സംബന്ധിച്ചു മിക്കവരും ബോധമുള്ളവരാണ്.
എന്നാൽ ഈ ലേഖനത്തിന്റെ ആരംഭത്തിൽ പറഞ്ഞ കത്തിൽ വിവരിച്ചിരിക്കുന്ന പേശീപരിശോധന സംബന്ധിച്ചെന്ത്? ചിലതരം ഭക്ഷ്യവസ്തുക്കളോ ഔഷധികളോ ജീവകങ്ങളോ ഒരു വ്യക്തിയെ സഹായിക്കുകയോ ദ്രോഹിക്കുകയോ ചെയ്യുമോയെന്നു കണ്ടറിയുന്നതിനുള്ള ഉദ്യമമായിട്ടാണ് ഈ വിധത്തിലുള്ള “മനുഷ്യചലനവിജ്ഞാനം” ഉപയോഗിച്ചിട്ടുള്ളത്. പേശീബലം പരിശോധിക്കുന്നതിനു മിക്കപ്പോഴും ചെയ്യാറുള്ളപോലെ ഒരു വൈദ്യൻ ഒരു വ്യക്തിയുടെ നീട്ടിപ്പിടിച്ചിരിക്കുന്ന കൈ ബലമായി താഴ്ത്തുന്നു. അടുത്തതായി രോഗി ഒരു പോഷണദ്രവ്യമോ മറെറന്തെങ്കിലും വസ്തുവോ തന്റെ വായിലോ അടിവയറിലോ കയ്യിലോ വയ്ക്കുന്നു. അതിനുശേഷം കയ്യിലെ പേശികൾ വീണ്ടും പരിശോധിക്കപ്പെടുന്നു. അയാൾക്ക് ആ പോഷണദ്രവ്യം ആവശ്യമാണെങ്കിൽ അയാളുടെ കൈ നല്ല ബലമുള്ളതാണെന്നു തെളിയും; അത് അയാൾക്കു പററിയതല്ലെങ്കിൽ പേശികൾ ബലമില്ലാത്തവയാണെന്നു തെളിയും എന്ന് അവകാശപ്പെടുന്നു.b
ഇതുകൊണ്ടു ഫലമുണ്ടെന്നും ശരീരത്തിലുള്ള ശക്തികളെ ആശ്രയിച്ചാണ് ഇങ്ങനെ സംഭവിക്കുന്നതെന്നുമാണ് ഇപ്രകാരം ചെയ്ത ചിലർ വിശ്വസിക്കുന്നത്. ആധുനിക ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത അനേകം സംഗതികൾ സംഭവിക്കുന്നതായോ നിരീക്ഷിക്കപ്പെടുന്നതായോ അവർ ന്യായവാദം ചെയ്യുന്നു. വൈദ്യൻമാർ ഇതുവരെ കണ്ടുപിടിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നുവരികിലും ശക്തിയും വസ്തുവും തമ്മിൽ ബലപഥങ്ങളോ പ്രതിവർത്തനങ്ങളോ ഉണ്ടായിരിക്കാൻ ഇടയുള്ളതായി അവർ അവകാശവാദം ചെയ്യുന്നു.
നേരേമറിച്ച്, “പോഷണം പോലുള്ള രാസവസ്തുക്കളുടെ മൂല്യം നിർണയിക്കുന്നത് വസ്തുക്കൾ കയ്യിൽ പിടിച്ച് പേശികൾ പരിശോധിച്ചുകൊണ്ടാണെന്നു ചിലപ്പോഴെല്ലാം [പുസ്തകങ്ങൾ] പഠിപ്പിക്കുന്നു” എന്ന് അപ്ലൈഡ് കൈനിസ്യോളജി (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിക്കുന്നു. ഈ വിധത്തിലുള്ള പരിശോധന അൽപ്പംപോലും ആശ്രയയോഗ്യമാണെന്നു കാട്ടുന്ന യാതൊരു തെളിവുമില്ല. . . . വൈദ്യന്റെ തത്ത്വശാസ്ത്രപരമായ മനോഭാവം ശക്തമായിരിക്കുന്നതിനാൽ ചികിത്സാ സമയത്തു കൃത്യമായ വിവരം നേടിയെടുക്കുന്നതിന് അയാളുടെ മുൻവിധി തടസ്സം സൃഷ്ടിക്കുന്നു.” കൈകൊണ്ടുള്ള പേശീപരിശോധനയിൽ അനുഭവപരിചയമുള്ള ഒരു വൈദ്യന് പരിശോധനയിൽ . . . അൽപ്പസ്വൽപ്പം മാററം വരുത്തിക്കൊണ്ടു തന്റെ കണക്കുകൂട്ടലനുസരിച്ച് ഒരു രോഗിയുടെ പേശി ക്ഷയിച്ചതോ ബലമുള്ളതോ ആണെന്നു വരുത്തിത്തീർക്കുന്നതിനു നിഷ്പ്രയാസം കഴിയും.”
ജാഗ്രരായിരിക്ക!
എന്നിരുന്നാലും, ചില പേശീപരിശോധന ഇതിനുമപ്പുറം പോകുന്നു. “പകര പരിശോധന” (surrogate testing) എന്നു പറയുന്ന രീതിയെക്കുറിച്ചു പരിചിന്തിക്കുക. പരിശോധിക്കാനാവാത്തവിധം ദുർബലമായ ഒരു പ്രായംചെന്ന വ്യക്തിയിലോ ഒരു കുട്ടിയിലോ ആയിരിക്കും ഈ പരിശോധന നടത്തുന്നത്. പകരക്കാരൻ കുട്ടിയെ തൊടുമ്പോൾ വൈദ്യൻ പകരക്കാരന്റെ കൈ പരിശോധിക്കുന്നു. ഇത് ഓമനമൃഗങ്ങളുടെ കാര്യത്തിൽപ്പോലും ബാധകമാക്കിയിട്ടുണ്ട്; കോളിപ്പട്ടിയുടെയോ ജർമൻ ഷെപ്പേർഡിന്റെയോ രോഗം ബാധിച്ച മററ് ഓമനമൃഗത്തിന്റെയോമേൽ വെക്കുന്ന പകരക്കാരന്റെ കൈ പരിശോധിക്കുന്നു.
അത്തരം നടപടികളെക്കുറിച്ചു ഞങ്ങൾക്കു വിധികൽപ്പിക്കാനാവില്ല. എന്നാൽ നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം, ‘ശാരീരിക ശക്തിയാണോ ഇതിനു പിന്നിലുള്ളത്?’ കോസ്മിക് രശ്മികൾ, മൈക്രോവേവുകൾ എന്നിവയ്ക്കു പുറമേ പലതരത്തിലുമുള്ള വിദ്യുത്കാന്തിക വികിരണത്തിന്റെ അസ്തിത്വം ശാസ്ത്രജ്ഞൻമാർ തെളിയിച്ചിട്ടുണ്ട്. എന്നുവരികിലും, എല്ലാ ജന്തുക്കളിലും, ശിശുക്കളിലും വീട്ടിലെ ഓമനമൃഗങ്ങളിലുംപോലും, രണ്ടാമതൊരു വ്യക്തിയിൽ പരിശോധന നടത്താൻമാത്രം ശക്തി പുറത്തേക്കു പ്രവഹിക്കുന്നുണ്ടോ? ശക്തിക്കു പുറത്തേക്കു പ്രവഹിക്കാനാകുമെന്നും അതിന് ഒരു ആടിന്റെമേൽ പ്രഭാവം ചെലുത്താനാകുമെന്നും ബാബിലോന്യർ ധരിച്ചിരുന്നു. ‘ഇന്ന് മനുഷ്യരുടെയോ മൃഗങ്ങളുടെയോ കാര്യത്തിൽ സമാനമായ ഒന്ന് സംഭവിച്ചേക്കാമെന്നു ഞാൻ വിശ്വസിക്കുന്നുണ്ടോ? അതോ ആ പ്രഭാവങ്ങൾക്കു വേറെ വിശദീകരണമുണ്ടായിരിക്കുമോ?’ എന്നു നിങ്ങൾ സ്വയം ചോദിച്ചേക്കാം.
ചില വൈദ്യൻമാർ ലോഹ പിരികളോ ദോലകങ്ങളോ ഉപയോഗിച്ച് ഒരു വ്യക്തിയുടെ “ശക്തി” അളക്കുന്നതായി അവകാശപ്പെടുന്നു. രോഗശാന്തി നൽകുന്നയാളുടെ “ഊർജമണ്ഡലം” രോഗിയുടേതുമായി പ്രതിവർത്തിച്ചുകൊണ്ട് ഇവ ചലിക്കുന്നതായി കരുതപ്പെടുന്നു. ഒരു ചികിത്സകയും ഈ രംഗത്തെ ഒരു എഴുത്തുകാരിയും ഒരിക്കൽ ഗവേഷണ ശാസ്ത്രജ്ഞയുമായിരുന്ന ഒരുവൾ ഒരു ദോലകം ഉപയോഗിച്ചു പരിശോധിച്ചറിയുന്നു. വ്യക്തികളെ ചുററിയിരിക്കുന്നതായി പറയപ്പെടുന്ന “മനുഷ്യോർജ മണ്ഡലം” അഥവാ വർണപ്രഭ തനിക്കു ഭാവനയിൽ കാണാൻ കഴിയുമെന്നും അവർ ഉറപ്പിച്ചു പറയുന്നു. ഒരു ശരീരത്തിൽ മുഴകൾ, രക്തകോശങ്ങൾ മൈക്രോബുകൾ എന്നിവ നിരീക്ഷിക്കുന്നതിനും ഭൂതകാലത്തെക്കുറിച്ചു വീക്ഷിക്കുന്നതിനും താൻ “ആന്തരിക ദൃഷ്ടി” ഉപയോഗിക്കുന്നതായി അവർ അവകാശപ്പെട്ടു.c
നേരത്തെ കണ്ട പ്രകാരം, വികാരങ്ങൾ പരിശോധിക്കുന്നതിന് കൈബലത്താൽ ശക്തി അളക്കുന്ന രീതിയുണ്ട്. “അതേ സമയംതന്നെ ഒരു ചെറിയ വൈകാരിക പരിശോധന നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കേൾക്കാൻ പാകത്തിനു ചോദിക്കുക, ‘നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ?’ എന്നിട്ട് വീണ്ടും പരിശോധിക്കുക. പോഷണം കുറവാണെങ്കിൽ ഇത് ഇടയ്ക്കെല്ലാം കൈയെ ദുർബലപ്പെടുത്തും” എന്നു വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള ഒരു പുസ്തകം പറയുന്നു. ചിലർ അത്തരം പരിശോധന “ശാരീരികമോ മാനസികമോ ആത്മീയമോ ആയ ക്ഷതം ഏതു പ്രായത്തിൽ സംഭവിച്ചുവെന്നു തിരിച്ചറിയാൻ” ഉപയോഗിക്കുന്നു. ദൈനംദിന ജീവിതത്തിൽ ‘ഉവ്വ് അല്ലെങ്കിൽ ഇല്ല’ എന്ന തീരുമാനങ്ങളെടുക്കുന്നതിനും ഇത് ഉപയോഗിച്ചുവരുന്നു.
അത്തരം പേശീപരിശോധന (മനുഷ്യചലനവിജ്ഞാനം) നടത്തുന്ന അനേകരും തങ്ങളുടെ രീതി ഇപ്പോൾ വിശദീകരിച്ചതിൽനിന്നു വ്യത്യസ്തമാണെന്ന് അതായത്, അതിൽ ആത്മവിദ്യ ഉൾപ്പെട്ടിട്ടില്ലെന്ന് അല്ലെങ്കിൽ തങ്ങൾ യാതൊരുവിധ വൈകാരിക പരിശോധനയും നടത്തുന്നില്ലെന്നു പറയാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, പ്രത്യേക ശക്തികളുണ്ടെന്ന് അവകാശപ്പെടുന്നവർക്കു മാത്രം പരിശോധിക്കാനോ കാണാനോ കഴിയുന്ന മമനുഷ്യന്റെ ആന്തരിക ശക്തികളിലുള്ള ഒരു വിശ്വാസത്തിലാണോ അത് ഇപ്പോഴും അധിഷ്ഠിതമായിരിക്കുന്നത്?
അത്തരം കാര്യങ്ങൾ ക്രിസ്ത്യാനികൾ ലഘുവായി കണക്കാക്കുന്നില്ല. “അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും—നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചു കൂടാ” എന്നു ദൈവം ഇസ്രായേല്യരെ ബുദ്ധ്യുപദേശിച്ചു. (യെശയ്യാവു 1:13) ആ ജനത വിശ്വാസത്യാഗികളായിത്തീർന്നപ്പോൾ അവർ ‘പ്രശ്നവും ആഭിചാരവും പ്രയോഗിച്ചിരുന്നു.’ (2 രാജാക്കൻമാർ 17:17; 2 ദിനവൃത്താന്തം 33:1-6) സ്പഷ്ടമായും അവർ പ്രത്യേക അനുഷ്ഠാനങ്ങളിലൂടെ വിവരങ്ങൾ ആരാഞ്ഞ്, “അലൗകികമായ കാര്യങ്ങൾ” സംസാരിച്ചു.—സെഖര്യാവ് 10:2, NW.
ചില പേശീപരിശോധന നിർദോഷമായിരുന്നേക്കാം. രോഗിക്കോ വൈദ്യനോ കോട്ടം തട്ടുന്നില്ല. എന്നുവരികിലും, ചിലർക്ക് ആന്തരിക ദൃഷ്ടി, നിഗൂഢ വർണപ്രഭ, ദോലകത്തിന്റെ ഉപയോഗം എന്നിങ്ങനെ അലൗകികമായ അല്ലെങ്കിൽ അമാനുഷികമായ വശങ്ങൾ ഉണ്ടായെന്നുവരാം. ക്രിസ്ത്യാനികൾ അലൗകിക ശക്തി അഭ്യസിക്കരുത്. അവർ അത്തരം കാര്യങ്ങൾ പരിശോധിച്ചറികപോലും ചെയ്യരുത്. കാരണം, സാത്താന്റെ ആഴമായ കാര്യങ്ങളെക്കുറിച്ചറിയാൻ അവർ ഉത്സുകരല്ല. (വെളിപ്പാടു 2:24) മറിച്ച്, ദൈവവചനം കുററംവിധിക്കുന്ന ആത്മവിദ്യയുമായി ബന്ധമുള്ളതെന്നു തോന്നിക്കുന്ന എന്തും അഭ്യസിക്കുന്നതിൽ ജാഗ്രത പുലർത്തുന്നതിനു നല്ല കാരണമുണ്ട്.—ഗലാത്യർ 5:19-21.
ഒരു ചികിത്സകൻ ചെയ്യുന്നത് അയാളുടെ ചുമതലയാണ്. ഓരോരുത്തരുടെയും അവകാശവാദത്തെയോ രീതികളെയോ പുനരവലോകനം ചെയ്തു ന്യായംവിധിക്കാൻ നാം ഉദ്ദേശിക്കുന്നില്ല. ഈ ആചാരങ്ങളിൽ ചിലതിൽ അലൗകിക ശക്തി ഉൾപ്പെട്ടിരിക്കുന്നുവെന്നു നിങ്ങൾക്കു തോന്നുന്നുവെന്നിരിക്കട്ടെ. അവ പരിശോധിച്ചിട്ടുള്ള അനേകർ നിഷ്കളങ്കതയോടെ, ഏതെങ്കിലും വിധത്തിൽ ആത്മവിദ്യയുടെ ലാഞ്ചനപോലും ഏൽക്കാതെ അപ്രകാരം ചെയ്യാൻ ശ്രമിച്ചുവെന്നതു സ്പഷ്ടമാണ്. നല്ല ആരോഗ്യത്തിനുവേണ്ടിയുള്ള അവരുടെ തീവ്രമായ വാഞ്ഛയുടെ ഒരു സൂചന ആയിരുന്നിരിക്കാം അത്. എങ്കിലും, ശാരീരികമായി പ്രയോജനപ്രദമെന്നു തോന്നിച്ച ഒന്നിനും ആത്മവിദ്യയ്ക്കു ബലിയാടാകുന്നതിനുതക്ക മൂല്യമില്ലായിരുന്നു എന്ന് അത്തരം ആചാരനടപടിയിൽ ഉൾപ്പെട്ടിരുന്ന ചിലർ പിന്നീടു മനസ്സിലാക്കി.
വ്യക്തിപരമായ അത്തരം കാര്യങ്ങളിൽ എന്തുചെയ്യണമെന്ന് ഓരോ വ്യക്തിയുമാണു തീരുമാനിക്കേണ്ടത്. എങ്കിലും, ക്രിസ്ത്യാനികൾ “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചു കൊള്ളുന്നു” എന്ന ദൈവത്തിന്റെ ബുദ്ധ്യുപദേശം ഓർമിക്കേണ്ടതുണ്ട്. (സദൃശവാക്യങ്ങൾ 14:15) അത് ഫലപ്രദമായ ആരോഗ്യ ക്രമീകരണങ്ങളെന്നു പറയപ്പെടുന്ന എന്തിനും ബാധകമാണ്.
ദൈവത്തിന്റെ ദാസൻമാരെ സത്യാരാധനയിൽനിന്ന് അകററുന്നതിനു സാത്താൻ അതീവ തത്പരനാണ്. ക്രിസ്ത്യാനികളെ മററു താത്പര്യങ്ങളിൽ വശീകരിച്ചെടുക്കാൻ സാത്താനു കഴിയുന്നെങ്കിൽ അവൻ അതിൽ ആഹ്ലാദപുളകിതനാകും. ആത്മവിദ്യയിലേക്കു വലിച്ചിഴക്കാൻ ഇടയുള്ള അലൗകികമോ അപ്രകാരമെന്നു തോന്നിക്കുന്നതോ ആയ കാര്യങ്ങളിൽ അവർ ആകർഷിതരായിത്തീരുന്നുവെന്നു കണ്ടാൽ അവൻ അത്യധികം ആനന്ദപുളകിതനായിരിക്കും.—1 പത്രൊസ് 5:8.
ക്രിസ്ത്യാനികൾ മോശൈക ന്യായപ്രമാണത്തിൻ കീഴിലല്ലെങ്കിലും ഭൂതവിദ്യാചാരങ്ങളോടുള്ള യഹോവയുടെ വീക്ഷണഗതിക്കു മാററം വന്നിട്ടില്ല. നേരത്തെ സൂചിപ്പിച്ചപ്രകാരം “പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി” എന്നിവർ അവരുടെ ഇടയിൽ കാണരുതായിരുന്നു. “ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; . . . യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം” എന്നു ദൈവം ഇസ്രായേല്യരോടു കൽപ്പിച്ചു.—ആവർത്തനപുസ്തകം 18:10-13.
അതുകൊണ്ട്, ക്രിസ്ത്യാനികൾ “ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരി”ക്കുന്നതിൽ തുടരുന്നത് എത്ര ജ്ഞാനപൂർവകമായിരിക്കും. എന്തുകൊണ്ടെന്നാൽ, ‘നമുക്കു പോരാട്ടമുള്ളതു . . . സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോട് അത്രേ!’—എഫെസ്യർ 6:11, 12.
[അടിക്കുറിപ്പുകൾ]
a ഇന്നും അനേകമാളുകൾ പ്രേതാർച്ചകപൂജാരികളുടെയോ മന്ത്രവാദികളുടെയോ അല്ലെങ്കിൽ സമാനമായ രോഗശാന്തിക്കാരുടെയോ അഭിപ്രായമാരായുന്നു. “രോഗികളെ സുഖപ്പെടുത്തുന്നതിനും മറഞ്ഞുകിടക്കുന്നതു തെളിവായി കാണുന്നതിനും കാര്യാദികൾ നിയന്ത്രിക്കുന്നതിനും മന്ത്രങ്ങൾ ഉപയോഗിക്കുന്ന ഒരു പുരോഹിതനാണ് പ്രേതാർച്ചകപൂജാരി.” ഒരു മാന്ത്രികനോ പ്രേതാർച്ചകപൂജാരിയോ ഔഷധികളെ ഭൂതവിദ്യാചാരങ്ങളുമായി കൂട്ടിച്ചേർത്തെന്നുവരാം (അങ്ങനെ നിഗൂഢ ശക്തികളെ ഉണർത്തുന്നു). അത്തരം ആത്മവിദ്യ സുഖപ്രാപ്തി നൽകുമെന്നു തോന്നിക്കുന്നുവെങ്കിൽപ്പോലും ജാഗ്രതയുള്ള, വിശ്വസ്തനായ ഒരു ക്രിസ്ത്യാനി അതുമായുള്ള ബന്ധം തിരസ്കരിക്കും.—2 കൊരിന്ത്യർ 2:11; വെളിപ്പാടു 2:24; 21:8; 22:15.
b ഇത് ഒരു സാധാരണ വിവരണമാണ്. എന്നാൽ പരിശോധനാ രീതി വ്യത്യസ്തമായേക്കാം. ഉദാഹരണത്തിന്, പെരുവിരലും ചൂണ്ടുവിരലും ചേർത്ത് അമർത്താൻ ഒരു രോഗിയോട് ആവശ്യപ്പെട്ടശേഷം അവ പിടിച്ചകററാൻ വൈദ്യൻ ശ്രമിക്കുന്നു.
c “അത്ഭുതകരമെന്നു തോന്നിക്കുന്ന ഈ കാര്യങ്ങൾ എങ്ങനെയാണു സംഭവിക്കുന്നത്? . . . ഞാൻ ഉപയോഗിക്കുന്ന പ്രക്രിയയെ കൈവയ്പ് എന്നോ വിശ്വാസ രോഗശാന്തി എന്നോ ആത്മീയ രോഗശാന്തി എന്നോ ആണു വിളിക്കുന്നത്. അത് ഒരു നിഗൂഢമായ പ്രക്രിയയേ അല്ല. മറിച്ച്, തികച്ചും നേരേചൊവ്വേയുള്ള ഒന്നാണ്. . . . എല്ലാവർക്കും ഭൗതിക ശരീരത്തെ വലയം ചെയ്യുന്നതും പരസ്പരം ഉള്ളിലേക്കു തറച്ചു കയറുന്നതുമായ ഒരു ഊർജമണ്ഡലം അഥവാ വർണപ്രഭ ഉണ്ട്. ഈ ഊർജമണ്ഡലത്തിന് ആരോഗ്യവുമായി വളരെ ബന്ധമുണ്ട്. . . . സാധാരണ കാഴ്ച ശക്തിയിലൂടെയല്ലാതെ, ഒരു ചിത്രം മനസ്സിൽ ദർശിക്കുന്ന ഒരുതരം ‘വീക്ഷണ’മാണ് ഉയർന്ന ഇന്ദ്രിയ ഗോചരം. അത് ഒരു സങ്കൽപ്പമല്ല. അതിനെ ദിവ്യദൃഷ്ടി എന്നാണു ചിലപ്പോഴെല്ലാം പരാമർശിക്കുന്നത്” എന്ന് അവർ എഴുതുന്നു.