ഭക്ഷണപ്പൊതി സാക്ഷ്യം നൽകുന്നു
ജപ്പാനിലെ കോബെയിൽ കഴിഞ്ഞ ജനുവരിയിൽ ഉണ്ടായ ഭൂകമ്പത്തെത്തുടർന്നുള്ള ദിവസങ്ങളിൽ ഭൂകമ്പബാധിത പ്രദേശത്തെ ആളുകൾ ഭക്ഷണത്തിനായി ഏറെ ബുദ്ധിമുട്ടി. എന്നിട്ടും, യഹോവയുടെ സാക്ഷികൾക്കു തങ്ങളുടെ സുഹൃത്തുക്കളുടെ ദയാപുരസ്സരമായ ശ്രമഫലമായി ഭക്ഷണപദാർഥങ്ങളുടെ അഭാവം അനുഭവപ്പെട്ടില്ല. ഭൂകമ്പമുണ്ടായി ആദ്യത്തെ രണ്ടു മൂന്നു ദിവസം സമീപ പ്രദേശത്തുള്ള സഭകൾ ചോറുംപൊതി പ്രദാനംചെയ്തു. പെട്ടെന്നുതന്നെ കരുതലുള്ള സുഹൃത്തുക്കൾ ഭക്ഷണപ്പൊതികൾ പ്രദാനംചെയ്യാൻ തുടങ്ങി. അനേകരും ഭൂകമ്പബാധിതരെപ്പറ്റി ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പുകളും ഭക്ഷണപ്പൊതികളോടൊപ്പം വെച്ചിരുന്നു. ഭക്ഷണപ്പൊതികൾ ലഭിച്ചവർക്ക് ആ കുറിപ്പുകൾ വായിച്ചപ്പോൾവന്ന കണ്ണീരു വീണ് ഓരോ ഭക്ഷണവും “ഉപ്പുള്ളതായി”ത്തീർന്നുവെന്ന് അവർ പറഞ്ഞു.
സഹായം ആവശ്യമുള്ളവരുമായി യഹോവയുടെ സാക്ഷികൾ തങ്ങളുടെ ഭക്ഷണം പങ്കിട്ടു. ഒരു സാക്ഷി ഒരേ കമ്പനിയിൽ ജോലിചെയ്യുന്ന, സാക്ഷിയല്ലാത്ത സഹപ്രവർത്തകനോടൊപ്പം കാറിൽ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോൾ തന്റെ ഉച്ചയൂണു കഴിച്ചു. തനിക്ക് ലഭിച്ച ഭക്ഷണപ്പൊതികളിലൊന്ന് അദ്ദേഹം സഹപ്രവർത്തകനുമായി പങ്കിട്ടു.
“താങ്കൾ എവിടെനിന്നാണ് ഈ ഭക്ഷണപ്പൊതി വാങ്ങിയത്?” സുഹൃത്തു ചോദിച്ചു. സാക്ഷികളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെപ്പറ്റി സഹോദരൻ വിശദീകരിച്ചു. “ഞാൻ പച്ചക്കറികൾ കഴിച്ചിട്ടു ദിവസങ്ങളായി. എന്റെ കുടുംബാംഗങ്ങൾക്കുവേണ്ടി ഇതിൽ കുറച്ചു മാറ്റിവയ്ക്കട്ടെ” എന്ന് അദ്ദേഹം വിലമതിപ്പോടെ പറഞ്ഞു.
മൂന്നാമത്തെ തവണ ആ സഹപ്രവർത്തകനു ഭക്ഷണപ്പൊതി ലഭിച്ചപ്പോൾ അദ്ദേഹം 3,000 യെൻ (ഏതാണ്ട് 35 യു.എസ്. ഡോളർ) സാക്ഷിക്കു നൽകിയിട്ടു പറഞ്ഞു: “എനിക്കു നിങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റി നന്നായി അറിയാം. അതുകൊണ്ട് നിങ്ങളുടെ വേലയ്ക്കായി സംഭാവന ചെയ്യാൻ ദയവുചെയ്ത് എന്നെ അനുവദിക്കൂ. താങ്കൾ എന്നോടൊപ്പം ഭക്ഷണം പങ്കിട്ടതു ഞാൻ വിലമതിക്കുന്നു. താങ്കളുടെ സുഹൃത്തുക്കളെല്ലാം വാസ്തവത്തിൽ എത്ര നല്ലവരാണ്.”